scorecardresearch

“നമ്മള്‍ ശ്വസിക്കുന്ന വായുവിൽ ജാതിയും ലിംഗവും ഉണ്ട്” അരുന്ധതി റോയി സംസാരിക്കുന്നു

ജൂണില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ നോവലായ ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ്‌ ഹാപ്പിനസിനു ശേഷം ഇന്ത്യയിൽ പൊതു രംഗത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട അരുന്ധതി റോയി സംഭാഷണം. സുരഭി ഗുപ്ത എഴുതിയത്..

“നമ്മള്‍ ശ്വസിക്കുന്ന വായുവിൽ ജാതിയും ലിംഗവും ഉണ്ട്” അരുന്ധതി റോയി സംസാരിക്കുന്നു

നൂറുകണക്കിനു ആളുകളാണ് വ്യാഴാഴ്ച്ച ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്‍റ്ററിലെ സ്റ്റെയിന്‍ ഓഡിറ്റോറിയത്തിനു മുന്നില്‍ പ്രവേശനവും കാത്ത് കൂടിനിന്നത്. ‘റോയി’, ‘ഹാപ്പിനസ്’ ‘സ്മോള്‍ തിങ്സ്’ ‘അരുന്ധതി’ എന്നിങ്ങനെ കേള്‍ക്കുന്ന വാക്കുകള്‍ കാത്തുനില്‍പ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാള്‍ക്ക് വേണ്ടിയാണ് എന്ന് തോന്നിപ്പിച്ചു. മാന്‍ ബുക്കര്‍ സമ്മാന ജേതാവായ അരുന്ധതി റോയി,   അവരുടെ രണ്ടാമത്തെ നോവലായ ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ്‌ ഹാപ്പിനസിന് പുറത്തിറങ്ങിയ ജൂണിന്  ശേഷം ആദ്യമായി ഇന്ത്യയിലൊരു പൊതു ഇടത്ത് പ്രത്യക്ഷപ്പെടുയാണ്. ഡോക്യുമെന്‍ററി സിനിമാസംവിധായകയും, മീഡിയാ പ്രൊഫസറും സാസ്കാരിക ലേഖികയുമായ ഷോഹിനി ഘോഷുമായുള്ള സംഭാഷണമാണ് പരിപാടി.

തന്‍റെ ആദ്യ കൃതിയായ ‘ദി ഗോഡ് ഓഫ് സ്മോള്‍ തിങ്‌സ്’ രണ്ടാം നോവലും തമ്മിലുള്ള ഇടവേളയേക്കുറിച്ച് അരുന്ധതി സംസാരിച്ചു. ” ‘ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’പൂര്‍ത്തിയായതോടെ എന്‍റെ ജീവിതം പലതായും മാറിമറിഞ്ഞു. അതില്‍ നല്ലതും മോശവും ഒരുപോലെയുണ്ട്. തീര്‍ത്തും വിജയകരമായൊരു പുസ്തകം എഴുതി എന്നതില്‍ എനിക്ക് ഖേദം തോന്നുമോ എന്ന് ഞാന്‍ സന്ദേഹിച്ചിരുന്നു. ആണവ പരീക്ഷണം നടന്നപ്പോള്‍ എനിക്ക് മൗനം പാലിക്കാൻ കഴിയുമായിരുന്നില്ല. ഞാന്‍ സംസാരിച്ചാലും ഇല്ലെങ്കിലും അത്  രാഷ്ട്രീയമാണ്. അത് എന്നെ ഒരു യാത്ര കൊണ്ടുപോവുകയായിരുന്നു. അതോടൊപ്പം തന്നെ എനിക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും എഴുതിയതായ എന്‍റെ എഴുത്തിലേക്ക് ഞാന്‍ കൂടുതല്‍ സഞ്ചരിച്ചു. അത് എന്‍റെ ധാരണകള്‍ വ്യാപിക്കുന്നതായ ലോകങ്ങളിലേക്ക് എന്നെ കൊണ്ടെത്തിക്കുകയായിരുന്നു. ഒരു അവസാദ ശിലപോലെ ഈ എഴുത്തുകള്‍ എന്‍റെയുള്ളില്‍ പാളികളായി സമാഹരിക്കുന്നുണ്ടായിരുന്നു. കഥേതരമായ വാദമുഖങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്. അങ്ങനെയങ്ങനെയൊരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയപ്പോഴാണ് ഞാന്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ്‌ ഹാപിനസ്’ എഴുതി തുടങ്ങുന്നത്.” ഇതിനോടകം തന്നെ അഞ്ചുലക്ഷത്തില്‍ പരം കോപ്പികള്‍ വിറ്റുപോയ രണ്ടാമത്തെ നോവൽ എഴുതി തീര്‍ക്കാന്‍ എടുത്തത്  ഏകദേശം പത്ത് വര്‍ഷമാണ്‌.

കഥയില്‍ വായനക്കാരന്‍ കാണുന്ന ആദ്യ കഥാപാത്രം അഞ്ജും ആണെങ്കിലും അവള്‍ വളരെ വൈകിയാണ് തന്നെ തേടിയെത്തിയത് എന്ന് അരുന്ധതി പറയുന്നു. അരുന്ധതിയെ സംബന്ധിച്ചിടത്തോളം നോവലിന്‍റെ ഘടനയാണ് അടിസ്ഥാനപരം. അതൊരു നഗരാസൂത്രണം ആണ് എങ്കില്‍ ഭാഷയതിന്‍റെ നിർമാണ സാമഗ്രിയുമാണ്‌. ” നിങ്ങളൊരു പദ്ധതി രൂപീകരിക്കുന്നു. അത് പരുങ്ങലിലാകുന്നു. നിങ്ങള്‍ വീണ്ടുമൊരു പദ്ധതി രൂപീകരിക്കുന്നു. അപ്പോള്‍ അവിടെയൊരു കുടിയേറ്റം സംഭവിക്കുന്നു. അനധികൃത കോളനികളും എല്ലാ തരം ആളുകളുമവിടെയുണ്ട്. അവര്‍ നിങ്ങളുടെ പദ്ധതികളെ വീണ്ടും പരുങ്ങലിലാക്കുകയും നിങ്ങള്‍ വീണ്ടും പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്യുന്നു. ”

നോവലില്‍ വളരെ വൈകി മാത്രം വരുന്ന ഒന്നാണ് അരുന്ധതി ആദ്യം എഴുതിയത്. കഥയിലെ നാഡീകേന്ദ്രമായ ജന്തര്‍ മന്തര്‍. ” അത് അടച്ചുപൂട്ടി എന്നത് ദുഃഖകരമാണ്. അത് സംഭവിക്കാൻ നമ്മള്‍ അനുവദിക്കരുത്” അവര്‍ പറഞ്ഞു. ഒരു രാത്രി ആ പ്രദേശത്ത് ഒരു പ്രതിരോധ മുന്നേറ്റം നടന്നുകൊണ്ടിരിക്കുമ്പോഴാണ്‌ ഉപേക്ഷിക്കപ്പെട്ടൊരു ശിശു കടന്നുവരുന്നത്. അതിനെ എന്തു ചെയ്യണം എന്ന് ആര്‍ക്കും അറിയില്ല. ” അത് എന്നെ ജ്ഞാനത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഊര്‍ജ്ജത്തെക്കുറിച്ചുമൊക്കെ വളരെയേറെ ചിന്തിപ്പിച്ചു. ഈ ആശയകുഴപ്പത്തിന്‍റെയൊക്കെ ഇടയില്‍ ഞങ്ങള്‍ പൊലീസിനെ ബന്ധപ്പെട്ടു. കഥ തുടങ്ങുന്ന ആദ്യ നിമിഷം അതാണ്‌. പുസ്തകത്തിന്‍റെ ആദ്യ വര്‍ഷങ്ങള്‍ പുക സൃഷ്ടിക്കുന്നത് പോലെയും. അവസാന വര്‍ഷങ്ങള്‍ ശില്‍പം നിര്‍മിക്കുന്നത് പോലെയുമാണ്. അത് ശരിയായി കാണുന്നതിനു വലിയൊരു അളവില്‍ അച്ചടക്കം ഉണ്ടാവേണ്ടതുണ്ട്.” അരുന്ധതി പറഞ്ഞു.

ഇരുപതു വര്‍ഷത്തെ ഇടവേളയുണ്ട് എങ്കിലും രണ്ടു പുസ്തകങ്ങളും തമ്മില്‍ ബന്ധവുമുണ്ട്. ” എന്നെ സംബന്ധിച്ച് രണ്ടു പുസ്തകത്തിലും ഉള്ള പ്രധാന ബന്ധം തിലോത്തമയുടെ കഥാപാത്രമാണ്. എന്നെ സംബന്ധിച്ച് അത് എന്‍റെ മനസ്സാണ്. അമ്മുവിന്‍റെയും വെളുത്തയുടേയും മകളാണ് ‘ഗോഡ് ഓഫ് സ്മോൾ തിങ്‌സിനെ’ വ്യത്യസ്തമായി അവസാനിപ്പിക്കുന്നത്. അവള്‍ എസ്തയുടേയും റാഹേലിന്‍റെയും ഇളയ സഹോദരിയാണ്. അഞ്ജുമിന്‍റെ ജന്നത് ഗസ്റ്റ് ഹൗസില്‍ ഇരട്ടകള്‍ക്ക് സ്വന്തമായോരോ മുറിയുമുണ്ട്.

” എഴുത്തുകാര്‍ക്ക് ആക്റ്റിവിസ്റ്റുകള്‍ ആവാന്‍ പറ്റില്ലെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്. പുലര്‍ച്ചെ മൂന്നു മണിയാവുമ്പോള്‍ രാഷ്ട്രീയം വാതിലില്‍ മുട്ടുന്നയിടത്താണ് നമ്മള്‍ ജീവിക്കുന്നത്. നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ ജാതിയുണ്ട് എന്നും ലിംഗമുണ്ട് എന്ന് എനിക്കെഴുതണം, കശ്മീരിനെകുറിച്ചും പ്രേമത്തെ കുറിച്ചും മൃഗങ്ങളെ കുറിച്ചും നഗരങ്ങളെക്കുറിച്ചും എനിക്ക് എഴുതണം. എനിക്ക് തമാശകള്‍ എഴുതണം. പശ്ചാത്തലം പൂര്‍വ്വതലം ആവുന്നയിടത്തെ കുറിച്ച് നമുക്ക് എഴുതാനാകുമോ ? അടുപ്പവും രാഷ്ട്രീയവും ഭയമാകാത്തതിനെകുറിച്ച് ?” അവര്‍ ചോദിക്കുന്നു. അഞ്ജുമിലൂടെ ലിംഗത്തിന്റെ അതിരുകള്‍ ഓടുന്നുണ്ട്. തിലോത്തമയിലൂടെ ജാതിയുടെ അതിരുകള്‍. സദ്ദാം ഹുസൈനിലൂടെ പരിവര്‍ത്തനത്തിന്‍റെ അതിരുകളും മൂസയിലൂടെ ഒരു രാഷ്ട്രത്തിന്‍റെ അതിരും.

കശ്മീരിനെ നോവലിന്‍റെ പൂര്‍വ്വതലത്തിലേയ്ക്ക്  കൊണ്ടുവരുന്നതിനെ കുറിച്ച് റോയി ഇങ്ങനെ പറയുന്നു. “നമ്മുടെ ജീവിതം ഇന്നെന്താണോ എന്നതിന് അടിസ്ഥാനമായാണ് കശ്മീരിനെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്‌. നൂറു കണക്കിന് പട്ടാളക്കാര്‍ പൗരന്‍റെ ജീവിതത്തെ ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്തെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. അത് കശ്മീരികളോട് എന്താണ് ചെയ്യുന്നത് എന്നോ ബാക്കിയുള്ള ഇന്ത്യക്കാരോട് എന്താണത് ചെയ്യുന്നത് എന്നോ അല്ല ഞാന്‍ സംസാരിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ നമ്മള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ സംസാരിക്കാന്‍ അവകാശങ്ങളുണ്ട് എന്ന് നമ്മള്‍ എങ്ങനെയൊക്കെയാണ് കല്‍പ്പിച്ചിട്ടുള്ളത്. ഇതേ അതിക്രമങ്ങളും അനീതികളും മറ്റുള്ളവര്‍ക്ക് നേരെയാകുമ്പോള്‍ എങ്ങനെയാണ് നമ്മള്‍ ആ അവകാശബോധത്തെ വിഴുങ്ങികളയുന്നത് ? ”

അരുന്ധതിയുടെ നോണ്‍ ഫിക്ഷന്‍ എഴുത്തുകളില്‍ എതിര്‍പ്പുകളും ഇടപെടലുകളും ഉണ്ടാകുമ്പോഴും നോവല്‍ എന്നത് താന്‍ നിര്‍മിക്കുന്ന പ്രപഞ്ചമാണ്‌ എന്ന് അവര്‍ പറയുന്നു. ” ഭയമില്ലാത്ത ആര്‍ക്കും അതിലൂടെ നടക്കാം. ചിലപ്പോള്‍ അവര്‍ക്ക് അവരെ തന്നെ നഷ്ടപ്പെടുകയോ വഴി നഷ്ടപ്പെടുകയോ ചെയ്തേക്കാം. ചിലപ്പോള്‍ കാണുന്നത് അവര്‍ക്ക് ഇഷ്ടമായില്ലെന്നും വരാം. എന്നാല്‍ അതൊരു കാര്യമേ ആകുന്നില്ല.”

വായനാപരമായൊരു സ്ഥിരോത്സാഹം ആവശ്യമുള്ള കഥയാണ് ‘ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസ്’ എന്നൊരു അവലോകനത്തെ റോയിയും ശരിവെച്ചു. “ഞാനതിനെ ഒരു നഗരമായാണു കാണുന്നത്. ഒരു ഭൂഗര്‍ഭ നഗരം. നിങ്ങള്‍ക്ക് ഒന്നുകില്‍ മീനുകള്‍ക്കൊപ്പം നീന്താം അല്ലെങ്കില്‍ പ്രതലത്തില്‍ നീന്താം. നടുക്ക് ഊളിയിട്ടുകൊണ്ട് അടിയിലേക്കും പോകാം. വിവിധ പോക്കറ്റുകളില്‍ പണം ഒളിപ്പിച്ചുവെച്ചൊരു സ്ത്രീക്ക് ഓരോ തവണയും അപ്രതീക്ഷിതമായി എന്തെങ്കിലുമൊക്കെ കിട്ടുന്ന ഒരു പ്രതീതിയാണ് അത് വായിച്ചപ്പോള്‍ എനിക്കനുഭവപ്പെട്ടിട്ടുള്ളത്‌.”

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: I want to write about the air we breathe and it has caste gender kashmir arundhati roy