ഗംഗയിലേക്കുള്ള അനേകം കല്പ്പടവുകളിലൊന്നിലാണ് അവരെ കണ്ടത്. തണുപ്പിന്റെ പുതപ്പില്‍ ഗംഗയും കല്‍ക്കെട്ടുകളും സമീപത്തെ പുരാതന കെട്ടിടങ്ങളും മൂടിപ്പുതച്ച് ഉറങ്ങുന്ന നേരമായിരുന്നു. അവര്‍, പടവുകളിറങ്ങി നദീ തീരത്തേക്ക് പോവുകയാണ് – പത്തോ പതിനഞ്ചോ പേരുള്ള സംഘം. ‘രാം നാം സത്യ ഹൈ’ എന്ന നാമജപം അവര്‍ക്കൊപ്പം ഒഴുകുന്നു. അരികില്‍, നാലോ ആറോ പേര് ചുമക്കുന്ന പുഷ്പാലംകൃതമായ മുളമഞ്ചല്. സമീപത്തു കൂടി പോയ ഏതാനും പേരും അവര്‍ക്കൊപ്പം കൂടിയതോടെ ജപം ‘ഗോവിന്ദാ, ഗോവിന്ദാ’ എന്നു കൂടിയായി.
അവര്‍ ആ മഞ്ചല് നദീ തീരത്ത് ഇറക്കിവെച്ചു. മഞ്ഞ ബന്ദിപ്പൂക്കളും വെള്ള ട്യൂബ് റോസും കൊണ്ട് അലങ്കരിച്ച മഞ്ചലില്‍ ചുമന്ന പട്ടു സാരിയില്‍ പൊതിഞ്ഞ ഒരു സ്ത്രീശരീരം. കൂടെ വന്ന ആരുടേയോ അമ്മയോ, ഭാര്യയോ സഹോദരിയോ ആകാം. അത്ര സ്നേഹ ബഹുമാനങ്ങളോടെയാണ് അവര്‍ അവസാന യാത്ര ഒരുക്കുന്നത്.
വലിയ ചുമന്ന പൊട്ടുള്ള നെറ്റി. തലയിലൂടെ മൂടിയ ചുവന്ന പട്ടു സാരിയുടെ സ്വര്‍ണ്ണ സരിയിലുള്ള വീതി ബോര്‍ഡര്‍, പിന്നെ പൂക്കളുടെ നിരകള്‍. ഗംഗയ്ക്കപ്പുറം മദ്ധ്യാഹ്ന സൂര്യന്റെ ചുമപ്പിലേക്ക്, നിത്യതയിലേക്ക് ഒരു യാത്രയുടെ തുടക്കം. ഇഹലോകത്തെ ഒരു നീണ്ട യാത്രയുടെ പരിസമാപ്തി.
കത്തുന്ന ചിതയിലിപ്പോള് കര്‍പ്പൂരത്തിന്റെ ഗന്ധം.
ഓര്‍മ്മയില്‍ മറ്റൊരു ചുവന്ന പട്ടുമുണ്ട്. അതേ പോലെ, സ്വര്‍ണ്ണ സരിയിലുള്ള ബോര്‍ഡര്‍. എന്നാല്‍, അതിനു മരണത്തിന്റെ നിസ്സംഗഭാവമായിരുന്നില്ല. ജീവിതത്തിന്റെ, വിവാഹത്തിന്റെ ഊഷ്മളത. അതെ, അതൊരു വധുവിന്റെ സാരിയായിരുന്നു.
ഉത്തരേന്ത്യയില്‍ തണുപ്പുകാലം ആഘോഷങ്ങളുടെ കാലമാണ്. നവരാത്രിയും ദിവാലിയും വന്നു പോകുന്നതിനിടെ വിവാഹങ്ങള്‍ വ്യാപകമാവും.
വഴികാട്ടിയായി കൂടെയെത്തിയ ഗൈഡ് അനുപമിനൊപ്പം കാശിയിലെ ഏതോ ഗലികളിലൂടെ ഭക്ഷണം തേടിപ്പോവുമ്പോഴാണ് ആ ബാരാത്തിനു നടുവില്‍ ചെന്നുപെട്ടത്. കൊട്ടും പാട്ടും മേളവും. വഴിവക്കിലെ പന്തലില്‍ അതേ ബന്ദിപ്പൂക്കള്‍, ട്യൂബ്റോസുകളുടെ അലങ്കാരപ്പണികള്‍.
വെള്ള ഷേര്‍വാണിയില്‍ രാജകുമാരനെപ്പോലെ വരന്. സമീപത്ത് ചുവന്നപട്ടില്‍ വെട്ടിത്തിളങ്ങുന്ന വധു.
അതേ ചുവന്നപട്ട്, വലിയ സ്വര്‍ണ്ണക്കര, മയിലുകളും പൂക്കളും നെയ്തെടുത്ത ബനാറസി പട്ടില്‍ തിളങ്ങുന്ന മംഗളരൂപം. നിറസന്തോഷവുമായി പുതിയൊരു ജീവിതം തുടങ്ങുന്നു, സ്വന്തം വീട്ടില്‍ നിന്നുമിറങ്ങി അവള് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നു. മറ്റൊരു യാത്രയുടെ തുടക്കം.
‘സര്‍വ മംഗല മംഗല്യേ…’ – മൈക്കില്‍ പണ്ഡിറ്റിന്റെ സംസ്കൃതം. ഹോമകുണ്ഡത്തില്‍ മലരും നെയ്യും. പനീര്‍പ്പൂവിന്റെ മണത്തിനൊപ്പം ഷഹനായിയുടെ മന്ത്രണം.
കണ്ണില്‍, ബനാറസ് സാരിയ്ക്കു മാത്രം തൊടാനാവുന്ന ചുവപ്പിന്റെ അലകടല്‍.

ഫൊട്ടോ. സംഗീത പദ്മനാഭൻ
രണ്ട്
ബനാറസ്. ഏത് കാലത്താണ് അതൊരു നഗരമായും ആത്മീയ കേന്ദ്രമായും വിദ്യാപീഠമായും കലാനികേതനമായും മാറിയിട്ടുണ്ടാവുക? വ്യക്തമല്ല അതിനുത്തരം. പണ്ടേ മനുഷ്യവാസമുണ്ടായിരുന്നു ഇവിടെ. ലോകത്ത് ഏറ്റവുമേറെക്കാലം മനുഷ്യവാസമുണ്ടായിരുന്ന നഗരം. ഇന്ത്യാ ചരിത്രത്തിന്റെ നീണ്ടവഴിത്താരയില് കാശിയെക്കുറിച്ച് പരാമര്‍ശമില്ലാത്ത ഘട്ടങ്ങളില്ല. വേദങ്ങളില്‍, മഹാഭാരതത്തില്‍, ബുദ്ധ മത രേഖകളില്‍, ജൈനതീര്ഥങ്കരന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍, ഗുപ്തരാജാക്കന്മാരുടെയും അശോകന്റെയും ഹര്‍ഷവര്‍ധനന്റെയും ചരിത്രപാഠങ്ങളില്‍ കാശി നിര്‍ണായക ഇടമായിരുന്നു. പിന്നീട് അക്ബര്‍ചക്രവര്‍ത്തി മുതല്‍ ബ്രിട്ടീഷുകാര്‍ വരെ കാശിയെ സുപ്രധാന നഗരമായി കണ്ടു.
വാരാണസി, ബനാറസ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഗംഗയുടെ തീരത്തെ പുണ്യനഗരം വാക്കുകളിലൂടെ വിവരിക്കുക എളുപ്പമല്ല. മതം, ആത്മീയത, ചരിത്രം, കല, സംഗീതം, കെട്ടിടനിര്‍മ്മാണം, ഭക്ഷണം, വസ്ത്രം ഇങ്ങനെ മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും അടയാളപ്പെടുത്തുകയാണത്. ഇന്ത്യയുടെ സാംസ്ക്കാരിക ഇഴകളിലെ പുരാതനവും അഗാധവും അതീവ ഭംഗിയുള്ളതും വിചിത്രവും ദുരൂഹവുമായ ഏടാണ് ബനാറസ്.
കാശിയിലെ മണ്ണില്‍ തൊടുന്നതു പോലും ഭാഗ്യമെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ ഓരോ കല്ലും ശിവലിംഗം പോലെ പാവനമെന്നാണ് ഹിന്ദു മത വിശ്വാസം. ഗംഗയിലെ തീര്‍ഥം മോക്ഷദായകം.
വിശ്വനാഥ ക്ഷേത്രം, സങ്കടമോചകക്ഷേത്രം, ദുര്‍ഗാക്ഷേത്രം… ഇങ്ങനെ അമ്പലങ്ങളുടെ, തീര്‍ഥാടന കേന്ദ്രങ്ങളുടെ, പ്രാര്‍ത്ഥനയുടെ പാതകളാണ് കാശിയിലെവിടെയും. ആയിരക്കണക്കിന് ചെറുതും വലുതുമായ ക്ഷേത്രങ്ങളുടെ ഇരിപ്പിടം.
അല്‍പ്പം മാറി സാരാനാഥ്- ബുദ്ധവിഹാരങ്ങളുടെ അവസാനിക്കാത്ത നിര. അതിനടുത്തായി ജൈനതീര്‍ഥങ്കരന്മാരുടെ ജന്മവും കര്‍മ്മവും നിറഞ്ഞ മണ്ണ്.
തുളസീദാസും കബീറും മുത്തുസ്വാമിദീക്ഷിതരും മുതല്‍ ബിസ്മില്ലാഖാന് വരെ സപ്തസ്വരങ്ങൾ കൊണ്ടലങ്കരിച്ച പടവുകളും ക്ഷേത്രാങ്കണങ്ങളും. പാട്ടും വിശ്വാസവും വിളക്കുകളും പൂക്കളും ജനിമൃതികളും ഉയര്‍ത്തെഴുന്നേല്‍പ്പും കണ്ട് നദി ശാന്തമായി ഒഴുകുന്നു.
ബനാറസിലെ പട്ടിഴകള്‍ക്ക് ഇത്ര ചാരുത വന്നത് ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും കലയുടെയും ആത്മീയതയുടെയും ഈ തൊങ്ങലുകള് കാരണമാവണം.
പട്ടും പരുത്തിയും നെയ്ത്തും ഇവിടെ ചരിത്രത്തിലെ ഭംഗിയുള്ള ഇഴകളുമായി ചേര്‍ന്നു നില്ക്കുന്നു. മസ്ലിനും പട്ടും പരുത്തിത്തുണിയും ബനാറസില്‍ നിന്ന് അപരദേശങ്ങളിലേക്ക് പണ്ടേക്ക് പണ്ടേ യാത്ര ആരംഭിച്ചു. ഇന്ത്യയുടെ നെയ്ത്തിന്റെ പെരുമ ലോകമാകെ പരന്നു.
ആദിമകാലം മുതല്‍ ഈ നഗരവും പ്രാന്തപ്രദേശങ്ങളും നെയ്ത്തിന്റെ കേന്ദ്രമായിരുന്നു. മധ്യകാലം മുതലുള്ള ബനാറസിലെ നെയ്ത്തു ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
മഹാനായ അക്ബര്‍ ചക്രവര്‍ത്തി ബനാറസ് നെയ്ത്തിനെ കൈപിടിച്ച് ഉയര്‍ത്തുക മാത്രമല്ല മുഗള്‍ രാജധാനിയുടെ പ്രൗഢിയുടെ ഭാഗമാക്കുകയും ചെയ്തു. പട്ടു നൂലും വെള്ളിയും സ്വര്‍ണവും തുന്നിപ്പിടിപ്പിച്ച അപൂര്‍വ്വ ഭംഗി വേറെ ഏതുണ്ട് ലോകത്ത്? അതിനാലാവണം പട്ടു തേടി ബനാറസിലേക്ക് പുരാതന വഴികളിലൂടെ വണിക്കുകള്‍ ഒഴുകിയത്.
ഇത്ര സമ്പന്നമായ മറ്റൊരു നെയ്ത്തുപാരമ്പര്യവും വേറെ ഉണ്ടാകാനിടയില്ല. അയ്യായിരം വര്‍ഷത്തിലേറെയായി ബനാറസിലെ തറികള്‍ക്ക് വിശ്രമമേയില്ല. നിസ്വനായ നെയ്ത്തുകാരന്റെ കൈകളില്‍ വിരിയുന്നത് അതിമനോഹരമായ വസ്ത്രം മാത്രമല്ല, അവസാനിക്കാത്ത ഒരു സൗന്ദര്യശാസ്ത്രം കൂടിയാണ്. വാരാണസി, മിര്‍സാപ്പൂര്‍, ചാന്ദ്വലി, ബധോനി, ജുനുപൂര്, അസംഘര്‍ എന്നീ പ്രധാന നെയ്ത്തുകേന്ദ്രങ്ങള്ക്ക് ഒരു കാലത്തും വിശ്രമമേയില്ല.
മൂന്ന്
ബനാറസ് സാരികൾ ആഘോഷത്തിനും ഒരധിക പകിട്ട് നല്കുന്നു. ഒരു സാരി ആറ് ആഴ്ച മുതല്‍ ആറ് മാസം വരെ സമയമെടുത്താണ് നെയ്യുക. പട്ടും വെള്ളിയും സ്വര്‍ണവും കലര്‍ന്ന കസവ് അഥവാ ത്സരി അതിമനോഹരമായ ഇഴയടുപ്പങ്ങളിലേക്ക് ചേര്‍ന്നു നില്ക്കുമ്പോള് സംഭവിക്കുന്ന വര്‍ണ പ്രപഞ്ചമാണ് ബനാറസ് സില്‍ക്ക്. പൂക്കള്‍, പക്ഷികള്‍, ജ്യാമിതീയ രൂപങ്ങള്‍ തുടങ്ങി ജാലികള്‍ വരെ അതിലേക്ക് ഒഴുകി നില്ക്കുന്നു. സ്വര്‍ണവും വെള്ളിയും അവയുടെ അലോയികളും പട്ടു നൂലില്‍ പൊതിഞ്ഞെടുത്ത് പിന്നീടത് യന്ത്രങ്ങളുപയോഗിച്ച് ഒരുമിച്ച് വിളക്കി ചേര്‍ത്താണ് കസവ് ഉണ്ടാക്കുന്നത്. പട്ടു നൂലിന് ചായം നല്‍കുന്നതിന് ഈയിടെയായി സ്വാഭാവികവും പ്രകൃതിക്കിണങ്ങുന്നതുമായ നിറക്കൂട്ടുകള്‍ കൂടുതലായി ഉപയോഗിച്ചു വരുന്നുണ്ട്. വ്യവസായ ശാലകളില്‍ നിന്നും ഗംഗയിലേക്കൊഴുകുന്ന രാസവസ്തുക്കള്‍ ചേര്‍ന്ന മലിനജലം തീര്‍ത്ത പ്രതിസന്ധിയാണ് ഈ മാറ്റത്തിലേക്ക് വഴിയൊരുക്കിയത്.
ഡിസൈനുകള്‍ ആദ്യം പേപ്പറില്‍ വരക്കും. പിന്നെയവ ബ്രൈയില്‍ ലിപി പോലെ പഞ്ച് ചെയ്യുന്നു. നക്ഷ പാറ്റേണുകളെന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് തറിയിലേക്ക് സില്‍ക്കും കസവും ഇഴ ചേര്‍ക്കുക. നാല് തരം സില്‍ക്ക് സാരികളാണ് ബനാറസില്‍ പ്രധാനം. കതന്‍, കോറ, ജോര്‍ജറ്റ്, ഷാറ്റിര്‍. ഡിസൈനുകളെ അടിസ്ഥാനമാക്കിയും ഇവയെ തരംതിരിക്കുന്നു. തന്ഞ്ചോയ്, ജന്ഗ്ള, സവ്ക്കത്ത്, ബുത്തിദാര്, കട് വര്‍ക്ക്, ടിഷ്യു ഇങ്ങനെ പോകുന്നു വിവിധ ഇനങ്ങള്‍. വില, രണ്ടായിരം മുതല്‍ മൂന്ന് ലക്ഷം വരെ. പട്ടും കസവും ചേരുന്ന, കൈ കൊണ്ട് നെയ്തെടുക്കുന്ന വിസ്മയത്തിന് വിലയിടാനാവില്ലെന്നത് വേറെ കാര്യം. പവര്‍ ലൂമില്‍ നെയ്ത ബനാറസ് സാരികള്‍ താരതമ്യേന വില കുറഞ്ഞ് എണ്ണായിരം – പതിനായിരം റേഞ്ചില്‍ എത്തുന്നുണ്ടെങ്കിലും കൈത്തറിയുടെ അത്ര ഭംഗി പോരെന്നാണ് സാരിപ്രേമികളുടെ വിലയിരുത്തൽ.
പുരാതന കാലം മുതലിങ്ങോട്ട് ഇന്ത്യയിലേക്ക് ഒഴുകുന്ന ഇഷ്ടം – ബനാറസിലെ പട്ടിഴകളെത്തേടി ലോകത്തിന്റെ കൈകള്‍ ഇപ്പോഴും നീളുന്നത് അതിനാലാണ്. ഇരുന്നൂറിൽപരം രാജ്യങ്ങളിലേക്കാണ് ബനാറസ് പട്ട് കയറ്റുമതി ചെയ്യുന്നതെന്നാണ് കണക്ക്. ഏതാണ്ട്, പതിനായിരം കോടിയുടെ കയറ്റുമതി. സാരി മുതല്‍ സ്റ്റോളും കുഷ്യന് കവറും വാള്ഹാങ്ങിംങും വരെ ഇതില്‍പ്പെടുന്നു.
ലോകമാകെ അടച്ചിട്ടു കളഞ്ഞ കോവിഡ് കാലം അതിര്‍ത്തി കടന്നുള്ള ഈ ഒഴുക്കിനെ അപ്രതീക്ഷിതമായി മുറിച്ചു കളഞ്ഞിട്ടുണ്ട്. ഒഴുക്ക് മുറിഞ്ഞത്, കയറ്റുമതിയുടേതു മാത്രമല്ല, അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരുടേതുകൂടിയാണ്. 6000 മുതല്‍ 10000 കോടി വരെ പ്രതിവര്‍ഷം വരുമാനമുള്ള ഈ വ്യവസായം 100 ദിവസമാണ് പ്രവര്‍ത്തന രഹിതമായത്. തറികളുടെ താളം മുറിഞ്ഞു, ഒപ്പം നെയ്ത്തുകാരുടെ ജീവതാളവും. കോവിഡ്, ലോക്ക് ഡൗണ്കാലത്ത ബനാറസ് നെയ്ത്ത് മേഖലക്ക് ഉണ്ടായ നഷ്ടം എത്രയെന്നറിഞ്ഞാല്‍ അതു മനസ്സിലാവും- ദിവസം തോറും 25 കോടി രൂപ!
കയറ്റുമതി നിലച്ചത് മാത്രമല്ല, മറ്റനേകം ഘടകങ്ങളും പ്രതിസന്ധി മൂർച്ഛിക്കാന്‍ കാരണമായി. വിനോദ സഞ്ചാരം മുടങ്ങിയത് മുതല്‍ ആഘോഷങ്ങളും കല്യാണങ്ങളും കുറഞ്ഞത് വരെ അനേകം ഘടകങ്ങള്‍. തുണിവ്യവസായം പൊതുവെ നേരിടുന്ന പ്രതിസന്ധിയും ഇതിന് ആക്കംകൂട്ടി. കടകള്‍ തുറക്കാത്തതും തുറന്നിടത്തു പോലും വില്‍പ്പനയില്ലാത്തതും പ്രശ്നം ഗുരുതരമാക്കി. തൊഴിലില്ലാതെ അനുപമമായ നെയ്ത്തു പാരമ്പര്യത്തിന് ഊടുംപാവുമായി നില്ക്കുന്ന മനുഷ്യരില്‍ പലരും ചായ വില്‍പ്പനയിലേക്കും പച്ചക്കറി വില്‍പ്പനയിലേക്കും തിരിയേണ്ട അവസ്ഥയിലായി.
ഒരു ലക്ഷം പേര്‍ക്ക് നേരിട്ടും ഒന്നര ലക്ഷത്തോളം പേര്‍ക്ക് അല്ലാതെയും തൊഴില്‍ നല്കുന്ന ഇടമാണ് ബനാറസ് നെയ്ത്ത് വ്യവസായം. ആ ഇഴകള്‍ പൊട്ടുമ്പോള്‍ പട്ടിണിയാവുന്നത് ലോകത്തിന്റെ സൗന്ദര്യമത്രയും ഇഴചേര്ക്കാനറിയുന്ന മനുഷ്യരാണ്. നെയ്ത്തുകലാകാരന്മാര്.

ഇരുന്നൂറിൽപരം രാജ്യങ്ങളിലേക്കാണ് ബനാറസ് പട്ട് കയറ്റുമതി ചെയ്യുന്നത്, ഫൊട്ടോ. ദിവ്യ എ
നാല്
ഓരോ തറിയും നെയ്തെടുക്കുന്നത് അതാത് ദേശത്തിന്റെ വിസ്മയങ്ങളാണ്. സങ്കലനവും ഉള്‍ക്കൊള്ളലും പുന:സൃഷ്ടിയും കലയുടെ അടിസ്ഥാനങ്ങളാണെങ്കില്‍, അതെല്ലാമുണ്ട് ബനാറസിലെ നെയ്ത്തില്‍. പേഴ്സ്യ മുതല്‍ ഗംഗാ സമതലങ്ങള്വരെയുള്ള ദേശങ്ങളുടെ സാംസ്ക്കാരിക മുദ്രകള്‍ കാണാം ഈ പട്ടിലും പരുത്തിയിലും.
ബുദ്ധ, ജൈന, ഇസ്ലാമിക സംസ്കൃതികള്‍ സിന്ധു ഗംഗാ സമതലങ്ങളിലെ പുരാതന ജീവിതരീതിയുമായി ചേര്‍ന്നതാണ് ഇന്ത്യയെങ്കില്‍, ആ തിരിച്ചറിവിന്റെ നേര്‍സാക്ഷ്യമാണ് ബനാറസിലെ ഇഴയടുപ്പങ്ങള്‍.
കബീര്‍ പാടുന്നത് അതാണ്:
‘സര്‍വ്വലോകവും എഴുതാനായാലും
ഏഴ് സമുദ്രങ്ങളും മഷിയായാലും
എനിക്കെഴുതിത്തീര്ക്കാനാവില്ലല്ലോ
നിന്റെ മഹത്വം’
മധ്യമപാതയിലൂടെ സഞ്ചരിച്ച് ആചരിക്കേണ്ട നാല് സത്യങ്ങള്‍ ആദ്യപാഠമായി ബുദ്ധന് സാരാനാഥില്‍ ഉപദേശിച്ചതും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു കാശിയില്‍. ഉറുമ്പിനെ പോലും നോവിക്കാത്ത തീര്ഥങ്കരന്മാരുടെ ധര്‍മപാലനം കാളിക്ഷേത്രത്തിലെ ചുമന്ന പൂക്കളില്‍ കലര്‍ന്നു. അക്ബറില് നിന്ന് ഔറംഗംസീബിലേക്കുള്ള അവസാനിക്കാത്ത ദൂരവും ബനാറസ് താണ്ടി. നിത്യാനന്ദകരിയെയും വിശ്വനാഥനെയും കവിതയിലാവാഹിച്ച ജഗ്തഗുരുവിന് വിനയത്തിന്റെ പാഠം ലോകപിതാവ് പഠിപ്പിച്ചതും ഈ വഴികളിലെവിടെയോ.
‘ഇത് മുഴുവന്‍ നിന്റെ യശസ്സാണ്, അത് മാത്രം. എന്റെ പേരു പോലും ആരും അറിയേണ്ടതില്ല’- ഗുരു നാനാക്ക് പറഞ്ഞതും ആ ഇഴയടുപ്പത്തെക്കുറിച്ചാണ്.
വിശ്വനാഥന്റെ മുന്നില്‍ ബിസ്മില്ലാഖാന്റെ ഷഹനായിയിലൂടെ ഒഴുകുന്നു, ഭൈരവി. ഗംഗയുടെ അലയിളക്കങ്ങളിലൂടെ ഒഴുകുന്നുണ്ട്, ഹരിപ്രസാദ് ചൗരസ്യയുടെ പീലു. മാതംഗി ശ്രീ രാജരാജേശ്വരീ എന്ന് മുത്തുസ്വാമി ദീക്ഷിതര്‍ ഈ പടവുകളിലെവിടെയിരുന്നാവാം എഴുതിയത്? ഇനി താന്സെന് വാരാണസിയിലാണോ ജനിച്ചത്?
‘രഘുവര്,
നീ മാത്രമാണ് എന്റെ രക്ഷാ കവചം,
ലക്ഷ്യം.
എന്നെ ഈ കടത്തു കടത്തൂ,
ഈ പാപങ്ങളില്‍ നിന്ന് പരിശുദ്ധിയിലേക്ക് നയിക്കൂ…
രഘുവര്,
എന്റെ പ്രിയപ്പെട്ടവനേ’
എന്ന് തുളസീദാസ് പാടുന്നത് മറ്റെന്തിനെക്കുറിച്ചാണ്.
പണ്ഡിറ്റ് രവിശങ്കര്‍ മുതല്‍ ഗിരിജാദേവി വരെ നീളുന്ന സംഗീത പാരമ്പര്യത്തിനൊപ്പം അതുല്യവും അമരവുമാണ് ഇവിടുത്തെ പട്ടിന്റെ ഇഴകളും. സംസ്ക്കാരങ്ങളുടെ ലയം, രാഗങ്ങളുടെ തിരുപ്പിറവി, അന്നപൂര്‍ണയുടെ മുന്നിലെ പ്രസാദ മാധുര്യം, ആരതിയുടെ കണ്ണഞ്ചിപ്പിക്കുന്ന ദീപപ്രഭ. ആര്‍ക്കാവും ബനാറസിന്റെ ഇഴചേരലുകളെ പിരിക്കാന്‍? ആര്‍ക്കാവും ആ വര്‍ണ്ണപ്രപഞ്ചത്തെ മൂടാന്‍?
ഇന്ത്യ പോലെ വിചിത്രം, സുന്ദരം, പ്രൗഢം… ഇതിനെ നെഞ്ചോടു ചേര്‍ത്തും ഇഴപൊട്ടാതെ കാത്തും മാത്രമേ വരും കാലത്തിന്റെ ഇന്ത്യയ്ക്ക് മുന്നോട്ടു പോവാനാവൂ.
അഞ്ച്
ഓരോ വീട്ടിലേയും അലമാരകളില്‍ എത്രയെത്ര ബനാറസ് കഥകളാവും ഉറങ്ങുന്നുണ്ടാവുക? മനോഹരവും സങ്കടകരവുമായ എന്തെന്ത് അനുഭവങ്ങളായിരിക്കും ആ സാരികളില്‍ അച്ചുകുത്തിയിരിക്കുക!
അലമാരയിലെ ബനാറസ് സാരികള്ക്കെല്ലാം ഓരോ കഥകളുണ്ട്. എന്നോ സ്നേഹം മോഹമായി മാറിയപ്പോള്‍ വാങ്ങിയതാണ്, താമരയിതളിന്റെ നിറമുള്ള പിങ്ക് ബനാറസ് സാരി. സ്വര്‍ണ കസവില്‍ താമരമൊട്ടുകള്‍. ജീവിതത്തിന്റെ നിറക്കൂട്ടുകൾ ഏറിയും കുറിഞ്ഞും പോയെങ്കിലും അതിന്റെ സൗമ്യമായ തിളക്കത്തിനു മങ്ങലേറ്റില്ല. ഐവറിയില്‍ പച്ചയും കസവും ബോര്‍ഡറുള്ള മറ്റൊരു പട്ടുസാരിയും അലമാരയിലുണ്ട്. കാശിയെപ്പോലെ ക്ലാസ്സി.
പോയ കാലത്തിന്റെ പ്രൗഢിയും ലാളിത്യവും ചേരുമ്പോള്‍ അമ്മയുടെ കല്യാണപട്ടായി. സ്വര്‍ണ ടിഷ്യു ബനാറസ് സാരി. നീലയില്‍ കസവ് നക്ഷത്രങ്ങളുള്ള ബനാറസ് സാരി നക്ഷത്ര ലോകത്തെ ഓർമ്മിപ്പിച്ചു കൊണ്ട് അലമാരയിലുണ്ട്. വൈന്‍ നിറത്തില്‍ കസവ് പൂക്കള്‍ ചേര്‍ന്ന ബനാറസ് സാരിക്കാകട്ടെ, സങ്കടത്തിന്റെ വീര്യം കൊണ്ട് പഴകിയ ചവർപ്പ്.
ആറ്
നിറങ്ങൾ ഓർമകളുടെ, കാഴ്ചകളുടെ ഭാഗമാണ്. പക്ഷേ ബനാറസിൽ നിറത്തിന് രുചിയുണ്ട്, രുചിക്ക് നിറവും. എന്നിട്ടവ രൂപാന്തരപ്പെടും. ബനാറസി പാനിന്റെ മണം, രുചി, നിറം. പച്ചവെറ്റില, ഉള്ളിൽ രുചികൾ പല തരം… ഏലക്കയുടെ, ഗ്രാമ്പിന്റ, ശർക്കരയുടെ, തേനിന്റെ, കരുമുളകിന്റെ, ജീരകത്തിന്റെ… ഉപ്പും മധുരവും പുളിയും എരിവും. അറിയാത്ത രുചികൾ വേറെ…
പച്ച ഇല ചവച്ചു തുപ്പുമ്പോൾ ചുവന്ന ദ്രാവകം… ചുവപ്ന്റെ ഒരു തുള്ളി ഉള്ളിലും. കാശിയുടെ നിറമാണോ പാനിന്റെ, പാട്ടിന്റെ, വാകപ്പൂവിന്റെ, കുങ്കുമത്തിന്റെ, താമരപ്പൂവിന്റെ ചുവപ്പ്?

ഫൊട്ടോ. രവി എസ് സാഹ്നി
ഏഴ്
കാശിയില്‍ ഒരു ദിവസം അവസാനിക്കുകയാണ്. ഹോട്ടലിന്റെ മൂന്നാം നിലയിലെ പച്ച ചുവരുകളുള്ള മുറിയില്‍ ഉറക്കം വരാതെ കിടക്കുന്നു. ക്ഷീണം വന്ന് പിടികൂടുമ്പോള്‍ കാതില്‍ രാമനാമവും ഷെഹനായിയും ഒന്നിച്ചൊഴുകുന്നു.
അടയാന്‍ തുടങ്ങുന്ന കണ്ണിലിപ്പോള്‍ ഏതെല്ലാമോ പൂമാലകള്‍ വെളിച്ചത്തില്‍ തിളങ്ങി നില്ക്കുന്നു. ചുവന്ന പട്ടും സ്വര്‍ണ്ണ ബോര്‍ഡറും മയിലുകളും പൂക്കളും തുന്നിച്ചേര്‍ത്ത, ഒഴുകുന്ന സാരി. തീ പോലത്തെ സൗന്ദര്യം. ദീപപ്രഭയില്‍ തിളങ്ങുന്ന ചുവന്ന പൊട്ട്. ‘സര്‍വമംഗല മംഗല്യേ…’
സ്വപ്നത്തിലും സുഷുപ്തിയിലും ജാഗ്രത്തിലും സാക്ഷിയാകുന്ന കാശി. വിശ്വനാഥന്റെ കാശി; ഉമയുടേയും. അവർ കൈപിടിച്ചയിടം. പുരാതനമായ ഗന്ധങ്ങള്‍. ചവിട്ടിച്ചവിട്ടി തേഞ്ഞ കല്‍പ്പടവുകള്‍. ഗംഗയുടെ ഓളങ്ങള്‍ പോലെ സ്വപ്നത്തിലേക്ക് പല നിറങ്ങളില്‍ പട്ടുകള്‍ വന്നുലയുന്നു. നീല, പച്ച, വയലറ്റ്, മെറൂണ്‍, മഞ്ഞ…
സ്വപ്നത്തിന്റെ കല്പ്പടവുകള്ക്കു താഴെ, ഗംഗ ഒഴുകുകയാണ്. ജലത്തിന് ഹിമശൈത്യം. പടവുകളില്‍ ആരതി. പടിഞ്ഞാറന്‍ ആകാശത്ത് സാന്ധ്യനീലിമ.
ആയിരം ദീപങ്ങള്‍ക്ക് നടുവില്‍ സഹസ്രകോടി സൂര്യപ്രഭയായി ഗൗരി. ആ ത്രിലോക സുന്ദരിക്ക് ഉടുക്കാന്‍ ബനാറസില്‍ അന്സാരിമാര് നെയ്ത ഊത നിറമുള്ള പട്ട്.
ദേവി, സുരേശ്വരി ഭഗവതി ഗംഗേ
ത്രിഭുവന താരിണി തരളതരംഗേ
ശങ്കര മൗലി വിഹാരിണി വിമലേ
ഗംഗാസ്തവം… വിളക്കുകള്‍, ആരതി, കര്‍പ്പൂരഗന്ധം.
ഓളപ്പരപ്പില്‍ ഒരു പട്ടുസാരി കാണുന്നുണ്ടോ? നാമാദ്യം കണ്ട ഒരുവളുടെ സാരി. പൂക്കള്‍ വിരിപ്പിട്ട മഞ്ചലില്‍, ആറു പേരുടെ ചുമലില്‍ താങ്ങി, പടവുകളിറങ്ങിപ്പോയളുടെ പട്ടുസാരി. ഒരു ചുവന്നപട്ട്!
Read More:
- ശുഭ്രം, നിസ്വം, സ്വതന്ത്രം
- മരുഭൂമി സ്വപ്നം കണ്ടുണരുന്ന പൂന്തോട്ടങ്ങള്‍
- ഓര്‍മ്മയുടെ കരകളിലെ സാംബല്‍പുരി തിരയിളക്കങ്ങള്‍
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook