/indian-express-malayalam/media/media_files/uploads/2019/03/perumal-1.jpg)
മലടിക്കല്ലിന്റെ സമീപത്തുള്ള ഗുഹ വരെ പൊന്ന അതുവരെയും പോയിട്ടുണ്ടായിരുന്നില്ല. കാളിയുടെ കൂടെ മലടിക്കല്ലിലേയ്ക്ക് പോകാൻ അവർ തിരഞ്ഞെടുത്ത ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മല കയറാൻ അന്ന് എന്ത് കൊണ്ടോ ആൾത്തിരക്ക് വളരെ കമ്മിയായിരുന്നു.
മടിക്കല്ലിന് സമീപത്ത് വച്ച് കാളി പൊന്നയുടെ സാരിത്തലപ്പ് അവളുടെ മാറിടത്തിൽ നിന്നും മാറ്റിയിട്ട് അവളുടെ മുലകളുടെ ഇടയിലേയ്ക്ക് ഒരാട്ടിൻകുട്ടിയെ പോലെ തന്റെ മുഖം ആഴ്ത്തി. വികാരവായ്‌പോടെ അയാൾ അവളെ തന്നോട് ചേർത്തണയ്ക്കുകയും തന്റെ മുഖം അവളുടെ ഉടലിൽ ഉരസുകയും ചെയ്തു.
"മാമാ .. ഞാനീ കല്ലിന് ചുറ്റും നടക്കുമ്പോൾ അടിതെറ്റി അങ്ങ് താഴേയ്ക്ക് വീണ് ചത്ത് പോകുമോ എന്ന് ഭയന്നാണോ നീ എന്നെ ഇങ്ങനെ വാരിപ്പുണരുന്നത് ?"
പൊന്നയുടെ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെ കാളി അവളുടെ ഉടലിൽ നിന്നും അവന്റെ കൈകളെടുത്തു. പൊന്നയുടെ കണ്ണുകൾ ജലാർദ്രങ്ങളായിരുന്നു. അവയിൽ നിന്നും നീർച്ചാലുകൾ അവളുടെ കവിളുകളിലാകെ പടർന്നിരുന്നു.
തങ്ങൾ നിന്നിരുന്ന മലയുടെ ഉയരവും അവിടെയുണ്ടായിരുന്ന മരങ്ങളുടെ നിഴലും മുൻപിൽ പരന്ന് കിടന്നിരുന്ന സമതലവും കാളിയിൽ കാമമുണർത്തി. പൊന്നയുടെ മുട്ടോളം ഉയർത്തപ്പെട്ട സാരിയും കാറ്റിലുലഞ്ഞുമാറിയ അതിന്റെ തലപ്പ് കാരണം അനാവൃതമായ അവളുടെ മാറിടവും അവനെ ഉത്തേജിതനാക്കി. അവളുടെ കഴുത്തിനെ തഴുകിപ്പുണർന്ന് കിടന്നിരുന്ന ചരടും അതിൽ കോർക്കപ്പെട്ട താലിയും ആകർഷകമായി തിളങ്ങുന്നതായി അവന് അനുഭവപ്പെട്ടു. ചുമരുകളാൽ അടക്കപ്പെട്ട പരിമിതമായ ഇടങ്ങളിൽ ഇണചേരുന്നതിൽ കാളി ഒരിക്കലും തൃപ്തനായിരുന്നില്ല. തുറന്ന സ്ഥലങ്ങളായിരുന്നു അവനിഷ്ടം. ഇണചേരുമ്പോൾ അവന് ആകാശം കാണണമായിരുന്നു. അതിന്റെ തീവ്രതയിലമരുമ്പോൾ ഒരു പക്ഷി തങ്ങളെ എത്തിനോക്കുന്നത് അവനിൽ ആഹ്‌ളാദമുണർത്തി. നാട്ടിൽ ഇണചേരുവാനായി മാത്രം അവൻ പലപ്പോഴും പൊന്നയെ തങ്ങളുടെ വയലിലേയ്‌ക്ക് കൂട്ടിക്കൊണ്ട് പോകുമായിരുന്നു.
മേൽക്കൂരയില്ലാത്ത, രണ്ടേക്കറോളം വരുന്ന പാടത്തിന്റെ നടുക്ക് കട്ടിലിടുമ്പോഴേയ്ക്കും അവന് ധൃതി കൈവരും. അതിന് ഉടനെ വഴങ്ങിയാൽ താൻ ഒരു നാണം കെട്ട പെണ്ണാണെന്ന് അവൻ വിചാരിക്കുമോ എന്ന സംശയത്താൽ പൊന്ന എന്തെങ്കിലും ഒഴിവ് പറയുമായിരുന്നു.
"നോക്കൂ .. ആ ആട് നമ്മെ നോക്കുന്നുണ്ട്... ആ മാടും ഇതൊക്കെ കാണും."
"അവർ ഇതൊക്കെ ചെയ്യുന്നത് നാം കാണാറില്ലേ? ഇപ്പോൾ നാം ചെയ്യാൻ പോകുന്നത് അവരും കാണട്ടെ."
"അയ്യേ... നിനക്ക് നാണമേയില്ല മാമാ ."
നല്ല ചാരായം കിട്ടുമായിരുന്ന ദിവസങ്ങളിലൊക്കെയും കാളി പൊന്നയെ പാടത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകുമായിരുന്നു. പൊന്നയ്ക്ക് കള്ള് ഇഷ്ടമായിരുന്നില്ല. അതിന്റെ പുളിപ്പ് വിടുന്ന ഏമ്പക്കത്തിൽ ദിവസങ്ങളോളം അവൾക്ക് അനുഭവപ്പെട്ടിരുന്നു. നാവ് എരിക്കുന്ന അര ഗ്ലാസ് ചാരായം മതിയായിരുന്നു അവൾക്ക്.
ഇപ്പോൾ, തുറസായ സ്ഥലത്തിന്റെ ലഹരി കാളിയുടെ തൃഷ്ണകളെ ഉണർത്തി. പക്ഷെ പൊന്ന അവനിലെ തീയിനെ നിഷ്ക്കരുണം കെടുത്തി.
"നാമിവിടെ നേർച്ചയ്ക്ക് വന്നതല്ലേ മാമാ ? അതാണ് ഞാൻ അങ്ങനെ ചോദിച്ചത് ."
"അതെന്തോ ആവട്ടെ... നീ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും പുലമ്പരുത്."
സമാധാനത്തോടെ അവർ ആ വരണ്ട പാറയിരുന്ന ഇടത്തേയ്ക്ക് കയറി. അതിന് ചുറ്റും കണ്ണോടിച്ച പൊന്നയുടെയുള്ളിൽ ഭീതി നിറഞ്ഞു.
"പേടി തോന്നുണ്ടെങ്കിൽ ഇത് നമുക്കുപേക്ഷിക്കാം."
ഇവിടേയ്ക്ക് വരാൻ തന്നെ ഉപദേശിച്ച കിഴവി പറഞ്ഞ കാര്യം പൊന്ന ഓർത്തു.
"പുറത്തേയ്ക്ക് നോക്കരുത്. നടക്കുമ്പോൾ നീ ചുറ്റുന്ന പാറയെ മാത്രം ശ്രദ്ധിച്ച് നടക്കണം. അപ്പോൾ കുഴപ്പമുണ്ടാകില്ല. പാടത്തിന്റെ വരമ്പ് ആ ചുറ്റുവഴിയോളം പോലുമില്ലല്ലോ.... നീ അതിലൂടെ നടക്കുന്നവളല്ലേ? വ്യത്യാസമെന്താണെന്നു വച്ചാൽ അവിടെ നീ അടിതെറ്റി വീണാലും മണ്ണിലേ വീഴൂ... പക്ഷെ അവിടെ ആ മലമുകളിൽനിന്നും വീണാൽ താഴെയുള്ള കരിമ്പാറയിൽ തട്ടി നിന്റെ തല തേങ്ങ പോലെ ചിതറും. അത് കൊണ്ട് പാടവരമ്പത്തുകൂടെയോ കാട്ടുവഴിയിലൂടെയോ നടക്കുന്നതായി സങ്കല്പിച്ചാൽ മതി ."
പെരുമാൾ മുരുകന്റെ 'മാതൊരുഭാഗൻ' എന്ന നോവലിലെ നിർണ്ണായകമായ ഒരു മുഹൂർത്തത്തിന്റെ ഭാഷാന്തരമാണ് മുകളില്‍ വായിച്ചത്.
വിവാഹിതരായിട്ട് ഒരു ദശകത്തിന് ശേഷവും കുട്ടികളില്ലാത്ത രണ്ടുപേരും അതിന്റെ പേരിൽ അവരുടെ ജീവിതത്തിൽ അവർ വാഴുന്ന സമൂഹം ഇടപെടുന്നതിന്റെയും ഇതിഹാസമാണ് മാതൊരുഭാഗൻ. കുട്ടികളില്ലാത്തതിന്റെ ദുഃഖം അഗാധമായ പ്രണയത്തിലൂടെയും വന്യമായ രതിയിലൂടെയും മറികടന്ന് പരസ്പരപൂരകങ്ങളായി ജീവിക്കുന്ന മനുഷ്യരെ മുൻധാരണയുടെ പരിമിതികളിലേയ്ക്കും അത് ഉറപ്പായും നടപ്പാക്കാനായി നിർമ്മിക്കപ്പെട്ടിട്ടുള്ള ആചാരങ്ങളിലേയ്ക്കും തള്ളിവിടുന്ന ആൾക്കൂട്ടത്തിന്റെ വാശി ഇതിൽ നിറഞ്ഞിരിക്കുന്നു.
പരമ്പരയുടെ ചങ്ങലയിലെ അടുത്ത കണ്ണി നിർമ്മിക്കാൻ കഴിയാതെ ഉഴറുമ്പോഴും പാരസ്പര്യത്തിന്റെ ഊഷ്മളതയിൽ ആ ദുഃഖം ഉരുക്കിക്കളയാൻ വെമ്പുന്ന പൊന്നയെ സ്വന്തം ആളുകളാണ് മച്ചിയെന്ന വാക്കുപയോഗിച്ച് അപമാനിക്കുന്നതും അതിനാൽത്തന്നെ കൃഷിയിറക്കുന്ന വേളയിൽ അവൾ കൈ കൊണ്ട് പോലും വിത്ത് തൊടരുതെന്ന് ശഠിക്കുന്നതും. മച്ചി തൊട്ട വിത്ത് പോലും മുളയ്ക്കില്ല.
ഈ സന്ദർഭം നാം സൗന്ദര്യലഹരിയിലെ ഒരു ശ്ലോകവുമായി ചേർത്ത് വായിക്കുമ്പോൾ അതിന്റെ അർത്ഥതലങ്ങൾക്ക് മറ്റൊരു മാനം കൈവരുന്നതായി അനുഭവപ്പെടും.
"ശിവ ശക്ത്യാ യുക്തോ യദി
ഭവതി ശക്ത: പ്രഭാവിതും
ന ചേദേവം ദേവോന
ഖലു കുശല : സ്പന്ദിതുമപി"
ശക്തിയോട് ചേരുമ്പോൾ മാത്രമേ ശിവന് സൃഷ്ടിയിലേർപ്പെടാനാകു. അല്ലാത്ത പക്ഷം അവന് ചലിക്കാൻ പോലുമാകില്ല.
സ്ത്രീ കാര്യവും പുരുഷൻ കാരണവും മാത്രമാണെന്ന പ്രപഞ്ചസത്യം ഇത്ര ലളിതമായി നമ്മളെ ബോധ്യപ്പെടുത്തുന്ന മറ്റൊരു സാഹിത്യശകലം തേടിയാൽ കിട്ടുമോ എന്നറിയില്ല. നൂറ്റാണ്ടുകളായി പുരുഷൻ തന്റെ മുഷ്ക്ക് കൊണ്ട് തിരശീലയ്ക്ക് പിന്നിലേയ്ക്ക് ഒതുക്കിയ ഈ സത്യം ആ ശീലയെ അതിശക്തമായി മാറ്റി വീണ്ടും സമൂഹത്തിലെ ആണുങ്ങളുടെ മുൻപിൽ നെഞ്ചും വിരിച്ച് 'മാതൊരുഭാഗനി'ൽ നിൽക്കുന്നത് നമുക്ക് കാണാം.
മലമ്പുഴ ഉദ്യാനത്തിലെ യക്ഷിയെന്ന ശില്പം അമ്പതു വർഷങ്ങൾക്ക് മുൻപ് ചെയ്തതും ഇതുതന്നെയാണ്. തിരനോട്ടത്തിന് ഉദ്യമിക്കാതെ മറയ്ക്കുന്ന ശീല വലിച്ച് മാറ്റി നഗ്നയായി പകൽവെളിച്ചത്തിൽ അഴിച്ചിട്ട മുടിയോടെ തുടകളകറ്റി യോനിയും കാണിച്ചിരുന്ന അവളെ കണ്ട സിനിമാകൊട്ടകയുടെ ഇരുളിലും കുളിക്കടവുകളിലെ ചെടിപ്പടർപ്പുകളുടെ മറവിലും മാത്രമിരുന്ന് "അന്യ"സ്ത്രീകളുടെ നഗ്നത ആസ്വദിച്ചിരുന്ന പുരുഷന്മാർ അവളെ കൈകാര്യം ചെയ്യാനറിയാതെ കുഴങ്ങി.
യക്ഷിക്ക് തിരശീലപുതപ്പിക്കാൻ പാകത്തിന് നീളമേറിയ തുണി വാങ്ങാനായി കോയമ്പത്തൂരിലെ ഒരു തുണിമില്ലിലേയ്ക്ക് പോകുന്നതിനെക്കുറിച്ച് പോലും പാലക്കാട്ടെ ആണുങ്ങൾ ചിന്തിച്ച കാലമായിരുന്നു അത്.
സ്ത്രീയാണ് കാര്യഭൂതയെന്നും താൻ കാരണഭൂതൻ മാത്രമാണെന്നുമുള്ള കണ്ണഞ്ചിപ്പിക്കുന്ന നട്ടുച്ചവെളിച്ചത്തിൽ വിളങ്ങി നിൽക്കുന്ന അതേ സത്യമാണ് 'മാതൊരുഭാഗൻ' മറ്റൊരു രീതിയിലാണെങ്കിലും നമ്മളെ ഓർമ്മപ്പെടുത്തുന്നത്. കോയമ്പത്തൂരിലെ മില്ലിലേയ്ക്ക് വണ്ടികയറിയ ആണുങ്ങളെ ഇന്നും നമുക്ക് ലോകത്തെവിടെയും കാണാനാകും എന്ന് മാതൊരുഭാഗൻ എഴുതിയ പെരുമാൾ മുരുകന്റെ ചുടലമായ ഒരു പ്രസ്താവന നമ്മളെ ഉദ്‌ബോധിപ്പിക്കുന്നു.
'മാതൊരുഭാഗനെ'തിരെ മതത്തെ അപമാനിച്ചുവെന്നും ആരോപിച്ച് ഹൈന്ദവ സംഘടനകൾ അക്രമം അഴിച്ചുവിട്ട നാളുകളിൽ തമിഴ്നാട്ടിലെ ഒരു പൊലീസ് സ്റ്റേഷനിൽ വിചിത്രമായ ഒരു നാടകം അരങ്ങേറി.
ആ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർ പെരുമാൾ മുരുകനിൽ നിന്നും തനിക്ക് തെറ്റ് പറ്റിയെന്നും അത് മനസിലാക്കിയ താൻ അത് ഏറ്റുപറയുന്നുവെന്നും മാതൊരുഭാഗന്റെ ബാക്കി വരുന്ന കോപ്പികളൊക്കെ പിൻവലിക്കുകയാണെന്നും സമ്മതിച്ചുകൊണ്ടുള്ള ഒരു സത്യവാങ്മൂലം എഴുതി വാങ്ങി.
പുറത്തിറങ്ങിയ ശേഷം തന്നെക്കാണാൻ വന്ന പത്രക്കാരോട് പെരുമാൾ മുരുകൻ നടത്തിയ പ്രസ്താവന ഒരു ചാട്ടുളി തന്നെയായിരുന്നു.
"പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ ആത്മഹത്യ ചെയ്തു. ഞാനിനി എഴുതുകയില്ല. ഞാനിനി പി.മുരുകൻ എന്ന പേരിലറിയപ്പെടുന്ന ഒരു സാധാരണ മനുഷ്യനായി ജീവിക്കും."
ഒരു ഭീരുവിന്റെ ജല്പനമായി മാത്രം ഇതിനെ നാം കണ്ടാൽ മതിയോ?
അങ്ങനെ കാണുന്നത് സൗകര്യമായിരിക്കുമെങ്കിലും ഈ പ്രസ്താവന നമ്മുടെ മനഃസാക്ഷികളിൽ ഉയർത്തിയ അസ്വസ്ഥത കുറച്ചൊന്നുമല്ല.
പഴയ ഒരു യൂറിനൽ ആർട്ട് ഗാലറിയിൽ നിന്നും ഒരു ലോകമഹായുദ്ധത്തിലേർപ്പെട്ടിരുന്ന മാനവരാശിയുടെ സാംസ്കാരികത്തികവിന്റെ മുഖത്തേയ്ക്കിറ്റിച്ച ചൂട് മൂത്രത്തിന്റെ തുള്ളികൾ പോലെ സത്യത്തിൽ ഈ പ്രസ്താവന നമ്മളെ പൊള്ളിക്കുകയാണ് ചെയ്തത്. ആവിഷ്കാരസ്വാതന്ത്ര്യം അവകാശമായി കൽപ്പിച്ച് തന്ന് എഴുതപ്പെട്ട ഭരണഘടന ഒരു ഭരണഘടന കൈമുതലായുള്ള ലോകത്തുള്ള ഏറ്റവും വലിയ ജനാധിപത്യം എന്ന് വിശേഷിക്കപ്പെടുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു രാജ്യത്താണ് ഈ നാടകം അരങ്ങേറിയതെന്ന് നാം മറന്ന് കൂടാ. പെരുമാൾ മുരുകന്റെ "ആത്മഹത്യ" നമ്മെ അത് ശക്തമായി ഓർമ്മിപ്പിച്ചു.
വ്യാഴാഴ്ച പാലക്കാടുള്ള ശേഖരീപുരം ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങിൽ പെരുമാൾ മുരുകൻ 'സ്വാതന്ത്ര്യത്തിന്റെ മാനങ്ങൾ' എന്ന വിഷയം സംസാരിക്കുകയുണ്ടായി. ഉർവ്വരതയുടേയും സൃഷ്ടിയുടെയും കാര്യഭൂതയായ സ്ത്രീയ്ക്ക് അവയുടെ പേരിൽ അനുഭവിക്കേണ്ടി വരുന്ന അപമാനത്തെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ 'മച്ചി' യെന്ന് കരുതപ്പെട്ടിരുന്ന പല സ്ത്രീകളും അവരുടെ സൃഷ്ടിപരത നിലനിർത്തുന്നതിനുവേണ്ടി ഒരു കാലത്ത് പരപുരുഷന്മാരെ പ്രാപിച്ചിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. മദ്രാസ് ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ നടത്തിയ വിധിപ്രസ്താവനയുടെ അന്ത്യഭാഗത്ത് അദ്ദേഹം പറഞ്ഞ ഒരു കാര്യം പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
"ഒരു പുസ്തകം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് വലിച്ചെറിഞ്ഞേക്കൂ. നിങ്ങളെ അത് വാങ്ങിയേ തീരുവെന്നോ വായിച്ചേ തീരുവെന്നോ ഇവിടെ ആരും നിർബന്ധിക്കുന്നില്ലല്ലോ. എഴുത്തുകാരന്റെ മേലിൽകയറാതെ അയാളെ വെറുതെ വിട്ടേക്കൂ. ഈ എഴുത്തുകാരനെ പുനരുജ്ജീവിപ്പിച്ച് അയാൾ മികവ് പ്രദർശിപ്പിക്കുന്ന ഒരു മേഖലയിൽ വ്യാപൃതനാവാൻ സഹായിക്കേണ്ടതുണ്ട്. എഴുത്താണത്. എഴുത്തുകാരൻ എഴുതട്ടെ."
രതി മാനവരാശിയുടെ തുടർച്ചയുടെ ഹേതുവാണ്. അതേ മാനവരാശിയനുഭവിക്കുന്ന പല വിഹ്വലതകൾക്കും പരസ്പരപൂരകങ്ങളായി രണ്ടുപേർ ആകാശത്തിന് കീഴെ താരങ്ങളെയും നോക്കി ഇണചേരുമ്പോഴുണ്ടാകുന്ന അനുഭൂതി സമാധാനം പകർന്ന് നൽകാറുണ്ട്. എഴുത്തുകാരനെ സമാധാനത്തോടെ എഴുതാൻ വിടുന്നത് പോലെ ആകാശത്തിന് കീഴെ, മുകളിലെ താരങ്ങളെയും നോക്കി ഇണചേരുന്നവർ അതിലഭിരമിക്കട്ടെ.
ആചാരത്തിന്റെയും മൂഢവിശ്വാസത്തിന്റെയും ഭിത്തികളാൽ ചുറ്റപ്പെട്ട തടവറകളിൽ അവർ നീറി ഒടുങ്ങാതിരിക്കട്ടെ.
ഫൊട്ടോ: ഹരിഹരൻ സുബ്രഹ്മണ്യൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.