scorecardresearch
Latest News

ആൾക്കൂട്ടങ്ങളുടെ ദൃശ്യചാരുത, പ്രമേയ വൈവിധ്യങ്ങൾ അനുരാഗമാക്കിയ സംവിധായകൻ

ഐവി ശശി എന്നത് ജനങ്ങളെ സിനിമാ തിയേറ്ററുകളിലേയ്ക്ക് എത്തിച്ച പേരായിരുന്ന ഒരുകാലം  മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു

iv sasi, sasli films, malayalam director, iv sasi died, malayalam film, film maker,

ആൾക്കൂട്ടങ്ങളുടെ ദൃശ്യചാരുത ആയിരുന്നു എന്നും  ഐ വി ശശി സിനിമകളുടെ മുതൽക്കൂട്ട്. ആൾക്കൂട്ടങ്ങൾക്ക് വേണ്ടി ആൾക്കൂട്ടത്തെ അദ്ദേഹം ഫ്രെയിമുകളിൽ വിന്യസിപ്പിച്ചു. ഐ വി ശശിയുടെ ഉത്സവം മുതലുള്ള മിക്ക സിനിമകളിലും ആൾക്കൂട്ടങ്ങളുടെ  സന്തോഷ/രൗദ്ര/ദുഃഖ  വികാരങ്ങളെ ഒപ്പിയെടുത്തിട്ടുണ്ട്.  ഒറ്റയ്ക്കോ തെറ്റയ്ക്കൊ തീയേറ്ററിൽ വരുന്നവർ പ്രതീക്ഷിച്ചിരുന്ന കലാമൂല്യത്തെയായിരുന്നില്ല അദ്ദേഹത്തിന്റെ സിനിമകൾ പരിഗണിച്ചിരുന്നത്. അങ്ങാടിയും അതിരാത്രവും തുഷാരവും മുതൽ മലയാളി ബോധങ്ങളെ ഞെട്ടിച്ച തൃഷ്ണയും അവളുടെ രാവുകളും അനുരാഗി വരെയും ചരിത്രത്തെ സിനിമയിലേയ്ക്ക് ചേർത്തുവെച്ച 1921ഉം   സിനിമാശാലകളിലെ നിറഞ്ഞിരിക്കുന്ന പ്രേക്ഷകരെയായിരുന്നു അഭിസംബോധന ചെയ്തിരുന്നത്.

 iv sasi, iv sasi death, malayalam film maker, super hit film maker iv sasi,

ആൾക്കൂട്ടത്തെ  ആളിക്കത്തുന്ന അഗ്നിയായി എലിയാസ് കാനേറ്റി  താരതമ്യം  ചെയ്തിട്ടുണ്ട്. കത്തുന്ന വസ്തുവിനെ  പോലെ ആൾക്കൂട്ടത്തെ തള്ളി നീക്കാൻ ഒരുവൻ വിചാരിച്ചാലും കത്തിപ്പടരുന്ന തീ പോലെ അത്   അയാളിലേക്ക് തന്നെ വരുമെന്ന സങ്കല്പം ഐ വി ശശിയുടെ സിനിമകളിലും കാണാവുന്നതാണ്.  1921 ലും , അതിരാത്രത്തിലും,  ഈനാടിലും ദേവാസുരത്തിലും അങ്ങാടിയിലും മുക്തിയിലും ആൾക്കൂട്ടത്തിന്റെ ക്രോധം വെള്ളിത്തിരയെ തന്നെ കത്തിച്ചിട്ടുണ്ട്. തിരക്കഥ ആരായാലും, ദാമോദരൻ മാസ്റ്റർ ആകട്ടെ, രഞ്ജിത്ത് ആകട്ടെ, ലോഹിതദാസ് ആകട്ടെ, ആൾക്കൂട്ടം ഐ വി ശശി എന്ന ക്രാഫ്റ്സ്മാൻറെ മുഖമുദ്ര ആണ്. അത് ഇടയ്ക്കെങ്കിലും ഇല്ലാതെ വന്നത് തിരക്കഥയുടെ പെരുന്തച്ചനായ  എം ടി വാസുദേവൻ നായർ കൂടെയുണ്ടാകുമ്പോൾ മാത്രം. ആൾക്കൂട്ടത്തിൽ  അപ്പോൾ ഐ വി ശശി തനിയെ ആവും.

mamooty, mohanlal, mamooti, superstar, iv sasi, thrishna,

ഉയരങ്ങളിൽ എന്ന ചിത്രത്തിലെ   ജയരാജൻ എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ എന്ന നടന്റെ ഭാഗധേയം മാറ്റിയെഴുതിയ സംവിധായകനാണ് ഐ വി ശശി. അതിനു വേണ്ട പശ്ചാത്തലവും പരിസരവും ഒരുക്കാൻ എം ടി എന്ന തിരക്കഥാകൃത്ത് ഏറെ സഹായിച്ചു എന്നത് സത്യം.  നിഷേധിയും ഏകാകിയുമായ നായകന്മാർ എം ടിയുടെ തൂലികയിൽ നിന്നും ഇപ്പോഴും പിറവിയെടുക്കാറുണ്ട്. ‘കാലം’ എന്ന നോവലിലെ സേതുവിന്രെ  എക്സ്റ്റൻഷൻ ആയി ജയരാജനെ കാണാൻ കഴിയും. എന്നാൽ താൻ വിശ്വസിച്ചിരുന്ന പ്രതാപിയായ പിതാവിന്റെ രക്തത്തിലൂടെയല്ല ജനിച്ചത് എന്ന തിരിച്ചറിവിൽ എത്തിയ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ ജയരാജന്റെ മറ്റൊരു പതിപ്പായി ഐ വി ശശിയുടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കും.

രഞ്ജിത്തിന്റെ തിരക്കഥയിൽ പിറന്ന, പിന്നീട് വളരെയധികം പഴി കേട്ട, മീശപിരിച്ച നായകന്റെ ആദിരൂപം ജയരാജൻ തന്നെയായിരുന്നു എന്ന് വിശ്വിസിക്കുന്ന ശശി ആരാധാകരുണ്ട്.  ഒരുപക്ഷെ, ജയരാജന്രെ സ്വീകൽ ആണ് മംഗലശ്ശേരി നീലകണ്ഠൻ എന്നു കരുതുന്നവർ.  ആവനാഴിയിലെയും ഇൻസ്‌പെക്ടർ ബൽറാമിലെയും നായകനായ ബൽറാം എന്ന പോലീസ് ഓഫീസർ നിഷേധിയും ധിക്കാരിയും ആയിരുന്നു. പൗരുഷത്തിന്റെ ഉടൽരൂപങ്ങൾക്ക് ധിക്കാരം വേണമെന്ന പരികല്പന ഈ കഥാപാത്രങ്ങളിലൂടെ അദ്ദേഹം നിവേശിപ്പിക്കുകയായിരുന്നു. അങ്ങാടിയിലെ ബേബിയും, ഇതാ ഇവിടെ വരെയിലെ വിശ്വനാഥനും നിഷേധികൾ ആവുമ്പോൾ, ആ സിദ്ധാന്തം ഒരു വൃത്തം പൂർത്തിയാക്കുകയായിരുന്നു.

mohanlal, devasuram, avalude ravukal, iv sasi, renjith, malayalam film maker,

ഇതേ സംവിധായകന്റെ രൂപശില്പഘടന തിരക്കഥാകൃത്തുക്കൾ വിരിക്കുന്ന പായകൾക്ക് അനുസൃതമായി മാറുന്നത് അനുഭവവേദ്യമാണ്. മൺപാത്രങ്ങൾ നിർമിക്കുന്നയാൾ കാലാവസ്ഥയിലെ വ്യത്യാസങ്ങളും മണ്ണിന്റെ ഗുണഗണങ്ങളെ കുറിച്ചും ബോധവാനായിരിക്കണം. അത് പോലെ തിരക്കഥകൾ അനുസരിച്ചു ശൈലിയിലും രീതിയിലും മാറുന്ന സംവിധായകനാണ് ഐ വി ശശി. അവളുടെ രാവുകളിലെ രാജിയെ  എഴുത്തുകാരനായ ആലപ്പി ഷെരീഫ്  സങ്കൽപ്പത്തിൽ കണ്ടതിലും അപ്പുറം മനസിലേറ്റാൻ  സംവിധായകന് സാധിച്ചത് ഇക്കാരണം കൊണ്ടായിരുന്നു. അത് കൊണ്ട് തന്നെയായിരുന്നു സീമ എന്ന നടിക്ക്  ആ കാലത്തിന്റെ മലയാള സിനിമയുടെ അടയാളങ്ങളിലൊന്നാവാൻ സാധിച്ചതും.  കേവലം രതിജന്യ ചലച്ചിത്രമായി അധ:പതിച്ചേക്കാവുന്ന ‘അവളുടെ രാവുകളെ’  ആ തലത്തിൽ നിന്നും  ഉയർത്തിയത് ഐ വി ശശിയുടെ കരസ്പർശം കൊണ്ട് മാത്രമായിരുന്നു.

ഒരേ  മാതൃകയ്ക്ക് അനുസരിച്ചു  നിർമ്മിക്കുന്ന ചട്ടക്കൂടല്ല അദ്ദേഹത്തതിന്റെ സിനിമകൾക്കുള്ളത്. ആൾക്കൂട്ടത്തിൽ തനിയെയിലെ രാജൻ എന്ന നായകകഥാപാത്രത്തിന്റെ വേപഥു മിഥ്യയിലെ വേണുവെന്ന നായകനിൽ കാണുന്നില്ല. ഈ രണ്ടു കഥാപാത്രങ്ങളും ഒരേ തൂലികയിൽ നിന്നായിരുന്നു പിറവിയെടുത്തതെന്നു കൂടി ഓർക്കണം. ഇതിൽ നിന്നും വ്യത്യസ്തമായി  , ഒരു പക്ഷെ ധീരമായ രാഷ്ട്രീയ പരീക്ഷണമായിരുന്നു ഈ നാട് എന്ന സിനിമ. രാഷ്ട്രീയത്തിന്റെ അപചയങ്ങൾ ഇത്ര മേൽ തുറന്നു കാട്ടിയ ഒരു സിനിമ ആയിരത്തിതൊള്ളായിരത്തിഎൺപതുകളുടെ തുടക്കത്തിൽ നമുക്ക് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല.ടി. ദാമോദരൻ തിരക്കഥയിൽ, കേരളം സ്വപ്നം കണ്ടിരുന്ന വികസനം എന്ന വികാരം ഏട്ടിലെ പശുവായി മാറുന്ന ശ്ലഥ ചിത്രമായിരുന്നു  ഈ സിനിമ നൽകിയത്. ബഹുസ്വരതയുടെ ഇഴകൾക്ക് ചലച്ചിത്രത്തിലും സ്ഥാനം ഉണ്ടെന്നു തെളിയിക്കുന്നതായിരുന്നു ഐ വി ശശി-ടി ദാമോദരൻ കൂട്ടുക്കെട്ടിൽ വന്ന വാർത്ത, അടിമകൾ ഉടമകൾ, അബ്‌കാരി തുടങ്ങിയ ചിത്രങ്ങൾ. ഇടതുപക്ഷത്തിന്റെ ശരിയായ സിദ്ധാന്തവും തെറ്റിപ്പോയിരുന്ന പ്രയോഗവും  ഇത്തരം സിനിമകൾ മറ്റൊരു വിധത്തിൽ ആവിഷ്കരിച്ചു.

avalude ravukal, malayalam film, iv sasi, iv sasi death, popular films in malayalam,

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്ന ജയൻ എന്ന നടന്രെ സൂപ്പർ ഹിറ്റ് ചിത്രങ്ങളും ശശിയുടെ സംവിധാനത്തിൽ പിറന്നിട്ടുണ്ട്. വിൻസന്ര് ജയഭാരതി, സീമ, രവികുമാർ, സുകുമാരൻ, സോമൻ തുടങ്ങി നിരവധി അഭിനേതാക്കൾ ഐവി ശശിയുടെ ആദ്യകാല താരങ്ങളായിരുന്നു. വില്ലൻ റോളുകളിൽ ഒതുക്കപ്പെട്ടിരുന്ന നടൻ കെ പി ഉമ്മറിനെ നായകനാക്കിയതും ശശിയായിരുന്നു. പിന്നീടാണ് ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ ഐവി ശശി ചിത്രങ്ങളിലെത്തുന്നത്. 1975 മുതൽ സംവിധാന രംഗത്തെത്തിയ ഐവി ശശി എന്ന പേര് 1977 ലെ ഇതാ ഇവിടെ വരെ മുതൽ 1993 വരെയുളള കാലങ്ങളിൽ മലയാളത്തിലെ മുഖ്യധാര സിനിമയുടെ ഉളളടക്കത്തെ മാത്രമല്ല, വിപണിയെയും താരമൂല്യത്തെയും നിർണ്ണയിക്കുന്ന പ്രധാന പേരായി മാറിയിരുന്നു. മലയാളത്തിൽ 80കളിൽ ചെറുപ്പക്കാരുടെ ഹരമായി മാറിയ റഹ്മാന്രെ ഹിറ്റ് ചിത്രമായ കാണാമറയത്തിന്രെ സംവിധായകനും ശശിയായിരുന്നു.

വർത്തമാന കാലത്തിന്രെ വേദനകളിലേയ്കും അതിന്രെ ഉളളടക്കങ്ങളിലേയ്ക്കും മാത്രമല്ല, ചരിത്രത്തിന്രെ ഉളളറകളിലേയ്ക്കും ഐവി ശശി എന്ന സംവിധായകൻ കടന്നു ചെന്നിട്ടുണ്ട്. കേരള രൂപം കൊളളുന്നതിന് വർഷങ്ങൾക്ക് മുമ്പ് നടന്ന ബ്രിട്ടീഷുകാർക്കെതിരെ മലബാറിൽ നടന്ന മലബാർ കലാപം എന്ന വിപ്ലവത്തെ അടിസ്ഥാനമാക്കി ഐവി ശശി സിനിമ സംവിധാനം ചെയ്തു. ടി.ദാമോദരന്രെ തിരക്കഥയിലാണ് 1921 എന്ന ചലച്ചിത്രം ഐ വി ശശിയുടെ കൈകളിൽ ഭദ്രമായത്. മുഖ്യധാരയിൽ മാത്രമല്ല, മലയാള ചലച്ചിത്രലോകത്ത് തന്നെ ഈ വിഷയത്തെ സിനിമയാക്കാൻ ധൈര്യ കാണിച്ചത് ഐ വി ശശി എന്ന സംവിധായകൻ മാത്രമായിരിക്കാം.
mamooti, iv sasi, rajneekath, kamalahassan, iv sasi, malayalam film maker,

ഐ വി ശശി ആദ്യമായി സംവിധാനം ചെയ്ത ഉത്സവം എന്ന സിനിമ പറയുന്ന വിഷയം തീവ്രമായിരുന്നു. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട കരക്കാർ തമ്മിലുള്ള കലാപം ആണ് ഉത്സവത്തിന്റെ കഥാതന്തു. ഇത്തരത്തിൽ സാമൂഹിക വിഷയവുമായി ബന്ധപ്പെട്ട സിനിമയെടുക്കാൻ തുടക്കത്തിൽ തന്നെ ധൈര്യം കാണിച്ച ഐ വി ശശിയുടെ കരിയർ അവസാനകാലത്ത്  ഒളി മങ്ങുന്നത് കാണാം. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും  രതിയുടെയും  സദാചാരത്തിന്റെയും വഞ്ചനയുടെയും വിഷാദത്തിന്റെയും സൗഹൃദത്തിന്റെയും നിരാശയുടെയും സത്ത   മനുഷ്യൻ എന്ന ജീവിയിൽ ഒരേ പോലെ നിലനിൽക്കുകയില്ല. അത്തരം അംശങ്ങൾ ജീവിതവട്ടത്തെ  സ്വാധീനിക്കുന്നതിനു ഒരു താളമുണ്ട്. ഓരോ സാഹചര്യത്തോടും മനുഷ്യൻ ഇടപെടുന്നതെങ്ങനെയെന്നും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ പല തരത്തിലുള്ള  വിനിമയങ്ങൾ എങ്ങനെയെല്ലാമാണ് ജീവിതത്തെ ബാധിക്കുകയെന്നു അഭ്രപാളികളിൽ ആവിഷ്കരിച്ചതിൽ പ്രധാനിയാണ് ഐ വി ശശി. തൃഷ്ണ, അക്ഷരത്തെറ്റ്, അനുരാഗി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.  1981 ൽ തൃഷ്ണ പോലൊരു ചിത്രം എം ടി യുടെ തിരക്കഥയിലാണെങ്കിൽ കൂടി മലയാള മുഖ്യധാരയിലെടുക്കാൻ ആരെങ്കിലും ധൈര്യം കാണിക്കുമായിരുന്നോ എന്ന് ഇന്ന് ആലോചിക്കുമ്പോൾ സംശയം ഉയരും. അന്നത്തെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ ഐ വി ശശിയും എം ടിയും ശ്രമിച്ചതിൽ കൂടുതലൊന്നും ഇന്നത്തെ ന്യൂജെൻ സിനികൾ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. കാലവും സാഹചര്യവും കൂടി കണക്കിലെടുത്താകണം ആ അന്വേഷണം.  കുടുംബ ബന്ധങ്ങളുടെ ശൈഥില്യവും, വിവാഹേതര ബന്ധങ്ങളും ധീരമായി പറഞ്ഞ സംവിധായകനായ അദ്ദേഹം  വർഗ്ഗവ്യതിയാനം ഇല്ലാതെ എല്ലാത്തരം  പ്രേക്ഷകനെയും പരിഗണിച്ചു.

ഐവി ശശി എന്നത് ജനങ്ങളെ സിനിമാശാലകളിലേക്ക് എത്തിച്ചിരുന്ന ഒരു പേരായിരുന്ന കാലം ഉണ്ടായിരുന്നു. നൂറ്റമ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്  തമിഴിലും  ഹിന്ദിലും ഏതാനും ചിത്രങ്ങൾ ഉണ്ട്. നടന്മാരെ തന്റെ മൂശയിലിട്ട് താരങ്ങളാക്കി മാറ്റിയ സംവിധായക പ്രതിഭയാണ് ഐ വി ശശി.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Iv sasi mohanlal mammootty mt vasudevan nair t damodaran avalude ravukal ee nadu uyarangal trishna seema