ഇടത് വശത്ത് നിന്ന് വലത് വശത്തേക്ക് എഴുതുന്നവര്‍ പേനകളെ വലിച്ചുകൊണ്ടുപോവുകയാണ് ചെയ്യുന്നത്. വലത് നിന്ന് ഇടത്തേക്ക് എഴുതുന്നവര്‍ പേനയെ തള്ളിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. വലത് കൈകൊണ്ട് എഴുതുന്നവരുമായി ബന്ധപ്പെട്ട് പറയാവുന്ന കാര്യങ്ങളാണിവ. ഇടത് കൈകൊണ്ട് എഴുതുന്നവരുടെ കാര്യത്തില്‍ ഇവയെല്ലാം ഇടംവലം തിരിയുന്നു. എഴുത്തിന്റെ ഇടംവലം പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണത മനസ്സിലാക്കിയാവണം തൂവലുകൊണ്ട് എഴുതിയിരുന്ന കാലത്ത് ഇടത് കൈകൊണ്ട് എഴുതുന്നവര്‍ പക്ഷികളുടെ വലത് ചിറകിന്റെ തൂവലും വലത് കൈകൊണ്ട് എഴുതുന്നവര്‍ പക്ഷികളുടെ ഇടത് ചിറകിന്റെ തൂവലും ഉപയോഗിച്ചത്. സൂക്ഷ്മമായി നോക്കിയാല്‍ ഓരോ വ്യക്തിയുടേയും വിരലുകളുടെ രൂപവും എഴുതുമ്പോഴുള്ള ചലനത്തിലെ വ്യത്യാസങ്ങളും പേനകളെ ഒരു വ്യക്തിയുടെ സ്വന്തമാക്കി മാറ്റുന്നു. പേനയുടെ നിബ്ബുകളുടെ തേയ്മാനത്തിന്റെ തഴക്കത്തിനാല് പേനകള്‍ വ്യക്തികളുമായി ഇഴുകിച്ചേരുന്ന ഒരു വസ്തുവാണ്.
സ്കൂള്‍ പഠനകാലത്ത് ഹീറോ കമ്പനിയുടെ മഷിപ്പേനയാണ് ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. കുട്ടിക്കാലത്ത് അനശ്വരമെന്ന് തോന്നിച്ച മറ്റൊരു വസ്തുവും കൂടെയുണ്ടായിരുന്നില്ല. പുസ്തകങ്ങള്‍, ബാഗ്, പെന്‍സില്‍, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം ഏതാനും വര്‍ഷങ്ങള്‍ മാത്രം ആയുസ്സുള്ളവയായിരുന്നു. അവയൊന്നും ഏറെക്കാലം കൊണ്ടു നടക്കണം എന്നും ആഗ്രഹിച്ചിരുന്നില്ല. എന്നോട് ഇണങ്ങിയ പേന മാത്രം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചതുമില്ല. കാരണം മറ്റൊരു പേനയെ ഇണക്കിയെടുക്കല്‍ ഒട്ടും എളുപ്പമല്ല. എഴുത്ത് ഇഷ്ടപ്പെടുന്ന ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്ന ഒരു വികാരമാണിത്. ഒരുപക്ഷേ, മറ്റുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമാണ് പേന പ്രണയം.
ഇപ്പോള്‍ പേനകളെ ഓര്‍മ്മിപ്പിച്ചത് ‘Inked in India’ എന്ന പുസ്തകമാണ്. ബിബേക് ഡെബ്രോയ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനും സോവന്‍ റോയ് എന്ന ശാസ്ത്രസാങ്കേതിക വിദഗ്ധനും പേനകളെ സ്നേഹിക്കുന്നവരാണ്. അവര്‍ ഇന്ത്യന്‍ നിര്‍മ്മിത പേനകളെ പ്രത്യേകം ശ്രദ്ധിച്ചവരായിരുന്നു. നേരിട്ട് ബന്ധമില്ലാത്ത രണ്ടുപേര്‍. ഏതാനും ചില ലേഖനങ്ങളും വളരെ കുറച്ച് പുസ്തകങ്ങളും മാത്രമേ ഇന്ത്യന്‍ നിര്‍മ്മിത പേനകളെപ്പറ്റി ലഭ്യമായിട്ടുള്ളൂ എന്ന് മനസ്സിലാക്കിയ ഇവര്‍ കോവിഡ്-19 ഒറ്റപ്പെടുത്തിയ കാലത്ത് ഒരു പുസ്തകം എഴുതാന്‍ തയ്യാറെടുക്കുന്നു. അവര്‍ ‘Inked in India’ എന്ന പുസ്തകത്തിലൂടെ കാലപ്പഴക്കംകൊണ്ട് നിറം മങ്ങിക്കൊണ്ടിരുന്ന ഇന്ത്യന്‍ പേനാ ചരിത്രത്തെ സമാഹരിച്ചിരിക്കുന്നു.

ഈ പുസ്തകം തുറന്നു നോക്കിയപ്പോള്‍ എന്നെ ഏറ്റവും കൗതുകപ്പെടുത്തിയതും സന്തോഷിപ്പിച്ചതും കേരളവുമായി ബന്ധപ്പെട്ട ഒരു പേനക്കമ്പനി നിര്‍മ്മിച്ച പേനയുടെ ചിത്രമാണ്. ലക്ഷ്മി, രത്നംസണ്, ആര്‍ടെക്സ്, വെസ്കോ, റൂബി, ചെല്‍പാര്‍ക്ക്, പ്രസിഡന്റ്, പൈലറ്റ്, കാമ്ലിന് തുടങ്ങി വിവധ ഇന്ത്യന്‍ നിര്‍മ്മിത പേനകളുടേയും കാജല്‍ കാളി, ബ്രില്‍, കൃഷ്ണ, സുലേഖ തുടങ്ങി മഷിക്കുപ്പികളുടേയും ചിത്രങ്ങള്‍ക്കിടയില്‍ ഒരു ചെറിയ പേനയുടെ ചിത്രം ഒതുങ്ങി നില്ക്കുന്നു. കേരളത്തില്‍ നിന്നുള്ള കിം ആന്റ് കമ്പനിയുടെ പേന എന്ന ഒരു അടിക്കുറിപ്പും ആ പേനയ്ക്ക് കൊടുത്തിരിക്കുന്നു.
കോഴിക്കോട് കോര്‍ട്ട് റോഡില്‍ ഏതാനും പേനക്കടകള് ഉണ്ടായിരുന്നു. കിം ആന്റ് കമ്പനി, കൃഷ്ണ തുടങ്ങിയ ചില കമ്പനികള്‍. ഇവര്‍ തുടക്കത്തില്‍ പേന നിര്‍മ്മാതാക്കള്‍ ആയിരുന്നെങ്കിലും പിന്നീട് കണ്ണടവ്യാപാരത്തിലേക്ക് മാറി. കിം ആന്റ് കമ്പനി ഇപ്പോഴും പേനകള്‍ നിര്‍മ്മിക്കുന്നുണ്ട്. ‘Inked in India’ എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ മറ്റ് പേനകളോടൊപ്പം കേരളത്തിലെ ഒരു പേനകൂടി ചേര്‍ന്ന് നില്‍ക്കുന്നത് അഭിമാനകരമാണ്.
കിം ആന്റ് കമ്പനിയെപ്പറ്റി ‘ചരിത്രം മഷി നിറച്ച കിമാങ്കോ’ എന്ന തലക്കെട്ടിൽ ഈ പേനയുടെ ചരിത്രം അയ്ഷ മെഹമൂദ് ഐഇ മലയാളത്തിൽ എഴുതിയത് കോഴിക്കോട്ടെ പേനയുടെ ചരിത്രത്തെ സംബന്ധിച്ച പ്രധാന ലേഖനമാണ്.

ഇന്ത്യന്‍ പേനയുടെ ചരിത്രത്തിന് ഒരു രാഷ്ട്രീയ മുഖമുണ്ട്. ഫൗണ്ടെന്‍ പേനകളോട് ഗാന്ധിജി മുഖം തിരിച്ചു നിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന മുളപോലുള്ള മരം കൂര്‍പ്പിച്ച് മഷിയില്‍ മുക്കി എഴുതാവുന്ന റീഡ് പേനകള്‍ ഇന്ത്യന്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമാണെന്ന് ഗാന്ധിജി വാദിച്ചിരുന്നു.
1935 ല്‍ രത്നം പേന നിര്‍മ്മാതാവ് ആന്ധ്രാപ്രദേശുകാരനായ കെ.വി രത്നം ഗാന്ധിജിക്ക് സമ്മാനമായി നല്കിയ പേന സ്വീകരിച്ചുകൊണ്ട് താങ്കളുടെ ഫൗണ്ടെന്‍ പേനകള്‍ വിദേശ പേനകള്‍ക്ക് ഒരു ബദലാണെന്ന് ഗാന്ധിജി എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു മോഡല്‍ പേന ഗാന്ധിജിക്ക് സമര്‍പ്പിച്ചപ്പോള്‍ അതിലെ ഏതാനും ഭാഗങ്ങള്‍ വിദേശ നിര്‍മ്മിതമാണെന്ന് കാണിച്ച് ഗാന്ധിജി അത് നിരാകരിച്ചു.

ഡോക്ടര്‍ രാധിക നാഥ് സാഹയില്‍ നിന്ന് ആരംഭിച്ച ഫൗണ്ടെന്‍ പേനകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ വികസിച്ചുകൊണ്ടിരിക്കുമ്പോഴും ഗാന്ധിജി റീഡ് പേനകള്‍ക്ക് വേണ്ടി വാദിച്ചുകൊണ്ടിരുന്നത് പേനകളുടെ രാഷ്ട്രീയം ഗ്രാമീണ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടിരുന്നതിനാലാണ്. അതേ സമയം അംബേദ്കര്‍ സൗകര്യപ്രദവും എഴുതുമ്പോള്‍ സമയലാഭമുള്ളതുമായ ഫൗണ്ടെന്‍ പേനകളുടെ ആരാധകനായിരുന്നു എന്നും ഈ പുസ്തകം പറയുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര വ്യവസായ രംഗത്തും പേന നിര്‍മ്മാണത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു.
തല നഷ്ടപ്പെട്ട ഉടല് ഒരു തീവണ്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യന്‍ കുറ്റകൃത്യ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. 1952 ല്‍ നടന്ന ഈ സംഭവത്തില്‍, കൊല്ലപ്പെട്ടത് ജെം ആൻഡ് കമ്പനി എന്ന തമിഴ്നാട്ടിലെ പേന നിര്‍മ്മാണ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടീവ് ആയ ആളവന്താര്‍ ആയിരുന്നു. ജെം ആൻഡ് കമ്പനിയെ പേനയുമായി ബന്ധമില്ലാത്ത തലതിരിഞ്ഞ ഒരു കാരണത്താല്‍, പ്രശസ്തമായ ആളവന്താര്‍ കൊലക്കേസിനാല് ബന്ധപ്പെടുത്തി ഓര്‍മ്മിക്കുന്നത് എത്ര വിചിത്രം. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈ കമ്പനി ചെന്നൈയില്‍ ഇപ്പോഴും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മഷി നിറയ്ക്കാവുന്ന പേനകള്‍ കണ്ടെത്തും മുമ്പേ മഷി കണ്ടുപിടിച്ചിരുന്നു. ഒറ്റ നോട്ടത്തില്‍ തലതിരിഞ്ഞതെന്ന് തോന്നുന്ന ഈ പ്രസ്താവന സ്വാഭാവികം എന്ന വിളിക്കാവുന്ന സാമാന്യയുക്തി നിറഞ്ഞതാണ്. ഫൗണ്ടെന്‍ പേന കണ്ടെത്തുന്നതിന് മുമ്പേ റീഡ് പേനകള്‍ കണ്ടെത്തിയിരുന്നു. ഇടക്കിടെ മഷിയില്‍ കുത്തി ഉപയോഗിക്കേണ്ട ആ പേന കണ്ടെത്തുന്നതിന് മുമ്പേ മഷി കണ്ടെത്തിയിരുന്നു. വീണ്ടും പഴയ യുക്തി പ്രയോഗിച്ചാല്‍ റീഡ് പേനകള്‍ കണ്ടെത്തിയതിന് മുമ്പേ തൂവല്‍ പേനകള്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാനാവും. ഇനിയും ഭൂതകാലത്തിലേക്ക് യാത്ര ചെയ്യുന്നില്ല. ഹോമോ സാപിയന്‍സ് ജീവിതം തുടങ്ങുന്നതിന് മുമ്പേ പക്ഷികള്‍ ജീവിച്ചിരുന്നു. മനുഷ്യനും മുമ്പേ തൂവലുകള്‍ ഉണ്ടായിരുന്നു. തൂവലുകള്‍ പേനയായി ഉപയോഗിക്കുന്നതിനും മുമ്പ് ഇന്ത്യയിലും ഈജിപ്തിലും റോമിലും ചൈനയിലുമുള്ള നാഗരികതയില്‍ വിവിധ തരം മഷികള്‍ ഉപയോഗിച്ചിരുന്നു. അവര്‍ വിളക്ക് കരിയും സസ്യങ്ങളിലേയും ധാതുക്കളിലേയും ചായക്കൂട്ടുകളെ പശയും മറ്റും ചേര്‍ത്ത് മഷിയാക്കി മാറ്റിയിരുന്നു. മഷിയുണ്ടെങ്കില് എഴുതുവാന്‍ പേനയെന്തിന്?

തല കുത്തനെ നല്ക്കുന്ന പേന ഒരു സര്‍റിയലിസ്റ്റിക് സാധ്യതയാണ്. സാൽവദോർ ദാലിയുടെ ചിത്രങ്ങളിലോ ലൂയി ബുനവലിന്റെ സിനിമകളിലോ ലോര്‍ക്കയുടെ കവിതകളിലോ നിങ്ങളെപ്പോഴെങ്കിലും അങ്ങനെയൊരു ചിത്രം കണ്ടിട്ടുണ്ടോ? തീര്‍ച്ചയായും അവരുടെ ചിന്തകളില്‍ അങ്ങനെയൊരു ദൃശ്യം പലവട്ടം തെളിഞ്ഞിരിക്കാനിടയുണ്ട്. ഒരുപക്ഷേ, സര്‍റിയലിസ്റ്റിക് ചിന്തകളുടെ മുറികളിലേക്ക് ലഹരിയാലോ ഉന്മാദത്താലോ ചെന്നുപെട്ട പലരും തലതിരിഞ്ഞ പേനയെ സങ്കല്പ്പിച്ചിരിക്കും. യാഥാര്‍ത്ഥ്യം മറിച്ചാണ്.
പേനത്തുമ്പിലെ നേര്‍ത്ത കുഴലിലൂടെയും വിടവുകളിലൂടെയും ഒലിച്ചിറങ്ങുന്ന മഷി ഗുരുത്വാകര്‍ഷണത്തിന്റെ ഭൗതികശാസ്ത്ര നിയമങ്ങളാല്‍ ബന്ധിതമാണ്. ബോള്പേനയടക്കം നാം സാധാരണ ഉപയോഗിക്കുന്ന എല്ലാ പേനകളും നിബ് താഴേക്ക് വരും വിധം പേപ്പറില്‍ സ്പര്‍ശിക്കുമ്പോള്‍ മാത്രം അക്ഷരങ്ങളിലേക്ക് ഉരുകിയിറങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. മഷി പടര്‍ന്ന ഓരോ അക്ഷരവും ഭൂമിയുടെ കേന്ദ്രത്തിലേക്ക് ഒലിച്ചിറങ്ങാന്‍ ശ്രമിച്ച മഷിയെ കടലാസ് തടഞ്ഞു നിര്‍ത്തിയതിന്റെ അടയാളങ്ങളാണ്. പേനകള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ അവര്‍ തങ്ങളുടെ ഈ പരിമിതിയെപ്പറ്റി ദുഃഖിതരാകുമായിരുന്നോ? ആര്‍ക്കറിയാം.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ സീമകള്‍ ലംഘിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന അമേരിക്കയിലേയും സോവിയറ്റ് യൂണിയനിലേയും ശാസ്ത്രജ്ഞര്‍ക്കൊപ്പം ഒരു വ്യവസായി സ്വന്തം നിലക്ക് ഒരു ഗവേഷണം നടത്തുന്നുണ്ടായിരുന്നു. ഗുരുത്വബലം ഇല്ലാത്തിടത്ത് പ്രവര്‍ത്തിക്കുന്ന ഒരു പേനയ്ക്ക് വേണ്ടിയുള്ള ശ്രമം. പോള്‍ സി. ഫിഷര്‍ 1965 ല്‍ ഇതേ രംഗത്ത് നടന്ന മറ്റ് ചില കണ്ടുപിടുത്തങ്ങളുടെ തുടര്‍ച്ചയായി എജി7 എന്ന ആന്റി ഗ്രാവിറ്റി പേനയുടെ പേറ്റന്റ് എടുത്തു.
ഗുരുത്വാകര്‍ഷണമില്ലാത്ത ഇടത്തു നിന്നുപോലും എഴുതാവുന്ന സ്പേസ് പെന്‍ അഥവാ സീറോ ഗ്രാവിറ്റി പെന്‍ അദ്ദേഹം നാസക്ക് സമര്‍പ്പിക്കുകയും പിന്നീട് ഫിഷര്‍ സ്പേസ് പെന്‍ കമ്പനി നിര്‍മ്മിച്ച് പേനകള്‍ വിവിധ സ്പേസ് യാത്രകളില്‍ ഉപയോഗിക്കുകയും ചെയ്തു. എങ്കിലും പേനകള്‍ ഇപ്പോഴും ഭൂമിയിലേക്ക് മഷിയൊഴുക്കാന് തയ്യാറായി നില്ക്കുന്നു. അതുകൊണ്ടു തന്നെയാവാം ഭൂമിയില്‍ കാലുറച്ച ജീവിതങ്ങളെപ്പറ്റി അക്ഷരങ്ങള്‍ അധികമായി സംസാരിക്കുന്നത്.

മനുഷ്യന്റെ സമമിതി ഇടത് വശവും വലത് വശവും തമ്മിലുള്ളതാണ്. കുത്തനെ പാതി മുറിച്ച മനുഷ്യന് ഒരു മനുഷ്യരൂപത്തിന്റെ സമാനമായ പാതിയായിരിക്കും. എന്നാല്‍ മുകള്‍-കീഴ് സമമിതി ഇല്ലാത്ത മനുഷ്യ രൂപം പോലെ പേനകളുടെ ചരിത്രവും രണ്ട് വ്യത്യസ്ത രൂപങ്ങളായി വേറിട്ട് കിടക്കുന്നു. പേനയുടെ ഭൂതകാലം അവ വികസിച്ചു വരുന്നതിന്റേതായിരുന്നെങ്കില്, ഭാവി അത് അപ്രത്യക്ഷമാകുന്നതിന്റേതാണ്. വളര്‍ച്ച പ്രാപിച്ചതിന്റെ സമാന കാലയളവെടുത്ത് മരിച്ചുകൊണ്ടിരിക്കുന്ന, സ്വഭാവിക സമമിതി നഷ്ടപ്പെട്ട് പേനകളുടെ നിലനില്‍പ്പ് ഒരു ഗര്‍ത്തത്തിലേക്കെന്നപോലെ പതിച്ചുകൊണ്ടിരിക്കുന്നു. ആഭരണം പോലെ മനോഹരമായ ഒരു വസ്തു എന്നതിനപ്പുറം മറ്റൊന്നുമല്ലാത്ത ഒന്നായി പേനകളുടെ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ‘Inked in India’ വരള്‍ച്ചകൊണ്ട് പടര്‍ന്ന പേനയുടെ ജീവിതത്തില്‍ ഓര്‍മ്മകളുടെ വിത്തുകള്‍ വിതയ്ക്കുന്നു.