scorecardresearch

രചനയുടെ ആത്മാവ് തൊട്ടറിഞ്ഞ വിവർത്തക

47-ാം വയസിൽ ജീവിതത്തെ വിവർത്തനം ചെയ്ത് ഓർമ്മകളിലേക്ക് നടന്നുപോയ പ്രതിഭാധനയായ വിവർത്തക സുഭദ്ര പരമേശ്വരനെ ഓർമ്മിക്കുകയാണ് എഴുത്തുകാരിയും വിവർത്തകയുമായ ഡോ. രതി മേനോൻ

47-ാം വയസിൽ ജീവിതത്തെ വിവർത്തനം ചെയ്ത് ഓർമ്മകളിലേക്ക് നടന്നുപോയ പ്രതിഭാധനയായ വിവർത്തക സുഭദ്ര പരമേശ്വരനെ ഓർമ്മിക്കുകയാണ് എഴുത്തുകാരിയും വിവർത്തകയുമായ ഡോ. രതി മേനോൻ

author-image
Rathi Menon
New Update
Subhadra Parameswaran Translation

ഇന്റർനാഷ്ണൽ ഫെഡറേഷൻ ഓഫ് ട്രാൻസലേറ്റേഴ്സ് ആണ് 1991 ൽ ആദ്യമായി ഒരു അന്താരാഷ്ട്ര വിവർത്തന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. 2017 ൽ യുഎൻ സെപ്റ്റംബർ 30 അന്താരാഷ്ട്ര വിവർത്തന ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Advertisment

വിവർത്തനം കേവലം പദം പരിഭാഷപ്പെടുത്തലല്ല. അത് രണ്ടു ഭാഷകൾക്കും അതു സംസാരിക്കുന്ന ജനങ്ങൾക്കും അവരുടെ സംസ്കാരത്തിനും ഇടയിലുള്ള പാലമാണ്. അതിന്റെ ദൗത്യം ചെറുതല്ല. ഈ പ്രാധാന്യം ബോധ്യപ്പെടുത്താനും വിവർത്തകരെ രണ്ടാം തരം എഴുത്തുകാരായി കാണുന്ന രീതിയെ പ്രതിരോധിക്കാനും ഇത്തരം സംരംഭങ്ങൾ സഹായകമായേക്കാം.

വിവർത്തനത്തിന്റെ പല വശങ്ങളെ ഉയർത്തി കാണിക്കാൻ ഉപയുക്തമായ ഒരു വിഷയം എല്ലാ കൊല്ലവും സ്വീകരിക്കാറുണ്ട്. ഇക്കൊല്ലത്തെ വിഷയം 'Translation, an art worth protecting' എന്നാണ്. ഇതോടൊപ്പം തന്നെ രണ്ടു സംസ്കാരങ്ങളെ സംയോജിപ്പിക്കാൻ വിവർത്തനങ്ങളിലൂടെ പരിശ്രമിച്ച പ്രതിഭകളെ ഓർക്കാനുള്ള ഒരവസരം കൂടിയാണിത്.

മലയാളത്തിൽ വിവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബൈബിൾ വിവർത്തനങ്ങളിലൂടെയാണ്. നിരവധി മിഷനറിമാർ ഇത് നിർവഹിച്ചു. പുലിക്കോട്ടിൽ ജോസഫ് ഇട്ടൂപ്പ്, ഫിലിപ്പോസ് റംമ്പാൻ, ക്ലോഡിയസ് ബുക്കാനൻ, കോളിൻ മെക്കാളെ, ബെഞ്ചമിൻ ബെയ്‌ലി, ഗുണ്ടർട്ട് എന്നിവരെല്ലാം പല തരത്തിൽ വിവർത്തനത്തെ സഹായിച്ചവരാണ്.

Advertisment

താമസിയാതെ 'Pilgrims Progress' എന്ന യാത്രാ വിവരണ ഗ്രന്ഥത്തെ 'പരദേശി മോക്ഷ യാത്ര' എന്ന പേരിൽ ആർച്ച് ഡീക്കൻ കോശിയും 'ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്' എന്ന കൃതി 'ക്രിസ്ത്വനുകരണം' എന്ന പേരിൽ തോമ കത്തനാരും വിവർത്തനം ചെയ്തു. അതോടെ വിവർത്തനത്തിന്റെ ശക്തിയും സംസ്കാരിക മുന്നേറ്റത്തിൽ വിവർത്തന ഗ്രന്ഥങ്ങൾക്കുള്ള പ്രാധാന്യവും മനസിലാക്കി. പല മേഖലകളിൽനിന്നുള്ള ഗ്രന്ഥങ്ങളും പല ഭാഷകളിൽനിന്നുള്ള ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ടു.

ഇതര ഭാരതീയ ഭാഷകളിൽനിന്നും പല ലോക ഭാഷകളിൽ നിന്നും മലയാളത്തിലേക്കും തിരിച്ചും പരിഭാഷകൾ നടന്നു. വിവർത്തകർ രണ്ടാം കിടക്കാരാണെന്ന ധാരണയ്ക്ക് ഇന്ന് ഒട്ടാകെ മാറ്റം വന്നിട്ടുണ്ട്.

1989 ൽ കേന്ദ്ര സാഹിത്യ അക്കാദമിയും 1992 ൽ കേരള സാഹിത്യ അക്കാദമിയും വിവർത്തനത്തിനു പ്രത്യേക പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. തൊണ്ണൂറുകളുടെ മധ്യത്തോടെ വിവർത്തനങ്ങൾ ധാരാളമായി പുറത്തു വന്നു തുടങ്ങി. മലയാളത്തിൽ 1950 മുതൽ 2000 വരെ പുറത്തു വന്ന പുസ്തകങ്ങളിൽ 15 ശതമാനം വിവർത്തനങ്ങളാണെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ('പരിഭാഷ ചെറിയ പണിയല്ല' - പി. രാംകുമാർ, 2023 സെപ്റ്റംബർ 30).

ഇന്ന് വിവർത്തകരെ ഗൗരവമായി പരിഗണിക്കുന്നുണ്ടെങ്കിലും വിവർത്തന സാഹിത്യത്തിൽ കാതലായ സംഭാവനകൾ നൽകിയിട്ടും ആ നാൾ വഴികളിൽ മിക്കവാറും പരാമർശിക്കപ്പെടാതെ പോകുന്ന ഒരു പേരുണ്ട് - സുഭദ്ര പരമേശ്വരൻ.

സാഹിത്യ ചരിത്രത്തിൽ അവരെ രേഖപ്പെടുത്തിയിട്ടുള്ളത് ഡോ. എം. ലീലാവതിയാണ് ('സ്ത്രീ സ്വത്വാവിഷ്കാരം മലയാള സാഹിത്യത്തിൽ', 2008, പേജ് 281).  നാല് ബൃഹത് ഗ്രന്ഥങ്ങളും മറ്റ് ഒട്ടനവധി കൃതികളും പല യൂറോപ്യൻ ഭാഷകളിൽ നിന്നും വിവർത്തനം ചെയ്തിട്ടുള്ള സുഭദ്ര പരമേശ്വരൻ വിവർത്തന ചരിത്രത്തിന്റെ ആദ്യകാലങ്ങളിൽ നൽകിയ സംഭാവന വലുതാണ്.

Subhadra Parameswaran Translation

സുഭദ്ര പരമേശ്വരൻ, 1962 ലാണ് റഷ്യക്കാരനായ ബോറിസ് പോളിവോയ്‌യുടെ 'ഒരു യഥാർത്ഥ മനുഷ്യന്റെ കഥ' എന്ന നോവൽ വിവർത്തനം ചെയ്യുന്നത്. റഷ്യൻ സൈന്യം നാസികൾക്കെതിരെ നടത്തിയ ധീരമായ പോരാട്ടമാണ് നോവലിലെ പ്രമേയം. രണ്ടു കാലും യുദ്ധത്തിൽ നഷ്ടപ്പെട്ടിട്ടും പൊയ്ക്കാലിൽ വിമാനം പറത്തി യുദ്ധ ലക്ഷ്യം തേടുന്ന അലക്സി എന്ന വൈമാനികനാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഇത് ശരിക്കുള്ള ഒരു വൈമാനികനാണ്. ഒരു യഥാർത്ഥ മനുഷ്യൻ, ഒരു സോവിയറ്റ് വൈമാനികനാണ് എന്നു വിശ്വസിക്കുന്ന അലക്സി. കാലില്ലാത്ത വൈമാനികൻ! ഒരു പോർ വിമാനത്തിലെ പൈലറ്റ്.

ഒരു ദിവസം ഏഴ് ആക്രമണത്തിൽ പങ്കെടുത്ത് മൂന്നു ശത്രു വിമാനങ്ങളെ താഴെ വീഴ്ത്തിയ പൈലറ്റ്. അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഇച്ഛാശക്തിയുടെ കഥയാണ് 'ഒരു യഥാർത്ഥ മനുഷ്യന്റെ കഥ.' പത്രപ്രവർത്തകനായിരുന്ന പോളിവോയ് യുദ്ധഭൂമിയിൽ വച്ച് പരിചയപ്പെട്ട ഈ യുവാവിന്റെ കഥ നോവലാക്കുകയായിരുന്നു. ജീവിതം കൊഴിഞ്ഞു പോയി എന്നു തോന്നുന്നവർക്ക് അവരുടെ സത്ത വീണ്ടെടുക്കാൻ പ്രചോദനം നൽകുന്ന ഈ കൃതി പ്രചുര പ്രചാരം നേടുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.

വളരെ ലളിതമായ ഹൃദ്യമായ ശൈലിയിലാണ് ഈ നോവൽ സുഭദ്ര പരമേശ്വരൻ വിവർത്തനം നടത്തിയിരിക്കുന്നത്. ഉദാഹരണം നോക്കാം ''എല്ലുകൾ അറുത്തു മുറിച്ചപ്പോഴത്തെ വേദന ഭയാനകമായിരുന്നു, പക്ഷേ വേദന അനുഭവിക്കുക എന്നത് ചിരപരിചിതമായിരുന്നു അയാൾക്ക്. വെളുത്ത കമ്പിളി തുണി കൊണ്ട് മുഖം മറച്ച് ശുഭ്രവസ്ത്രധാരികളായ മനുഷ്യർ എന്താണു തന്റെ കാലിൽ ചെയ്യുന്നതെന്നുപോലും അയാൾക്കു മനസിലായില്ല. വാർഡിലേക്ക് കൊണ്ടു പോകുന്ന വഴി അയാളുടെ ബോധം മറഞ്ഞു.'' എത്ര ലളിതമായ പരിഭാഷ!

പരിശുദ്ധമായ സ്വന്തം മണ്ണിൽ അതിക്രമിച്ചു കയറിയ ശത്രുവിനോട് എതിരിടുന്നതിൽ അദ്വിതീയമായ ധീരതയും ചുണയും പ്രദർശിപ്പിച്ച് അദ്ഭുതകരമായ മാതൃക കാണിച്ച ആ സോവിയറ്റ് ഉദ്യോഗസ്ഥൻ പിന്നീട് വിശ്വ സമാധാനത്തിന്റെ കരുത്തുറ്റ പ്രചാരകനായ മാറി. യുദ്ധത്തെ ധൈര്യത്തോടെ നേരിട്ടിട്ടും അതിന്റെ നൈഷ്ഫല്യത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന ഈ വൈമാനികന്റെ കഥ പരിഭാഷപ്പെടുത്താൻ സമാധാനം പരമേശ്വരന്റെ ഭാര്യ താൽപര്യപ്പെട്ടതിൽ അദ്ഭുതമില്ല.

അലക്സിയുടെ മാനസിക പരിവർത്തനമാണ് ഈ നോവലിനെ മനോഹരമാക്കുന്നത്. അന്താരാഷ്ട്ര സംസ്കാരത്തിന്റെയും സഹകരണത്തിന്റെയും വക്താവായി പ്രവർത്തിച്ച ഒരു വ്യക്തി തന്റെ പ്രത്യയ ശാസ്ത്രത്തെ തന്നെയാണ് ഈ നോവലിൽ കണ്ടെത്തിയത്. 'ഒരു യഥാർത്ഥ മനുഷ്യന്റെ കഥ' ഒരു വ്യക്തിക്കും അതിജീവനത്തിന്റെ കഥ മാത്രമല്ല. വിശ്വ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകം കൂടിയാണ്.

ബുഹന്‍വാൾഡ് തടങ്കൽ പാളയത്തിലെ സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ബ്രൂണോ അപിറ്റ്സ് രചിച്ച ജർമ്മൻ നോവലാണ് 'ചെന്നായ്ക്കൾക്കിടയിൽ.' നാസി വിരുദ്ധ പ്രവർത്തനങ്ങൾ മൂലം ജയിലിൽ അടക്കപ്പെട്ട അപിറ്റ്സിനെ വിവിധ ബുക്ൻവാൾഡ് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പാർപ്പിച്ച് കഠിനമായ പീഡനത്തിന് നാസികൾ വിധേയമാക്കി. അതുകൊണ്ടുതന്നെ തന്റെ മുറിവുകളെ, നീറ്റലുകളെ, വേദനകളെ കൃത്യമായി വാക്കിൽ പകരാൻ അപിറ്റ്സിനു കഴിയുന്നുണ്ട്. അത് അതേ തീവ്രതയോടെ സുഭദ്ര പരമേശ്വരൻ മലയാളിയുടെ മനസ്സിലേക്ക് വിവർത്തനം ചെയ്തു.

Subhadra Parameswaran Translation

''നാറുന്ന, മുറിക്കകത്ത് തൊട്ടുരുമ്മി നിൽക്കുകയായിരുന്നു ആ സാധുക്കൾ. പെട്ടെന്ന് അടിച്ച ജീവവായു മൂലം പലർക്കും തലചുറ്റൽ അനുഭവപ്പെട്ടു. എസ്എസുകാരുടെ കൂക്കി വിളി കേട്ട് അവർ ഉരുണ്ടും പിരണ്ടും ഞെങ്ങി ഞെരുങ്ങി പാതയിലൂടെ പ്രവഹിക്കാൻ തുടങ്ങി. ബാക്കിയുള്ള എസ്എസുകാർ അവരെയെല്ലാം ആട്ടിത്തളിച്ചു കൂട്ടി നിർത്തി. തീവണ്ടി മുറികൾ അവരുടെ ഉള്ളടക്കത്തെ പുറത്തേക്കു തുറന്നുവിട്ടു, പൊട്ടിയ കുരുവിൽ നിന്ന് ചോരയും ചലവും ഒഴുകുന്നതുപോലെ (പേജ്-11).''

പൂട്ടിയിട്ട മുറിയുടെ ഒരു മൂലയിൽ ഫോർസ്നെ മുട്ടുകുത്തി വീണ്ടും അയാളുടെ ശക്തിയുടെ അവസാന കണികയും കൂടെ കണ്ണുനീരായി പുറത്തേക്ക് ഒഴുകി. ആ കണ്ണുനീരിലൂടെ അയാൾക്ക് കിട്ടിയ ആശ്വാസം അയാളുടെ ജീവിതത്തിലെ ഏറ്റവും പരമമായ മാധുര്യമൂറുന്ന ഒഴുക്കോടെയാണ് വിവർത്തനം സാധ്യമാക്കിയിട്ടുള്ളതെന്ന് പറയേണ്ടതില്ലല്ലോ. ലോകമെമ്പാടും ഫാസിസ്റ്റ് പ്രവണതകൾ ഉയിർകൊള്ളുമ്പോൾ അതിന്റെ ഭീകര മുഖം അനാവരണം ചെയ്യുന്ന ഈ നോവലിന് പ്രസക്തി ഏറെയാണ്. അത് മലയാളത്തിന് പരിചയപ്പെടുത്തിയ സുഭദ്ര പരമേശ്വരനോട് കേരളം കടപ്പെട്ടിരിക്കുന്നു.

'നുകത്തിനടിയിൽ' എന്ന ബൾഗേറിയൻ നോവൽ വിമോചനത്തിലേക്കുള്ള ബൾഗേറിയൻ ജനതയുടെ ജീവിതം വരച്ചു കാട്ടുന്നു. ബൾഗേറിയൻ സാഹിത്യത്തിലെ മികച്ച കൃതികളിൽ പ്രസിദ്ധമായ സോഷ്യലിസ്റ്റ് റിയലിസ്റ്റിക് നാടകം 'ഓപ്പറേഷൻ തിയേറ്റർ', 'മണിമുഴക്കം' എന്ന റഷ്യൻ നാടകം, 'വീണ്ടും ജീവിതത്തിലേക്ക്,' 'മരുമകൻ' എന്നീ റഷ്യൻ കൃതികളുടെ വിവർത്തനം, 'രണ്ടു കാമുകന്മാർ' എന്ന പ്രസിദ്ധ റഷ്യൻ നാടകം, 'ആദ്യ പ്രേമം' എന്ന റഷ്യൻ നോവൽ, റഷ്യൻ ഹോട്ടോ ബീച്ച് കഥകൾ കൂടാതെ ബൾഗേറിയൻ നാടോടിക്കഥകൾ എന്നിവയെല്ലാം സുഭദ്ര പരമേശ്വരൻ മലയാളിക്കു പരിചയപ്പെടുത്തി.

ലാസർ ലാഗിന്റെ റഷ്യൻ ബാല സാഹിത്യ കൃതി 'ആയിരത്തൊന്നു രാവുകൾ' എന്ന പേരിൽ സുഭദ്ര പരമേശ്വരൻ വിവർത്തനം ചെയ്തിട്ടുണ്ട്. തടങ്കലിലാക്കപ്പെട്ട ജിന്ന് ഒരു സ്കൂൾ കുട്ടിയുടെ സഹായത്തോടെ പുറത്തു വരുന്നതും, മാറിയ സാഹര്യവുമായി പൊരുത്തപ്പെടാൻ അതു നടത്തുന്ന ശ്രമങ്ങളുമാണ് ഇതിൽ വിവരിക്കുന്നത്. കുട്ടികളെ ചേർത്തു നിർത്തുന്ന അവതരണശൈലി ഇതിന്റെ പ്രത്യേകതയാണ്.

Subhadra Parameswaran Translation

വിവർത്തനം മാത്രമല്ല രണ്ടു സ്വതന്ത്ര കൃതികൾ കൂടി സുഭദ്ര പരമേശ്വരൻ രചിച്ചിട്ടുണ്ട്. 'ഭാരതീയ വനിത,' 'വനിതാലോകം' എന്നിവയാണവ. 1959 ൽ തിലകം പബ്ലിക്കേഷൻസ് പുറത്തിറക്കിയ 'വനിതാ ലോകം' പലപ്പോഴായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പതിനേഴ് ലേഖനങ്ങളുടെ സമാഹാരമാണ്.

ലോകത്തിന്റെ ഇതരഭാഗങ്ങളിലെ സോദരിമാരെപ്പറ്റി അറിയാനും അധികാരവും അവകാശവും അവർ എങ്ങനെ നേടി അത് എങ്ങിനെ പരിപാലിക്കുന്നു എന്ന അറിയിക്കാനുള്ള ഒരുദ്യമമായിട്ടാണ് ഈ പുസ്തകത്തെ ഗ്രന്ഥകർത്രി അവതരിപ്പിക്കുന്നത്. ബർമ്മ, ഇന്തോനേഷ്യ, വിയറ്റ്നാം, ജപ്പാൻ, കൊറിയ, ഈജിപ്ത്, തുർക്കി, ചീന തുടങ്ങി സോവിയറ്റ് റഷ്യ, ബൾഗേറിയ, യുഗോസ്ലാവിയ, ഗ്രീസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, കിങ്ഡം ഓഫ് നെതർലന്റ്സിന്റെ യൂറോപ്പിലുള്ള പ്രദേശമാണ് നെതർലന്റ്സ്, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിലെ സ്ത്രീ മുന്നേറ്റത്തിൻ്റെ ഹ്രസ്വ ചരിത്രമാണിതിൽ പ്രതിപാദിക്കുന്നത്.

വളരെ കുറച്ചു കാലം മാത്രമേ എഴുത്തിന്റെ മേഖലയിൽ സുഭദ്ര പരമേശ്വരന് വ്യാപൃതയാകാൻ കഴിഞ്ഞുള്ളൂ. മദ്രാസിൽ നിന്ന് എൽഎൽഎം പാസായ അവർ ഇരിങ്ങാലക്കുടയിലെ പ്രഥമ വനിതാ അഭിഭാഷകയും പ്രഥമ വനിതാ മുൻസിപ്പൽ കൗൺസിലറുമായിരുന്നു. ലോക സമാധാനത്തിനുവേണ്ടി അക്ഷീണം യത്നിച്ച സമാധാനം പരമേശ്വരന്റെ പത്നിയായ അവർ അദ്ദേഹത്തിന്റെ ഉദ്യമങ്ങളെ സാഹിത്യസപര്യയിലൂടെ പൂർത്തീകരിച്ചു. യുദ്ധത്തിന്റെ ഭീകരതയും ക്രൂരതയും വ്യർത്ഥയും വെളിപ്പെടുത്തുന്ന കൃതികളാണ് അവർ വിവർത്തനത്തിന് തിരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയമാണ്.

Subhadra Parameswaran Translation

'ചെന്നായ്ക്കൾക്കിടയിൽ' എന്ന കൃതി വിവർത്തനം ചെയ്യുമ്പോഴേക്കും അവർ അർബുദ ബാധിതയായി കഴിഞ്ഞിരുന്നു. വാസ്തവത്തിൽ രോഗത്തെ അവർ എഴുത്തു കൊണ്ടാണ് നേരിട്ടത്. സാങ്കേതിക വിദ്യകൾ വികസിക്കാത്ത കാലത്ത് കൃതികൾ ലഭ്യമാക്കി പാരായണ ക്ഷമതയോടെ വിവർത്തനം ചെയ്യുക എളുപ്പമുള്ള കാര്യമല്ല.

പുസ്തകത്തിന്റെ ലഭ്യത കൊണ്ടു മാത്രം വിവർത്തനം വിജയിക്കുകയില്ല. അതിന്റെ ആത്മാവു കണ്ടെത്തി രചിക്കപ്പെട്ട കാലത്തിന്റെ പശ്ചാത്തലം മനസിലാക്കി വിവർത്തനം ചെയ്താലേ ഉദ്യമം സഫലമാകൂ. ആ നിലയ്ക്ക്  സുഭദ്ര പരമേശ്വരന്റെ ഉദ്യമങ്ങളെ എത്ര ശ്ലാഘിച്ചാലും മതിയാകില്ല. മറ്റ് ഭാഷയിൽ നിന്നുള്ള കൃതികളെ മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ അതിലെ സർഗാത്മകത ഒട്ടും ചോർന്ന് പോകാതെ ഭാഷാപരമായി സുഭദ്രമാക്കിയാണ് അവർ ആ ദൗത്യം നിർവഹിച്ചത്. കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ മലയാള സാഹിത്യത്തിന് ഒരുപാടു സംഭാവനകൾ അവരിൽ നിന്നും ലഭിക്കുമായിരുന്നു എന്ന കാര്യം തീർച്ചയാണ്.

ഈ ദിനം, 47-ാം വയസിൽ ജീവിതത്തെ വിവർത്തനം ചെയ്ത് ഓർമ്മകളിലേക്ക് നടന്നുപോയ ആ പ്രതിഭാധനയായ വിവർത്തകയുടെ സ്മരണകളെ മലയാളിക്ക് വീണ്ടെടുക്കാനുള്ള അവസരമാകട്ടെ 

Features Memories Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: