scorecardresearch

ജസീറ ആർക്കുവേണ്ടി കടൽക്കരയിൽ കാവലിരിക്കണം?

കണ്ണൂരിൽ മണലെടുപ്പിന് എതിരെയും തീരസംരക്ഷണത്തിനുമായി സമരം ചെയ്ത ദേശീയ ശ്രദ്ധയാകർഷിച്ച ജസീറ ഇപ്പോൾ ദുബൈയിലാണ്. ജോലി തേടി ദുബൈയിലെത്തിയെ ജസീറയുടെ ജീവിത്തതിലൂടെ മാധ്യമ പ്രവർത്തകനായ ലേഖകൻ

കണ്ണൂരിൽ മണലെടുപ്പിന് എതിരെയും തീരസംരക്ഷണത്തിനുമായി സമരം ചെയ്ത ദേശീയ ശ്രദ്ധയാകർഷിച്ച ജസീറ ഇപ്പോൾ ദുബൈയിലാണ്. ജോലി തേടി ദുബൈയിലെത്തിയെ ജസീറയുടെ ജീവിത്തതിലൂടെ മാധ്യമ പ്രവർത്തകനായ ലേഖകൻ

author-image
Savad Rahman
New Update
jaseera activist

കടുത്ത ജലദോഷമായിരുന്നു ജസീറയ്ക്കന്ന്. ദുബൈ മീഡിയാ സിറ്റിയിൽ വന്നിരുന്ന് സംസാരിക്കുമ്പോൾ. നാടിന്റെയും സമരങ്ങളുടെയും മക്കളുടെയും കാര്യം പറയുന്നതിനിടയിൽ അവരതങ്ങ് മറന്നു. ഇതു പോലെ ജീവിതം തന്നെ മറന്നു പോയൊരു കാലവും അവർക്കുണ്ടായിരുന്നു. മണ്ണിനോടും മനുഷ്യരോടുമുള്ള സ്നേഹത്തിനിടയിൽ മറന്നുപോയത്. നാല് കുഞ്ഞുമക്കളെയും കൂട്ടിപ്പുതച്ച് ജന്തർമന്തറിലിരിക്കുന്ന ജസീറയുടെ ജെ. സുരേഷ് പകർത്തിയ മനോഹരമായ മനോരമ ചിത്രം ആരാണ് മറക്കുക.

Advertisment

jaseera activist from kannur ജസീറ ദുബൈയിൽ ഫൊട്ടോ: സവാദ് റഹ്‌മാൻ

ഡൽഹിയിലെ സമര കഥകളും സഹായിച്ച മാധ്യമ സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം പിന്നെയും പിന്നെയും പറഞ്ഞു. അന്നത്തെപ്പോലെ ഒരു പുതപ്പിനുള്ളിൽ ഒതുക്കിപ്പിടിക്കാവുന്ന അവസ്ഥയല്ല, വലുതായി മക്കൾ അതു കൊണ്ടാണ് ഒരു വീട് നിർമിക്കാൻ തീരുമാനിച്ചത്. പലരും വാഗ്‌ദാനം ചെയ്ത പണവും പിന്തുണയുമെല്ലാം വേണ്ടെന്ന് വെച്ചാണ് അതിനിറങ്ങിയത്. മക്കൾ രണ്ടു പിറന്ന ശേഷം ഭർത്താവ് വിട്ടെറിഞ്ഞ് പോയ കാലത്ത് കുഞ്ഞുങ്ങൾക്കന്നമേകിയ ഓട്ടോറിക്ഷയുണ്ടെന്ന ധൈര്യമായിരുന്നു മനസിൽ. വന്നു നോക്കുമ്പോൾ അൽ ജസീറ എന്ന ഓട്ടോറിക്ഷ തുരുമ്പിച്ച് പോയിരിക്കുന്നു, അൽ ജസീറയേ തുരുമ്പിച്ചിട്ടുള്ളൂ, ജസീറയ്ക്ക് ഒരു കോട്ടവും വന്നിട്ടില്ല എന്ന് സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന് കോട്ടയത്ത് ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം വെച്ചു വിളമ്പിക്കൊടുത്തു. അവർ വയർ നിറച്ച്, മനസ് നിറഞ്ഞുണ്ട് നന്ദി പറഞ്ഞു. വീട്ടു ചെലവിനുള്ള വരുമാനവും ഒത്തു വന്നു. അക്കാലത്താണ് നാട്ടിൽ നിന്ന് ഒരു ഫോൺ വിളി വന്നത്. മണലെടുപ്പ് വീണ്ടും തുടങ്ങിയിരിക്കുന്നു,

തീരം സംരക്ഷിക്കാനാണ് താനീ ജീവിതം തന്നെ ഈ രീതിയിലാക്കിയത്, ആ തീരം കൈവിട്ടു പോയിട്ട് പിന്നെ ജീവിതമെന്ത്...അടുത്ത ദിവസം കണ്ണൂരിൽ തിരിച്ചെത്തി. സ്റ്റേഷനിൽ ചെന്ന് കാര്യം ബോധിപ്പിച്ചു. കടലോരത്ത് കാവലിരുന്നു.

Advertisment

ഒരു അസ്ഥികൂടം കണക്കെ ഉയർന്ന വീട് അവധിക്ക് മക്കൾ വരുമ്പോൾ കയറിക്കിടക്കാൻ ഉതകുന്നതാവണമെന്ന് മോഹമുണ്ടായിരുന്നു. പലരിൽ നിന്ന് ചെറു തുകകൾ കടം വാങ്ങി കല്ലും സിമൻറും ഒരുക്കൂട്ടി.ജോലിക്കു പോയാൽ തീരത്തിന് കാവൽ കിടക്കാനാര് എന്ന പേടിയിൽ അവിടെ തന്നെ കഴിഞ്ഞു. കടം വീട്ടേണ്ടുന്ന സമയം കഴിഞ്ഞു വായ്പ തന്നവർ വന്ന് വാതിൽ മുട്ടുന്ന അവസ്ഥ. മുഖം മറച്ചു പിടിച്ചാണ് അങ്ങാടിയിലേക്കിറങ്ങിയിരുന്നതെന്നും അതിനിടയിൽ തിരിച്ചറിഞ്ഞ് ചിലർ ചീത്ത വിളിച്ചെന്നും അവർ പറയുമ്പോൾ എനിക്കെന്നോടു തന്നെ വല്ലാത്ത കുറ്റബോധം തോന്നി.

"വേശ്യ ആ വാക്കു പോലും അവരെന്നെ വിളിച്ചു, ഞാൻ എന്തിന് അതെല്ലാം ഇനിയും സഹിക്കണം മക്കൾ വളർന്നു വലുതാവുന്നു, അവർക്ക് ഈ ഗതി വരരുത്. ആരോടെങ്കിലും കടം ചോദിക്കേണ്ടുന്ന അവസ്ഥ ഇനി ഉണ്ടാവരുത്. അവരുടെ ഉമ്മയെ വിളിച്ചതു പോലെ അവരുടെ മുഖത്തു നോക്കി അരുതാത്തത് പറയാൻ ഒരുത്തനും നാവ് പൊന്തരുത്. അങ്ങിനെ ഞാൻ ഈ ജീവിതം തെരഞ്ഞെടുത്തു." ജസീറ പറയുന്നു.

jaseera activist from kannur ജസീറ ദുബൈയിൽ ഫൊട്ടോ: സവാദ് റഹ്‌മാൻ

സന്ദർശക വിസയിലാണ് വന്നത്. ഒരു വീട്ടിൽ താമസവും ചെറുജോലിയുമുണ്ട്. ഇപ്പോൾ സ്ഥിരമായി ഒരു ജോലി തിരയുകയാണ്. ജോലി ഒരു വീട്ടിൽ തരപ്പെട്ടതാണ്. സമര നായിക ജസീറയാണ് എന്നറിഞ്ഞപ്പോൾ അവർ പിൻമാറി. ജസീറയെപ്പോലൊരാളെക്കൊണ്ട് തങ്ങളുടെ വീട്ടിലെ പാത്രവും അഴുക്കു വസ്ത്രങ്ങളും കഴുകിക്കാനാവില്ല എന്ന് സ്നേഹപൂർവം പറഞ്ഞ് മടക്കി അവർ. ഒരു പോരാളി എന്ന നിലയിൽ ജസീറയ്ക്ക് ലഭിക്കുന്ന ബഹുമാനത്തിന്റെയും അംഗീകാരത്തിന്റെയും ഏറ്റവും വലിയ മുദ്രയാണത്. പക്ഷെ ജസീറയ്ക്ക് ആവശ്യം ധീരതക്കുള്ള പതക്കം വെച്ച കല്ലുകളല്ല, വീടിന് അടച്ചുറപ്പുള്ള ഒരു വാതിലാണ്.

ജസീറ ദുബൈയിലുണ്ടെന്ന വിവരമറിയിച്ച് എഴുതിയ റിപ്പോർട്ട് വായിച്ച് ഒരു പാട് സുഹൃത്തുക്കൾ വിളിക്കുകയും സന്തോഷം പറയുകയും ചെയ്തു, പക്ഷെ ഇത്രയും കാലം വിപ്ലവം പറഞ്ഞ്, സമരം വിളിച്ച് നടന്നിട്ട് അവരിപ്പോൾ അതെല്ലാം മറന്ന് ഗൾഫിൽപോയി പുത്തനുണ്ടാക്കാൻ നോക്കുവാ അല്ലേ എന്ന് ചോദ്യമെറിഞ്ഞവരുമുണ്ട്.

16 വർഷം തന്നെ ജീവിതവും ജീവനും ആയുധമാക്കി നിറതോക്കിന്റെ നിയമാവലികളോടു എതിരിട്ടു നിന്ന ഒരു പെൺപോരാളിയെ പ്രണയക്കുരുക്കിൽപ്പെട്ട് സമരം അവസാനിപ്പിച്ചവളെന്ന് പറഞ്ഞ് അധിക്ഷേപിച്ച സമൂഹമാണ് നമ്മുടേത്. മാനവികതക്കായി, തീയുണ്ട തുളച്ച് മരിച്ചുപോയവർക്കായി അവർ നടത്തിയ സമരത്തോളം തീഷ്ണമായിരുന്നില്ല ലോകം കണ്ട ഒരു പ്രണയവും.

അവർ ആർക്കുവേണ്ടിയാണ് സമരം ചെയ്യേണ്ടത്, നന്ദി കെട്ട എനിക്കും നിനക്കും വേണ്ടി എന്തിനാണ് അവരിനിയും കൽതുറങ്കിെൻറ തണുപ്പേൾക്കുന്നത് ?കടൽക്കരയിൽ കാവലിരിക്കുന്നത്?

Overseas Sea Environmentalist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: