scorecardresearch
Latest News

പരിഭാഷ ഇല്ലെങ്കില്‍ മൂലകൃതിക്ക് ഭാഷയ്ക്കപ്പുറം ഒരു ജീവിതമില്ല: ജയശ്രീ കളത്തിൽ

“ഹരീഷിന്റെയോ ആര്‍ രാജശ്രീയുടെയോ വിനോയ് തോമസ്സിന്റെയോ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തുവരുമ്പോള്‍ അവ ഇംഗ്ലീഷ് ഭാഷയുടെ ജാതി, വര്‍ണ്ണ, ലിംഗ വ്യവസ്ഥയെയും ഇളക്കിമറിക്കാനുള്ള സാധ്യതകള്‍ തുറക്കുന്നു. “വിവർത്തകയായ ജയശ്രീ കളത്തിലുമായി ശില്പ സംസാരിക്കുന്നു.

jayasree kalathil, translator, iemalayalam
ഫൊട്ടൊ: ആഡ്ലി സിദ്ധിഖി

കേരളം രൂപീകരിച്ചിട്ട് 66 വർഷം പിന്നിടുകയാണ് പലകാര്യങ്ങളിലും ലോകശ്രദ്ധ പിടിച്ചു പറ്റിയ മലയാളിയും കേരളവും ഇന്ന് ലോക സാഹിത്യ ഭൂപടത്തിലും അടയാളപ്പെടുത്തപ്പെടുന്നു. മലയാള ഭാഷയുടെ സാഹിത്യഭാവനകളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിന് പരിഭാഷ എന്ന സർഗാത്മക പാലം നിർമ്മിച്ച വിവർത്തകരാണ്. മലയാളത്തിനെ ലോകത്തിന് പരിചയപ്പെടുത്തിയ ആ സർഗപ്രതിഭകൾ, സാഹിത്യം, പരിഭാഷ, എന്നിവയെ കുറിച്ച് സംസാരിക്കുന്നു.

മലയാള സാഹിത്യ ലോകത്തെ പ്രധാനപേരുകളിലൊന്നായി ജയശ്രീ കളത്തിൽ മാറിക്കഴിഞ്ഞിരിക്കുന്നു. പരിഭാഷയിലൂടെ ലോക സാഹിത്യ ചിത്രത്തിൽ മലയാളഭാഷയ്ക്ക് ഇടം നേടിയെടുക്കുന്നതിൽ ചെറിയൊരു കാലയളവിനുള്ളിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച വ്യക്തിയാണ് ജയശ്രീ കളത്തിൽ. 2019-ലെ ക്രോസ് വേഡ് ബുക്ക് അവാർഡ് നേടിയ ‘ഡയറി ഓഫ് എ മലയാളി മാഡ് മാൻ,’ 2020-ലെ ജെ സി ബി സാഹിത്യ പുരസ്കാരം നേടിയ ‘മുസ്റ്റാഷ്’ എന്നിവയുടെ വിവർത്തക എന്ന നിലയിൽ ജയശ്രീ കളത്തിൽ വായനക്കാർക്ക് സുപരിചിതയാണ്. ഏറ്റവും ഒടുവിലായി 2022 ജെ സി ബി പുരസ്‌ക്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ‘വല്ലി’ എന്ന കൃതിയുടെ പരിഭാഷകയും ജയശ്രീയാണ്.

മനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ പറ്റിയും മനുഷ്യാവകാശങ്ങളെപ്പറ്റിയും, വംശീയതയ്ക്ക് എതിരായും ജയശ്രീ നിരന്തരമായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. സാഹിത്യലോകത്ത് പരിഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, പരിഭാഷകയുടെ രാഷ്ട്രീയത്തെക്കുറിച്ചും ജയശ്രീയുമായി ശിൽപ മുരളി സംസാരിക്കുന്നു.

പരിഭാഷ ചെയ്യുക എന്നത് ബോധപൂർവമായ തീരുമാനം ആയിരുന്നോ, അതോ സ്വാഭാവികമായി എത്തിപ്പെട്ടതാണോ? ആ പ്രക്രിയയെ കുറിച്ച് വിശദീകരിക്കാമോ?

വളരെ ചെറുപ്പം മുതല്‍ എഴുത്തും വായനയും ശീലമാണ്. വിവര്‍ത്തനം അതിന്റെയൊരു തുടര്‍ച്ചയാണ്. ആദ്യമായി എന്റെയൊരു വിവര്‍ത്തനം അച്ചടിച്ചു വന്നത് 1997ല്‍ ആണ് എന്നാണോര്‍മ്മ. സാറാ ജോസഫിന്‍റെ ‘ഒടുവിലത്തെ സൂര്യകാന്തി’ എന്ന കഥ. തുടര്‍ന്നും ഇടയ്ക്കിടക്ക് കഥകളും കവിതകളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പക്ഷേ ഒരു പുസ്തകം മുഴുവനായി പരിഭാഷ ചെയ്യുന്നത് യാദൃച്ഛികമായാണ്. അച്ഛന്റെ മരണശേഷം നാട്ടില്‍ കുറച്ചുകാലം ഉണ്ടായിരുന്ന സമയത്ത് വെറുതെ ഒരു മനസ്സുഖത്തിനു വേണ്ടി എന്‍. പ്രഭാകരന്റെ ‘ഒരു മലയാളി ഭ്രാന്തന്‍റെ ഡയറി’ എന്ന നോവെല്ല വിവര്‍ത്തനം ചെയ്തു. അത് അദ്ദേഹത്തിന് അയച്ചുകൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ടു. തുടര്‍ന്നു വേറെ നാല് നോവെല്ലകളും ചേര്‍ത്ത് ‘ഡയറി ഓഫ് എ മലയാളി മാഡ് മാൻ’ എന്ന പേരിൽ ഹാർപർ കോളിൻസ് അത് പബ്ലിഷ് ചെയ്യുകയും അതിന് 2019ലെ ഇന്ത്യന്‍ പ്രാദേശിക ഭാഷാ വിവര്‍ത്തനത്തിനുള്ള ക്രോസ്സ്‌വേഡ് ബുക്‌സ് അവാര്‍ഡ് ലഭിക്കുകയും ചെയ്തു. പ്രഭാകരന്‍ മാഷിന്റെ കഥകളാണ് വിവര്‍ത്തനത്തോടുള്ള, വഴിയിലെവിടെയോ മുടങ്ങിപ്പോയിരുന്ന, എന്റെ താല്‍പ്പര്യം വീണ്ടെടുത്തത് എന്നു പറയാം.

jayasree kalathil, translator, iemalayalam

പരിഭാഷ ചെയ്ത പുസ്തകങ്ങളിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്? ഒരു രചയിതാവിനെ അല്ലെങ്കിൽ പുസ്തകത്തിനെ നിങ്ങൾക്ക് ശ്രദ്ധേയമാക്കിയ ഘടകം എന്താണ്?

എന്നിലെ വായനക്കാരിക്ക് പുസ്തകം ഇഷ്ടപ്പെടണം എന്നതാണ് എനിക്കേറ്റവും പ്രധാനമായ കാര്യം. വളരെ സമയമെടുത്തു ചെയ്യുന്നതാണ് വിവര്‍ത്തനം എന്ന പ്രക്രിയ. കഥയുമായും കഥാപാത്രങ്ങളുമായും എഴുത്തുകാരിയുടെ ശൈലിയുമായും മറ്റും മാസങ്ങളോളം നീളുന്ന ഗാഢബന്ധമാണ് എനിക്കത്. അതുകൊണ്ട് സൗന്ദര്യാത്മകമായും രാഷ്ട്രീയപരമായും എന്റെ താല്‍പര്യങ്ങളുമായി ഒത്തുവരണം. അത്, ഞാന്‍ സ്വന്തമായി തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളാണെങ്കിലും പബ്ലിഷര്‍ കമ്മീഷന്‍ ചെയ്യുന്നവയാണെങ്കിലും.

പരിഭാഷ എന്ന പ്രക്രിയയിൽ പുസ്തകത്തിന്റെ രചിയിതാവിന് സ്ഥാനം ഉണ്ടോ? രചയിതാവിനോടോ പുസ്തകത്തിനോടോ ഉള്ള വിശ്വസ്തത (Fidelity to the Text/Author) എന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കാമോ?

പരിഭാഷ എന്നത് ഒരു ഭാഷയിലും ഒരു കള്‍ച്ചറിലും നിറഞ്ഞുനില്‍ക്കുന്ന ഒരു കൃതി മറ്റൊരു ഭാഷയിലേക്കും അതിന്റെ സംസ്കാരം, രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം എന്നിവയിലേക്കുമുള്ള ഒരു പറിച്ചുനടല്‍ ആണല്ലോ. എഴുത്തുകാരിയോടുള്ള വ്യക്തിപരമായ fidelityയെക്കാളും കഥയോട്, ടെക്സ്റ്റിനോട് ആണ് fidelity വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. അതിന്റെ താളം, വരികളുടെ ഘടന, ഓരോ വാക്കും തിരഞ്ഞെടുക്കുന്നത്, ഇതെല്ലാം മൂലകൃതിയോട് പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ടാകണം വിവര്‍ത്തനം. അതേസമയം മിരാന്‍ഡ ഫ്രാന്‍സ് (എഴുത്തുകാരി, സ്പാനിഷ് വിവര്‍ത്തക) പറഞ്ഞ ഒരു കാര്യം ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്: ഒരേ സമയം perfectly faithful and perfectly readable ആയ വിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുക എന്നത് അസാധ്യമാണ് എന്ന്. ഭാഷകള്‍ തമ്മിലുള്ള, അവയുടെ ലോജിക്, പെരുമാറ്റരീതി എന്നിവയിലുള്ള വ്യത്യാസമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

പരിഭാഷയില്‍ പുസ്തകത്തിന്റെ രചയിതാവിനുള്ള സ്ഥാനം-ഇതുവരെ ഞാന്‍ വിവര്‍ത്തനം ചെയ്തിട്ടുള്ള എഴുത്തുകാരെല്ലാം വായിച്ച് അഭിപ്രായം പറയുക എന്നതിലുപരി അനാവശ്യമായ യാതൊരിടപെടലും നടത്തിയിട്ടില്ല. ഈ സ്വാതന്ത്ര്യം, ക്രിയേറ്റീവ് സ്പെയ്സ്, വ്യക്തിപരമായി എനിക്ക് വളരെ വിലപ്പെട്ടതാണ്.

കാലങ്ങളായിട്ടുള്ള പരിഭാഷയുടെ രൂപാന്തരം നോക്കിയാൽ ഇന്നത്തെ പരിഭാഷകർക്ക് കൂടുതൽ സ്വാതന്ത്ര്യമുള്ളതായി അനുഭവപ്പെടുന്നുണ്ടോ? Translation എന്നതിൽ നിന്നും Transcreation എന്നൊരു അവസ്ഥയിലേക്ക് പരിഭാഷ രൂപപ്പെടുന്നുണ്ടോ?

എന്‍റെ അഭിപ്രായത്തില്‍ വിവര്‍ത്തനങ്ങള്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം transcreations ആണ്. പരിഭാഷകര്‍ക്ക് സ്വാതന്ത്ര്യം കൂടിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, സര്‍ഗാത്മകമായ വിവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും കൂടിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല ഇത്. വിവര്‍ത്തനസാഹിത്യവും വിവര്‍ത്തകരും സാഹിത്യലോകത്ത് രണ്ടാംകിടയാണ് എന്ന അവസ്ഥയ്ക്കും ചെറുതെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ട്. അതിന് വായനക്കാരും പ്രസാധകരും സഹായിക്കുന്നുണ്ട് എന്നിരിക്കിലും മാധ്യമങ്ങളിലും മറ്റും ഇനിയും മാറ്റങ്ങള്‍ വരേണ്ടതുണ്ട്.

jayasree kalathil, translator, iemalayalam
ഫൊട്ടൊ: ആഡ്ലി സിദ്ധിഖി

ഒരു രചയിതാവിന് ഒരുപക്ഷേ ഏകാന്തമായി എഴുതുവാൻ സാധിക്കുമായിരിക്കും, പരിഭാഷകയ്ക്ക്/പരിഭാഷകന് അത്തരമൊരു ഏകാന്തമായ നിലനിൽപ്പ് ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെയൊരു വ്യത്യാസം രചയിതാക്കള്‍ക്കും പരിഭാഷകര്‍ക്കും ഇടയില്‍ തോന്നിയിട്ടില്ല. എഴുത്തുകാരെന്ന നിലയില്‍ ഇരുകൂട്ടരിലും ഏകാന്തമായി എഴുതുന്നവരും അല്ലാത്തവരും ഉണ്ട്. എന്റെ എഴുത്തിന് ഏകാന്തത ഒരു പരിധിവരെ ആവശ്യമാണ്.

ഒരു രചയിതാവിന്റെ സർഗാത്മക ലോകത്തിലൂടെയുള്ള സഞ്ചാരത്തെപ്പറ്റി പറയാമോ? പരിഭാഷകരും എഴുത്തുകാരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എങ്ങനെയാണ് അതിൽ നടക്കുന്നത്?

സ്വന്തം കൃതിയെ അതിന്റെ ഭാഷാലോകത്തുനിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ മറ്റൊരാളെ വിശ്വസിച്ച് ഏല്‍പ്പിക്കുക എന്നത് വലിയൊരു കാര്യമാണ്. അതേറ്റെടുക്കുക എന്നതും വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഒരു രചനയുടെ സങ്കീര്‍ണതയും ഭംഗിയും – ചിലപ്പോള്‍ വൈകല്യങ്ങളും– മറ്റൊരു ഭാഷയിലേക്ക് കൊണ്ടുവരുന്നത് തീര്‍ത്തും കരുതലോടെ ചെയ്യേണ്ട പ്രവര്‍ത്തിയാണ്. എഴുത്തുകാരും പരിഭാഷകരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഓരോ പുസ്തകത്തിനും വ്യത്യാസമാണ്. സംശയമുള്ള വാക്കുകളോ പ്രയോഗങ്ങളോ ചര്‍ച്ച ചെയ്യുന്നത് സാധാരണയാണ്. അതേസമയം വിവര്‍ത്തകര്‍ ചിലപ്പോള്‍ ഒരു ലിറ്റെററി ഏജന്റിന്റെ, ക്രിട്ടിക്കിന്റെ, എഡിറ്ററുടെ റോളുകളും ചെയ്യേണ്ടി വരും.

ഒരു പുസ്തകത്തിനെ Target ഭാഷയിലെ വായനക്കാർക്ക് അനായാസം വായിച്ചെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള പരിഭാഷയോടാണോ താല്പര്യം അതോ Target ഭാഷയിലെ വായനക്കാരെ പുസ്തകത്തിന്റെ ഭാഷയിലേക്കും സംസ്കാരത്തിലേക്കും കൂട്ടിക്കൊണ്ടുവരുന്ന അത്ര അനായാസം അല്ലാത്ത പരിഭാഷയാണോ ഇഷ്ടം?

വായനക്കാരെ മനസ്സില്‍ കണ്ടുകൊണ്ട് വിവര്‍ത്തനം ചെയ്യുക ബുദ്ധിമുട്ടാണ്. ഇംഗ്ലീഷിലേക്കാണ് വിവര്‍ത്തനം ചെയ്യുന്നതെങ്കിലും ഏത്, എവിടുത്തെ ഇംഗ്ലീഷ് വായനക്കാരെയാണ് വിഭാവനം ചെയ്യുക? ബ്രിട്ടീഷ് ഇംഗ്ലീഷ്, അമേരിക്കന്‍ ഇംഗ്ലീഷ്, ഇന്ത്യന്‍ ഇംഗ്ലീഷ്, കരീബിയന്‍ ഇംഗ്ലീഷ്, എന്നിങ്ങനെ ഇംഗ്ലീഷ് ഭാഷക്കുതന്നെ സാംസ്‌കാരികവും, ഭാഷാപരവും, സൗന്ദര്യാത്മകവുമായ വ്യതിയാനങ്ങളും ജാതി മത ലിംഗ വ്യതിയാനങ്ങളും ഒരുപാടുണ്ട്. ഒരു കഥ, അതെഴുതിയ ശൈലി, ഭാഷയുടെ താളം, ഓരോ എഴുത്തുകാര്‍ക്കും ഉണ്ടാവുന്ന അവരുടേത് മാത്രമായ quirks – കിറുക്കുകള്‍ എന്നും പറയാം – ഇതെല്ലാം എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്നാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. കൂടാതെ, വായനക്കാര്‍ പലവിധമാണ്, അവര്‍ക്ക് ആയാസവും അനായാസവുമായി തോന്നുന്നതും നമുക്ക് ഊഹിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. കഥയുടെ സര്‍ഗാത്മകവും സാംസ്കാരികവും രാഷ്ട്രീയവുമായ ഭൂമിശാസ്ത്രം വായനക്കാര്‍ക്ക് മനസ്സിലാകണം. അതിന് ശ്രമിക്കണം, കഴിയുന്നത്ര വിജയിക്കണം, അത്രയേ ഞാന്‍ ചിന്തിക്കാറുള്ളൂ.

jayasree kalathil, translator, iemalayalam

‘വല്ലി’യിലെ പണിയ ഭാഷ പരിഭാഷയിലേക്ക് അതേപടി എടുത്തിട്ടുണ്ടല്ലോ? ഇത്തരം ഭാഷാപരമായി എടുക്കേണ്ട തീരുമാനങ്ങൾ എങ്ങനെയാണ് എടുക്കുന്നത്? അത്തരം പ്രാദേശിക ഭാഷയും പ്രയോഗവും കൈകാര്യം ചെയുന്നത് എങ്ങനെയാണ്?

ഒരു ജനതയുടെ മൊഴി പൂര്‍ണമായും എങ്ങനെ നശിപ്പിച്ചു എന്ന കഥയും ‘വല്ലി’യിലൂടെ ഷീല ടോമി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ വിവര്‍ത്തനം വീണ്ടും അവരുടെ മൊഴിയറുക്കലാവരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. മലയാളത്തിനൊപ്പം പണിയഭാഷയും ഇംഗ്ലീഷിലേക്ക് നേരിട്ടാക്കിയാല്‍ ശരിയാവില്ല എന്ന് തോന്നി. അതുകൊണ്ടാണ് പണിയഭാഷയിലുള്ള ഡയലോഗും പാട്ടുകളും മറ്റും അതേപടി കൊടുത്ത് അതിന്റെ തര്‍ജ്ജമ പുറകേവരുന്ന ടെക്സ്റ്റില്‍ ചേര്‍ത്തത്. ഇത് ഭാഷാപരമായി മാത്രം എടുത്ത തീരുമാനമല്ല; രാഷ്ട്രീയപരവും കൂടിയാണ്. ഗോത്രഭാഷകള്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് അവ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

പരിഭാഷകർക്ക് പലപ്പോഴും അർഹമായ അംഗീകാരം ലഭിക്കുന്നില്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ? വിശദമാക്കാമോ?

2019ലാണ് എന്‍റെ ആദ്യത്തെ വിവര്‍ത്തനം ഇറങ്ങുന്നത്. അവിടുന്ന് ഇന്നുവരെ മാറ്റങ്ങള്‍ പലതും വന്നിട്ടുണ്ട്. എങ്കിലും വിവര്‍ത്തന സാഹിത്യ കൃതികള്‍ സഹസൃഷ്ടികളാണ് എന്നും വിവര്‍ത്തനം ഒരു സര്‍ഗാത്മക പ്രവര്‍ത്തിയാണ് എന്നതും ഇപ്പോഴും സ്വീകരിക്കപ്പെട്ടിട്ടില്ല. പരിഭാഷകരുടെ പേരുപോലും വയ്ക്കാതെ ഇന്ത്യയില്ലും പുറത്തും ഇപ്പോഴും പല പുസ്തകങ്ങളും ഇറങ്ങുന്നു. ഈ സ്ഥിതി മാറി വിവര്‍ത്തകരെ തുല്യാവസ്ഥയില്‍ കൊണ്ടുവരുന്നതിന് എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും അവാര്‍ഡ് നല്‍കുന്നവര്‍ക്കും പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ഇക്കൊല്ലത്തെ ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേചർ ലോങ് ലിസ്റ്റ് വന്നപ്പോള്‍ ‘ജെസിബി പട്ടികയില്‍ രണ്ടു മലയാളികള്‍’ എന്നാണ് മലയാളത്തിലെ രണ്ടു പ്രമുഖ പത്രങ്ങളിലും വാര്‍ത്ത വന്നത് – മൂന്നാമത്തെ മലയാളിയെ, ‘വല്ലി’ എന്ന നോവലിന്റെ വിവര്‍ത്തകയെ, മലയാളിയായിപ്പോലും കൂട്ടിയില്ല! മൂലകൃതി ഇല്ലെങ്കില്‍ പരിഭാഷ ഇല്ല, പക്ഷേ പരിഭാഷ ഇല്ലെങ്കില്‍ മൂലകൃതിക്ക് എഴുതിയ ഭാഷയ്ക്കപ്പുറം ഒരു ജീവിതമില്ല.

ഈ പറഞ്ഞതത്രയും പുസ്തകം പബ്ലിഷ് ചെയ്തതിനു ശേഷമുള്ള കാര്യമാണ്. പുസ്തകത്തിൻ്റെ ചട്ടകള്‍ക്കുള്ളില്‍ വിവര്‍ത്തകര്‍ കഴിയുന്നതും ഒരു അദൃശ്യസാന്നിധ്യം മാത്രമായിരിക്കുകയും വേണം എന്നാണ് എന്റെ അഭിപ്രായം.

ഭാഷ മേൽക്കോയ്മയെ പറ്റി സജീവമായ ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിൽ പരിഭാഷ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടി ആകേണ്ടതില്ലേ?

തീര്‍ച്ചയായും. വള്ളുവനാടന്‍ സവര്‍ണതയുടെ പിടിവിട്ട് പ്രാദേശിക ഭാഷാ വ്യതിയാനങ്ങളും അവയുടെ സാധ്യതകളും ഭംഗിയും താളവുമെല്ലാം ഇന്ന് മലയാള സാഹിത്യത്തെ ഉയരങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഹരീഷിന്റെയോ ആര്‍ രാജശ്രീയുടെയോ വിനോയ് തോമസ്സിന്റെയോ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തുവരുമ്പോള്‍ അവ ഇംഗ്ലീഷ് ഭാഷയുടെ ജാതി, വര്‍ണ്ണ, ലിംഗ വ്യവസ്ഥയെയും ഇളക്കിമറിക്കാനുള്ള സാധ്യതകള്‍ തുറക്കുന്നു. ആ സാധ്യതകള്‍ കഴിയുന്നത്ര പിന്‍തുടര്‍ന്നു നോക്കുവാന്‍ വിവര്‍ത്തകരും ശ്രമിക്കണം. മലയാളത്തിന്റെ മാത്രം കാര്യമല്ല ഇത്. International Booker Prize കിട്ടിയ ഗീതാഞ്ജലി ശ്രീയുടെ പുസ്തകം ഡെയ്സി റോക്‌വെല്‍ വിവര്‍ത്തനം ചെയ്ത രീതി നോക്കൂ. കൂടാതെ ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല വിവര്‍ത്തനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടി ആകേണ്ടത്. പ്രാദേശിക ഭാഷയിലെ സാഹിത്യവ്യവസ്ഥിതിയിലെ പാര്‍ശ്വവല്‍ക്കരണങ്ങള്‍ ചോദ്യം ചെയ്യാനും വിവര്‍ത്തനസാഹിത്യത്തില്‍ സാധ്യതകളുണ്ട്.

  • “പരിഭാഷ എനിക്ക് നിശബ്ദമായൊരു ആത്മീയ പരിശീലനമാണ്” ലോകം മലയാളത്തെ വായിക്കുമ്പോൾ എന്ന സംഭാഷണ പരമ്പരയിൽ, ജെ  ദേവികയുമായി ശില്‌പ മുരളി  സംസാരിക്കുന്നു

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Jayasree kalathil translation transcreation moustache valli