ഓർക്കുന്നു: ഓലമേഞ്ഞ, ചീന്തിയ മുളകൾകൊണ്ടു മറച്ച ഒരു കൂരയായിരുന്നു അത്. കുന്നിൻ ചെരുവിൽ ഒരു മുളങ്കൂട്ടത്തിനും ആകാശത്തിന്‍റെ ഉയരമളക്കുന്ന ഒറ്റപ്പനയ്ക്കുമരികെ അത് ഏകാന്തമായി നിന്നു. കടന്നുപോന്ന ഇടവഴികളോ പാടവരമ്പുകളോ ഓർമ്മയില്ല. ഒരു കൂട്ടുകാരൻ മാത്രമുണ്ടായിരുന്നു കൂടെ.. അവൻ പറഞ്ഞിട്ടാണ് അങ്ങനെയൊരു സ്ഥലത്തെപ്പറ്റി അറിഞ്ഞതും – ‘രണ്ടു പ്രേതങ്ങൾ ബാധിച്ച പെൺകുട്ടി പാർക്കുന്ന വീട്.
ഒരു മന്ത്രവാദിയുടെ തെറ്റിന്‍റെ ഫലമാണത്രേ അത്. ആദ്യം പെൺകുട്ടിയുടെ മേൽ ഒരു ബാധയേ ഉണ്ടായിരുന്നുള്ളൂ. അതൊഴിപ്പിക്കാൻ വന്നതായിരുന്നു മന്ത്രവാദി. എങ്ങനെയോ അയാളുടെ കർമ്മം പിഴച്ചു. മറ്റൊരു ദുരാത്മാവു കൂടി അവളെ ബാധിച്ചു. മന്ത്രവാദി മൂന്നാംനാൾ പാമ്പുകടിയേറ്റു മരിക്കുകയും കൂടി ചെയ്തതോടെ എല്ലാം പൂർത്തിയായി.
Isaac Bashevis Singer, jayakrishnan, story,
ശാപം ബാധിച്ച ആ പുരയിടത്തിലേക്ക് ആരും പോകാറില്ല. ഏതായാലും, മഴക്കാറ് കനത്തുനിന്ന, തണുത്ത കാറ്റടിച്ച ആ വൈകുന്നേരം ആ വീടിന്‍റെ കിളിവാതിലൂടെ ഒളിഞ്ഞു നോക്കുമ്പോൾ എനിക്കും അവനും അതൊന്നും അറിയില്ലായിരുന്നു. അവന്‍റെ ചേച്ചി പറഞ്ഞു തന്ന കഥ സത്യമാണോ എന്നറിയാൻ വേണ്ടി മാത്രം വന്നതായിരുന്നു ഞങ്ങൾ.

അകത്ത്, ഇരുണ്ട പകൽവെട്ടത്തിൽ വിളർത്തു മെലിഞ്ഞ ഒരു പെൺകുട്ടി ചുവരും ചാരിയിരുന്നു. കൂടുതൽ പ്രേതങ്ങൾ അടുക്കാതിരിക്കാൻ വേണ്ടിയാകണം, വയൽച്ചുളളിയും കടലാവണക്കും കുരുത്തോലയും കൊണ്ടുള്ള ഒരു വൃത്തത്തിനകത്തായിരുന്നു അവൾ. അവളുടെ നോട്ടം ഞങ്ങൾ കാണാത്ത ഏതോ ഒരിടത്ത് തറഞ്ഞു നിന്നു. ഇടയ്ക്കിടെ ചുണ്ടനക്കാതെ, നേർത്ത സ്വരത്തിൽ അവൾ പറഞ്ഞു: അമ്മേ, ഭഗവതിയേ..
പെട്ടെന്ന് അവളുടെ മട്ടും ഭാവവും മാറി: ഒരിക്കലും അവളുടേതല്ലാത്ത ഒരു പരുക്കൻ ആൺസ്വരം അവളിൽ നിന്നുയർന്നു:

“വയൽ നിറയെ നക്ഷത്രങ്ങളല്ലേ നീന്തുന്നത്? കൊണ്ടു വാ, കറി വെച്ച് റാക്കും കൂട്ടികൊണ്ടു വാ.”

ഭയന്നു മരവിച്ചുനിന്ന ഞങ്ങളെ കൂടുതൽ പേടിപ്പിച്ചു കൊണ്ട് മൂർച്ചയേറിയ ഒരു സ്ത്രീ സ്വരം അവളിൽ നിന്ന് മറുപടി പറഞ്ഞു:

“നിങ്ങൾക്കെന്തുപറ്റി? ആകാശം മുഴുവൻ മാനത്തുകണ്ണികളല്ലേ മിന്നുന്നത്? ചൂണ്ടലിട്ടു പിടിച്ച് കറി വെച്ചു തിന്നോ….ഹ! ഹ!”

jayakrishnan, painting, malayalam writer,

നക്ഷത്രങ്ങളും മത്സ്യങ്ങളും ഇടംതെറ്റി നിന്ന ആ വൈകുന്നേരത്തിനു ശേഷം, ഏറെ വർഷങ്ങൾ കഴിഞ്ഞു., പണമുണ്ടാക്കാൻ വേണ്ടി മരുഭൂമിയിൽ പോയി അകാലനരയും കഷണ്ടിയുമായി മടങ്ങിയെത്തിയ അതേ കൂട്ടുകാരൻ ഒരു മദ്യശാലയിലിരുന്, അവൾ മരിച്ചു പോയ കാര്യം എന്നോടു പറഞ്ഞു.

ജീവിതം അങ്ങനെയൊക്കെയാണ് . കഥയിലുള്ളത് ജീവിതത്തിലല്ല, മറിച്ച് ജീവിതത്തിലുള്ളത് കഥയിലാണ് പലപ്പോഴും എന്നെ തേടിവരിക. അവളെയും അങ്ങനെ ഞാനൊരു കഥയിൽ വെച്ച് വീണ്ടും കണ്ടുമുട്ടി…..

പോളണ്ടിലെ എഴുത്തുകാരനായ യിറ്റ്സ്ഹോക്ക് ബാഷെവിസ് സിങ്ങെറിന്റെ (Isaac Bashevis Singer 1902-1991) The Dead Fiddler എന്ന ഈ കഥക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. ലീബെ യെന്റ്ൽ എന്ന സുന്ദരിയും അന്തർമുഖിയുമായ പെൺകുട്ടിയുടെ ശരീരത്തിൽ ഒരു ദിവസം ഒരു dybbuk (ആത്മാവ് / പ്രേതം) കയറിക്കൂടുന്നു. പണ്ടെന്നോ മരിച്ചുപോയ കുടിയനായ ഒരു വയലിൻ വാദകന്‍റെ പ്രേതമായിരുന്നു അത്. രാത്രി, പെൺകുട്ടിയുടെ വായിൽ നിന്ന് പരുഷമായ ഒരു ആൺസ്വരം മദ്യത്തിനു വേണ്ടി ആക്രോശിക്കുന്നതു കേട്ടപ്പോഴാണ് അവളുടെ അച്ഛനും അമ്മയ്ക്കും കാര്യം മനസ്സിലായത്.

മതപണ്ഡിതനും ധനികനുമായ അവളുടെ അച്ഛനും ഗ്രാമത്തിലെ റബ്ബിയും (Rabbi- പുരോഹിതൻ) എത്ര ശ്രമിച്ചിട്ടും പ്രേതം വിട്ടുപോയില്ല. ക്രമേണ പട്ടണത്തിലെ മുഴുവൻ ആളുകളും വിവരമറിഞ്ഞു. തളർന്നു കിടക്കുന്ന ലീബെ യെന്റലിന്റെ ചുറ്റും അവർ തടിച്ചുകൂടി. അവളുടെ അച്ഛനും അമ്മയും കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. പ്രേതത്തിന്‍റെ അസഭ്യ കഥകളും പാട്ടുകളും കേട്ടുരസിച്ചും അതിന് വേണ്ട മദ്യം പെൺകുട്ടിയുടെ വായിലൊഴിച്ചുകൊടുത്തും അവർ രാപകൽ അവിടെത്തന്നെ ചെലവഴിച്ചു.

Isaac Bashevis Singer, yiddish writer, jayakrishnan

പ്രേതത്തിന് എല്ലാവരുടെയും രഹസ്യങ്ങൾ അറിയാമായിരുന്നു. മടി കൂടാതെ അത് എല്ലാം വിളിച്ചു പറഞ്ഞു. ആളുകൾ സഹിച്ചു. കാരണം, തന്‍റേത് വെളിവായാലും വേണ്ടില്ല, അയൽവാസിയുടെ കൂടുതൽ അറപ്പുളവാക്കുന്ന രഹസ്യം കേൾക്കാമല്ലോ.

അങ്ങനെയിരിക്കെ ഒരു ദിവസം പെൺകുട്ടിയുടെ വായിൽ നിന്ന് മറ്റൊരു ശബ്ദം കൂടി കേൾക്കാൻ തുടങ്ങി – ഒരു പെൺസ്വരം. ലീബെ യെന്റലിന്റെ നനുത്ത സ്വരമായിരുന്നില്ല; ഒരു മുട്ടാളത്തിയുടെ പരുക്കൻശബ്ദമായിരുന്നു അത്. മറ്റൊരു പ്രേതം കൂടി അവളെ ആവേശിച്ചിരിക്കുന്നുവെന്ന് ആളുകൾക്ക് തീർച്ചയായി. കാര്യം ശരിയായിരുന്നു -കുടിയനും മുമ്പെ മരിച്ച ഒരു വേശ്യയുടെ പ്രേതത്തിന്റേതായിരുന്നു ആ ശബ്ദം.

ആളുകളുടെ ആഹ്ലാദം പറയേണ്ടതില്ലല്ലോ. കുടിയനും വേശ്യയും പരസ്പരം വിളിച്ചു പറഞ്ഞ തെറികളും കേട്ട് ജോലിക്കു പോലും പോകാതെ അവർ അവിടെത്തന്നെ നിന്നു. രണ്ടു പ്രേതങ്ങളുടെയും പക്ഷംപിടിച്ച് പരസ്പരം തർക്കിക്കാനും തല്ലുകുടാനും അവർ മടിച്ചില്ല. വാർത്ത അടുത്തുള്ള പട്ടണങ്ങളിലേക്കും വ്യാപിച്ചു നേരമ്പോക്കിൽ പങ്കുചേരാനായി അവിടെ നിന്നും ആളുകൾ ഒഴുകാൻ തുടങ്ങി.

ഒടുവിൽ രണ്ടു പ്രേതങ്ങളെയും തമ്മിൽ വിവാഹം കഴിപ്പിക്കാൻ ആളുകൾ തീരുമാനിച്ചു. മൃതപ്രായയായ ആ പെൺകുട്ടിയുടെ ചുറ്റും നിന്ന് അവർ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ മന:സാക്ഷിയുള്ള ആരെയും ഞെട്ടിക്കുകതന്നെ ചെയ്യും.

കഥ പറയുന്നതിൽ സിങ്ങെറെ കവച്ചുവെക്കുന്ന എഴുത്തുകാർ അധികമുണ്ടെന്നു തോന്നുന്നില്ല. അലങ്കാരങ്ങളില്ലാത്ത ഋജുവായ അദ്ദേഹത്തിന്‍റെ ശൈലി ഏതു വായനക്കാരനെയും വലിച്ചടുപ്പിക്കുന്നതാണ്. നാലോ അഞ്ചോ പേർ പരിഭാഷപ്പെടുത്തിയ കഥകളാണ് അദ്ദേഹത്തിന്റെ സമ്പൂർണ്ണകഥകൾ എന്ന സമാഹാരത്തിലുള്ളത്. പക്ഷേ എല്ലാം ഒരാൾ തന്നെ ഭാഷാന്തരം ചെയ്തതായി നമുക്കു തോന്നും. സിങ്ങെറുടെ അനുപമമായ ശൈലിയുടെ സവിശേഷതയാണ് അങ്ങനെ തോന്നിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് കേവലം മൂന്നു ലക്ഷം പേർ സംസാരിക്കുന്ന യിദ്ദിഷ് ഭാഷയിലെഴുതിയിട്ടും അദ്ദേഹത്തിന് നോബെൽ പുരസ്കാരം വരെ ലഭിച്ചതും.

Isaac Bashevis Singer,jayakrishnan, story

നാസികൾ പോളണ്ടിനെ അധിനിവേശിച്ച കാലഘട്ടത്തിലാണ് സിങ്ങെർ ജീവിച്ചിരുന്നത്.ആ കാലയളവിന്‍റേതു മാത്രമല്ല, തുടർന്നു വന്ന കമ്മ്യൂണിസ്റ്റ്, സോളിഡാരിറ്റി ഭരണങ്ങളെയും പ്രവചിക്കുന്നതാണ് അദ്ദേഹത്തിന്‍റെ കഥകളെന്നാണ് നിരൂപകമതം.
അതെന്തായാലും നമ്മുടെ നാടിനെ ആവേശിച്ചിരിക്കുന്ന പ്രേതങ്ങളെപ്പറ്റിയും അവയെ സംബന്ധിച്ച് സോഷ്യൽ മീഡിയകളിലെയും ചാനലുകളിലെയും ചർച്ചകളെക്കുറിച്ചും ചിന്തിക്കുമ്പോൾ സിങ്ങെറുടെ ഈ കഥ ഓർമ്മ വരുന്നത് യാദൃച്ഛികമാകാം.

ലീബെ യെന്റലിന് പച്ചിലകളുടെ മാന്ത്രികവൃത്തത്തിൽ കിടന്ന പെൺകുട്ടിയുടെ മുഖച്ഛായ പതിച്ചുകിട്ടുന്നതുപോലെയുള്ള ഒരു യാദൃച്ഛികത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook