scorecardresearch

Latest News

കച്ചിലെ മന്ത്രവാദികള്‍

അകമേ ജാലവിദ്യകള്‍ ഒളിപ്പിച്ചുവെച്ച ഒരു മാന്ത്രികനാണ് കച്ച്. പകലിനും രാവിനും ഇടയിലെ ചുവപ്പ്, നീല നിറപ്പകര്‍ച്ചകള്‍. പടിഞ്ഞാറില്‍ ചായുന്ന ദിനം. കിഴക്കന്‍ ആകാശത്ത് പരക്കുന്ന ഇരുട്ട്. ഈ നിറക്കൂട്ടിനുകീഴെ വെളുപ്പിനെക്കാളും വെളുപ്പായി ഒരു ഉപ്പുമരുഭൂമി

kutch, kutch hand embroidery, kutch handloom, kutch city, kutch festival, kutch destinations, kutch desert, kutch hand embroidery sarees, kutch handloom shawl, kutch handicrafts online, kutch handbags, kutch handicraft gandhidham, kutch handicraft items

മഞ്ഞ നിറമുള്ള പഞ്ചസാര ഒലിക്കുന്ന ഒരു ജിലേബി. വലിയൊരു മുളക് ബജി, ഒരു ചെറുപാത്രം നിറയെ പോഹ (അവലും പച്ചക്കറികളും ഉരുളക്കിഴങ്ങും ചേര്‍ന്ന ഉപ്പുമാവ്), പാവ് ബാജിയുടെ അടുത്ത ബന്ധുവായ ദബേലി വേറൊരു പ്ലേറ്റില്‍. ഒരു ചെറിയ ബൗളില്‍ പുളിയും വെളുത്തുള്ളിയും മുളകും ചേര്‍ന്ന നല്ല ചെമ്മപ്പന്‍ ചട്നി. മറ്റൊരു കിണ്ണത്തില്‍ പുതിന ചട്നി. തീര്‍ന്നില്ല, റവയും കടലമാവും ചേര്‍ന്ന് ഓംലെറ്റിനേയോ ഗോതമ്പ് ദോശയേയോ ഓര്‍മ്മിപ്പിക്കുന്ന ഒരു പലഹാരം, ഭംഗിയുള്ള മണ്ണു കൊണ്ടുള്ള കപ്പ് നിറയെ കേസര്‍ മില്‍ക്ക്.

”ഭയക്കണ്ട മാഡം, ഇതാണ് നമ്മുടെ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ്,” അത്രയും വിഭവങ്ങള്‍ ഒന്നിച്ചുകണ്ട അമ്പരപ്പില്‍ എന്റെ കണ്ണുകള്‍ മിഴിച്ചു വരവെ, അശ്വിന്‍ ഷാ ചെറുചിരിയോടെ പറഞ്ഞു.

”പ്രാതലോ? ഇതു മുഴുവനുമോ?”-എന്റെ അമ്പരപ്പ് മാറിയില്ല.

”വേണ്ടത് കഴിച്ചാല്‍ മതി, മാഡം. പക്ഷേ, ഇത് മുഴുവന്‍ കഴിക്കുന്നതാണ് ഇവിടത്തെ രീതി. ഹെല്‍ത്തി ആണ്. ഞങ്ങള്‍ ഗുജറാത്തികള്‍ എത്ര നല്ല പാചകക്കാരാണെന്ന് നിങ്ങള്‍ക്ക് അപ്പോള്‍ മനസ്സിലാകും.”

അശ്വിന്‍ എന്റെ ഗൈഡ് കം ടൂര്‍ ഓപ്പറേറ്ററാണ്. വായാടി. പല ഭാഷകള്‍ സംസാരിക്കും. പക്ഷേ, എല്ലാത്തിനും ഗുജറാത്തി ചുവയാണ്.

പ്രാതലിന് ഇത്രയും ഭക്ഷണം കഴിച്ചാല്‍ പിന്നെ രണ്ടു ദിവസം മറ്റൊന്നും കഴിക്കേണ്ടി വരില്ല എന്നു പറയണം എന്നുണ്ടായിരുന്നു. എങ്കിലും, മനസ്സിലുള്ളത് അയാളോട് പറയാതെ, കഴിച്ചു തുടങ്ങി.

നവരസങ്ങളുടെ ദേശം

ഞാനിപ്പോള്‍ ഭുജിലാണ്. 2001-ലെ റിപ്പബ്ലിക് ദിനത്തിലുണ്ടായ ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഗുജറാത്തി നഗരത്തില്‍. ഇന്ത്യയുടെ പശ്ചിമ അതിര്‍ത്തിക്കടുത്ത ഏറ്റവും വലിയ പട്ടണമാണിത്. കൊട്ടാരങ്ങളും പ്രാചീന സ്മാരകങ്ങളും ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റും ഒക്കെയായി ടിപ്പിക്കല്‍ ഉത്തരേന്ത്യന്‍ പട്ടണം. ടൂറിസ്റ്റുകളെ വരവേറ്റ് നല്ല ശീലമുള്ള നഗരമാണ് ഭുജ്. ഭൂകമ്പം തകര്‍ത്തെറിഞ്ഞ പ്രദേശം ഉയര്‍ത്തെഴുന്നേറ്റത് എങ്ങനെയെന്ന് പഠിക്കാന്‍ വരുന്നവര്‍, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങി റാന്‍ ഓഫ് കച്ചിലേക്കുള്ള സഞ്ചാരികള്‍ വരെ ഇവിടെയെത്തുന്നു. ഇതിലൊന്നും പെടാതെ, ഒരു ലക്ഷ്യവുമില്ലാതെ വെറുതെ ചുറ്റിക്കറങ്ങുന്ന എന്നെപ്പോലുള്ളവര്‍ക്കും ഉഷ്ണക്കാറ്റുകളുടെയും ശീതക്കാറ്റുകളുടെ ഇടയില്‍ പാവത്തെപ്പോലെ നില്‍ക്കുന്ന ഈ മരുപ്രദേശം കാഴ്ചയുടെ, മണത്തിന്റെ, രുചിയുടെ, ഇഴയുടെ, ഈണത്തിന്റെ വിചിത്രവും അത്ഭുതകരവുമായ ലോകം തുറക്കുന്നു.

മുളക് ബജി കടിച്ച് ‘ശ് ‘ എന്ന് എരിയാം, ജിലേബിയുടെ ഒരറ്റം നുണഞ്ഞ് ‘ആഹാ’ എന്ന് പഞ്ചസാരക്കടലാഴാം, പോഹ നുണഞ്ഞ് ഉപ്പും എരിവും വായിലൂടെ യാത്ര ചെയ്യുന്നതറിയാം.

ഒരേ രുചിയുടെ ഏകതാനതയല്ല, വ്യത്യസ്ത രുചികളുടെ സമ്മേളനമാണ് ഗുജറാത്ത്. നവരസങ്ങള്‍ മേളിക്കുമിടം. രാഷ്ട്രീയവും മതവര്‍ഗീയതയും വിതയ്ക്കുന്ന ബീഭല്‍സ ഭാവം ഇടയ്ക്ക് തല ഉയര്‍ത്തുന്നതൊഴിച്ചാല്‍ ഇന്ത്യയുടെ ആത്മാവിലിടം നേടിയ അസാധാരണ ദേശമാണിത്.

kutch, kutch hand embroidery, kutch handloom, kutch city, kutch festival, kutch destinations, kutch desert, kutch hand embroidery sarees, kutch handloom shawl, kutch handicrafts online, kutch handbags, kutch handicraft gandhidham, kutch handicraft items
റാന്‍ ഒഫ് കച്ച് | ചിത്രം:  ഗുജറാത്ത്‌ ടൂറിസം

ഭൂമി വരച്ച തലവര

രേഖപ്പെടുത്തിയതും അല്ലാത്തതുമായ വന്‍ ഭൂചലനങ്ങള്‍ക്കിടെ കടലില്‍ നിന്ന് പൊങ്ങിവന്ന പ്രദേശമാണ് റാന്‍ ഒഫ് കച്ച് എന്നാണ് ഭൗമശാസ്ത്രം പറയുന്നത്. നീണ്ട കാലം കടലിനടിയിലെ ഉപ്പു ശേഖരവുമായി, അപൂര്‍വമായ രൂപവും പ്രകൃതിയുമായി അതിങ്ങനെ കടലിനും ഥാര്‍ മരുഭൂമിക്കുമിടയില്‍ നീന്തി, നിവര്‍ന്നു കിടന്നു. എല്ലാ മണ്‍സൂണിലും വന്‍തിരകള്‍ കച്ചിലേക്ക് അടിച്ചു കയറി, ഏതോ പുഴകള്‍ കരകവിഞ്ഞു. മണ്‍സൂണില്‍ രൂപം കൊള്ളുന്ന കടല്‍വെള്ളം നിറയുന്ന തടാകങ്ങള്‍ പിന്നീട് വരണ്ടുണങ്ങും, ഉപ്പുപാടങ്ങള്‍ രൂപമെടുക്കും. പതിനായിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഈ പ്രക്രിയ രൂപം നല്‍കിയ വിചിത്രവും സുന്ദരവുമായ ഭൂപ്രകൃതിയാണ് സത്യത്തില്‍ കച്ച്.

അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തുന്ന കാലത്ത് കച്ച് മേഖലയുടെ ഭൂരിഭാഗവും കടലിനടിയിലായിരുന്നുവെന്ന് ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. 893 എഡി-യിലും 1668 എഡി-യിലും ഈ പ്രദേശത്ത് വലിയ ഭൂചലനങ്ങളുണ്ടായി. 1226 -ല്‍ സിന്ധു നദിയിലെ വന്‍ വെള്ളപ്പൊക്കം കച്ചിന്റെ ഭൂമിശാസ്ത്രത്തെ വീണ്ടും മാറ്റി. കച്ചിന്റെ ചരിത്രത്തിലെ പ്രധാനമായൊരു ഭൂമികുലുക്കം 1819 -ല്‍ ഉണ്ടായി. 8.2 വരെ റിക്ടര്‍ സ്കകെയിലില്‍ രേഖപ്പെടുത്തിയ കടുത്ത ഭൂചലനം. സുനാമിയിലും ഭൂമികുലുക്കത്തിലും നൂറുകണക്കിനു പേര്‍ മരിച്ചു. ഈ ഭൂചലനം കച്ചിന്റെ ഭൂഘടനയെ അപ്പാടെ മാറ്റി. ഏകദേശം 80 കിലോ മീറ്റര്‍ നീളമുള്ള പത്തു മുതല്‍ പതിനാറ് കിലോമീറ്റര്‍ വീതയും ആറ് മീറ്ററോളം ഉയരവുമുള്ള ഒരു പ്രദേശം ഉയര്‍ന്നു വന്നു, ഇത് ‘അല്ലാഹ് ബണ്ട്’ എന്നാണ് അറിയപ്പെടുന്നത്. ദൈവം സൃഷ്ടിച്ച ബണ്ട്! സിന്ധുവിന്റെ കൈവഴിയായ നാര എന്ന നദി ബണ്ടില്‍ തടഞ്ഞു നിന്നു. അത് പ്രകൃതി സൃഷ്ടിച്ച ഡാമായി മാറി. ആയിരം ചതുരശ്ര കിലോമീറ്ററോളം നീണ്ടു കിടക്കുന്ന സിന്‍ദ്രി തടാകവും ഇതിന്റെ ഭാഗമാണ്. 1821 -ല്‍ നദി ബണ്ട് മുറിച്ച്, ബണ്ടും തടാകത്തിലേക്ക് ഒഴുകിയെത്തി.

ഒന്നോര്‍ത്തു നോക്കൂ, എന്തൊരു കഥയാണീ പ്രദേശത്തിന്റേത്! പ്രകൃതിയും ആക്രമണകാരികളും വിശ്വാസങ്ങളും പിന്നെ മറ്റെന്തൊക്കെയോ ഒക്കെ ചേര്‍ത്തു നെയ്ത വിചിത്രലോകം. സിന്ധുവിന്റെ സമതലം എന്നുമിങ്ങനെയാണ്. തീര്‍ത്തും പ്രവചനാതീതം, വിചിത്രം, ആദിമം. ഒരൊറ്റ ഭൂമി കുലുക്കം മതി എല്ലാം മാറ്റാന്‍ എന്നതിന്റെ നേര്‍സാക്ഷ്യം, അതിന്റെ ഏറ്റവും ഒടുവിലെ എപ്പിസോഡാണല്ലോ 2001 -ല്‍ കണ്ടത്.

നെയ്ത്തുമാന്ത്രികര്‍

എന്നാലും, ഏത് തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും, കച്ച്. ഓരോ ഭൂമികുലുക്കവും കാലിനടിയിലെ ഭൂമിയെ പിളര്‍ത്തിക്കൊണ്ടു പോയിക്കഴിയുമ്പോള്‍, തലക്കുമീതെയുള്ള കൂര നഷ്ടപ്പെടുത്തുമ്പോള്‍, പകച്ചു നില്‍ക്കുന്നവരല്ല ഈ പ്രദേശത്തുകാര്‍. ഏത് മണ്‍കൂനയില്‍ നിന്നും കല്‍ക്കൂമ്പാരത്തില്‍ നിന്നും തലപൊക്കാനാവുന്നവരാണ്. ജീവിതത്തിന്റെ കട്ടകള്‍ വീണ്ടും അടുക്കിച്ചേര്‍ക്കാന്‍ അവരെയാരും പഠിപ്പിക്കേണ്ട. തകര്‍ന്ന തറികളിലെ ഊടും പാവും വീണ്ടും അവര്‍ ഇഴചേര്‍ക്കും. കച്ചിലെ ഭൂമിയുടെ കഥ തന്നെയാണ് അവിടത്തെ നെയ്ത്തിന്റെ കഥയും.

രേഖപ്പെടുത്തിയ ചരിത്ര പ്രകാരം അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട് ഇവിടത്തെ നെയ്ത്തിന്. അതിലും എത്രയോ ആദിമമാകാം സിന്ധുവിനും കൈവഴികള്‍ക്കുമിടയിലെ സംസ്‌കൃതി. ഇതുമായി ബന്ധപ്പെട്ട് രസകരമായൊരു നാടോടിക്കഥയുണ്ട്. പണവും സ്വാധീനവുമുള്ള റാബരി കുടുംബത്തില്‍ നിന്നൊരു പെണ്‍കുട്ടിയെ കച്ചിലെ കുടുംബത്തിലേക്ക് വിവാഹം ചെയ്തയച്ചു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാം മകള്‍ക്ക് കൊടുത്തയച്ചതിനൊപ്പം, ഒരു നെയ്ത്തുകാരനെയും കൂടി റാബരി കുടുംബം കച്ചിലേക്കയച്ചു. മകളുടെ വസ്ത്രം നെയ്യാന്‍ ആളെ അയച്ച ആ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു, കച്ചിലെ നെയ്ത്തു മാഹാത്മ്യം.

ഗുരു രാംദേവ് കച്ചിലെത്തിയതാണ് രണ്ടാമത്തെ കഥ. കച്ചിലെ നാരായണ്‍ തടാകത്തിന് സമീപം അദ്ദേഹം താമസമുറപ്പിച്ചു. രാജസ്ഥാനിലെ മാര്‍വാറില്‍ നിന്ന് അദ്ദേഹം ഒപ്പം കൂട്ടിയവരാണ് ഇന്നത്തെ കച്ച് നെയ്ത്തുകാരുടെ മുന്‍തലമുറക്കാരെന്നാണ് ചരിത്രം പറയുന്നത്. ഏതായാലും ഥാര്‍ മരുഭൂമിയിലെ നെയ്ത്തുമായി അഭേദ്യബന്ധമുണ്ട് കച്ചിലെ നെയ്ത്തുപാരമ്പര്യത്തിന്. മെഗാവാള്‍ എന്നറിയപ്പെടുന്ന ഇവരും ഉപവിഭാഗങ്ങളും കാലക്രമേണ നെയ്ത്തും തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മാണവും കച്ചിന്റെ കൈത്തൊഴിലുകളാക്കി മാറ്റുകയായിരുന്നു.

ഇവര്‍ കമ്പിളിയും പരുത്തിയും പട്ടും നെയ്തു. ആടുമാടുകളെ മേച്ചു നടക്കുന്ന റാബരികളം ജാട്ടുകളും വേണ്ടത്ര കമ്പിളി നല്‍കി, കച്ചിലും അനുബന്ധപ്രദേശത്തുമുള്ള പട്ടേല്‍മാരും ആഹിര്‍മാരുമായ കൃഷിക്കാര്‍ നല്‍കിയ കാലാ പരുത്തിയും നെയ്ത്തുകാര്‍ക്ക് ലഭിച്ചു. പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചൈനയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ടസര്‍ സില്‍ക്ക് നൂലുകളും എത്തി. ഇവയെല്ലാം കച്ചിലെ തറികളില്‍ ഇഴചേര്‍ന്നു.

ഷോളുകള്‍ക്കും സാരിയ്ക്കും ഉടുപ്പുകള്‍ക്കും ജാക്കറ്റുകള്‍ക്കും തലപ്പാവുകള്‍ക്കും ഉപയോഗിക്കാവുന്ന മനോഹരമായ തുണികളാണ് കച്ചില്‍ നെയ്തെടുക്കുന്നത്. ഭംഗിയുള്ള ഫര്‍ണിഷിങ് തുണിത്തരങ്ങളും ഇപ്പോള്‍ അവര്‍ നെയ്തെടുക്കുന്നു. പ്രകൃതിദത്ത നിറങ്ങള്‍ ചേര്‍ത്തും, കൈത്തുന്നലിലൂടെ രൂപങ്ങള്‍ തുന്നി ഭംഗി കൂട്ടിയും കണ്ണാടിച്ചില്ലും ശംഖും മുത്തുകളും തുന്നിപിടിപ്പിച്ചും അവരതിന് മോടികൂട്ടി.

മരുപ്രദേശത്തെ സാന്ധ്യാകാശത്തിന്റെ വര്‍ണ വിസ്മയവും ഉപ്പുപാടങ്ങളുടെ വെണ്‍മയും അറബിക്കടലിന്റെ പച്ച കലര്‍ന്ന നീലിമയും കച്ചിലെത്തുന്ന അനേകായിരം ദേശാടന കിളികളുടെ തിളങ്ങുന്ന നിറങ്ങളും അനന്തമായ മരുഭൂമിക്കു മുകളിലെ ആകാശത്തു തെളിയുന്ന നക്ഷത്രചില്ലുകളും ഊടും പാവുമാക്കിയ മന്ത്രവാദികളാണ് കച്ചിലെ നെയ്ത്തുകാര്‍. ആ തുണികള്‍ക്ക് മാന്ത്രികമായ ചാരുത വരുന്നത് അങ്ങനെ തന്നെയാണ്. അവിടെ തീരുന്നില്ല, മാജിക്. ഈ വസ്ത്രങ്ങള്‍ അണിയുന്നവരും മുത്തശ്ശിക്കഥകളില്‍ പറയുന്നതു പോലെ, കച്ചെന്ന അപൂര്‍വ വിസ്മയത്തിലകപ്പെടും. ഈ പരുത്തിയില്‍ ഒന്നു തൊട്ടാല്‍ മതി, ഈ കമ്പിളി നെഞ്ചോട് ചേര്‍ത്താല്‍ മതി, ഈ പട്ടില്‍ മുഖമമര്‍ത്തിയാല്‍ മതി ഉപ്പുപാടങ്ങളില്‍ നിലാവലിയുന്ന നേരങ്ങള്‍ മനസ്സില്‍ തെളിയും.

kutch, kutch hand embroidery, kutch handloom, kutch city, kutch festival, kutch destinations, kutch desert, kutch hand embroidery sarees, kutch handloom shawl, kutch handicrafts online, kutch handbags, kutch handicraft gandhidham, kutch handicraft items
സൂഫ് എംബ്രോയിഡറി | ചിത്രം: ഗുജറാത്ത്‌ ടൂറിസം

കാര്‍ത്തിക എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം

കൈത്തുന്നലുകളില്‍ സൂര്യന്‍

കമ്പിളി, ബ്ലോക്ക് പ്രിന്റ് , കൈത്തുന്നല്‍. ഇവയിലാണ് കച്ചിന്റെ ജീവിതം തുടിക്കുന്നത്. ഇതില്‍ കമ്പിളിക്ക് പ്രത്യേകതകളേറെ. കച്ചിലെമ്പാടും ഇടയന്‍മാര്‍ നല്‍കുന്ന കമ്പളിയെ നൂലാക്കി നൂറ്റെടുക്കുന്നത് തന്നെ വലിയൊരു പ്രക്രിയയാണ്. ഇതുപയോഗിച്ച് നെയ്യുന്ന ഷോളുകള്‍ അതിമനോഹരവും ഭാരം കുറഞ്ഞവയുമാണ്. ജ്യാമിതീയ രൂപങ്ങള്‍, ഇടക്ക് ചെറുകണ്ണാടിച്ചില്ലുകള്‍ ചിലപ്പോഴൊരു കസവിഴ. എന്തൊരു ഭംഗിയാണെന്നോ കച്ച് പുതപ്പുകള്‍ക്ക്!

വടക്കന്‍ സമുദ്രത്തില്‍ നിന്ന് യൂറോപ്യന്‍ സമതലങ്ങളിലേക്ക് ആഞ്ഞു വീശുന്ന മഞ്ഞു കാറ്റില്‍ ഈ ചൂടന്‍പുതപ്പ് പിടിച്ചു നിന്നിട്ടുണ്ട്. ഉറക്കമില്ലാത്ത കൊടും ശൈത്യത്തിന്റെ രാത്രികളില്‍, ജന്‍മദേശത്തെ സൂര്യന്റെ ചെറുചൂട് ഉള്ളില്‍നിറയ്ക്കും പുതപ്പ്. കച്ചിലെ മനോഹരമായ കൈത്തുന്നലുകളുള്ള ഓവര്‍ക്കോട്ടാകട്ടെ ശരത്കാലത്തെ വകഞ്ഞു മാറ്റും. കൊഴിയുന്ന ഇലകളുടെ, ചുവപ്പും ഇളം മഞ്ഞയും ഓറഞ്ചും ബ്രൗണും നിറങ്ങളിലുള്ള കൈവേലകള്‍, തുന്നലുകള്‍. ശരത്ക്കാലത്ത് വിരുന്നു വന്ന ഏതോ കിളിയെപ്പോലെ ‘കാമൊഫ്‌ളാഷ്’ ചെയ്ത് മരങ്ങള്‍ക്കിടയിലൂടെ പാറി നടക്കാം.

എല്ലാത്തരം തുണിത്തരങ്ങളിലും ബാന്ദിനി പരീക്ഷിക്കും ഗുജറാത്തുകാര്‍. കച്ചിലും ഇതു തന്നെയാണ് രീതി. കമ്പിളി പുതപ്പുകളില്‍, സില്‍ക്ക് സാരിയില്‍, പരുത്തി ദുപ്പട്ടകളില്‍, തലപ്പാവുകളില്‍. തുണികളില്‍ വിവിധ രൂപങ്ങളില്‍, വലുപ്പത്തില്‍ കെട്ടുകള്‍ തീര്‍ത്ത് വര്‍ണങ്ങളില്‍ മുക്കി സൃഷ്ടിക്കുന്ന ബാന്ദിനി തെക്കേ ഇന്ത്യയില്‍ ചുങ്കിടിയെന്നറിയപ്പെടുന്നു.

ബ്ലോക്ക് പ്രിന്റില്‍ രാജസ്ഥാനൊപ്പം ഗുജറാത്തിനും-പ്രത്യേകിച്ച് കച്ചിന് -ഒരു പാരമ്പര്യമുണ്ട്, അതിമനോഹരമായ രൂപങ്ങള്‍ തടിയിലും ലോഹങ്ങളിലും കൊത്തിയുണ്ടാക്കി, വര്‍ണങ്ങളില്‍ മുക്കി തുണിയില്‍ പ്രിന്റ് ചെയ്ത് സൃഷ്ടിക്കുന്നതാണ് ഈ ബ്ലോക്ക് പ്രിന്റ്. കച്ചിലെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും പല തരം ശൈലികള്‍ കാണാം.

എത്ര സമയവും അധ്വാനവുമാണെന്നോ ഇതിന് പിന്നില്‍! പരുത്തി നൂല് പശ മുക്കി ഉണക്കുന്നതില്‍ തുടങ്ങി നിറക്കൂട്ടുകളിലും രൂപങ്ങളിലും കൂടി പുനസൃഷ്ടിക്കുന്നതില്‍ വരെ ഈ കലാകാരന്‍മാര്‍ കാട്ടുന്ന സൂക്ഷ്മത പറഞ്ഞറിയിക്കാനാവില്ല. പൂര്‍ണ്ണമായും മനസ്സു സമര്‍പ്പിച്ചുള്ള സൃഷ്ടി- ഇതിനെ കലയെന്നല്ലാതെ എന്തു പേരു വിളിക്കും?

അജ്രാഖ്പൂരെന്ന ചെറു നഗരം കാണേണ്ടതാണ്. നൂറ്റാണ്ടുകളായി ബ്ലോക്ക് പ്രിന്റിങില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരുടെ പിന്‍മുറക്കാരാണ് ഇവിടുത്തെ കലാകാരന്‍മാര്‍. ഭുജിന് വളരെ അടുത്തുള്ള ഈ ചെറുപട്ടണം കാണാതെ കച്ചിന്റെ തുണി മാഹാത്മ്യം മനസ്സിലാക്കാനാകില്ല.

സമീപത്തെ ഓരോ ഗ്രാമത്തിനും ഓരോ വിഭാഗത്തിനും ഓരോ വീടിനും അവരവരുടേതായ കൈത്തുന്നല്‍രീതികള്‍. കടും നിറങ്ങളില്‍ മുതല്‍ പേസ്റ്റല്‍ നിറങ്ങളില്‍ വരെ തുന്നിയെടുക്കുന്ന ജ്യാമിതീയ രൂപങ്ങളും പക്ഷി-മൃഗാദികളും ഇടയ്ക്കെല്ലാം സൂര്യവെളിച്ചം പോലെ കണ്ണാടിച്ചില്ലുകളും. കച്ചിനെ അടുത്തറിയാവുന്നവര്‍ക്ക് ഇവയോരോന്നും കണ്ടാല്‍ ഏത് ഗ്രാമത്തില്‍ തുന്നിയതാണെന്ന് പറയാനാവുമത്രേ! ഒരുപക്ഷെ, കാശ്മീരിന് മാത്രമേ ഇത്രയും ഭംഗിയും വൈവിധ്യവുമുള്ള കൈത്തുന്നലുണ്ടാകാനിടയുള്ളൂ.

വെളുത്ത ഉപ്പുപാടങ്ങള്‍, മഞ്ഞ ചാലിച്ച മണല്‍പരപ്പുകള്‍. ഇവയ്ക്കിടയില്‍ കറുപ്പിലും ചുവപ്പിലും പല വര്‍ണ്ണങ്ങള്‍ തുന്നിച്ചേര്‍ത്ത, കണ്ണാടിച്ചില്ലുകള്‍ തിളങ്ങുന്ന കച്ച് വേഷങ്ങള്‍. പ്രകൃതിയുടെ ഒറ്റനിറങ്ങളെ മനുഷ്യന്‍ വര്‍ണ വിസ്മയത്തിലൂടെ മറികടക്കുന്നത് ഇങ്ങനെയാവാം.

ഇന്നിലേക്ക് തുറന്നിട്ട കണ്ണുകള്‍

കച്ചിലെ മനോഹരമായ തുണിത്തരങ്ങളില്‍ ഏറ്റവും പ്രിയം തോന്നിയിട്ടുള്ളത് ബ്ലോക്ക്‌ പ്രിന്റ് ചെയ്തവയോടും സാരികളോടുമാണ്. പിന്നെ കൈവേലയുടെ അപൂര്‍വ്വത നിറയുന്ന ബാഗുകള്‍ മുതല്‍ ബ്ലൗസുകള്‍ വരെയുള്ളവയോടും. കച്ചില്‍ നെയ്തെടുത്ത ഇളം പിങ്കില്‍ മെറൂണും കറുപ്പും മോട്ടിഫുകള്‍ പ്രിന്റ് ചെയ്ത നനുത്ത കോട്ടന്‍ ഉത്തരേന്ത്യയിലെ ചൂടില്‍ ആശ്വാസത്തിന്റെ ആവരണമായി. യമുനയില്‍ ജീവിതം കുറേ ബന്ദിപ്പൂക്കള്‍ പോലെ ഒഴുകി അകന്നപ്പോഴും ഇതേ സാരിയുടെ തുമ്പ് തലയിലിട്ട് സങ്കടമോചന ക്ഷേത്രത്തിലെ ആരതി തൊഴുതു. ആരതി കഴിഞ്ഞു, സങ്കടം ബാക്കിയായി. സാരിയുടെ ആശ്വാസം ഇന്നും തുടരുന്നു.

ലോകത്ത് എവിടെയായാലും ഏറ്റവും കംഫര്‍ട്ടബിളായ വേഷം കോട്ടന്‍ സല്‍വാര്‍ കമ്മീസുകള്‍ തന്നെ. അറ്റ്ലാന്റയിലായാലും കൊളോണിലായാലും ചെന്നൈയിലായാലും അത് ഒരേപോലെ. എലഗന്റ്, മാനേജബിള്‍, നോ നോണ്‍സന്‍സ്. മണ്ണ്, ചെടികള്‍, ആകാശം, കടല്‍, ഉപ്പ് പാടങ്ങള്‍, മണല്‍കാടുകള്‍-ഇവയുടെ നിറങ്ങളും കോണ്‍ട്രാസ്റ്റ് നിറങ്ങളുമാണ് കച്ചിലെ തുണിത്തരങ്ങളില്‍. പച്ച, ബ്രൗണ്‍, നീല, കറുപ്പ്, മുളകിന്റെ ചുവപ്പ്, ഉപ്പിന്റെ വെളുപ്പ്.

കച്ചിലെ കൈത്തുന്നല്‍ മോടി പിടിപ്പിച്ച ബ്ളൗസിനൊപ്പം കാഞ്ചീ കോട്ടന്‍ സാരിയും കൂടി ആയാല്‍ പാര്‍ട്ടി വേളകള്‍ മറ്റൊന്നാവും. തീരാത്ത വീട്ടു ജോലികളില്‍ പിണയുമ്പോഴും കച്ചിന്റെ കരവിരുത് ശോഭയോടെ ഒപ്പം നില്‍ക്കും. ആടിനെയും മാടിനെയും മേയ്ച്ച് നടക്കുന്നതിനിടെയും വെള്ളം തേടി നീണ്ട വഴിതാണ്ടുന്നതിനിടെയും തൊട്ടിലിന്റെ ചരട് കാലില്‍ ചേര്‍ത്ത് ആട്ടിയിരിക്കുമ്പോഴും കച്ചിലെ സ്ത്രീകള്‍ കൈത്തുന്നി സൃഷ്ടിക്കുന്ന ചാരുതയ്ക്ക് ഒപ്പമെത്താന്‍ അധികമൊന്നും ഈ ലോകത്തില്ല. അത്രക്ക് മനോഹരം, വന്യം, മാന്ത്രികം.

എപ്പോള്‍ വേണമെങ്കിലും കുലുങ്ങി മറിയാവുന്ന ഭൂമി. സദാ മുന്നിലെത്തിയേക്കാവുന്ന മഴയും കാറ്റും വെള്ളപ്പൊക്കവും കൊടും ചൂടും വരള്‍ച്ചയും. അറബിക്കടലിനും സിന്ധുനദിക്കും ഥാര്‍ മരുഭൂമിയുടെ അരികുദേശങ്ങള്‍ക്കും ഇടയില്‍ കച്ചിന്റെ ജീവിതം പ്രകൃതിയുടെ താണ്ഡവങ്ങള്‍ക്കൊപ്പമാണ്. പ്രകൃതിയോടിണങ്ങിയും പിണങ്ങിയും മരുപ്പച്ചകളില്‍ നിന്ന് മരുപ്പച്ചകളിലേക്ക് അലഞ്ഞുള്ള ജീവിതം. നാടോടികള്‍ക്കു മാത്രമറിയാവുന്ന അതിര്‍ത്തികളുടെ മന:ശാസ്ത്രം. ഇന്നിനെ മാത്രമേ അന്നേരം കാണാനാവൂ. നാളെ എന്നത് ജീവിതം അപ്പാടെ കീഴ്മേല്‍മറിയാവുന്ന സാദ്ധ്യതയാണ്. ഇന്നിനെ നോക്കി ജീവിക്കുക, ചെയ്യുന്നതെല്ലാം മനോഹരമാക്കുക, ആകാശത്തേക്കു നോക്കി പ്രാര്‍ത്ഥന പോലെ തൊഴുതു നില്‍ക്കുക. കൈയിലെത്തുന്നതിനെല്ലാം സൗന്ദര്യത്തിന്റെ ഒരധികമാനം നല്‍കുന്ന കച്ചിലെ മനുഷ്യര്‍ ജീവിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ഓരോ ഭൂമികുലുക്കവും ഈ പ്രദേശത്തെ തകര്‍ത്തെറിയും. 2001 ല്‍ ഇതു കണ്ട് ലോകം പകച്ചതാണ്. പിന്നീട് ജീവിതം വീണ്ടും നാമ്പുനീട്ടി. ഇടക്കു വീശിയടിച്ച കൊടുങ്കാറ്റുകള്‍, അപ്രതീക്ഷിത പ്രളയം, കാലാവസ്ഥാ മാറ്റം ഇവയെല്ലാം കച്ചിനെ വല്ലാതെ വലച്ചു. ഇതിനൊടുവില്‍ കോവിഡ് തീര്‍ത്ത മരവിപ്പും. കച്ചിലെ നെയ്ത്തുകാരും കരകൗശല വിദഗ്ധരും കടന്നു പോകുന്നത് ഏറ്റവും ദുര്‍ഘടമായ കാലത്തിലൂടെയാണ്. കോടികളുടെ നഷ്ടവും പേറിക്കൊണ്ടാണെങ്കിലും ഓണ്‍ലൈന്‍ വിപണി സജീവമാക്കി അതിജീവിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇടനിലക്കാര്‍ തന്നെയാണ് മറ്റെവിടെയും പോലെ, കച്ചിലെ നെയ്ത്തുകാരെയും കെട്ടിവരിയുന്ന ശക്തി. നൂറാള്‍പൊക്കത്തില്‍ പ്രതിമ പണിയുന്നതിന് പകരം സര്‍ക്കാരുകള്‍ ഇവരെ കൈപിടിച്ചുയര്‍ത്തിയിരുന്നെങ്കില്‍, കച്ചിന്റെ-ഗുജറാത്തിന്റെയും-ജീവിതമാകെ മാറിപ്പോയേനെ.

kutch, kutch hand embroidery, kutch handloom, kutch city, kutch festival, kutch destinations, kutch desert, kutch hand embroidery sarees, kutch handloom shawl, kutch handicrafts online, kutch handbags, kutch handicraft gandhidham, kutch handicraft items
ഗുജറാത്തി വേഷമണിഞ്ഞ ദീപിക പദുകോണ്‍ | ചിത്രം: രാംലീല

Read in IE: Goliyon Ki Rasleela Ram-leela Desinger on Deepika’s look

പൂവിതള്‍ പോലൊരു സാരി

ശൈത്യകാല വേഷങ്ങളിലേക്ക് മാറിയാല്‍ പിന്നെ സാരിയ്ക്കിടമില്ല. അവയിങ്ങനെ ആറു മാസം അലമാരിയുടെ, പെട്ടികളുടെ തണുത്ത ഇരുട്ടില്‍ വിശ്രമിക്കും. അതിനുള്ളില്‍ നിന്നാണ് മഞ്ഞയും മണ്ണിന്റെ നിറവും ഇടകലര്‍ന്ന ഈ ബാന്ദിനി സാരി പൊങ്ങി വന്നത്. ഭാരരഹിതമായ പട്ട്. തൊടുമ്പോഴും കാണുമ്പോഴും പൂവിതള്‍ പോലെ. ഇതിനൊപ്പം, ചെറിയ കണ്ണാടി ചില്ലുകള്‍ തുന്നിച്ചേര്‍ന്ന മണ്ണിന്റെ നിറമുള്ള ബ്ലൗസ്.

കച്ചിലേക്ക് ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഉള്‍വിളി പോലെ ഇവരെയും കൂട്ടി. കച്ചിലെവിടെയോ പിറവിയെടുത്ത ഈ സാരിയും ബ്ലൗസുമില്ലാതെ എങ്ങിനെ അവിടെക്കു പോകും?

ജീവിതത്തിലാദ്യമായി ഒരു കച്ച് കൈത്തുന്നല്‍ കാണുന്നത് മനോഹരമായ ഒരു പാവാടത്തുണിയിലാണ്. കറുത്ത കട്ടിയുള്ള കോട്ടന്‍തുണിയില്‍ പച്ച, പിങ്ക് നൂലുകള്‍കൊണ്ടു മെനഞ്ഞ വിചിത്രവും അടുക്കുള്ളതുമായ ജ്യാമിതീയ രൂപങ്ങള്‍. അവയ്ക്കിടയില്‍ നമുക്കു ചുറ്റുമുളള പ്രകൃതി പ്രതിഫലിക്കുന്ന കണ്ണാടിച്ചില്ലുകളും തുന്നിച്ചേര്‍ത്തിരിക്കുന്നു. അത്രയ്ക്കിഷ്മായിരുന്നു ആ പാവാടയും ബ്ലൗസും. എത്രകാലം അതണിഞ്ഞു നടന്നെന്നോ!

ഞാന്‍ വലുതാവുകയും ഉടുപ്പ് ചെറുതാവുകയും ചെയ്തപ്പോള്‍ പൊന്നു പോലെ അത് അലമാരിയില്‍ പൊതിഞ്ഞു വെച്ചു. മുടിയില്‍ വെളുപ്പ് ഇഴപാകിയിട്ടും നെറ്റിയിലെ ചുവന്ന പൊട്ട് മാഞ്ഞിട്ടും ഇന്നും അതിരിപ്പുണ്ട്, തടിയലമാരിയില്‍ കര്‍പ്പൂരത്തിന്റെ മണവുമായി. കച്ചിലേക്കുള്ള ദൂരം താണ്ടാനുള്ള ആദ്യപ്രചോദനം ആ പാവാടയോര്‍മ്മയായിരുന്നു.

പിന്നീട് കോളജു കാലത്തും കച്ചിന്റെ നിറവുള്ള ഒരു സ്നേഹസമ്മാനം തേടിയെത്തി. എന്നും മികച്ചതു തിരഞ്ഞെടുക്കുന്ന അമ്മായി തന്ന കറുപ്പ് നിറമുള്ള സാരി. ചുവപ്പ് നൂലില്‍ തുന്നിയ ഇലകള്‍ക്കിടയില്‍ ഇതള്‍പോലെ കണ്ണാടിച്ചില്ലുകള്‍ മേഞ്ഞ ബ്ലൗസ്. പല തരത്തിലുള്ള ഒറ്റനിറ സാരികള്‍ക്കൊപ്പം, ഈ ഭംഗിയുള്ള ബ്ലൗസ് എത്രയോ തവണ ഉടലിനോട് ചേര്‍ത്തു. പ്രണയം കത്തും വാകപ്പൂക്കളുടെയും പിന്നീട് കണ്ണീര്‍ ഖനീഭവിച്ച ജക്കറാന്തപ്പൂക്കളുടെയും വഴികളിലൂടെ പല മാനസികാവസ്ഥകളില്‍ അതിട്ടു നടന്നു.

കച്ചിലേക്കുള്ള യാത്ര

എങ്ങനെ പോവാതിരിക്കും, സാരിയില്‍ വിസ്മയം നെയ്യുന്ന കച്ചിലെ മാന്ത്രികരെക്കാണാന്‍. പകലിലാരോ തെളിച്ചുവെച്ച മഞ്ഞ ബള്‍ബുപോലെ ഒക്ടോബര്‍ സൂര്യന്‍ ഒട്ടും ഉച്ചസ്ഥായിയിലല്ലാതെ തെളിഞ്ഞു നില്‍ക്കുന്ന ഉച്ചനേരമാണ് ആ യാത്രയുടെ ഓര്‍മ്മ. കണ്‍മുന്നിലാവട്ടെ, റാന്‍ ഒഫ് കച്ചിലേക്കുള്ള അനന്തമായ കറുത്ത റോഡും.

സങ്കടക്കടല്‍ താണ്ടാന്‍ യാത്രയോളം വിശേഷപ്പെട്ട മറ്റൊരൗഷധമില്ല. ജനപഥങ്ങളിലൂടെ, ആളില്ലാ കരകളിലൂടെ , മരുപ്പച്ചകളിലൂടെ,തിരക്കിട്ട കച്ചവട കേന്ദ്രങ്ങളിലൂടെ, ആരൊക്കെയോ താണ്ടിയ വഴികള്‍ കണ്ടു തീര്‍ക്കുക. അപ്പോള്‍, സ്വന്തം ചെറുപാത-അതെത്ര ദുര്‍ഘടമാണെങ്കിലും- നടന്നു തീര്‍ക്കാനുള്ള ഊര്‍ജം താനേ കൈവരും. അങ്ങനെയാണ് കച്ച് നല്‍കുന്ന അനന്തമായ ഊര്‍ജപ്രവാഹങ്ങളിലേക്ക് സ്വയം ഇറങ്ങി നടന്നത്.

തുടക്കം നീണ്ടൊരു വിമാനയാത്രയിലായിരുന്നു. ചെന്നെത്തിയത്, തണുപ്പും മലീനീകരണവും പൊതിഞ്ഞ ഡല്‍ഹിയുടെ രാജവീഥികളില്‍. അവിടെ നിന്നും വീണ്ടും വിമാനത്തില്‍ അഹമ്മദാബാദിലേക്ക്. അവിടെനിന്ന് ഭുജിലേക്കുള്ള യാത്ര. 30 മണിക്കൂറോളം യാത്ര മാത്രം.

മൂന്നാലു മണിക്കൂറെടുത്തു ഭുജിലേക്കുള്ള ആ യാത്രയ്ക്ക് മാത്രം ഗൈഡ് അശ്വിന്‍ മുന്‍ സീറ്റില്‍, പ്രാണ്‍ എന്ന സാരഥിക്കൊപ്പം. മിണ്ടാതെ ഉറക്കം ഭാവിച്ച് പിന്‍സീറ്റിലൊതുങ്ങി. അല്ലെങ്കില്‍ അശ്വിന്‍ ശ്വാസം വിടാതെ കുതിര വേഗത്തില്‍ സംസാരം തുടങ്ങും. മഞ്ഞസാരിയുടെ പല്ലു പുതച്ച് ഒരു കുഞ്ഞുറക്കം. മയക്കത്തില്‍ നിന്ന് ഉണര്‍ന്നു നോക്കുമ്പോള്‍ ചുറ്റും മണല്‍പ്പരപ്പ്, മുള്ളു ചെടികള്‍, ഇടക്ക് ചെറു ചതുപ്പുകള്‍. എല്ലാറ്റിനുമൊടുവിലാണ് ഉപ്പുപാടങ്ങള്‍ക്ക് അരികു ചേര്‍ന്ന ഗ്രാമത്തിലെ മണ്‍ ചുവരുകളുള്ള കോട്ടജില്‍ എത്തിയത്.

എല്ലാം ഒന്നാകുന്ന വിസ്മയം

വാനിലെ വര്‍ണങ്ങള്‍ക്കും ഇരുളിന്റെ നീലയ്ക്കുമിടയില്‍ ആദ്യനക്ഷത്രം തെളിഞ്ഞു. പിറകെ മുക്കാല്‍ വട്ടത്തിലൊരു ചന്ദ്രനും. വെണ്ണിലാവ് ഉപ്പിലലിഞ്ഞു. ചുറ്റും സന്ധ്യാനേരത്തെ നാട്ടുവെളിച്ചം. കച്ചിലെ തറികളില്‍ നെയ്ത കനംകുറഞ്ഞ ഷോളില്‍ അലകളുയര്‍ത്തിക്കൊണ്ട്, ചൂടും തണുപ്പുമില്ലാത്തൊരു ഒക്ടോബര്‍ കാറ്റ് കടന്നുപോയി.

അകമേ ജാലവിദ്യകള്‍ ഒളിപ്പിച്ചുവെച്ച ഒരു മാന്ത്രികനാണ് കച്ച്. പകലിനും രാവിനും ഇടയിലെ ചുവപ്പ്, നീല നിറപ്പകര്‍ച്ചകള്‍. പടിഞ്ഞാറില്‍ ചായുന്ന ദിനം. കിഴക്കന്‍ ആകാശത്ത് പരക്കുന്ന ഇരുട്ട്. ഈ നിറക്കൂട്ടിനുകീഴെ വെളുപ്പിനെക്കാളും വെളുപ്പായി ഒരു ഉപ്പുമരുഭൂമി.

പിന്നിലെ കോട്ടേജുകള്‍ക്കിടയില്‍ ക്യാമ്പ് ഫയര്‍ തെളിഞ്ഞു. ധോലക്കിനും റബാബിനും ഖുംഗ്രൂവിന്റെ മണിനാദത്തിനും ഒപ്പം പാട്ടൊഴുകി. ‘മോരോ അല്ലാഹ് മെഹറുബാന്‍….’. ആദിമഗോത്രങ്ങളുടെ പ്രാര്‍ഥന, സംഗീതം. വെണ്ണിലാവലയടിക്കുന്ന ഉപ്പു സമുദ്രം. ആദി ദേവ നമോസ്തുതേ… ഇവിടെ സന്ധ്യയും പ്രപഞ്ചവും ലയിച്ചു ചേരുന്നു. ഒരേ പ്രാര്‍ത്ഥന, വിശ്വ സ്രഷ്ടാവിനെ അണച്ചു പിടിക്കൂ. ഇരുളിലും വെളിച്ചത്തിലും വഴികാട്ടൂ, മരുഭൂമിയുടെ മറുകരകാണിക്കൂ…

കച്ചില്‍ ഒരു ദിവസം കണ്ണടക്കുകയായി. ആരോ മുള്ളുവേലി വരച്ചിട്ട അതിര്‍ത്തിക്കപ്പുറം സിന്ധു അശാന്തമായി ഒഴുകുന്നു. അറബിക്കടലിലെ കാറ്റ് ഉപ്പുമലകളെ തഴുകിപ്പോകുന്നു. അതിര്‍ത്തികളില്ലല്ലോ പ്രകൃതിക്ക്..

‘മോരോ അല്ലാഹ് …’ മരുഭൂമികളെ തഴുകി ഒഴുകും അനന്തസംഗീതം. എല്ലാം ഒന്നാകുന്ന വിസ്മയം.

രാത്രിയില്‍ കോട്ടജുകള്‍ക്കപ്പുറത്തെ മരുപ്പരപ്പ് തണുത്തു മരവിച്ചു കിടക്കും. ക്ഷീണം കാരണം, രാത്രിയാത്ര മറ്റൊരു ദിവസത്തേക്ക് നീട്ടി, തുറസായ റെസ്റ്ററന്റിലെ കയറുവരിഞ്ഞ കസേരയില്‍ ചാരിക്കിടന്നു. ചുറ്റിലും മണലിന്റെയും ഉപ്പിന്റെയും മണം. അങ്ങു ദൂരെയുള്ള അറബിക്കടലിന്റെ ഓര്‍മയും പേറിവരുന്ന കാറ്റ്. കണ്ണടച്ചാല്‍ കാറ്റിനൊപ്പം കടലോരത്തേക്ക് പോകാം, ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഗന്ധത്തിലേക്ക് മൂക്ക് വിടര്‍ത്താം. സമുദ്രവാല്‍സല്യമറിയാം.

kutch, kutch hand embroidery, kutch handloom, kutch city, kutch festival, kutch destinations, kutch desert, kutch hand embroidery sarees, kutch handloom shawl, kutch handicrafts online, kutch handbags, kutch handicraft gandhidham, kutch handicraft items
റാന്‍ ഓഫ് കച്ച് | ചിത്രം: ഗുജറാത്ത്‌ ടൂറിസം

രാത്രിയുടെ നെയ്ത്തുശാല

അങ്ങനെ രണ്ട് പകലുകള്‍. തണുത്തു വിറങ്ങലിച്ച വിദൂര നഗരത്തിലെ മരവിച്ച ജീവിതവും വിറങ്ങലിച്ചു പോയ കരച്ചിലും മറന്നേ പോയി. എല്ലാം മായ്ക്കുന്ന ഒരു എന്തോ ഉണ്ട് ഈ ദേശത്തിന്.

ഒടുവില്‍ ബിഎസ്എഫിന്റെയോ പൊലീസിന്റെയോ അനുവാദമൊക്കെ വാങ്ങി വന്നു അശ്വിന്‍, എന്തിനെന്നോ, അതിര്‍ത്തിക്കരികെ വരെ പോകാന്‍. അങ്ങനെ അതിര്‍ത്തിയിലേക്ക് ഒരു ഫോര്‍വീല്‍ ഡ്രൈവ്, പിന്നെ കുറേ നടത്തം. ടെന്റിലും അതിനു മുന്‍വശത്തെ ചെറുമുറ്റത്തുമായുള്ള രാത്രി കാഴ്ചകള്‍. അതിനപ്പുറത്തെവിടെയോ അതിര്‍ത്തിയുണ്ട്. ഇരുകരകളുടെ രാഷ്ട്രീയം മനുഷ്യ ജീവിതങ്ങളെ രണ്ടായിപ്പകുത്ത ഇരുമ്പുവേലികള്‍. അതിനു കാവലായി നിറതോക്കുകള്‍. ഉറങ്ങാതെ ശത്രുവിനെക്കാത്തിരിക്കുന്നു കുറേ മനുഷ്യര്‍.

പതുക്കെ ചന്ദ്രനുദിച്ചു. അരികാരോ കാര്‍ന്നു തിന്ന വെണ്ണക്കട്ടിപോലെ, ഒരു മുക്കാല്‍ചന്ദ്രന്‍. അനന്ത നിശ്ശബ്ദത. വിസ്തൃതമായ ശരത്കാല വാനില്‍ നക്ഷത്രങ്ങള്‍ തെളിഞ്ഞു. മുമ്പിലെ ഉപ്പുപാടങ്ങള്‍ക്കരികിലേക്ക് നിലാവിറങ്ങി. മുല്ലപ്പൂ നിറമുള്ള വെളുപ്പ് കാഴ്ചകളെ മറക്കുന്നു. കച്ചിന്റെ നിറങ്ങളെല്ലാം വെള്ളയില്‍ ലയിക്കുന്നു. ഭൂമിയുടെ ഉപ്പും ആകാശത്തിന്റെ നിലാവും ശിവനും ശിവയും പ്രകൃതിയും പുരുഷനും അറബിക്കടലും സിന്ധു നദിയും എല്ലാം ലയിച്ചു ചേരുന്നതിന്റെ ചാരുത. കച്ചിലിപ്പോള്‍, രാത്രി നെയ്‌തെടുക്കുന്ന നിലാവിന്റെ ചേല…

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: India weaves kutch hand embroidery ajrak bhuj