ഉണരുന്ന കാര്യം ആലോചിക്കുന്നതേയുള്ളൂ, മധുര. സൂര്യന്റെ ആദ്യരശ്മി പോലും നിലം തൊട്ടിട്ടില്ല. ഇരുളാവട്ടെ, ഇളം നീല കലര്‍ന്ന കറുപ്പില്‍ ഭൂമിയെ പുണര്‍ന്നു നില്‍ക്കുന്നു.

ഇത്തിരി കഴിഞ്ഞാല്‍, ജമന്തിപ്പൂ ചൂടിയ സ്ത്രീകള്‍ പൂക്കുട്ടകളുമായി തെരുവോരത്ത് നിരക്കും. സൈക്കിളില്‍ കാപ്പിയും ചായയും കച്ചവടം ചെയ്യാന്‍ ആളുകളെത്തും. പച്ചക്കറികള്‍, പൂക്കള്‍, നാരങ്ങ, കൊഴുന്ത്, കറിവേപ്പില എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാധനങ്ങള്‍ തലച്ചുമടായി തെരുവുകളിലൂടെ നിഴല്‍ പോലെ നീങ്ങും. പിന്നെ സൈക്കിള്‍ ബെല്ലുകള്‍, ഇടയ്ക്ക് ഒരു ബസ്, ഓട്ടോറിക്ഷകള്‍… വൈകില്ല, മധുരയില്‍ ഒരു ദിവസം പിറക്കുകയായി.

എല്ലാ ക്ഷേത്രനഗരങ്ങളും ഉണരുന്നത് ഒരു പോലെയാണ്. പശുക്കള്‍, കാളകള്‍, തെരുവു കച്ചവടക്കാര്‍, പൂവും സാമ്പ്രാണിയും കര്‍പ്പൂരവും മണക്കുന്ന തണുത്ത കാറ്റ്. മഹാക്ഷേത്രത്തിനുള്ളില്‍ മീനാക്ഷി ഉണരുകയാണ്. ‘മലയധ്വജ പാണ്ഡ്യപുത്രി, ശ്രീസുന്ദരേശ്വ ദയിതേ തവ സുപഭാതം..’ മധുരയിലെ രണ്ടാമത്തെ പ്രശസ്തയായ സ്ത്രീ-എം എസ് സുബ്ബലക്ഷ്മി-യുടെ നിര്‍മല ശബ്ദമാണത്. മീനാക്ഷിയുടെ നിള്‍മിഴികള്‍ പതുക്കെ തുറക്കുന്നു. പ്രപഞ്ചം തൊഴുതു നില്‍ക്കുന്നു.

സുബ്ബലക്ഷ്മിയുടെ മധുരശബ്ദം നഗരമാകെ പടരുന്നു. ‘മധുരം വിശാലം, നീലനേത്രി…’ -ചെറുപുഞ്ചിരി വിരിഞ്ഞോ അന്നേരം, പാണ്ഡ്യരാജാവിന്റെ മകളുടെ ചുണ്ടില്‍? സുബ്ബലക്ഷ്മിയും മീനാക്ഷിയും കൂട്ടുകാരികള്‍ തന്നെ, സംശയമില്ല. ആ പാട്ടുകാരി പാടിയുണര്‍ത്താത്ത ഏതു ദേവതയുണ്ട് ഈ മണ്ണില്‍?

തൊഴുതു തീരില്ല ഈ മഹാക്ഷേത്രത്തില്‍, കണ്ടു തീരില്ല ഈ വിസ്മയം. അത്രയ്ക്കാണ് മധുരയുടെ വശ്യത. പച്ചജീവിതത്തിന്റെ നട്ടുച്ചകള്‍. ഉഴുതു മറിച്ച ചരിത്രം ബാക്കി വെച്ചു പോയ തീരാക്കഥകള്‍. നിത്യമായി ചലിക്കുന്ന ഈ മഹാനഗരം ദ്രാവിഡ രാഷ്ട്രീയത്തിന്റെ തീച്ചൂളയാണ്. ചെന്തമിഴിന്റെ പാഠശാല. എല്ലാത്തിനുമപ്പുറം അത് മീനാക്ഷിയുടെ വീട്, സുബ്ബലക്ഷ്മിയുടെ നഗരം, കണ്ണകിയുടെ കണ്ണീര്‍ വീണിടം. ശിവന്റെ മുടിയിഴയില്‍ നിന്നിറ്റു വീണ തേനിന്റെ മധുരം. എല്ലാറ്റിനുമപ്പുറം, പട്ടും പരുത്തിയും ഇഴ ചേരുന്ന തറികളുടെ നിലം. നൂലുകള്‍ കാണുമ്പോള്‍ വിരലുകള്‍ക്ക് മാന്ത്രിക ശക്തി കൈവരുന്ന നെയ്ത്തുകാരുടെ ഇടം.

മധുരയുടെ മുന്താണികള്‍

ബി.സി. നാലാം നൂറ്റാണ്ടില്‍ തന്നെ മധുര തെക്കേ ഇന്ത്യയിലെ പ്രധാന നഗരമായിരുന്നു. പാണ്ഡ്യരാജധാനി. കച്ചവടകേന്ദ്രം. സഞ്ചാരികളുടെ താവളം. വിദ്യാകേന്ദ്രം. സംഘം ചേരുന്നിടം. റോമും ഗ്രീസുമായി കച്ചവട ബന്ധമുണ്ടായിരുന്നു അന്നേ മധുരയ്ക്ക്. ഇവിടെയും ചുറ്റുവട്ടങ്ങളിലും നിന്നായി ആയിരക്കണക്കിന് റോമന്‍ നാണയങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. അന്നേ ഉണ്ടായിരിക്കണം, നെയ്ത്തും അതിന്റെ കഥകളും.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ തിരുമലൈ നായ്ക്കരുടെ ഭരണകാലത്താണ് ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിന്ന് നെയ്ത്തുകാര്‍ കൂട്ടത്തോടെ മധുരയില്‍ ചേക്കേറുന്നത്. അതൊരു പലായനത്തിന്റെ, പുതിയ കൂടുകൂട്ടലിന്റെ കൂടി കഥയാണ്. മധുരയിലെ മണ്ണുമായി ഇഴപിരിയാത്ത ബന്ധമുണ്ടാക്കി സൗരാഷ്ട്രയിലെ നെയ്ത്തുകാര്‍. അവര്‍ മധുരയിലും പ്രാന്തങ്ങളിലും വലിയ നെയ്ത്തു കേന്ദ്രങ്ങളുണ്ടാക്കി കഴിയുന്നു. ഗുജറാത്തും തമിഴകവും ചേര്‍ന്നപ്പോള്‍ തറികള്‍ സൃഷ്ടിച്ചത് വലിയ വിസ്മയമായിരുന്നു. പരുത്തിയുടെ ഭംഗിയും ഊഷ്മളതയും ചേര്‍ന്ന ചുങ്കിടികള്‍. ഗുജറാത്തിന്റെ സ്വന്തം ബാന്ധിനിയില്‍ കസവും കരയും ചേരുമ്പോള്‍ ചുങ്കിടി സാരിയാവുന്നു. ചുവപ്പും കറുപ്പും, പച്ചയും പിങ്കും, നീലയും കാപ്പിപ്പൊടി നിറവും, മഞ്ഞയും മെറൂണും ഇങ്ങനെ ‘കോണ്‍ട്രാസ്റ്റ്’ വര്‍ണഭംഗികള്‍. ചെറിയ നൂലില്‍ കെട്ടി ഒതുക്കി, കോട്ടന്‍ തുണിയില്‍ പല വര്‍ണങ്ങള്‍ മുക്കി, ഉണക്കി ഉണ്ടാക്കുന്നവയാണ് ചുങ്കിടികള്‍. തമിഴ്നാട്ടില്‍ മാത്രമല്ല ഇന്ത്യയാകെ ചുങ്കിടി സാരികള്‍ക്ക് ആരാധകരുണ്ട്.

ചെക്കുകളും കസവും നൂലും ബോര്‍ഡറും ചേര്‍ന്ന മധുര കോട്ടണുകളും പ്രത്യേക ഭംഗിയുള്ളവയാണ്. കസവ് ചെക്കുകളുള്ള സാരികള്‍ അതിമനോഹരവും. ഇവയിലെ നിറങ്ങളുടെ കൂടിച്ചേരലുകള്‍ – പിങ്കും ഗ്രേയും, നീലയും പിങ്കും, പച്ചയും നീലയും, വയലറ്റും ചുകപ്പും. ഈ സാരി ഏത് പെണ്ണുടലിനെയാണ് നിറപ്പകിട്ടണിയിക്കാത്തത്? ഇവയ്ക്ക് നൂലു കൊണ്ടോ കസവു കൊണ്ടോ ഉള്ള ബോര്‍ഡറുണ്ടാകും. ക്ഷേത്രാങ്കണത്തിലും ഗോപുരത്തിലും ചുറ്റമ്പലത്തിലും കല്ലില്‍ കൊത്തിയ രൂപങ്ങള്‍… മയില്‍, മാന്‍, താമരപ്പൂമൊട്ട്, തത്തകള്‍ എല്ലാം സാരിയുടെ കരയില്‍ പുനര്‍ജനിക്കുമ്പോള്‍, ഇഴയുടെ വാനം തന്നെ മാറുകയാണ്. ശില്‍പിയും നെയ്ത്തുകാരനും തീര്‍ക്കുന്നത് ഒരേ വിസ്മയം. അണിയുന്നവള്‍ക്ക് കൈവരുന്നത് പഴമയും പുതുമയും ചേരുന്ന പരുത്തിയുടെ ഭംഗി.

മീന്‍ കണ്ണുള്ള സ്വപ്നം

മീനാക്ഷിയുടെ നഗരമാണ് മധുര. ജാതിയും ഗോത്രങ്ങളും മതങ്ങളുമെല്ലാം പലതായി വിഭജിക്കുമ്പോഴും മധുരയിലെ മനുഷ്യരെ ഒന്നിച്ചു നിര്‍ത്തുന്ന ഒരിടമാണ്, മീനാക്ഷി വാഴുമിടം. ഇതിഹാസങ്ങള്‍ പറയുന്ന മധുര മീനാക്ഷിയുടെ കഥ ഇങ്ങനെയാണ്: പാണ്ഡ്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു മധുര. അവിടെ വാണ പാണ്ഡ്യ രാജാവായ മലയധ്വജന് കുട്ടികളില്ലായിരുന്നു. ദേവതകളെ പ്രീതിപ്പെടുത്തി, കുഞ്ഞിക്കാലു കാണാനുള്ള പ്രാര്‍ഥനയുമായി രാജാവ് യാഗം നടത്തി. ആ യാഗാഗ്‌നിയില്‍ നിന്നുയര്‍ന്നു വന്നത് ഒരു മീന്‍കണ്ണി കുഞ്ഞ്. ദേശം അവളെ മീനാക്ഷിയെന്നു വിളിച്ചു. കാലവും കഥയും മുന്നോട്ട് പോയപ്പോള്‍ കൈലാസാധിപന്‍ മധുരയുടെ അധിപയുടെ നേര്‍പാതിയായി. രണ്ടാളും വാഴുന്നിടമായി, കോവില്‍. തിരുവിളയാടലില്‍ വിരിഞ്ഞു, കവിതയും വിസ്മയവും. കല്ലില്‍ ഉയര്‍ന്നു വന്നു മഹാക്ഷേത്രം. ശിവന്റെയും ശിവയുടെയും സമ്മേളനവേദി.

മധുരയും മീനയും

പാണ്ഡ്യരാജാവ് കദംബവനത്തില്‍ ആദ്യ ക്ഷേത്രം പണിഞ്ഞത് ശിവനാണത്രെ. പക്ഷേ അത് വളരെപ്പെട്ടെന്ന് മീനാക്ഷിയുടെ നഗരമായി. കുഞ്ഞു കൊലുസിട്ട് ഓടി വന്ന മൂന്നു വയസ്സുകാരി, നീള്‍മിഴിയില്‍ സ്വപ്നത്തിനു പകരം വാള്‍മുനത്തിളക്കം കത്തിയ രാജകുമാരി. കൈലാസം കീഴടക്കാന്‍ എത്തി കൈലാസനാഥനെ കൂടെക്കൂട്ടിയ പ്രണയിനി. ത്രിപുരസുന്ദരി, നര്‍ത്തകി, ഗായിക, ആയിരം ആനകള്‍ നിരന്ന പട നയിച്ച സേനാനായിക. ക്ഷേത്രത്തിനുള്ളിലും ശ്രീകോവിലിലും ഇതൊക്കെയാണ് മീനാക്ഷി. ചുവന്ന പട്ടിന്റെ തിളക്കം. പച്ചപ്പട്ടിന്റെ നിറവ്. നീലപ്പട്ടിന്റെ ആഴം.

ശ്രീകോവിലില്‍ നിന്നിറങ്ങി മധുരയുടെ രാജ്ഞി ആ തെരുവുകളിലൂടെ നടക്കാറുണ്ട്. നമ്മളിൽ ഒരുവളായി, മീനയായി. ഒരു പരുത്തി സാരിയുടെ അഴകിൽ. സുബ്ബലക്ഷമിയുടെ പാട്ടു കേട്ട് വഴിയോരത്ത് നിന്ന് കാപ്പി നുണയാറുണ്ട്. പൂവും കൊഴുന്തും വാങ്ങി മുടിയില്‍ തിരുകാറുണ്ട്. കരുണയുടെ കടലായ മീന്‍കണ്ണുകളുയര്‍ത്തി തന്റെ നഗരത്തെ നോക്കാറുണ്ട്. ഈ മീനാക്ഷിക്ക് പ്രിയം ചുങ്കിടി സാരികളോട്. പല നിറം കളം ചേര്‍ക്കുന്ന പരുത്തികളോട്. ക്ഷേത്രച്ചുമരിലെ തത്തയും മയിലും അരികു ചേര്‍ക്കുന്ന മധുരൈ കോട്ടണ്‍ സാരികളോട്.

ഒന്ന് സൂക്ഷിച്ചു നോക്കൂ, സൈക്കിള്‍ ചവുട്ടിപ്പോകുന്ന ആ പതിനാറുകാരി മീനാക്ഷിയല്ലേ? ലൈന്‍ ബസ്സിന് പിറകെ ഓടുന്ന യുവതി, രണ്ട് ചെറുബാലന്‍മാരെ മുറുകെപ്പിടിച്ച് റോഡ് മുറിച്ചു കടക്കുന്ന അമ്മ, ഭര്‍ത്താവിന്റെ മൂന്നാം തൃക്കണ്ണിന്റെ തീ കണ്ടില്ലെന്നു നടിച്ച് ചിരിക്കുന്ന ഭാര്യ, വഴിയരികില്‍ നില്‍ക്കുന്ന കാളക്കൂറ്റനെ ദയവോടെ തടവുന്ന സ്ത്രീ. ഇവരില്‍ ആരാണ് മീനാക്ഷിയല്ലാത്തത്? ഇവരുടെയെല്ലാം ഉടലുകളെ ഏഴഴകില്‍ പുല്‍കുന്നത് മധുരയിലെ തറികളില്‍ നിന്ന് വിരിയുന്ന നിറങ്ങളും രൂപങ്ങളുമാണ്.

മധുരമൊഴി, തീമൊഴി..

എന്നാല്‍, മീനാക്ഷിയുടെ മാത്രം നഗരമല്ല, മധുര. അത് കണ്ണകിയുടേതുമാണ്. കാല്‍ച്ചിലമ്പ് പൊട്ടിച്ചെറിഞ്ഞ്, ക്രോധമൊഴിയാതെ മുല പറിച്ചെറിഞ്ഞ് നിന്നു കത്തിയ ഒരുവള്‍. അവളാണ് മധുരയെ ചാമ്പലാക്കിയത്. അവളില്ലാതെ തെന്നിന്ത്യക്ക് പെണ്ണില്ല. ദേവതയും നേര്‍പാതിയും സത്യസ്വരൂപിണിയുമില്ല. മീനാക്ഷിയുടെ അഭ്യര്‍ഥനയ്ക്കു മുന്നിലൊന്നടങ്ങി, അവളിങ്ങ് കൊടുങ്ങല്ലൂരേക്ക് പോന്നെങ്കിലും മധുരയുടെ ആത്മാവില്‍ മീനക്ഷിയ്ക്കൊപ്പം കണ്ണകിയുമുണ്ട്. ചുവന്ന ചേലചുറ്റിയ, കത്തുന്ന കണ്ണുകളുള്ള, മുടിയഴിച്ചിട്ട ക്രോധസ്വരൂപിണി. മധുരയിലെ പെണ്ണുങ്ങളെ നോക്കൂ, പടനയിച്ചവളും തീയിട്ടു ചാമ്പലാക്കിയവളും അടക്കിവാഴുന്ന മറ്റേത് നഗരമുണ്ട് ഈ ലോകത്ത്?madurai, madurai sungudi, madurai meenakshi temple, madurai meenakshi history, madurai meenakshi architecture, madurai handloom, kannagi, kannagi story, m s subbulakshmi

ചെന്തമിഴ്

തമിഴിന് തുല്യം തമിഴ് മാത്രമാണ്. തേന്‍ പോലെ മധുരിക്കും. ചുവപ്പന്‍ മുളകിന്റെ തീ പോലെ നാവില്‍ പടരും. കവിതയായി വൈഗയുടെ തീരത്ത് വന്നടിയും. കണ്ണീരുപ്പായി ജീവിതങ്ങളില്‍ കലങ്ങും. പിച്ചിപ്പൂവിന്റെ മണവും കടല്‍ക്കാറ്റിന്റെ വേഗവുമുള്ള ഭാഷയാണത്. സംഘം കവിത മുതല്‍ രാഷ്ട്രീയ പ്രസംഗങ്ങളില്‍ വരെ ഈ ഗംഭീരഭാഷയുടെ അനന്ത സൗന്ദര്യം നിറയുന്നു. കരുത്തിന്റെയും കരുണയുടെയും കാല്‍പ്പനികതയുടെയും ഭാഷയാണത്. ആകാശത്തോളം ഉയരുമത്, കാലില്‍ മണ്ണിന്റെ പശിമയൊട്ടി ഭൂമിയോളം വേരാഴ്ത്തിയും നില്‍ക്കും. പൊള്ളുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന, സ്നേഹഹത്തിന്റെ തണുപ്പു പകരുന്ന അസാധാരണമായ ഭാഷയാണത്.

‘ഇവിടെയൊരു ദൈവമുണ്ടോ? ഈ നഗരത്തില്‍, സത്യസന്ധന്റെ തലയരിഞ്ഞ മധുരയില്‍ ഒരു ദൈവമുണ്ടോ?’ എന്ന കണ്ണകിയുടെ ചോദ്യത്തില്‍ തമിഴിന്റെ നീതിബോധമുണ്ട്. അതിനു മുന്നില്‍ ഉത്തരമില്ലാതെ മധുര നിന്നു. കണ്ണകിയുടെ കണ്ണില്‍ നീതിയുടെ തീയെരിഞ്ഞ ആ നിമിഷത്തെ സംഘകാല കവിത പകര്‍ത്തുന്നത് ഇങ്ങനെയാണ്:.

‘കടല്‍ തീരത്തെ ഗ്രാമത്തില്‍ വെണ്ണിലാവു പോലുള്ള പെണ്ണിന്റെ, പുളയുന്ന ഉടല്‍. മൃത്യു പോലെ വശ്യമായ സൗന്ദര്യം, വിണ്ണിലെ അമ്പിളിയെ കാര്‍മുകില്‍ പൊതിയും പോലുള്ള നിഗൂഢ പ്രണയം’-തമിഴ് കവിതയിലല്ലാതെ മറ്റെവിടെയുണ്ടാവും ഇങ്ങനെയൊരു ‘ഇമേജറി?’

മധുരയിലേക്കുള്ള പാത

മധുരയെക്കുറിച്ചുള്ള ഓര്‍മ്മയിലാദ്യം ഒരു പാവാടയാണ്. ഒരു ചുങ്കിടി സാരി മുറിച്ച് തുന്നിയ നീണ്ട പാവാടയും ബ്ലൗസും. അഞ്ചു വയസ്സുകാരിക്ക് ഇതിലും ആനന്ദം എന്തുണ്ട്. ചേച്ചിയും അനിയത്തിയും ഒരേ വേഷത്തില്‍. നിലത്തിഴയുന്ന പാവാടത്തുമ്പ് അല്‍പ്പം പൊക്കി, കൊലുസിന്റെ കിലുക്കത്തോടെ ഓടിയകന്നു, കാലം. പിന്നീട് വേഷങ്ങള്‍ എത്ര മാറി. എങ്കിലും, മധുരയിലെ ചുങ്കിടികളോടുള്ള പ്രണയമൊട്ടും മാറിയില്ല. മധുരയിലെ പല മണങ്ങള്‍ ഇഴകലര്‍ന്ന തെരുവില്‍ നിന്നും ചെന്നൈയിലെ ശീതീകരിച്ച സ്റ്റോറുകളില്‍ നിന്നുമെല്ലാം മധുരയുടെ മണമുള്ള പരുത്തി സാരികള്‍ കൈയിലെത്തി. സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ആ സാരികള്‍ ജീവിതത്തിന്റെ തൊങ്ങലിട്ടു. സമാധാനവും സൗന്ദര്യവുമേകി, പരുത്തിയുടെ സമശീതോഷ്ണാവസ്ഥ.

കുഞ്ഞുന്നാളിലാണ് ആദ്യം മധുര കാണുന്നത്. തിരുച്ചന്തൂരില്‍ നിന്ന് മടങ്ങും വഴി മധുര. കൊഴുന്തു മണം, മൈസൂര്‍ പാക്കിന്റെ രുചി, കുഞ്ഞിക്കണ്ണിലൊതുങ്ങാത്ത അമ്പലം. അമ്മ വാങ്ങിയ ഓഫ് വൈറ്റില്‍ കറുപ്പും സ്വര്‍ണനിറവും അതിരിട്ട ബോര്‍ഡറുള്ള മധുര കോട്ടണ്‍, കാറിന്റെ പിന്‍സീറ്റിലെ ഉറക്കം. മറക്കാത്ത യാത്രകളിലൊന്നായി അതു മാറുന്നത് അമ്മയുടെയും അച്ഛന്റെയും സ്നേഹത്തിന്റെ കരുതലിലാണ്. ഇന്നീ വെയിലത്ത് പൊള്ളി നടക്കുമ്പോള്‍, അരികെ ആ സ്നേഹത്തണലില്ല. എങ്കിലും ജീവിച്ചേ മതിയാവൂ. യാത്രകള്‍ തുടര്‍ന്നേ തീരൂ.

പിന്നെ മധുരയിലെത്തുന്നത് ഒരു വെളുപ്പാന്‍ കാലത്താണ്, ഉറക്കത്തിനും ഉണര്‍വിനും മധ്യേ മഹാക്ഷേത്രം. ‘ഉദ്യത് ഭാനു സഹസ്രകോടി സദൃശ്യാം…’ – അടുത്ത ഹോട്ടലിലെ ടേപ്പ് റിക്കോര്‍ഡര്‍ ഉച്ചത്തില്‍ പാടി. പച്ചയും ചുവപ്പും കോട്ടണ്‍ സാരിയുടുത്തപ്പോള്‍ അമ്പല ഗോപുരങ്ങളില്‍ നിന്നു പറക്കുന്ന തത്തകള്‍ക്കൊപ്പം മനസ്സും മാനം തൊട്ടു.

പിന്നൊരിക്കല്‍, തിളങ്ങുന്ന ഒരു ഏപ്രില്‍ മാസത്തിലെ വൈകുന്നേരം മധുര തൊട്ടു. മഞ്ഞയും ബ്രൗണുമുള്ള മധുര കോട്ടണ്‍ ഉടലിലിളകി. നാവില്‍ കടുപ്പമുള്ള കാപ്പിയുടെ രുചി. ഉള്ളിലേക്ക് മുല്ലപ്പൂവിന്റെ മണം, പ്രണയത്തിന്റെ മുന്താണിയില്‍ മഞ്ഞയും സ്വര്‍ണവും ഇഴ ചേര്‍ന്നിരുന്നോ?

യാത്രകളിലേക്ക് പറിച്ചെറിയപ്പെട്ട ജീവിതം മറ്റു പലതിനെയും കൈവിട്ടപ്പോഴും മധുര പിടിവിട്ടില്ല. അവിടത്തെ പരുത്തിയോടുള്ള പെരുത്ത ഇഷ്ടം വിടാതെ കൂടെപ്പോന്നു. പിങ്കും പച്ചയും – എക്കാലത്തെയും പ്രിയപ്പെട്ട കോമ്പിനേഷന്‍. മധുരയിലെ പരുത്തിയുടെ പൂവിതള്‍ മൃദുത്വം. മൂക്ക് അമര്‍ത്തുമ്പോള്‍ ഈ സാരികള്‍ക്ക് പൂമണവും ഉണ്ടെന്നു തോന്നും. ജീവനുള്ള നിറങ്ങള്‍, ബോര്‍ഡറിലെ മനോഹര മോട്ടിഫുകള്‍… കാഴ്ചയിലും സ്പര്‍ശത്തിലും ഒരുപോലെ പ്രിയം.

കണ്ണില്‍ ചോരയുള്ള ബുദ്ധന്‍

ഒരിക്കല്‍, തൊണ്ണൂറുകളുടെ ഒടുക്കത്തിലെപ്പോഴോ മധുരയില്‍ കണ്ടതാണ്, മൂന്നു നിലയോളം പൊക്കത്തിലൊരു ബുദ്ധപ്രതിമ. കണ്ണുകളില്‍ നിന്ന് ചോരയൊലിപ്പിച്ച് ഗൗതമന്‍ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നു. രാമേശ്വരത്തിനും ഗള്‍ഫ് ഓഫ് മന്നാറിനുമപ്പുറം ജാഫ്‌ന നിന്നു കത്തുകയായിരുന്നു അന്നേരം. മധുരയിലിരുന്ന് ജാഫ്‌നയെ നോക്കി ബുദ്ധന്‍ ചോര കരഞ്ഞു. അതേ സമയത്ത്, കടലിനക്കരെ ബുദ്ധശിഷ്യര്‍ കൂടുതല്‍ ലാന്‍ഡ് മൈനുകളും തോക്കുകളും ബോംബുകളും സ്വരൂപിക്കുകയായിരുന്നു.

അത് തമിഴകത്തിന്റെ സ്വസ്ഥത കെട്ട നാളുകളായിരുന്നു. ഈഴം എന്ന ആശയം തമിഴ് മനസ്സുകളില്‍ കത്തിപ്പടര്‍ന്നു. മധുരയുടെ തെരുവുകളിലും അശാന്തി പുകഞ്ഞു. മധുരയക്ക് അങ്ങനെയേ പറ്റൂ. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തീച്ചൂളയാണ് ആ നഗരം. മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന, ഭാഷാഭിമാനത്തെ നെഞ്ചില്‍ കൊണ്ടു നടക്കുന്നവരുടെ നിലപാടുകള്‍ക്ക് കടുപ്പമേറും. മന്നാര്‍ കടലിടുക്കിനപ്പുറം നടക്കുന്ന നീതി നിഷേധത്തോട് വൈകാരികമായും തീവ്രവുമായാണ് മധുര പ്രതികരിച്ചത്. പുലിപ്പാളയങ്ങള്‍ക്കുമപ്പുറം, കൂടപ്പിറപ്പുകള്‍ നീതി കിട്ടാതെ അലയുന്ന മുല്ലൈതീവിലെ തീരങ്ങള്‍ മധുരയുടെ ഉറക്കം കെടുത്തി.

തിളച്ചു മറിയുന്ന രാഷ്ട്രീയത്തിന്റെ, ദ്രാവിഡ സ്വത്വബോധത്തിന്റെ, വൈകാരിക പ്രതികരണങ്ങളുടെ, തെരുവുയുദ്ധങ്ങളുടെ തീയും പുകയും സദാ ഉള്ളിലെരിയുന്ന നഗരമാണ് മധുര. നീതിനിഷേധത്തിനെതിരെയുള്ള പ്രതികരണങ്ങളുടെ, സ്ത്രീ പോരാളികളുടെ, കത്തുന്ന കവിതയുടെ നഗരം. മധുരമല്ലാത്ത ചവര്‍പ്പും കണ്ണീരും തീയും കൂടെക്കൊണ്ടു നടക്കുന്ന ജനപഥം. ഓര്‍മകളില്‍ പോലും കത്തുന്ന തെരുവുകളും കൊട്ടാരക്കെട്ടുകളുമുണ്ട്. ജാഫ്‌നയിലെ അശാന്തി ഇന്നും കെടാക്കനലായി അവിടെരിഞ്ഞു നില്‍ക്കുന്നുണ്ട്. മധുരയ്ക്ക് അങ്ങനെയേ പറ്റൂ.

ബുദ്ധന്റെ കണ്ണുകളില്‍ നിന്നുള്ള ചോര ഇപ്പോഴും ഒഴുകുന്നുണ്ട്. കനലുകള്‍ ചാരത്തിനടിയില്‍ പുകയുന്നുണ്ട്. ലങ്കയില്‍ നിന്നുള്ള അഭയാര്‍ഥിയുടെ നിറം മങ്ങിയ പരുത്തി സാരികളില്‍ രക്തക്കറ, കത്തിയമര്‍ന്ന ഉടലിനു പുതക്കാനൊരു ചുവന്ന തുണി, അനാഥമായ കുഞ്ഞിക്കൈയ്യില്‍ അമ്മയുടെ ചേലയുടെ ഒരു കഷ്ണം. എങ്ങിനെ അണയാനാണ് മധുരയുടെ മനസിലെ ഓർമയുടെ കനല്‍?madurai, madurai sungudi, madurai meenakshi temple, madurai meenakshi history, madurai meenakshi architecture, madurai handloom, kannagi, kannagi story, m s subbulakshmi

അടിപിടികളുടെ നഗരം, നൃത്തച്ചുവടുകളുടെയും

മിക്ക ക്ഷേത്രനഗരങ്ങളെയും പോലെ മധുരയുടെ തെരുവുകള്‍ എപ്പോഴും സജീവമാണ്. തിരക്കിട്ട വാണിജ്യകേന്ദ്രമാണത്. ഹൈവേകള്‍ കടന്നു പോകുന്ന വഴിയോരവും കൂടിയാകുമ്പോള്‍ മധുര ഉറങ്ങുന്നേയില്ല. ‘തൂങ്കാനഗര’മെന്ന പേരും മധുരക്കുണ്ട്. ഉറക്കം നഷ്ടപ്പെട്ടവരാണത്രെ മധുരയിലെ മുപ്പതു -നാല്‍പ്പതു ശതമാനം പേര്‍. കണ്ണടക്കാത്ത തെരുവുകളില്‍ അടിപിടി മുതല്‍ തെരുവുയുദ്ധം വരെ എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം. ഇരുണ്ട തെരുവുകളുടെ ഞരമ്പിലെവിടെയോ അടക്കിവെച്ച വയലന്‍സുണ്ട്. ജാതി, പണം, അധികാരം എന്നിവയുമായി ഇഴചേര്‍ന്നു കിടക്കുന്ന ഈ അക്രമണോത്‌സുകത എപ്പോള്‍ വേണമെങ്കിലും പുറത്തു ചാടാം.

അടിപിടി പോലെ മധുരയ്ക്കു വഴങ്ങുന്നതാണ് ആട്ടവും. ഡപ്പാംകുത്തു മുതല്‍ ക്ലാസിക്കല്‍ നൃത്തം വരെ ഉള്‍ക്കൊള്ളാവുന്ന മെയ്‌വഴക്കം ഈ ദേശത്തിനുണ്ട്. ദ്രാവിഡ സംസ്‌ക്കാരത്തിന്റെ പോപ്പുലറും ക്ളാസിക്കലുമായ എല്ലാ കൈവഴികളും വൈഗയില്‍ ഒത്തു ചേരുകയാണെന്ന് പറയാം. ക്ഷേത്രങ്ങളിലെ ഉത്സവമാകട്ടെ, ദീപാവലിയാകട്ടെ, കാവടിയാകട്ടെ, നൃത്തം അതിന്റെ ഭാഗമാണ്. മധുരയുടെ നൃത്തച്ചുവടുകള്‍ നില്‍ക്കുന്നേയില്ല. വര്‍ണസാരികള്‍ ആടിയുലയുന്ന, പൂ വെച്ച മുടിപ്പിന്നലുകള്‍ ഇളകിയാടുന്ന നൃത്തങ്ങള്‍. നിറവും പാട്ടും താളവും ഒന്നാകുന്ന വര്‍ണക്കാഴ്ചകള്‍.

തമിഴ് സിനിമ മധുരയിലേക്ക് എക്കാലവും കണ്ണുനട്ടിരിക്കുന്നതിനും മറ്റു കാരണങ്ങളില്ല. തട്ടുപൊളിപ്പന്‍ സിനിമകള്‍ മുതല്‍ തമിഴകത്ത് പൊട്ടിവിരിഞ്ഞ നവതരംഗ സിനിമകള്‍ വരെ മധുരയുടെ പിറകില്‍ ഒളിപ്പിച്ചു വെച്ച നീളന്‍ അരുവാളിനു നേര്‍ക്ക് ക്യാമറ പിടിക്കുന്നു. ജീവിതങ്ങളെ പച്ചയായി പകര്‍ത്താനുള്ള മണ്ണ് മധുരയാണെന്ന് പുതിയ തമിഴ് സിനിമയും ആണയിട്ടു കൊണ്ടേയിരിക്കുന്നു. ജാതിയും കുടിപ്പകയും അരുംകൊലകളും ചോരയും റൗഡിസവും തട്ടുപൊളിപ്പന്‍ പാട്ടുമാട്ടവുമായി ‘മധുര സിനിമകള്‍’ സ്‌ക്രീനിനു നേര്‍ക്ക് നീളന്‍ അരുവാള്‍ വീശിക്കൊണ്ടേയിരിക്കുന്നു. ‘തേവര്‍ മകന്‍’ മുതല്‍ ‘പരുത്തിവീര’നും ‘സുബ്രഹ്മണ്യപുര’വും ‘ഗോറിപാളയ’വും ‘സാമി’യും ‘തിട്ടക്കുടി’യും ‘ആടുകള’വും ‘സുന്ദരപാണ്ഡ്യ’നുമെല്ലാം അതിന്റെ നേര്‍ക്കാഴ്ചകളാണ്.
ആധുനികതയുടെ മറുപുറം എന്നോണമാണ് മധുര നിരന്തരം സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത്. കുപ്പായത്തിനു പിറകില്‍ ഒളിപ്പിച്ചു വെച്ച ഒരു കത്തിമുന. മധുരയെക്കുറിച്ചുള്ള ‘സ്റ്റീരിയോടൈപ്പ്’ ആലോചനകളെല്ലാം ചെന്നു നില്‍ക്കുന്നത് അവിടെയാണ്. ബ്രിട്ടീഷുകാര്‍ മധുരയിലെ ഗോത്രവിഭാഗങ്ങളെ ക്രിമിനല്‍ ഗോത്രങ്ങളായാണ് കരുതിപ്പോന്നിരുന്നത് എന്നാണ് ചരിത്രം. മധുര ജയില്‍, ക്രിമിനല്‍ ഗോത്രങ്ങളില്‍നിന്നുള്ളവര്‍ക്ക് വേണ്ടിയാണത്രെ തുറന്നത്. പുതുകാലവും, മധുരയിലെ മനുഷ്യരെ ക്രിമിനല്‍ ഗോത്രങ്ങളായി തന്നെയാണ് കരുതുന്നതെന്ന് തന്നെയാണ് സിനിമകള്‍ പറയുന്നത്.

എന്നാല്‍, ഈ ‘സ്റ്റീരിയോടൈപ്പ്’ മാമാങ്കങ്ങളില്‍ ക്യാമറക്കണ്ണുകള്‍ കാണാതെ പോവുന്ന പലതുമുണ്ട്. അതിലേറ്റവും പ്രധാനം മധുരയിലെ നെയ്ത്തുതറികള്‍ തന്നെയാണെന്ന് തോന്നാറുണ്ട്. ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയ വേരുകളുണ്ട് അവരുടെ നെയ്ത്തുപാരമ്പര്യത്തിന്. എന്നാല്‍, പുതിയ കാലം മധുരയിലെ നെയ്ത്തുകാര്‍ക്കു മുന്നില്‍ വെച്ചു നീട്ടുന്നത് ഒട്ടും സന്തോഷം നല്‍കുന്ന ജീവിതമല്ല.

കോവിഡ് കാലത്തെ തറികള്‍

നെയ്ത്തുകാരെ മാത്രമല്ല, അതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന അനേകായിരം പേരെയാണ് കോവിഡ് കാലം പ്രതികൂലമായി ബാധിച്ചത്. അതിനു മുമ്പേ തന്നെ കാര്യങ്ങള്‍ മാറിത്തുടങ്ങിയിരുന്നു. ആയിരത്തിലധികം തറികളുണ്ടായിരുന്ന നെയ്ത്തു മേഖലകളില്‍ തറികളുടെ താളം പതുക്കെയാകാന്‍ തുടങ്ങിയിരുന്നു. മില്‍ കോട്ടണുകള്‍ കീഴടക്കുന്ന വിപണി, കൈവേലകള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറിന്റെ താല്‍പ്പര്യമില്ലായ്മ, അസംസ്‌കൃത വസ്തുക്കളുടെ വന്‍വിലക്കയറ്റം എന്നിങ്ങനെ അനേകം കാരണങ്ങള്‍. എങ്കിലും, മികവും വ്യത്യസ്തതയും നിലനിറുത്താനായതിനാല്‍ മധുരയിലെ പരുത്തി തുണികള്‍ക്ക് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നു. ‘ജിയോഗ്രാഫിക് ഇന്‍ഡിക്കേഷനും’ മധുര സാരിക്ക് ലഭിച്ചിരുന്നു.

എങ്കിലും നെയ്ത്തുകാരുടെ മുന്നില്‍ പ്രശ്നങ്ങള്‍ അനവധിയാണ്; സങ്കീര്‍ണവും. നെയ്ത്തുകാരന് കൂലി തുച്ഛം. ഏറിപ്പോയാല്‍, ഒരു മാസം ലഭിക്കുന്നത് പതിനായിരം രൂപ. പകലന്തിയോളം നീളുന്ന ജോലിയുടെ പ്രതിഫലമാണത്. അധ്വാനത്തില്‍ തകരുന്ന ആരോഗ്യമാണ് കൈമുതല്‍. ഇവരെ സഹായിക്കുന്നതിന് ആസൂത്രിതമായ ഒരു ശ്രമവും നടക്കുന്നില്ല. നൂലും ഝരിയും നല്‍കി വന്ന സഹകരണ സംഘങ്ങള്‍ വേണ്ടത്ര സജീവമല്ല. നെയ്ത്തിനെ ടൂറിസവുമായി ഇനിയും ബന്ധിപ്പിച്ചിട്ടില്ല. വിദഗ്ധരുടെ, ഡിസൈനര്‍മാരുടെ, മാര്‍ക്കറ്റിംങ് വിദഗ്ധരുടെ ഒന്നും സേവനം നെയ്ത്തുകാരിലേക്കെത്തുന്നില്ല.

ഇത് മധുരയുടെ മാത്രം കഥയല്ല. ഇന്ത്യയിലെമ്പാടുമുള്ള നെയ്ത്തുകാരുടെ ജീവിതം ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്. മധുരയോ ബനാറസോ, പൂണെയോ, കാഞ്ചീപുരമോ എവിടെയുമാകട്ടെ, ഇവിടങ്ങളിലെല്ലാം പുതുകാലത്തിന്റെ പുതിയ വെളിച്ചം എത്തേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ തൊഴില്‍പാരമ്പര്യത്തെ സംരക്ഷിക്കണം. ഒപ്പം, രീതികള്‍ അടിമുടി മാറണം. മാര്‍ക്കറ്റിംഗ് അടക്കമുള്ള കാര്യങ്ങളില്‍ പ്രൊഫഷണലുകളുടെ സേവനം ആവശ്യമുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാനും ആസൂത്രിതമായ സംവിധാനങ്ങള്‍ അനിവാര്യം. ഒപ്പം, നെയ്ത്തില്‍ സ്വപ്നങ്ങള്‍ നെയ്യുന്ന ഈ മനുഷ്യരുടെ ജീവിതത്തിലെ അരക്ഷിതാവസ്ഥ മാറണം.

പുതിയ കാലത്തിന്റെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി നെയ്ത്തും വില്‍പ്പനയും അനന്തര സേവനങ്ങളും വികസിക്കേണ്ടതുണ്ട്.

<

പാട്ടിഴകളുടെ കര

പാട്ടു പോലെയാണ് നെയ്ത്തും. ഇഴകളോരോന്നും ലയിക്കണം. ഈണവും സ്വരസ്ഥാനവും പരസ്പരപൂരകമാകണം. ഒന്നായിച്ചേരണം, ഒരുമിച്ചൊഴുകണം. അക്കമ്മാള്‍, ഷണ്‍മുഖവടിവേലമ്മാള്‍, വടിവംബാള്‍, മധുരൈ ഷണ്‍മുഖ വടിവ് സുബ്ബലക്ഷ്മി…

മധുരയുടെ മധുരസ്വരങ്ങള്‍. വീണയുടെയും വയലിനുകളുടെയും സമ്മോഹനമായ സമ്മേളനം. മോഹനം, ആരഭി, ഷണ്‍മുഖപ്രിയ, കല്യാണി, ആനന്ദഭൈരവി, പുന്നഗവരാളി… കനകശൈല വിഹാരിണിയും സേനാനായികയും പ്രണയിനിയുമായ ദേവി വീണ്ടും തലയുയര്‍ത്തുന്നു. ‘പ്രാതസ്മരാമി ലളിതാ വദനാരബിംബം…’

മധുര വീണ്ടും ഉണരുകയാണ്. സുബ്ബലക്ഷ്മി പാടുന്നു. ബോംബെ ജയശ്രീപാടുന്നു. വരാളിയില്‍, ‘മാമവ മീനാക്ഷി രാജമാതംഗിം… ശ്യാമളേ, മീനാക്ഷിസുന്ദരേശ്വര സാക്ഷി…’ മുത്തുസ്വാമി ദീക്ഷിതരുടെ സ്വരം പെറുക്കിയെടുത്ത പാട്ടിനു ചുവടു ചേര്‍ത്താവുമോ മീനാക്ഷിയുടെ പട മുന്നോട്ട് നീങ്ങിയിരിക്കുക?

കുന്നക്കുടിയുടെ നൃത്തഭരിതമായ ഉടല്‍ഭാഷയില്‍ വയലിന്‍ മിടിപ്പുകള്‍. ‘താമരയിതള്‍ പാദങ്ങളുള്ളവളേ ഉറങ്ങൂ…’ നീലാംബരി ആകാശങ്ങളിലൂടെ നിറഞ്ഞുയരുന്നു.

മധുരൈ അരശാളും മീനാക്ഷി. നീലച്ചേലയുടുത്തവള്‍, രാവിന്റെ നക്ഷത്രശോഭ പോലെ തിളങ്ങും മീന്‍കണ്ണി. താമരക്കാടു പൂത്ത ചേലകള്‍. പച്ചത്തത്തയുടെ കുഞ്ഞു ചിറകുകള്‍ ആകാശത്തേക്ക് പറക്കുന്ന ചേലമിനുപ്പുകള്‍. മുളകിന്റെ ചോപ്പ്, മാങ്ങയുടെ മഞ്ഞ, മണ്ണിന്റെ, കടലിന്റെ, ആകാശത്തിന്റെ നിറങ്ങള്‍…

കാര്‍ത്തിക എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook