Latest News

International Women’s Day 2017: മീനാക്ഷി അമ്മ : ഉൾക്കരുത്തിൽ തെളിഞ്ഞ കളരി വിളക്ക്

നൃത്തത്തിന് വേണ്ടി കളരി പഠിക്കാനെത്തി കളരി ഗുരുക്കളായി മാറിയ വനിത, ഏഴാം വയസിൽകളരിത്തറയിൽ ഉറച്ച കാൽച്ചുവടകൾ എഴുപത്തിയാറിലും ഇടറാതെ ചുവടുവെയ്ക്കുന്നു

meenakshi amma

കോഴിക്കോട്: കണ്ണ് മെയ്യാകുന്ന കളരിച്ചുവടുകള്‍ക്ക് ഏഴിലും എഴുപത്തിയാറിലും ഒരേ താളം, ഒരേ വേഗം. ഉയര്‍ത്തിപ്പിടിച്ച വാളത്തലപ്പില്‍ സൂര്യരശ്മി പതിക്കുമ്പോഴുള്ള അതേ തിളക്കമുണ്ട് വടക്കന്‍ചിട്ടയുടെ ആ കണ്ണുകളില്‍. പ്രായം ചുളിവ് വീഴ്ത്താത്ത മുഖത്ത്, കളരിത്തറയില്‍ കത്തുന്ന വിളക്കിന്റെ പ്രഭ. ഇത് അങ്കക്കഥകള്‍ പാടിപ്പതിഞ്ഞ, വടക്കന്‍ പാട്ടിന്റെ ഭൂമികയായ കടത്തനാട്ടെ പുതുകാലത്തിന്റെ ഉണ്ണിയാര്‍ച്ച-പദ്മശ്രീ മീനാക്ഷി അമ്മ. കേരളത്തിലെ അപൂര്‍വം വനിതാ കളരിഗുരുക്കളിലൊരാള്‍.

ഏഴാംവയസില്‍ അച്ഛന്റെ കൈപിടിച്ച് ഇപ്പോള്‍ താമസിക്കുന്ന കരിമ്പനപ്പാലം കായക്കണ്ടി ഗോവിന്ദ വിഹാര്‍ വളപ്പിലെ കളരിയിലെത്തിയ ആദ്യദിനം പച്ചപിടിച്ച് കിടപ്പുണ്ട് മീനാക്ഷിയമ്മയുടെ ഓര്‍മയില്‍. വടകര പരവന്റവിടെ ദാമുവിന്റെയും മാതുവിന്റെയും മകളായ മീനാക്ഷിയെ നൃത്തത്തിനോടുളള കമ്പമാണു കളരിയിലേക്കെത്തിച്ചത്.

നൃത്തത്തില്‍ വൈദഗ്ധ്യത്തിനു കളരിപഠനം ഗുണംചെയ്യുമെന്ന അധ്യാപകരില്‍ ചിലര്‍ പറഞ്ഞതു വീട്ടുകാരുടെ മനസില്‍ പതിയുകയായിരുന്നു. അതേ കളരി പിന്നെയിങ്ങോളം മീനാക്ഷി അമ്മയുടെ ജീവിതമായി. ഒന്‍പതു വര്‍ഷം കളരിച്ചുവടുകള്‍ അഭ്യസിപ്പിച്ച രാഘവന്‍ ഗുരുക്കള്‍ പതിനാറാം വയസില്‍ മീനാക്ഷി അമ്മയുടെ മനസിനു കാവലാളായി. അതോടെ ജീവിതത്തിലും ആയോധനകലയിലും മര്‍മചികിത്സയിലും അദ്ദേഹത്തിന്റെ മനസറിയുന്ന നിഴലായി മീനാക്ഷി അമ്മ. ഇന്നിപ്പോള്‍ പദ്മശ്രീ ബഹുമതിക്ക് അര്‍ഹയായിയിട്ടും ആ നിഴലില്‍നിന്നു മാറാന്‍ അവര്‍ തയാറായല്ല. രാഘവന്‍ ഗുരുക്കള്‍ ചെയ്ത പുണ്യത്തിന്റെ ഫലമാണു തന്നെ തേടിയെത്തിയതെന്നു വിനയാന്വിതയാകുകയാണ് അവര്‍.

പാക്കയില്‍ ജി.യു.പി.എസ്. സ്‌കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു പ്രിയപ്പെട്ടവര്‍ രാഘൂട്ടിയെന്നു വിളിക്കുന്ന രാഘവന്‍ ഗുരുക്കള്‍. ഏഴുവര്‍ഷം മുന്‍പ് 73 ആം വയസില്‍ ഗുരുക്കള്‍ മരിച്ചതോടെയാണു കളരിയുടെ ചുമതല മീനാക്ഷി അമ്മയിലെത്തിലെത്തിയത്. 1949ല്‍ കരിമ്പനപ്പാലത്തെ വീട്ടുപറമ്പില്‍ രാഘവന്‍ ഗുരുക്കള്‍ സ്ഥാപിച്ച കളരിക്ക് അദ്ദേഹത്തിന്റെ മരണശേഷവും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. കടത്തനാടന്‍ പാരമ്പര്യമായ കുഴിക്കളരി അതേപോലെ നിലനില്‍ക്കുന്നു.

മേല്‍ക്കൂര മുന്‍പ് തെങ്ങോല കൊണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മരണശേഷം ഓട് വച്ചു എന്നതാണ് ഏക മാറ്റം. വടകര കരിമ്പനപ്പാലം ജനതാ റോഡിനു സമീപത്തെ കടത്തനാട് കളരിസംഘത്തിലേക്കെത്താന്‍ ആദ്യമായി പോകുന്നവര്‍ അല്‍പ്പം ബുദ്ധിമുട്ടും. 67 വര്‍ഷം പാരമ്പര്യമുള്ള കളരിക്കു സ്ഥലസൂചകങ്ങളോ കളരിക്കു ബോര്‍ഡോ വഴിവക്കില്‍ എവിടേയുമില്ല. അങ്ങനെയൊരു പ്രചാരം കളരിക്കുവേണ്ടെന്നായിരുന്നു രാഘവന്‍ ഗുരുക്കളുടെ നിലപാട്.
meenakshi

പദ്മശ്രീ ബഹുമതി കിട്ടിയിട്ടും അതിലൊരു മാറ്റം വരുത്താന്‍ മീനാക്ഷി അമ്മയോ മക്കളോ ശിഷ്യരോ തയാറല്ല. കളരിപരിശീലനം ഇവര്‍ക്കാര്‍ക്കും കച്ചടവമല്ല. അറിവ് പകരല്‍ മാത്രം. അതുകൊണ്ടാണു അമേരിക്കയിലും യൂറോപ്പിലും ‘സമുറായ് വനിത’ നേരത്തെ തന്നെ പേരെടുത്തിട്ടും അവര്‍ ആരാണെന്നും വടകരയിലാണോയെന്നും സര്‍ക്കാര്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ള മലയാളികളില്‍ സംശയമുണ്ടാവുന്നത്.

ഡല്‍ഹിയില്‍നിന്നു സര്‍ക്കാര്‍ തലത്തില്‍വന്ന ഫോണ്‍ കോളിലൂടെയാണു പദ്മശ്രീ വാര്‍ത്ത മീനാക്ഷി അമ്മ ആദ്യമറിയുന്നത്. ഹിന്ദിയിലുള്ള സംഭാഷണം തന്നെ ആരോ കളിപ്പിക്കാന്‍ ചെയ്യുന്നതാണെന്നായിരുന്നു നിഷ്‌കളങ്കയായ ഈ ഗുരുക്കള്‍ കരുതിയിരുന്നത്. ഒടുവില്‍ ടെലവിഷന്‍ ചാനലുകളില്‍ വാര്‍ത്ത വരാന്‍ തുടങ്ങിയതോടെയാണു വിശ്വാസമായത്. ഒരു പുരസ്‌കാരത്തിനു പിന്നാലെയും പോയിട്ടില്ല. രാഘവന്‍ ഗുരുക്കള്‍ക്ക് അത്തരം കാര്യങ്ങളും ഇഷ്ടമായിരുന്നില്ല.

അതുകൊണ്ടാണു പദ്മശ്രീ പുരസ്‌കാര ലബ്ധി വിശ്വസിക്കാനാവാതെ പോയതും. ആരുടെയും ശിപാര്‍ശയില്ലാതെ ‘അണ്‍നോണ്‍ ഹീറോസ്’ എന്ന വിഭാഗത്തിലാണു മീനാക്ഷി അമ്മയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. പ്രതീക്ഷിക്കാതെയുള്ള പുരസ്‌കാരലബ്ധി രാഘവന്‍ മാഷ് ചെയ്ത കര്‍മത്തിന്റെ ഫലമെന്നാണു മീനാക്ഷി അമ്മ ഉറച്ചുവിശ്വസിക്കുന്നത്.
meenakshi

ധാരാളം പെണ്‍കുട്ടികള്‍ കളരിപഠനത്തിനെത്തിയിരുന്ന കാലത്താണു മീനാക്ഷി അമ്മ കച്ചമുറുക്കി കളരിയിലിറങ്ങിയത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇടകലര്‍ന്നായിരുന്നു പരിശീലനം. ഈ ചിട്ട ഇന്നും മീനാക്ഷിയുടെ കളരിയില്‍ തുടരുന്നു. അക്കാലത്ത് പെണ്‍കുട്ടികളുടെ കളരിപഠനം 13-14 വയസില്‍ നിലയ്ക്കും. തന്നോടൊപ്പം കളരിയിലുണ്ടായിരുന്ന ഭര്‍തൃസഹോദരി ലീലയും പഠനം പതിനാലാം വയസില്‍ നിര്‍ത്തി. എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണയൊന്നു കൊണ്ടുമാത്രമാണ് താന്‍ ഈ രംഗത്തു തുടര്‍ന്നതെന്നു മീനാക്ഷി അമ്മ പറയുന്നു.

ഇന്നിപ്പോള്‍ ഏതു പ്രായത്തിലുള്ളവരും കളരിമുറകള്‍ പഠിക്കാന്‍ വരുന്നുണ്ട്. മാനസികവും ശാരീരികവുമായ പ്രതിരോധശക്തി നല്‍കുന്ന നല്‍കുന്ന കളരിപഠനം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് അത്യാവശ്യമാണെന്നും അവര്‍ പറയുന്നു. പത്താം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചെങ്കിലും അതിലും വലുതാണു കളരിയും രാഘവന്‍ ഗുരുക്കളും തന്ന ഉള്‍ക്കരുത്തും അനുഭവങ്ങളുമെന്നാണു മീനാക്ഷി അമ്മയുടെ പക്ഷം.

സ്ത്രീകള്‍ ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമായി വന്‍ ശിഷ്യസമ്പത്തിന് ഉടമയാണു മീനാക്ഷി അമ്മ ഗുരുക്കള്‍. രാവിലെ അഞ്ചിന് ആരംഭിക്കുന്ന പരീശീലനം മൂന്ന് ബാച്ചുകളിലായി രാത്രി പതിനൊന്നരയ്ക്കാണ് അവസാനിക്കുക. തിരക്കില്ലെങ്കില്‍ ഈ സമയങ്ങളിലൊക്കെയും മീനാക്ഷി അമ്മ കളരിയിലുണ്ടാകും. വര്‍ഷത്തില്‍ ഇരുന്നൂറ് ശിഷ്യര്‍ പഠിക്കാനുണ്ടാവും. ജോലിയുള്ളവരും അധ്വാനശീലം കുറഞ്ഞവുരം ശരീരവടിവ് സൂക്ഷിക്കാനായി കളരി അഭ്യസിക്കുന്ന ശീലം വര്‍ധിച്ചുവരികയാണ്. പരിശീലനം തേടുന്നവരില്‍നിന്ന് ഫീസ് വാങ്ങുക എന്നൊരു ഏര്‍പ്പാടില്ല. ദക്ഷിണ കൊടുത്താല്‍ വാങ്ങും. അതേസമയം ഉഴിച്ചിലിനും ഒടിവ്-ചതവ് ചികിത്സകള്‍ക്കും ചെറിയൊരു തുക വാങ്ങും. ഇത്തരം ചികിത്സകള്‍ക്കു മരുന്നു തയാറാക്കാന്‍ ചെലവുണ്ടെന്നതു തന്നെ കാരണം. മൂത്തമകന്‍ സജീവ് കുമാറും പ്രധാനശിഷ്യരായ സജില്‍, റജില്‍ എന്നിവര്‍ ചേര്‍ന്നാണു കളരി നടത്തിപ്പ്. മറ്റു മക്കളായ പ്രദീപ്കുമാര്‍, ചന്ദ്രപ്രഭ, റൂബി മരുമക്കളായ രാജി, പ്രസീത, ദിവാകരന്‍, ജയചന്ദ്രന്‍ എന്നിവരും കൊച്ചുമക്കളില്‍ മിക്കവരും കളരി അഭ്യാസികളാണ്. ഉഴിച്ചില്‍ ചികിത്സയക്കു ശിഷ്യരും മക്കളും മരുമക്കളും മീനാക്ഷി അമ്മയെ സഹായിക്കാനുണ്ട്.

ഏപ്രില്‍ 13നു 76 വയസ് തികയുന്ന മീനക്ഷി അമ്മ കേരളത്തിനു പുറത്തും കളരി അഭ്യാസപ്രകടനങ്ങളുമായി ഇന്നും സജീവമാണ്. എവിടെ പരിപാടി അവതരിപ്പിക്കാന്‍ പോകുമ്പോഴും ഒരു ചിട്ടയുണ്ട്, വീടിനനടുത്തുള്ള കളരിയുള്ളതില്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചേ പോകൂ. വിശേഷാവസരങ്ങളില്‍ ഈ ക്ഷേത്ര നടയില്‍ അഭ്യാസമുറകള്‍ അവതരിപ്പിക്കുയും ചെയ്യും.

വിവിധ വിദേശചാനലുകള്‍ മീനാക്ഷിയെക്കുറിച്ച് പരിപാടി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. പദ്മശ്രീ ബഹുമതി ലഭിച്ചതോടെ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മാധ്യമങ്ങളുടെ തിരക്കാണു ഗോവിന്ദ വിഹാറില്‍. ഇതിനൊപ്പം സ്വീകരണത്തിനു ക്ഷണിക്കാന്‍ സ്‌കൂളുകളുടെയും സാംസ്‌കാരികസംഘടനകളുടെയും നാട്ടിന്‍പുറത്തെ കലാസാഹിത്യ സമിതികളുടെയും പ്രതിനിധികളുടെയും തിരക്ക്. ഇതിനിടെ സ്വീകരണം ഏറ്റുവാങ്ങാന്‍ ആഴ്ചകള്‍ നീളുന്ന ഗള്‍ഫ് സന്ദള്‍ശനം. തിരക്കിനിടയിലും ഒരേ പെരുമാറ്റം, ഒരേ സ്‌നേഹാന്വേഷണം. അതെ, രാഘവന്‍ ഗുരുക്കള്‍ പകര്‍ന്നുനല്‍കിയ ആയോധനകലയില്‍നിന്നു ലഭിച്ച ഉള്‍ക്കരുത്തിന്റെ എളിമ.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: International womens day 2017 meenakshiamma kalari gurukkal 76 year old kalaripayattu teacher

Next Story
ഒരു മോഡിക്ക് മറ്റൊരു മോഡിയോട് പറയാനുളളത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express