വീടു പണിയാൻ ഇഷ്ടമുള്ളൊരു സ്ഥലം വാങ്ങി. അടുത്തത് പ്ലാൻ വരയ്ക്കണം. ആർക്കിട്ടെക്റ്റിനെ കാണാൻ പോയപ്പോൾ അയാൾ ഒരു ചോദ്യം.
“നിങ്ങളുടെ ദാമ്പത്യമെങ്ങനെ? സ്ട്രോങ്ങ് ആണോ?”
ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഒന്ന് നോക്കി. എന്താണീ ചോദ്യത്തിന്റെ അർത്ഥം.
ഒരു സങ്കടപ്പുഴ ഒരുമിച്ച് നീന്തിയതാണ്. കൈകോർത്തുതന്നെ പിടിച്ചാണ് അത് താണ്ടിക്കടന്നത്. ഒരാൾ തളർന്നപ്പോൾ മറ്റേയാൾ താങ്ങി. ഒരാൾക്ക് ഉറങ്ങാനായി മറ്റേയാ ൾ കണ്ണിലുറക്കവുമായി എഴുന്നേറ്റിരുന്നു. ഇനിവയ്യ മുന്നോട്ട് എന്ന് ഒരാൾ പറഞ്ഞപ്പോൾ ഇനിയും പറ്റുമെന്ന് ധൈര്യം തന്നു മറ്റേയാൾ. അങ്ങനെയുള്ള ഞങ്ങളോടാണ് ആർക്കിട്ടെക്റ്റിന്റെ അലക്ഷ്യമായ, എന്നാൽ അത്ര അലക്ഷ്യമല്ലാത്ത ഈ ചോദ്യം.
“ഞാനിത് പറയാൻ കാര്യം, പ്ലാൻ വര ഘട്ടത്തിൽ സന്തോഷമായിവരുന്ന പല ദമ്പതികളും വീടു പണി തീരാറാവുമ്പോഴേയ്ക്കും ഡിവോഴ്സിൽ കലാശിയ്ക്കുന്നതായി കണ്ടിട്ടുണ്ട്. നേരത്തെ ഒരു മുന്നറിയിപ്പ് തന്നില്ലാന്നു വേണ്ടാ,” ആർക്കിട്ടെക്റ്റ് വിശദീകരിച്ചു.
ഒരുമിച്ചു നടന്നവഴികൾ ഒരു റീല് പോലെ രണ്ടുപേരുടെയും മനസ്സിൽ മിന്നി മറഞ്ഞത് കൊണ്ടാവാം ‘സ്ട്രോങ്ങ് ‘ ആണെന്ന് ഞങ്ങൾ രണ്ടുപേരും മത്സരിച്ചാണ് തലയാട്ടിയത്.
പ്ലാൻ വര തുടങ്ങുന്നതിനുമുൻപ് ഞാൻ എന്റെ ഇഷ്ടങ്ങൾക്ക് വ്യക്തത വരുത്താൻ വീടിന്റെ ഉൾമുറികൾ എങ്ങനെ വേണമെന്ന് ഇറ്റർനെറ്റിൽ പരതാൻ തുടങ്ങി. ഹൗസ് (Houzz ) എന്ന വെബ് പേജ്, ജോലി ചെയ്യുമ്പോഴെല്ലാം എന്റെ സ്ക്രീനിൽ തുറന്നു തന്നെകിടന്നു. Pinterest, Instagram, മറ്റ് ഇന്റീരിയർ ഡെക്കറേഷൻ പേജുകളിലൊക്കെ അലയാൻ ജോലി ഒരു തടസ്സമേ ആയില്ല.
കോട്ടയംകാരന്റെ കർഷകമനസ്സുമായി ഭർത്താവ് ഐടിക്കുപ്പായത്തിൽ കയറികൂടിയിട്ട് വർഷം കുറേയായി. ഷിക്കാഗോയിലെ കടുത്ത മഞ്ഞിൽ ‘ഹരിതാഭ, പച്ചപ്പ്’ എന്നാകുലപ്പെട്ട് ജീവിതം അതിവേഗം മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെ വീടിനോട് ചേർന്ന് ഒരു ഗ്രീൻ ഹൗസ് വേണമെന്നുള്ളത് ഭർത്താവിന്റെ ഒരു വല്യമോഹമായിരുന്നു. അതിലൊരിഞ്ച് സ്ഥലം പോലും പൂച്ചെടിവയ്ക്കാൻ എനിയ്ക്ക് തരില്ലായെന്ന് പ്ലാൻ വര തുടങ്ങുന്നതിനുമുൻപ് തന്നെ ഭർത്താവ് പ്രഖ്യാപിച്ചു. ഇതുവരെയുള്ള അനുഭവം വച്ച് എനിക്ക് തന്നാൽ ഒട്ടകത്തിനു സ്ഥലം കൊടുക്കുന്നതുപോലെ ആകുമത്രെ.
ഞാൻ ക്ഷമയുള്ള ആളാണ്.
ഭർത്താവിന് ആദ്യത്തെ താൽപ്പര്യം തീർന്നുകഴിഞ്ഞാൽ ഈ സ്ഥലം എന്റെ പൂച്ചെടികൾക്കായി എന്റെകൈയിൽ തന്നെ വരുമെന്ന് എനിയ്ക്കറിയരുതോ. എന്തായാലും ഗ്രീൻഹൗസ് മുഴുവനായും വച്ചനുഭവിച്ചോ എന്ന് ഞാൻ സമ്മതം മൂളി.
പക്ഷെ വീടിന്റെ മുൻവശവും പിറകുവശവും എന്റെ ചെടികൾക്ക് എന്ന് എന്ന് ഞാൻ അതിര് തിരിച്ചു.
‘വീടിന്റെ ഇടതുവശം എന്റെ പച്ചക്കറി തോട്ടത്തിനു, വലതുവശം മുന്തിരിച്ചെടികൾക്കും,’ എന്ന് ഭർത്താവും അവകാശം പറഞ്ഞു. വീടിന്റെ ഉൾവശം ഞാൻ ചെയ്തോളാമെന്നു പറഞ്ഞ് അത് മുഴുവനായും ഞാൻ ഏറ്റെടുത്തു.
എത്രമുറി വേണം, മുറിയുടെ ലേ ഔട്ട് എങ്ങനെ വേണം, തറയിൽ ഹാർഡ്വുഡ് വേണോ, ഗ്രാനൈറ്റ് വേണോ, ടൈൽസിന്റെ നിറം, ഒന്നിലും ഭർത്താവ് കൈകടത്തില്ല എന്ന് ഉറപ്പുതന്നു.
അങ്ങനെ വീടെന്റേതും ഗ്രീൻഹൗസ് ഭർത്താവിന്റേതുമായി തുല്ല്യമല്ലാത്ത ഒരു വീതം വയ്പ് നടത്തി, ഒരാളുടെ ഇഷ്ടത്തിൽ മറ്റേ ആൾ കൈകടത്തില്ലെന്ന നിശ്ശബ്ദ വാഗ്ദാനവുമായി ഞങ്ങൾ വീടിന്റെ പ്ലാൻ വര എന്ന ആദ്യ ഘട്ടത്തിലേയ്ക്ക് വലതുകാൽ വച്ച് കയറി.
ആഗ്രഹിച്ചതിൽ കൂടുതൽ വലിപ്പമായോയെന്ന് സംശയം തോന്നിയപ്പോൾ ‘ലൈപൊസക്ഷന്’ (Liposuction) വീണ്ടും ആർകിട്ടെക്റ്റിനു് കൊടുത്തു. പ്ലാൻ മാറ്റിയും മറിച്ചും ഞങ്ങൾക്ക് മുഷിഞ്ഞുതുടങ്ങി.
ഞാൻ വീടിന്റെ ഉൾത്തടങ്ങളിൽ ശ്രദ്ധ കൊടുത്തപ്പോൾ നാനൂറ് സ്ക്വയർഫീറ്റ് ഉള്ള ഗ്രീൻഹൗസ് എങ്ങനെ സജ്ജീകരിക്കണമെന്ന് ഭർത്താവ് വിശദമായി പഠിച്ചുകൊണ്ടിരുന്നു. ഒപ്പം അതിൽ വളർത്താനുദ്ദേശിയ്ക്കുന്ന ചെടികൾ എവിടെനിന്ന് വാങ്ങണമെന്ന് കാറ്റലോഗുകളിൽ പരതാൻ തുടങ്ങി.
ചെടികൾ വാങ്ങുന്ന കാര്യത്തിൽ ഇത്തിരി അതിമോഹം കൂടുതലല്ലേയെന്ന് ഭർത്താവ് ഓർഡർ ചെയ്തുവച്ചിരിയ്ക്കുന്ന ചെടികൾ കണ്ടപ്പോൾ തോന്നി. മാവ്, മൗറീഷ്യസ് ലിച്ചി, മാതളനാരങ്ങ, അവക്കാഡൊ…അങ്ങനെ പലതും.
മുഴുവനായും താപനില നിയന്ത്രിച്ച ഒരു അന്തരീക്ഷമാണ് ഗ്രീൻഹൗസിൽ ഉള്ളതെങ്കിലും ഷിക്കാഗോയിൽ മാവ്, ലിചി ഒക്കെ കായ്ഫലം കാണുമെന്ന് എനിയ്ക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. പക്ഷെ കൈകടത്തരുതെന്ന നിർദ്ദേശം ഉള്ളതുകൊണ്ട് വാക്കുകൾ വിഴുങ്ങി ‘അനുഭവിച്ചോ’ എന്ന് ഉള്ളിൽ പറഞ്ഞ് ഞാൻ വെറും കാഴ്ചക്കാരിയായി.
വായിലും മനസ്സിലും ഒരുപോലെ കയ്പ് തികട്ടിവന്നത് ആ ലിസ്റ്റിലെ ഒരെയൊരു ചെടി കണ്ടിട്ടാണ്. ബ്രഹ്മിയായിരുന്നു ആ താരം! അതിനു വ്യക്തമായ കാരണമുണ്ട്.
കേരളത്തിൽ കർക്കിടകം തുടങ്ങുമ്പോഴെ മമ്മി തൊടുപുഴയിലുള്ള സകല ആയുർവേദ ഡോക്ടർമ്മാരുടെയും അടുക്കൽ കയറിയിറങ്ങാൻ തുടങ്ങും.
ശരീരം ഇളതാകുന്ന സമയമാണ്. ഈ സമയത്ത് ശരീരരക്ഷ ചെയ്താൽ ഫലം ഇരട്ടിയാകുമെന്ന് മമ്മിയോട് ഏതോ ആയുർവേദ ഡോക്ടർ പറഞ്ഞതിന്റെ വെളിച്ചത്തിലാണ് മമ്മി കർക്കിടകത്തിലെ പീഡനപരമ്പര തുടങ്ങുന്നത്.
ബുദ്ധിയും ഓർമശക്തിയും കൂടാനുള്ള എന്തെങ്കിലും നെയ്യോ,ലേഹ്യമോ ഉണ്ടോ എന്നുള്ളതാണ് മമ്മി പ്രധാനമായും അന്വേഷിക്കുന്നത്.
ബ്രഹ്മീഘൃതം അങ്ങനെയാണ് മമ്മിയുടെ കൈയിൽ വന്നുപെട്ടത്. രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ കുളിച്ച് വെറുംവയറ്റിലെ ബ്രഹ്മി കഴിയ്ക്കാവൂ എന്നുകൂടി ആ ദുഷ്ട ഡോക്ടർ നിർദ്ദേശിച്ചിരുന്നു.ഈ സാധനം കിട്ടിയതോടെ മമ്മിയിൽ എന്തോ ബാധ കയറി കൂടിയതുപോലെയായി. എല്ലാറ്റിനും ഒരു പട്ടാളച്ചിട്ട.
ബ്രഹ്മമുഹൂർത്തത്തിൽ അലാം വച്ച് എഴുന്നേറ്റ് ഞങ്ങൾ നാലുമക്കളെയും വിളിച്ചെഴുന്നേൽപ്പിയ്ക്കും. മമ്മിയുടെ ബ്രഹ്മമുഹൂർത്തം തുടങ്ങുന്നത് നാല് മണിയ്ക്കാണ്. അത്രയും ആശ്വാസം!
ഉറക്കം മാറാത്ത ഞങ്ങളെ കുളിമുറിയിലേയ്ക്ക് വിട്ട് മമ്മി പുറത്തുകാവൽ നിൽക്കും.നനഞ്ഞ പൂച്ചകുഞ്ഞുങ്ങളെപ്പോലെ വിറച്ച് പുറത്തിറങ്ങുന്ന ഞങ്ങൾക്ക് സ്പൂണിൽ നെയ്യുമായി മമ്മി കാത്തുനിൽക്കുന്നുണ്ടാവും. നെയ്യ് നാവിൽ തൊടുന്ന ആ ഒരു സെക്കൻഡ് ജീവിതത്തിലൊരിയ്ക്കലും മറക്കില്ല. കയ്പെന്നുപറഞ്ഞാൽ ഇതുപോലുള്ളൊരു കയ്പ് ഞനെന്റെ ജീവിതത്തിൽ വേറെ അറിഞ്ഞിട്ടില്ല. മമ്മി മിലിട്ടറി ക്യാമ്പിലെ ക്യാപ്റ്റ്നെ പോലെ തൊട്ടുമുന്നിൽ നിൽക്കുന്നതുകൊണ്ട് അതു തുപ്പിക്കളയാനും വയ്യ.
‘ജീവിതം ചെന്നിനായകം നല്കിലും നീയതും മധുരിപ്പിച്ചൊരത്ഭുതം’ എന്ന് എഴുതിയ കവയത്രി എന്നെങ്കിലും ബ്രഹ്മി കഴിച്ചുനോക്കിയിട്ടുണ്ടോ ആവോ?
ജീവിതം ബ്രഹ്മമുഹൂർത്തത്തിൽ ഒരു വലിയ സ്പൂൺ ബ്രഹ്മി വച്ച്നീട്ടിയിട്ട് ആ കയ്പ് ‘മധുരിപ്പിച്ച് അത്ഭുതമാക്കാൻ’ പറഞ്ഞാൽ എനിയ്ക്കെന്നല്ല ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല.
പോട്ടെ, കയ്പ് കുറയ്ക്കാൻ ഒരു ഗ്ലാസ്സ് ബോൺവിറ്റയോ ഹോർലിക്സോ ഉണ്ടാക്കിതരാമായിരുന്നു മമ്മിയ്ക്ക്. അതുപോലും തരാതെയാണ് ഈ ബ്രഹ്മീഘൃതപീഡനം കഴിഞ്ഞ് അടിമുടി കയ്പിൽ വരിവരിയായി ഞങ്ങൾ പഠനമുറിയിലേയ്ക്ക് നീങ്ങുമ്പോൾ ഒരുകൂസലുമില്ലാതെ വിഘ്നംവന്ന ഉറക്കത്തിലേയ്ക്ക് മമ്മി വീണ്ടും മടങ്ങുന്നത്.
ഇത് ഒരു രണ്ടു മൂന്ന് മാസം തുടരും. അതുകഴിയുമ്പോഴേയ്ക്കും കാര്യങ്ങൾ കുറച്ച് ലളിതമായി തുടങ്ങും. ബ്രഹ്മമുഹൂർത്തത്തിലെ എഴുന്നേൽപ്പ്, ആരംഭശൂരത്വം, നിഷ്കളങ്കഹൃദയങ്ങളുടെ കരളുരുകിയുള്ള പ്രാർത്ഥന – ഇതൊക്കെയാകണം കാരണങ്ങൾ.
ആ പഴയ കർക്കിടകവില്ലനാണ് ഇവിടെ ഷിക്കാഗോയിലെ ഞങ്ങളുടെ ഗ്രീൻ ഹൗസിൽ പ്രധാന താരമായി എത്തിയിരിക്കുന്നത്. ‘സ്ട്രോങ്ങ്’ ആണെന്ന് തറപ്പിച്ചുപറഞ്ഞ ദാമ്പത്യം ഉലഞ്ഞും വലഞ്ഞും വീടുപണി വല്ലവിധേനയും പൂർത്തിയാക്കി.
സ്റ്റെയര്ക്കേസ് പണിയാൻ വന്ന ഉക്രേനിയക്കാരൻ മുഖം വീർപ്പിച്ച്, ‘ഞാൻ സ്ത്രീകളിൽ നിന്ന് ഓർഡർ എടുക്കില്ല’ എന്ന് എന്നോടും, ‘മിസ്റ്റർ തോമസ് , യുവർ വൈഫ് ഈസ് റ്റൂ ബോസ്സി, യൂ ഷുഡ് ഷൊ ഹെർ ഹൂ ഈസ് ദ റിയൽ ബോസ്സ് ഓഫ് ദ ഹൗസ്’ എന്ന് ഭർത്താവിനോടും ‘മാൻ-റ്റു-മാൻ റ്റോക്ക്’ നടത്തി.
സ്ത്രീകൾ പറഞ്ഞാൽ ഗൗനിയ്ക്കാത്ത ആ ഉക്രേനിയക്കാരനോട് പോയി പണിനോക്കാൻ ഞാൻ പറഞ്ഞു.
വീടുപണിയിൽ എന്റെ ഇടതും വലതുമായി നിന്ന റോബർട്ടൊ പലതവണ ‘ഇനി ഞാൻ മിസ്സ്. പ്രിയയുടെ കൂടെ പണിയില്ല’ എന്നു പറഞ്ഞ് പിണങ്ങിപ്പോയപ്പോൾ മാത്രം എനിയ്ക്ക് സങ്കടമായി.
റോബർട്ടോയുടെ പിണക്കം മാറ്റാൻ വേണ്ടി മാത്രം ചിക്കു ഷേയ്ക്കും കേസഡിയയും (മെക്സിക്കന് ഡിഷ് Quesadilla) ഉണ്ടാക്കി ഞാൻ ഭർത്താവിന്റെ കൈവശം കൊടുത്തയച്ചു. അതോടെ പോയതിനേക്കാൾ വേഗതയിൽ റോബർട്ടോ തിരികെ വന്നു.
ഗ്രീൻ ഹൗസിൽ കൈകടത്തില്ല എന്ന് പറഞ്ഞെങ്കിലും തക്കം കിട്ടിയപ്പോഴെല്ലാം ഞാൻ അതിൽ തലയിട്ട്, വേണ്ടിടത്തും വേണ്ടാത്തിടത്തും എന്റെ ഇഷ്ടവും അനിഷ്ടവും കൃത്യമായി രേഖപ്പെടുത്തി ഭർത്താവിന്റെ സ്വൈര്യം കെടുത്തി.
വീടിന്റെ ഉൾവശങ്ങളിൽ ഇടപെടില്ല എന്നു പറഞ്ഞ ഭർത്താവ് കുറഞ്ഞത് പത്തു തവണയെങ്കിലും ഞാനുണ്ടാക്കിയ പ്രശ്നങ്ങളുടെ സന്ധിസംഭാഷണങ്ങൾക്ക് മദ്ധ്യസ്ഥനാകേണ്ടി വന്നു. എന്റെ മുൻ കോപം വരുത്തിയ വിള്ളലുകൾ അടയ്ക്കാൻ ഭർത്താവിന്റെ സൗമ്യത സിമന്റായി വേണ്ടിവന്നു.
സ്ത്രീകളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാൻ മടികാണിച്ച എല്ലാവരെയും വൺ, റ്റൂ, ത്രീ എന്ന് ഞാൻ പറഞ്ഞുവിട്ട് തുടങ്ങിയപ്പോൾ ഭർത്താവ് ‘ആസ്ട്രേലിയയിൽ പോയി ചേച്ചിമാരെയൊക്കെ കാണാൻ ആഗ്രഹം തോന്നുന്നില്ലെ’ എന്നു ചോദിച്ച് എന്നെ നിർബന്ധിത അവധിയ്ക്ക് വണ്ടികയറ്റി വിട്ടു. അവിടെനിന്ന് തിരിച്ചുവന്ന് യാത്രാക്ഷീണം മാറുന്നതിനുമുൻപ് തന്നെ ‘ഡാളസിൽ പോയി അനിയത്തി ശുഭ എന്തു ചെയ്യുന്നുവെന്ന് കൂടി അന്വേഷിച്ചുവരൂ’ ന്ന് പറഞ്ഞ് എന്നെ ഡാളസിലേയ്ക്ക് വണ്ടികയറ്റിവിടാനും ഒരു ശ്രമം നടത്തിനോക്കി.
പക്ഷെ ഇതുകൊണ്ടൊന്നും ഞാൻ തളർന്നില്ല. വീടു് ഒരു സ്വപ്ന സാക്ഷാത്ക്കാരമായതുകൊണ്ട് എന്റെ ഇഷ്ടങ്ങൾക്കുവേണ്ടി ഞാൻ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിലകൊണ്ടു. ആർക്കിടെക്റ്റ് കൃത്യമായി വന്ന് വീടുപണിയുടെ പുരോഗതിയും ദാമ്പത്യത്തിന്റെ കെട്ടുറപ്പും പരിശോധിച്ചുകൊണ്ടിരുന്നു.
‘ഈ പൊട്ടലും ചീറ്റലും ഒക്കെ എന്ത്, ഇതൊക്കെ വീടുപണിയിലെ വെറും നിസ്സാരസംഭവങ്ങൾ മാത്രം,’ എന്ന് മാര്യേജ്കൗൺസിലറുടെ വേഷം സ്വയം എടുത്തണിഞ്ഞ് അദ്ദേഹം വിധിയെഴുതി.
വീടുപണിത് കഴിഞ്ഞുള്ള ആദ്യ സമ്മർ അഥവാ ആദ്യ വിളവ് ഗംഭീരമായിരുന്നു. പയറ്, പാവയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക, റാഡിഷ്, ഉള്ളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് , ആസ്പരാഗസ്, ബ്രോക്കൊലി, ഇഞ്ചി, മഞ്ഞൾ എന്നുവേണ്ട അമേരിയ്ക്കയിൽ ഉണ്ടാകുന്ന എല്ലാ പച്ചക്കറികളും ഞങ്ങളുടെ പച്ചക്കറിത്തോട്ടത്തിൽ ആർത്തലച്ചുണ്ടായി. അങ്ങോട്ട് കൊടുത്ത സ്നേഹം നൂറ്റൊന്ന് ശതമാനവും തിരിച്ചു കിട്ടി.
വിക്കർ ബാസ്കറ്റുകളിൽ ഓർഗാനിക് പച്ചക്കറികൾ അയൽവക്കകാർക്ക് കൊടുത്തുതുടങ്ങി. വീടിന്റെ മുന്നിലൂടെ നടക്കാനിറങ്ങുന്നവരെ ഓടിച്ചിട്ട് പിടിച്ച് പച്ചക്കറി കൊടുത്ത് വിടേണ്ടി വരുന്ന അത്ര പച്ചക്കറികൾ. വിളവോ വിളവ്!
അയൽപക്ക ബന്ധങ്ങൾക്കെല്ലാം കൂടുതൽ മുറുക്കം. മറ്റുള്ളവരുടെ ഉള്ളിൽ അവരുപോലും അറിയാതെ കിടക്കുന്ന നന്മ പുറത്തുകൊണ്ടുവരാനുള്ള ഒരു അത്ഭുസിദ്ധികൂടിയുണ്ട് പച്ചക്കറികൾക്കും ഹെർബൽ ചെടികൾക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് നേരെ എതിരെ വീട്ടിൽ താമസിയ്ക്കുന്ന, നോക്കിയാലും ചിരിയ്ക്കില്ലാത്ത ‘ബേ വാച്ച്’ (Bay Watch Actress) നടിയ്ക്ക് വന്ന മാറ്റം കണ്ടിട്ടാണ്. കൂടുതലൊന്നും ചെയ്തില്ല. ഇത്തിരി തൈം, ഇത്തിരി ഒറേയ്ഗനൊ, ഇത്തിരി റോസ്മേരി(Thyme, Oregano, Rosemary)- ഇതെല്ലാം സ്നേഹത്തിന്റെ ബ്രൗൺ പേപ്പറിൽപൊതിഞ്ഞ് കൊണ്ടുപോയി കൊടുത്തതേ ഉള്ളു.
അവരുണ്ടാക്കി കൊടുത്തുവിടുന്ന ചോക്ളേറ്റ് ചിപ്സ് കുക്കി കഴിച്ചുകൊണ്ട്,
‘അയൽപക്കകാർ ഇങ്ങനെ സ്നേഹിച്ച് വീർപ്പുമുട്ടിയ്ക്കാൻതുടങ്ങിയാൽ നമ്മളെന്തു ചെയ്യും,’ എന്ന് ഭർത്താവിനോട് ആകുലപ്പെടുന്ന അവസ്ഥയെത്തി.
ഈ ഓർഗാനിക് പച്ചക്കറികളുടെ ഉത്ഭവസ്ഥാനം കാണാൻ വന്നോട്ടെയെന്ന് ഓരോരുത്തർ ചോദിച്ചുതുടങ്ങി.കാണാൻ വരിക മാത്രമല്ല ആവശ്യമുള്ളതൊക്കെ പറിച്ചെടുത്തോളൂ എന്ന് പറഞ്ഞ് ഞങ്ങൾ നെക്സ്റ്റ് ഡോർ ആപ്പിൽ ഇടയ്ക്കിടയ്ക്ക് മെസ്സേജ് ഇട്ടു.
പാചകത്തിന്റെയിടയ്ക്ക് കറിവേപ്പില പൊട്ടിയ്ക്കാൻ ഗ്രീൻ ഹൗസിലയ്ക്കോടുന്ന ഞാൻ പലപ്പോഴും എന്റെ മൂന്നു വീടിനപ്പുറത്തുള്ള കീർത്തിയങ്കിളിനെ അവിടെ കണ്ട് ഞെട്ടി. മിനുക്കമുള്ള പൈജാമയും തിളങ്ങുന്ന സാറ്റിൻ റോബും ഇട്ട് മലയാളസിനിമയിലെ ജോസ് പ്രകാശ് നിൽക്കുന്നത്പോലെ-ചുണ്ടിൽ എരിയുന്ന ചുരുട്ടിന്റെ മാത്രം ഒരു കുറവുണ്ട്!
‘അങ്കിളിന്താ ഇവിടെ,’എന്ന് ചോദിയ്ക്കുമ്പോൾ,
‘ഓ, ഞാൻ നടക്കാനിറങ്ങിയതാ. നടക്കാനിറങ്ങുമ്പോഴെല്ലാം ഇടയ്ക്കിടയ്ക്ക് ഇതിനകത്ത് കയറി എല്ലാം നോക്കാറുണ്ട്,’ എന്ന് അങ്കിൾ വെളിപ്പെടുത്തി.
അതെനിയ്ക്കൊരു പുതിയ അറിവായിരുന്നു. ഭാവിയിലും ഗ്രീൻ ഹൗസിൽ ചുണ്ടിൽ ചുരുട്ടില്ലാത്ത, വില്ലൻ ചിരിയില്ലാത്താ ‘ഈ ജോസ് പ്രകാശിനെ’ക്കണ്ട് ഞെട്ടാൻ തയാറായിക്കോളൂ എന്ന് എന്നോടു തന്നെ പറഞ്ഞ്, കറിവേപ്പില പൊട്ടിച്ച് ഞാൻ തിരികെ അടുക്കളയിലേയ്ക്കോടും.
അയൽക്കാരുടെ സ്നേഹം കൂടാതെ എന്നെ ആകുലപ്പെടുത്തിയത് ഒന്ന് മാത്രം- ബ്രഹ്മിയുടെ വളർച്ച. ഓമനത്തമുള്ള കുഞ്ഞിലകളുമായി അതിവേഗം പടർന്ന് കയറുന്ന ബ്രഹ്മിയെ വലുതാകുന്ന മുറയ്ക്ക് ഞാൻ മറ്റ് ചട്ടികളിലേയ്ക്ക് മാറ്റിനട്ടുകൊണ്ടിരുന്നു. ബ്രഹ്മിയുടെ ഇളം വയലറ്റ് നിറത്തിലുള്ള പൂവ് ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്. പക്ഷെ ഇത്രയും ബ്രഹ്മി എനിയ്ക്കെന്തിന്?
ഗ്രീൻ ഹൗസ് കാണാൻ വന്ന എന്റെ ബുക്ക് ക്ലബിലെ അമേരിക്കൻ സുഹൃത്തുക്കൾക്കും ഞാൻ ബ്രഹ്മിയെ പരിചയപ്പെടുത്തി.
ദൈവം ആദമിനെയും ഹവ്വയെയും ഏദൻ തോട്ടത്തിന്റെ നടുവിൽകൊണ്ട് ചെന്ന് ഒരു മരം ചൂണ്ടി ആ മരം ജ്ഞാനത്തിന്റെ മരമാണെന്ന് പറഞ്ഞ അതേ കാര്യഗൗരവത്തിൽ ഞാൻ പറഞ്ഞു:
“ദാ ഈ ചെടി കണ്ടോ, ഇത് ബുദ്ധിശക്തിയും ഓർമശക്തിയും കൂട്ടുന്ന ഒരു ചെടിയാണെന്നാണ് ആയുർവേദം പറയുന്നത്. ഞങ്ങളിതിനെ ബ്രഹ്മി എന്നു വിളിയ്ക്കും.”
ബ്രഹ്മി എന്ന് പറയാൻ അവരിൽ പലർക്കും നാക്ക് വഴങ്ങാത്തതുകണ്ട് ‘നിങ്ങൾ വേണമെങ്കിൽ ഇതിനെ ‘ഇന്റലിജൻസ് പ്ലാന്റ്’ന്ന് വിളിച്ചോളൂ’ എന്ന് ഞാൻ ഉദാരമതിയായി.
“ഞങ്ങൾ ഇൻഡ്യാക്കാരെല്ലാം തന്നെ ചെറുപ്പത്തിൽ ഇതിന്റെ ഇല കഴിച്ചിട്ടുള്ളവരാണ്.”
‘എല്ലാ ഇൻഡ്യാക്കാരും’ എന്നുള്ളത് ഒരു ബലത്തിന് കൂട്ടിച്ചേർത്തതാണ്.
ബുക്ക്ക്ലബിലെ പഞ്ചാബി സുഹൃത്ത് പൂജയ്ക്കുംപറയാനുണ്ടായിരുന്നു ഒരു ബ്രഹ്മിക്കഥ.
“സൗത്ത് ആഫ്രിക്കയിലും ഈ ബ്രഹ്മി ഉണ്ട് കേട്ടോ. രാജന്റെ വീടിന്റെ തൊടിയിൽ നിറയെ ഈ ചെടിയുണ്ടായിരുന്നു.”
പൂജയുടെ ഭർത്താവ് രാജൻ ഈ പ്രദേശത്തെ ഒരു പ്രധാന ക്യാൻസർ രോഗ വിദഗ്ധനാണ്. സൗത്ത് ആഫ്രിക്കയിലാണ് ജനിച്ചതും വളർന്നതും.
“രാജന്റെ അമ്മ പ്ലസ് ടി കഴിയുന്നത്വരെ എല്ലാദിവസവും ഓർമശക്തിയ്ക്കെന്നും പറഞ്ഞ് ഈ ബ്രഹ്മിയില നിർബന്ധിച്ച് രാജനെ കഴിപ്പിക്കുമായിരുന്നു.”
“രാജനിപ്പഴും അതിന്റെ ദേഷ്യം മാറിയിട്ടില്ല. അമ്മ എപ്പൊ ഞങ്ങളുടെ കൂടെ താമസിയ്ക്കാൻ വന്നാലും ഇതും പറഞ്ഞ് രാജൻ അമ്മയുടെ അടുത്ത് വഴക്കുണ്ടാക്കും.”
ഒരു ബ്രഹ്മീപീഡന ഇരയ്ക്കേ മറ്റൊരു ഇരയെ പൂർണമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. എനിയ്ക്കു മനസിലാകും രാജന്റെ മനോനില.
പൂജയുടെ ഈ ബ്രഹ്മിക്കഥയും കൂടികേട്ടതോടെ പട്ടേൽ ബ്രദേഴ്സിൽ കോവയ്ക്ക, വെണ്ടയ്ക്ക കൂമ്പാരത്തിന്റെ മുന്നിൽ ഗുജറാത്തികൾ കുടുംബസമേതം കമിഴ്ന്ന് കിടക്കുന്നതുപോലെ എല്ലാവരും എന്റെ ബ്രഹ്മിയെ പൊതിഞ്ഞു. അതിന്റെ ഇല പരിശോധിയ്ക്കാനും പൂവ് നോക്കി നെടുവീർപ്പിടാനും തുടങ്ങി.
ഇൻഡ്യൻ കുട്ടികളുടെ പഠനസാമർത്ഥ്യത്തെപ്പറ്റി പൊതുവേ അമേരിക്കക്കാർക്ക് മതിപ്പാണ്. കണക്കിലും സയൻസ് വിഷയങ്ങളിലും ഇവർക്കുള്ള വൈദഗ്ധ്യം ഇവിടെ ആർക്കാണറിയാത്തത്.
നൂറ് അമേരിക്കാരെ എടുത്താൽ അവരിൽ കൂടുതൽപേരും അസുഖംവരുമ്പോൾ കാണുന്നത് ഇൻഡ്യൻ ഡോക്ടർമാരെയാണ്.
സിലിക്കൺ വാലി, കമ്പ്യൂട്ടർ പ്രോഡിജീസ്, ജെപ്പഡി, ഐവിലീഗ് കോളേജുകൾ എന്നുവേണ്ട വായിൽ വരുന്ന പഠനസംബന്ധിയായ കുറേ വാക്കുകളും സുന്ദർപിച്ചൈയ്, സത്യ നാദെല്ല, ദീപക് ചോപ്ര എന്ന ചില പേരുകളും അവരുടെ മുന്നിൽ കുടഞ്ഞിട്ടതോടെ തിരിച്ചറിവിന്റെ ഒരു പുതിയ തിളക്കം അവരുടെ കണ്ണുകളിൽ!
എന്റെ ബ്രഹ്മിയാണെങ്കിൽ ഇത്ര വലിയ ഉത്തരവാദിത്തം തലയിൽ വന്നുവീഴുന്നതറിയാതെ ‘അലസവിലാസിനി’ ആയി ചെടിചട്ടിയിൽ വള്ളിവീശി പടർന്ന് കിടപ്പാണ്.
എന്ത് കേട്ടാലും ഫോണിൽ കുത്തി പരിശോധിയ്ക്കുന്ന കാലമാണല്ലൊ.
ഇന്റർനെറ്റിലെ മോഹിപ്പിക്കുന്ന വിവരണങ്ങൾ കേട്ട് ബുക്ക് ക്ലബ് സുഹൃത്തുക്കൾക്കെല്ലാം എങ്ങനെയെങ്കിലും ഇതിന്റെ ഒരു തൈ കിട്ടിയേ തീരൂ എന്ന അവസ്ഥയായി.
പച്ചക്കറികൾ കൊടുത്ത് സുദൃഢമാക്കിയിരിക്കുന്ന ബന്ധങ്ങൾ ഈ ബ്രഹ്മി തകർക്കുമോ എന്നൊരു പേടി മനസ്സിൽ നന്നായുള്ളതുകൊണ്ട് ‘ഇതിന്റെ കയ്പ് നിങ്ങൾക്ക് താങ്ങാൻ പറ്റില്ല’ എന്നൊക്കെ ഞാൻ അവരെ നിരുത്സാഹപ്പെടുത്താൻ നോക്കി.
തീയിൽ കുരുത്തവരാണ് നമ്മൾ ഇൻഡ്യാക്കാർ. ഒരു വെയിൽ പോലും താങ്ങാൻ ശേഷിയില്ലാത്തവരാണ് ഈകയ്പൻ ബ്രഹ്മി കഴിച്ചേ പറ്റൂ എന്ന വാശിയിൽ നില്ക്കുന്നത്.
എന്റെ തടസ്സങ്ങളൊന്നും വകവയ്ക്കാതെ, ഈ പതിനഞ്ചുപേരും ഒരോ ബ്രഹ്മി തൈയുമായാണ് അന്ന് മടങ്ങിയത്.
ബ്രഹ്മിതൈകളുമായി ഇവർ പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ
‘ഇത് എങ്ങനെയാണ് കഴിക്കേണ്ടത്’ എന്നുള്ള ചോദ്യവുമായി എന്റെ ഫോൺ വിശ്രമമില്ലാതെ അടിച്ചുതുടങ്ങി.
ഏതായാലും ഇത്രയുമായി. ‘കിട്ടിയാൽ, അതു സ്നേഹമാണെങ്കിലും കയ്പാണെങ്കിലും പലിശസഹിതം തിരിച്ചുകൊടുത്തിരിയ്ക്കും’ എന്ന എന്റെ മുദ്രാവാക്യത്തിൽ ഉറച്ചുനിന്നുകൊണ്ട്, ഞാൻ അനുഭവിച്ച ആ ബ്രഹ്മികയ്പ് അതേ തീവ്രതയിൽ ഇവരും ഒന്നനുഭവിയ്ക്കട്ടെ എന്നൊരു ഗൂഢമോഹത്തിൽ ഇല ചവച്ചരച്ച് തന്നെ കഴിയ്ക്കണമെന്ന് ഞാൻ നിർദാക്ഷിണ്യം അവരോട് പറഞ്ഞു.
രണ്ടുദിവസംപോലും കഴിഞ്ഞില്ല.പിന്നെയും ഫോൺ. ‘ഈ കയ്പ് താങ്ങാൻ പറ്റുന്നില്ല.’ ദൈവമേ അവരതും അക്ഷരംപ്രതി അനുസരിച്ചിരിയ്ക്കുന്നു.
കൊളറാഡോയിൽ മനോഹരമായ മതിൽ പണിയുമെന്ന് പറഞ്ഞത്, ഒരു ദിവസം കഴിഞ്ഞപ്പോൾ, ‘അത് ഞാനൊരു തമാശ പറഞ്ഞതല്ലേ,’ എന്ന് ട്രംപ് റ്റ്വീറ്റ് ചെയ്തതുപോലെ ഞാനും പറഞ്ഞു.
‘ചവച്ചരച്ച് കഴിയ്ക്കണമെന്ന് ഞാനൊരു തമാശപറഞ്ഞതല്ലെ. നിങ്ങളല്ലാതെ വേറെ ആരെങ്കിലും ഇത്ര കയ്പുള്ള സാധനം ചവച്ചരച്ച് കഴിയ്ക്കാൻ നോക്കുമോ?’
(പ്രസിഡണ്ടിന്റെ ചെയ്തികൾ രാജ്യത്തെ പൗരന്മാരെ സ്വാധീനിയ്ക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ അതിനോട് ശക്തമായി വിയോജിയ്ക്കുന്നു!)
‘കുറച്ച് ഇലകൾ എടുത്ത് വായിലിട്ട് വെള്ളം കൂട്ടി വിഴുങ്ങൂ. അല്ലെങ്കിൽ സാലഡിൽ ഇട്ട് കഴിയ്ക്കൂ,’ന്ന് നിർദേശം കൊടുത്തിട്ട് ഞാൻ ഫോൺ വച്ചു.
എന്റെ അമ്മയ്ക്ക്, മകന്, മിഷിഗണിലുള്ള സഹോദരിയ്ക്ക്, അരിസോണയിലുള്ള അങ്കിളിന്…ഇന്നാർക്ക്, ഇന്നയിടത്ത്, ഒരു തൈ വേണമെന്ന് പറഞ്ഞും ഫോൺ വരാൻ തുടങ്ങി.
ചെടിയ്ക്ക് ക്ഷീണം, ഉത്സാഹക്കുറവ്, ഉണങ്ങിപ്പോകൽ – എന്നീ പ്രശ്നങ്ങളുമായി ചില ഫോൺ വിളികളും വന്നു.
“വെള്ളമൊഴിയ്ക്കുന്നുണ്ടോ?”
“വെയിൽ കിട്ടുന്നുണ്ടൊ?”
എന്നീ മറുചോദ്യങ്ങൾ ഞാൻ അവരോട് ഉന്നയിക്കും. എല്ലാറ്റിനും ‘അതേ’ എന്നാണ് ഉത്തരമെങ്കിൽ വിശദപരിശോധനയ്ക്ക് മെഡിക്കൽ കിറ്റുമെടുത്ത് രോഗീ സന്ദർശനത്തിന് ഡോക്ടർ പുറപ്പെടുകയായി. വുഡൺ സ്ക്യുവർ, ഗ്ലൗസ്, സ്നിപ്പർ- ഇത്രയുമാണ് മെഡിക്കൽ കിറ്റിലെ സാമഗ്രികൾ.
മിക്കവീട്ടിൽ ചെല്ലുമ്പോഴും ഇലയില്ലാതെ ബ്രഹ്മി തണ്ട് മാത്രമായിരിക്കുന്നു. ഇലയൊക്കെ എവിടെപ്പോയി എന്ന് ചോദിക്കുമ്പോൾ അതെല്ലാം കഴിച്ചു എന്നുത്തരം.
ഇത്രകയ്പ്പുള്ള ഈ ബ്രഹ്മിയില ഒരു മടുപ്പുമില്ലാതെകഴിയ്ക്കാൻ ഇവർക്കെങ്ങനെ കഴിയുന്നു എന്ന അതിശയത്തിലാണ് അവിടെനിന്ന് ഇറങ്ങുന്നത്.
അവകാശം പറഞ്ഞ് കൈവശപ്പെടുത്തിയിരിക്കുന്ന മുൻവശത്തെ എന്റെ പൂന്തോട്ടത്തിൽ വൈകുന്നേരം മണ്ണിൽ പൂണ്ടുകിടന്ന് കളപറിയ്ക്കുമ്പോൾ സായാഹ്നസവാരിക്കിറങ്ങുന്ന സബ് ഡിവിഷനിലെ ചിലർ ഞങ്ങളുടെ വീടിന്റെ മുന്നിലെത്തുമ്പോൾ നടപ്പ് പതിയെ ആക്കുന്നതും, ഞാൻ തലയുയർത്തിനോക്കുമ്പോൾ, കൈ വീശി ‘ഹായ്’ പറഞ്ഞ്,
‘ഇന്റെലിജൻസ് പ്ലാന്റിന്റെ തൈ വിൽക്കാനുണ്ടോ,’ എന്ന് ശങ്കയോടെ ചോദിച്ചും എന്നെ ഞെട്ടിച്ചു.
ആരെയും നിരാശപ്പെടുത്തിയില്ല. വിൽക്കാനില്ല, വെറുതേ കൊണ്ടുപോയിക്കോളൂ എന്ന് പറയുമ്പോൾ അവരുടെ കണ്ണുകളിൽ അവിശ്വസനീയത.
പകരം, ഐറിസിന്റെ കിഴങ്ങ്, ലില്ലിയുടെ കിഴങ്ങ്, ലില്ലി ഓഫ് ദ വാലി (Lilly of the Valley) ചെടി, ഇതൊക്കെ ഞാൻ കതക് തുറക്കുന്നതും കാത്ത് വീടിന്റെ നടയിൽ പേപ്പർബാഗ് പുതച്ച് ക്ഷമയോടെ കാത്തിരുന്നു.
എല്ലാവരുടെയും സ്നേഹവായ്പിൽ മനംകുളിർന്ന് എന്റെ ബ്രഹ്മി മുന്നേറുമ്പോൾ മറ്റൊരു ചെടി തിരശ്ശീല നീക്കി അരങ്ങത്തേയ്ക്ക് വരാൻ തയ്യാറെടുക്കുന്നുണ്ടായിരുന്നു.
മൊരിംഗ ഒലേയ്ഫേറ ( Moringa Oleifera )എന്ന ശാസ്ത്രനാമധാരിയായ നമ്മുടെ സ്വന്തം മുരിങ്ങയാണ് എന്റെ ഗ്രീൻ ഹൗസിലെ ഉദിച്ചുയരുന്ന അടുത്ത താരം.
എന്റെ മുരിങ്ങയുടെ മുൻപിലെത്തി ഇത് എന്ത് ചെടിയാണെന്ന് ചോദിയ്ക്കുന്ന അമേരിയ്ക്കൻ സുഹൃത്തുക്കളോട് പറയാൻ മഹാഭാരതകഥയൊക്കെ ഓർമയിൽനിന്ന് പൊടിതട്ടി എടുത്തുവച്ചിട്ടുണ്ട്.
പാണ്ഡവരുടെയും കൗരവരുടെയും കുട്ടിക്കാലം. ഭീമനോടുള്ള പക ആളിപ്പടർന്ന ദുര്യോധനൻ ശകുനിയെ കൂട്ടുപിടിച്ച് ഭീമന്റെ ഭക്ഷണത്തിൽ വിഷം ചേർത്തു.ബോധം നഷ്ടപ്പെട്ട ഭീമനെ വരിഞ്ഞുകെട്ടി ഗംഗയിലേയ്ക്കെറിഞ്ഞു. ജലത്തിന്റെ അഗാധതയിലേയ്ക്ക് താഴ്ന്നുപോയ ഭീമൻ എത്തിപ്പെട്ടത് നാഗലോകത്ത്. ഭീമന് നാഗരാജാവ് വാസുകി നാഗരസം കുടിയ്ക്കാൻ കൊടുത്തു. ഒരു കുടം നാഗരസം കുടിച്ചാൽ ആയിരം ആനകളുടെ ശക്തിയാണ് കിട്ടുക. ഭീമൻ ഇരുന്നയിരുപ്പിൽ കുടിച്ചത് പത്ത് കുടം. കിട്ടിയത് പതിനായിരം ആനകളുടെ ശക്തി.
ഗ്രീക്ക് മിത്തോളജിയാണ് അമേരിക്കക്കാർക്ക് കൂടുതൽ പരിചയം. ഞങ്ങളുടെ ഭീമന്റെ മുൻപിൽ ഗ്രീക്ക് മിത്തോളജിയിലെ സിയൂസ് ദേവനൊക്കെ എന്ത്, എന്ന് പറയുമ്പോൾ അവർക്ക് ഭീമനെക്കുറിച്ച് അത്യാവശ്യം മതിപ്പും സ്നേഹവും ആകും.
‘ഭീമന് ശക്തിയും ഓജസും പ്രദാനംചെയ്ത ആ നാഗരസം വേറൊന്നുമല്ല ദാ ഈ നിൽക്കുന്ന ചെടിയുടെ സത്താണെന്നാണ് ആയുർവേദം പറയുന്നത്,’ എന്നുപറഞ്ഞ് ഞാൻ മുരിങ്ങയുടെ നേരെ വിരൽ ചൂണ്ടുമ്പോൾ നിറയെ ഇലകളുമായി വളർന്നുയർന്ന് ഗ്രീൻ ഹൗസിന്റെ റൂഫില് തലമുട്ടിനിൽക്കുന്ന എന്റെ മുരിങ്ങച്ചെടിയ്ക്ക് ‘എന്നെപ്പറ്റിതന്നെയാണോ ഇപ്പറയുന്നത്,’ എന്നൊരവിശ്വസനീയ ഭാവം!
ഇത് എല്ലാദിവസവും കഴിച്ചാൽ ഭീമനെപ്പോലെ പതിനായിരം ആനകളുടെ ശക്തി കിട്ടുമെന്നാണ് ഐതിഹ്യം പറയുന്നതെന്ന് കേൾക്കുമ്പോൾ അത് വിശ്വസിക്കാനുള്ള ഒരു തീവ്രലാഞ്ച അവരുടെ കണ്ണുകളിൽ സ്പഷ്ടമായി കാണാം.
ഈ തീവ്രലാഞ്ച ഇത്തവണ കൂടുതലായി കാണുന്നത് സബ്ഡിവിഷനിലെ പുരുഷ സുഹൃത്തുക്കളുടെ കണ്ണുകളിലാണെന്ന് മാത്രം!
ഞങ്ങൾ ഇന്ത്യാക്കാർ ഈ ചെടിയെ മുരിങ്ങ അഥവാ ‘ഇൻഡ്യൻ വയാഗ്ര’ എന്നാണ് വിളിയ്ക്കുന്നതെന്ന് ഞാൻ പറഞ്ഞത് സബ്ഡിവിഷനിലെ കാറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ബുക്ക് ക്ലബിലെ കൊളീൻ ഞങ്ങളുടെ അടുത്ത മീറ്റിങ്ങിൽ, ഒരുകാരണവശാലും പതിനായിരം ആനകളുടെ ബലം കിട്ടുന്ന ആ ചെടി ഭർത്താവ് ചോദിച്ചു വന്നാൽ കൊടുത്തേക്കരുത് എന്ന് കർശനമായി പറഞ്ഞപ്പോഴാണ് വായുവിനെ കീറിമുറിച്ച് എന്റെ മുരിങ്ങയുടെ വിശേഷഗുണങ്ങൾ പലവീടുകളുടെ അകത്തളങ്ങളിലേയ്ക്കും കയറിത്തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലായത്.
“ഒരാനയുടെ ശക്തി തന്നെ താങ്ങാൻ പറ്റുന്നില്ല അപ്പഴാ ഇനി പതിനായിരം ആനകളുടെ ശക്തി.”
ഞങ്ങളുടെ ഭർത്താക്കന്മാർക്കും ആ ചെടി മാത്രം കൊടുത്തേയ്ക്കരുതെന്ന് ബാക്കിയുള്ളവരും ഒരേസ്വരത്തിൽ ആവശ്യപ്പെട്ടപ്പോൾ ഞാനാകെ പ്രതിസന്ധിയിലായി. കൊടുക്കാനും വയ്യ കൊടുക്കാതിരിക്കാനും വയ്യ!
ബ്രഹ്മി നാലുചുവട് മുന്നോട്ടുവയ്ക്കുമ്പോൾ സ്ത്രീകളുടെ എതിർപ്പ് മൂലം എന്റെ മുരിങ്ങ കഷ്ടി ഒരു ചുവട് വച്ചാലായി. കയ്പ്പൻ ബ്രഹ്മി കൊണ്ട് ജീവിതത്തിൽ ഞാനുണ്ടാക്കിയ കൽക്കണ്ടമധുരം ഈ മുരിങ്ങ കളഞ്ഞുകുളിയ്ക്കുമോ എന്തോ!
എന്തായാലും ജീവിതം ഇവിടെ ഈ കൊടുക്കൽ വാങ്ങലിലൂടെ ഒരു പള്ളിപ്പെരുന്നാളിന്റെ ഓളത്തിൽ മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നു.
ഏതെങ്കിലും ഒരു കാര്യം ഗുണമുള്ളതാണെന്ന് കണ്ടാൽ നെഞ്ചിലേറ്റുന്ന മനുഷ്യരാണ് ഇവിടുള്ളവർ. കുറച്ചുകാലത്തേയ്ക്ക് അതിന്റെ പിന്നാലെ ഒരുമടിയും കൂടാതെ പോകും. പിന്നെ ഉപേക്ഷിയ്ക്കും.
വെളിച്ചെണ്ണ നല്ലതാണെന്ന് കേട്ട് ദിവസവും സ്പൂണിൽ എണ്ണയെടുത്ത് വെറുതെ കുടിയ്ക്കുന്ന അമേരിയ്ക്കൻ സുഹൃത്തുക്കളുണ്ട് എനിയ്ക്ക്. മഞ്ഞളിലെ കെർക്കുമിൻ (Curcumin) ക്യാൻസറിനെ പ്രതിരോധിയ്ക്കുമെന്ന് കേൾക്കേണ്ട താമസം, പാല്, ഓട്ട്സ്, പ്രഭാത സീരിയൽ (cereal), മഫിൻസ് ഇതിലെല്ലാം മഞ്ഞൾ ചേർക്കാൻ തുടങ്ങിയിട്ടുണ്ട് ഇവിടെയുള്ളവർ.
ഒരു ഗ്ലാസ് സ്ട്രോബെറിഷേയ്ക്കിൽ എട്ടുപത്ത് കഷ്ണ മഞ്ഞൾ അടിച്ച് ചേർത്താണ് എന്റെ സുഹൃത്ത് ലെനോർ കുടിയ്ക്കുന്നത്. ലെനോർ ഉണ്ടാക്കിത്തരുന്ന ഷേയ്ക്ക് കുടിയ്ക്കാൻ പറ്റാതെ ഇരിയ്ക്കുമ്പോൾ മഞ്ഞളിന്റെ ഗുണങ്ങളെപ്പറ്റി ആൾ വാചാലയാകും. ജനിച്ച് ഒരുമാസം തൊട്ട് മഞ്ഞളിൽ ഉരുണ്ടുമറിഞ്ഞു്കുളിയ്ക്കുന്ന എന്നോടുതന്നെ ഇതുപറയണം!
‘നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണമെങ്കിൽ’ ഇവിടെ സൗത്ത് ബാരിംഗ്ടണിൽ എന്റെ കയ്പൻ ബ്രഹ്മിയും മുരിങ്ങയും പിന്നെ കുറച്ച് പച്ചക്കറികളും കൈകോർത്ത് പിടിച്ചാണ് ‘നാടാകെ കല്യാണം’. സബ് ഡിവിഷൻ മൊത്തം ഒരു സ്നേഹവലയത്തിൽ കിടന്ന് തുടിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുന്നു.
ദീപാവലിയ്ക്കുകിട്ടുന്ന മധുരങ്ങളും, ഈദ് ആശംസകളുടെ കൂടെ വരുന്ന മിഷിഗൺ ബക് ലവയും (Baklava), പാസ് ഓവറി( Jewish Passover)നു കിട്ടുന്ന മാറ്റ്സൊ ബോൾസും ((Matso Balls) ക്രിസ്മസിന് കിട്ടുന്ന വൈനും ലൈലാക്ക് പൂക്കളുടെ സിറപ്പും ഈ സ്നേഹനിക്ഷേപം കൊണ്ടുള്ള ‘മൾട്ടിപ്ലയർ ഇഫക്റ്റിന്റെ’ ബൈ പ്രോഡക്റ്റ്സ് മാത്രം. ഇക്കണോമിക്സിലെ ‘മൾട്ടിപ്ലയർ ഇഫക്റ്റിൽ’ വരുമാനമാണ് കൂടുന്നതെങ്കിൽ ജീവിതത്തിലെ മൾട്ടിപ്ലയർ ഇഫക്റ്റിൽ കൊടുക്കുംതോറും കൂടുന്നത് സ്നേഹം മാത്രമാണ് എന്ന് ആർക്കാണറിയാത്തത്.
ഗ്രീൻ ഹൗസിൽ രണ്ട് നക്ഷത്രമുല്ല, ഒരു മാൻഡിവിൽ, മൂന്ന് ക്ലെമാറ്റിസ് – ഇത്രയും ഞാൻ ഇതുവരെ അകത്ത് കയറ്റി. പതിയെപ്പതിയെ വേറെ കുറച്ച് പൂച്ചെടികളും കൂടി അകത്ത് വയ്ക്കാൻ ഞാൻ ലാക്കുനോക്കിയിരിക്കുന്നു. അല്ലെങ്കിലും ഭാര്യാഭർതൃബന്ധത്തിൽ ‘എന്റെ നിന്റെ’ എന്ന് വല്ലതുമുണ്ടോ? ഭർത്താവിന്റെ എല്ലാം നമ്മുടേതും എന്റെയെല്ലാം എന്റേത് മാത്രവുമല്ലേ!