ഞാന്‍ സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത്, ദക്ഷിണേന്ത്യന്‍ സംഗീത ലോകത്തെ സൂര്യപ്രഭയായിരുന്നു ഇളയരാജാ സര്‍. അന്ന് തമിഴ് നാട്ടിലൂടെ എപ്പോള്‍ സഞ്ചരിച്ചാലും കാതില്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്‍റെ സംഗീതമായിരുന്നു. അന്ന് മനസില്‍ ഒരു മോഹമുണ്ടായിരുന്നു; എന്‍റെ ഏതെങ്കിലും ഒരു സിനിമയ്ക്ക് അദ്ദേഹത്തെക്കൊണ്ട് സംഗീതം ചെയ്യിക്കണം എന്ന്. പക്ഷെ നമുക്ക് കൈയ്യെത്താ ദൂരത്തായിരുന്നു അന്ന് അദ്ദേഹം.

വളരെക്കാലം കഴിഞ്ഞ് ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ സംവിധാനം ചെയ്യുന്ന സമയത്ത് ആ മോഹം ഒന്ന് കൂടി പൊട്ടിമുളച്ചു. ഇളയരാജാ സര്‍ വാരിവലിച്ച് സിനിമകള്‍ ചെയ്യുന്ന ഒരാളല്ല. ഞാന്‍ സംവിധായകന്‍ ഫാസിലിനോട് ഇക്കാര്യം സംസാരിച്ചു. ഫാസിലാണ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുന്നത്. ആ ഒരൊറ്റ ചിത്രം തീര്‍ന്നപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ വലിയൊരു സൗഹൃദം ഉണ്ടായി എന്നതാണ് അത്ഭുതം.

രണ്ടു പേരുടേയും ആത്മാവ് ഗ്രാമങ്ങളില്‍ ആയതുകൊണ്ടായിരിക്കാം അങ്ങനെയൊരു ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്തത് എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരും നാട്ടുമ്പുറത്തുകാരാണല്ലോ.

 

പിന്നീട് തുടര്‍ച്ചയായി എന്‍റെ നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നിര്‍വ്വഹിച്ചു. അക്കാലങ്ങളിലാണ് അദ്ദേഹത്തെ കൂടുതല്‍ മനസിലാക്കാനുള്ള അവസരം ലഭിച്ചത്. അടുത്തറിയുമ്പോഴാണ് ഇളയരാജ എന്ന വ്യക്തിയും, ഇളയരാജ എന്ന സംഗീതജ്ഞനും എന്തു കൊണ്ടാണ് ഇത്രയും ഉയരത്തില്‍ നില്‍ക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത്.

സംഗീതത്തിനു വേണ്ടി ജനിച്ചതാണ് ഇളയരാജ. അദ്ദേഹത്തിന്‍റെ ചിന്തകള്‍ പോലും സഞ്ചരിക്കുന്നത് സംഗീതത്തിലൂടെയാണ്. എന്തു സംസാരിക്കുമ്പോഴും അതിനുള്ളില്‍ സംഗീതമുണ്ടാകും. സംഗീതമാണ് അദ്ദേഹത്തിനെല്ലാം.

ഇളയരാജ എന്ന വ്യക്തി വളരെ പരുക്കനാണ് എന്നു തോന്നിക്കുന്ന ഒരു പരിവേഷം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അടുത്തറിയുന്നവര്‍ക്കറിയാം അതിനുള്ളില്‍ വളരെ നിര്‍മ്മലമായൊരു ഹൃദയമുണ്ട് എന്ന്. സംഗീതം ചിട്ടപ്പെടുത്തുന്നതിനിടയിലും, ഓര്‍ക്കസ്ട്ര സെറ്റ് ചെയ്യുന്നതിനിടയിലുമൊക്കെ ഞങ്ങളിരുന്ന് സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ചല്ല, ജീവിതത്തെക്കുറിച്ച്. അപ്പോഴെല്ലാം പരുക്കന്‍ പരിവേഷത്തിനപ്പുറത്തെ, ജീവിതാനുഭവങ്ങള്‍ കൊണ്ട് പരുവപ്പെട്ട ഒരു മനസ്സും, സംഗീതത്തിലേക്ക് അത് വിളക്കിച്ചേര്‍ത്ത് വയ്ക്കാന്‍ ശ്രമിക്കുന്ന ഒരു കലാകാരനേയും കണ്ടിട്ടുണ്ട്.

റെക്കോര്‍ഡിംഗ് വേളയില്‍ (ഫോട്ടോ കടപ്പാട്. സത്യന്‍ അന്തിക്കാട്)

തമിഴ്‌നാട്ടില്‍ ഏറ്റവും തിരക്കു പിടിച്ച് റെക്കോര്‍ഡിങ് നടക്കുന്ന കാലത്ത് രാവിലെ ഏഴു മണിക്ക് അദ്ദേഹം സ്റ്റുഡിയോയില്‍ എത്തുമായിരുന്നത്രെ. എട്ടു മണിക്ക് റെക്കോര്‍ഡിങ് തുടങ്ങും. അതു രാത്രി 12 വരെയൊക്കെ നീണ്ടു പോകും. ദിവസം നാല് പാട്ടുവരെ റെക്കോര്‍ഡ് ചെയ്തിരുന്ന കാലമൊക്കെ ഉണ്ടായിരുന്നു.

ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ അദ്ദേഹം പുലര്‍ച്ചെ നാലുമണിക്ക് ദക്ഷിണാമൂര്‍ത്തിയുടെ വീട്ടില്‍ പോകുമായിരുന്നു. അഞ്ചുമണിക്ക് സ്വാമിയുടെ ക്ലാസ് തുടങ്ങും. ഇളയരാജയ്ക്കു വേണ്ടി മാത്രമായായിരുന്നു ആ ക്ലാസുകള്‍. പ്രശസ്തിയുടെയും തിരക്കുകലുടെയും നടുവില്‍ നില്‍ക്കുമ്പോളായിരുന്നു ഈ പഠനം.

മൂന്നു വര്‍ഷം മുമ്പ് ഒരുദിവസം ഞാന്‍ അദ്ദേഹത്തെ വിളിക്കുകയുണ്ടായി. അന്നദ്ദേഹം തഞ്ചാവൂരായിരുന്നു. ഒരു വിദേശസംഗീതജ്ഞന്‍റെ പക്കല്‍ നിന്നും ജാസ് സംഗീതം പഠിക്കാന്‍ പോയതായിരുന്നു അദ്ദേഹം. എഴുപതു വയസിനു ശേഷവും അദ്ദേഹം ഒരു വിദ്യാര്‍ത്ഥി തന്നെയാണ്. സംഗീതത്തിന്‍റെ അതിരുകള്‍ തേടി നടക്കുന്ന ഒരു പഠിതാവിന്‍റെ എളിമ ഉള്ളില്‍ സൂക്ഷിക്കുന്നു എന്നതു തന്നെയാണ് ഇളയരാജയുടെ മഹത്വം. പുരസ്‌കാരങ്ങളോ മറ്റ് അംഗീകാരങ്ങളോ അദ്ദേഹത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.

അദ്ദേഹത്തിന്‍റെ പിറന്നാള്‍ ഓര്‍ക്കുന്നത് പലപ്പോഴും നമ്മള്‍ ടിവിയില്‍ കാണുമ്പോഴാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പിറന്നാള്‍ ദിനത്തില്‍ ഞാനദ്ദേഹത്തെ വിളിക്കുകയുണ്ടായി. കുറേനേരം റിങ് ചെയ്തതിനു ശേഷമാണ് ഫോണ്‍ എടുത്തത്.

ഞാന്‍ ചോദിച്ചു, ‘സാര്‍, എവിടെയാണ്?’
‘ഞാന്‍ തിരുവണ്ണാമല രമണ മഹര്‍ഷിയുടെ ആശ്രമത്തിലാണ്, സത്യന്‍’ അങ്ങെത്തലയ്ക്കല്‍ നിന്ന് മറുപടി വന്നു.
‘കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ സാറിന്‍റെ പിറന്നാള്‍ ആഘോഷിക്കുകയാണ്’ ഞാന്‍ സൂചിപ്പിച്ചു.
‘അതു കൊണ്ടാണ് ഞാന്‍ ഇങ്ങോട്ടു വന്നത്, എന്‍റെ ഏറ്റവും വലിയ ആഘോഷം ഇവിടെയാണ് സത്യന്‍.’

ilayaraja,sathyan anthikadu

ആഘോഷങ്ങള്‍ക്കായി എവിടേയും പോകാത്ത ആളാണ് ഇളയരാജ. ഒരുപക്ഷെ ഇന്നും അദ്ദേഹം രമണാശ്രമത്തിലായിരിക്കാം. സിനിമകളുടെ വിജയാഘോഷങ്ങളിൽ പോലും പങ്കെടുക്കുന്ന സ്വഭാവക്കാരനല്ല. ‘അച്ചുവിന്‍റെ അമ്മ’ എന്ന ചിത്രത്തിന്‍റെ നൂറാം ദിനാഘോഷത്തിനായി ഞാനദ്ദേഹത്തെ വിളിച്ചു. വരില്ല എന്നു മനസില്‍ ഉറപ്പിച്ചുകൊണ്ടു തന്നെയായിരുന്നു വിളിച്ചത്.

കോഴിക്കോട്ട് മാങ്കാവില്‍ ചിത്രം ഷൂട്ട് ചെയ്ത വീടിന്‍റെ മുറ്റത്ത് ചെറിയൊരു പന്തലിട്ടായിരുന്നു ആഘോഷം. “ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ച് സദ്യ കഴിക്കുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ മാത്രമേയുള്ളൂ, സാറ് വന്നാല്‍ സന്തോഷം, പക്ഷെ ഞാന്‍ നിര്‍ബന്ധിക്കില്ല” എന്നു പറഞ്ഞു.

അദ്ദേഹം പറഞ്ഞു ‘ഞാന്‍ വരും സത്യന്‍’ എന്ന്. ഇത്രയും ലളിതമായ ആഘോഷമായതുകൊണ്ടാണ് അദ്ദേഹം വരാമെന്നു തീരുമാനിച്ചത്.

തലേദിവസം വൈകുന്നേരത്തെ വിമാനത്തില്‍ കോഴിക്കോട് വന്ന് ആ പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് തിരിച്ചു പോയത്. അത്തരം പ്രത്യേകതകള്‍ ഉള്ളൊരു സ്വഭാവക്കാരനാണ് എനിക്കറിയാവുന്ന ഇളയരാജ.

 

പ്രായം ഒരിക്കലും അദ്ദേഹത്തിന്‍റെ പ്രതിഭയെ ബാധിച്ചിട്ടില്ല. അത് വെറുമൊരു അക്കം മാത്രമാണ്. 365 ദിവസം എന്നു പറഞ്ഞ് ഇളയരാജയുടെ വയസിനെ തളച്ചിടാന്‍ നമുക്ക് കഴിയില്ല. അതിനുമൊക്കെ എത്രയോ മുകളിലാണ് ആ പ്രതിഭ.

അദ്ദേഹത്തിനൊപ്പം മറക്കാനാകാത്ത നിരവധി അനുഭവങ്ങള്‍ ഉണ്ട്. ‘അച്ചുവിന്‍റെ അമ്മയുടെ ആഘോഷത്തിനായി തലേദിവസത്തെ വിമാനത്തിന് കോഴിക്കോടെത്തി. അന്ന് താജിലാണ് അദ്ദേഹം താമസിച്ചത്. വൈകുന്നേരം ഞാന്‍ സാറിനെ കാണാന്‍ പോയി.

അദ്ദേഹം എന്നോടൊരു ആഗ്രഹം പറഞ്ഞു ‘വൈകുന്നേരം നമുക്കൊന്നു നടക്കാന്‍ പോയാലോ?’
ഞാന്‍ ചോദിച്ചു ‘എവിടെ?’
‘കോഴിക്കോട് ബിച്ചില്‍,’ ഉടന്‍ മറുപടിവന്നു.
ഞാന്‍ പറഞ്ഞു ‘എവിടെ പോയാലും സാറിനെ ആളുകള്‍ തിരിച്ചറിയും. പ്രത്യേകിച്ച് കോഴിക്കോടാണ്. സംഗീതത്തിന്‍റെ നാടാണ്. ഏത് ഇരുട്ടത്തു പോയാലും ആളുകള്‍ കൂടും’

മദ്രാസില്‍ ഈ ആഗ്രഹം ഒട്ടും നടക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് അദ്ദേഹം എന്നോടിത് ആവശ്യപ്പെട്ടത്. ഒടുവില്‍ ഞാന്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പി.വി ഗംഗാധരനോട് കാര്യം പറഞ്ഞു.

പിവിജി പറഞ്ഞു, കാപ്പാട് ബീച്ചില്‍ അറേഞ്ച് ചെയ്യാം, എട്ടുമണിയോടെ ബീച്ചിലേക്കുള്ള പ്രവേശനം നിര്‍ത്തും. അതിനു ശേഷം പോകാമെന്ന്. എട്ടുമണിക്കു ശേഷം ഞങ്ങളവിടെ പോയി. എല്ലാ ലൈറ്റും ഓഫ് ചെയ്തു. കാറിന്‍റെ ഹെഡ്‌ലൈറ്റ് മാത്രം ഓണ്‍ ചെയ്തിട്ട് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി.

Watermarked Ilaiyaraaja, Sathyan Anthikad 2

കടല്‍ക്കരയിലെ നടത്തത്തിനിടയില്‍ (ഫോട്ടോ കടപ്പാട്. സത്യന്‍ അന്തിക്കാട്)

അന്ന് അദ്ദേഹം അറബിക്കടലിനെ കുറിച്ചു പറഞ്ഞു. തിരമാലകളുടെ സംഗീതം സ്വരങ്ങളുടെ ജതികള്‍കൊണ്ടു പറഞ്ഞു തന്നു. തിരമാലകള്‍ക്കൊപ്പം കുട്ടികളെ പോലെ കളിക്കുന്ന ഇളയരാജയെയാണ് ഞാന്‍ കണ്ടത്. കുട്ടികള്‍ കളിക്കുന്നതു പോലെ തിരമാല കാലില്‍ തൊടാന്‍ വരുമ്പോള്‍ പുറകിലേക്ക് ഓടുകയും ചാടുകയും ചെയ്യുന്നു. ഇന്ത്യന്‍ സിനിമയിലെ സംഗീത ഇതിഹാസമാണ് എന്‍റെ മുമ്പില്‍ ഒരു മുഖം മൂടിയുമില്ലാതെ നിന്നു കളിക്കുന്നത് എന്നു ഞാനോര്‍ത്തു.

തലമുറകളിലൂടെ കടന്നു പോകുന്ന ഒരു സംഗീത സംവിധായകനാണ് ഇളയരാജ. കെ. ബാലചന്ദര്‍-ഭാരതിരാജ അടങ്ങുന്ന തമിഴ് സിനിമയുടെ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ചവരുടെ കാലഘട്ടം തുടങ്ങി ഞാനടക്കമുള്ള കഴിഞ്ഞ തലമുറയിലൂടെയും എനിക്കു ശേഷം വന്ന തലമുറയിലൂടെയും അദ്ദേഹം സഞ്ചരിക്കുന്നുണ്ട്.

അടുത്തിടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട് ഒരു സംശയം തീര്‍ക്കാന്‍ ഇളയാരാജാ സാറിനെ കാണണം എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ വിളിച്ചു പറയുകയും അല്‍ഫോണ്‍സ് പോയി കാണുകയും ചെയ്തു. തലമുറകളിലൂടെയുള്ള ഈ യാത്ര എന്നെന്നും നിലനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കട്ടെ.

അദ്ദേഹത്തിനോട് എനിക്കൊന്നും അങ്ങോട്ടു പറയാനില്ല. ഇങ്ങോട്ടു പറയുന്നതു കേള്‍ക്കാനാണ് ഇഷ്ടം. സംഗീതത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒരു തത്വജ്ഞാനിയെ പോലെയാണ് അദ്ദേഹം പറയുന്നത് കേട്ടാലും കേട്ടാലും മതി വരാത്ത സംഗീതമാണ്.

(സന്ധ്യ കെ പി യോട് പറഞ്ഞത്)

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ