ക്രിസ്മസ് കാര്‍ഡുകളെക്കുറിച്ച് പറയാതെ ക്രിസ്മസ് പുസ്തകം എങ്ങനെ പൂര്‍ണമാകും. ക്രിസ്മസ് സമ്മാനങ്ങളുമായി മഞ്ഞിന്റെ നാട്ടില്‍നിന്നു വരുന്ന സാന്താക്ലോസിന്റെ ചിത്രമുള്ള  ക്രിസ്മസ് ആശംസാ കാര്‍ഡ് ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അമ്മ മേരിയും ഉണ്ണിയേശുവും പിതാവ് ജോസഫും പശുക്കളും തൊട്ടിലിലേക്ക് എത്തി നോക്കുന്ന ചിത്രം. ആട്ടിടയന്മാര്‍ ദിവ്യനക്ഷത്രത്തെ പിന്തുടരുന്ന ദൃശ്യം. മഞ്ഞുപെയ്യും രാവില്‍ തിളങ്ങുന്ന നക്ഷത്രക്കൂട്ടം. അങ്ങനെ ക്രിസ്മസ് കാര്‍ഡുകളുടെ മനോഹരമായ ആശംസകള്‍ നമ്മളെ ക്രിസ്മസിന്റെ വരവറിയിച്ചു കൊണ്ട് തേടിയെത്തുന്നു.

‘മെറി ക്രിസ്മസ്! സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസിക്കുന്നു. ഒപ്പം പ്രതീക്ഷിക്കാത്ത സമ്മാനങ്ങളും അപ്രതീക്ഷിത അതിഥികളായ് ധാരാളം സുഹൃത്തുക്കളും വന്നണയട്ടെ!’ എന്നതാണ് എന്റെ മേശപ്പുറത്തിരിക്കുന്ന ക്രിസ്മസ് കാര്‍ഡിലെ സന്ദേശം. ഉത്സവാശംസകള്‍ വാട്‌സാപ്പിലെ ഫോര്‍വേഡുകളായി മാറുന്ന ഒരു കാലത്ത് ഗൃഹാതുര സ്മരണയുണര്‍ത്തുന്നുണ്ട് പണ്ടത്തെ ക്രിസ്മസ് – ന്യൂ ഇയര്‍ ആശംസാ കാര്‍
ഡുകള്‍.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അപ്പൻ എല്ലാ ക്രിസ്മസ് കാലങ്ങളിലും അമ്മച്ചിക്കും എനിക്കും ചേട്ടനുമായി ക്രിസ്മസ് കാര്‍ഡ് അയക്കുമായിരുന്നു. എയറോഗ്രാമിന്റെ സിംബലുള്ള ആ കാര്‍ഡുകള്‍ മരുഭൂമിയിലെ ചൂടില്‍ ചുട്ടുപഴുത്ത് ജോലി ചെയ്യുന്നതിനി
ടയിലായിരിക്കും വാങ്ങിയിരുന്നത്. വീടെന്ന സ്വപ്നം ആ ആശംസാ കാര്‍ഡില്‍ തിളങ്ങി നിന്നിരുന്നു. തുറക്കുമ്പോള്‍ പാട്ടുപാടുന്ന കാര്‍ഡുകളും അപ്പനയച്ചിട്ടുണ്ട്. ജിംഗിള്‍ ബെല്‍സ്… ജിംഗിള്‍ ബെല്‍സ്… പാടുന്ന ക്രിസ്മസ് കാര്‍ഡ് തുറന്നപ്പോള്‍ കുട്ടിക്കാലത്ത് ലഭിച്ച ആഹ്ലാദം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

പ്രണയത്തിന്റെ നാളുകളില്‍ വീണ അയച്ചിരുന്ന ക്രിസ്മസ് കാര്‍ഡുകള്‍ മല കയറിയെത്തിയിട്ടുണ്ട്. ആ ആശംസാ കാര്‍ഡുകള്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
പല ദേശങ്ങളിലേക്ക് വഴിപിരിഞ്ഞുപോയ ഞങ്ങളുടെ ചാര്‍ച്ചക്കാര്‍ പല രാജ്യങ്ങളില്‍നിന്നും പല നാടുകളില്‍നിന്നും ക്രിസ്മസ് കാര്‍ഡുകള്‍ അയച്ചിരുന്നു. ആര്‍ച്ചീസിന്റെ ഭംഗിയുള്ള കാര്‍ഡുകള്‍ കസിന്‍സില്‍നിന്നു ലഭിക്കുമ്പോള്‍ കുട്ടിക്കാലത്തെ അവധിക്കാ
ലങ്ങളുടെ ആഹ്ളാദത്തിമിര്‍പ്പുകള്‍ ഓര്‍മ വരും.jacob abraham, christmas memories, iemalayalamഅയല്‍പക്കത്തെ കുട്ടികള്‍ക്കിടയില്‍ ക്രിസ്മസ് കാര്‍ഡുകളുടെ പേരില്‍ അഭിമാനപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഏറ്റവും കൂടുതല്‍ ആശംസാ കാര്‍ഡുകള്‍ ലഭിക്കുന്നവന്‍ അത് പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്വാഭാവികമായും തോന്നുന്ന അസൂയ. സ്‌കൂള്‍ നെയിംസ്ലിപ്പ്, തീപ്പെട്ടിപ്പടം, ക്രിസ്മസ് കാര്‍ഡ് എന്നിവയൊക്കെയായിരുന്നു ആ ബാല്യകാലത്തെ ഏറ്റവും വലിയ സ്വത്തുവകകള്‍. പരസ്പരം ബന്ധുമിത്രാദികള്‍ അയച്ച ആശംസാ കാര്‍ഡുകള്‍ ഗമയില്‍ കാണിക്കുന്നതായിരുന്നു മറ്റൊരു വിനോദം.

കോളേജില്‍ പ്രീഡിഗ്രിക്ക് കൂടെ പഠിച്ച ലിന്‍സി എന്ന ക്ലാസ്‌മേറ്റ് ഒരു ക്രിസ്മസിന് ആശംസാ കാര്‍ഡ് അയച്ചിരുന്നു. അവളുടെ പപ്പയുടെ ജോലിസ്ഥലമായ ഗോവയില്‍ കുടുംബത്തോടൊപ്പം താമസമാരംഭിച്ച ശേഷം ലിന്‍സി എനിക്കയച്ച ക്രിസ്മസ് കാര്‍ഡ് ഒരു വിസ്മയം പോലെയായിരുന്നു. ഗോവയ്ക്ക് പോയപ്പോള്‍ അവള്‍ കൂടെ കൊണ്ടുപോയ ഓട്ടോഗ്രാഫില്‍നിന്ന് എന്റെ വിലാസം തപ്പിയെടുത്താണ് ക്രിസ്മസ് കാര്‍ഡ് അയച്ചത്. ഓട്ടോഗ്രാഫില്‍ ഞാനെഴുതിയ സാഹിത്യഭംഗി തുളുമ്പുന്ന വാക്കുകളുടെ സ്വാധീനത്തിലാണ് ക്രിസ്മസിന് ആ കൂട്ടുകാരി എന്നെയോര്‍ത്തത്.

ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമായതിനാല്‍ സൗഹൃദം തുടരാനും കഴിഞ്ഞില്ല. എങ്കിലും ക്രിസ്മസ് അവധിക്കാലത്ത് ലിന്‍സിയെ ഓര്‍ത്ത് ആ ആശംസാ കാര്‍ഡിനെ സ്മരിച്ച് ഞാനൊരു കഥ എഴുതി.  ‘സോഫിയുടെ ക്രിസ്മസ് കാര്‍ഡുകള്‍’ എന്ന കഥ ലിന്‍സിയുടെ ക്രിസ്മസ് കാര്‍ഡും മറ്റ് കുറച്ച് അനുഭവങ്ങളും ചേര്‍ത്ത് തുന്നിക്കെട്ടിയതാണ്.jacob abraham, christmas memories, iemalayalam‘ഗൃഹലക്ഷ്മി’യില്‍ ഒരു ക്രിസ്മസിന് പ്രധാന കഥയായി ഈ കഥ അച്ചടിക്കപ്പെട്ടു. തിരുവനന്തപുരം ആകാശവാണിയില്‍ ‘സോഫിയുടെ ക്രിസ്മസ് കാര്‍ഡുകള്‍’ സ്വന്തം ശബ്ദത്തി
ലൂടെ ക്രിസ്മസിന് വായിക്കാന്‍ കഴിഞ്ഞതും എഴുത്ത് ജീവിതത്തിലെ മധുരമുള്ള ഓര്‍മയാണ്. ഗോവയിലിരുന്ന് ഒരുപക്ഷെ ലിന്‍സി ഇതൊക്കെ അറിയുന്നുണ്ടാകും.

ക്രിസ്മസ് ട്രീ ഒരുക്കുമ്പോഴാണ് ക്രിസ്മസ് കാര്‍ഡുകള്‍ ഒന്നൊന്നായി പുറത്തെടുക്കുന്നത്. ക്രിസ്മസ് അവധിക്കാലത്തെ പത്തനംതിട്ടയിലെ കുട്ടികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും അണിയിച്ചൊരുക്കുക എന്നത്. നിഷ്‌കളങ്കമായ ബാല്യത്തിന്റെ സന്തോഷങ്ങളില്‍ ക്രിസ്മസ് നക്ഷത്രങ്ങള്‍ തിളങ്ങുന്നു. മനസ്സ് നൃത്തമാടുന്നു.
പഴയതെല്ലാം ‘ഗൃഹാതുരം’ എന്ന കള്ളിയില്‍പെടുത്തി ഓര്‍ക്കാന്‍ മാത്രമായി നാം മാറ്റിവയ്ക്കുന്നു.

ഫാന്‍സി കടകളില്‍നിന്ന് ക്രിസ്മസ് കാര്‍ഡുകള്‍ ഒന്നൊന്നായി നോക്കി അതില്‍ നിന്നൊരെണ്ണം സ്‌നേഹപൂര്‍വം തിരഞ്ഞെടുത്ത് പ്രിയപ്പെട്ടവര്‍ക്ക് അയയ്ക്കുമ്പോഴോ, മല കയറിയെത്തുന്ന പോസ്റ്റ്മാന്‍ തരുന്ന വിലാസമെഴുതിയ ലക്കോട്ട് പൊട്ടിച്ച് ഒരാള്‍ സ്‌നേഹപൂര്‍വം അയച്ച ക്രിസ്മസ്-ന്യൂ ഇയര്‍ ആശംസാകാര്‍ഡ് കാണുമ്പോഴോ ലഭിക്കുന്ന സന്തോഷം പഴയ കാലം മാത്രമായി മാറുന്നു. വാട്‌സാപ്പില്‍ ദേ വരുന്നു ക്രിസ്മസ് ആശംസ! ആരോ ഫോര്‍വേഡ് ചെയ്തത്.

 

  •  ബ്ലൂ ഇങ്ക്സ് പ്രസിദ്ധീകരിക്കുന്ന ജേക്കബ് എബ്രഹാമിന്റെ ‘ ക്രിസ്‌മസ് കാർഡുകൾ’ എന്ന പുസ്തകത്തിൽനിന്ന് ഒരു അധ്യായം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook