scorecardresearch

International Women's Day 2017: ജൻഡർ ബജറ്റിങ് - സ്ത്രീ സമത്വത്തിനു വേണ്ട വിഭവവും വൈഭവവും

പ്രസംഗത്തിലുള്ള വനിതാ ക്ഷേമ സ്നേഹം പ്രവൃത്തിയിൽ വരുന്നുണ്ടോ എന്ന് കൃത്യമായും അവലോകനം ചെയ്യാനുള്ള വളരെ വ്യക്തതയും സുതാര്യതയും ഉള്ള വഴിയാണ് ജെൻഡർ ബജറ്റിങ്

പ്രസംഗത്തിലുള്ള വനിതാ ക്ഷേമ സ്നേഹം പ്രവൃത്തിയിൽ വരുന്നുണ്ടോ എന്ന് കൃത്യമായും അവലോകനം ചെയ്യാനുള്ള വളരെ വ്യക്തതയും സുതാര്യതയും ഉള്ള വഴിയാണ് ജെൻഡർ ബജറ്റിങ്

author-image
Resmi Bhaskaran
അപ്‌ഡേറ്റ് ചെയ്‌തു
New Update
reshmi bhaskaran, women's day

ഐക്യരാഷ്ട്രസഭയുടെ മില്യനിയം ഡെവലപ്മെന്റ് ഗോൾ​ (MDG) എന്ന അജണ്ടയുടെ ഭാഗമായാണ് ജെൻഡർ ബജറ്റിങ് പ്രചാരത്തിൽ വരുന്നത്. ബജറ്റ് തുടങ്ങിയ കാലം മുതൽ ചില പരിപാടികൾ, പ്രത്യേകിച്ചും പെൺകുട്ടികളുടെ സ്കൂൾ/ കോളേജ് വിദ്യാഭ്യാസത്തിനായി സർക്കാരുകൾ പണം നീക്കി വെക്കാറുണ്ട്. അതിനപ്പുറത്തേക്കുള്ള പ്രത്യക നീക്കിയിരുപ്പു വന്നു തുടങ്ങിയത് ആയിരത്തിത്തൊള്ളായിരത്തി എൺപതുകളോടെയാണ്. തൊണ്ണൂറുകൾക്കു ശേഷം പ്രബലപ്പെട്ട സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഒരുപാട് സ്ത്രീ പ്രാമുഖ്യമുള്ള പദ്ധതികളും പ്രവർത്തനങ്ങളും സർക്കാരുകൾ ഏറ്റെടുത്തു നടത്തി തുടങ്ങി.

Advertisment

എം ഡി ജി യുടെ മൊത്തം എട്ടു ലക്ഷ്യങ്ങളിൽ മൂന്നെണ്ണവും സ്ത്രീകളുടെ ഉന്നമനത്തിൽ ഊന്നിയവയായിരുന്നു. സർക്കാരുകൾ ഈ ലക്ഷ്യങ്ങൾ നേടാൻ എന്ത് ചെയ്‌തെന്നും അതിനായി എത്ര മാത്രം വിഭവങ്ങൾ മാറ്റി വച്ച് എന്നും അവലോകനം ചെയ്യുന്നതും ഈ വികസന കൂട്ടായ്മയുടെ ഭാഗമായിരുന്നു, കാരണം വളരെ നല്ല നയങ്ങൾ ഉണ്ടാക്കിയിട്ട് അത് നടപ്പിലാക്കാൻ വേണ്ട അവശ്യ വിഭവം നൽകിയില്ലെങ്കിൽ ആ നയങ്ങൾ കടലാസു പുലികൾ മാത്രമായിരിക്കും. പല വനിതാ ക്ഷേമ പരിപാടികളും ഉദ്‌ഘാടനത്തിനു ശേഷം ആരും കേൾക്കാതെ പോലും പോകുന്നതിനു കാരണം വിഭവ നീക്കിയിരിപ്പില്ലാത്തതാണ്. വേറൊരുതരത്തിൽ പറഞ്ഞാൽ പ്രസംഗത്തിലുള്ള വനിതാ ക്ഷേമ സ്നേഹം പ്രവൃത്തിയിൽ വരുന്നുണ്ടോ എന്ന് കൃത്യമായും അവലോകനം ചെയ്യാനുള്ള വളരെ വ്യക്തതയും സുതാര്യതയും ഉള്ള വഴിയാണ് ജൻഡർ ബജറ്റിങ്.

2001ലാണ്  ഇന്ത്യ ഗവണ്മെന്റ് ജെൻഡർ ബജറ്റിങ്ങിനുള്ള പ്രവൃത്തികൾ തുടങ്ങുന്നത്. ആദ്യം ഒരു പഠനം, പിന്നെ അതിന്റെ പുറത്തു പല ബൗദ്ധിക തല പ്രവർത്തനങ്ങൾ, 2005 ൽ കരട് നയങ്ങൾ. പല സാമ്പത്തിക ശാസ്ത്രജ്ഞരും സ്ത്രീ സംഘടനകളും കേന്ദ്ര ബജറ്റിന്റെ ജെൻഡർ റിപോർട്ടുകൾ ഇറക്കാൻ തുടങ്ങി. 2013 ൽ കേന്ദ്ര സർക്കാർ ജെൻഡർ ബജറ്റിന്റെ നിർദേശങ്ങളും നയങ്ങളും സംസ്ഥാനങ്ങൾക്ക് നൽകി. കേരളം 2016 ലെ ബജറ്റിൽ വനിതാ ക്ഷേമ പരിപാടികളെ ഒറ്റ തലക്കെട്ടിൽ  കൊണ്ടുവന്നു.

സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ കേരളം സൈദ്ധാന്തികമായി ഒരുപാട് വളർന്നെങ്കിലും നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ അത്ര പ്രതിഫലിച്ചിട്ടില്ല - സ്ത്രീകൾ പാർശ്വവത്കരിക്കപ്പെട്ട ഒരു ഗ്രൂപ്പ് മാത്രമാണ്. ഈ സ്ത്രീകൾക്കായി നീക്കിയിരുത്തിയ വിഭവത്തിന്റെ രീതിയിൽ കുറച്ചേക്കോ അത് പ്രതിഫലിക്കുന്നുമുണ്ട്. സ്ത്രീ സുരക്ഷയിൽ തുടങ്ങി വനിതാ വികസന പദ്ധതികളും നൈപുണ്യ വികസനവും തൊഴിൽ വികസനവും, ഉപജീവന സുരക്ഷയും, പിന്നെ ശിശുകേന്ദ്രങ്ങളും, വനിതാ ഹോസ്റ്റലുകളും, റെസ്റ്റ് റൂമുകളും, ശുചിമുറികളും ഒക്കെ ഇടം പിടിച്ചിട്ടുണ്ട്. വനിതാ വികസന കോര്പറേഷണനും, സ്ത്രീ വകുപ്പും ഭരണ കാര്യങ്ങൾക്കായി ഉണ്ട്. പദ്ധതി അടങ്കലിന്റെ 11.5 ശതമാനം സ്ത്രീകൾക്കായിട്ടുള്ളതാണ് ഇതിൽ 100 ശതമാനവും സ്ത്രീ ഗുണഭോകതാവ് മാത്രമായിട്ടുള്ള 64 സ്കീമുകളിലായി 1060.5 കോടി രൂപയും, സ്ട്രീകൾക്കായി പ്രത്യേക ഘടകമോ സ്ത്രീകളെ വേർതിരിച്ചെടുക്കാൻ പറ്റാവുന്ന 104 സ്കീമുകളിയായി 1266 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്.

Advertisment

പക്ഷെ ഇത് മാത്രം കൊണ്ട് സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ആവുമോ? കാരണം വൈകിട്ട്  പുറത്തിറങ്ങേണ്ടി വരുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രശ്നം ഒറ്റപ്പെടലിൽ നിന്നാണ് തുടങ്ങുന്നത്. പൊതു ഇടങ്ങളിൽ തൊഴിലിനും അല്ലാതെയും രാപകലില്ലാതെ ഇറങ്ങേണ്ടി വരുന്ന സ്ത്രീകൾക്ക് അതിനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക എന്നത് സർക്കാരിന്റെ കൂടെ ജോലി ആണ്. അത് കാലാകാലമായി തുടരുന്ന പദ്ധതി വിഹിതത്തെയും സ്ത്രീ സുരക്ഷാ/ ക്ഷേമ നീക്കിയിരുപ്പിനെ ഒരു കുടക്കീഴിൽ കൊണ്ടുവന്നാൽ നടപ്പിലാവുന്നതല്ല. അതിനു ധന മന്ത്രി മാത്രം വിചാരിച്ചാൽ പോരാ.

സ്ത്രീകളോടുള്ള കേരള സമൂഹത്തിന്റെ സമീപനം പിന്തിരിപ്പനാണ് - മന്ത്രി ആയാലും, ഉയർന്ന ഉദ്യോഗസ്ഥ ആയാലും സ്ത്രീക്ക് പറഞ്ഞിട്ടുള്ള ചില സാമൂഹികവും ഗാർഹികവും ആയ പരിധികൾക്കപ്പുറത്തു മാത്രമേ അവൾക്കു അംഗീകാരവും ബഹുമാനവും ഉള്ളു. പുരുഷൻ എന്നും പുരുഷൻ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. വേറൊരു തരത്തിൽ പറഞ്ഞാൽ കേരളത്തിലെ സ്ത്രീകൾ കാലത്തിനൊത്തു മുന്നോട്ടു പോയി - സാമ്പത്തികമായും, ബൗധികമായും, ജീവിത വീക്ഷണത്തിലായാലും, പക്ഷെ പുരുഷൻ ഒരു ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ ആണ് നിലനിൽക്കുന്നത്. കാരണം ഒരു സമൂഹം സാമ്പത്തികമായി ഉയരുമ്പോൾ, കുടുംബ - സാമൂഹിക ബന്ധങ്ങളിൽ അതിന്റെ പ്രതിഫലനം ഉണ്ടാവും, വികസിത രാജ്യങ്ങൾ അങ്ങനെ മുന്നോട്ടു നീങ്ങിയവരാണ്, പക്ഷെ കേരളത്തിന്റെ കാര്യത്തിൽ, സാമ്പത്തികമായും ലോക പരിചയത്തിലും കേരള കുടുംബങ്ങൾ വികസിത രാജ്യങ്ങൾക്കു ഒപ്പമായെങ്കിലും അതിനൊപ്പം വരേണ്ട വേറെ പല മാറ്റങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല, അത് പിന്തിരിപ്പൻ രീതിയിലും ആയി. അതിനെന്തു ചെയ്യേണ്ട എന്ന് ചോദിച്ചാൽ ഒന്നേയുള്ളു, ഒരു സ്കീമുകളിലും പെടാത്ത, ദാരിദ്ര്യ രേഖയ്ക്കു മുകളിലുളള  (APL) കുടുംബങ്ങളിൽ നിന്നുള്ള, വിദ്യാഭ്യാസവും സാമാന്യ ജീവിത സാഹചര്യങ്ങളും ഉള്ള ദളിതരോ, ആദിവാസികളോ അല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകൾക്കായി എന്ത് പരിപാടിയാണ് സർക്കാർ കൊണ്ട് വരുന്നത് എന്നതിനെ കേന്ദ്രികരിച്ചിരിക്കും. ഈ ബജറ്റിൽ ആ രീതിയിൽ ഒന്നുമില്ല എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി അശേഷം ഇല്ല.

ജെൻഡർ പാർക്കിന്റെ പ്രവർത്തന അജണ്ട തന്നെ അതിനു ഉദാഹരണമാണ്. ഒരു നല്ല തുക അതിനായി മാറ്റിവച്ചാലും അതിന്റെ പ്രവർത്തന മേഖല പരിമിതവും വളരെ ചെറിയ ശതമാനം സ്ത്രീകൾകളെ ലക്ഷ്യമിട്ടുമാണ്. ജെൻഡർ പാർക്കിന്റെ നിർദേശക / പ്രവർത്തന സംഘത്തിൽ വൈവിധ്യമുള്ള മേഖലകിൽ നിന്നുള്ള സ്ത്രീകളുടെ/ വിദഗ്‌ദ്ധരുടെ സാന്നിധ്യം അത്യാവശ്യമാണ്, അക്കാദമിക് വൈദഗ്‌ദ്ധ്യത്തിന് പരിമിതികൾ ഏറെ ഉണ്ട്. ജെൻഡർ പാർക്കിന്റെ പ്രവർത്തന മേഖല വിപുലപ്പെടണം. ജൻഡർ ബജറ്റും അതിന്റെ ഓഡിറ്റിംഗും ഒക്കെ നല്ല കാര്യം തന്നെ, പക്ഷെ അക്കാഡമിക് താല്പര്യങ്ങൾക്കപ്പുറം ഇവക്കു സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ഉന്നതിയിൽ എന്ത് മാറ്റം വരുത്താൻ കഴിഞ്ഞു എന്ന് നോക്കേണ്ടത് അത്യാവശ്യം ആണ്. എന്നാലേ ശരിയായ രീതിയിൽ എന്തെങ്കിലുമൊക്കെ താഴെക്കിടയിൽ നടക്കു. കാരണം വിഭവവും വൈഭവവും ഒത്തുചേർന്നാലേ ലക്ഷ്യത്തിലേക്കു നീങ്ങാനാവു.

Womens Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: