സ്ത്രീകൾക്ക് പരിമിതികളുണ്ട് എന്ന് ചിന്തിക്കുന്നവർക്കുളള മറുപടിയാണ് വിജി എന്ന സാധാരണ വീട്ടമ്മ. സമയമില്ല, പണമില്ല എന്ന് പറഞ്ഞ് പലപ്പോഴും നാം മാറ്റി വയ്‌ക്കുന്ന കാര്യങ്ങളും ഇതൊന്നും ഇല്ലാതിരുന്നിട്ടുകൂടി വിജി അനായാസം ചെയ്യുന്നു. വഴിയരികിൽ അനാഥരും അശരണരുമായി കഴിയുന്നവർക്കും മനോനില തെറ്റിയവർക്കും കൂലിപ്പണിയെടുത്ത് സ്വന്തം കൈകൊണ്ട് ഭക്ഷണമുണ്ടാക്കി കൊടുത്താണ് ഈ വീട്ടമ്മ മാതൃകയാവുന്നത്. ആരുമില്ലാത്തവരുടെ വിശപ്പകറ്റുന്ന മാലാഖ.
ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ അടുത്ത് ശാന്തിതീരം എന്ന സ്ഥലത്താണ് കഴിഞ്ഞ 7 മാസമായി എല്ലാ ഞായറാഴ്‌ചകളിലും വിജി നൂറോളം പേർക്ക് ഭക്ഷണമൊരുക്കി നൽകുന്നത്. സ്വന്തമായി വീട് പോലുമില്ലാത്ത വിജി, ശാന്തിതീരത്ത് പുഴയുടെ കുറുകെയുളള പാലത്തിന് താഴെയാണ് ആരുമില്ലാതെ അലഞ്ഞ് നടക്കുന്നവർക്ക് ഒരു നേരത്തെ അന്നം നൽകുന്നത്.
ഏഴ് മാസങ്ങൾക്ക് മുൻപ് വൈകിട്ട് പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് വിജിയെ പിടിച്ചു കുലുക്കിയ ആ കാഴ്‌ച കണ്ടത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനു സമീപം ചവറു കൂനയിൽ കൈയ്യിട്ടു വാരി പുഴുക്കൾ നിറഞ്ഞ എച്ചിൽ ചോറ് ഒരാൾ വാരിക്കഴിക്കുന്നു. മൃഗങ്ങൾ പോലും കഴിക്കാൻ അറയ്‌ക്കുന്നവ ഒരു മനുഷ്യൻ കഴിക്കുന്നത് വിജിക്ക് കണ്ടു നിൽക്കാനായില്ല. വിജി ഓടിച്ചെന്ന് അയാളോട് അത് കഴിക്കരുതെന്ന് ഉപദേശിച്ചു. എന്നിട്ട് കൈയ്യിൽ ആകെയുണ്ടായിരുന്ന 100 രൂപ അയാൾക്ക് നൽകി ഭക്ഷണം വാങ്ങി കഴിക്കാൻ പറഞ്ഞു.
പക്ഷേ മനോനില തെറ്റിയ അയാൾ ആ പണം വലിച്ചെറിഞ്ഞിട്ട് വിജിയെ രൂക്ഷമായി നോക്കി. പേടിച്ചുപോയെങ്കിലും ഇനി അതു കഴിക്കരുതെന്നും താൻ ഭക്ഷണം വാങ്ങി തരാമെന്നും വിജി പറഞ്ഞു. എന്നാൽ വിശപ്പ് എന്ന വികാരം മാത്രം അറിയാമായിരുന്ന അയാൾ ആ എച്ചിലിൽ നിന്ന് വീണ്ടും വാരിക്കഴിക്കാൻ തുടങ്ങി.
ആ കാഴ്‌ച വിജിയെ പിടിച്ച് കുലുക്കിയിരുന്നു. അന്ന് വീട്ടിലെത്തിയ തനിക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിയുമായിരുന്നില്ലെന്ന് വിജി പറയുന്നു. മകനും മകളുമെല്ലാം എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ വിജി നടന്ന സംഭവം വിവരിച്ചു. അന്ന് രാത്രി മുഴുവൻ ഉറങ്ങാതെ തനിക്ക് എന്ത് ചെയ്യാൻ കഴിമെന്ന ആലോചനയായിരുന്നു വിജി. പിറ്റേന്ന് രാവിലെ തന്നെ വിജി ഒരു തീരുമാനമെടുത്തു. തനിക്ക് സാധിക്കുന്ന പോലെ അന്നമില്ലാത്തവർക്ക് ഭക്ഷണം കൊടുക്കണം.
റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും ഉണ്ടായിരുന്ന വൃദ്ധരോടും ആരോരുമില്ലാത്തവരോടും വിജി ചോദിച്ചു, “ഞാൻ ഭക്ഷണം തന്നാൽ കഴിക്കുമോ?” ആരെങ്കിലും തങ്ങളോട് ഈ ചോദ്യം ചോദിക്കാൻ കാത്തിരുന്ന അവർക്ക് നൂറ് മനസ്സ്. എങ്കിൽ അടുത്ത ഞായറാഴ്‌ച ഉച്ചയ്‌ക്ക് പാലത്തിന്റെ താഴെ എത്താൻ വിജി പറഞ്ഞു. അക്കൂട്ടത്തിൽ കാലില്ലാത്തവർ തങ്ങൾക്ക് അവിടെയെത്താൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ ഓട്ടോ വിളിച്ച് വരണമെന്നും അതിന്റെ പണം താൻ നൽകാമെന്നും വിജി അറിയിച്ചു.
പാലത്തിന്റെ താഴെ കാട് പിടിച്ചിരുന്ന സ്ഥലം വൃത്തിയാക്കി ചാണമിട്ട് മെഴുകി വിറക് വെട്ടി കരിങ്കല്ല് ഉരുട്ടി കൊണ്ടു വന്ന് അടുപ്പ് കൂട്ടിയതെല്ലാം വിജി തനിച്ച്. അങ്ങനെ ആരോരുമില്ലാത്തവർക്കായി വിജി ചോറും കോഴിക്കറിയും ഉണ്ടാക്കി തുടങ്ങി. ആദ്യ ദിവസം 17 പേരാണ് വിജിയുടെ സ്‌നേഹം ഉണ്ണാൻ എത്തിയത്. അന്ന് അവരുടെയെല്ലാം മുഖത്ത് വിരിഞ്ഞ സന്തോഷമാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രതിഫലമെന്ന് വിജി നിറഞ്ഞ ചിരിയോടെ പറഞ്ഞു. അന്നു മുതൽ ഇന്നു വരെ എല്ലാ ഞായറാഴ്‌ചകളിലും വിജി ഭക്ഷണം വിളമ്പുന്നു, ആരും ഇതുവരെ തിരിഞ്ഞു നോക്കാതിരുന്ന ഒരു പറ്റം മനുഷ്യർക്കായി. കൂടാതെ, ബാക്കി വരുന്ന ഭക്ഷണം കൂട്ടത്തിൽ വയ്യാത്തവർക്ക് കൊടുത്തും വിടും.
എന്നും വെയിലത്ത് കൂലിപ്പണിയെടുത്ത് ഉണ്ടാക്കുന്ന പണം കൊണ്ട് മറ്റുളളവർക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചപ്പോൾ കൂടെയുണ്ടായിരുന്നവർ വട്ടാണെന്ന് പറഞ്ഞ് പരിഹസിച്ചു. പക്ഷേ വിശപ്പിന്റെ വിളി നന്നായി അറിയാവുന്ന വിജിയെ തടയാൻ അതിനൊന്നും സാധിക്കുമായിരുന്നില്ല. ആരുമില്ലാത്തവർക്കായി അന്നമുണ്ടാക്കി കാത്തിരിക്കുന്ന ഈ മാലാഖയെ തേടി എല്ലാ ഞായറാഴ്‍ചകളിലും കൂടുതൽ ആളുകളെത്തി. ചില ആഴ്‌ചകളിൽ 100 പേർ വരെ ഇപ്പോൾ വിജിയുടെ ഒരു നേരത്തെ ആഹാരത്തിനായി ഓടിയെത്തുന്നു. ചുരുങ്ങിയത് 60 ൽ കൂടുതൽ ആളുകളെങ്കിലും ഇപ്പോൾ സ്ഥിരമായി വിജിയുടെ കാരുണ്യത്തിൽ എല്ലാ ആഴ്‌ചയിലും വയറു നിറയ്‌ക്കുന്നു.
വിജി തന്നെയാണ് ആരുമില്ലാത്തവർക്കായി ഭക്ഷണമൊരുക്കുന്നത്. ചിലപ്പോൾ സഹായത്തിനായി മകളുമുണ്ടാകും. ഇപ്പോൾ ആളുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ വൃത്തിയാക്കാനും മറ്റ് സഹായത്തിനുമായി ഒരാളെ കൂടി വിജി കൂട്ടി. വീട്ടിൽ നിന്ന് എല്ലാം ഒരുക്കി കൊണ്ടുവന്ന് പാലത്തിന്റെ താഴെയാണ് പാചകം ചെയ്യുക. എന്നും രാവിലെ കുളിച്ച് വന്ന് പാലത്തിന്റെ താഴെ ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് നിന്ന് വിജി പ്രാർഥിക്കും. ആ പ്രാർഥനയാണ് പ്രതിസന്ധികൾക്കിടയിലും വിജിയെ അന്നമൂട്ടാൻ സഹായിക്കുന്നത്.
ഭക്ഷണം ഉണ്ടാക്കാനായി കോഴി വാങ്ങുന്ന കടയിലെ യുവാവും ഈ ആവശ്യത്തിനായാണ് കൊണ്ടുപോകുന്നതെന്ന് അറിഞ്ഞതോടെ നിറഞ്ഞ മനസ്സോടെ കൂടെ നിന്നു. വളരെ തുച്ഛമായ തുക മതിയെന്ന് ആ യുവാവ് പറഞ്ഞപ്പോഴുണ്ടായ സന്തോഷം വിജിക്ക് വിവരിക്കാനാവുന്നില്ല. ഭക്ഷണമുണ്ടാക്കി തുടങ്ങി കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ അറിഞ്ഞവരിൽ ചിലർ സഹായിക്കാൻ തുടങ്ങി. പക്ഷേ അതില്ലാത്തപ്പോൾ കൂലിപ്പണിയും മകന്റെയും മരുമകന്റെയും സഹായം കൊണ്ടുമാണ് മുടക്കാതെ ഭക്ഷണം നൽകി വരുന്നത്. നോട്ട് പ്രശ്‌നം വന്നപ്പോൾ വല്ലാതെ ബുദ്ധിമുട്ടിയെങ്കിലും ദൈവാനുഗ്രഹം കൊണ്ട് എല്ലാം നടന്നുപോയെന്ന് വിജി പറയുന്നു.
സ്‌കൂളിൽ പോലും പഠിച്ചിട്ടില്ലാത്ത വിജി ജീവിതം പഠിച്ചത് കയ്‌പേറിയ അനുഭവങ്ങളിൽ നിന്നാണ്. 15-ാം വയസ്സിൽ വിവാഹിതയായ വിജിയെ ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോഴും മക്കളെ ചേർത്തുപിടിച്ച് ജീവിതം കരുപ്പിടിപ്പിക്കാനുളള ഓട്ടത്തിലായിരുന്നു. തന്റെ വയറ് നിറഞ്ഞില്ലെങ്കിലും മറ്റുളളവരുടെ വിശപ്പ് മാറ്റി ഹൃദയം നിറയ്‌ക്കുന്ന വിജിക്ക് ഒരു സങ്കടമേയുളളൂ. മഴക്കാലമായാൽ പാലത്തിന്റെ താഴെ ഭക്ഷണം ഉണ്ടാക്കാനും കൊടുക്കാനും സാധിക്കില്ല.
മഴ നനയാതെ ഭക്ഷണം ഇരുന്ന് കഴിക്കാനുളള സൗകര്യം വേണം, പാത്രങ്ങൾ വയ്‌ക്കാൻ അടുത്തെവിടെയെങ്കിലും സൗകര്യം, വീടു പണി പൂർത്തിയാക്കണം.. ഇതെല്ലാമാണ് വിജിയുടെ ചെറിയ ആഗ്രഹങ്ങൾ. ഏതായാലും മഴക്കാലം ആകുമ്പോഴേക്കും അധികാരികൾ അടക്കമുളളവർ എന്തെങ്കിലും പ്രതിവിധി കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ഈ വീട്ടമ്മ.
ആഴ്‌ചയിൽ ഒരിക്കലെങ്കിലും മനസ്സും വയറും നിറഞ്ഞ് അവർ കഴിക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഊർജമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് വിജി പറയുന്നു. അതു കാണുമ്പോൾ ഒരിക്കലും മടി തോന്നില്ലെന്നും അവർ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു. മരണം വരെ ഇവർക്കായി അന്നം നൽകണമെന്നാണ് വിജിയുടെ ആഗ്രഹം. ഇതിന് മക്കളുടെയും മരുമകന്റെയും പൂർണ പിന്തുണയും വിജിക്കുണ്ട്. തന്റെ കാലശേഷവും ഇത് തുടരണമെന്ന് മക്കളോട് വിജി ആവശ്യപ്പെട്ടപ്പോൾ അതിനവർ സമ്മതിച്ചതും അതുകൊണ്ടാണ്.