മോഹന്ജദാരോയില് നിന്നുള്ള അസംഖ്യം ചിത്രങ്ങളിലാണ് അയാളെ ആദ്യം കാണുന്നത്. സോപ്പ് സ്റ്റോണ്‍ എന്നറിയപ്പെടുന്ന മഗ്നീഷ്യം നിറഞ്ഞ ഒരു തരം കല്ലില്‍ നിര്‍മിച്ച ശില്‍പ്പം. നെറ്റിയിലും തോളിനു താഴെയുമായി അണിഞ്ഞ ആഭരണങ്ങളേക്കാള്‍, ചീകിയൊതുക്കിയ മുടിയും താടിയും കുഴിഞ്ഞ കണ്ണുകളുമുള്ള ഈ പുരാതന മനുഷ്യന്റെ വേഷം മനസ്സില്‍ പണ്ടേ ഉടക്കി നിന്നിരുന്നു.
അതൊരു രാജാവാണോ? പുരോഹിതനോ? അതോ ഒരേ സമയം വിശ്വാസത്തിന്റെയും രാജ്യത്തിന്റെയും അധിപനായിരുന്ന ഭരണാധികാരിയോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലെങ്കിലും സിന്ധു നദീതട നാഗരികതയുടെ കാലത്തെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നാണ് അത്.
പറഞ്ഞു വന്നത് അയാളെക്കുറിച്ചല്ല. അയാള്‍ തോളിലൂടെ പുതച്ചിരിക്കുന്ന ചിത്രഭംഗികളിഴ ചേര്‍ത്ത ഒരു തുണിയെക്കുറിച്ചാണ്. കൈ കൊണ്ടു നൂറ്റ നൂലില്‍, കൈ കൊണ്ടു നെയ്തെടുത്ത പരുത്തി തുണിയാണിതെന്നാണ് പുരാവസ്തു വിദഗ്ധരുടെയും ഇന്‍ഡസ് സംസ്ക്കാരം പഠിക്കുന്ന ചരിത്രകാരന്മാരുടെയും അഭിപ്രായം. ഇന്നും കച്ചിലും രാജസ്ഥാനിലും ഇതേ ചിത്രരൂപമുള്ള തുണികള്‍ കാണാം. അങ്ങിനെയെങ്കില്‍ ഖാദിയെന്ന വസ്ത്രത്തിന്റെ ആദ്യ ബ്രാന്‍ഡ് അംബാസിഡര്‍ പുരോഹിത രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന മോഹന്‍ജദാരോയിലെ ആ മനുഷ്യനാവും.

Indus Priest/King Statue, Source. Creative Commons
ഖാദി എന്ന സംസ്കാരം, ചരിത്രം
ഇന്ത്യയെന്ന വൈവിധ്യത്തെ ഒറ്റമനസ്സായി പരിവര്‍ത്തിപ്പിക്കാന്‍ പ്രയത്നിച്ച അര്‍ദ്ധനഗ്നനായ ആ മെലിഞ്ഞു നീണ്ട മനുഷ്യന്റെ ഓര്‍മ്മയാണ് ഒക്ടോബര്‍. മഹാത്മാ എന്ന് ടഗോര്‍ വിളിച്ച ബാപു പിറന്ന ഒക്ടോബര്‍. ഗാന്ധിജി എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്നത് ഒരേയൊരു വസ്ത്രമാണ്. ഓര്‍മ്മയില്‍ കറങ്ങുന്നത് അനേകം കൈത്തറികളാണ്. അതിന് പേര്, ഖാദി.
പരുത്തി നൂല് ചര്‍ക്കയില്‍ നൂറ്റെടുത്ത്, ആ നൂലു കൊണ്ട് ഊടും പാവും തീര്‍ത്ത് കൈ കൊണ്ടും കാലു കൊണ്ടും പ്രവര്‍ത്തിപ്പിക്കുന്ന തറികളില്‍ നെയ്തെടുക്കുന്ന തുണിയാണ് ഖാദി. സില്‍ക്ക്, കമ്പിളി എന്നിവ കൊണ്ടുള്ള നൂല് നൂത്ത്, തറികളില്‍ നെയ്തെടുക്കുന്നവയെ സില്‍ക്ക് ഖാദിയെന്നും വൂള്‍ ഖാദിയെന്നും വിളിക്കുന്നു. പക്ഷേ പരുത്തി നൂലില്‍ നെയ്തെടുക്കുന്ന അല്‍പ്പം പരുക്കനായ ആ തുണിയാണ് ഇന്ത്യയുടെ മനസ്സിലെ ഖാദി.
സിന്ധുവിന്റെ കരകളിലെ ആദിമ നാഗരികതയിലൂടെ സിന്ധു, ഗംഗാ തടങ്ങളിലെ യുദ്ധങ്ങളും ആക്രമണങ്ങളും കടന്ന്, ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഇരുട്ടിലെ വെള്ളിവെളിച്ചമായി, ആധുനിക ഇന്ത്യയിലെ പൊളിറ്റിക്കല്‍ ക്ലാസിന്റെ യൂണിഫോമായി, മില്ലെനിയം ജനറേഷന്റെ ഫാഷന്‍ സ്റ്റേറ്റ്മെന്റായി ഈ നിസ്വമായ പരുക്കന്‍ പരുത്തി തുണി നമ്മുടെ ചരിത്രത്തിലാകെ ഊടും പാവും പാകിയിരിക്കുന്നു.
അതൊരു സാംസ്ക്കാരികമായ തുടര്‍ച്ചയാണ്. പരുത്തിയെ കണ്ടെത്തിയ കാലം മുതല്‍ അതാരംഭിക്കുന്നു. നൂല് നൂല്ക്കാനാരംഭിച്ചതു മുതല്‍ അതിഴ പിരിയുന്നു. മഴയും വെയിലും തണുപ്പും മറികടക്കാന്‍ നൂലിഴ ചേര്‍ക്കാമെന്ന് തിരിച്ചറിഞ്ഞ കാലത്ത് അത് പ്രയാണമാരംഭിക്കുന്നു. പുരാതനമായ തറിയില്‍ ഡിസൈന്‍ ചെയ്ത വൈദഗ്ധ്യം മുതല്‍ മനുഷ്യനും പ്രകൃതിയും അധ്വാനവും തമ്മിലുള്ള ഇഴപിരിക്കാനാവാത്ത ബന്ധത്തിന്റെ, ജൈവികമായ തുടര്‍ച്ചയുടെ പേരാണ് ഖാദി.
സ്വാതന്ത്ര്യ സമരഗാഥകള്
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതല്‍ ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ കേന്ദ്ര പ്രമേയങ്ങളിലൊന്നായിരുന്നു സ്വരാജ്. ജോലി ചെയ്യാന്‍, ജീവിക്കാന്‍, സ്വയം പര്യാപ്തമാവാന്‍, ഭരണം വികേന്ദ്രീകൃതമാക്കാനുള്ള സ്വാതന്ത്യം വ്യക്തിക്കും രാജ്യത്തിനും ഉറപ്പിക്കാന്‍ ഉതകുന്നതെന്തോ അതാണ് സ്വരാജ് എന്നറിയപ്പെട്ടത്. ഗ്രാമങ്ങളുടെ സ്വയം നിര്‍ണയത്തില്‍ നിന്ന്, ഗ്രാമീണ ഇന്ത്യയുടെ പുനര്‍ജനിയിലൂടെ സമ്പത്തിന്റെ തുല്യമായ വിതരണത്തിലൂടെ, പ്രകൃതിയും മനുഷ്യനും സഹവര്‍തിത്വത്തിലൂടെ കഴിയുന്നതിലൂടെ ഉറപ്പിക്കപ്പെടുന്ന രാഷ്ട്രീയം.
ഗാന്ധിയുടെ ഈ പരീക്ഷണങ്ങളുടെ എല്ലാ ഘട്ടത്തിലും ഊടും പാവുമായി ഖാദിയും ഒപ്പം നിന്നു. ഗ്രാമസ്വരാജിന്റെ, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ അടയാളമായിത്തീര്‍ന്നു ചര്‍ക്ക. ചോരപുരണ്ട ഖദര്‍ധാരികള്‍, ജീവിതം ബലിനല്‍കി നേടിയ സ്വാതന്ത്ര്യമാണ് ഇന്ത്യയെന്ന സത്യം എന്ന് ചരിത്രം. നിസ്സഹകരണ സമരത്തില്‍, ഖിലാഫത്തില്‍, ജാലിയന്‍വാലാബാഗില്‍, ക്വിറ്റ് ഇന്ത്യയില്‍ അതുണ്ട്. ലഹോറിലെയും മുംബൈയിലെയും കോഴിക്കോട്ടെയും ചമ്പാരനിലെയും ദണ്ഡിയിലെയും വരാണസിയിലെയും തെരുവുകളിലെ പ്രക്ഷോഭങ്ങളുടെ നിറവും ഉറപ്പുമായി ഖാദിയുണ്ട്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ തിളക്കം ഈ വെറും പരുക്കന്തുണിയുടെ വെണ്മയിലാണ് അവസാനിച്ചതെന്നതും ചരിത്രം.
ഇന്ത്യയില്‍ നിന്ന് കുറഞ്ഞ വിലക്ക് അസംസ്കൃത വസ്തു വാങ്ങി, വ്യവസായ വിപ്ലവം മേല്‍ക്കൈ നല്കിയ വമ്പന്‍ ബ്രിട്ടീഷ്, യൂറോപ്യന്‍ ഫാക്ടറികളില്‍ യന്ത്ര തറികളില്‍ നെയ്തെടുത്ത് തിരികെ ഇന്ത്യയിലെത്തിച്ച് കൊള്ളവിലക്ക് വിറ്റിരുന്ന മില്തുണിയോടും അതിന് പിന്നിലെ ചൂഷണത്തോടും ഉള്ള രാഷ്ട്രീയമായ പ്രതികരണമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഖാദി. അവിടെ നിന്നാണ് ആ പരുക്കന്‍ തുണി ലോകത്തെ ഏറ്റവും മഹത്തായ, അഹിംസയിലൂന്നിയ, നിസ്സഹകരണം ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ നേര്‍രൂപമായി മാറിയത്. ഗാന്ധിയും നെഹ്റുവും പട്ടേലും അരുണ അസഫലിയും ചന്ദ്രശേഖര്‍ ആസാദും സുഭാഷ് ചന്ദ്രബോസും സരോജിനി നായിഡുവും ഖാന് അബ്ദുള്‍ ഗാഫര്‍ ഖാനും അബുള്‍കലാം ആസാദും കമലാ നെഹ്രുവും അടങ്ങുന്ന അറിയപ്പെടുന്നതും അല്ലാത്തതുമായ എത്രയോ ഉടലുകള്ക്കത് ഉടയാടയായി.
രാഷ്ട്രീയ പ്രസ്താവനയായി രൂപം മാറിയ തുണി
ഖാദി പ്രചാരകരായി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു, എത്രയോപേര്‍. പട്ടും പൊന്നും ഉപേക്ഷിച്ച് സാധാരണക്കാരനൊപ്പം തോള് ചേര്‍ന്നവര്‍. ഒപ്പം, ഖാദിയുടെ ഒതുക്കത്തിന് മിഴിവേകിയ കലാകാരന്മാരും നെയ്ത്തുകാരും ചേര്‍ന്ന മ്നുഷ്യജീവിതങ്ങളുടെ മഹാപ്രവാഹമായി അതു മാറി. രാഷ്ട്രീയ പ്രസ്താവനയായി രൂപം മാറിയ ചരിത്രത്തിലെ ഒരേയൊരു തുണി!
1918 -ല്‍ ഗാന്ധിജി ചര്‍ക്കയിലെ രാഷ്ട്രീയ പരീക്ഷണം തുടങ്ങിയതു മുതല്‍ ഇന്നു വരെ, അര്‍ഹിക്കുന്നവരും അല്ലാത്തവരുമായ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഇഷ്ടവേഷമാണ് ഖാദി. ക്ഷമയുടെ, അഹിംസയുടെ, ലാളിത്യത്തിന്റെ പ്രതീകമായി ഗാന്ധിജി കണ്ടു വന്ന ഈ വസ്ത്രം അധികാരത്തിന്റെ സിംബലായി മാറിയത് ചരിത്രത്തിന്റെ വികൃതിയെന്നു വിളിക്കാം. എങ്കിലും വെള്ളയെന്ന നിറത്തിന് ഉദാത്തമായ അര്‍ത്ഥം നല്കിയ ആ പരുത്തിത്തുണി അവിടെയൊന്നും നിന്നില്ല. ഇന്ന് ലോകത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഫാഷന്‍ പരീക്ഷണങ്ങളുടെ പ്രതീകം കൂടിയാണിത്. സബ്യസാചി മുഖര്‍ജിയും റിതു കുമാറും തുടങ്ങി ഫാബ് ഇന്ത്യയിലൂടെ 2020 -ലും ഖാദി നിറഞ്ഞു നില്‍ക്കുകയാണ്. പാരിസിലും ടൊറന്റ്റോയിലും പെര്‍ത്തിലും ടോക്യോവിലും ഖാദി ആരാധകര്‍ക്ക് കുറവില്ല.
ഭംഗിയും മികവും മാത്രമല്ല, നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും സൗകര്യപ്രദമായ തുണികളിലൊന്നാണ് ഖാദി. സംസ്ഥാന ഖാദി ഭവനുകള്‍, നെയ്ത്ത് സംഘങ്ങള്‍ മുതല്‍ ഫാബ് ഇന്ത്യയും ഖാദി ആന്‍ഡ് വില്ലേജ് ഇന്റസ്ട്രീസ് കമ്മിഷന് വരെ നീളുന്ന സാദ്ധ്യതകള്‍, ബുട്ടീക്കുകളും ഡിസൈനര്‍മാരും നല്കുന്ന വൈവിധ്യങ്ങള്‍. ഏത് കാലാവസ്ഥയിലും അനുയോജ്യം. ഏതു നിറത്തിലും വിലയിലും ലഭ്യം. ഏതു ഡിസൈനിനും വഴങ്ങും.
അടിസ്ഥാനപരമായി, ഇന്ത്യ ഖാദിയെ നോക്കിക്കാണുന്നത് ഗാന്ധിയോട് ചേര്‍ത്ത് വച്ചാണ്. രാഷ്ട്രപിതാവിനോടുള്ള ആദരം അതിലൊരു ഘടകമാകുമ്പോഴും, ജീവിതം ഖാദിക്കു വേണ്ടി സമര്‍പ്പിച്ച നെയ്ത്തുകാരുടെ അധ്വാനത്തിന്റെ പല ഇഴകള്‍ അതിനെ മഹത്തരമാക്കുന്നു. തറികളുടെ സംഗീതത്തില്‍ നിന്ന് പറിച്ചു മാറ്റാനാവാത്ത ഒരു ഹൃദയബന്ധത്തിന്റെ തുടര്‍ച്ച ഇതിലുണ്ട്. അതു കൊണ്ടാണ് ത്രിവര്‍ണക്കൊടി ഖാദിത്തുണിയില്‍ മാത്രമേ നെയ്യാവൂ എന്ന നിയമം നിലവില്‍ വന്നത്. ചെങ്കോട്ടയില്‍, ലഡാക്കില്‍, ശ്രീനഗറില്‍, ആന്‍ഡമാനില്‍, മുംബയില്‍, ഡല്‍ഹിയില്‍ ത്രിവര്‍ണത്തില്‍ കൊടി ഉയരുമ്പോള്‍ പാറുന്നത് ഖാദിയുടെ ഖ്യാതിയും കൂടിയാണ്.
തടിയലമാരികളിലെ ഖാദി ആല്‍ബങ്ങള്‍
ഖദര്സാരിയും കുര്‍ത്തയും ഷര്‍ട്ടും മുണ്ടും ഷാളും വേഷ്ടിയും ഉള്ള അമ്മവീട്ടിലെ പഴയ മരയലമാരകള്‍ ഓര്‍മ്മ വരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഖദര്വസ്ത്രങ്ങള് പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കൊപ്പം ഇപ്പോഴും ആ വീട്ടിലെ മുറികളിലുണ്ട്. ഇത് മുത്തച്ഛന് കൊല്‍ക്കൊത്തയില്‍ നിന്ന് വാങ്ങിയത്, ഇത് ഡല്‍ഹിയില്‍ നിന്ന് കൊണ്ടു വന്നത്, ഇത് ഖാദി ഗ്രമോദ്യോഗ് ഭവനിലേറത്, ഇത് കോട്ടജ് ഇന്‍ഡസ്ട്രീസ് എംപോറിയത്തിലേത്, ഇത് ഗുജറാത്തില്‍ നിന്ന്, ഇത് മധുരയില്‍ നിന്ന് – ഇങ്ങനെ, തുണികള്‍ യാത്രകളുടെ, പ്രവാസങ്ങളുടെ ആല്ബങ്ങളാവുന്നു. ഓര്‍മ്മയുടെ ആ ആല്‍ബത്തില്‍ കാലമിങ്ങനെ പല ഇഴകളായി വിറങ്ങലിച്ചു നില്ക്കുന്നു. ആ തടിയലമാരികള്ക്ക് ഇപ്പോഴും കഞ്ഞിപ്പശയുടെ ഇലഞ്ഞിപൂവിന്റെ, ‘സണ്‍ലൈറ്റ്’ സോപ്പിന്റെ, തുടങ്ങി കംഫര്‍ട്ടിന്റെ, ഫാബ്രിക് കണ്ടിഷ്ണറുടെ വരെ മണം. മുന്നിലൂടെ കാലം എത്രയോ കടന്നു പോയെന്ന തിരിച്ചറിവും.
Read Here
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook