മിസോറമിന്റെ ഫുട് ബോള്‍ പ്രണയത്തിന് കാരണക്കാരന്‍ ഒരു ഇംഗ്ലീഷ് പട്ടാളക്കാരനാണ്‌.  1944 ല്‍ ബ്രിട്ടീഷ്‌ ആര്‍മിയുടെ മെഡിക്കല്‍ കോര്‍പ്സില്‍ പോസ്റ്റിങ്ങ്‌ ലഭിച്ച് ലുൻഷായ് മലകളിലേക്കെത്തിയ ഹെര്‍ബെര്‍ട്ട് വൗഗാന്‍.

എല്ലാ വൈകുന്നേരങ്ങളിലും ഐസ്വാളിലെ ലമ്മുവല്‍ സ്റ്റേഡിയത്തില്‍ ഫുട് ബോള്‍ കളിക്കാനെത്തിയിരുന്നു ആ പതിനെട്ടു വയസ്സുകാരന്‍.  ഒത്ത പൊക്കവും ദൃഢ ശരീരമുള്ള, തങ്ങളുടെ അരക്കെട്ടോളം വലിയ തുടകളുള്ള ആ യുവാവിനെക്കാണാന്‍ അവിടെ ഒരു ജനാവലി തന്നെയുണ്ടാകുമായിരുന്നു.  അവരനവനെ ‘പു സാമാ’ എന്ന് വിളിച്ചു, മിസോ ഭാഷയില്‍ വലിയവന്‍ എന്നര്‍ത്ഥം വരുന്ന പദം.

രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിലെ ഐ ലീഗ് മാച്ച്

നാട്ടുകാരുടെ പ്രിയങ്കരനായ ആ ബ്രിട്ടീഷ്‌ പട്ടാളക്കാരന്‍ 1945 ല്‍ മിസോറമിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചതോടെ, അവിടത്തുകാരനായി മാറുകയായിരുന്നു.  ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോഴും അയാള്‍ ഇവിടെത്തന്നെ തുടര്‍ന്നു, ആര്‍മിയിലെ ജോലി ഉപേക്ഷിച്ച്, ബര്‍മ ഓയില്‍ കമ്പനിയില്‍ ചേര്‍ന്ന് മിസോറത്തിന് വേണ്ടി കളിക്കാന്‍ തുടങ്ങിയിരുന്നു അയാള്‍.  1964 ല്‍ സ്വദേശമായ ഷെഫീല്‍ഡിലേക്ക് മടങ്ങിയിട്ടും മിസോറം ഫുട് ബോളുമായി അടുത്ത ബന്ധം പുലര്‍ത്തി.  2014 ല്‍‍ മിസോറം സന്തോഷ്‌ ട്രോഫി ജയിച്ചപ്പോള്‍ ആദ്യം വന്ന സന്ദേശങ്ങളിലൊന്ന് അവരുടെ ‘പു സാമാ’ യുടേതായിരുന്നു.
മിസോറം പു സാമായെ  മറക്കാത്തതിന്  വേറെയും കാരണങ്ങളുണ്ട് – തങ്ങള്‍ക്കു പ്രിയപ്പെട്ട ഫുട്ബോള്‍ കളിക്ക് തങ്ങളറിയാത്ത വശങ്ങളുണ്ട് എന്ന് പറഞ്ഞ് തന്നതിന്, പഠിപ്പിച്ചതിന്…

1940 കളില്‍ തന്നെ ഫുട് ബോള്‍ കളി അന്നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും തങ്ങളുടേതായ ഒരു ശൈലിയിലാണ് മിസോക്കാര്‍ അത് കളിച്ചിരുന്നത് – അതില്‍ അറ്റാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഗോള്‍ കീപ്പറായിരുന്ന വൗഗാനാണ് ആദ്യമായി ഡിഫെന്‍സ് എന്താണ് എന്ന് മിസോക്കാര്‍ക്ക് കാണിച്ചു കൊടുക്കുന്നത്.  അത് വരെയില്ലാതിരുന്ന ഒരു   ഓര്‍ഗനെസേഷനും  കളിയില്‍ ഏര്‍പ്പെടുത്തി.

‘ശാസ്തീയമായ ഒരടിത്തറയുമില്ലാതിരുന്ന ഞങ്ങളുടെ കളിക്ക് ഒരു പ്രൊഫഷണല്‍ രൂപവും സ്വഭാവവും കൊണ്ട് വന്നത് അദ്ദേഹമാണ്.  കളിയുടെ ടാക്റ്റും ടെക്നീക്കും മനസ്സിലാക്കിത്തന്നതും അദ്ദേഹം തന്നെ,’ മിസോറം ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ലാൽനിങ്‌ഗ്ലോവ ഹ്‌മർ പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍,  89 വയസ്സുള്ള  വൗഗാന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ, മക്കള്‍, കൊച്ചു മക്കള്‍ ഉള്‍പ്പെടുന്ന  27 അംഗ കുടുംബം ഇംഗ്ലണ്ട്, സ്പെയിൻ എന്നിവിടങ്ങളില്‍ നിന്നും പറന്നെത്തി.  വൗഗാന്‍റെ പ്രിയപ്പെട്ട ലമ്മുവല്‍ സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന്‍റെ ചിതാഭസ്മം വിതറാന്‍.  കഴിഞ്ഞ നവംബര്‍ നാലിന്  ആ ചടങ്ങ് നടക്കുമ്പോള്‍ ആയിരങ്ങള്‍ അവിടെ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു.  കളി കാര്യമാക്കിത്തന്ന്, മിസോ ഫുട് ബോളിനെ ഇന്ത്യയുടെ നെറുകയിലെത്തിച്ച പു സാമായ്ക്ക് വിട പറയാന്‍.

‘ഞങ്ങളുടെ നന്ദി പറച്ചിലായിരുന്നു അത്.  മിസോ ഫുട് ബോളിന്‍റെ ആത്മാവാണ് ലമ്മുവല്‍ സ്റ്റേഡിയം.  അതിപ്പോള്‍ ഒന്ന് കൂടെ പാവനമായി. ഫുട് ബോളിനെ ഞങ്ങള്‍ കളിയായല്ല കാണുന്നത്, ജീവിതമായാണ്,’ ഹ്മാര്‍ കൂട്ടിച്ചേര്‍ത്തു.

വൗഗാന്‍റെ ചിതാഭസ്മം ലമ്മുവല്‍ സ്റ്റേഡിയത്തില്‍ വിതറിയപ്പോള്‍

‘ശാന്തമായ ഒരു സ്ഥലമാണ് മിസോറം.  വില്‍പ്പനക്ക് സാധ്യതയുള്ള ഒന്നും തന്നെയില്ല ഇവിടെ.  ഞങ്ങള്‍ ഒരു ഫുട് ബോള്‍ ഫാക്ടറി മാത്രമാണ്.  അതും കൂടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് എന്ത് ഐഡന്റിറ്റിയാണുള്ളത്?’, റെമുവര്‍ത്ത വര്‍ത്തെ ചോദിക്കുന്നു.

അതില്‍ ഒരതിശയോക്തിയുമില്ല.  മുന്‍ കാല ഫുട് ബോള്‍ കളിക്കാരനായിരുന്ന വര്‍ത്തെ ഇപ്പോള്‍ ലമ്മുവല്‍ സ്റ്റേഡിയത്തിന്‍റെ പരിസരത്ത് ഒരു റസ്റ്റോറന്റ്റ് നടത്തുന്നു.  ഭക്ഷണത്തില്‍ തുടങ്ങിയ സംസാരം സ്വാഭാവികമായും  അനിവാര്യമായും ഫുട് ബോളിലേക്ക് എത്തുന്നു.

നോര്‍ത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളെല്ലാം തന്നെ ഫുട് ബോള്‍ കളിയുടെ ഉറവിടങ്ങളാണ്.  എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി മിസോറം അവയ്ക്കിടയിലെ താരമായി ഉദിച്ചുയര്‍ന്നു.  11 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനമാണ് ഇന്ന് ഇന്ത്യയ്ക്ക് ഫുട് ബോള്‍ രംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത്.  മിസോറമില്‍ നിന്നുള്ള 85 പേരാണ് പലയിടങ്ങളിലായി കളിക്കുന്നത്.  അതില്‍ 58 പേര്‍ 10 ഐ ലീഗ് ടീമുകളിലായി തന്നെയുണ്ട്‌.  മൊത്തത്തില്‍ നോക്കിയാല്‍, രാജ്യത്തെ മികച്ച കളിക്കാരില്‍ 25 ശതമാനം അവരാണ്.

‘ഇതൊരു മുഴുവന്‍ വ്യവസ്ഥയാണെന്ന് പറയാം.  ബോംബയില്‍ ഒരു  കളി നടക്കുമ്പോള്‍ അടുത്തുള്ള അപാര്‍ട്ട്മെന്റില്‍ ഉള്ളവര്‍ക്ക് പോലും അറിയില്ല നമ്മളാണ് കളിക്കുന്നതെന്ന്.  ഇവിടെ അങ്ങനെയല്ല, ഒരു നഗരം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ട്.  ഒരര്‍ത്ഥത്തില്‍ ഇവിടം മുഴുവന്‍ ഫുട് ബോളാണ്.  മനസ്സര്‍പ്പിച്ചു ചെയ്‌താല്‍ നിശ്ചയമായും ജയിക്കുന്ന ഒരു കളി’, ഐസ്വാള്‍ എഫ് സി കോച്ചായ ഖാലിദ്‌ ജമീല്‍ തന്‍റെ മുംബൈ എഫ് സി കോച്ച് കാലഘട്ടം ഓര്‍ത്ത് പറയുന്നു.

ഇവിടെ കളിക്കാരാരും അക്കാദമിയില്‍ പോകാറില്ല.  നൈസര്‍ഗ്ഗികമായയുള്ള വാസന, മിസോറത്തില്‍ അങ്ങോളമിങ്ങോളമുള്ള കൊച്ചു കൊച്ചു ഗ്രൗണ്ടുകളില്‍ സ്വാഭാവികമായി തന്നെ പരിപോഷിപ്പിക്കപ്പെടുന്നു. റോഡും വൈദ്യുതിയുമൊന്നുമില്ലെങ്കിലും ഇത്തരം ഗ്രൗണ്ടുകള്‍ക്കും അവിടെ കളിക്കുന്ന ഫുട് ബോള്‍ ടീമുകള്‍ക്കും മിസോറമില്‍ ഒരു കുറവുമില്ല.

ഗ്രാമങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും ധാരാളമായുണ്ട്.  ഇത്തരം എല്ലാ മത്സരങ്ങളും അവസാനിക്കുന്നത് ഇരു ടീമുകളും തമ്മിലുള്ള പെനാല്‍റ്റി ഷൂട്ട്‌ ഔട്ടിലാണ്.  അതില്‍ പങ്കെടുക്കുന്നത് മത്സരിക്കുന്ന ഇരു ഗ്രാമങ്ങളിലേയും തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളാണ്.

ഐസ്വാളില്‍ മാത്രം അര ഡസന്‍ ടീമുകളുണ്ട്.  ലമ്മുവല്‍ സ്റ്റേഡിയത്തിലേക്ക് വരിക, കളി തുടങ്ങുക എന്നത് അവരെ സംബന്ധിച്ച് ഒരു ജീവിത ശൈലി കൂടിയാണ്.  1940 മുതല്‍ അവരുടെ അച്ഛനപ്പൂപ്പന്മാര്‍ പിന്തുടര്‍ന്ന് വന്നത്.

മിസോ സംസ്കാരത്തിന്‍റെയും സംഭാഷണത്തിന്‍റെയും അടിത്തറയായ ഫുട് ബോളിനെക്കുറിച്ച്  പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി അവിടത്തുകാര്‍ക്ക്‌ പറയാനുണ്ട്.  ആ പ്രദേശത്തെ യുവാക്കളെ പ്രതികൂലമായി ബാധിച്ച ലഹരി പ്രശ്നങ്ങളില്‍ നിന്നും ഫുട് ബോള്‍ അവരെ കൈ പിടിച്ചുയര്‍ത്തിയ കഥ.

നോര്‍ത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളില്‍ വച്ചേറ്റവും കൂടുതൽ സാക്ഷരതയുളള സ്ഥലമായിട്ടു കൂടി തൊഴിലില്ലായ്മയില്‍ മുന്‍പന്തിയിലാണ് മിസോറം.  മ്യാൻമാർ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മിസോറമിലേക്ക് ലഹരി ഒഴുകാന്‍ ഒരു പ്രയാസവുമില്ല.  ഇത് രണ്ടും കൂടി ചേര്‍ന്ന് നാടിന്‍റെ യുവത്വത്തിനെ ലഹരി ഉപയോഗത്തിന് അടിമകളാക്കി.  എസ് . റോൺങ്ങിങ്‌ഗ്ലോവ എന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ തന്‍റെ മകന്‍ ലഹരിക്ക്‌ അടിമപ്പെട്ടതറിഞ്ഞ് അതില്‍ നിന്നും അവനെ മുക്തനാക്കാനുള്ള വഴികള്‍ ആലോചിച്ചു.  അതേ പ്രശ്നത്തില്‍ കൂടി കടന്നു പോകുന്ന മറ്റു ചെറുപ്പക്കാരെയും ചേര്‍ത്ത് ഒരു ഫുട് ബോള്‍ ടീമിന് രൂപം കൊടുത്തു അദ്ദേഹം.  റിപബ്ലിക് വെങ്ങ് എന്ന് പേരിട്ട ആ ടീം പിന്നീട് ഐസ്വാള്‍ ലീഗിന് വേണ്ടി കളിച്ചു.  റോൺങ്ങിങ്‌ഗ്ലോവയുടെ മകന്‍ തന്‍റെ ദു:ശീലം അവസാനിപ്പിക്കുകയും ചെയ്തു.
മിസോ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും നിറഞ്ഞു നില്‍മ്പോഴും ക്രിയാത്മകമായ ഒരു തലത്തിലെക്കെത്താന്‍ ഫുട് ബോള്‍ ഏറെ സമയമെടുക്കുന്നു എന്നത് ഹമാർ എന്ന അസോസിയേഷന്‍ സെക്രട്ടറിയെ അലോസരപ്പെടുത്തി.  ആ അവസ്ഥ മാറണമെങ്കില്‍ മിസോറത്തിന്‍റെ ശീലങ്ങള്‍ മുഴുവനായി മാറണം എന്ന് അദ്ദേഹം കണ്ടെത്തി.

അസ്സമിലെ ബോഖാഖട്ടില്‍ മോഹന്‍ ബഗാന്‍ – ഐസ്വാള്‍ എഫ് സി മാച്ച് കാണുന്ന മൂന്നാമത് ഇന്ത്യന്‍ റിസര്‍വ് മിസോ ബറ്റാലിയനിലെ സൈനികര്‍

സ്വതവേ സാമട്ടിൽ  എന്ന് വിളിക്കാവുന്ന ഒരു സംസ്ഥാനത്തിന്‍റെ അത്ര തന്നെ സാമട്ടിലുളള തലസ്ഥാനമാണ്‌ ഐസ്വാള്‍.  ആധുനികത വന്നെത്തുന്നതേയുള്ളൂ അവിടെ.  ഒരു കഫെയോ ബാറോ ഇല്ല.  ഷോപ്പിംഗ്‌ മാള്‍, മള്‍ട്ടിപ്ലെക്സ് എന്നിവയുമില്ല.  ക്രിക്കറ്റ്‌ ഇല്ല.  ദിനപത്രങ്ങള്‍ ഒരു ദിവസം വൈകി എത്തുന്ന, മൊബൈല്‍ നെറ്റ് വര്‍ക്ക്‌ വന്നും പോയുമിരിക്കുന്ന, ഇന്റര്‍നെറ്റ് കൃത്യമായി കിട്ടാത്ത ഒരിടം.

ഹിന്ദി, ഇംഗ്ലീഷ്, കൊറിയന്‍, ചൈനീസ് പരിപാടികള്‍ മിസോ ഭാഷയില്‍ സബ് ടൈറ്റില്‍ ചെയ്തു സംപ്രേക്ഷണം നടത്തുന്ന ടി വി ചാനലുകള്‍ക്ക് മുന്നില്‍ വൈകുന്നേരങ്ങള്‍ ചിലവിടുന്ന ഒരു ജനത.  അല്ലെങ്കില്‍ ഏതെങ്കിലും ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പാട്ടും നൃത്തവുമൊക്കെയായി ഒരു ഡിന്നര്‍.  പത്ത് മണിക്ക് ഉറക്കം പിടിക്കും, രാത്രി വൈകി ഫുട് ബോള്‍ മാച്ചുകളൊന്നുമില്ലെങ്കില്‍.

ഈ ചിട്ടയ്ക്ക് ഒരു മാറ്റം കൊണ്ട് വന്നത് മൂന്ന് ചെറുപ്പക്കാര്‍.  കൂട്ടുകാരായ അവരുടെ തലയിലുദിച്ച ഒരാശയം ആ സംസ്ഥാനത്തിന്‍റെ സായാഹ്നങ്ങളെ മാറ്റി മറിച്ചു, ഫുട് ബോളിനെയും.  മിസോറം ഏറെ ഇഷ്ടപ്പെട്ടിരുന്ന രണ്ടു കാര്യങ്ങളെ അവര്‍ ഒന്നിച്ചു ചേര്‍ത്തു – ഫുട് ബോളും ടി വി യും ചേര്‍ന്ന് മിസോറം പ്രീമിയര്‍ ലീഗായി.  മറ്റു സംസ്ഥാനങ്ങള്‍ അസൂയപ്പെടുന്ന നിലവാരത്തിലേക്ക് വളര്‍ന്ന എം പി എല്‍.

2012 ല്‍ ആരംഭിച്ച എം പി എല്‍ തങ്ങളുടെ കളികളുടെ സംപ്രേക്ഷണാവകാശം വില്‍ക്കപ്പെടുന്ന രാജ്യത്തെ ഒരേയൊരു ലീഗാണ്.  ഇന്ത്യയിലെ പ്രധാനപെട്ട ടൂര്‍ണമെന്‍റ് എന്ന് കരുതപ്പെടുന്ന ഐ ലീഗ് പോലും ടി വിയില്‍ കാണിക്കുന്നത് സൗജന്യമായിട്ടാണ്.  എം പി എല്‍ ഒരു വര്‍ഷത്തെ സംപ്രേക്ഷണാവകാശം എല്‍ വി ലല്‍തന്‍ട്ലുംഗ എന്ന മിസോറം കേബിള്‍ നെറ്റ്‌വര്‍ക്ക് ഉടമ വാങ്ങുന്നത് 25 ലക്ഷം രൂപയ്ക്കാണ്.  ഹ്മാര്‍ അതിന്‍റെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മപൂയ്യ അതിന്‍റെ വ്യാപാര സംബന്ധമായ വശങ്ങള്‍ നോക്കുന്നു.  മദ്യ വിരുദ്ധ നയം പിന്‍വലിക്കാനുള്ള മിസോറം സര്‍ക്കാരിന്‍റെ നടപടികള്‍ ഈ മൂവര്‍ സംഘത്തിന്  തുണയായി.  എം പി എല്‍ സ്പോണ്സര്‍ഷിപ്‌ ഒരു മദ്യ കമ്പനി ഏറ്റെടുത്തു.

എങ്കിലും എട്ടു ടീമുകളുള്ള ലീഗ് 10 ലക്ഷം രൂപയുടെ നഷ്ടത്തിലാണ് ഇപ്പോഴും നടക്കുന്നത്.  എന്നാല്‍ ഫുട് ബോള്‍ നിലവാരത്തില്‍ ഇവരെക്കഴിഞ്ഞെയുള്ളൂ ബാക്കി എല്ലാവരും.  തദ്ദേശവാസികളായ കളിക്കാര്‍ക്ക്‌ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുന്നതിന് പുറമേ, തൊഴിലില്ലായ്മ മുഖമുദ്രയായ ഒരു നാട്ടില്‍ നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക കൂടിയാണ് ലീഗ് ചെയ്തത്.

സ്പോര്‍ട്‌സ് രംഗത്തുള്ള മിസോറമിന്‍റെ കുതിപ്പിന് ചെറിയ ഊര്‍ജ്ജമൊന്നുമല്ല എം പി എല്‍ പ്രദാനം ചെയ്തിട്ടുള്ളത്.  2014 ലെ സന്തോഷ്‌ ട്രോഫി വിജയവും അടുത്ത രണ്ടു വര്‍ഷങ്ങളിലെ സെമി ഫൈനല്‍ കളികളും സബ് ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പും ഐ ലീഗ് ചാമ്പ്യന്‍മാരും എല്ലാം  എം പി എല്‍ സാധ്യമാക്കുന്നു.

‘വെറുതെ പന്ത് തട്ടിക്കളിച്ചിരുന്ന ഒരു കൂട്ടരായിരുന്നു ഞങ്ങള്‍.  ഇപ്പോള്‍ ഓരോ ചെറിയ കുട്ടിയും ആഗ്രഹിക്കുന്നുണ്ട്, അവന്‍റെ ഗ്രാമത്തിന് വേണ്ടി എം പി എല്‍ കളിക്കാന്‍.’, ഐസ്വാള്‍ എഫ് സിയുടെ താര  മിഡ്ഫീല്‍ഡര്‍ ബ്രാന്‍ഡന്‍ വന്ലാല്‍രേംടിക പറയുന്നു, ‘കളിക്കാന്‍ അറിയാത്തവരുടെ ഒരു പ്രധാന വിനോദോപാധിയും കൂടിയാണ് ഫുട് ബോള്‍’.
ഐസ്വാളിന് ഒരു രാത്രി ജീവിതം (night life) ഉണ്ടാക്കിക്കൊടുത്തതും എം പി എല്‍ തന്നെ.  ലമ്മുവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഓരോ മാച്ചും കാണാന്‍ ആയിരങ്ങളാണ് എത്തുന്നത്‌.  ടെലിവിഷനില്‍ ലൈവ് സംപ്രേക്ഷണം കാണുന്നവര്‍ വേറെ.  മാച്ച് കഴിഞ്ഞ് ഗ്രാമത്തിന്‍റെ പല കോണുകളിലായി അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും, വെളുക്കും വരെ.

സായാഹ്നങ്ങള്‍ പണ്ടത്തെക്കാളേറെ നന്നായി ചിലവഴിക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍’, ഐസ്വാള്‍ എഫ് സി ഫാന്‍ കൂടിയായ 19കാരി റിനി റാല്‍റ്റെ പറയുന്നു.
കേബിള്‍ ടെലിവിഷന്‍റെ വരവോടു കൂടി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ഫുട്ബാള്‍ നിലവാരം പാടെ തകര്‍ന്നു എന്നാണു പൊതുവിലുള്ള ഒരു വിലയിരുത്തല്‍.  തങ്ങള്‍ നേരില്‍ കാണുന്നത് വിശ്വസിച്ചിരുന്ന ഫാന്‍സ്‌ ടി വി യില്‍ മറ്റുള്ളവരുടെ കളി കണ്ട് ലോക്കല്‍ ഗെയിമിനെ തള്ളി പറഞ്ഞ് പുതിയ മേച്ചില്‍ പുറങ്ങള്‍ക്ക് ജയ് വിളിക്കാന്‍ പോയപ്പോള്‍ മിസോറത്തില്‍ നേരെ മറിച്ചായിരുന്നു.  ടി വിയില്‍ ബാക്കിയുള്ളവരുടെ കളി കണ്ടപ്പോഴാണ് നമ്മള്‍ മറ്റുള്ളവരെക്കാളും മുന്നിലാണ് എന്ന് മിസോ നിവാസികള്‍ തിരിച്ചറിഞ്ഞത്.

സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള മലയിടുക്കും വാട്ടര്‍ ടാങ്കും വരെ ഇരിപ്പിടങ്ങളാകുമ്പോള്‍

മിസോറം ഫുട്ബാളിന്‍റെ സവിശേഷത അതിന്‍റെ താളക്രമത്തിലാണ്.  അവരുടെ ദര്‍ശനം ലളിതമാണ് – ജയിക്കണമെങ്കില്‍ പന്ത് നല്ല വേഗത്തില്‍ മുന്നോട്ട് പോകണം.  പൊസ്സെഷനിലും ട്രിബ്ലിംഗിലുമുള്ള മിസോ വേഗം എടുത്തു പറയേണ്ടത് തന്നെയാണ്.
ചടുലമായ ചലനങ്ങള്‍ ഉള്ളപ്പോള്‍ തന്നെ പന്ത് നിയന്ത്രിക്കുന്നതില്‍ അവര്‍ മിടുക്കരാണ്.  ചിലപ്പോള്‍ തങ്ങളുടെ വൈദഗ്ദ്ധ്യം കാണിക്കാനായി അവര്‍ പന്ത് കുറച്ചു കൂടുതല്‍ നേരം പിടിച്ചു വയ്ക്കും.  അത് സാരമില്ല.  കാരണം, വൈദഗ്ദ്ധ്യമുള്ളവര്‍ അത് കാണിക്കുക തന്നെ വേണം.’, ഐസ്വാള്‍ എഫ് സിയുടെ സിറിയന്‍ മിഡ് ഫീല്‍ഡര്‍ മഹ്മൂദ് അല്‍ അമ്ന പറയുന്നു.  ‘ശക്തരല്ലേ അവര്‍, ചെറിയ ശരീരത്തിലെ വലിയ അത്ഭുതങ്ങള്‍’, അമ്ന ചിരിച്ചു.

ഈ ശൈലിയുടെ അടിസ്ഥാനം സംഗീതത്തിനോടുള്ള മിസോക്കാരുടെ അഭിനിവേശമാണെന്ന്  ചരിത്രകാരന്‍ മൈക്കല്‍ മിംഗ്തന്‍പുയ അഭിപ്രായപ്പെടുന്നു.
‘താളമുറഞ്ഞുകൂടിയ ഒരു രക്തമാണ് അവരുടേത്.  നൃത്തം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍.  അവരുടെ കളിയും നൃത്തം തന്നെ’, ബ്രിട്ടീഷ്‌ കാലം മുതല്‍ ഇങ്ങോട്ടുള്ള മിസോറത്തിന്‍റെ കായിക – സാമൂഹ്യ ചരിത്രത്തില്‍ തീസിസ് ചെയ്യുന്ന മൈക്കല്‍ പറയുന്നു.

ഒന്നാം ലോക യുദ്ധാനന്തരം സമൂഹത്തിലേക്കു മടങ്ങിയെത്തിയ ചിലരിലൂടെയാണ് മിസോറം ഫുട് ബോള്‍ പരിചയപ്പെടുന്നത്.  പാരീസിലെ ലേബര്‍ കോര്‍പ്സില്‍ ജോലി കഴിഞ്ഞെത്തിയവര്‍ അവിടെ കണ്ട കളി ഇവിടെയും കളിച്ചു തുടങ്ങി.  ലെതര്‍ പന്ത് കിട്ടാനില്ലാത്തത് കാരണം സര്‍പ്രോക് എന്ന, ഫുട് ബോള്‍ പോലെ തോന്നിക്കുന്ന ഒരു നാടന്‍ പഴം ഉപയോഗിച്ചായിരുന്നു കളി.  കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വന്ന കളിക്ക് ഒരു പ്രൊഫെഷനല്‍ സ്വഭാവം വന്നത് അസ്സം റൈഫിള്‍സ് രംഗത്തെത്തിയതോടെയാണ്‌.  ഹെര്‍ബെര്‍ട്ട് വൗഗാന്‍റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ആ മാറ്റം.
1960 വരെ, പൊതു രംഗത്തെ ശ്രദ്ധയില്‍ ഫുട് ബോള്‍ ഹോക്കിക്ക് പിന്നിലായിരുന്നു. ഫുട് ബോള്‍ കളിക്കാര്‍ക്ക്‌ സര്‍ക്കാര്‍ ഉദ്യോഗം കിട്ടിത്തുടങ്ങിയപ്പോഴാണ് അത് മുന്‍ നിരയിലേക്ക് എത്തുന്നത്‌.

ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ മാമ എന്ന് വിളിപ്പേരുള്ള ശൈലോ മല്‍സട്ലുംഗ സംസ്ഥാനത്തിന് പുറത്തേക്ക് കളിക്കാന്‍ പോകുന്നതും മിസോ ഫുട് ബോളിലെ ഒരു വലിയ വഴിത്തിരിവാണ്.  കളിക്കാന്‍ മാത്രമല്ല, ജീവിക്കാനും കൂടിയാണ് കളി എന്ന് മിസോ ജനതയെ കാണിച്ചു കൊടുത്തത് ഈ ഈസ്റ്റ്‌ ബംഗാള്‍ കളിക്കാരനാണ്. ഫുട് ബോള്‍ പ്രതിഭകളെ തിരഞ്ഞു ഇന്ത്യ ഈ മലമ്പ്രദേശത്തേക്ക് കണ്ണ് പായിച്ചു തുടങ്ങിയതും മാമയ്ക്ക് ശേഷമാണ്.
ഇന്ന് ഇന്ത്യയുടെ അഭിമാനമായ സ്ട്രൈക്കര്‍ ജെജെ ലാല്‍പെഖ്ലുയ, ഈ പ്രദേശത്തെ ഹനാഹ്തിയാല്‍ എന്ന ചെറു ഗ്രാമത്തില്‍ നിന്ന് വരുന്ന ചെറുപ്പക്കാരനാണ്.  ഇന്ത്യയുടെ ക്യാപ്റ്റന്‍ ആകാന്‍ വരെ കഴിവുണ്ട് എന്ന് വിലയിരുത്തപ്പെടുന്നയാള്‍.  അയാളുടെ ജനസ്വാധീനം ഐ ലീഗ് സീസണിലെ മാച്ച് കണ്ടവരാരും മറക്കില്ല.  ഐസ്വാളില്‍ നടന്ന കളിയില്‍ മോഹന്‍ ബഗാന് വേണ്ടി കളിച്ച ജെജെക്ക്, ടൈ ബ്രേക്കര്‍ എത്തിയപ്പോള്‍ വാട്ട്‌സാപ്പ് മെസ്സേജുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നുവത്രേ.  ഐസ്വാളിനെതിരെ നീക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ തങ്ങള്‍ കൂക്കി വിളിക്കുന്നതും പരിഹസിക്കുന്നതും മനസ്സിലാക്കുകയും പൊറുക്കുകയും വേണം എന്ന അഭ്യര്‍ത്ഥനയായിരുന്നു അതെല്ലാം.

ജെജെ കൂടാതെ വേറെയും താരങ്ങളുണ്ടവിടെ – ഒരമ്മ ഒറ്റയ്ക്ക് വളര്‍ത്തിയ മിഡ് ഫീല്‍ഡര്‍ ബ്രാന്‍ഡന്‍ വന്ലാല്‍രേംടിക, മ്യാന്മാര്‍ അതിര്‍ത്തിയില്‍ നിന്നും കഷ്ടിച്ച് 30 കിലോമീറ്റര്‍   മാത്രം ദൂരമുള്ള സിയാല്‍ഹവ്ക് എന്ന ചെറു ഗ്രാമത്തില്‍ നിന്നുള്ള ലാല്‍ദാന്‍മവിയ രല്തെ, ഈ സീസണിലെ താരമായ സോതിയെ എന്ന് വിളിപ്പേരുള്ള സോമിന്‍ഗ്ലയാന രല്തെ എന്നിങ്ങനെ.
ഒരു ക്ലബിനും വേണ്ടാത്ത കളിക്കാരുമുണ്ടായിരുന്നു; എന്നാല്‍ അവരൊക്കെ ഇപ്പോള്‍ ഇന്ത്യന്‍ ഫുട് ബോളിലെ തിളക്കമാര്‍ന്ന ഏടുകളാണ്.  സ്വപ്നം വിജയം എന്നൊക്കെ വിശേഷിപ്പിക്കാം.  എന്നാല്‍ ഇവര്‍ക്ക് കൂടുതല്‍ ചേരുക, നിശബ്ദവും സുസ്ഥിരമായ പ്രവര്‍ത്തനം എന്ന വിശേഷണമാവും.

‘ഒരു രാത്രി കൊണ്ട് നേടിയെടുത്തതല്ല ഇതൊന്നും തന്നെ.  വര്‍ഷങ്ങളോളം പണിയെടുത്ത്, വ്യവസ്ഥയും വഴിയുമെല്ലാം ഉണ്ടാക്കിയെടുത്താണ് ഇവിടെ എത്തിയത്.  മിസോറം സംസ്ഥാനത്തിന് മുഴുവന്‍ അതിന്‍റെ ഗുണങ്ങള്‍ കിട്ടിയിട്ടുണ്ട്.’, മോഹന്‍ ബഗാന്‍ കോച്ച് സൻജോയ് സെന്‍ പറയുന്നു.

ജനസംഖ്യയില്‍ ഏറ്റവും ചെറിയ സംസ്ഥാനമായ മിസോറം അങ്ങനെയാണ് ഇന്ത്യന്‍ ഫുട് ബോള്‍ ചരിത്രത്തിലെ വലിയ സാന്നിധ്യമായത്.  കളി എങ്ങനെ കളിക്കാമെന്നും, കളിയില്‍ കാര്യമുണ്ടെന്നും രാജ്യത്തെ പഠിപ്പിച്ചത്.

മഴയത്തും കളി കാണാന്‍ എത്തിയവര്‍

കഴിഞ്ഞ ഏപ്രില്‍ 29.  തങ്ങള്‍ക്കുള്ളതെല്ലാം എടുത്തു മിസോ ഫുട്ബോള്‍ പയറ്റിയ ദിവസമായിരുന്നു അന്ന്.  11,000ത്തോളം ആരാധകരുടെ ആര്‍പ്പു വിളികള്‍ കൊണ്ട് രാജീവ് ഗാന്ധി സ്റ്റേഡിയം പ്രകമ്പനം കൊണ്ടു.
മിസോറം അന്ന് പതിവിലും സുന്ദരിയായിരുന്നു.  മഞ്ഞു മൂടിയ മലകളില്‍ നിന്നും വീശുന്ന തണുത്ത കാറ്റിനൊപ്പം സ്റ്റേഡിയം ആടുകയും പാടുകയും ചെയ്യുന്നുണ്ടായിരുന്നു.  ഒത്തൊരുമിച്ച് അവര്‍ ഐസ്വാള്‍ ഫുട് ബോള്‍ ക്ലബിന്‍റെ തീം ഗാനം ആലപിച്ചു.  മിസോയുടെ പ്രിയപ്പെട്ട ആ ഗാനം, ‘When you’re happy and you know it’ എന്ന ഇംഗ്ലീഷ് ഗാനത്തിന്‍റെ ഈണത്തിലാണ്.
കനത്ത മഴയിലും പതറാതെ ഐസ്വാള്‍ എഫ് സി മോഹന്‍ ബഗാനെ എതിര്‍ത്ത് നിന്ന് പോരാടി.  തിമിര്‍ത്ത് പെയ്ത മഴയിലെ ഉരുള്‍പൊട്ടലില്‍ പെട്ടിട്ടും, ഐ ലീഗ് പകര്‍ന്ന ഊര്‍ജ്ജം മുറുകെപ്പിടിച്ചവര്‍ നിന്നു.  83 ന്നാം മിനിറ്റിൽ ഡിഫെന്‍ഡര്‍ സോതിയെ മിഡ് ഫീല്‍ഡര്‍ അല്‍ അമ്നയുടെ കിക്കിനെ ഹെഡ് ചെയ്തു ഗോള്‍ പോസ്റ്റിലേക്കെത്തിച്ചപ്പോള്‍ ഇടി മുഴങ്ങിയത് സ്റ്റേഡിയത്തിലായിരുന്നു.

ഐസ്വാള്‍ എഫ് സി ജഴ്‌സിയണിഞ്ഞ നാളത്തെ താരങ്ങള്‍

കഴിഞ്ഞ ഞായറാഴ്ച, ഷില്ലോങ്ങില്‍ ചാമ്പ്യന്‍ പട്ടം നേടി തങ്ങളുടെ ജൈത്രയാത്രയ്ക്കു തുടരുന്ന മിസോ വീരന്മാര്‍ക്കു നാട് വരവേല്‍പ്പ് നല്‍കി.  ചെറിയ മനുഷ്യരുടെ വലിയ വിജയങ്ങള്‍ അവര്‍ ആഘോഷിച്ചത്, 1984 ഫെബ്രുവരി 14 നു തുടങ്ങിയ ഒരു ക്ലബ്ബില്‍ വച്ചാണ്.  കാരണം അവര്‍ക്ക് പ്രണയമെന്നാല്‍ ഫുട്ബോളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook