മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ ആണന്നാണോർമ. അതിനപ്പുറം പോകില്ല. ആൺകുട്ടികളേയും പെൺകുട്ടികളേയുമെല്ലാം ഇടകലർത്തിയാണിരിത്തിയിരുന്നത്. എന്റടുക്കൽ ഇരുന്നത് നീനുവായിരുന്നു. അവളായിരുന്നു അന്നെന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും. ബോയ്സിന്റേയും ഗേൾസിന്റേയും ടോയ്ലറ്റിലേക്കുള്ള വഴി ഒന്നായിരുന്നു. ഒരു ഓടിട്ട മുറി മതിലിനാൽ രണ്ടായി വേർതിരിച്ചിരിക്കുന്നു. ഇപ്പുറം ബോയ്സിന്റെയും അപ്പുറം ഗേൾസിന്റേയും മൂത്രപ്പുര. ആദ്യ രണ്ട് പിരീഡുകൾക്ക് ശേഷമുള്ള ഇന്റർവൽ സമയം, ടോയ്ലറ്റിലേക്കുള്ള തിരക്കേറിയ വഴിയിൽ വച്ച് നീനുവാണന്ന് കരുതി പിറകിലൂടെ ഓടി വന്ന് പാവാs പൊക്കിയിട്ട് അവൾ തിരിഞ്ഞ് നോക്കുന്നതിന് മുന്നായി തിരിഞ്ഞോടി ഞാൻ ക്ലാസിൽ വന്നിരുന്നു. തിരിച്ച് ക്ലാസിലെത്തി എന്റടുക്കൽ വന്നിരുന്ന അവൾ എന്നോടൊന്നും ചോദിച്ചില്ല. അതിനെപ്പറ്റി ഞാനവളോട് ഒന്നും പറഞ്ഞതുമില്ല. ഒരു ഭാവമാറ്റവും അവൾക്കില്ലായിരുന്നു താനും.

രണ്ട് ദിവസങ്ങൾക്ക് ശേഷമുള്ള ദിവസം, ആദ്യ പിരീഡിൽ (മാത്സ് ക്ലാസ്) ക്ലാസിൽ വൈസ് പ്രിൻസിപ്പൽ ആയ മദർ വന്ന് എന്നെ വിളിച്ചു കൊണ്ട് പ്രിൻസിപ്പലിനടുക്കലേക്ക് കൊണ്ടുപോയി. ‘ഗുരുതരമായ’ കുറ്റം ചെയ്തവരെയാണ് പ്രിൻസിപ്പലിനടുക്കലേക്ക് കൊണ്ടു പോവുക. സാധാരണ ഗതിയിൽ പ്രിൻസിപ്പിലിനടുക്കലേക്ക് കൂട്ടിക്കൊണ്ട് പോകാൻ എത്തുക ആന്റിമാരായിരിക്കും. പക്ഷേ എന്നെ കൊണ്ടു പോകാൻ എത്തിയത് മദർ ആണ്. ടീച്ചർമാർക്ക് പോലും മദറിനെയും പ്രിൻസിപ്പലായ ഫാദറിനേയും പേടിയാണ്. അപ്പോൾ ഞങ്ങളുടെ പേടി പറയേണ്ടതുണ്ടോ?! എന്നെ കൂട്ടിക്കൊണ്ട് പോകാൻ വന്ന മദർ, ക്ലാസ് ടീച്ചർ കൂടിയായ മാത്സ് അധ്യാപിക ആനി ടീച്ചറിനോട് (പേര് യഥാർത്ഥമല്ല) മാറി നിന്ന് സ്വകാര്യമായി സംസാരിക്കുക കൂടി ചെയ്തിട്ടാണ് എന്നെയും കൂട്ടി പ്രിൻസിപ്പലിനടുക്കലേക്ക് പോകുന്നത്. കർക്കശക്കാരിയായ, എല്ലാവർക്കും പേടിയായ ആനി ടീച്ചറിന്റെ നിശബ്ദമായ ക്ലാസ്, കാതടപ്പിക്കുന്ന നിശബ്ദതയിലായി. ഒരിക്കൽ ഗ്രൗണ്ടിൽ ഓടിക്കളിച്ച പയ്യനെ വിളിച്ചു വരുത്തിയ ആനി ടീച്ചറിന് മുന്നിൽ അവൻ നിക്കറിനിടയിലൂടെ മൂത്രമൊഴിച്ചപ്പോൾ വിട്ടയച്ചത് ഞാൻ കണ്ടിരുന്നു. കള്ളനെ കൂട്ടിക്കൊണ്ടു പോകുന്ന പോലീസ് സംഘത്തെ ആളുകൾ നോക്കുന്ന പോലെ, ക്ലാസിലെല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് മാത്രമായി.
Also Read: മേമയ്ക്ക്…സ്വന്തം അപു
നീനുവാണന്ന് കരുതി ഞാൻ പാവാട പൊക്കിയത് ക്ലാസിലെ മറ്റൊരാളായ അനീഷയുടേതായിരുന്നു എന്ന് ഞാനപ്പോഴാണറിയുന്നത്. ആ സംഭവത്തിന് ശേഷം അനീഷ ക്ലാസിൽ വന്നിരുന്നില്ല. സ്ക്കൂളിൽ പോകാത്തതിന്റെ കാരണം അവൾ വീട്ടുകാരോട് ആദ്യം പറഞ്ഞിരുന്നില്ലായിരുന്നു. വീട്ടുകാർ ഒരുപാട് ആവർത്തിച്ച് ചോദിച്ചതിന് ശേഷമാണത്രേ ആ അപമാന ഭാരം അവൾ അവരോട് പറയുന്നത്. അനീഷയും അനീഷയുടെ അമ്മമ്മയും പ്രിൻസിപ്പൽ റൂമിൽ ഇരിപ്പുണ്ട്. പ്രതിയായ ഞാൻ അടി വാങ്ങാൻ തയ്യാറായി റൂമിന്റെ മൂലക്കായി മാറി നിന്നു. അത്ഭുതമെന്ന് പറയട്ടെ, അനീഷയും അമ്മമ്മയും പോയിക്കഴിഞ്ഞപ്പോൾ ക്ലാസിൽ പോകാൻ ഫാദർ എന്നോട് പറഞ്ഞു. അടി പോയിട്ട് ഒന്ന് ശാസിക്കുക കൂടി ചെയ്തില്ല. തിരിച്ചെന്നെ ക്ലാസിൽ കൊണ്ടാക്കിയ മദറും എന്നോടൊന്നും പറഞ്ഞില്ല. എന്നാൽ ഇരുവരും ‘ഞാൻ പാവാട പൊക്കിയോ ?’ എന്ന് ചോദിച്ചിരുന്നു.

എല്ലാം തീർന്നെന്ന് സമാശ്വസിച്ച് തിരികെ ക്ലാസിലെത്തിയ എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. എഴുന്നേൽപ്പിച്ച് നിർത്തി അലറിക്കൊണ്ട് ആനി ടീച്ചർ എന്നെ ശാസിച്ചു. ‘നിന്റെ വീട്ടിൽ അമ്മയും പെങ്ങളുമുണ്ടല്ലോടാ… ക്ലാസിലെ പെൺപിള്ളേരോടല്ല, നിന്റെ വീട്ടിലെ പെണ്ണുങ്ങളോട് പോയി കാണിക്കടാ’ എന്നൊടുവിൽ അലറി ശാസിച്ച് എന്നെ ഇരുത്തി. എല്ലാം തീർന്ന് കിട്ടിയ സമാധാനത്തിൽ ഞാൻ ഇരുന്നു. ആനി ടീച്ചർ പറഞ്ഞതൊന്നും എനിക്ക് മനസിലായിരുന്നില്ല. അത് കൊണ്ട് തന്നെ, എന്നെ അത് തീർത്തും വേദനിപ്പിച്ചതുമില്ല. സ്വവർഗ പ്രണയി ആയ എനിക്ക്, ആണുങ്ങൾക്ക് പെണ്ണുങ്ങളോടും പെണ്ണുങ്ങൾക്ക് ആണുങ്ങളോടും ഇഷ്ടവും താത്പര്യവുമൊക്കെ തോന്നുമെന്നുള്ളത് മനസിലായത് എല്ലാവരും മനസിലാക്കുന്നതിലും വൈകിയാണ്. ഏഴാം ക്ലാസിലെ അല്ലറ ചില്ലറ കത്ത് മാറ്റങ്ങളാണ് അത് മനസിലാക്കിത്തന്നത്. ആ എന്നെ ആനി ടീച്ചറിന്റെ വാക്കുകൾ എങ്ങനെ വേദനിപ്പിക്കാനാണ്? ഒരു ആൺകുട്ടി മറ്റൊരു ആൺകുട്ടിയുടെ ട്രൗസർ പിടിച്ച് പൊക്കുന്നത് പോലെയുള്ള ഒരു നിരുപദ്രവമായ ബാല്യകാലതമാശ മാത്രമായിരുന്നു എനിക്കത്. ഭിന്നവർഗാനുരാഗിയായ (ഹെറ്ററോസെക്സ്വൽ) ഒരാൺകുട്ടിക്ക് മറ്റൊരാൺകുട്ടിയോട് തോന്നുന്ന അതേ അടുപ്പത്തിന്റെയും സൗഹൃദത്തിന്റെയും സ്വാഭാവികത തന്നെയായിരുന്നു സ്വവർഗപ്രണയി ആയ എനിക്ക് എന്റെ കൂട്ടുകാരികളോട് ഉണ്ടായിരുന്നത്. ഇന്നും അങ്ങനെ തന്നെയാണ്.
എനിക്ക് ആഴത്തിൽ അടുത്തിടപഴകാൻ ഏറ്റവും നന്നായി സാധിക്കുക കൂട്ടുകാരികളോടാണ്. മറ്റ് പല കാരണങ്ങൾ കൂടി ഞങ്ങളെ ഒരുമിപ്പിച്ച് നിർത്താൻ ഇന്ന് ഹേതുവാകുന്നുണ്ട്. ഞങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണങ്കിൽ കൂടിയും, പുരുഷാധിപത്യത്തിനെതിരെ ഒരു കോമൺ പ്ലാറ്റ്ഫോമിൽ നിന്ന് പൊരുതുന്നു എന്നതും ഞങ്ങളെ ഒരുമിപ്പിച്ചു നിർത്തുന്നുണ്ട്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമിടയിൽ അതിരുണ്ടെന്നും, ഒരാൺകുട്ടി മറ്റൊരാൺകുട്ടിയോട് പറയുന്നതും ചെയ്യുന്നതും പോലെ പെൺകുട്ടിയോട് പറ്റില്ലെന്നുമുള്ള ആദ്യ മനസിലാക്കൽ സ്വവർഗപ്രണയി ആയ എനിക്കുണ്ടാകുന്നതും, അങ്ങനെ ‘കണ്ടീഷനിങ്ങി’ന് വിധേയമായി അച്ചിൽ വാർക്കപ്പെടാൻ പര്യാപ്തമാകുന്നതിന്റെയും ആരംഭം ആനി ടീച്ചറിന്റെ ആ ശകാരത്തിലൂടെയാണ്. ശരീരത്ത് പെൺമ അല്പം പ്രകടമായിരുന്ന എനിക്ക് അധ്യാപകരിൽ നിന്നും സമപ്രായക്കാരിൽ നിന്നും കിട്ടിയ അസ്തിത്വത്തെ പരിഹസിക്കലും കളിയാക്കലുകളും പിന്നീട് കുന്നു കൂടിയപ്പോൾ ഞാനാ നാലാം ക്ലാസ് അനുഭവത്തെ മറന്നു. അബോധ മനസിലെവിടെയോ പോയി പാത്തിരുന്നു കുറേ കാലമത്. മനസിലാക്കലുകൾ വന്ന് ചേർന്നപ്പോൾ ഒന്നുമറിയാത്ത പ്രായത്തിൽ കിട്ടിയ, ജീവിതത്തിൽ ഓർത്തെടുക്കാൻ കഴിയുന്ന ആദ്യത്തെ ‘ഹെറ്ററോനോർമേറ്റീവ് ‘ ശകാര വാക്കുകൾ അബോധ മനസിൽ നിന്ന് കൂട് പൊളിച്ച് പുറത്ത് വന്ന് കുത്തി നോവിക്കാൻ ആരംഭിച്ചിരുന്നു. അന്നൊരു അടി കിട്ടിയിരുന്നേൽ പിന്നീട് വേദനിക്കുമായിരുന്നില്ല. എന്നാൽ അന്ന് മനസിലാവാത്തത് കാലങ്ങൾ കുറേ പിന്നിട്ട് മനസിലാക്കൽ എത്തിച്ചേർന്നപ്പോൾ വേദനിപ്പിച്ച് തുടങ്ങി.

ആരുമറിയാതെ, ഉള്ളിൽ മാത്രമായൊതുങ്ങി നിന്ന വേദനയെ ആശ്വസിപ്പിച്ചത് അഷിതയാണ്, പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ പഠിച്ച ‘കല്ലു വെച്ച നുണകൾ’ എന്ന കഥയിലൂടെ. ഉമ എന്ന ഏഴാം ക്ലാസ് പെൺകുട്ടി തന്റെ വീട്ടിൽ വന്ന് അമ്മയോട് ക്ലാസിൽ അന്ന് സംഭവിച്ച കാര്യങ്ങൾ വിവരിക്കുന്നതിലൂടെയാണ് അഷിത തന്റെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്. തന്റെ ക്ലാസിലെ ഷെയ്ക്ക് ഫിറോസിന് ടീച്ചറിന്റെ കയ്യിൽ നിന്ന് അന്നും അടി കൊണ്ട കാര്യമാണ് അവളാദ്യം അമ്മയോട് പറയുന്നത്. മോഹൻലാലിനെ അനുകരിച്ച് ബെഞ്ചിൻ മേൽ കാല് കയറ്റി വച്ച് തന്റെ ക്ലാസിലെ മീന. വി. ആർ നോട് ‘ഞാൻ മീന വീ.ആർ. നെ സ്നേഹിക്കുന്നു, നാളെ ഞങ്ങളുടെ വിവാഗം’ എന്ന് ഷെയ്ഖ് ഫിറോസ് പറയുമ്പോൾ ‘അപമാനത്താൽ’ അവൾ കരയുന്നു. ക്ലാസിലെ മറ്റ് കുട്ടികൾ ടീച്ചറിനോട് ചെന്ന് കാര്യങ്ങൾ പറയുമ്പോൾ അവരുടെ കണ്ണ് തള്ളിപ്പോകുന്നുണ്ട്! ടീച്ചറിന്റെ കയ്യിൽ നിന്നും ചൂരലിന് അടി വാങ്ങിയ ഷെയ്ഖും മീന വി.ആറും ഒരു ബെഞ്ചിലിരുന്ന് തന്നെ കരയുന്നു. ഷെയ്ക്ക് ഇനി ആരേയും സ്നേഹിക്കില്ലാന്ന് പറയുന്നുണ്ട്. സ്നേഹം എന്നത് ഇത്ര ചീത്ത കാര്യമാണോ എന്ന് ഉമ അമ്മയോട് ചോദിക്കുമ്പോൾ അവർ പതറിപ്പോകുന്നുണ്ട്. തിരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ നിസഹായയായിപ്പോകുന്നുണ്ട്. ഈ കഥയിലൂടെ അഷിത എന്നെ കൂട്ടിക്കൊണ്ട് പോയത് ഞാൻ ആരോടും പറഞ്ഞിട്ടില്ലാത്ത എന്റെ നാലാം ക്ലാസ് അനുഭവത്തിലേക്കാണ്. ടീച്ചറിന്റെ കയ്യിൽ നിന്ന് അടിവാങ്ങിച്ച ഷെയ്ഖ് ഫിറോസിനെ ആനി ടീച്ചറിൽ നിന്ന് വഴക്ക് കേട്ട നാലാം ക്ലാസുകാരനിൽ കാണാൻ പറ്റുന്നുണ്ട്. അങ്ങനെ സമാശ്വസിപ്പിച്ച ആ കഥയിലൂടെയാണ് അഷിതയെ ആദ്യമായി വായിക്കുന്നതും പരിചയപ്പെടുന്നതും. അഷിതയുടെ പല കഥകളും പിന്നീട് വായിച്ചിട്ടുണ്ടെങ്കിലും സ്വാനുഭവം പിടിച്ചു കുലുക്കി പ്രിയപ്പെട്ടതാക്കിയ ആ കഥ പോലെ മറ്റൊന്നുണ്ടായിട്ടില്ല.
ബാല്യകാലത്തിൽ കുട്ടികൾ ചെയ്യുന്ന ചില കുസൃതികൾ മുതിർന്നവരുടെ സദാചാരകണ്ണിലൂടെ മാത്രം കണ്ടു ശിക്ഷ വിധിക്കുന്നത് നമ്മുടെ അധ്യാപകർ തലമുറയായി ചെയ്തുവരുന്ന ഒരു പാതകമാണ്.
ഇന്നൊരു അധ്യാപക വിദ്യാർത്ഥി ആയിരിക്കുമ്പോഴും, ലൈംഗിക സ്വത്വം തുറന്ന് പറഞ്ഞ് ഞാൻ ഞാനായതിന്റെ പേരിൽ ഹീനമായ ‘ഹോമോഫോബി’യക്ക് ഞാൻ അധ്യാപകരാൽ പാത്രമാകുന്നുണ്ട്. ‘ഹോമോഫോബിയ’ എന്നാൽ എന്താണന്നറിയാത്ത, അത് റാഗിങ്ങ് പരിധിയിൽ ഉൾപ്പെടുന്നതാണെന്ന് പോലും മനസിലാക്കാതെ വിചാരണ ചെയ്യപ്പെടുന്നതിനേക്കാൾ ഭയവും അരക്ഷിതാവസ്ഥയും തോന്നിപ്പിക്കുന്നത് അവർ ഭാവി അധ്യാപകരെ വാർത്തെടുക്കുന്ന അധ്യാപകരായതിനാലാണ്. ഒരെഴുത്തുകാരിയായും അധ്യാപികയായും അകലങ്ങളിൽ ഇരുന്ന് നിങ്ങൾ എഴുത്തുകളിലൂടെ അധ്യാപകരാൽ വേട്ടയാടപ്പെടുന്ന വിദ്യാർത്ഥികൾക്ക്, സ്ത്രീയായത് കൊണ്ട് രണ്ടാം പൗരരായി പോകുന്ന മനുഷ്യർക്ക് ഊർജവും സാന്ത്വനവും നല്കിയിരുന്നു. നിങ്ങളുടെ അസാന്നിധ്യം വേദനിപ്പിക്കുന്നുണ്ട്. നന്ദി, കൂപ്പുകൈ, ഞങ്ങൾ ജീവിച്ച നൂറ്റാണ്ടിൽ ജീവിച്ചിരുന്നതിന്, വേദനകളിൽ സമാശ്വസിപ്പിച്ച് കൂടെ നിന്നതിന്. പ്രിയപ്പെട്ട അഷിതക്ക് വിട, പ്രണാമം.
Read More: ആരാണ് എനിക്ക് അഷിത ?