തന്‍റെ ഗോള്‍ മുഖത്തേക്ക് പന്തുമായി ഒരാള്‍ വരുമ്പോള്‍, അയാള്‍ ഇനി ലോകത്തെ ഏറ്റവും മികച്ചതോ, ഏറ്റവും ശക്തനോ ആയിക്കോട്ടെ അതൊന്നും തെല്ലും നോക്കാതെ ഒരു മിന്നല്‍പിണര്‍ പോലെ തന്‍റെ വിഖ്യാതമായ സ്ലൈഡ് ടാക്ലിങ്ങുകളിലൂടെയോ അല്ലെങ്കില്‍ മറ്റ് തന്ത്രങ്ങളിലൂടെയോ പന്ത് കൈപറ്റുന്ന വിശ്വസ്തനായ കാവല്‍ക്കാരന്‍. ചിലപ്പോൾ ആരെയും ഞെട്ടിക്കുന്ന കൃത്യതയാര്‍ന്ന നീളന്‍ പാസുകളുമായി മിഡ് ഫീൽ ഡില്‍ കവിത തീര്‍ക്കുന്നവന്‍… ഹാവിയര്‍ മസ്‍‌കരാനോ.

പ്രതിഭകള്‍ നിറഞ്ഞ ബാഴ്‌സലോണയിലെ പിടലപിണക്കങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നപ്പോള്‍ സ്വന്തം ടീമില്‍ പ്രശ്ങ്ങള്‍ അറിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പോയി ടീമിനെ പ്രതിരോധിക്കാന്‍, അവരോട് സംസാരിക്കാന്‍ ഒട്ടും സംശയിക്കാതെ മാനേജ്മെന്റ് നിയോഗിച്ചത് ഡിഫന്‍സീവ് സ്വഭാവമുളള ഈ മിഡ്ഫീല്‍ഡറെയായിരുന്നു. 2003 മുതല്‍ അര്‍ജെന്റീന ടീമിലെ സ്ഥിരാംഗം. അര്‍ജന്റീനിയന്‍ പ്രതിരോധത്തേയും മധ്യനിരയേയും കോര്‍ത്തിണക്കുന്ന കരുത്തനായ പോരാളി, അസാമാന്യമായ കളിപാടവത്തോടൊപ്പം മുന്നേറ്റത്തില്‍ കളി മെനയാനുള്ള സ്വതസിദ്ധമായ സാങ്കേതിക തികവോട് കൂടിയവന്‍. സ്വാഭാവികനായ നായകന്‍. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ലാറ്റിനമേരിക്കന്‍ കരുത്തരുടെ നട്ടെല്ലായിരുന്നു ഈ മുപ്പത്തിനാലുകാരന്‍.

‘El Jefecito’ അഥവാ ‘The little boss’ എന്ന് തങ്ങളുടെ പ്രിയപ്പെട്ട താരമെന്ന് ഫുട്ബോള്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന താരത്തിനിത് നാലാം ലോകകപ്പാണ്. റഷ്യന്‍ ലോകകപ്പ് എന്നത് അര്‍ജന്‍റീനന്‍ ടീമിന്റെ മധ്യനിര മാന്ത്രികനെ സംബന്ധിച്ച് കഴിവുകള്‍ക്ക് ഒരു പാരമ്പര്യ ഫുട്ബോളിങ് രാജ്യം നല്‍കുന്ന അംഗീകാരം കൂടിയാണ്. ഏറ്റവും കൂടുതല്‍ തവണ അര്‍ജന്റീനയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് പ്രായത്തില്‍ തളരാതെ ഈ പോരാളി. ഓരോ ഫുട്ബോള്‍ പ്രേമിയോടും എന്തിന് നിങ്ങള്‍ ഫുട്ബാളിനെ ഇത്രമേല്‍ സ്നേഹിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരവും അഭിമാനവുമാണ് മസ്കരാനോ.

റിവര്‍ പ്ലേറ്റ്, കൊറ്യാന്തസ്, വെസ്റ്റ്‌ ഹാം യുണൈറ്റഡ്, ലിവര്‍പൂള്‍, ബാഴ്‌സലോണ തുടങ്ങി ലാറ്റിന്‍ അമേരിക്കയിലേയും യൂറോപിലെയും ഫുട്ബോള്‍ ശക്തികേന്ദ്രങ്ങളില്‍ നിറഞ്ഞാടി ഒടുവില്‍ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബായ ഹെബെയ് ചൈന ഫോര്‍ച്യൂണില്‍ എത്തിനില്‍ക്കുന്ന പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതത്തിനിടയില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡ്, സെന്റര്‍ ബാക്ക് റോളുകളില്‍ തിളങ്ങിയ മസ്‍‌കരാനോയ്ക്ക് ഇത് അവസാന ലോകകപ്പാണ്.

ലാ ലിഗ, കോപ്പ ഡെല്‍ റെ, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് തുടങ്ങി പ്രൊഫഷണല്‍ ഫുട്ബോളില്‍ നേടാവുന്ന അംഗീകാരങ്ങള്‍ ഒക്കെയും എത്തിപ്പിടിച്ചപ്പോഴും അര്‍ജന്റീനിയന്‍ ജഴ്സിയില്‍ നാല് കോപ്പ അമേരിക്കയും ഒരു ലോകകപ്പും ചുണ്ടരികില്‍ നഷ്ടപ്പെട്ട അനുഭവവുമുണ്ട് മസ്‍‌കരാനോയ്ക്ക്. ഈ ലോകകപ്പോടുകൂടി ബൂട്ടഴിക്കുമ്പോള്‍ ഒരുവട്ടമെങ്കിലും സ്വന്തം രാജ്യത്തിന്റെ ജേഴ്സിയില്‍ ലോകജേതാക്കളായി നില്‍ക്കണം എന്ന് ആശിച്ചാവും മസ്‍‌കരാനോ റഷ്യയിലേക്ക് പറക്കുന്നത്.

തന്നെ ടീമില്‍ എടുക്കരുത് എന്ന ആവശ്യവുമായി സ്വന്തം നാട്ടുകാരില്‍ ചിലര്‍ തന്നെ ക്യാമ്പൈന്‍ നടത്തിയപ്പോള്‍ സ്പോര്‍ട്‌സ്‌മാൻ സ്പിരിറ്റോടെ അതിനും ലൈക്ക് നല്‍കിയ താരമാണ് മസ്‍‌കരാനോ. ഇത്രമാത്രം സമര്‍പ്പണബോധമുള്ള പ്രതിഭയില്ലാതെ വിജയികളായി അര്‍ജന്റീനയ്ക്ക് ലോകത്തിന്റെ നെറുകയില്‍ നില്‍ക്കാനാവുക എങ്ങനെയാണ് ?

മസ്‍‌കരാനോ ബൂട്ടുഴിക്കുന്നതോട് കൂടി അവസാനിക്കുന്നത് കാല്‍പന്തുകളിയുടെ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഉജ്ജ്വലമായൊരു അദ്ധ്യായമാണ്. റിവര്‍പ്ലേറ്റ് എന്ന അര്‍ജന്റീനന്‍ ക്ലബ്ബില്‍ നിന്നും ഉയര്‍ന്ന് ലോകഫുട്ബോളില്‍ നേടാനുള്ളതെല്ലാം നേടിയെടുത്ത വിജയിയേയാണ്. എത്ര താരപ്രഭകളിലും മങ്ങിപ്പോവാതെ കളിക്കളത്തില്‍ ഉറക്കെ തന്നെ സംസാരിക്കുന്ന നിങ്ങളിലെ സ്വാഭാവികമായ നായകത്വമാണ്.

ആരോ നിങ്ങളെക്കുറിച്ച് പറഞ്ഞത് എത്ര ശരി, “സ്ലൈഡ് ടാക്ലിങ്ങ് ഒരു ചിത്രകലയോ, ശില്പകലയോ ആയി കാണാന്‍ ശ്രമിച്ചാല്‍ അതിലെ പിക്കാസോയാണ് നിങ്ങള്‍”. പ്രിയപ്പെട്ട മസ്‍‌കരാനോ, നിങ്ങളുടെ ഫുട്ബോളിങ് സൗന്ദര്യം റഷ്യയേയും ലോകത്തേയും ത്രസിപ്പിക്കട്ടെ, ഈ കപ്പ്‌ നിങ്ങളുടെതാണ് !

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook