അംഗങ്ങളുടേയോ അണികളുടേയോ എണ്ണമെടുത്താല്‍ കേരളത്തിലെ ഏറ്റവും ചെറിയ മുസ്‌ലിം സംഘടനയായ ജമാഅത്തെ ഇസ്‌‌ലാമിക്ക് കേരളത്തില്‍ അവർക്ക് ഏറ്റവും പ്രധാനപ്പെട്ട ഗ്രാമമായിരിക്കാം ചേന്ദമംഗല്ലൂര്‍. കെ.സി. അബ്ദുല്ല മൗലവിയും ഒ. അബ്ദുറഹിമാനുമടങ്ങുന്ന ചേന്ദമംഗല്ലൂര്‍ക്കാരോളംതന്നെ പക്ഷേ, പേരുണ്ട് ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ നിന്നുതന്നെയുള്ള ഹമീദ് ചേന്ദമംഗല്ലൂര്‍ എന്ന ജമാഅത്തെ ഇസ്‌ലാമി വിമര്‍ശകന്. എന്നാല്‍ മതരാഷ്ട്രവാദത്തിന്റേതും മതനിഷേധവാദത്തിന്റേതോ അല്ലാത്തതും, അധികം അറിയപ്പെടാത്തതുമായ ഒരു ചിന്താധാര കൂടി ചേന്ദമംഗല്ലൂരില്‍ത്തന്നെ ഉണ്ടായിട്ടുണ്ട്: ‘ഇസ്‌‌ലാമിസത്തിനെതിരായ കേരളീയ മുസ്‌ലിം പ്രവര്‍ത്തനത്തിന്റെ ബുദ്ധികേന്ദ്രം’ എന്ന് ജാവേദ് ആനന്ദ് വിശേഷിപ്പിച്ച സി.ടി അബ്ദുറഹീമിന്റെ വഴിയാണത്. ഒരു കാലത്ത് ജമാഅത്തെ ഇസ്‌‌ലാമി സഹയാത്രികനായിരുന്ന ഇദ്ദേഹം ആശയപരമായും പ്രാസ്ഥാനികമായും പിരിഞ്ഞ് സാമൂഹികനീതിയുടേയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും മതാത്മക ധാര്‍മ്മികതയുടേയും വഴിയില്‍ 34 വര്‍ഷംമുമ്പ് ദയാപുരം വിദ്യാഭ്യാസ സാംസ്‌ക്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ, അനുഭവങ്ങളിലൂടെ, നിലപാടുകളിലൂടെ ഒരു യാത്ര.

നാട്, പഠനം, പ്രവാസം

എൻ.പി ആഷ്‌ലി: 1941ല്‍ മൗലാനാ അബുല്‍ അഅ്‌‌ലാ മൗദൂദി അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ രൂപംനല്‍കിയ ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ 1948ല്‍തന്നെ രൂപീകരിക്കപ്പെട്ടു. ഈ മതരാഷ്ട്രീയ ചിന്താധാരക്ക് ആദ്യകാലത്തുതന്നെ വേരോട്ടമുണ്ടായ ഗ്രാമമാണ് ചേന്ദമംഗല്ലൂര്‍. അതിനുള്ള സാമൂഹിക കാരണങ്ങളെന്താവാം?

സി.ടി അബ്ദുറഹീം: വലിയ ഭൂവുടമകളില്ലാത്ത ഒരു ഗ്രാമമായിരുന്നു ചേന്ദമംഗല്ലൂര്‍. ജന്മിമാരെ താണുംവണങ്ങി നില്‍ക്കുന്നരീതി ഈ ഗ്രാമത്തിനില്ല. മതപാരമ്പര്യവാദം യാതൊരു കോട്ടവും തട്ടാതെ നിന്നത് ജന്മികളും പുരോഹിതരുമായുള്ള ബന്ധം കൊണ്ടാണല്ലോ. മതപുരോഹിതര്‍ സാമൂഹികക്രമം മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തറവാട്ടുകാരെ സഹായിച്ചി രുന്നു. ഈ സാമൂഹിക,സാമ്പത്തികവിഭാഗം ഇല്ലാത്തതിനാലാണ്, ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം, സ്ത്രീകള്‍ പള്ളിയില്‍പോവണം തുടങ്ങിയ മുജാഹിദ് ആശയങ്ങള്‍ക്ക് ചേന്ദമംഗല്ലൂരില്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞത് എന്നാണെന്റെ വിലയിരുത്തല്‍. സാമൂഹികമായും രാഷ്ട്രീയമായും ശക്തി ഉള്ളവര്‍ മുജാഹിദ് ആശയങ്ങളെ പിന്തുണച്ചിരുന്നതും കാരണമാകാം. സ്വന്തം വീട്ടില്‍വെച്ച് ചേന്ദമംഗല്ലൂരിലെ കുട്ടികള്‍ക്ക് ഇസ്‌‌ലാം മതം പഠിപ്പിച്ചുകൊടുത്തിരുന്ന ആളായിരുന്നു എന്റെ പിതാവ് കോമുക്കുട്ടി. നാടന്‍പാരമ്പര്യങ്ങളെ തള്ളിപ്പറയാതെത്തന്നെ അന്നത്തെ പരിഷ്‌ക്കരണാശയങ്ങള്‍ അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. (നാട്ടാചാരങ്ങളെയും പ്രാദേശികബന്ധങ്ങളേയും എന്തുചെയ്യണമെന്ന ധാരണയില്ലാത്തതാണ് മുജാഹിദ്പ്രസ്ഥാനം ഇന്നു വന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്). ഈ മണ്ണിലേക്കാണ് ഇസ്‌‌ലാം ഒരു ധാര്‍മ്മിക ആത്മീയ സഞ്ചയം മാത്രമല്ല; സമഗ്രമായ രാഷ്ട്രീയ ഭരണപദ്ധതികൂടിയാണെന്ന ആശയവുമായി ജമാഅത്തെ ഇസ്‌ലാമി കടന്നുവരുന്നത്.

1950 കളില്‍ കെ.ടി.കെ. ഹസന്‍, കെ.ടി.സി. ബീരാന്‍, സഗീര്‍ മൗലവി, യു.കെ. ഇബ്രാഹിം മൗലവി തുടങ്ങിയവരായിരുന്നു ജമാഅത്തെ ഇസ്‌‌ലാമിയുടെ മുന്‍നിരക്കാര്‍. ആശയവാദികളോ കാല്‍പ്പനികരോ ആയിരുന്ന ചെറുപ്പക്കാരുടെ ഒരു നിര അതിലുണ്ട്. ജമാഅത്തെ ഇസ്‌‌ലാമിക്ക് മതാചാരങ്ങളില്‍ മുജാഹിദുമായുള്ള സാമ്യം, പാരമ്പര്യമേധാവിത്വത്തില്‍നിന്നുള്ള അകലം, ലോകവീക്ഷണത്തെപ്പറ്റി കൊടുക്കാന്‍ കഴിഞ്ഞ കൃത്യത, ആദ്യകാല പ്രവര്‍ത്തകരുടെ കഴിവ്, കേഡര്‍ പാര്‍ട്ടി സ്വഭാവത്തോടെ തൃണമൂല്‍ തലത്തില്‍ നടന്ന പ്രവര്‍ത്തനം ഇതൊക്കെയാണ് ചേന്ദമംഗല്ലൂരിലെ ജമാഅത്തെ ഇസ്‌‌ലാമിയുടെ വളര്‍ച്ചയെ ക്രമപ്പെടുത്തിയതെന്ന് മനസ്സിലാക്കാം. അന്നത്തെ ഗ്രാമീണാന്ത രീക്ഷത്തില്‍ സുപ്രധാനമായിരുന്നു മദ്‌റസയുടെയും പള്ളിയുടെയും സ്‌കൂളിന്റെയും നിയന്ത്രണം. ജമാഅത്തുകാരായ ആളുകള്‍ ഇതും നന്നായി പ്രയോജനപ്പെടുത്തുകയുണ്ടായി.

ചോദ്യം: ചേന്ദമംഗല്ലൂരിലെ ജമാഅത്തുകാര്‍ക്ക് സമീപപ്രദേശങ്ങളായിരുന്ന കാരശ്ശേരി, കക്കാട്, കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സുന്നികളില്‍നിന്ന് ഊരുവിലക്ക് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് ഒരുതരം സോഷ്യല്‍ ബോയ്‌ക്കോട്ടിങ്. ഇത് സത്യമാണോ?

ഉത്തരം: ചേന്ദമംഗല്ലൂരില്‍നിന്ന് ആശയപ്രചാരണത്തിന് ഈ പ്രദേശങ്ങളി ലൊക്കെ പ്രവര്‍ത്തകര്‍ പോവാറുണ്ടായിരുന്നു. അതിന്നെതിരില്‍ പ്രത്യക്ഷ മായും പരോക്ഷമായും എതിര്‍പ്രചാരവേലകളുമുണ്ടായിട്ടുണ്ട്. അതിലേ റെ ഗുരുതരമായ അനിഷ്ടസംഭവങ്ങള്‍ നടന്നതായി അറിവില്ല.

ചോദ്യം: താങ്കളുടെ യൗവ്വനകാലത്ത് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തെ എങ്ങനെ ഓര്‍ക്കുന്നു?

ഉത്തരം: ഞാന്‍ ഒരിക്കലും ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായിട്ടില്ല. മതപഠനത്തിന് ചേര്‍ന്നത് ചേന്ദമംഗല്ലൂരിലെ അവരുടെ ഇസ്‌‌ലാഹിയാ കോളേജിലാണ്. മൗലാനാ മൗദൂദിയുടെ ആശയങ്ങളോട് വലിയ എതിര്‍പ്പൊന്നും ആദ്യകാലത്ത് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയുടെ പ്രചാരണങ്ങള്‍ നന്നായി സ്വാധീനിച്ച ആളുമായിരുന്നു. ഒരുദാഹരണം പറയാം: ജവഹര്‍ലാല്‍ നെഹ്‌റു മരിച്ച വാര്‍ത്ത അറിയുന്നത് ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്. നെഹ്‌റു ആദരിക്കപ്പെടേണ്ട ഒരാളാണെന്ന് അറിഞ്ഞിരുന്നില്ല. അത്രയും മോശമായ ഒരു ചിത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ ദുഃഖമല്ല, സന്തോഷമാണുണ്ടായത്. ഞാന്‍ കൈകൊട്ടിച്ചിരിച്ച ചിത്രം ഇന്നും ഓര്‍മ്മയുണ്ട്; അക്കാര്യത്തില്‍ സ്വയം ലജ്ജയുമുണ്ട്.

ചോദ്യം: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയസിദ്ധാന്തങ്ങളിലും നയങ്ങളിലും പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നുവോ ആദ്യകാലങ്ങളില്‍?

ഉത്തരം: കാര്യമായി ആലോചിച്ചിരുന്നില്ല എന്നു വേണമെങ്കില്‍ പറയാം. ഒരു ഒഴുക്കില്‍ നീങ്ങുകയായിരുന്നു. അപ്പോഴും ചില എതിര്‍പ്പുകള്‍ അന്നേയുണ്ട്. ‘താഗുത്തീ’ ഗവൺമെന്റിനുകീഴില്‍ (ഇസ്‌‌ലാമിതര ഗവണ്‍മെന്റ്) ജോലി സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും നിഷിദ്ധമാണെന്ന നയമാണല്ലോ 1977 വരെ ജമാ അത്തെ ഇസ്‌ലാമിക്കുണ്ടായിരുന്നത്. ഇത് വകവെക്കാതെ സര്‍ക്കാര്‍ നടത്തിയി രുന്ന അറബിക് മുന്‍ഷി പരീക്ഷ എഴുതാന്‍ ഇസ്‌ലാഹിയാകോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഞാന്‍ പണമടച്ചു. കോളേജിലെ അന്നത്തെ പ്രിന്‍സിപ്പലിന് കഠിനമായി ദേഷ്യം വരികയും എനിക്കെതിരെ നടപടിയെടുക്കു മെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. ഞാന്‍ പിന്‍വാങ്ങി. ഈ നയത്തിന്റെ യുക്തി അന്നേയെനിക്ക് മനസ്സിലായിരുന്നില്ല. ഭരണം കിട്ടിയാലേ മത വിശ്വാസം പൂര്‍ത്തിയാവൂ എന്നവാദവും എനിക്ക് സംശയമുണ്ടാക്കിയിരു ന്നു. ഓരോ വ്യക്തിയും സ്വയം നന്നാവാന്‍ ഭരണം കൂടാതെത്തന്നെ കഴിയുമല്ലോ? ‘കട്ടവന്റെ കൈവെട്ടണമെന്നാണല്ലോ ഇസ്‌‌ലാമിക ശരീഅത്ത്, അതിന് ഭരണം വേണ്ടേ, അതുകൊണ്ട് ഭരണവാദം ശരിയല്ലേ’ എന്നൊരാള്‍ ചോദിച്ചത് ഓര്‍ക്കുന്നു. കട്ടവന്റെ കൈവെട്ടുന്നത് ആരും കക്കാതിരിക്കാനല്ലേ, ആ മനഃസംസ്‌കരണത്തിന് എന്തിനാണ് ഭരണം എന്നതായിരുന്നു എന്റെ മറുചോദ്യം. ഇത്തരത്തിലൊരു സംശയം സ്ഥാപനത്തിന്റെ ഒരു വാര്‍ഷികസമ്മേളനത്തില്‍ എം.പി. കുഞ്ഞിമുഹമ്മദ് സാഹിബ് രൂപപ്പെടുത്തിയ ‘സമ്മിറ്റ്’ എന്ന പരിപാടിയില്‍ എഴുതിച്ചോദി ക്കാന്‍ ശ്രമിച്ചെങ്കിലും സംഘാടകരില്‍പ്പെട്ടവര്‍ ആ ചോദ്യം ഒഴിവാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു.

ചോദ്യം: ഇസ്‌‌ലാഹിയ്യയിലെ പഠനത്തിനുശേഷം ജമാഅത്തെ ഇസ്‌ലാമി യുമായുള്ള ബന്ധത്തിന്റെ സ്വഭാവമെന്തായിരുന്നു?

ഉത്തരം: അവരുടെ പ്രസിദ്ധീകരണമായ ‘പ്രബോധന’ത്തില്‍ സഹ പത്രാധിപരായി ഒ. അബ്ദുല്ലയുടെ താല്‍പര്യത്തില്‍ എന്റെ ഇരുപത്തി രണ്ടാം വയസ്സില്‍ ജോലി കിട്ടി. ഭരണവാദത്തോട് സംശയപരമായ നിലപാടാണുണ്ടായിരുന്നതെങ്കിലും മുസ്‌‌ലിം പക്ഷപാതം എന്നിലുണ്ടായി രുന്നു എന്നതാണ് സത്യം. അന്നത്തെ എഴുത്തില്‍ അത് കാണാം. ഇതിനി ടയ്ക്കും ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ലീഗ് നേതാവ് മദ്യപിച്ചെന്ന് മറ്റൊരു പത്രത്തെ ഉദ്ധരിച്ച് പ്രബോധനം വാര്‍ത്ത ബോക്‌സില്‍ നല്‍കിയ ത് ഒട്ടും മാന്യതയില്ലാത്ത പണിയാണെന്നും മുസ്‌‌ലിം ലീഗ് വിരുദ്ധത കൊണ്ട് ഇങ്ങനെ ചെയ്യരുതെന്നും പറഞ്ഞ് പത്രമോഫീസില്‍ തര്‍ക്കമു ണ്ടായത് ഞാനോര്‍ക്കുന്നു. പ്രബോധനത്തിലെ ചില സഹപ്രവര്‍ത്തകര്‍ എന്നെ ലീഗുകാരനെന്നാണ് വിളിച്ചത്. 1970 ല്‍ കല്ല്യാണം കഴിഞ്ഞ് ഭാര്യ വീട്ടുകാരുടെ സഹായത്തില്‍ ദുബായിലേക്കുപോയി കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ മാറ്റാന്‍ പരിപാടിയിട്ട് ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു ഞാന്‍. അപ്പോഴാണ് സുഹൃത്ത് എം.വി. സലീം ഖത്തറിലെ ഒരു മതകാര്യ സ്ഥാപനത്തില്‍ പഠനത്തിനുള്ള സൗകര്യം അഞ്ച് പേര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നും പാസ്‌പോര്‍ട്ടുള്ള രണ്ടുപേരെ കിട്ടാത്തതിനാല്‍ ഞാന്‍ പോകണ മെന്നും അറിയിച്ചത്. ആ നിര്‍ബന്ധത്തിലാണ് ഞാന്‍ ദോഹയിലേക്ക് പോകുന്നത് 1971 ല്‍ കപ്പലില്‍.

ചോദ്യം: ഖത്തറിലെ മതപഠനകാലത്ത് മൗദൂദിയുടെ ചിന്തകളുമായുള്ള ബന്ധം വിശദീകരിക്കാമോ?

ഉത്തരം: ഇതിന് രണ്ടുതലങ്ങളുണ്ട്. ഒന്ന് രാഷ്ട്രീയചിന്തയുടെ തലം. മുസ്‌‌ലിം രാജ്യങ്ങളിലെ അമുസ്‌‌ലിം ന്യൂനപക്ഷങ്ങള്‍ എന്ന പുസ്തകമെഴു തിയ ഞങ്ങളുടെ റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായിരുന്ന യൂസുഫുല്‍ ഖര്‍ളാവിയോട് ഞാന്‍ ഒരു ദിവസം ആദരപൂര്‍വ്വം പറഞ്ഞു: ‘അമുസ്‌‌ലിം സമൂഹങ്ങളിലെ മുസ്‌ലിംകള്‍ എന്നൊരു പുസ്തകംകൂടി താങ്കള്‍ എഴുതണം.’ അല്‍പം ചിന്തിച്ചുനിന്നശേഷം അദ്ദേഹം പറഞ്ഞു: ‘അത് പ്രയാസകരമായ കാര്യമാണ്.’ പിന്നീട് ഈ വിഷയകമായി അദ്ദേഹം ഒരു ചെറിയ ഗ്രന്ഥം രചിക്കുകയുണ്ടായി. ബഹുസ്വരസമൂഹത്തില്‍ എങ്ങനെ യാണ് പെരുമാറേണ്ടതെന്ന കാര്യത്തില്‍ പ്രായോഗികമായി പല ദേശങ്ങളി ലും പലകാലത്തും ഗുണപരമായ ഒരുപാട് അനുഭവങ്ങള്‍ പറയാനുണ്ടെ ങ്കിലും മതഗവേഷകര്‍ക്കിടയില്‍ സൈദ്ധാന്തികമായ വ്യക്തത ഈ വിഷയത്തിലില്ല. ഇസ്‌‌ലാം മതം സമഗ്രമാണെന്നും അതുപ്രകാരമാണ് സ്ഥലകാലങ്ങളൊന്നും പരിഗണിക്കാതെ പ്രശ്‌നങ്ങളെ അളക്കേണ്ടതെന്നു മാണല്ലോ മതരാഷ്ട്രവാദത്തിന്റെ സിദ്ധാന്തം. ചരിത്രഘട്ടങ്ങളോ കാലദേശ വ്യവസ്ഥകളോ ശാസ്ത്രസാങ്കേതിക മാറ്റങ്ങളോ ശ്രദ്ധിക്കാത്ത ഈ വാദം പ്രാദേശിക ജീവിതാനുഭവങ്ങളുമായി നിരക്കുന്നതല്ലെന്ന് എനിക്ക് വീണ്ടും വീണ്ടും ബോധ്യമായിത്തുടങ്ങിയിരുന്നു.

ഇതിനിടയില്‍ ജമാഅത്തെ ഇസ്‌ലാമിക്കാരായ സുഹൃത്തുക്കളോട് കൃത്യമായി കലഹിക്കേണ്ട ഒരു കാര്യം ഉണ്ടായി: ദോഹയില്‍ ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്കുവന്ന മതപ്രഭാഷകനായ കുട്ടിഹസന്‍ ഹാജി, അഡ്വ. അബ്ദുല്‍ റസാഖ് (കേരള അസംബ്ലിയിലെ മുന്‍ഡെപ്യൂട്ടി സ്പീക്കര്‍ ആയിശാഭായിയുടെ ഭര്‍ത്താവ്) എന്നിവര്‍ ദോഹയില്‍ അറസ്റ്റി ലായ സംഭവമാണ് കാരണം. ജമാഅത്ത് വിരുദ്ധനായ കുട്ടിഹസന്‍ ഹാജി പള്ളിയില്‍ അദ്ദേഹത്തിന്റെ അനുചരന്മാരായ മലയാളികളോട് പ്രസംഗി ക്കവെ മൗദൂദി നരകത്തിലാണെന്നും ഗുരുനാനാക്ക് (ആണെന്നാണ് ഓര്‍മ്മ) സ്വര്‍ഗ്ഗത്തിലാണെന്നുമുള്ള അര്‍ത്ഥത്തില്‍ പറയുകയുണ്ടായത്രെ. കേട്ടിരുന്ന മലയാളികളായ എന്റെ ചില ജമാഅത്ത് സുഹൃത്തുക്കള്‍ പ്രസംഗം റെക്കോര്‍ഡ് ചെയ്തു. പ്രശ്‌നം കോടതിയിലെത്തി. ഇസ്‌‌ലാമിനെ അവഹേളിച്ചെന്നായിരുന്നു കേസ്. ഖത്തറില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ കേസ് വിസ്താരം കേള്‍ക്കാന്‍ പോയിരുന്നു. ഈ ആലോചനയെ തലേ ദിവസം തന്നെ ഞാന്‍ ശക്തിയായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ രണ്ടുദിവസത്തേക്കാണെങ്കിലും ശിക്ഷിക്കപ്പെട്ടു. സ്വന്തം നാട്ടുകാര്‍ക്കെതി രെ മുസ്‌‌ലിം രാജ്യത്തിന്റെ സൗകര്യമുപയോഗിച്ച് ഇത്തരം അക്രമം നടത്തുന്നതിലെ തിണ്ണമിടുക്ക് എന്നെ നന്നായി വിഷമിപ്പിച്ചു. അതു ഞാന്‍ തുറന്നുപറഞ്ഞു. ഇതു വലിയ അകലത്തിനിടയാക്കി. ഇതിന് തുല്യമായ ഒരു സംഭവമാണ് ദോഹയിലെ എം ഇ എസ് സ്‌കൂളിന്റെ പ്രവര്‍ത്തകരു മായി തുടക്കംമുതല്‍ ഞാന്‍ പുലര്‍ത്തിവന്ന സഹകരണം. ഇതും എന്റെ പല ജമാഅത്ത് സുഹൃത്തുക്കള്‍ക്കും സഹിക്കുന്നതായിരുന്നില്ല ആദ്യ കാലത്ത് വിശേഷിച്ചും. ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങളുടെ സ്വാധീനമേഖലകളില്‍ ഏറ്റെടുക്കേണ്ടത് തങ്ങളാണെന്ന അസഹിഷ്ണുതാപ രമായ അവകാശബോധം മതസാമൂഹികപ്രവര്‍ത്തനത്തിന്റെ ആത്മാര്‍ത്ഥതയ്ക്ക് യോജിക്കുന്നതല്ലെന്ന് എനിക്കുതോന്നിയിരുന്നു.

c t abdurahim , n p ashley,interview

ചേന്ദമംഗല്ലൂര്‍ അങ്ങാടി

ചോദ്യം: ചേന്ദമംഗല്ലൂരില്‍നിന്ന് ആദ്യം ഖത്തറിലെത്തിയ താങ്കള്‍ മുഖേനയായിരി ക്കുമല്ലോ പിന്നീടുള്ളവര്‍ അവിടെയെത്തിയിട്ടുണ്ടാവുക. അങ്ങനെ കൊണ്ടുവന്നവര്‍ ജമാഅത്തെ ഇസ്‌ലാമിക്കാരായിരുന്നുവോ? അങ്ങനെ ആ സംഘടനയെ വളര്‍ത്തുന്നതില്‍ ഒരു പങ്കുണ്ടോ?

ഉത്തരം: ശാന്തപുരം കോളേജിനു ലഭിച്ച അഞ്ച് സീറ്റുകളില്‍ ഒന്ന് എനിക്കായി അനുവദിച്ചതുകൊണ്ടാണ് ഞാന്‍ ദോഹയിലെത്തുന്നത്. (ഇതിന് കാരണം പാസ്‌പോര്‍ട്ടുള്ളവര്‍ ശാന്തപുരത്ത് ഇല്ലാതിരുന്നതും പ്രബോധനത്തില്‍ ജോലി ചെയ്യുകയായിരുന്ന എനിക്ക് ഈ പദ്ധതിയുടെ ആസൂത്രകനായിരുന്ന അബുല്‍ ജലാല്‍ മൗലവിയുമായി ബന്ധമുണ്ടായി രുന്നതും ആണ്. ദുബായ് വിസക്കായി ഞാന്‍ പാസ്‌പോര്‍ട്ടെടുത്ത് കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞല്ലോ). അതിനാല്‍ത്തന്നെ ചേന്ദമംഗല്ലൂരിന് കൈവന്ന അവസരത്തില്‍ എനിക്കുപകരം ആളുകളെ കൊണ്ടുപോവാന്‍ ശ്രമിക്കേണ്ടത് മാന്യതയാണല്ലോ? അതിനു വേണ്ടിയാ ണ് ചേന്ദമംഗല്ലൂര്‍ ഇസ്‌‌ലാഹിയ്യ കോളേജിനുവേണ്ടി ശ്രമംനടത്തിയ പ്രിന്‍സിപ്പല്‍ വി. അബ്ദുല്ല ഉമരിയും ഞാനും ശ്രമിച്ചത്. എനിക്ക് ജോലി കിട്ടിയ ശേഷം ഞാന്‍ മുഖേന എടുത്ത മറ്റ് വിസകളൊക്കെ ജോലിയുമായി ബന്ധപ്പെട്ടതായിരുന്നു. അവിടെ ആവശ്യമേ നോക്കിയിട്ടുള്ളു. അതുകൊണ്ട് സംഘടനയുടെ വളര്‍ച്ചയില്‍ എനിക്ക് ക്രെഡിറ്റോ ഉത്തരവാ ദിത്തമോ ഉണ്ടെന്നുപറയുന്നത് ശരിയല്ല.

മൗദൂദിസം, ജമാഅത്തെ ഇസ്‌ലാമി

ചോദ്യം: പഠനശേഷം ഖത്തറില്‍ തുടര്‍ന്നോ?

ഉത്തരം: 1973നുശേഷം ജോലിസംബന്ധിച്ച് ഖത്തറില്‍ തങ്ങിയത് സുഹൃത്ത് പി.പി. ഹൈദര്‍ ഹാജി എടുത്തുതന്ന വിസയിലാണ്. പിന്നെ എനിക്ക് ഖത്തര്‍ പൊലീസില്‍ ജോലി കിട്ടി. അവിടെനിന്നാണ് 1974ല്‍ കേരളത്തില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സക്കു പോവുകയായിരുന്ന ഖത്തര്‍ മതകാര്യവകുപ്പുമേധാവി ശൈഖ് അന്‍സാരിയുടെകൂടെ കേരളത്തിലേക്ക് വരാനുള്ള അവസരമുണ്ടാകുന്നത്. ശൈഖ് അന്‍സാരിയുടെ മകന്‍ അബ്ദുല്‍ അസീസ് എന്റെ ജൂനിയറായി പഠിച്ചിട്ടുണ്ടെ ങ്കിലും കേരളത്തില്‍ വന്നിട്ട് വീട്ടില്‍പോവാതെ കോട്ടക്കലില്‍ നില്‍ക്കേണ്ടി വരിക എന്നെ സംബന്ധിച്ചു മടുപ്പുളവാക്കുന്നതായിരുന്നു. അതുകൊണ്ട് മടിയോടെയാണ് സമ്മതിച്ചത്. പക്ഷെ അദ്ദേഹത്തിന്റെകൂടെ നാട്ടിലെത്തി യപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി അതു മാറുകയായിരുന്നു. മതവും പ്രദേശവും നോക്കാതെ ആവശ്യമുള്ള ആളുക ളെ സഹായിക്കണം എന്നപാഠം സ്വന്തം ജീവിതത്തിലൂടെ അദ്ദേഹമാണ് കൃത്യമായി പഠിപ്പിച്ചത്.

1976ല്‍ ഞാന്‍ നാട്ടില്‍തിരിച്ചെത്തി കുറ്റ്യാടി ഇസ്‌‌ലാമിയ്യാകോളേജില്‍ അധ്യാപകനായി ചേര്‍ന്നു. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയഎതിരാളികളായ ആര്‍ എസ് എസ് തുടങ്ങിയ സംഘടനകള്‍ക്കൊപ്പം ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെടുകയും കെ.സി. അബ്ദുല്ല മൗലവിയടക്കം അറസ്റ്റിലാവുകയുംചെയ്തു. ജമാഅത്ത് വിഭാഗത്തില്‍ പലരും പിന്നീട് മാപ്പുപറഞ്ഞ് ജയില്‍മോചനം നേടി. ചേന്ദമംഗല്ലൂരിലെ ജമാഅത്തെ ഇസ്‌ലാമിയുമായി തികച്ചും അകന്നെങ്കിലും പ്രസ്ഥാനത്തിന്റെ സ്ഥാപന ങ്ങളുമായി കാര്യമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പക്ഷേ, ആശയപരമായി ഞാന്‍ മൗലാനാ മൗദൂദിയുടെ മതരാഷ്ട്രവാദത്തോട് വിയോജിച്ചു തുടങ്ങുകയായിരുന്നു. ഒരു ആശയസംഹിത എന്നനിലക്ക് ഹിറ്റ്‌ലറിലും ഗോള്‍വാള്‍ക്കറിലുംകാണുന്ന അതേവാദമാണ് മൗലാനാ മൗദൂദിയുടെതും എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. പഠനകാലത്ത് മതേതരത്വത്തിനെതിരെയും മതരാഷ്ട്രവാദത്തിനനുകൂലമായും പഠിച്ച കാര്യങ്ങളുടെ ഇംപാക്ട് മനസ്സിലുണ്ടായിരു ന്നെങ്കിലും മതേതരത്വത്തെ പോസിറ്റീവ് ആയി കാണണമെന്ന ധാരണ ബലപ്പെട്ടുവന്നു. മാത്രവുമല്ല, ഒരു കാരണവശാലും ഇക്കാലത്ത് ഒരു നാട്ടിലും പ്രായോഗത്തിലില്ലാത്ത ഇസ്‌ലാമിക രാഷ്ട്രം എന്നപദ്ധതി പറഞ്ഞുകൊണ്ടിരുന്നാല്‍ വര്‍ഗ്ഗീയത കൂടുമെന്നല്ലാതെ ആര്‍ക്കും ഒരുകാര്യവും ഇല്ലെന്നു തോന്നിത്തുടങ്ങി. യുട്ടോപ്യപോലെ എന്തോ ആണത്. 1978ല്‍ ഞാന്‍ പ്രബോധനത്തിനായി ഒരു ലേഖനമെഴുതി: ‘മതേതരത്വവും ഇന്ത്യന്‍ മുസ്‌ലിംകളും’ എന്നായിരുന്നു തലക്കെട്ട്. ഇസ്‌‌ലാമികസത്തയും മുസ്‌ലിംചരിത്രവും സമകാലീനലോകവും മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്ന ആലോചനയുടെ തുടക്കമായിരുന്നു ഇത്. രണ്ടു ഭാഗങ്ങളായി എഴുതിയ ലേഖനത്തിന്റെ രണ്ടാംഭാഗം പ്രബോധനം പ്രസിദ്ധീകരിക്കാന്‍ വിസമ്മതി ച്ചു. (വളരെക്കഴിഞ്ഞ് മുസ്‌ലിംലീഗിലെ വിമതവിഭാഗമായിരുന്ന അഖിലേ ന്ത്യാ ലീഗിന്റെ പത്രമായിരുന്ന ലീഗ്‌ടൈംസ് ആണ് ആ ലേഖനം പിന്നീട് പ്രസിദ്ധീകരിച്ചത്) ഈ ലേഖനത്തോടെ എന്നിലുള്ള വിശ്വാസം പൂര്‍ണ്ണമായും ജമാഅത്തുകാര്‍ക്ക് നഷ്ടപ്പെട്ടു.

ചോദ്യം: ഇവിടെ ഒരു കാര്യം ഒട്ടും വ്യക്തമാവുന്നില്ല. 1977ല്‍ അടിയന്തിരാവസ്ഥയ്ക്കു ശേഷം ജമാഅത്തെ ഇസ്‌ലാമി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതോ സര്‍ക്കാറില്‍ മുഖ്യസ്ഥാനങ്ങള്‍ വഹിക്കുന്നതോ തെറ്റാണെന്ന് പറഞ്ഞിട്ടില്ല. എന്നുപറഞ്ഞാല്‍ അവര്‍ ഇന്ത്യന്‍ സ്റ്റേറ്റി നെയും അതിന്റെ മതേതരത്വത്തെയും പ്രായോഗികാര്‍ത്ഥ ത്തില്‍ അംഗീകരിച്ചു കഴിഞ്ഞു എന്നര്‍ത്ഥം. ഇതിനുശേഷവും മതേതരത്വത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ചു എന്ന ആരോപണം എത്രമാത്രം ശരിയാവും?

ഉത്തരം: 1975ലെ നിരോധനത്തിനുശേഷം 1977ല്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ തങ്ങളുടെപേരിലുള്ള കേസുകള്‍ ഒഴിവാക്കണമെന്ന് പറഞ്ഞ് കോടതിയില്‍ കൊടുത്ത രേഖയില്‍ നിരോധിതമല്ലാത്ത സംഘടനയുടെ പ്രവര്‍ത്തനത്തിലാണ് തങ്ങള്‍ പങ്കെടുത്തതെന്നും പ്രവര്‍ത്തിച്ചകാലത്ത് അവ നിയമാനുസൃതവും ഭരണഘടനാവിധേയവും ആയിരുന്നതുകൊണ്ട് കേസുകള്‍ ഒഴിവാക്കണമെന്നും പറഞ്ഞ കൂട്ടത്തില്‍ തങ്ങള്‍ക്കിടയില്‍ കാര്യമായ ഒരാശയസംവാദം നടന്നിട്ടുണ്ടെ ന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നിലവില്‍ വന്നതും വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നതുമായ മതേതര ജനാധിപത്യവ്യവസ്ഥിതിക്കുനേരെ തികച്ചും അനുകൂലവും സഹകരണാത്മ കവുമായ നിലപാട് സ്വീകരിക്കണമെന്നാണ് അതിന്റെ ഉള്ളടക്കമെന്നും പറയുന്നുണ്ട്. ഇത് ശരിയാണ്. അതിന്റെകൂടി അടിസ്ഥാനത്തിലാവാം ജമാഅത്തെ ഇസ്‌‌ലാമിയുടെ കേരളത്തിലെ മാറ്റം.

ചോദ്യം: 1977ല്‍ തിരുത്തിയ നയത്തിന്റെ പേരില്‍ ഒരു സംഘടനയെ തള്ളിപ്പറയുന്ന ത് ശരിയാണോ?

ഉത്തരം: തിരുത്തലുകള്‍ സത്യസന്ധമാണെങ്കില്‍ ശരിയല്ല. മതേതര ജനാധിപത്യത്തെ തങ്ങള്‍ ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നുവെന്ന് ഇന്നുവരെ ജമാഅത്തെ ഇസ്‌‌ലാമി പറഞ്ഞിട്ടുണ്ടോ? മത രാഷ്ട്രവാദിയായ മൗലാനാ മൗദൂദിയെ ആശയദാതാവായി ഉയര്‍ത്തിപ്പിടിക്കുവോളം എങ്ങനെയാണ് അവര്‍ക്ക് മതേതരത്വത്തെ ഉള്‍ക്കൊള്ളാനാവുക? മുസ്‌‌‌ലി ങ്ങള്‍ ഇസ്‌‌‌ലാം മതമനുസരിച്ച് ഭരിക്കുകയും അതിന് അമുസ്‌‌ലിംകള്‍ രണ്ടാംകിടക്കാരായി ജീവിക്കുകയും ചെയ്യേണ്ടിവരുന്ന ഒരു രാഷ്ട്രീയ ക്രമമാണ് അദ്ദേഹം വിഭാവനം ചെയ്തിരുന്നത്. ഇത് പടിഞ്ഞാറന്‍ കൃസ്ത്യന്‍ നാടുകളില്‍ മധ്യകാലയുഗത്തില്‍ നിലനിന്നിരുന്ന തരത്തിലുളള ഒന്നാണ്. അതിനെ മാറ്റിവെക്കാതെ എങ്ങനെ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരി ക്കും? മൗലാനാ മൗദൂദിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും വലിയ ബാധ്യത. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ അഹമ്മദിയകള്‍ക്കെതിരെ നടന്ന കലാപത്തില്‍ പാക് കോടതി ശിക്ഷിക്കത്തക്കവണ്ണം ഉത്തരവാദിയാ യിരുന്നു അദ്ദേഹം എന്നോര്‍ക്കണം. ഇന്ത്യയിലെ മുസ്‌‌ലിം ന്യൂനപക്ഷത്തെ ക്കുറിച്ച് ജസ്റ്റിസ് മുനീര്‍ ചോദിച്ചപ്പോള്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായാല്‍ തനിക്കൊന്നുമില്ലെന്ന് പറഞ്ഞ മറുപടി പ്രസിദ്ധമാണല്ലോ.

ചോദ്യം: അഹമ്മദിയകള്‍ ബ്രിട്ടീഷ്ചാരന്മാരായിരുന്നു എന്നും ജസ്റ്റിസ് മുനീര്‍ കമ്മീഷന്‍ മൗദൂദിയെ കുടുക്കുകയായിരുന്നു എന്നുമാണല്ലോ മൗദൂദിസ്റ്റുകളുടെ വാദം?

ഉത്തരം: വാദത്തിനുവേണ്ടി സ്വാതന്ത്ര്യാനന്തരം 1955ല്‍ പാക്കിസ്ഥാനില്‍ അഹമ്മദിയകള്‍ക്ക് മൗദൂദിക്കെതിരെ ഒരു ഗൂഢാലോചന നടത്തേണ്ട കാര്യമുണ്ടെന്നു സമ്മതിക്കുക. 1953ല്‍ 200 പേര്‍ മരിച്ച അഹമ്മദിയ വിരുദ്ധകലാപം (വിഭജനശേഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന ആദ്യത്തെ വര്‍ഗ്ഗീയ കലാപമാണത്) നടക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് പാക്കിസ്ഥാനിലെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പറയുമോ? രണ്ട്, ഇന്ത്യ 1950 കളില്‍ ഒരു ഹിന്ദുരാജ്യമാണ് എന്നവാദം ആരുപറഞ്ഞാലും അവര്‍ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇന്ത്യന്‍ മതേതരത്വത്തെ ത്തന്നെ അവര്‍ അംഗീകരിക്കുന്നില്ല. പിന്നെ, പാക്കിസ്ഥാനെ ഇസ്‌‌ലാമിക രാഷ്ട്രമാക്കി മാറ്റി സ്വന്തംസംഘടന വളര്‍ത്തുക മാത്രമാണവരുടെ താല്‍പര്യം എന്നു പറയേണ്ടിവരും.

മൗദൂദിയുടെ ഒരു പ്രധാന തീസിസ് ലോകത്ത് ഇസ്‌‌ലാമിന്റെയും (സത്യമാര്‍ഗ്ഗം) കുഫ്‌റിന്റെയും (ദുര്‍മാര്‍ഗ്ഗം) രണ്ടു ജനതകളേയുള്ളു എന്നാണല്ലോ? ‘മസ്അലെ കൗമിയ്യത്ത്’ (ദേശീയത എന്ന പ്രശ്‌നം) എന്ന പുസ്തകത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഇസ്‌‌ലാം ഒരു രാഷ്ട്രമാവുമ്പോള്‍ മതം മാറുന്നവര്‍ രാഷ്ട്രം മാറുന്നവനും രാജ്യദ്രോഹിയുമാവുന്നു. രാജ്യദ്രോഹി ഏതു രാഷ്ട്രീയ മീംമാംസ അനുസരിച്ചും കൊല്ലപ്പെടേണ്ടവനല്ലേ എന്നതാണ് മതപരിത്യാഗി (മൂര്‍ത്തദ്ദ്) യെ കൊല്ലണം എന്ന ആലോചനയുടെ അടിസ്ഥാനം. ‘മതപര്യത്യാഗിക്ക് ഇസ്‌‌ലാമിക നിയമമനുസരിച്ചുള്ള ശിക്ഷ’ (മുര്‍ത്തദ്ദ് കീസസാ ഇസ്‌ലാമീ കാനൂണ്‍ മേ) എന്ന ഇനിയും മലയാളത്തില്‍ പരിഭാഷ വന്നിട്ടില്ലാത്ത പുസ്തകത്തിലെ വാദമാണിത്. ഈ വാദങ്ങളെ തള്ളിക്കളയാതെ എങ്ങനെ മതേതര ജനാധിപത്യത്തെക്കുറിച്ച് പറയാന്‍പോലുമാകും? ഇതിന്റെയൊന്നും അര്‍ത്ഥം കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തീവ്രവാദപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നോ നടത്താന്‍ സഹായിച്ചിട്ടുണ്ടെന്നോ അല്ല. എനിക്കറിയാവുന്നിടത്തോളം ഇല്ല. ഞാന്‍ പറയുന്നത് ഒരു ലോ ആന്റ് ഓര്‍ഡര്‍ പ്രശ്‌നത്തെപ്പറ്റിയല്ല.

ചോദ്യം: മതമുപേക്ഷിക്കുന്നവനെ കൊല്ലണം എന്നവാദം മൗദൂദിയുടെ മാത്രം വാദമാണെന്നാണോ പറഞ്ഞുവരുന്നത്? അത് ഇസ്‌‌ലാം മതം അനുസരിച്ച് ശരിയല്ലെന്നാണോ? കൂട്ടത്തില്‍ പറയട്ടെ, പടിഞ്ഞാറ് കാത്തോലിക്‌, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍തമ്മില്‍ വലിയ വൈരം നിലനിന്ന 16, 17 നൂറ്റാണ്ടുകളില്‍ രാജാവ്/രാജ്ഞി ഏതു വിഭാഗമായിരുന്നുവോ അതാവേണ്ടിയിരുന്നു ജനങ്ങളെല്ലാവരും. അല്ലാത്തവര്‍ രാജ്യദ്രോഹികളാ യിരുന്നു. ഇതുപോലെത്തന്നെയാണോ മൗദൂദിസവും?

ഉത്തരം: മതവും രാഷ്ട്രീയവും ഇഴചേര്‍ന്നുനില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ മുസ്‌‌ലിം അറബ് ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അറേബ്യയിലെ പാരമ്പര്യ വിശ്വാസങ്ങളോടും കുലീന തറവാടുകളോടും കലഹിച്ചുനിന്നിരുന്ന ഒരു പ്രത്യയശാസ്ത്രം എന്നനിലയില്‍ വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ആക്രമണത്തിനിരയായിരുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ മതസാമുദായികമായി മാത്രം സംഘടിപ്പിക്കപ്പെട്ടിരുന്ന ഘട്ടങ്ങളുമുണ്ടായിരുന്നു. അത്തരം ഘട്ടങ്ങളില്‍ സാമുദായികത രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്നില്ല എന്നുപറയാനാവി ല്ല. അങ്ങനെയുള്ള ചരിത്രസന്ദര്‍ഭങ്ങളില്‍ മാത്രമാണത് പ്രസക്തമാവുന്നത്. പക്ഷെ, മുഹമ്മദ്‌നബി ഭരണകര്‍ത്താവായിക്കഴിഞ്ഞശേഷം മുസ്‌‌ലിങ്ങള ല്ലാത്തവര്‍ മദീനയിലുണ്ടല്ലോ. ജൂതരോട് ‘മദീനയെ സംബന്ധിച്ച് നിങ്ങളും മുസ്‌‌ലിങ്ങളും ഒരൊറ്റ ജനത’യാണെന്ന് നബി മദീനപ്രഭാഷണത്തില്‍ പറയുന്നുണ്ടല്ലോ. അതില്‍ നിന്നുതന്നെ മനസ്സിലാക്കാമല്ലോ ബഹുസ്വരത യെപ്പറ്റിയുള്ള ഒരു പ്രാഥമിക സങ്കല്‍പം അവര്‍ക്കുണ്ടായിരു ന്നു എന്ന്. ഇസ്‌ലാംമതം സ്വീകരിക്കാനും ഉപേക്ഷിക്കാനും മനുഷ്യര്‍ക്ക് അവകാശമുണ്ട്. അത് അവരും ദൈവവുമായുള്ള പ്രശ്‌നമാണ്. അല്ലാതെ രാജാവിനോടുള്ള വിധേയത്വത്തിന്റെയോ രാജ്യസ്‌നേഹത്തിന്റെയോ വിഷയമല്ല. രാജാവിന്റെ മതം അനുസരിച്ച് ജനങ്ങളുടെ മതം മാറുന്നത് കിഴക്കന്‍ നാടുകളിലെ രീതിയുമല്ല. ബുദ്ധമതാനുയായിയായ അശോകന്‍ ഹിന്ദുക്ക ളെ ഭരിക്കുന്നതും ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ ഭരിക്കുന്ന മുഗള്‍രാജാക്കന്മാരും ഭൂരിപക്ഷം പ്രജകളും മുസ്‌‌ലിങ്ങളായ കശ്മീരിലെ രാജാവും ഉദാഹരണങ്ങളാണ്. ആ അര്‍ത്ഥത്തില്‍ മൗദൂദിസം പടിഞ്ഞാറനാണ് എന്നുപറയാം.

ചോദ്യം: മൗദൂദിസം കൊളോണിയല്‍ ചട്ടക്കൂടില്‍ ഉണ്ടാക്കിയ സിദ്ധാന്തമാ ണെന്നാണോ പറഞ്ഞുവരുന്നത്? അങ്ങനെ ഒരു വാദത്തിന് സാധ്യതയുണ്ട്. കുരിശു യുദ്ധക്കാര്‍ രണ്ടു മതവിഭാഗങ്ങളായാണ് ലോകത്തെ കാണുക: കൃസ്ത്യാനികളും (ക്രിസന്‍ഡം എന്നാണ് യൂറോപ്പിനെ പറഞ്ഞിരുന്നത്) മുസ്‌‌ലിങ്ങളും (മുസ്‌‌ലിം ലോകത്തെ ആളുകള്‍). ഈ യുക്തി ഉപയോഗിച്ചാണ് ഇസ്‌‌ലാം ഒരു നാഗരികതയാണ് എന്ന് മൗലാനാ മൗദൂദി പറയുന്നത് എന്നാണെനിക്ക് തോന്നുന്നത്. പടിഞ്ഞാറും ഇസ്‌ലാമും തമ്മിലുള്ള യുദ്ധമാണ് ഇനിയുള്ള ലോകചരിത്രമെന്ന് പറയു ന്ന സാമുവല്‍ ഹണ്ടിംഗ്ടണ്‍ ഈ വാദം മറുഭാഗത്ത് നിന്നാണെങ്കിലും ആവര്‍ത്തിക്കുന്നുമുണ്ട്. മൗലാനാ മൗദൂദി ആവശ്യത്തിന് പാശ്ചാത്യ തത്വചിന്ത വായിച്ചിരുന്ന ഒരാളുമാണ് എന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്. എല്ലാം പഠിച്ചശേഷം മുഴുവന്‍ പാശ്ചാത്യചിന്തയും ഇസ്‌‌ലാമിക തത്വചിന്തയേക്കാള്‍ എത്രയോ ദുര്‍ബ്ബലമാണെന്ന ലളിത സമവാക്യത്തിലാണദ്ദേഹം എത്തിപ്പെട്ടതെങ്കിലും.

ഉത്തരം: പാശ്ചാത്യ ക്രൈസ്തവരോട് എതിര്‍ത്തുനില്‍ക്കുന്നു എന്നു തോന്നു മെങ്കിലും അതിന്റെ യുക്തിയാണ് മൗദൂദിസത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നു വാദിക്കാന്‍ ന്യായമുണ്ട്. മൗലാനാ മൗദൂദി ഇസ്‌ലാമിന്റെ സുവര്‍ണ്ണ ഭൂതകാലത്തില്‍ വിശ്വസിച്ച ഒരാളാണ്. ഈ സുവര്‍ണ്ണ ഭൂതകാലം നഷ്ടപ്പെ ടാന്‍ കാരണം മുസ്‌‌ലിങ്ങള്‍ ഇസ്‌‌ലാം മതമെന്ന രാഷ്ട്രീയ തത്വശാസ്ത്ര ത്തില്‍ നിന്ന് അകന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഭൂതകാലമഹത്വം തിരിച്ചുപിടിക്കാനുള്ള വഴിയായി അദ്ദേഹം ഇസ്‌‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനത്തെ അവതരിപ്പിച്ചു. അതിന്നായി ഒരു വ്യക്തമായ രൂപരേഖ ഉണ്ടാക്കി.

ചോദ്യം: തന്റെ തറവാട് തിരിച്ചുപിടിച്ച് അധികാരം പുനഃസ്ഥാപിക്കണ മെന്ന് വിചാരിക്കുന്ന സവര്‍ണ നായകനോട് സാമ്യമുണ്ട് ഈ ചിന്തയ്ക്ക് എന്ന് ഞാന്‍ വാദിച്ചാലോ? (മൗലാനാ മൗദൂദി സയ്യിദ് ആണ്. മുസ്‌‌ലിം ‘ബ്രാഹ്മണ്യത്തി’ന്റെ പശ്ചാത്തലത്തിലുള്ള ആള്‍. അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി ഉണ്ടാക്കുന്നത് മുസ്‌‌ലിം ഭൂരിപക്ഷപ്രദേശത്താണ് ആ അര്‍ത്ഥത്തില്‍ മൗദൂദിസം മുസ്‌‌ലിം ഭൂരിപക്ഷതാവാദമാണ്).

ഉത്തരം: ജാതി, പ്രദേശം, ലിംഗം എന്നിവ ഉപയോഗിച്ചുള്ള പഠനരീതികള്‍ പുതിയതാണ്. എനിക്ക് വഴങ്ങുന്നവയല്ല ആ ആലോചന. ശാന്തമായി പഠിച്ചു നോക്കേണ്ടതാണ്.

ചോദ്യം: മൗദൂദിസത്തിന്റെ രാഷ്ട്രീയജീവിതത്തെ മൂന്നായി തരംതിരിക്കുന്ന തിലൂടെ അതിന്റെ ചരിത്രവല്‍ക്കരണം സാധ്യമാകുമെന്ന് പറഞ്ഞാലോ? 1947 വരെയുള്ള ഒന്നാം ഘട്ടം. ഇസ്‌‌ലാമിക ഭരണത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് അന്വേഷണമോ ചര്‍ച്ചയോ ആയി നിലനില്‍ക്കുന്ന കാലം. ഭരണവാദത്തി ല്‍പ്പോലും കൊളോണിയൽ വിരുദ്ധത വായിക്കാവുന്നതാണീ ഘട്ടം. 1947 മുതല്‍ 1955ല്‍ പാക്കിസ്ഥാനില്‍ ഇസ്‌‌ലാമിക നിയമങ്ങളെ സ്വീകരിക്കാന്‍വരെ പ്രക്ഷോഭം നടത്തുന്ന മുസ്‌ലിം ഭൂരിപക്ഷതാ വാദത്തിന്റെ ഘട്ടം പാക് ജനാധിപത്യത്തെ വെല്ലുവിളിച്ചും സമ്മര്‍ദ്ദത്തിലാഴ്ത്തിയുമുള്ള പ്രവര്‍ത്തനം. ഇക്കാലയളവിലാണ് അഹമ്മദീയ വിരുദ്ധകലാപം നടക്കുന്നത്. പട്ടാള സ്വേച്ഛാധിപതി സിയ ഉള്‍ ഹഖിനനുകൂലമായും രാഷ്ട്രീയ ഇസ്‌ലാമി നെ അനുകൂലിക്കുകയും അമേരിക്കയുടെ യുദ്ധതാല്‍പര്യങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൂന്നാംഘട്ടം. 1979ല്‍ യു എസ് എസ് ആറിന്റെ അഫ്‌ഗാന്‍ അധിനിവേശത്തോടെ അമേരിക്കന്‍ താല്‍പര്യം അനുസരിച്ച് മുജാഹിദീനുകളെ ഉണ്ടാക്കുന്ന അപകടകരമായ പദ്ധതി യില്‍ പാക്കിസ്ഥാന്‍ പട്ടാളഭരണത്തിനുവേണ്ട മതപരമായ ന്യായീകരണം ചമയ്ക്കുന്ന പ്രത്യയശാസ്ത്രവിഭാഗമായി മൗദൂദിസവും ജമാഅത്തെ ഇസ്‌ലാമിയും വര്‍ത്തിച്ചു. ഇങ്ങനെ ഒരു വായനയ്ക്ക് പ്രസക്തിയുണ്ടോ?

ഉത്തരം: ഈ ലാഘവത്തോടെ അത്തരം വര്‍ഗ്ഗീകരണം നടത്താന്‍ കഴിയില്ല. പാക്കിസ്ഥാന്‍ ചരി ത്രം, ലോക ചരിത്രം, പാക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം, മൗലാനാ മൗദൂദിയുടെ പുസ്തകങ്ങളും പ്രഭാഷണങ്ങളും എന്നിവ പഠിച്ചശേഷം ചെയ്യേണ്ടതാണ്. പിന്നെ മൗലാനാ മൗദൂദിയുടെ വാദങ്ങളെ പഠിക്കുമ്പോള്‍ അവയുടെ തുടക്കം ബ്രിട്ടീഷ് അധിനിവേശ ത്തിന് കീഴിലുള്ള ഇന്ത്യയിലായിരുന്നു എന്നുള്ളത് പ്രധാനമാണ്. ലോകം ഭരിക്കുന്ന ഒരു സാമ്രാജ്യത്വത്തിനെതിരെ മാര്‍ഗ്ഗങ്ങളും പ്രതിവിധികളും ആലോചിക്കുകയും അതിന്നായി ഒരു ഭാഷ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തത്രപ്പാട് മൗലാനാ മൗദൂദിയിലുണ്ടെന്ന് സമ്മതിക്കാന്‍ ഞാന്‍ ഒരുക്കമാണ്. അദ്ദേഹത്തിന്റെ പരാജയം സ്വാതന്ത്ര്യത്തിനുശേഷവും ഈ ഭാഷ മുറുകെപ്പിടിച്ചു എന്നതാണെന്ന് കൂട്ടിച്ചേര്‍ക്കുമെന്ന് മാത്രം.

c t abdurahim , n p ashley,interview

മൌദൂദി – ചിത്രം കടപ്പാട് – വിക്കിമീഡിയ കോമണ്‍സ് – ദിലീഫ്

 

ദയാപുരത്തിന്റെ സ്ഥാപനം

ചോദ്യം: കേരളത്തിലേക്കും ജമാഅത്തെ ഇസ്‌ലാമിയിലേക്കും മടങ്ങിവരാം. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് മുഴുവനായി തെറ്റുന്നതെപ്പോഴാണ്?

ഉത്തരം: അങ്ങനെ തെറ്റിപ്പോന്നതൊന്നുമല്ല തുടക്കത്തില്‍. ആശയപര മായും വ്യക്തിപരമായും അകലം ഉണ്ടാവുകയും അന്തരീക്ഷം വല്ലാതെ മോശമായിത്തുടങ്ങുകയും ചെയ്തപ്പോള്‍ 1982 ഓടെ ഞാന്‍ ചെറിയ ഒരു കേന്ദ്രം സ്വന്തംനിലയ്ക്ക് തുടങ്ങുന്ന കാര്യം ആലോചിച്ചുതുടങ്ങി. പ്രസ്ഥാന ത്തിലല്ലാത്ത, പ്രസ്ഥാനത്തിന്റെ രീതികള്‍ക്ക് പുറത്തു പ്രവര്‍ത്തിക്കുന്ന എന്നെപ്പോലെ ഒരാള്‍ക്ക് കൊണ്ടുനടക്കാവുന്ന ചെറിയ എന്തെങ്കിലും തുടങ്ങാനുദ്ദേശിക്കുന്നു എന്ന് അന്നത്തെ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി.കെ. അബ്ദുല്ല സാഹിബിനോട് പറഞ്ഞപ്പോള്‍ ‘അതാണ് സി.ടി ക്ക് നല്ലതെ’ന്ന് അദ്ദേഹവും പറഞ്ഞു. തുടര്‍ന്നാണ് നാട്ടുകാരും സുഹൃത്തു ക്കളുമായ പി.പി. ഹൈദര്‍ ഹാജി, വി. മരക്കാര്‍, എം.എന്‍. കാരശ്ശേരി, കെ.പി. മുഹമ്മദ് ഹാജി, കെ. കുഞ്ഞലവി, പി.എ. അബൂബക്കര്‍, എം.വി. കുഞ്ഞിമുഹമ്മദ് ഹാജി, പി.പി. കോയ എന്നിവരോട് സംസാരിച്ച് അനാഥാ ലയവും സ്‌കൂളും തുടങ്ങാനുള്ള ആലോചന തുടങ്ങിയത്; അനാഥരെ സമഭാവനയോടെ കാണുന്ന, എല്ലാ മതക്കാര്‍ക്കും പ്രവേശനം നല്‍കുന്ന ഒരു പുതിയതരം അനാഥാലയമെന്ന ആശയത്തെ സാക്ഷാല്‍ക്കരിക്കാന്‍വേണ്ടിയാണ് ദയാപുരം സ്ഥാപിക്കുന്നത്.

ചോദ്യം: ദയാപുരത്തോട് ജമാഅത്തെ ഇസ്‌ലാമിയുടെ സമീപനമെന്തായിരുന്നു?

ഉത്തരം: സ്വന്തം ആശയധാരക്ക് തീര്‍ത്തും എതിരായ സ്ഥാപനമെന്ന നിലയ്ക്ക് ജമാഅത്തെ ഇസ്‌‌ലാമിക്ക് എല്ലാതരത്തിലും എതിര്‍ക്കേണ്ട ഒരു കേന്ദ്രമായിരുന്നു ദയാപുരം. ആ എതിര്‍പ്പ് പ്രതീക്ഷിക്കാനുള്ള ബുദ്ധി അന്നെനിക്കുണ്ടായിരുന്നില്ല. ദയാപുരം ഉണ്ടാക്കാന്‍ തുടങ്ങിയതോടെ അവരുടെ ശത്രുവാണ് ഞാന്‍ എന്ന നിലയിലുള്ള പെരുമാറ്റം പല രീതിയില്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. എനിക്കെതിരെ അപവാദപ്രചാരണം ദോഹയി ല്‍ വെച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള ശ്രമം, എന്നെ സഹായിക്കാന്‍ ശ്രമിച്ച വി. അബ്ദുല്ല ഉമരിയെ സംഘടനയില്‍ നിന്നു പുറത്താക്കാനുള്ള ശ്രമം, എന്നോടുള്ള വ്യക്തിബന്ധം കൊണ്ട് ദയാപുരത്തിനുവേണ്ടി പിരിവെടു ക്കാന്‍ പോവാന്‍ സ്വയം മുന്നോട്ടുവന്നവരെ പിന്തിരിപ്പിക്കല്‍, ചെന്നിട ത്തൊക്കെ മുടക്കാന്‍ ശ്രമിക്കല്‍, എന്തിന് ദയാപുരത്തിന്റെ ഉദ്ഘാടനം തകരാറാക്കാന്‍ വരെ അവര്‍ ശ്രമിച്ചിട്ടുണ്ട്. ശൈഖ് അന്‍സാരിയെന്ന മഹാമനുഷ്യന്റെ വാത്സല്യവും സ്വാധീനവുംകൊണ്ടും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മുഴുവന്‍ പിന്തുണകൊണ്ടും ഖത്തറിലെ ആത്മമിത്ര ങ്ങളായ പി.പി. ഹൈദര്‍ ഹാജി, പി.എ. അബൂബക്കര്‍ എന്നിവരുടെ സഹായം കൊണ്ടും ഇതൊന്നും ഫലിച്ചില്ല. അതൊക്കെ കഴിഞ്ഞകാലം. സ്ഥാപനപരവും വ്യക്തിപരവുമായ തര്‍ക്കങ്ങളും ആക്രമണങ്ങളും വിട്ടു കളയൂ. ആശയപരവും പ്രത്യയശാസ്ത്രപരവുമായ വിഷയങ്ങളിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

c t abdurahim , n p ashley,interview

ദയാപുരം

ചോദ്യം: ദയാപുരത്തോടുള്ള ജമാഅത്തെ ഇസ്‌‌ലാമിയുടെ മനോഭാവം മാറിയിട്ടുണ്ടോ?

ഉത്തരം: ഉണ്ടാക്കുന്ന കാലത്ത് ഇല്ലാതാക്കാന്‍ കഴിയുംവിധം നോക്കിയിട്ടുണ്ടെങ്കിലും കുറെക്കാലമായി പല ജമാഅത്തെ ഇസ്‌‌ലാമിക്കാരും ദയാപുരത്ത് മക്കളെ പഠിപ്പിക്കാന്‍ വിടുന്നുണ്ട്. ഏതായാലും ശക്തമായ വേറെ അപവാദപ്രചരണമൊന്നും ഈയിടെയായി നടത്തുന്നതായി അറിയില്ല. കോണ്‍ഗ്രസ്സ്, സി പി എം, മുസ്‌ലിംലീഗ് തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരും ഇ.കെ. സുന്നി, മുജാഹിദ് വിഭാഗങ്ങളില്‍പ്പെട്ടവരും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും അക്കാദമിക് രംഗത്തുനിന്നുള്ള സന്നദ്ധ സേവകരു മടങ്ങിയ സുമനസ്സുകള്‍ ദയാപുരത്തിന്റെ മനസ്സറിഞ്ഞ് കൂടെനില്‍ക്കുന്നതു കൊണ്ടുകൂടിയാവാം അവര്‍ അടങ്ങിയത്.

Read More: ദയാപുരത്തിന്‍റെ ഏകാന്തത – ദയാപുരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ വായിക്കാം

ചോദ്യം: മതരാഷ്ട്രവാദത്തിന്റെ ചരിത്രബോധമില്ലായ്മ, നീതിബോധമില്ലായ്മ, പ്രായോഗികതയില്ലായ്മ, മതവിരുദ്ധത എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന രണ്ട്  പുസ്തകങ്ങളുടെ രചയിതാവാണല്ലോ. (‘ഒരു മലയാളി മുസ്‌‌ലിമിന്റെ വേറിട്ട ചിന്തകള്‍, മുസ്‌‌ലിം ഭീകരവാദത്തിന്റെ തായ്‌വേരുകള്‍) പ്രാഥമികമായി ഒരു മൗദൂദിസ്റ്റ് വിമര്‍ശകനാണോ ജമാഅത്തെ ഇസ്‌‌ലാമി വിമര്‍ശകനാണോ?

ഉത്തരം: ഇസ്‌ലാം ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും സത്തയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മതമാണ് എന്നു വിശ്വസിക്കുന്ന മതപഠനപശ്ചാത്തലമുള്ള ഒരു ചരിത്രവിദ്യാര്‍ത്ഥി എന്നനിലയില്‍ എനിക്കു മൗലാനാ മൗദൂദിയോട് രാഷ്ട്രീയമായി കാര്യമായ വിയോജിപ്പ് ഉണ്ട്. മൗദൂദിസത്തെ തള്ളിപ്പറയു ന്നില്ലെങ്കിലും മുഴുവനായി മാറ്റിവെച്ചിട്ടുതന്നെയാണ് ഇന്ത്യന്‍ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ കേരളത്തിലെ ജമാഅത്തെ ഇസ്‌‌ലാമി ഒരുങ്ങിയത്. ആ അര്‍ത്ഥത്തില്‍ ഇവ രണ്ടിനും രണ്ട് അസ്തിത്വങ്ങളുണ്ട്.

ചോദ്യം: ഇപ്പോഴത്തെ കേരളത്തിലെ ജമാഅത്തെ ഇസ്‌‌ലാമിക്ക് കുഴപ്പമില്ലെന്നാണോ?

ഉത്തരം: അല്ല എന്നുപറയേണ്ടിവരും. മുസ്‌‌ലിം ഇരവാദം സമുദായത്തിന്റെ ക്രിയാത്മകത നശിപ്പിക്കുന്നതിലേക്ക് ഇവരെ എത്തിക്കുന്നുണ്ട്. ബൗദ്ധികമോ രാഷ്ട്രീയമോ ആയ സത്യസന്ധത ഇല്ലാത്ത പ്രവര്‍ത്തനം നടത്താനേ മൗദൂദിയന്‍ സങ്കല്‍പ്പങ്ങളെ തള്ളിപ്പറയാത്തിടത്തോളം ജമാഅത്തെ ഇസ്‌‌ലാമിക്ക് കഴിയൂ. ഇതുതന്നെയാണ് പ്രശ്‌നം. നാം ബി.ജെ.പി യെ എതിര്‍ക്കുന്നത് ആര്‍.എസ്.എസിന്റെ ഹിന്ദുമത രാഷ്ട്രവാദ തത്വശാസ്ത്രം ഉള്‍ക്കൊണ്ടവരോ അംഗീകരിക്കുന്നവരോ ആയതുകൊണ്ടാണ്. ആ സൈദ്ധാന്തിക അടിത്തറ മാറ്റിനിര്‍ത്തി ബി.ജെ.പിയെ വെറുമൊരു രാഷ്ട്രീയസംഘടനയായി കാണാന്‍കഴിയുമോ? ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഒരു ചെറുപ്പക്കാരന്‍ ദയാപുരത്തു വന്നു. സംസാരമദ്ധ്യേ ദയാപുരത്തിന്റെ സെക്കുലര്‍ നിലപാടും, യാദൃഛികമായി മതരാഷ്ട്രവാദവും വിഷയമാവുകയുണ്ടായി. ഇന്ത്യയില്‍ മതേതരത്വത്തിന്റെ അപചയം കരുതിയിരിക്കേണ്ട അപകടമാ ണെന്ന് അദ്ദേഹം കരുതുന്നു. അതോടൊപ്പം ജമാഅത്തെ ഇസ്‌‌ലാമി യോടും ഇസ്‌‌ലാമിക രാഷ്ട്രവാദത്തോടും അദ്ദേഹം യോജിക്കുന്നു. ഈ കാഴ്ചപ്പാടും മതേതരത്വവും ഒരേഅവസരം എങ്ങനെ പൊരുത്തപ്പെടും? ഒരു മതരാഷ്ട്രത്തില്‍ വ്യത്യസ്ത മത ജാതികള്‍ക്ക് തുല്യപൗരത്വം എങ്ങനെ സാധ്യമാവും? ഈവക ചോദ്യങ്ങള്‍ പതിവുപോലെ അദ്ദേഹത്തിനും വലിയ പ്രശ്‌നമായി കണ്ടില്ല. അറബി ഭാഷാപഠനത്തിലും മുസ്‌‌ലിം ചരിത്രത്തിലും സാമാന്യം ഉയര്‍ന്ന ബിരുദമുള്ള വ്യക്തിയാണ് അദ്ദേഹം. ‘ഇസ്‌‌ലാം അല്ലാഹുവിന്റെ മതമാണ്’ എന്ന ഉറച്ചവിശ്വാസത്തില്‍ മറുപടി ഒതുക്കുകയായിരുന്നു. ഇന്ത്യയില്‍ 51 ശതമാനം ആളുകള്‍ മുസ്‌‌ലിങ്ങളായിക്കഴിഞ്ഞാല്‍ ഇസ്‌‌ലാമിക രാഷ്ട്രസ്ഥാപനത്തിനായി പ്രവര്‍ത്തിക്കാന്‍ മുസ്‌ലിങ്ങൾ ബാധ്യസ്ഥരാണ് എന്നുചുരുക്കം. ഹിന്ദുരാഷ്ട്രവാദികളെ ന്യായീകരിക്കുന്നതല്ലേ ഈ വാദം. അതുകൊണ്ടുതന്നെ മുസ്‌ലിം വിരുദ്ധമായ വാദഗതിയല്ലേ? മറുപടിയുണ്ടായില്ല. ആ നിലപാടുകളിലെ അന്യായം കാണാന്‍കൂടി കഴിഞ്ഞില്ല. ഇത് ഒരു പ്രശ്‌നംതന്നെയാണ്.

c t abdurahim , n p ashley,interview

ദയാപുരം

ചോദ്യം: ജനപിന്തുണ ഏറ്റവുംകുറവുള്ള മുസ്‌ലിം സംഘടന ആണെങ്കിലും ‘മാധ്യമം’ ദിനപത്രം തുടങ്ങിയശേഷം മുസ്‌ലിം സമുദായത്തിലും പൊതു സമൂഹത്തിലും ജമാഅത്തെ ഇസ്‌‌ലാമി ദൃശ്യത നേടിയിട്ടുണ്ട്. 1990കളില്‍ ഗള്‍ഫിലെ എണ്ണ സമ്പദ്‌ വ്യവസ്ഥിതി കൊണ്ടുയര്‍ന്നുവന്ന മുസ്‌‌ലിം മധ്യവര്‍ഗ്ഗത്തിന്റെ ആശയരൂപീകരണ ത്തിലും പ്രകാശനത്തിലും മാധ്യമത്തിന് ഒരു പങ്കുണ്ട് എന്ന് പറയാം. പക്ഷേ, എണ്ണ മുതലാളിത്തത്തിന്റേയും അച്ചടി മുതലാളിത്തത്തിന്റേയും സാമൂഹികശാസ്ത്ര പരമായ വിശകലനങ്ങള്‍ക്ക് പകരം മൗദൂദിസത്തിലോ ജമാഅത്തെ ഇസ്‌‌ലാമിയുടെ അടിസ്ഥാനത്തി ലോ ആണ് ഇപ്പോഴും ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുന്നത്. ഇത് മാറേണ്ടതല്ലേ? ആശയവാദപരമായ വിമര്‍ശനങ്ങള്‍ക്ക് പകരം ഭൗതികവാദപരമായ വിമര്‍ശനങ്ങള്‍ ചരിത്രം, സാമ്പത്തിക സാമൂഹിക വ്യവസ്ഥിതി എന്നിവ കൂടി പഠിച്ച് മുമ്പോട്ട് വരേണ്ടതില്ലേ?

ഉത്തരം: തീര്‍ച്ചയായും ചരിത്രപരമായ ഉള്ളടക്കം സുപ്രധാനമാണ്. എന്നെ പ്പോലുള്ള ആളുകള്‍ ആശയസംവാദത്തിന്റെ തലത്തിലാണ് കാര്യങ്ങളെ മനസ്സിലാക്കുന്നത്. ഒരുപക്ഷേ, തലമുറയു ടെ പ്രശ്‌നമാകാം. ഞങ്ങളുടെ തലമുറയില്‍പ്പെട്ട മാര്‍ക്‌സിസ്റ്റുകാര്‍പോലും ആശയപരമായ തര്‍ക്കങ്ങളാണല്ലോ മുന്നോട്ട് വെക്കുക. മേല്‍പ്പറഞ്ഞ ഭൗതികസാഹചര്യങ്ങളും രാഷ്ട്രീയാ ദര്‍ശങ്ങളും സംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം നടക്കേണ്ടതായിട്ടാണി രിക്കുന്നത്.

കേരളത്തിലെ മുസ്‌‌ലിം സംഘടനകള്‍

 

ചോദ്യം: തങ്ങളല്ല, മറുപക്ഷമാണ് തീവ്രവാദികള്‍ എന്ന് എല്ലാ മുസ്‌‌ലിം സംഘടനകളും പരസ്പരം പഴിചാരുന്ന വിചിത്രമായ കാഴ്ചയാണല്ലോ കാണുന്നത്? ഇവര്‍ തമ്മിലാണ് ഏറ്റവും വലിയ അടി.

ഉത്തരം: ചരിത്രബോധം, ധാര്‍മ്മികബോധം, മനുഷ്യനന്മയിലുള്ള വിശ്വാസം ഇതൊന്നുമില്ലാ ത്ത സംഘടനാവഴക്കുകള്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയില്ല. പല പള്ളികളില്‍നിന്ന് ഒരേ സമയം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കു വിളികള്‍ പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്നപോലെ യാണിത്. തര്‍ക്കങ്ങള്‍ക്ക് പഠനത്തിന്റെ ഒരു തലംവേണം. ലോകത്തിന്റെ ഗുണമെന്ന ഒരു ശ്രദ്ധയും. അല്ലാത്തതൊക്കെ വ്യര്‍ത്ഥമാണ് എന്നാണ് എനിക്ക് തോന്നുന്നത്.

ചോദ്യം: മുസ്‌‌ലിം സമുദായത്തിലെ മറ്റുമതസംഘടനകളായ ഇ.കെ. സുന്നി, മുജാഹിദ് വിഭാഗങ്ങള്‍, എ.പി. സുന്നി എന്നീ വിഭാഗങ്ങളെ വിലയിരുത്താമോ?

ഉത്തരം: ഇത്തരം വിധിന്യായങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയോ ഫലമോ ഇല്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ചോദ്യം: എങ്കിലും വ്യക്തിപരമായി എന്താണിവരെപ്പറ്റിയുളള  വിലയിരുത്തൽ?

ഉത്തരം: കാലികതയും പ്രാദേശികതയുമായി ബന്ധപ്പെട്ട് എന്തിനെയും മനസ്സിലാക്കാനുള്ള കഴിവാണല്ലോ ചരിത്രബോധം. ഇക്കാര്യത്തിലാണ് എനിക്ക് വിവിധ മതസംഘടനകളോടുള്ള വിമര്‍ശനം. ഇ.കെ. സുന്നികള്‍ കേരളീയ സാഹചര്യത്തില്‍ മതത്തെ മനസ്സിലാക്കുന്നതിലും മറ്റു സമുദായങ്ങളോടുള്ള വിദ്വേഷത്തെ എതിര്‍ക്കുന്ന കാര്യത്തിലും അത് മതരാഷ്ട്രവാദമോ സമുദായത്തിന്റെ പട്ടാളവല്‍ക്കരണമോ ആവട്ടെ കാണിച്ച ജാഗ്രതയെ മാനിക്കുന്നു. അപ്പോഴും സ്ത്രീകളുടെ പള്ളി പ്രവേശനം, സ്ത്രീകള്‍ക്ക് കിട്ടേണ്ട നീതി എന്നീ വിഷയങ്ങളില്‍ അവര്‍ കൂടുതല്‍ പുരോഗമനാത്മകമായ നിലപാടുകളെടുക്കേണ്ടതുണ്ട് എന്നഭിപ്രായമുണ്ട്. പല നാട്ടിലും ജന്മിപുരോഹിത അധികാര ഘടനയ്ക്കെതിരെയും സ്ത്രീവിമോചനത്തിനും ജനാധിപത്യവല്‍ക്കരണ ത്തിനും വേണ്ടിയും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പൊതുവെ നിലകൊണ്ടിട്ടുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞുണ്ടായ പ്രാദേശിക പാരമ്പര്യരീതികളെ ചരിത്രബോധമില്ലാതെ നിരസിക്കുന്ന അവസ്ഥ കാണുന്നു. പ്രായോഗികബോധമില്ലാത്ത, ചുറ്റുമുള്ള മനുഷ്യരോട് സംവദിക്കാന്‍ കഴിയാത്ത മതവിശ്വാസത്തിന് വലിയ പരിമിതികളുണ്ട്. ഓണസദ്യ നിഷിദ്ധമാണെന്നുള്ളവാദം ഇവ മുമ്പോട്ടുവെക്കുമ്പോള്‍ മുസ്‌‌ലിങ്ങൾ മരിച്ചാല്‍ ജഡശരീരം (മയ്യത്ത്) അമുസ്‌‌ലിങ്ങള്‍ കാണരുതെന്ന് മറ്റുചിലര്‍ പറയുന്നു. ഇത് മതാന്ധതയും ക്രൂരതയും മനുഷ്യത്വമില്ലായ്മയു മാണെന്ന് അമുസ്‌‌ലിങ്ങള്‍ കരുതിയാല്‍ കുറ്റം പറയാനാവുമോ? സ്ഥാപനങ്ങളെ സംഘടനയാക്കിയും സംഘടനയെ വോട്ടുബാങ്കാക്കിയും പൊതുസമൂഹത്തില്‍ സ്ഥാനം ഉറപ്പിക്കുന്ന പ്രവണത പുതിയപ്രവര്‍ത്തനരീതിയാണ്. ഇതില്‍ എ.പി. വിഭാഗം മറ്റാരേക്കാളും വിജയിച്ചുവെന്ന് പറയണം. മദ്രസ പാഠ്യപദ്ധതിയെ ഗവേഷണത്തിലൂടെ കാലികവും പ്രാദേശികവുമായി പരിഷ്‌ക്കരിക്കാനും സമുദായത്തിന്റെ സാമൂഹിക നീതിയിലൂന്നിയുള്ള ഉന്നമനത്തില്‍ ശ്രദ്ധിക്കുവാനുമാണ് മുസ്‌ലിം സംഘടനകള്‍ ശ്രമിക്കേണ്ടത് എന്നെനിക്ക് അഭിപ്രായമുണ്ട്.

ചോദ്യം: സകാത്ത് മതജാതിഭേദമന്യേ കഷ്ടപ്പെടുന്നവര്‍ക്ക് മറ്റുള്ളവരുടെ സഹായത്തില്‍നിന്ന് എന്നെന്നേക്കും മുക്തരാവാന്‍ കഴിയുംവണ്ണം ആരുമറിയാതെ നല്‍കണം, സ്ത്രീലിംഗനീതി, ജാതീയസമത്വം, സാമുദായികസൗഹാര്‍ദ്ദം എന്നിവ ഇസ്‌‌ലാമില്‍ത്തന്നെ നിര്‍ബന്ധമുള്ള കാര്യങ്ങളാണ്, ശാസ്ത്രത്തോടും പുതുസാമൂഹിക ചിന്തകളോടും പോസിറ്റീവും ധാര്‍മ്മികവും ഗുണപരവുമായ ഒരു മനോഭാവം ഉണ്ടായിരി ക്കണം, ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യം ആണ് ഇസ്‌‌ലാമികം, മതത്തിലെ ശുദ്ധതാവാദങ്ങള്‍ ചരിത്രനിരാസമാണ് കാരണം ഇസ്‌‌ലാം നാട്ടാചാരങ്ങളോട് സംവദിച്ചുകൊണ്ടു ആരംഭിച്ച മതമാണ് തുടങ്ങിയ താങ്കളുടെ വാദങ്ങളെ ഏത് കള്ളിയിലാണ് ഉള്‍പ്പെടുത്തേണ്ടത്?

ഉത്തരം: അതിന്റെ ആവശ്യമുണ്ടോ? ചുറ്റുപാടുകളോട് ബന്ധപ്പെട്ട് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുകൊണ്ട് ആരോഗ്യകരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഭാവി എങ്ങനെ നിര്‍മ്മിച്ചെടുക്കാം എന്ന് ഒരുപാട് പരിമിതികളോടെ വളരെ ചെറിയ തലത്തില്‍ അന്വേഷിക്കുന്ന ഒരാളാണ് ഞാന്‍. ഇസ്‌ലാമിക ചരിത്രവും കര്‍മ്മശാസ്ത്രവും പഠിക്കാനാ ണ് ശ്രമിച്ചതെന്നതുകൊണ്ട് ഈ മേഖലയില്‍ ആലോചനകള്‍ നടക്കുന്നു എന്നുമാത്രം. അതിലപ്പുറം ഒരവകാശവാദവും ലേബലും ശരിയാവുകയില്ല. ഇസ്‌‌ലാം ഒരു ആത്മീയ ധാര്‍മ്മിക സഞ്ചയമാണ്. നാം ജീവിക്കുന്ന ലോകത്തെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാങ്കേതിക യാഥാര്‍ത്ഥ്യ ങ്ങളനുസരിച്ച് വേദപുസ്തകമായ ഖുര്‍ആനിനെയും പ്രവാചക മാതൃകയെ യും മനസ്സിലാക്കാനുള്ള ധാര്‍മ്മികമായ അന്വേഷണവും ഗവേഷണവും അനിവാര്യമാണെന്നാണ് എനിക്കുതോന്നുന്നത്. അത്തരം ഇച്ഛാശക്തിയോ നീതിബോധമോ ഇല്ലാതെ ഒരു സമൂഹത്തി നും മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് ഞാന്‍ വിചാരിക്കുന്നു. നമ്മുടെ മതപഠനവും  മത സാമുദായിക പാര്‍ട്ടികളും ആ വെല്ലുവിളി ഏറ്റെടുത്തേ മതിയാവൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook