/indian-express-malayalam/media/media_files/uploads/2017/03/jamal-kochangadi-1.jpg)
വിവിധ മത, സംസ്‌കൃതികള്‍ സംഗമിക്കുന്ന കൊച്ചിയില്‍ നിന്ന് സ്‌നേഹത്തിന്റെ തുറമുഖമായ കോഴിക്കോട്ടെത്തി നങ്കൂരമിട്ടതാണ് ജമാല്‍ കൊച്ചങ്ങാടിയുടെ ജീവിതനൗക. സ്വാതന്ത്ര്യസമര കാലത്ത് രാജഭരണത്തിനെതിരെ പൊരുതാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച 'ഉജ്ജീവനം' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്ന സൈനുദ്ദീൻ നൈനയുടെ മകന് അക്ഷരങ്ങളോടുള്ള കൂറ് ജന്മസിദ്ധമായിരുന്നു. കൊച്ചിയുടെ മഹത്തായ പൈതൃകവും മതേതര പാരമ്പര്യവും അതിനു വളമായി തീര്‍ന്നു. വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ള യുവ വിപ്ലവകാരികള്‍ക്ക് തണലായിരുന്ന ഉജ്ജീവനം ഒരു ആശയമായി ഈ എഴുപതാം വയസിലും ജമാലിന്റെ സിരകളിലുണ്ട്.
എറണാകുളത്ത് ടി.പി.മമ്മുവിന്റെ പത്രാധിപത്യത്തില്‍ നടന്നുവന്ന 'കേരളനാദം' എന്ന ചെറുപത്രം മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന തേജസ് വരെ നിരവധി പത്രമാസികകളിലായി പരന്നുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനകാലം. ഒരേസമയം രണ്ടുകൈകൊണ്ടും വാര്‍ത്തകളും കഥകളും നോവലുകളും തുടര്‍ക്കഥകളും എഴുതി നേടി പരിശീലനം ഇന്ന് അദ്ദേഹത്തിന് തുണയായി വര്‍ത്തിക്കുന്നു. ജൂതന്‍മാരെയും ആംഗ്ലോ ഇന്ത്യക്കാരെയും കുറിച്ച് മലയാളത്തില്‍ ആദ്യമായി കഥയെഴുതിയ ജമാലിന്റെ പ്രതിഭയ്ക്ക് അതിര്‍വരമ്പുകളില്ല. സംഗീതം, സാഹിത്യം, ചലച്ചിത്രഗാനം, തിരക്കഥ എന്നിങ്ങനെ എത്രയോ കൈവഴികളിലായി അത് പരന്നുകിടക്കുന്നു. എസ്. ജാനകി മനോഹരമായി പാടിയ 'എന്‍ മൂകവിഷാദം ആരറിയാന്‍' എന്ന ഗാനം ജമാലിന്റെ തൂലികയില്‍ നിന്ന് പിറന്നതാണെന്ന് ഏറെപേര്‍ക്കറിയില്ല. സിനിമാമോഹവുമായി നടന്ന അഭിഭാഷകന്‍ വൈക്കം ചെമ്പ് സ്വദേശി മുഹമ്മദ് കുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് മലയാളത്തില്‍ ആദ്യമായി ലേഖനമെഴുതിയത് അദ്ദേഹമായിരുന്നു.
/indian-express-malayalam/media/media_files/uploads/2017/03/jamal-kochangadi-and-manarkad-mathew.jpg)
നന്ദി പ്രതീക്ഷിക്കരുതാത്ത തൊഴിലായ പത്രപ്രവര്‍ത്തനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുകയും സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തതിനാലാകാം തിരസ്‌കാരങ്ങളുടെ വലിയൊരു ഭാണ്ഡം തന്നെ ജമാലിന് സ്വന്തമായുണ്ട്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരെ പങ്കെടുപ്പിച്ച് മാധ്യമം വാര്‍ഷിക പതിപ്പ് എന്ന ആശയത്തിന് രൂപം നല്‍കുകയും പിന്നീടത് മൂല്യമുള്ള ഒരു പ്രസിദ്ധീകരണമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തത് ജമാലാണ്. മാധ്യമത്തെ മലയാളത്തിലെ എണ്ണപ്പെട്ട ഒരു പ്രസിദ്ധീകരണമാക്കി മാറ്റിയെടുക്കുക എന്ന ക്ലേശകരമായ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്ത് വിജയിപ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഈ അദ്ധ്വാനത്തിന് പ്രതിഫലമായി ലഭിച്ചതാകട്ടെ നിന്ദയും തിരസ്‌കാരവും മാത്രം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക പതിപ്പുകള്‍ അണിയിച്ചൊരുക്കിയവരില്‍ മലയാള മനോരമയുടെ മണര്‍കാട് മാത്യുവിനൊപ്പം സ്ഥാനമുണ്ട് ജമാലിന്.
എണ്‍പതുകളിലെ ഉന്മത്തമായ കോഴിക്കോടന്‍ സൗഹൃദ കൂട്ടായ്മകളാണ് ജമാല്‍ കൊച്ചങ്ങാടി എന്ന ജ്യേഷ്ഠ തുല്യനായ സുഹൃത്തിനെ എനിക്ക് സമ്മാനിച്ചത്. അന്നദ്ദേഹം ലീഗ് ടൈംസ് പത്രത്തിലായിരുന്നു. ഞാന്‍ ചന്ദ്രികയിലും. സംഗീതമാണ് ഞങ്ങളെ ഒന്നിപ്പിച്ച പൊതുഘടകം. സാഹിത്യ, സംഗീത സംബന്ധിയായ ചര്‍ച്ചകളും പുസ്തക, കാസറ്റ് കൈമാറ്റവും നിരന്തരമായി നടക്കുമായിരുന്നു. മെഹ്ഫില്ലുകളിലും ചര്‍ച്ചാ സായാഹ്നങ്ങളിലുമായി മുന്നേറിയ വിനിമയങ്ങള്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അതേ ഊര്‍ജ്ജ്വസ്വലതയോടെ തുടരുന്നു. പിന്നീട് ഉറ്റമിത്രങ്ങളായി തീര്‍ന്ന നജ്മല്‍ ബാബു ഉള്‍പ്പെടെയുള്ള സംഗീതജ്ഞരുമായുള്ള പരിചയത്തിന് ഇടയാക്കിയതും ഈ സൗഹൃദം തന്നെ.
/indian-express-malayalam/media/media_files/uploads/2017/03/jamal-and-sachimash.jpg)
വൈക്കം മുഹമ്മദ് ബഷീറിന്റെ ശിഷ്യനും കടുത്ത സംഗീതപ്രേമിയും എഴുത്തുകാരനുമായിരുന്ന ടാറ്റാപുരം ഹൈദരലിയെ തേടി എറണാകുളം കോമ്പാറയിലെ 'ഒക്കല്‍ടു ബുക്‌സില്‍' ചെന്നത് ഒരു യാത്രയുടെ തുടക്കമായിരുന്നു. മാര്‍ക്കറ്റ് റോഡിലെ പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആസാദ് ക്ലബ്, അവിടത്തെ പാട്ടുകാരും ഉപകരണ വിദ്വാന്മാരുമായ ജോസഫ് സെബാസ്റ്റ്യന്‍, സൈഗാള്‍ ബാലന്‍, വര്‍ഗ്ഗീസ്, ദേവസ്സി തുടങ്ങിയ കഥാപാത്രങ്ങള്‍ (ഇവരില്‍ പലരും ഇപ്പോഴില്ല, ക്ലബും), ഇളകിയാടുന്ന ഗോവണി കയറി മുകളില്‍ ചെല്ലുമ്പോള്‍ സംഗീതത്തിനായി മാത്രം മാറ്റിവെച്ച മുറിയില്‍ കെ.എല്‍. സൈഗാള്‍, ലതാ മങ്കേഷ്‌കര്‍, മുഹമ്മദ് റാഫി, മുകേഷ് തുടങ്ങിയ ഗായകരുടേയും പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് ബിസ്മില്ലാഖാന്‍ തുടങ്ങിയ സംഗീതജ്ഞരുടേയും പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ ചേര്‍ന്നൊരുക്കുന്ന സാന്ദ്രമായ അന്തരീക്ഷം. പാതിരാകളിലേക്ക് നീളുന്ന സദിരുകളില്‍ അതിഥികളായി എത്തുന്നവരില്‍ പ്രശസ്തരും സാധാരണക്കാരും ഉണ്ടാകും. തൊണ്ണൂറുകളില്‍ എറണാകുളത്തേക്ക് പറിച്ചുനട്ട മാധ്യമ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത് ഇത്തരം തുരുത്തുകളുടെ സാന്നിധ്യം കാരണമായിരുന്നു. തുരുത്തിനെക്കുറിച്ച് പറയുമ്പോള്‍ മറക്കാന്‍ കഴിയാത്തതാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് നോവലിസ്റ്റ് ഖാലിദിന്റെ നാമം. മധ്യപ്രദേശില്‍ പ്രവാസജീവിതം നയിച്ചിരുന്ന അദ്ദേഹം നാട്ടിലെത്തുമ്പോള്‍ താമസിച്ചിരുന്നത് ഫോര്‍ട്ട് കൊച്ചി തുരുത്തിലെ സഹോദരിയുടെ വീട്ടിലാണ്. അനേകം ആടുകളും അതിലേറെ മനുഷ്യരുമുണ്ടായിരുന്ന പലകയടിച്ച കൊച്ചു വീട്ടില്‍ ഉറ്റവര്‍ക്കിടയില്‍ അദ്ദേഹം സന്തുഷ്ടനായി കാണപ്പെട്ടു. ഭാര്യയും മക്കളും താമസിച്ചിരുന്ന മധ്യപ്രദേശിലെ സൗകര്യപ്രദമായ വീട് എന്തുകൊണ്ടോ അദ്ദേഹത്തിന് ഹിതകരമായിരുന്നില്ല. ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ ഏറെ വേദന സഹിച്ചാണ് ആ ജീവിതം അവസാനിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് ഓര്‍മ്മ മാത്രമായി തീര്‍ന്ന ഈ ഒരു കാലത്തിന്റെ അവശേഷിക്കുന്ന ചിത്രമാണ് ജമാല്‍ കൊച്ചങ്ങാടി.
/indian-express-malayalam/media/media_files/uploads/2017/03/jamal-and-thomas-jacob.jpg)
ജീവിതത്തിന്റെ നിര്‍ണ്ണായക സന്ധികളിലും പരസ്പരം താങ്ങായി വര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാലത്ത് കണികാണാന്‍ കിട്ടാത്തതാണ് അദ്ദേഹത്തിന്റെ സന്മനസും ജോലിയോടുള്ള ശക്തമായുള്ള പ്രതിബദ്ധതയും. നിരവധി എഴുത്തുകാര്‍ക്ക് താങ്ങും തണലുമായിരുന്ന ഈ പത്രാധിപരോട് പക്ഷെ പിന്‍തലമുറ സാമാന്യ മര്യാദ പോലും കാട്ടിയില്ല. എന്നാല്‍ പരിഭവങ്ങള്‍ക്കായി സമയം നീക്കിവെക്കാതെ സ്വന്തം ജോലിയില്‍ പൂര്‍ണ്ണ ശ്രദ്ധയര്‍പ്പിച്ച് മുന്നേറാന്‍ കഴിയുന്നതാണ് ജമാല്‍ കൊച്ചങ്ങാടി എന്ന മാധ്യമ പ്രവര്‍ത്തകനെ തീര്‍ത്തും വ്യത്യസ്തനാക്കി മാറ്റുന്നത്. സ്വജീവിതത്തില്‍ ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടും പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് സ്വന്തം ജോലിയോടുള്ള ഈ സമര്‍പ്പണവും ജീവിതത്തോടുള്ള തുറന്ന സമീപനവുമാണ്. ഇങ്ങിനെയുള്ള വ്യക്തികള്‍ ഏറെയില്ല നമ്മുടെ സമൂഹത്തില്‍ അതിനാല്‍ തന്നെ ഇവരെക്കുറിച്ച് പഠിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ശ്രമങ്ങള്‍ ഓരോന്നും വരുംതലമുറയ്‌ക്കെങ്കിലും ഗുണകരമായി തീരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.