വരിഞ്ഞുടുത്ത കടുംനീല സാരി പോലുണ്ടായിരുന്നു വാനം. കടുംനീലയില്‍ ജലം ചാലിച്ച പാലറ്റ് പോലെ മേഘങ്ങള്‍. പൊടുന്നനെ, ആകാശത്തിന്റെ നീലസാരിയില്‍ നിന്നും അതിന്റെ പല്ലാവ് ഒഴുകി നീങ്ങി നിലം തൊടാന്‍ തുടങ്ങി. ആദ്യ തുള്ളികളാല്‍ മഴ ഭൂമിയെ ഗാഢം ചുംബിച്ചു. പിന്നെയും മഴത്തുള്ളികള്‍. ആകാശത്തിന്റെ പട്ടുചേല അഴിഞ്ഞഴിഞ്ഞു വീണു. പിന്നെ നിലയ്ക്കാതെ, മഴയുടെ സിത്താര്‍. രാവു മുഴുവന്‍ അതങ്ങനെ നിര്‍ത്താതെ പെയ്തു. നടുമുറ്റത്തിന്റെ കോണിലെ മുല്ലമൊട്ടുകള്‍ നനഞ്ഞ് കനം തൂങ്ങി നിന്നു. അനന്തരം രാത്രി തോര്‍ന്നു. പകല്‍ കണ്‍തുറന്നു.
സൂര്യന് തണുപ്പ് പുതച്ചുറങ്ങിയ, ഇരുള് മായാത്ത പ്രഭാതം. അന്നേരമായിരുന്നു പൊടുന്നനെ ആ തീരുമാനം. ‘നമുക്ക് കാഞ്ചീപുരത്തേക്ക് പോയാലോ, കാമാക്ഷിയെ കാണാം.’
അതൊരു മനോഹരമായ നിമിഷമായിരുന്നു. ഷെല്‍ഫില്‍ നിന്നും വൈരഊശി സാരി കൈകളിലെടുത്തു. ഇളം ചൂടുള്ള സാരി രാമഴയുടെ തണുപ്പിനെ വകഞ്ഞ് ഉടലിനെ പൊതിഞ്ഞു പിടിച്ചു. മുന്താണിയില്‍ മുന്തിരി ചുകപ്പിന്റെ പൊട്ടുകള്‍. അതിലൂടെ, നീണ്ടിഴചേര്ന്ന സ്വര്‍ണ നൂലുകള്‍.
ആകാശത്തന്നേരം മഴ മേഘങ്ങള്‍ വകഞ്ഞ് ചുകന്ന സൂര്യന്റെ സ്വര്ണയിഴകള് നിറയാന്‍ തുടങ്ങി. നല്ല സമയമാണ്. പ്രായോഗിക വിചാരങ്ങള്‍ തീരുമാനം മാറ്റും മുമ്പേ റോഡിലേക്കിറങ്ങി. കാറില്‍, മല്‍ഹാര്‍ രാഗം മഴയായി. നെടുനീളന്‍ വഴികളിലൂടെ പാട്ടില്‍ നനഞ്ഞുള്ള ഡ്രൈവ്. ആ പാത കാഞ്ചീപുരത്തേക്ക് നീണ്ടു.
പട്ടില്‍ കൊത്തിയ ആറു മീറ്റര്‍ കലാരൂപം
മുന്നിലിപ്പോള്‍ കാഞ്ചീപുരമാണ്. ഇന്ത്യയുടെ നെയ്ത്തിന്റെ എക്കാലത്തെയും മഹത്തായ മേല്‍വിലാസം. ഈ ദേശത്തിന്റെ ഇഴകള്‍ക്ക് പണ്ടേ ക്ലാസിക്കല്‍ ടച്ച് കൂടുതലാണ്. അങ്ങോട്ടുള്ള വഴികള്‍ മുതല്‍ അതുണ്ട്. കെട്ടിടങ്ങള്‍, കരിങ്കല്ലില്‍ സ്വപ്നങ്ങള്‍ കൊത്തിയ ക്ഷേത്രച്ചുവരുകള്‍, സദാ വഴിയുന്ന സംഗീതവഴികള്‍. പിന്നെ, പട്ടിന്റെ സ്വപ്നതുല്യമായ ഒഴുക്ക്. ഇഴയും മോട്ടിഫുകളും നിറങ്ങളുടെ സങ്കലനവും കോണ്ട്രാസ്റ്റുമെല്ലാം ചേരുന്ന പട്ടുഞൊറികള്‍.
അലര്മേല് വള്ളിയുടെ ജതികളുടെ കൃത്യത പോലെ, ടി.എന്‍. കൃഷ്ണന്റെ കല്യാണി പോലെ, ഡി.കെ പട്ടമ്മാളിന്റെ ‘ശിവകാമ സുന്ദരി’ പോലെ. പെര്ഫെക്ഷന്. അതിനപ്പുറം പട്ടിലാര്ക്കും ഒന്നും ചെയ്യാനാവില്ല. അഴക് ഒഴുകും പോലെ വിരല്‍ തുമ്പിലൂടെ അത് ഞൊറികളിലൊതുങ്ങും. അതേ ഞൊറികള്‍ പ്രണയത്തിന്റെ വിരല്‍ തൊടുമ്പോള്‍ അഴിഞ്ഞു വീഴും. ജീവിതാസക്തിയുടെ പട്ടിഴകളാവും. മുള്‍മുനകളുള്ള കാലത്തെയും അതിന്റെ കണ്ണീരിനെയും അതിജീവിക്കാനാവുന്ന പാട്ടിഴകള് ജീവിതത്തിനു തന്നെ ഈടും ഉറപ്പും നല്‍കും. ഉടലുകളെ മാത്രമല്ല മനസ്സുകളെയും നെയ്തു ചേര്‍ക്കും ഈ ആറു മീറ്റര്‍ കലാരൂപം. കാഞ്ചീപുരത്തിന്റെ കല. പഴകും തോറും ഇഴയടുപ്പം കൂടുന്ന ഈ സ്നേഹപ്പട്ട് സ്ത്രീയെ ജഗന്മോഹിനിയാക്കും.
കാഞ്ചീപുരത്തിന്റെ സില്‍ക്ക് റൂട്ട്
അയ്യായിരം -ആറായിരം കുടുംബങ്ങള്‍. നെയ്ത്ത് ജീവിതമാക്കിയ അത്രയും കുടുംബങ്ങളുണ്ട് ഇവിടെ. ആകെ പത്തറുപതിനായിരത്തോളം നെയ്ത്തുകാര്‍. അവിടെ തീരുന്നില്ല. അനുബന്ധ തൊഴിലുകള്‍ ചെയ്യുന്ന ആയിരങ്ങള്‍ വേറെയുമുണ്ട്. പാക്കിങ് മുതല്‍ വില്‍പ്പന വരെ നീളുന്നതാണ് കാഞ്ചീപുരത്തിന്റെ സില്‍ക്ക് റൂട്ട്.
ഇന്ത്യയിലെ എല്ലാ നെയ്ത്തു കേന്ദ്രങ്ങള്‍ക്കും പറയാനുള്ള വിഷമ കഥകള്‍ കാഞ്ചീപുരത്തിനുമുണ്ട്. നൂലിന്റെ വിലക്കയറ്റം, വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കൂലി, നാലു വഴിക്കും കയറുന്ന ജീവിതച്ചെലവും വിലക്കയറ്റവും. കടമൊന്നും ആരും കേള്‍ക്കില്ല. പിന്നെ സഹകരണ മേഖലയുടെ നീറുന്ന പ്രശ്നങ്ങള്‍. കോപ്പി കാറ്റുകളെന്ന പകര്ത്തുകാരുടെ മൂന്നാം കിട സില്‍ക്ക് മാര്‍ക്കറ്റില്‍ സൃഷ്ടിക്കുന്ന പ്രളയം മറുഭാഗത്ത്.
ജീവിതത്തിന് വിലയേറുമ്പോഴും നെയ്ത്തുകാരന്റെ കൈയിലേക്ക് വരുന്ന വരുമാനം കൂടുന്നേയില്ല. ഒരു മാസ്റ്റര്‍ വീവറിന് പോലും 1000 – 1200 ന് മുകളില്‍ വരുമാനമില്ല. എങ്കിലും കോവിഡും വറുതിക്കാലങ്ങളും കടന്ന് കാഞ്ചീപുരം പിടിച്ചു നില്‍ക്കുകയാണ്. എന്തെന്നല്ലേ? ഇങ്ങനെയൊരു മഹാവിസ്മയം പ്രപഞ്ചത്തില്‍ മറ്റെവിടെയുമില്ല. പെണ്ണുടലിന് പ്രണയ – കാമങ്ങള്‍ വര്‍ഷിക്കാന്‍ കാമാക്ഷിയുടെ നാട്ടിലെ പട്ടിനോളം മറ്റൊരിഴയ്ക്കും ആവില്ല . കല്യാണ പട്ടാണ് കാഞ്ചീപുരം പട്ട്. മറ്റെല്ലാ സന്തോഷങ്ങളുടെയും സ്ഥിരം വേദി. ഒപ്പം, ഭരതന് ചമച്ച നാട്യത്തിന്റെ ആഹാര്യ ചിട്ടയും ഇതു മാത്രം. കര്‍ണാടക സംഗീത വിദുഷികള്ക്ക് ഒരു വിശ്വാസമുണ്ട്. കാഞ്ചീപുരം പട്ടിന്റെ ഭംഗിയിലും ഒഴുക്കിലും നിറഞ്ഞിരുന്നാലെ വേദിക്കും പാട്ടിനും നിറവുണ്ടാകൂ എന്ന്. പിന്നെ പ്രണയികള്‍. അവര്‍ക്കുമിത് വേണം. പ്രണയത്തിന് ചാരുതയേകാന്‍ ഇതിലും മനോഹരമായ ഇരിപ്പിടമില്ല. വിരഹത്തിന്റെ ശരത്ക്കാലങ്ങള് പിന്നിടാന്‍ ഈ പട്ടിന്റെ, പ്രതീക്ഷയുടെ ഇളം ചൂടു വേണം. ജീവിതാസക്തിയും സൗന്ദര്യവും പ്രൗഢിയും ഇത്രയാഴത്തില്‍ ചേര്‍ന്നു നില്ക്കുന്നൊരു നിത്യസൗന്ദര്യത്തിന് പ്രണയത്തെ അല്ലാതെ മറ്റെന്തിനെ പ്രതിനിധാനം ചെയ്യാനാവും?
അതിനാലാവണം, ലോകമുള്ളിടത്തോളം ഈ പട്ടിന് ആവശ്യക്കാരുണ്ടാകും. ലോകാവസാനത്തോളം ഈ തറികള്‍ ചലിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും.

പട്ടിന്റെ മൂര്‍ത്തി
കാഞ്ചീപുരം ടൗണിന് തൊട്ടടുത്ത് വളഞ്ഞും തിരിഞ്ഞും പോകുന്ന വഴികള്‍. പലയിടത്തും വഴിനീളെ നൂലുണക്കുന്നതും ചുറ്റുന്നതും കാണാം. ഇടയ്ക്കൊരു അമ്പലം, തിരക്കുള്ള ഇടറോഡുകള്‍. ഇതു താണ്ടിയെത്തുമ്പോഴാണ് മൂര്‍ത്തിയുടെ വീട്, ഒരു കൂട്ടം കൊച്ചുവീടുകളുടെ കൂട്ടമാണത്. കുടുംബക്കാരൊക്കെ ചുറ്റും താമസമാക്കിയിരിക്കുന്നു. കുടുംബത്തിലെ സ്ത്രീപുരുഷന്മാരെല്ലാം നെയ്ത്തിലോ അതോടു ചേര്‍ന്ന ജോലികളിലോ തന്നെയാണ്. ഇങ്ങനെയൊരു തുടര്‍ച്ച കൂടിയാണ് കാഞ്ചീപുരത്തെ നെയ്ത്തിന്റെ ഊടും പാവും.
നെയ്ത്തുകാരെത്തേടിയുള്ള അലഞ്ഞുതിരിയലുകള്‍ക്ക് ഇടയ്ക്കാണ് മൂര്‍ത്തിയില്‍ എത്തുന്നത്. കാഞ്ചീപുരത്തിന്റെ പട്ട് എന്തു കൊണ്ടാണ് സവിശേഷമാവുന്നത് എന്ന് പറയാതെ പറഞ്ഞു തന്നു, മൂര്‍ത്തിയും മകന് കുമാറും. കുമാര്‍ ദേശിയ അംഗീകാരം വരെ നേടിയ മാസ്റ്റര്‍ വീവര്‍. മൂര്‍ത്തി പട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞ കലാകാരന്.
ഒരു വശം ചേര്‍ന്ന് വേപ്പും ആലും ഒരുമിച്ച് ചേര്‍ന്ന് നില്ക്കുന്ന മുറ്റം. നീല പെയിന്റടിച്ച ചെറുവാതില്‍ കടന്ന് ചെന്നാല്‍ കുമാറിന്റെയും അഛന്റെയും പണിയിടമായി. തലമുറകളായി പട്ടു നെയ്തെടുക്കുന്നവരുടെ പിന്മുറക്കാരനാണ് മൂര്‍ത്തി, നാല്‍പ്പതു വര്‍ഷത്തോളമായി വിശ്രമമില്ലാത്ത നെയ്ത്താണ്. അതെക്കുറിച്ച് വലുതായൊന്നും പറയില്ല. ജീവിതം പകലിരവോളം തറികള്ക്കിടയിലാണ്.
മൂര്‍ത്തിയെന്ന മഹാനായ നെയ്ത്തുകാരന്റെ തറിയുടെ താളക്കലക്കങ്ങളില് മനസ്സു മുഴുകി നിന്നപ്പോള്‍ ഒന്നും മിണ്ടാനാവുന്നില്ലായിരുന്നു. അതു നോക്കി നിന്നു, അങ്ങേയറ്റം ആദരവോടെ. അത്രയ്ക്കു സവിശേഷതകളുണ്ടായിരുന്നു മൂര്‍ത്തി നെയ്യുന്ന പട്ടിന്. ആ ഡിസൈനുകള്‍ നിങ്ങള്‍ക്ക് മറ്റെവിടെയും കാണാനാവില്ല.
പകല്‍ പലപ്പോഴും മൂര്‍ത്തി കാഞ്ചിപുരത്തെ ഏതെങ്കിലും അമ്പലത്തിലത്തിലാവും. പൂജ പോലുമില്ലാതെ എല്ലാവരാലും മറന്നു കിടക്കുന്ന ക്ഷേത്രങ്ങളാണ് അവയിലേറെയും. മൂര്‍ത്തിയ്ക്ക് അവ ആരുമില്ലാത്ത ഇടങ്ങളല്ല, പ്രചോദനങ്ങളുടെ ജീവരശ്മികളാണ്. കരിങ്കല്കൊത്തുപണികളിലെ ഡിസൈനുകള്‍ ആ മനുഷ്യന് അത്ഭുതത്തോട നോക്കി നില്ക്കും. ഒറ്റ വ്യാളി മുതല്‍ ചെറു നക്ഷത്രപൂക്കള്‍ വരെ. തമിഴകത്തിന്റെ ശില്പ്പചാരുതയുടെ, കൊത്തുപണികളുടെ, വാസ്തുവിദ്യകളുടെ മഹാത്ഭുതങ്ങള്‍. എന്നിട്ട് അദ്ദേഹം അവ ചെറിയൊരു നോട്ട് ബുക്കില്‍ വരച്ചു ചേര്‍ക്കും. നീല മഷിയില്‍ വെളുത്ത കടലാസില്‍ വരഞ്ഞിടുന്ന കാലാതീതമായ ആ രൂപങ്ങളാണ് പിന്നീട് സ്റ്റെന്സിലിലേക്ക് പകര്ത്തിയെഴുതപ്പെടുന്നതും തുടര്‍ന്ന് പട്ടിഴകളിലേക്ക് സന്നിവേശിക്കപ്പെടുന്നതും.
മൂര്‍ത്തിയുടെ ദിനചര്യയാണിത്. ഡിസൈനുകള്‍ പകര്‍ത്തുക, നൂലും ഝറിയും തയ്യാറാക്കുക, തറിയൊരുക്കുക, നെയ്യുക. പാരമ്പര്യത്തിന് ഒപ്പം ചേര്‍ന്ന് നില്‍ക്കുമ്പോഴും പരീക്ഷണത്തിനും പുതുമക്കും ഇടമേറെയുണ്ട് ആ മനസ്സില്‍. നിറച്ചാര്‍ത്തുകള്‍ മാറും, അപൂര്‍വ്വ ഡിസൈനുകള്‍ ഇഴചേര്ക്കപ്പെടും. പട്ടിലാണ് മൂര്‍ത്തിയുടെ കൊത്തുപണി. ഓരോ സാരിയും കാമാക്ഷിക്കായുള്ള കാണിക്കയെന്ന് മനസ്സിലുറപ്പിച്ചൊരു സമര്പ്പണമുണ്ടിതില്.
അതിനാല്‍ തന്നെ യാത്രകള്‍ കുറവാണ്. എപ്പോഴും നെയ്ത്തും അതിനു വേണ്ടിയുള്ള കറക്കങ്ങളും. പച്ചയായി പറഞ്ഞാല്‍, പട്ടുനൂലുകള്‍ക്കിടയില്‍ കുടുങ്ങിയ ജീവിതം. ആധിയും വ്യാധിയും തറിയില്‍ നെടുകെയും കുറുകെയും ചേര്‍ന്നു കിടക്കുന്നു.
നെയ്ത്തുകാര്‍ അനുഭവിക്കുന്ന സര്‍വ്വ ദുരിതങ്ങളും ആ മനുഷ്യനും അനുഭവിക്കുന്നുണ്ട്. പണത്തിന്റെ ഞെരുക്കം, കടുത്ത ശ്വാസംമുട്ടല്‍, വെരിക്കോസിന്റെ വേദന. എങ്കിലും അതൊന്നും മൂര്‍ത്തിയെ ബാധിക്കുന്നേയില്ല. പണമോ ജീവിത സുരക്ഷയോ നാളെയെക്കുറിച്ചുള്ള ആധിയോ ഒന്നും. പട്ടുണ്ടാക്കുക, അതേയുള്ളൂ ആ ജീവിതത്തിന് അര്‍ത്ഥമേകുന്ന ഒരേയൊരു കാര്യം. താനൊരു തികഞ്ഞ കലാകാരനാണെന്ന് അദ്ദേഹത്തിന് അറിയാം. താനുണ്ടാക്കുന്നത് തികവുറ്റ കലാസൃഷ്ടിയാണെന്നും. പട്ടില്‍ ഓരോ പ്രാവശ്യവും നെയ്തെടുക്കുന്ന സൃഷ്ടികള്‍ നല്കുന്ന സന്തോഷം, അനുഭൂതി. അതു മാത്രമാണ് ആ മനുഷ്യന് വില കല്‍പ്പിക്കുന്നത്.
അതിനാല്‍ തന്നെ എല്ലാ അവശതകള്‍ക്കുമിടയിലും ആ കണ്ണുകളിലെ ചിരി മങ്ങിയിട്ടില്ല. പഴയ കണ്ണടക്ക് പിന്നില്‍ ആ കണ്ണുകള്‍ സദാ ചിരിക്കുന്നു. ഉള്ളിലേക്കെടുത്ത ജീവിതത്തിന്റെ നിറമാകെ ആ കണ്ണുകളിലൂടെയാണ് മൂര്‍ത്തി പട്ടിലേക്ക് പകരുന്നത്. സൗമ്യമായ സംഭാഷണം. ആഴത്തിലുള്ള അറിവ്. പരിശ്രമിക്കാനുള്ള ഉള്‍ക്കരുത്ത്. ഇതെല്ലാം ചേര്‍ന്നതാണ് മൂര്‍ത്തിയെന്ന മനുഷ്യന്.
നേരത്തെ പറഞ്ഞു വെച്ചിരുന്ന പട്ട് സാരി എന്റെ കൈയിലേക്ക് തരുമ്പോള്‍ മൂര്‍ത്തിയുടെ കണ്ണില്‍ തിളക്കമേറി. ഒലീവിന്റെ പച്ചയില്‍ ചുകപ്പും സ്വര്‍ണ്ണവും അരികിട്ട പട്ടുസാരി. ശ്രദ്ധയും സ്നേഹവും ചേര്‍ത്ത് നെയ്തെടുത്തതാണത് എന്ന് ഒന്നു തൊട്ടപ്പോഴേ മനസ്സിലായി.
‘എന്നും മംഗല്യവതിയായിരിക്കൂ മകളെ’
അതു കൈയ്യില്‍ തരുമ്പോള്‍ അദ്ദേഹം പറഞ്ഞു.
സെലിബ്രിറ്റി പട്ടുകള്‍
കാഞ്ചീപുരത്തിന്റെ ചെറുവഴികളില്‍ ഊടും പാവും ചേര്‍ക്കുന്ന പട്ടുനൂലെത്തുന്നത് കര്‍ണാടകത്തില്‍ നിന്നാണ്. മള്‍ബറി ചെടികളില്‍ ഇഴയുന്ന പട്ടുനൂല്‍ പുഴുക്കളില്‍ നിന്നുളള നൂലുകള്‍. സൂററ്റില്‍ നിന്നാണ് സ്വര്‍ണവും വെള്ളിയും കലര്‍ന്ന കസവുനൂല്‍ വരുന്നത്. എല്ലാ ഡിസൈനുകളും കാഞ്ചിയുടെ മണ്ണിലും മനസ്സിലുമുണ്ട്. കല്ലില്‍ കൊത്തിയ സൗന്ദര്യമെല്ലാം പട്ടിലേക്ക് പകര്‍ന്നതാകാം. കരിങ്കല്ലിന്റെ ഉറപ്പില്‍ നിന്ന് പൂ പോലുള്ള പട്ടിലേക്കുള്ള അപാരമായ ലയം.
ഈ പട്ട് ഉടുത്തവരൊക്കെ ഉള്ളോടു ചേര്‍ത്തിട്ടുണ്ടാകണം ഈ മൃദുത്വത്തെ. കണ് നിറയെ പൊലിയാക്കിട്ടുണ്ടാവാം ആ നിറച്ചാര്‍ത്തുകളെ. ഒന്നോര്‍ത്തു നോക്കിയാല്‍ ചില മുഖങ്ങള്‍ തെളിയും. കാഞ്ചീപുരം പട്ടിന്റെ ഭംഗി മേല്‍വിലാസമായി മാറിയ അതിപ്രശസ്തരായ മനുഷ്യര്‍.
എം എസ് എന്ന രണ്ടക്ഷരത്തിന് ഉടല് രൂപമെടുക്കുമ്പോള്‍ മുന്നില്‍ വരുന്നത് ആരാണ്? പച്ചയില്‍ നീലയും കസവും കരയിട്ട പട്ടിന്റെ പതിനെട്ടു മുഴം നീളുന്ന ആഢ്യ സൗന്ദര്യം-എം എസ് സുബ്ബലക്ഷ്മി. കാഞ്ചീപുരത്തിന്റെ അഴകിലല്ലാതെ സങ്കല്‍പ്പിക്കാനാവുമോ പാട്ടൊഴുകുന്ന ആ നദിയെ.
പിന്നെ ഇന്ദിരാ ഗാന്ധി. നര വീണിട്ടും മങ്ങാതെ നിന്ന പ്രൗഢി. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ വനിത. അവരെ ഓര്‍ക്കുമ്പോള്‍ ആ സാരികള്‍ മനസ്സില്‍ വരുന്നില്ലേ? മണ്ണിന്റെ ചുകപ്പില്‍ കരിനീലയും സ്വര്‍ണവും ഇടകലര്‍ന്ന ബോര്‍ഡറും. ആരെയും നിലയ്ക്ക് നിര്‍ത്താനാവുന്ന ആ വ്യക്തിത്വത്തിന് അധികമാനം നല്‍കിയത് കാഞ്ചീപുരം നല്കിയ പട്ടുനൂല്‍ തിളക്കം കൂടിയല്ലേ?.
വഹീദ റഹ്മാന് മുതല്‍ ദീപിക പദുകോണ്‍ വരെ എത്രയെത്ര സുന്ദരികള്‍. ബോളിവുഡിന് തിളക്കമേറ്റിയ പട്ടുസാരികളുടെ ഇടം കൂടിയാണ് കാഞ്ചീപുരം. ആ താരസുന്ദരിമാരില്‍ ആരെങ്കിലും ഒരാളെ കാഞ്ചീപുരം പട്ടിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയാല്‍ അത് രേഖയായിരിക്കും. തീജ്വാല പോലെയുള്ള ആ സൗന്ദര്യത്തിന് കാഞ്ചീപുരം പകരുന്നത് അഭൗമമായ അഴകാണ്, തിളക്കമാണ്. സ്വര്‍ണ പട്ട്, വെളുപ്പും ചുകപ്പും, പച്ചയും സ്വര്‍ണവും – ഇങ്ങനെ ഝരി കൂടുതലുള്ള പട്ടുസാരികളുടുത്ത രേഖയെ ഓര്‍ത്തു നോക്കിയാല്‍ നമുക്കത് മനസ്സിലാവും.
ശ്രീദേവി, വിദ്യാ ബാലന്, ദീപിക ഇങ്ങനെ തെന്നിന്ത്യന്‍ വേരുകള്‍ ഉള്ള താരങ്ങള്‍ക്കെല്ലാം അധികശോഭ നല്കി കാഞ്ചീപുരം. മലയാളത്തിന്റെ പ്രിയ നടി ഷീലയും കാഞ്ചീപുരത്തിന്റെ ഫാനാണ്. പിന്നെ ബോംബെ ജയശ്രീ. നീല, പിങ്ക്, ചുവപ്പ് നിറങ്ങളിലെ കുലീനമായ പട്ടഴകിലല്ലാതെ ബോംബെ ജയശ്രീയെ വേദിയില്‍ സങ്കല്‍പ്പിക്കാനാവില്ല. അവരെ പോലെ പട്ടില്‍ തിളങ്ങി, കാഞ്ചി കാമാക്ഷിയെ പാടിയുണര്ത്തിയത് ഡി കെ പട്ടമ്മാള്‍ മാത്രം. ഓറഞ്ച്, പച്ച, മഞ്ഞ പട്ടുസാരികളില്‍ തിളങ്ങുന്നു, പിന്നെ സുധ രഘുനാഥന്. പദ്മ സുബ്രമണ്യം, ലീല സാംസന്, ചിത്ര വിശ്വേശ്വരന്, അലര്മേല് വള്ളി, രമ വൈദ്യനാഥന്, ശോഭന – വേദിയില്‍ മിന്നല്‍ പിണറാവുന്ന നര്ത്തകികളുടെ ഭംഗിക്ക് തിടമ്പേറ്റുന്നുണ്ട്, കാഞ്ചീപുരം.

കാഞ്ചീപുരം പട്ടു വാങ്ങുമ്പോള്‍…
നെയ്ത്തുകാരുടെ സഹകരണ സംഘങ്ങളില്‍ നിന്നോ നെയ്ത്തുകാരില്‍ നിന്ന് നേരിട്ട് പട്ടുവാങ്ങുന്ന ചെറുവ്യാപാരികളില്‍ നിന്നോ മാത്രം സാരി വാങ്ങുന്നതാണ് നല്ലത്. കാഞ്ചീപുരം പട്ടുസാരി നെയ്യുന്നത് കാണാനും അത് വാങ്ങാനുമായി മാത്രം കാഞ്ചീപുരത്തേക്ക് യാത്ര പോകുന്നതിലും തെറ്റില്ല.
പട്ടുവാങ്ങുമ്പോള് കലര്‍പ്പില്ലാത്ത പട്ടും ഝരിയുമായ ഒന്നാം ഇനവും, പട്ടും സിന്തറ്റിക്കും അല്ലെങ്കില്‍ പട്ടും പരുത്തിയും കലര്‍ന്ന രണ്ടാം നിര കസവു ചേര്‍ന്ന സാരികളും തിരിച്ചറിയണം. അത് ചോദിച്ചു മനസ്സിലാക്കുക തന്നെ വേണം.
പിന്നെ പാരമ്പര്യ ഡിസൈനോ, പാരമ്പര്യത്തിലെ പരീക്ഷണ സാരികളോ ഏതു വേണം എന്ന് നോക്കുക, മെഷീന് നെയ്ത്തിലെ ഡ്യൂപ്ളിക്കേറ്റ് പട്ടുകളെ ഒഴിവാക്കുക.
കാഞ്ചീപുരം വരെ യാത്ര പോയാല്‍ ബോര്‍ഡറില്ലാത്ത ഇഷ്ടനിറമുള്ള ഒറ്റ നിറസാരി വാങ്ങി സൂക്ഷിക്കാം, പിന്നീടെപ്പോഴെങ്കിലും മനോഹരമായ കൈത്തുന്നല്‍ ചെയ്യാം. അയ്യായിരം മുതല്‍ അഞ്ചു ലക്ഷം വരെ വിലയുള്ള സാരികളില്‍ നിന്ന് നമുക്ക് പറ്റുന്നത് കണ്ടെത്തുകയാണ് പ്രധാനം.
പ്രണയത്തിന്റെ പട്ടിഴകള്‍
സന്ധ്യയാവുമ്പോള്‍ ഈ ചെറു നഗരത്തിന്, ആകാശത്തിന്റെ പട്ടുനൂല്‍ ചാരുതയുണ്ട്. ഓരോ മേഘപ്രയാണത്തിലും ഡിസൈന്‍ മാറിക്കൊണ്ടിരിക്കുന്ന ഗഗനനീലിമയുടെ പാറ്റേണുകള്‍. അനേക ശബ്ദങ്ങളുടെ ജുഗല്ബന്ദിക്കിടയിലും കല്യാണിയോ ഖരഖരപ്രിയയോ ഒഴുകിയെത്തും. അപരിചിതമായ ഗന്ധങ്ങള്‍ക്കൊപ്പം പിച്ചിപ്പൂവിന് മണവും കൊഴുന്തിന് മണവും കലരും. സങ്കലനങ്ങള്‍, ഇഴ ചേരലുകള്‍. പട്ടിന്റെ പട്ടണത്തിന് അങ്ങനെയാവാനല്ലാതെ പറ്റില്ലല്ലോ. കനകശൈല വിഹാരിണിയുടെ നഗരത്തില്‍ ദിനരാത്രങ്ങള്‍ അങ്ങനെ ഇഴചേരുകയാണ്.
പകലാകെ നെയ്ത്തുകാരുടെ തെരുവുകളില്‍ നടന്ന ശേഷമാണ്, അല്‍പ്പം തളര്‍ന്ന് കാമാക്ഷിയമ്മനെ വണങ്ങാന്‍ പോയത്. വൈകുന്നേരമായിരുന്നു. ആള്‍ത്തിരക്കുണ്ട്. കണ്ടു തീര്ക്കാനാവുന്നതല്ല ഈ കല്‍ക്കെട്ടുകള്‍, ഗോപുരങ്ങള്‍, കല്ലു വിരിച്ച വിശാലമായ നടവഴികള്‍, മണ്ഡപങ്ങള്‍, വലിയ കുളപ്പടവുകള്‍.
ഗര്ഭഗൃഹത്തില് പാശാങ്കുശങ്ങള്‍ ധരിച്ച മഹാദേവി. കണ്ണുകളില്‍ പ്രണയത്തിന്റെ കടലുള്ളവള്. ഉള്ളില്‍ വിരക്തിയുടെ ശക്തി ആവാഹിച്ചവള്‍. കാമകോടി പീഠസ്ഥാനീയ. ആദിയിലുണ്ടായ ത്രിപുരസുന്ദരി. കൈയ്യില്‍ കളിത്തത്തയും കരിമ്പും. ഉടലാകെ കടും ചുവപ്പ് പട്ടിന്റെ നിറശോഭ.
സര്വ്വകാമപ്രദായിനിയോട് ഒന്നേ പ്രാര്‍ഥിക്കാനാകൂ: ‘ജീവിതത്തിന്റെ സൗന്ദര്യം നിറവിളക്കായി തിളങ്ങാന്‍ കാവലാകണേ, ജീവിതങ്ങളെ പരസ്പരം കൂട്ടിയിണക്കണേ, ആകാശത്തോളം പ്രണയം നിറക്കണേ, ഓരോ ജീവശ്വാസത്തിലും കാമം നിറയ്ക്കണേ, ഓരോ ജീവതന്തുവിലും ഒന്നാക്കണേ ഉടലും മനവും…’
നടന്നു ചെന്ന് കല്‍ക്കെട്ടില്‍ ഇരുന്നപ്പോള്‍, ആകാശച്ചെരിവില്‍ പൗര്‍ണമി ഭംഗിയിലേക്ക് വിടരുന്ന ചന്ദ്രന്. കരിങ്കല്‍ പടവുകളില്‍ കുളി കഴിഞ്ഞ് നനഞ്ഞീറനാവുന്ന നിലാവ്.
അന്നേരം കാതിലാ പാട്ട് നിലാവു പോലെ ഇറ്റിറ്റു വീണു.
ന യേ ചാന്ദ് ഹോഗാ
ന താരേ രഹേഗേ
മഗര്‍ ഹം ഹമേശാ
തുമാരേ രഹേഗേ…
(ഈ താരകങ്ങളും ചന്ദ്രികയും ഇല്ലാതെയായാലും, എന്നെന്നും ഞാന്‍ നിന്റെയായിരിക്കും)
കാറ്റ് മനോഹരമായ പ്രണയ ഗാനത്തില്‍ തളിരണിയുന്നു. എന്റെ പട്ടുസാരിയുടെ ഞൊറിയിലൂടെ കാറ്റ് അലസം കടന്നു പോവുന്നു. ഭൂമിയോളം വേരുള്ള മഹാസ്നേഹ സാന്നിധ്യം ഉള്ളില്‍ നിറയുന്നു. എല്ലാം കാമാക്ഷിയുടെ അനുഗ്രഹം, ചെറുപുഞ്ചിരി.
സ്നേഹത്തിന്റെ, സംഗീതത്തിന്റെ വഴികള്‍ മാത്രമല്ല ഇത്. പട്ടിന്റെ ജനിതക വഴി കൂടിയാണ്. വ്യത്യസ്തമായ രണ്ടിഴകള്‍ കൂടിച്ചേരുമ്പോള്‍ വിരിയുന്ന പട്ടിന്റെ മായാജാലം. വ്യത്യസ്തമായ രണ്ടുടലുകള്‍ ലയിക്കുമ്പോള്‍ തുളുമ്പുന്ന പ്രണയത്തിന്റെ നൂലിഴകള്‍. ഏതൊക്കെയോ വഴികളിലൂടെ കടന്നു വന്ന്, ഒരിടത്ത് വന്നു ചേരുന്ന പട്ടിന്റെ പൂവിഴകള്.
വിശ്വാസിയും അവിശ്വാസിയുമായി തുടര്‍ന്നിട്ടും നമ്മളിവിടെ സകല ലോക സാക്ഷിയുടെ പടിക്കെട്ടില്‍ ചേര്‍ന്നിരിക്കുന്നു. ചന്ദ്രനും നക്ഷത്രങ്ങളും സാക്ഷിയാവുന്നു. വ്യത്യസ്തതകളുടെ ജുഗല്‍ ബന്ദിയല്ലാതെ മറ്റെന്താണ് ജീവിതം.

കാമാക്ഷിയുടെ നഗരം
ഉണര്‍ന്നെഴുന്നേറ്റതും പെട്ടെന്നു റെഡിയായി. ഇന്ന് കാഞ്ചീപുരമാകെ കാണണം, ഒരായിരം കോവിലുകളുടെ നഗരത്തെ വലം വെക്കണം. പുണ്യ നഗരമാണ് കാഞ്ചി, വിശ്വാസികള്‍ക്ക് കാശിക്ക് തുല്യം. പഠനത്തിന്റെ, വിദ്യയുടെ, നിര്‍മിതികളുടെ, കവിതയുടെ എല്ലാം ഇരിപ്പിടം. സംഘം കൃതികളിലും മണിമേഖലയിലുമെല്ലാം കാഞ്ചിയുണ്ട്. ഈ നാഗരികതയുടെ പഴമക്ക് തെളിവാണ് ആ പരാമര്‍ശങ്ങള്‍.
ശൈവ, വൈഷ്ണവ വിശ്വാസങ്ങള്‍ ഇഴചേരുന്ന ഭൂമിക മാത്രമല്ലിത്. അനേകം ബുദ്ധവിഹാരങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ബോധിധര്‍മന്റെ ഇരിപ്പിടം കാഞ്ചിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മണിമേഖലൈ എന്ന ആദിമ തമിഴ് കൃതിയില്‍ ബുദ്ധവിസ്വാസങ്ങളും ധര്‍മമാര്‍ഗവും കാഞ്ചീപുരമെന്ന നഗരത്തിലെ വിഹാരങ്ങളും പരാമര്‍ശിക്കപ്പെടുന്നു. നായനാര്‍മാരും ആള്വാര്മരും ഒടുവില്‍ ശങ്കരനും ചേര്‍ന്ന ഭക്തി പ്രസ്ഥാനത്തിലൂടെ ബുദ്ധ വിശ്വാസങ്ങള്‍ ഒഴുകിപ്പോയി എന്ന് കരുതപ്പെടുന്നു. കാഞ്ചി കാമകോടി പീഠം സ്ഥാപിച്ചത് ശങ്കരാചാര്യര്‍ നേരിട്ട് തന്നെയെന്നാണ് വിശ്വാസം.
ചോള, പല്ലവ രാജ വംശങ്ങളുടെ കീഴിലാണ് കാഞ്ചി നഗരം വളര്‍ന്നതും പന്തലിച്ചതും. രണ്ടു നൂറ്റാണ്ടോളം പല്ലവ രാഷ്ട്രീയ ശക്തിയുടെ ഇരിപ്പടമായിരുന്നു ഇവിടം. മതം, രാഷ്ട്രീയം, വാസ്തുവിദ്യ, സംഗീതം, പഠനം എല്ലാം ഇഴചേര്‍ന്ന ഇടം. പിന്നെ ഇഴപൊട്ടാത്ത, കാലാതീതമായ പട്ടും. എങ്കിലും ശക്തിയുടെ, വിരക്തിയുടെ, ആസക്തിയുടെ എല്ലാം ഒറ്റസ്ഥാനമായ കാമാക്ഷിയുടെ നഗരമാണ് കാഞ്ചീപുരം ആദ്യാവസാനം. മുക്തിയുടെയും മോക്ഷത്തിന്റെയും നഗരമാണിത്, കാശിയോളം പുണ്യമുള്ള മണ്ണ്. അയോധ്യക്കും ദ്വാരകക്കും അവന്തികക്കും ഒപ്പം പ്രാധാന്യമുള്ള സ്ഥലം.
വരദരാജനെയും ഏകാമ്പരേശ്വരനെയും കാമാക്ഷിയെയും കണ്ടു തീര്‍ക്കാന്‍തന്നെ വേണം ആഴ്ചകള്‍. കൈലാസനാഥനും കണ്ടാലും തീരാത്ത വിസ്മയം. വലിയ ഗോപുരങ്ങള്‍, കല്ലുവിരിയിട്ട നടവഴികള്‍, മണ്ഡപങ്ങള്‍, തൂണുകളിലും ചുവരുകളിലും നിറയുന്ന അതിമനോഹരവും ഗംഭീരവുമായ കൊത്തുപണികള്‍. ഈ പ്രദക്ഷിണ വഴികളില്‍ നിറയുന്നത് വിശ്വാസത്തിന്റെ ആഴങ്ങളാണോ, കല്ലില്‍ വിരിയുന്ന കവിതയാണോ തെന്നിന്ത്യയുടെ മഹാരാജവംശങ്ങളുടെ ഭരണവും പടപ്പുറപ്പാടും നിറഞ്ഞ കഥകളുടെ കുളമ്പടിയാണോ എന്ന് വേര്‍തിരിക്കുക പ്രയാസം.
ഒരു പകലാകെ അവിടെ ചുറ്റി തളര്‍ന്നു. കണ്ണിനും മനസ്സിനും ഉള്‍ക്കൊള്ളാനാവുന്നതിലും വലുതും ഗംഭീരവുമാണ് കാഞ്ചീപുരത്തിന്റെ കോവിലുകള്‍. എത്രയോ നടകളില്‍ തൊഴുതു. മൂര്‍ത്തിയും പൂജയും ഉള്ളയിടത്തും ഒഴിഞ്ഞ ഗര്‍ഭഗൃഹങ്ങളുടെ മൗനത്തിലും ഒരേ ദേവസാന്നിധ്യം.
നീലപ്പട്ട് ചൂടിലും ചെറുമഴയിലും നനഞ്ഞു. മുടിയിലെ കൊഴുന്ത് കടുത്തു മണത്തു. നെറ്റിയില്‍ കുങ്കുമം. മഞ്ഞളും ചന്ദനവും.
മടക്കയാത്രയുടെ പട്ടുപാതകള്‍
കടല്‍ തീരങ്ങള്‍ക്ക് പച്ചയും നീലയും കലര്‍ന്നൊരു നിറച്ചാര്‍ത്തുണ്ട്. തെങ്ങോലപ്പീലി തൊട്ടുതൊട്ട്, ആകാശത്തിന്റെ നീല പച്ചയാവും. നീലക്കടലിന്റെ ആഴങ്ങളില്‍ നിന്ന് അടിച്ചെത്തുന്ന തിരയറ്റം ഗ്ളാസു പോലെ തിളങ്ങി കടല്‍ പച്ചയാവും. പച്ചയുടെയും നീലയുടെയും വല്ലാത്തൊരു ലയമാണത്. കടലാകാശങ്ങളുടെ സങ്കലനം. ആദിമ നിറക്കൂട്ടുകളാല്‍ നെയ്തെടുത്ത നീല – പച്ച പട്ട്. അതിന് ചെറിയൊരു കരിനീല ബോര്‍ഡര്‍.
തീരത്തെ ഭക്ഷണയിടത്തില്‍ ഞങ്ങളിരുന്നു. വെയില്കാളും ഉച്ച ചായുമ്പോള്‍ ഒരു കടല്ക്കാറ്റു വന്നു. പ്രകൃതിയുടെ പച്ച – നീല സാരിയില്‍ ഓളങ്ങള്‍ തീര്‍ത്ത് അത് വീശിക്കടന്നു പോയി. മഷി പോലെ നീലിച്ച കണ്ണുകള്‍ കൊണ്ട് ആകാശം ഒന്നു കൂടി നോക്കി.
പടികളിറങ്ങി ആ തെളിഞ്ഞ വൈകുന്നേരത്ത് കടല്‍ തീരത്തു കൂടി നടന്നു.
ദക്ഷിണേന്ത്യയുടെ മായക്കാഴ്ചകളൊക്കെ ചെപ്പിലൊതുക്കും പോലെ ഒരു കുഞ്ഞു റിസോര്‍ട്ട്. ഏഴു മണിയോടെ അവിടെയെത്തി. മണല്‍ നിറം പടര്‍ന്ന തീരങ്ങള്‍ക്കിടയിലൂടെ കറുത്തു നീണ്ട പാത. അവിടെ തുരുത്ത്.
എക്കാലത്തെയും വലിയൊരു മോഹമായിരുന്നു ഇവിടെയൊരു ദിവസം. നീണ്ട വരാന്തയില്‍ ഡിന്നര്‍. കുളിച്ചു വന്നപ്പോഴത്തെ പുതുമയില്‍ ചുറ്റിയ കാഞ്ചീപുരത്തിന് വെണ്ണനിറവും കായമ്പൂ നിറമുള്ള ബോര്‍ഡറും. ‘സാരിയുടുത്ത് മടുക്കാത്ത പെണ്ണേ’ എന്നൊരു മുഖഭാവത്തില്‍ ഒളിപ്പിച്ച ചിരി.
കിടക്കാന്‍ തയ്യാറെടുക്കണം, രാവിലെ ഉണരണം. അലാറം വെക്കണം. മുടിയൊന്നു ചീകി ഒതുക്കി തിരിയുമ്പോള്‍ കണ്ണാടിക്കു പിന്നിലെ ചിരിക്കുന്ന മുഖം മുടിയിലോ സാരിയിലോ ഒന്നുരുമ്മി.
ഇങ്ങനെയാവാം പട്ടിന്റെ കടല്‍ വന്നു മൂടുക, ഓരോ പട്ടുനൂലും അഗ്നിയായി വിരിയുക, സ്നേഹത്തിന്റെ ഓജസ്സത്രയും മേലാകെ നിറക്കാന്‍ കാഞ്ചിയിലെ പട്ടിനേ ആകൂ. ഒരോ കസവിഴയിലും ജീവിതാസക്തി ഇഴചേര്‍ക്കാന്‍ വേറെ ഏതു നെയ്ത്തിനാവും!
ഇനി മടക്കയാത്ര. വരദരാജപെരുമാളെ വണങ്ങി, എത്രയോ നേരം. നല്ല കടുപ്പത്തിലുള്ള കാപ്പി നുണഞ്ഞു. കാമാക്ഷിയുടെ ഗോപുരത്തില്‍ കണ്ണെത്തിച്ചു. ഉടല്വിറപ്പിക്കും മഞ്ഞുകാറ്റുകളെ അതി ജീവിക്കാന്‍ പട്ടുസാരികള്‍ വാങ്ങി, സ്നേഹചൂട് നില്ക്കട്ടെ അടുത്ത യാത്ര വരെ. വീണ്ടുമുള്ള കണ്ടുമുട്ടല്‍ വരെ.
നീണ്ട വഴികളിലൂടെ, കടലോരങ്ങളിലൂടെ തിരികെ യാത്ര. മഹാനഗരമാണ് ലക്ഷ്യം, പിന്നെ വിമാനം കയറണം. പ്രിയമുള്ള കൈവിരലില്‍ കൈവിരല്‍ കോര്‍ത്ത്, കാഞ്ചീപുരത്തേക്ക് വീണ്ടും പോകണം. എന്നെങ്കിലും, കാമാക്ഷി അനുഗ്രഹിച്ചാല്‍ ഈ മണ്ണില്‍ വീണ്ടും ചവിട്ടാനാവും. അത്രയും സ്നേഹവും പുണ്യവും ഇഴചേരുമിടമാണ് കാഞ്ചീപുരം.