കൊസൊവോയിലെ കൂട്ടക്കൊലകള്‍ നിത്യവാര്ത്തയായിരുന്ന കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ഡെസ്കിലായിരുന്നു പണി. മനുഷ്യരെ കൂട്ടത്തോടെ അടക്കിയ, ബെല്ഗ്രേഡിനടുത്തുള്ള ബതായ്നിച്ചയിലെ വെളിമ്പ്രദേശത്തു നിന്ന് നൂറുകണക്കിന് അസ്ഥികൂടങ്ങള്‍ മണ്ണുമാന്തികള്‍ കൊണ്ട് കുഴിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ അന്നു കണ്ട അതേ തെളിച്ചത്തോടെ ഓര്‍മ്മയിലുണ്ട്. (അതിന്റെ തുടര്‍ രംഗമെന്നവണ്ണം ഹേഗിലെ കോടതി മുറിയില്‍ വിചാരണ നേരിടുന്ന സ്ലൊബോദാന്‍ മിലോസെവിച്ചും) അതേ യന്ത്രക്കൈകള്‍ മനുഷ്യരെ കുഴിയിലിട്ട് മൂടുന്നത് ഒരു വിദൂരദൃശ്യമായി ‘The Load’ (Teret) എന്ന ചിത്രത്തിലൂടെ ഒഗ്ന്യന് ഗ്ലാവോനിച്ച് കാണിച്ചു തരുമ്പോള്‍ ശ്വാസം അക്ഷരാര്‍ത്ഥത്തില്‍ തൊണ്ടയില്‍ കുരുങ്ങും. മറവു ചെയ്യുന്നത് മൃതദേഹങ്ങളാണെന്ന് വ്യക്തമാക്കുന്നത്ര അടുത്തേക്ക് ക്യാമറ പോകുന്നതേയില്ല, പക്ഷേ അതു വരെ സിനിമ നല്കിയ സൂചനകള്‍ തന്നെ ധാരാളമായിരുന്നു സ്വാസ്ഥ്യം കളയാന്‍.
എന്തെന്നറിയാത്ത ഒരു ലോഡും കൊണ്ട് രാവെളുക്കും മുമ്പ് കൊസൊവോയില്‍ നിന്ന് ബെല്ഗ്രേഡിലെത്തണം. വഴിയില്‍ നിര്‍ത്താന്‍ പാടില്ല, ആരുമായും സംസാരവും -നിബന്ധന വെയ്ക്കുന്നത് പട്ടാളക്കാരാണ്. വ്ലാദ എന്ന ട്രക്ക് ഡ്രൈവറും ‘ദ ലോഡെ’ന്ന സിനിമയും ഇവിടെ നിന്നാണ് യാത്ര തുടങ്ങിയത്. വ്ലാദയുടെ ഭാര്യക്ക് സുഖമില്ല, അച്ഛന് കൂടെയില്ലാത്തതിന്റെ അമര്‍ഷമുണ്ട് പതിനാറുകാരനായ മകന്. വഴി നീളെ വീട് അയാളെ വിളിക്കുന്നുണ്ട്. കാണുന്ന ഓരോ പേ-ഫോണിനു മുന്നിലും നിബന്ധന തെറ്റിച്ച് അയാള്‍ ട്രക്ക് നിറുത്തുന്നുണ്ട്. ട്രക്കിന്റെ പിന്നിലെന്താണെന്നറിയാനുള്ള ആകാംഷ അടക്കിപ്പിടിക്കാന് അയാള്‍ ശീലിച്ചിട്ടുണ്ട്, ഇതയാളുടെ ആദ്യത്തെ ഓട്ടമല്ലല്ലോ! വഴിയില്‍ നിന്ന് കൂടെക്കൂടുന്ന മകന്റെ പ്രായമുള്ള പായ എന്ന യുവാവിനോട് മടിച്ചാണെങ്കിലും സ്വയം വെളിപ്പെടുത്തുന്നുണ്ട് വ്ലാദ. പായയാകട്ടെ സ്വന്തം സംഗീതവുമായി ജര്‍മ്മനിയിലേയ്ക്ക് കടക്കാനാണ് ശ്രമിക്കുന്നത്. ഈ യുദ്ധകാലത്ത് ഇവിടെ ഈ പാട്ടു കൊണ്ടെന്ത് ചെയ്യാനെന്നാണ് പായയുടെ ചോദ്യം. മിലേസെവിച്ച് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു അക്കാലത്തെ സെര്‍ബിയയിലെ മിക്ക റോക്ക് ബാന്‍ഡുകളും. ദോര്ദെ മര്യാനോവിച്ചിന്റെ പിന്മുറക്കാര് ഓരോരുത്തരായി വേദി വിടുകയോ ഒളിവില്‍ പോവുകയോ ചെയ്തിരുന്നു.
ട്രക്കിന്റെ ക്യാബിനില്‍ ഡ്രൈവ് ചെയ്യുന്ന വ്ലാദയിലാണ് സിനിമയുടെ ഫോക്കസ്. അയാളുടെ നീണ്ട മുടി, പകുതി നരച്ച താടി, വലിക്കുന്ന സിഗരറ്റുകള്‍, അത് കത്തിക്കാനുള്ള ലൈറ്റര്‍ – കാഴ്ചയുടെ വിശദാംശങ്ങളില്‍ ചരിത്രവും വര്‍ത്തമാനവും ഒരേപോലെ അടുക്കി വച്ചിട്ടുണ്ട് ഗ്ലാവോനിച്ച്. ഫാസിസ്റ്റുകളെ തുരത്തിയ പാര്‍ട്ടിസാന്‍ പോരാളിയായിരുന്ന അച്ഛന് വ്ലാദയുടെ ഗര്വ്വാണ്, അതാണ് അയാള്‍ സിഗാര്‍ ലൈറ്ററായി കൂടെ കൊണ്ടു നടക്കുന്നത് – സുത്യേസ്കാ യുദ്ധ വിജയത്തിന്റെ ഓര്‍മ്മക്കുറി. വഴിയില്‍ വച്ച് ലൈറ്റര്‍ മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാരെ പിന്തുടര്ന്ന് അയാളെത്തുന്നത് മറ്റൊരു യുദ്ധ സ്മാരകത്തിലാണ്. അകലെ നാറ്റോ സൈന്യത്തിന്റെ വ്യോമാക്രമണം സദാ വെടിക്കെട്ടുപോലെ പശ്ചാത്തലത്തിലുണ്ട്. വ്ലാദ കടന്നു പോകുന്ന വഴിയില്‍ ബോംബിട്ട് തകര്‍ത്ത പാലമുണ്ട്, കാണാതായ യുവാക്കളെ ചൊല്ലി വിലപിക്കുന്ന സഹോദരിയും അവരെ തേടിപ്പോകാനൊരുങ്ങുന്ന സുഹൃത്തുക്കളുണ്ട്. അല്ബേനിയക്കാരവാണം അവര്‍.
ബല്ഗ്രേഡിലെത്തി, വൈകിയതിന് കാരണം ബോധിപ്പിച്ച് ലോഡ് കൈമാറുമ്പോള്‍ കിട്ടുന്നത് നൂറ് ഡോളറാണ്. അകലേയ്ക്ക് മാറ്റി നിര്‍ത്തുന്ന ട്രക്കില്‍ നിന്നും ഇറക്കുന്ന സാധനങ്ങള്‍ കുഴി വെട്ടി മൂടുന്നത് വ്ലാദ പോലും കാണുന്നത് ജനലിലൂടെയുള്ള വിദൂര ദൃശ്യത്തിലാണ്. ആ ദൃശ്യമാണ് സിനിമയുടെ അകത്തേക്കുള്ള കവാടം. തിരികെ കിട്ടുന്ന വണ്ടി കഴുകി വൃത്തിയാക്കി നാളത്തെ ഓട്ടത്തിന് തയ്യാറാകാനാണ് നിര്‍ദ്ദേശം. വണ്ടി കഴുകാനൊരുങ്ങു മ്പോള്‍ അയാള്‍ക്ക് മനം മറിഞ്ഞു പോകുന്നുണ്ട്. നിസ്സഹായതയും ആത്മപുച്ഛവും ഛര്‍ദ്ദിച്ചു കളയാന്‍ ശ്രമിക്കുകയാണയാള്‍. വണ്ടിയില്‍ നിന്ന് ഒഴുകിയെത്തുന്ന ചെളി വെള്ളത്തില്‍ പൊട്ടിയ കളിക്കോപ്പുകളും, പെണ്‍കുട്ടികളുടെ മാലയും. ട്രക്കിനകത്ത് മനുഷ്യരാവുമോ എന്ന് പല തവണയും കാണികള്‍ക്ക് തോന്നിപ്പിക്കുന്ന തരത്തിലുള്ള ശബ്ദവിന്യാസമൊരുക്കിയിട്ടു ണ്ട് സിനിമയുടെ ആദ്യഭാഗത്തുടനീളം. ഇവിടെയെത്തുമ്പോള്‍ ആ യന്ത്രക്കൈകള്‍ കുഴിച്ചു മൂടിയത് മൃതദേഹങ്ങള്‍ മാത്രമായിരുന്നോ എന്ന സംശയം കൊണ്ട് നമ്മള് നീറിത്തുടങ്ങും.
സുത്യേസ്കാ യുദ്ധത്തില്‍ തന്റെ അച്ഛന്, ഒപ്പമുണ്ടായിരുന്ന സഹോദരനെ നഷ്ടപ്പെട്ട കഥയാണ് ഒടുവില്‍ വ്ലാദ മകനോട് പറയുന്നത്. ആരുമറിയാതെ കുഴിച്ചു മൂടപ്പെട്ട പാര്‍ട്ടിസാന്‍ പോരാളികളിലൊരാളായി വര്‍ഷങ്ങള്‍ക്കു ശേഷം പിതൃസഹോദരന്റെ ശരീരാവശിഷ്ടം കണ്ടെത്തിയതും ആ അച്ഛന് മകനോട് വിവരിക്കുന്നുണ്ട്. തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറുന്ന യുദ്ധചരിതമാണ് ബാള്‍ക്കണ്‍ പ്രദേശത്തിന്റെ നിത്യജീവിതം. അന്നത്തെ യുദ്ധം കഥയായും ഇന്നത്തേത് കാഴ്ചയായും കേട്ടും കണ്ടും വളര്‍ന്ന തലമുറയുടെ പ്രതിനിധിയാണ് സംവിധായകനും. ഈ സിനിമയില്‍ താനും തന്റെ അച്ഛനുമുണ്ടെന്നും ബാള്‍ക്കണ്‍ രാഷ്ട്രീയം ഇവിടുത്തുകാര്‍ക്ക് ജീവിതം തന്നെയാണെന്നും പ്രദര്‍ശനത്തിന് മുമ്പ് ഒരു മുഖവുര തന്നിരുന്നു, ഒഗ്ന്യന് ഗ്ലാവോനിച്ച്. അടുത്ത ട്രിപ്പിനായി മകന്റെ കാമറയും കൈയ്യിലെടുത്ത് ട്രക്കിലേക്ക് കയറുന്ന വ്ലാദയും ‘ഭീരുക്കളായി ഇനിയും കഴിയാനില്ലെന്ന’ പായയുടെ പാട്ട് കേള്‍ക്കുന്ന മകന് ഇവാനുമാണ് ചിത്രാന്ത്യത്തില്‍.
രണ്ടു വര്‍ഷം മുമ്പ് ചെയ്ത ‘Depth Two’ (Dubina Dva) എന്ന ഡോക്യുമെന്ററിയുടെ തുടര്‍ച്ചയാണ്, ഗ്ലാനോവിച്ചിന്റെ സിനിമ. ഡോക്യുമെന്ററിയില്‍ ഒരു ട്രക്ക് ഡ്രൈവറുടെ അനുഭവ കഥനമുണ്ട്, ലോഡുമായി പോകവേ, വണ്ടി ഒരു അപകടത്തില്‍ പെട്ടപ്പോഴാണ് ട്രക്കിനകത്തു നിന്ന് മനുഷ്യന്റെ കൈകാലുകള്‍ പുറത്തേക്കു വരുന്നത് അയാള്‍ കാണുന്നത്. പിന്നീട് ഉറക്കമില്ലാതെ കഴിച്ചു കൂട്ടിയ മാസങ്ങളെ കുറിച്ചാണ് അയാള്‍ വിവരിക്കുന്നത്. മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ അനുഭവങ്ങള്‍ കൂടി ചേര്‍ന്ന ആ ചിത്രം വിവരാണാതീതമാണ്. ഒരു പതിറ്റാണ്ട് കാലം ആരും ചര്‍ച്ച ചെയ്യാതെ വിട്ടു കളഞ്ഞ യുദ്ധപാതകങ്ങള്, 2001ല്‍ മിലോസെവിച്ചിന്റെ വിചാരണക്കാലത്താണ്, കാലത്തിന്റെ ശവക്കുഴി മാന്തി പുറത്തു വരുന്നത്. (സുഖകരമല്ലാത്ത ഒരു യാദൃച്ഛികത കൂടി പറയാം, മിലേസെവിച്ചിന്റെ വിചാരണ ഹേഗില്‍ നടന്നു കൊണ്ടിരിക്കുന്ന ദിവസങ്ങളിലാണ് ഗോധ്രയില്‍ ട്രെയിനും പിന്നീട് ഗുജറാത്തും കത്തിക്കുന്നത്. മിലോസെവിച്ചിനെ പാതിയിലുപേക്ഷിച്ചാണ് ഞങ്ങള്‍ ടെലിവിഷന്‍ ഡെസ്കുകള്‍ മറ്റൊരാളിലേക്ക് ഫോക്കസ് മാറ്റിയത്. എണ്ണമറ്റ മൃതദേഹങ്ങളാണ് രണ്ടു പേരുടേയും ഉ സാ ഘ)
2006ല്‍ മിലോസെവിച്ചിന്റെ മരണവും കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ സിനിമകളുടെ പണി, ഗ്ലാനോവിച്ച് തുടങ്ങുന്നത്. ഇരുപത്താറ് വയസ്സായിരുന്നു, അയാളുടെ പ്രായം. ഏഴു വര്‍ഷമെടുത്ത് നിര്‍മ്മിച്ചവയാണ് രണ്ട് സിനിമകള്‍. ഡോക്യുമെന്ററിയിലുപ യോഗിക്കാത്ത ഫൂട്ടേജ് ഉപയോഗപ്പെടുത്താനും, അതിന്റെ തന്നെ ഒരു കഥാഖ്യാനം സൃഷ്ടിക്കാ നുമായിരുന്നു സിനിമയിലെ ശ്രമം.
‘The Load’ന് ശേഷം മാത്രമാണ് ‘Depth Two’വിന്റെ പ്രസക്തഭാഗങ്ങള്‍ കണ്ടതെന്നത് ഒരു കണക്കിന് നന്നായി, ഒരുപക്ഷേ തിരിച്ചായിരുന്നെങ്കില്‍ ഇത്ര മാത്രം ഉള്ളുലക്കുന്ന ഒരു അനുഭവമായി സിനിമ ചിലപ്പോള്‍ മാറുമായിരുന്നില്ലെന്ന് തോന്നുന്നു. ക്രൊയെഷ്യന്‍ നടനായ ലിയോണ്‍ ല്യൂസേവാണ് അതീവ സൂക്ഷ്മതയോടെ വ്ലാദയെ അവതരിപ്പിക്കുന്നത്. ‘Men don’t Cry’ എന്ന ചിത്രത്തില്‍ (IFFI-IFFK 2017) PTSD ബാധിച്ച് കൗണ്‍സലിംഗ് കേന്ദ്രത്തിലെത്തുന്ന യുഗോസ്ലാവ്യന്‍ സൈനികരിലൊരാളായി അതിഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുള്ള നടനാണ് ല്യൂസേവ്.

‘ദ ലോഡ്’ സംവിധായകന് ഒഗ്ന്യന് ഗ്ലാനോവിച്ച്
ഒരു ലോഡ് ശവം എന്നു കേട്ടാല്‍ സിനിമയോ ടെലിവിഷനോ കാണുന്ന മലയാളി ചിരിച്ചു മറിയും, മൂക്കറ്റം കള്ളടിച്ച് ഷാപ്പില് വാളുവക്കുന്ന ജഗതി ശ്രീകുമാറാണ് നമുക്ക് മുന്നില്‍ ശവത്തിന്റെ ലോഡിറക്കുന്നത്. മാത്രമല്ല, തീവണ്ടി ബോഗിയില്‍ മനുഷ്യരെ കുത്തി നിറച്ച് കൂട്ടക്കൊല ചെയ്തതിനെ വാഗണ്‍ ‘ട്രാജഡി’ എന്ന് വിളിച്ച ചരിത്രവുമാണ് നമുക്കുള്ളത്. അത് ചുവരില്‍ നിന്നു പോലും മായ്ച്ചു കളയാനൊരുങ്ങുന്ന ഇക്കാലത്താണ് ചരിത്രത്തിന്റെ കുഴിമാടത്തില്‍ നിന്ന് ഒരു ട്രക്ക് ലോഡ് മൃതദേഹങ്ങളുമായി, ബാള്‍ക്കണ്‍ മേഖലയിലെ ഒരു ചെറുപ്പക്കാരന് രാഷ്ട്രീയ സിനിമക്ക് പുതിയ ദിശ കാണിക്കുന്നത്.
Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ