നഗരജീവിതത്തിന്റെ മനം മടുപ്പിക്കുന്ന നരകയാതനകൾക്കിടയിൽ മുറിവേറ്റ ഒരു വേപ്പുമരം ഓർമ്മകളെ പുറകോട്ട് നടത്തുകയാണ്. അതിർത്തിയിൽ നിൽക്കുന്ന മരങ്ങളുയർത്തുന്ന ചില മാനസിക അസ്വസ്ഥതകളുടെ വേരുകൾ രണ്ടു വീടുകൾക്കുള്ളിലുള്ളവരുടെ മനസുകൾ തമ്മിലുള്ള അകലം അടുക്കാൻ എളുപ്പമല്ലാത്ത വിധം കൂട്ടുന്നു. അപ്പോഴെല്ലാം മനസ്സ് അതിരുകളില്ലാതെ കളിച്ചു വളർന്ന കുട്ടിക്കാലത്തിലേയ്ക്ക് മുതലക്കൂപ്പ് കുത്തുന്നു.
അതിർത്തി തിരിക്കാൻ നീരോലിയോ ശീമക്കൊന്നയോ കുറ്റിമുല്ലയോ ആടലോടകമോ മാത്രം ഉണ്ടായിരുന്ന വേലിപ്പടർപ്പുകൾ . ശംഖുപുഷ്പവും നന്ദ്യാർവട്ടവും ചിലപ്പോഴൊക്കെ വേലിയെ കൂട്ടുപിടിച്ച് വിടർന്നുല്ലസിച്ചു. അതിരു ചേർന്ന് കറിവേപ്പുകൾ രണ്ടു വീടുകളുടെ വറചട്ടികളിലേയ്ക്ക് സദാ തയ്യാറായി തലയുയർത്തി നിന്നിരുന്നു. വരിക്കപ്ളാവ് ആരുടെ പറമ്പിൽ തിരിയിട്ടാലും മൂത്തു പഴുത്താൽ എട്ടു തുണ്ടമെങ്കിലും മുറിക്കും. എട്ടു വീടുകളിലും വരിക്കച്ചക്ക എത്തും. മുരിങ്ങ പൂത്താൽ പൂവും കായും ഇലയുമായി വരുന്നവർക്കെല്ലാം കുനിഞ്ഞു കൊടുത്തു. ചാരപ്പൂവൻ പഴുപ്പിക്കാൻ കൊള്ളാത്തതിനാൽ പടല തിരിഞ്ഞ് മൂപ്പെത്തുമ്പോഴേയ്ക്കും അടർത്തിയെടുത്ത് വീതം വച്ച് വാഴ വെട്ടി തെങ്ങിൻ കടക്കലും ജാതി തടത്തിലും അരിഞ്ഞിടുന്നു. ഓണത്തിനുള്ള ഏത്തക്കുലകൾ അടുത്ത പറമ്പുകാരോട് നേരത്തെ പറഞ്ഞുറപ്പിക്കുന്നു. കായ വറവ് ഒരു ഉൽസവമാണ്. വറവു പാകം കൃത്യമാണോയെന്നറിയാൻ വേലിക്കൽ നിന്ന് നീട്ടി വിളിച്ച് സ്വാദു നോക്കിക്കുന്നു. ഒരു മൂപ്പും കൂടി ആവാം എന്നുള്ള മറുപടിയിൽ, ഹാവൂ ഭാഗ്യം കരിഞ്ഞില്ലല്ലോ എന്ന് ആശ്വസിക്കുന്നു .
ചാമ്പയ്ക്കാ , ലൂബിയ്ക്ക, പേരയ്ക്ക , മധുരൻ പുളി ഇവയെല്ലാം കുട്ടികൾ യഥേഷ്ടം പല വീടുകൾ കയറിയിറങ്ങി തിന്നു രസിയ്ക്കുന്നു. മുല്ല പൂത്താൽ ചുറ്റുവട്ടമുള്ള പെൺകൊടികൾക്ക് എത്തിക്കാൻ “മുല്ല വീട്ടിലെ” അമ്മ ജാഗ്രത പുലർത്തുന്നു. വാഴയിലയുടെ പച്ചപ്പിൽ വെളുത്ത മുല്ലമൊട്ടുകൾ ചിരിച്ചു മയങ്ങി കിടക്കുന്ന കാഴ്ച ലോകത്തെ സുന്ദരമായ കാഴ്ചകളിൽ ഒന്നാണ് ‘
ചക്ക അയൽപക്കങ്ങളിൽ വിഷുവിന് വറക്കാൻ പാകത്തിന് മൂപ്പു തെറ്റാത്തത് നോക്കി എത്തിക്കാൻ പ്ളാവുള്ള വീട്ടിലെ അമ്മമാർ തിടുക്കം കൂട്ടുമായിരുന്നു. ചക്കയുടെ മൂപ്പ് കൃത്യമായാലേ ചക്ക ഉപ്പേരിയുടെ വറവ് കിലുകിലാ ശബ്ദം ഉണ്ടാക്കുകയുള്ളൂ. ചക്കച്ചുളകൾ അരിഞ്ഞ് വറുക്കാൻ പാകത്തിന് ഭംഗിയാക്കിയ ശേഷം ബാക്കിവരുന്ന കടയും തലയും ചക്കക്കുരുവും ചേർത്തുണ്ടാക്കുന്നചക്ക പുഴുക്കിന്റെ രുചി പറയേണ്ടതില്ല.
ഋതുഭേദങ്ങളുടെ വരവറിയിച്ച് വിളയുന്ന പച്ചക്കറികൾ മിക്കവാറും എല്ലാ വീടുകളിലും ഒരേ ഭക്ഷണ രീതി തന്നെ ആക്കി മാറ്റിയിരുന്നു. വലിപ്പ ചെറുപ്പങ്ങളില്ലാത്ത ഒരു ഭക്ഷ്യ സംസ്കാരത്തിന്റെ നേർക്കാഴ്ചയായിരുന്നു. പ്രകൃതിയോടിണങ്ങിയ ആ ജീവിതരീതി അതാതു കാലങ്ങളിലെ വിഭവസമ്പത്ത് കൊണ്ട് ആരോഗ്യമുള്ള തലമുറയെ സൃഷ്ടിച്ചിരുന്നു. ഇന്നിപ്പോൾ എല്ലാ സീസണിലും ലഭ്യമാകുന്ന നെല്ലിക്കയും ചന്ത്രക്കാരൻ മാങ്ങയുമെല്ലാം കൊതിയുടെ കാലത്തെ ഇല്ലാതാക്കി, ജീനുകളുടെ കൃത്രിമ സ്വഭാവ വിശേഷങ്ങളെ കുപ്പിയിലാക്കിയിരിക്കുന്നു. കടുകരച്ച കടുമാങ്ങാക്കറിക്കൊപ്പം രുചിക്കുന്ന സ്നേഹനിർഭരമായ അയൽപക്ക ബന്ധങ്ങൾ!
വാഴയ്ക്ക് വെള്ളം തിരിക്കുന്ന തോടുകൾക്കുള്ളിലൂടെ ഒഴുക്കിനെതിരെ ഓടുന്ന സുഖം അറിയാമോ? ചെറിയ മൺതിട്ടപൊട്ടി പരന്നൊഴുകുന്ന വെള്ളത്തിനൊപ്പം ദൂരെ നിന്നു വടിയുമായി ഓടി വരുന്ന അമ്മൂമ്മയെ പറ്റിക്കാനുള്ള ഓട്ടം നാലു സെന്റിൽ മതിലു കെട്ടി തിരിച്ച് ടൈലു വിരിച്ച മുറ്റത്ത് വരണ്ടുണങ്ങിയ ഓർമ്മയാണ്. തെങ്ങിൻ തടം നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ ആലോലം നനയുമ്പോൾ കാലിൽ കുത്തിക്കയറുന്ന ആരെടുക്കാൻ ഞൊണ്ടി ഞൊണ്ടി അമ്മയുടെ അടുത്തെത്തി, ബ്ളൗസിൽ നിന്ന് പിൻ ഊരിയെടുത്ത്, ആരെടുക്കുക എന്നത് ശ്രമകരമായ പണി തന്നെയാണ്.
പനിനീർ റോസും കട്ടച്ചെമ്പരത്തിയും ചെത്തിയും മന്ദാരവും നന്ദ്യാർവട്ടവും ചെണ്ടുമല്ലിയും തുളസിയും അമ്പലത്തിലേയ്ക്കായ് മാത്രം നട്ടുനനച്ചിരുന്ന അന്നത്തെ പൂന്തോട്ടങ്ങൾ സാറ്റു കളിയിൽ ചവിട്ടി കൂട്ടുന്നതിനും ഒളിക്കാൻ കയറുന്ന വിറകുപുരയിലെ അട്ടിയിട്ട വിറകുകൾ തട്ടിയിടുന്നതിനും കണ്ണുപൊട്ടുന്ന ചീത്ത കേട്ടിരുന്നത് അടുപ്പു പുകയാത്ത എന്റെ വീട്ടിലെ മക്കളോട് പറഞ്ഞിട്ട് എന്ത് കാര്യം?
അവിടൊന്നും മനസ്സിനോ ഭൂമിക്കോ മനുഷ്യൻ അതിർ വരമ്പുകൾ പണിതിരുന്നില്ല. റെയിൽവേ സ്റ്റേഷനിലേയ്ക്ക് ഒന്നര കിലോമീറ്ററും ബസ് സ്റ്റാന്റിലേയ്ക്ക് ഒരു കിലോമീറ്ററും അകലം എന്ന ഭൗതിക സൗകര്യങ്ങൾക്ക് അടിപ്പെട്ട് നഗരവാസം നടത്തുമ്പോൾ മുകളിൽ പറഞ്ഞതിൽ നിന്നെല്ലാം പച്ചപ്പ് അകന്നുപോയി ചാരനിറമുള്ള ഓർമ്മകളായി പിന്നീട് കുറിപ്പുകളുമായി .
മഹാരാഷ്ട്രയിൽ ജീവിതം തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ ആര്യവേപ്പിലകൾ സദാ തളിർത്ത് തലയാട്ടി നിന്നു. കേരളം വിട്ടാൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ കാണുന്ന വൃക്ഷം വേപ്പാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും വേപ്പിനു കഴിയുമത്രെ! കത്തുന്ന മീനത്തിലും ആർത്തു ഉലയുന്ന പച്ചപ്പ്. മാറി മാറിത്താമസിച്ച എല്ലാ റെയിൽവേ ക്വാർട്ടേഴ്സിന്റെയും മുൻവശത്തും പിൻ വശത്തും വേപ്പ് നട്ടു വളർത്തി. തഴച്ചു വളർന്ന് കായും പൂവും നിറഞ്ഞ വേപ്പുമരം കണ്ണിൽ പച്ച കുത്തിനിറച്ചു. തത്തകൾ വേപ്പിൻ കായകൾ തിന്നാൻ മൽസരിച്ചു പറന്നു നടന്നു. അഞ്ചും ആറും മണിക്കൂർ നീളുന്ന പവർ കട്ട് ഉച്ചകളെ കത്തിച്ചപ്പോൾ മക്കളുമായി വേപ്പുമരത്തണലിൽ നേരം പോക്കി. ചൂടു ശമിക്കാത്ത രാത്രികാലങ്ങളിൽ കയറ്റുകട്ടിൽ ഇട്ട് ടെറസ്സിൽ കിടക്കുമ്പോൾ നക്ഷത്രങ്ങൾക്കൊപ്പം വേപ്പുമരങ്ങളും ജാഗ്രതയോടെ കാവൽ നിന്നു. റെയിൽവേ സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സുകളിൽ ഭക്ഷണം അന്വേഷിച്ച് കുരങ്ങന്മാർ സദാ കയറിയിറങ്ങും. വാതിൽ തുറക്കുന്ന തക്കം നോക്കി വേപ്പു മരത്തിലാണ് കുരങ്ങന്മാരുടെ കാത്തിരിപ്പ്. എന്റെ മാമ്പഴക്കൊതി വളരെ പ്രസിദ്ധമായത് കൊണ്ട് എവിടെ മാമ്പഴം കണ്ടാലും വീട്ടുകാരൻ വാങ്ങിക്കൊണ്ട് വരും. തേങ്ങയുടെ വലിപ്പമുള്ള ബങ്കിനപ്പള്ളി മാങ്ങ ഒരു ദിവസം കുട്ടിക്കുരങ്ങൻ രണ്ടു കൈ കൊണ്ട് പിടിച്ച് മനുഷ്യരെപ്പോലെ നടന്ന് അടിച്ചു മാറ്റി കൊണ്ട് പോയി. അന്ന് ക്യാമറയുള്ള ഫോൺ ഉണ്ടായിരുന്നെങ്കിൽ അപൂർവ്വമായ ആ കാഴ്ച സൂക്ഷിച്ചു വെക്കാമായിരുന്നു.
ഇതെല്ലാം പറഞ്ഞു വന്നത് അപ്പുറം ഇപ്പുറം താമസിക്കുന്നവരുടെ അകലം പറയാനാണ്. വീടുവെച്ചപ്പോൾ ഒരു വേപ്പ് മുറ്റത്ത് വേണം എന്നത് എനിക്ക് നിർബന്ധമായിരുന്നു. മുൻവാതിലിലൂടെ അതിന്റെ കാറ്റ് അകത്ത് കയറണം. എട്ടു വർഷം കൊണ്ട് ബാൽക്കണിയിലേയ്ക്ക് കുഞ്ഞിക്കൈകൾ നീട്ടി വളർന്നു കഴിഞ്ഞു വേപ്പ്. ഒപ്പം അപ്പുറത്തെ തനിച്ചു താമസിക്കുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥയുടെ വീട്ടിലേയ്ക്കും. ഇന്നലെ ഓഫീസിൽ നിന്നും വരുമ്പോൾ ജീവൻ തുടിക്കുന്ന അതിന്റെ ഏറ്റവും നല്ല ശാഖ തന്നെ വെട്ടി നമ്മുടെ മുറ്റത്ത് ഇട്ടിരുന്നു. ഇല വീണ് അഴുകി ടൈലിൽ കറപിടിക്കുന്നു എന്നതാണ് കാരണം’
ഇത് വീടിന്റെ ഒരു വശത്തിന്റെ കഥ. മറുവശത്ത് അപ്പുറത്തെ വീട്ടിലെ മാവിൽ നിന്നും ദിവസേന ഒരു പത്തു മാങ്ങ എന്ന നിരക്കിൽ വീണ് വണ്ടി ചക്രം കയറി ചതഞ്ഞരഞ്ഞ് മണിയനീച്ച അരിക്കുന്ന എന്റെ അഞ്ച് ലിങ്ക്സ് വഴി. അറപ്പു കാരണം മക്കൾ വാരി കളയില്ല. മാവില പൂക്കളം തീർക്കുന്ന വഴിയെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് ടെറസ്സിലേക്ക് അലച്ചു വീണ മാമ്പഴത്തിന്റെ ശബ്ദത്തിൽ ഞെട്ടി, ഒരു പോളിത്തീൻ കവറിൽ ചീഞ്ഞ മാങ്ങകൾ പെറുക്കിയെടുക്കുമ്പോൾ എന്റെ പാവം വേപ്പ് തല കുനിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് എനിക്ക് തോന്നി. ഇത് മനുഷ്യരുടെ മനസ്സുപോലെ വിരോധാഭാസങ്ങളുടെ നിറമുള്ള കഥ.