മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കപ്പെടുന്നതെന്തിനാണ് ? സ്ത്രീകളോടുള്ള ആദരവും ബഹുമാനവും അഭിനന്ദനവും സ്നേഹവും പ്രകടിപ്പിക്കുക. അവരുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുക. സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെയും അനുഷ്ടിച്ച ത്യാഗങ്ങളെയും ധീര പ്രവർത്തനങ്ങളെയും ഓർമിക്കുകയും ഓർമിപ്പിക്കുകയും ചെയ്യുക, സ്ത്രീകളുടെ സുരക്ഷയും ഉന്നമനവും ഉറപ്പു വരുത്തുക ഇതൊക്കെയാണ് വനിതാദിനത്തിന്റെ പിന്നിലെ ലക്ഷ്യങ്ങൾ.

വനിതകളുടെ ചില ജാഥകൾ, പ്രകടനങ്ങൾ, കുറെ മീറ്റിങ്ങുകൾ. അവയിൽ പ്രസിദ്ധരും പ്രഗത്ഭരുമായ വനിതകളുടെ പ്രസംഗങ്ങൾ. തീർന്നു വനിതാദിനത്തിൽ പരിപാടികൾ. ഇത് കൊണ്ടൊക്കെ എന്ത് പ്രയോജനമാണ് സ്ത്രീകൾക്കുണ്ടാവുക!

സുരക്ഷിതത്വവും സ്വാതന്ത്ര്യവും വീടിനകത്തു പോലും ഇന്നും സ്ത്രീക്ക് വേണ്ടത്രയില്ല. സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരതകൾ സമൂഹത്തിൽ നിന്നങ്ങു പൂർണമായി തുടച്ചു മാറ്റാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? സാമ്പത്തിക സ്വാതന്ത്ര്യം നേടിയാലും സ്ത്രീ സ്വാതന്ത്രയാണോ? തൊഴിലെടുക്കുന്ന സ്ത്രകളിൽ പലരും വീട്ടിനകത്തു അടിമകൾ തന്നെ. വരുമാനം മുഴുവനായും ഗൃഹനാഥനെ ഏൽപ്പിക്കണമെന്ന കർശന നിയമം എത്രയോ വീടുകളിൽ ഇന്നും നിലവിലുണ്ട്. പുരുഷനെ പോലെ തന്നെ പുറത്തു പോയി അദ്ധ്വാനിക്കുന്നവൾ ആണെങ്കിലും അടുക്കളയുടെ ഭാരവും കുട്ടികളുടെ ചുമതലയും സ്ത്രീയുടെ തോളിൽ തന്നെ. മാനസികമായും ശാരീരികമായുമുള്ള കടുത്ത ഭേദ്യങ്ങൾ ആത്മഹത്യ അല്ലെങ്കിൽ കൊലചെയ്യപ്പെടുക എന്ന വിധിയിൽ സ്ത്രീയെ എത്തിക്കുന്നില്ലേ? ക്‌ളേശങ്ങൾ അനുഭവിക്കാൻ വേണ്ടിയാണ് അവൾ സ്ത്രീയായി ജനിച്ചതെന്ന് തോന്നിപ്പോകും .

തൊഴിൽ രംഗത്തും പല തരം വിവേചനങ്ങളും അപമാനങ്ങളും ആക്ഷേപങ്ങളും സ്ത്രീ നേരിടേണ്ടി വരുന്നില്ലേ ? ഇതിനൊക്കെ എതിരെ ഒരുപരിധി വരെ പോരാടി നിൽക്കാൻ ഇന്ന് സ്ത്രീക്കു കഴിയുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം അവളുടെ ചിന്തകളെ ഉണർത്തിയിട്ടുണ്ട്. വിവിധ തൊഴിൽ രംഗങ്ങളിലെ വിജയം അവളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. പുരുഷന്മാരെപ്പോലെ യാത്ര ചെയ്യാനും വാഹനങ്ങൾ ഓടിക്കാനും തുടങ്ങിയതോടെ അവളുടെ സ്വാതന്ത്ര്യവും വർദ്ധിച്ചിട്ടുണ്ട്.

സ്ത്രീ അപമാനിക്കപ്പെടുന്നത് ഈ രംഗങ്ങളിൽ മാത്രമല്ല.  ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടിക്കോ സ്ത്രീക്കോ തീവണ്ടിയിലോ ബസിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യാനോ, റോഡിലൂടെയോ, ഇടവഴിയിലൂടെയോ നടന്നു പോകാനോ കഴിയാത്ത വിധം അരാജകത്വം നമ്മുടെ നാട്ടിൽ നടമാടാൻ തുടങ്ങിയിട്ട് നാളേറെയായി. ഈ അവസ്ഥ കൂടുതൽ ഭീകരമായി തേർവാഴ്ച നടത്തുന്നതല്ലാതെ ഒരു മാറ്റം അങ്ങകലെ പോലും കാണാനില്ല. ഒരു പെൺകുട്ടി അല്ലെങ്കിൽ യുവതി അതുമല്ലെങ്കിൽ വൃദ്ധ പീഡിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ബലാത്സംഗതിന്റെയോ അതിനെ തുടർന്നുള്ള കൊലപാതകതിന്റെയോ വാർത്തകളും കഥകളുമില്ലാതെ ഒരൊറ്റ ദിവസം പോലും പത്രം ഇറങ്ങുന്നില്ല. പെണ്ണാണെങ്കിൽ പിന്നെ ആറെന്നോ അറുപതെന്നോ ഇല്ല എന്നതാണ് ഇന്ന് കേരളത്തിലെ സ്ഥിതി.

വിദ്യാലയങ്ങളിൽ, ജോലി സ്ഥലത്ത്, യാത്രകൾക്കിടയിൽ, എന്തിന് വീട്ടിനകത്തു പോലും സ്ത്രീകൾക്ക് രക്ഷയില്ല. ഏതു നിമിഷത്തിലും എവിടെ വച്ചും അതിക്രമിച്ചു കടക്കുന്ന ദുഷ്ടന്മാർ അവരെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യാം.

പെൺകുട്ടികളെ വിദ്യാലയങ്ങളിൽ നിന്ന് തട്ടി കൊണ്ട് പോകുന്നു. അധ്യാപകർ പോലും അവരെ പീഡിപ്പിക്കുന്നു. അടുത്ത ബന്ധുക്കൾ തന്നെ പ്രായമോ ബന്ധമോ പരിഗണിക്കാതെ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വയോധികകളെ വരെ അതി ക്രൂരതകൾക്ക് വിധേയരാക്കുന്നു. ആ സമയത്തെ ആ നിസ്സഹായരുടെ ദയനീയാവസ്ഥ എത്ര ഭീകരമാണെന്നു നമുക്ക് ഊഹിക്കാൻ പോലുമാവില്ല. അവരെ രക്ഷിക്കാൻ ആരും എത്തുന്നുമില്ല.

ഇങ്ങനെ സ്ത്രീ ഉപദ്രവിക്കപ്പെടുന്നത് അവൾ പെണ്ണായതു കൊണ്ടോ അവളുടെ വസ്ത്രങ്ങൾ പ്രലോഭിപ്പിക്കുന്നവയായതു കൊണ്ടോ അല്ല. (പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും ആരെയും പ്രലോഭിപ്പിക്കാറില്ലല്ലോ). ഇനി ഉപദ്രവിക്കുന്നവൻ ആണായതു കൊണ്ടുമല്ല. പെണ്ണിനെ ബലമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന പുരുഷൻ ഭ്രാന്തെടുത്ത ഒരു ക്രൂര മൃഗമാണ്. ഈ മൃഗത്തെ എങ്ങനെ നേരിടാം?

ഇതിനെതിരെ പ്രസംഗിച്ചത് കൊണ്ടോ തീപാറുന്ന ലേഖനങ്ങൾ എഴുതിയതു കൊണ്ടോ ജാഥകൾ നയിച്ചതു കൊണ്ടോ ഇത്തരം ക്രൂരന്മാരെ തടയാനാവുമോ ? തെരുവിലെ നായ്ക്കൾ കടിക്കുന്നത് തടയാൻ സമരങ്ങൾക്കോ നിയമങ്ങൾക്കോ കഴിയുമോ? അത് തന്നെയാണ് ഇവിടെയും സ്ഥിതി.

നിർഭയയും സൗമ്യയും ജിഷയുമൊന്നും വിസ്മൃതിയിലാണ്ടു പോയിട്ടില്ല. നീതിക്കു വേണ്ടിയുള്ള, ആ നിർഭാഗ്യരുടെ നിലവിളികൾ ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങുന്നില്ലേ?  പ്രസിദ്ധയായ ഒരു നടിയെ തിരക്കേറിയ നഗരത്തിനു നടുവിൽ ഓടുന്ന വാഹനത്തിൽ വച്ച് ആക്രമിക്കുകയും അവഹേളിക്കുകയും നീചമായി ചിത്രവധം ചെയ്യുകയും ചെയ്യുന്നതു വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. പേരും പ്രശസ്തിയും സമ്പത്തും സ്വാധീനവും ഉള്ള ഒരു നടിയുടെ അവസ്ഥ ഇതാണെങ്കിൽ ഒരു പാവപ്പെട്ട സാധാരണ പെൺകുട്ടിയുടെ നില എന്താണ് ഇത് നമ്മൾ അത്യുച്ചത്തിൽ ചിന്തിക്കേണ്ടതാണ്.

പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് നേരെ സമൂഹം എടുക്കുന്ന നിലപാട് ഇന്നും പരിതാപകരം തന്നെ. എല്ലാം ആ പെൺകുട്ടിയുടെ തെറ്റാണെന്നു വരുത്തി തീർക്കുക. പുറത്തു പറയുകയോ പ്രതികരിക്കുകയോ ചെയ്യാൻ അനുവദിക്കാതിരിക്കുക. നിശബ്ദമായി സഹിക്കണം അല്ലെങ്കിൽ ജീവിതം പോകും എന്ന് ഉപദേശിക്കുക.

ഇതാണോ പരിപൂർണ സാക്ഷരത നേടിയ, എല്ലാത്തുറകളിലും അത്യധികം പുരോഗമിച്ച സംസ്കാരസമ്പന്നമായ നമ്മുടെ കേരളത്തിന്റെ നീതിബോധം ? മനോരോഗികളല്ലേ സ്ത്രീകളെ പീഡിപ്പിക്കുന്നത് ? അവരെ ശിക്ഷിക്കുന്നത് കഷ്ടമല്ലേ എന്ന് വാദിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. മനസികരോഗികളെ സ്വൈരമായി വിഹരിക്കാൻ അനുവദിക്കണോ ? ഈ മനോരോഗികളെ നമുക്ക് സമൂഹത്തിൽ വേണോ ?

ചെറുപ്പം മുതലേ അനീതികളോട് പ്രതികരിക്കാൻ നമ്മുടെ പെൺകുട്ടികളെ ഉദ്ബോധിപ്പിക്കൂ. സ്ത്രീത്വം ഒരു ദൗർബല്യമല്ല എന്നവർ മനസ്സിലാക്കണം. അതോടൊപ്പം സ്ത്രീകളെ ബഹുമാനിക്കാൻ സഹജീവികളായി കാണാൻ നമ്മുടെ ആൺകുട്ടികളെയും ശീലിപ്പിക്കണം. മനുഷ്യൻ ഒരു ശരീരം മാത്രമല്ല അവനു ഒരു മനസ്സും ചിന്തയും ആത്മാവുമുണ്ട്. ആണും പെണ്ണും അറിഞ്ഞിരിക്കേണ്ട സത്യമാണിത്.

ഒരു ഗോവിന്ദച്ചാമി, പിന്നെയൊരു പൾസർ, ഒരു വൈദികൻ. ഈ ലിസ്റ്റ് നീണ്ടു പോകാൻ അനുവദിച്ചു കൂടാ. ശിക്ഷിക്കപ്പെടാത്തതാണ് ഇവരുടെ ബലം. ഇത്തരം പ്രതികൾ പലപ്പോഴും സംരക്ഷിക്കപ്പെടുന്നു. ശിക്ഷ കിട്ടിയാലും വളരെ ചെറിയൊരു ശിക്ഷ, കുറച്ചു നാളത്തേക്ക്. നമ്മുടെ പെൺകുട്ടികളെയും സഹോദരിമാരെയും അമ്മമാരെയും സംരക്ഷിക്കാൻ നമുക്കെന്തു ചെയ്യാൻ കഴിയും ? ഇതിനൊരുത്തരം കണ്ടെത്തട്ടെ ഈ വർഷത്തെ വനിതാ ദിന കൂട്ടായ്മകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook