കസേരയിലിരുന്ന സ്ത്രീ എഴുന്നേpറ്റതും ഊഴവും കാത്തിരുന്ന പുരുഷാരത്തിലേക്ക് നോക്കി മാഡം രാധിക വിളിച്ചു പറഞ്ഞു. മൂന്നാമത്തെ നിരയിൽ നിന്നും ഒരാൾ ചാടിപ്പിണഞ്ഞെണീറ്റ് മാഡം രാധികയുടെ മേശയ്ക്കഭിമുഖമായി ഇരുന്നു. തീരെ ക്ഷീണിച്ച അയാൾക്ക് അൻപത് വയസ്സിനടുത്ത് പ്രായമുണ്ടെന്ന് തോന്നി.
തന്റെ സ്വത്വം തെളിയിക്കുന്ന ആധികാരിക രേഖകളും അവയുടെ പകർപ്പുകളും അയാൾ ഒരു കയ്യിൽ നിവർത്തിപ്പിടിച്ചിരുന്നു. ആവശ്യം വന്നാൽ എടുക്കേണ്ടവ ആയിരുന്നിരിക്കണം അയാളുടെ മറുകയ്യിലെ പ്രമുഖ വസ്ത്രക്കടയുടെ പേര് പതിഞ്ഞ പ്ലാസ്റ്റിക് കവറിൽ ഉണ്ടായിരുന്നത്.
ആഗതനിൽ നിന്ന് ടോക്കൺ വാങ്ങി മാഡം രാധിക ലിസ്റ്റുമായി ഒത്തുനോക്കുകയും ശേഷം മുൻപിലിരുന്ന ഫോറത്തിൽ ക്രമനമ്പർ രേഖപ്പെടുത്തുകയും ചെയ്തു. അന്നേരം എത്ര എടുത്തു വെച്ചിട്ടും എന്തോ ബാക്കിയുണ്ടെന്നത് പോലെ അയാൾ കവറിൽ പരതിക്കൊണ്ടിരിക്കുകയായിരുന്നു. ഈ ഒരൊറ്റ ഇരുപ്പിലാണ് തന്റെ ഇനിയുള്ള ഭാവി നിശ്ചയിക്കപ്പെടുക എന്നൊരാധി അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു.
“കയ്യിലുള്ളത് തരൂ.” മാഡം രാധിക തിടുക്കപ്പെട്ടു.
അയാൾ എല്ലാം ഉണ്ടല്ലോ എന്ന് ഒന്നുകൂടെ ഉറപ്പുവരുത്തി രേഖകൾ നീട്ടി.
“നിങ്ങളാണല്ലോ ല്ലേ ഗുണഭോക്താവ്?”
“അതെ.”
“അനിരുദ്ധൻ, പുളിക്കവീട്ടിൽ…?” സാക്ഷ്യപത്രത്തിലെ വിലാസം മാഡം രാധിക ഒരുറപ്പിനെന്ന പോലെ വായിച്ചു കേൾപ്പിച്ചു.
“അതെ.” അയാൾ വിനയാന്വിതനായി.
“കാസ്റ്റ്?”
“എന്താ..” അയാൾ കഴുത്ത് ചെരിച്ച് ചെവി അടുത്തേക്ക് പിടിച്ചു.
“ജാതി..?”
“കണക്കര്…” അയാൾ മാഡം രാധിക മാത്രം കേൾക്കാൻ പാകത്തിൽ പതുക്കെ പറഞ്ഞു.
“അത് SC അല്ലേ?”
“അതെ.” അയാൾ ശബ്ദം ഒന്നുകൂടെ താഴ്ത്തി.
“നിങ്ങൾക്ക് എന്താണ് ജോലി?”
“ജോലി എന്ന് വെച്ചാൽ എല്ലാ പണിക്കും പോകും. നാട്ടുപണിക്കും കിണറ് പണിക്കും.. അങ്ങനെ ഒക്കെ..”
“അപ്പൊ കൂലിപ്പണിയാണ്” മാഡം രാധികയ്ക്ക് ഒറ്റവാക്ക് മതിയായിരുന്നു.
“അതെ.”
“വീട്ടിൽ ആരൊക്കെയുണ്ട്?”
“വീട്ടില്.. അമ്മണ്ട്.. പിന്നെ ഭാര്യ…രണ്ട് പെൺമക്കളും.”
“ഭാര്യക്ക് ജോലിയുണ്ടോ?”
“അവള് താലൂക്കാശുപത്രീലെ ഡോക്ടർടെ വീട്ടില് വീട്ടുപണിക്ക് പോവേരുന്നു. ഇപ്പോൾ ആമവാതം വന്ന് ശരീരം മുഴുക്കെ വേദനയാണ്. അതോണ്ട് പോക്ക് നിർത്തി.” ആ വാക്കുകൾ ഉരുവിടുമ്പോൾ അയാൾക്കും വേദനിക്കുന്നുണ്ടെന്ന് തോന്നി.
“നിങ്ങൾ ഇപ്പോൾ എവിടെ താമസിക്കുന്നു?”
“അഞ്ഞൂര്.”
“അവിടെ സ്വന്തം വീടാണോ”
“അല്ല മാഡം…വാടകയ്ക്കാണ്.” വാടകയ്ക്ക് താമസിക്കുന്ന മനുഷ്യരുടെ ഗതികേടിന്റെ സ്വരം തന്നെയായിരുന്നു അയാൾക്കും.
“എത്ര വർഷായിട്ട്?”
“ഇപ്പോൾ ഇവിടെ ആയിട്ട് പത്ത് പന്ത്രണ്ട് വർഷായി. ഒരു വീട്ടിലല്ല. മൂന്നാലു വീട് മാറി,” അയാൾ ഒരിട ആലോചിച്ചു പറഞ്ഞു.
“അതിന് മുൻപ് സ്വന്തം വീടായിരുന്നോ,” മാഡം രാധികയ്ക്ക് അയാളുടെ ഭൂതകാലത്തിലേക്ക് എത്രയും പെട്ടെന്ന് പോകേണ്ടതുണ്ട്.
അയാളുടെ ഓർമ മുൻപ് താമസിച്ചിരുന്ന എല്ലാ വീടുകളുടെയും മുൻപിൽ ചെന്ന് കണക്കെടുത്ത് അയാളുടെ നാവിൻ തുമ്പിലേക്കെത്തിച്ചു.
“അല്ല മാഡം…അതിന് മുൻപ് രണ്ട് കൊല്ലം കാണിപ്പയ്യൂരായിരുന്നു… അവിടേം വാടകയ്ക്ക് തന്നെ ആയിരുന്നു. അതിന് മുൻപ് മൂന്ന് കൊല്ലം ആർത്താറ്റ്… അല്ല, കുറുക്കൻപാറ. അതിന് മുൻപ് രണ്ട് കൊല്ലം… ”
“ആ…ശരി ശരി. അപ്പൊ കൊല്ലങ്ങളായിട്ട് വാടകയ്ക്കാണ് ”
അയാളോടൊപ്പം വാടകവീടുകളും വർഷങ്ങളും എണ്ണി മാഡം രാധികയും തളർന്നിരുന്നു.
“അതെ മാഡം,” അയാളുടെ ദീർഘനിശ്വാസത്തിൽ നോവിന്റെ താളം പതിഞ്ഞിരുന്നു.
“അപ്പൊ നിങ്ങൾക്ക് അച്ഛനും അമ്മയും ഇല്ലേ?”
“അച്ഛൻ മരിച്ചിട്ടിപ്പോ ഏഴ്… അല്ല, എട്ടു കൊല്ലായി… അമ്മണ്ട്…”
“അപ്പൊ അവർക്കാർക്കും ഭൂമിയുണ്ടായിരുന്നില്ലേ?” മാഡം രാധികയ്ക്ക് അയാൾക്ക് ഭൂമി ഉണ്ടോ അല്ലെങ്കിൽ ഏതെങ്കിലും താവഴിയിൽ ഭൂമി കിട്ടാൻ സാധ്യതയുണ്ടോ എന്നറിയാനുള്ള എല്ലാ പഴുതുകളും പരിശോധിക്കണമായിരുന്നു.
“ഇല്ല. അച്ഛൻ തമിഴ്നാട്ടുകാരനായിരുന്നു. അമ്മേനെ കല്യാണം കഴിച്ച് ഇവിടെ കൂടിയതാണ്.” ഭൂതകാലത്തിന്റെ ചരടുമായി അയാൾ ഓർമയെ ബന്ധിപ്പിച്ചു.
“അവിടെ തമിഴ്നാട്ടില് അച്ഛന് ഭൂമി ഇല്ലാന്ന് എങ്ങനെ ഉറപ്പിക്കാനാകും?” മാഡം രാധികയ്ക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ഇല്ല മാഡം. അച്ഛൻ പത്തമ്പത് കൊല്ലം മുമ്പ് അവിടന്ന് പോന്നതാണ്. പണ്ടൊക്കെ ഇടയ്ക്ക് പോവേരുന്നൂത്രേ. അച്ഛന് അവിടെ ആരൊക്കെ ഉണ്ടെന്ന് പോലും ഞങ്ങൾക്കാർക്കും അറിയില്ല…” ഓർമകളുടെ ചതുപ്പിലേക്ക് നടന്നുകയറാതെ അയാൾക്ക് രക്ഷപ്പെടാനാവില്ല.
“അപ്പൊ നിങ്ങൾക്ക് സ്വന്തം വീടുണ്ടായിരുന്നിട്ടേ ഇല്ല?”
“ഇല്ല.” അന്നേരം അയാളുടെ ശരീരഭാഷയിൽ പോലും നിരാശയും നിസ്സഹായതയും കലർന്നു.
“അമ്മേടെ വീട്?”
“അഞ്ഞൂര് തന്നെ. ഞങ്ങൾ അച്ഛനും അമ്മേം കുട്ട്യോളും ഒക്കെ ആദ്യം അമ്മേടെ വീട്ടിലായിരുന്നു. അവിടെ പിന്നെ മാമൻമാരൊക്കെ കല്യാണം കഴിച്ചപ്പോൾ ഞങ്ങടെ ചെറുപ്പത്തിലേ വാടകയ്ക്ക് പോന്നു.”
“അവിടെ എത്ര സെന്റ് ഭൂമി ഉണ്ട്?”
“അത്.. മൂന്ന് മൂന്നര സെന്റ്ണ്ടാവും.”
“അപ്പൊ അതിലൊരു ഭാഗം അമ്മയ്ക്ക് അവകാശം കിട്ടില്ലേ?” മാഡം രാധികയ്ക്ക് ഒരു പഴുത് കിട്ടിയിരിക്കുന്നു.
“കിട്ടോന്ന് ചോദിച്ചാ…ആകെ മൂന്ന് സെന്റ് ഭൂമിയാണ് മാഡം. അതിന് അമ്മയടക്കം ആറ് അവകാശികളുംണ്ട്. അതീന്നൊക്കെ എന്ത് കിട്ടാനാ?” അയാളുടെ വാക്കുകളിലെ ദൈന്യം അളക്കാൻ ആർക്കും കഴിയില്ല.
“പക്ഷേ കിട്ടാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലല്ലോ…” മാഡം രാധിക ആവേശപ്പെട്ടു.
“അതില് ആകെക്കൂടെ ഒരു ചെറ്യേ പെരേണ്ട്.. അതില് ഇന്റെ രണ്ട് മാമന്മാര് പാർക്ക്ന്നൂണ്ട്.. അത് അവരിൽ ആർക്കെങ്കിലും ഒരാൾക്ക് കൊടുക്കാന്നല്ലാണ്ട് അതിലെന്ത് അവകാശം ചോദിക്കാനാ മാഡം…ഇന്റെ അമ്മയോ അച്ഛനോ ആയിട്ട് ഒന്നും ചോദിച്ചിട്ടില്ല… പിന്നെ കുറച്ച് പൈസയൊക്കെ ഇന്റെ പെങ്ങടെ കല്യാണത്തിന് മാമന്മാർ സഹായിച്ചിട്ടുംണ്ട്… പിന്നെ.. ” വിശദീകരിക്കുകയല്ലാതെ അയാൾക്ക് വേറെ വഴിയില്ല.
“നിങ്ങടെ ഭാര്യയുടെ വീട്?” മാഡം രാധിക ഇടപെട്ടു.
“അത് തിരൂരാ..”
“അവിടെ എന്താണ് അവസ്ഥ? അവിടുന്ന് ഭാര്യക്ക് അവകാശം കിട്ടില്ലേ…? ” മാഡം രാധിക അടുത്ത പഴുതന്വേഷിച്ചു.
“അവിടേം ഈ പറഞ്ഞ പോലെ ഒക്കെ തന്നാണ് മാഡം. ആകെ മൂന്ന് സെന്റ് ഭൂമി. അതിന് അഞ്ച് അവകാശികളുംണ്ട്. അതന്നെ മിച്ചഭൂമി പതിച്ചു കിട്ടിയിട്ടുള്ളതാണ്. തലമുറ കൈമാറി ഉപയോഗിക്കാം എന്നല്ലാണ്ട് മറ്റൊന്നിനും പറ്റില്ലാന്നാ പറേണത്. ”
“അപ്പൊ അവിടുന്നും ഒന്നും കിട്ടാനില്ല. അല്ലേ?” മാഡം രാധികയുടെ മുഖത്ത് ഭൂമി കിട്ടാനുള്ള എല്ലാ വഴികളും അന്വേഷിച്ചതിന്റെ ആശ്വാസം നിഴലിച്ചു.
“ഇല്ല.”അയാൾക്ക് ഉറപ്പായിരുന്നു.
മാഡം രാധിക വില്ലേജ് ഓഫീസർ അയാൾക്കോ കുടുംബാംഗങ്ങൾക്കോ ആ വില്ലേജിൽ ഭൂമിയില്ല എന്ന് രേഖപ്പെടുത്തി നൽകിയ സാക്ഷ്യപത്രം വിശദമായി വായിച്ചു.
“ഇത് നിങ്ങളുടെ വില്ലേജിൽ നിന്ന് മാത്രം അല്ലേ ഉള്ളൂ. നിങ്ങളാണ് ഗുണഭോക്താവ് എന്നതുകൊണ്ട് നിങ്ങളുടെ ഭാര്യേടെ വില്ലേജിൽ നിന്നുള്ളതു കൂടെ വേണം.”
“അതല്ലേ മാഡം പറഞ്ഞത്. അവിടുന്ന് ഒന്നും കിട്ടാനില്ല…”
“നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലായി. പക്ഷേ ഞങ്ങൾക്ക് രേഖ വേണം…”
“നാല് ദിവസായി മാഡം പണിക്ക് പോയിട്ട്… അവൾക്കാണെങ്കിൽ വയ്യ. എന്റെ പേരാണ് ലിസ്റ്റിൽ ഉള്ളത് എന്നതോണ്ട് ഞാൻ തന്നെ അക്ഷയേൽക്കും വില്ലേജ് ഓഫീസിൽക്കും നൂറ് നടത്തം നടന്നിട്ടാണ് ഇതൊക്കെ തന്നെ ശരിയാക്കിയത്. ഇനീപ്പോ ഇത് വേണങ്കിൽ തിരൂര് പോകണ്ടേ മാഡം…” എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തൂടെ എന്ന മട്ടിലുള്ള ദയനീയഭാവത്തോടെ അയാളുടെ സ്വരം താഴ്ന്നു.
“അത് പറഞ്ഞിട്ട് കാര്യല്ല. ഞങ്ങൾക്ക് നിങ്ങളെ സംബന്ധിക്കുന്ന എല്ലാ രേഖകളും വേണം,” മാഡം രാധിക നിഷ്കർഷിച്ചു.
അയാളുടെ മറുപടി കാത്തുനിൽക്കാതെ മാഡം രാധിക അയാൾ ഹാജരാക്കിയ മറ്റു രേഖകൾ ഓരോന്നായി പരിശോധിച്ചു. വരുമാന സർട്ടിഫിക്കറ്റ്. റേഷൻ കാർഡ് പകർപ്പ്. ആധാർ കാർഡ് പകർപ്പ്. സ്ഥിരതാമസ സർട്ടിഫിക്കറ്റ്. വില്ലേജ് സാക്ഷ്യപത്രം. എല്ലാം ഉണ്ട്. ഇല്ല. അനിരുദ്ധന്റെതേ ഉള്ളൂ. ഭാര്യ വിജിതയുടെത് ഹാജരാക്കിയിട്ടില്ല എന്ന് ഫോറത്തിന്റെ പുറകിൽ എഴുതി വെച്ചു.
“അല്ല, നിങ്ങൾ SC ആണെന്നല്ലേ പറഞ്ഞത്? അപ്പൊ ജാതി സർട്ടിഫിക്കറ്റ് കൂടെ വേണ്ടിവരും.” അക്കാര്യം പെട്ടെന്ന് ഓർമ വന്നതിന്റെ ആശ്വാസത്തിലായിരുന്നു മാഡം രാധിക.
“അതും വേണോ മാഡം…?” അയാൾ ആശങ്കപ്പെട്ടു.
“വേണം. നിങ്ങൾക്ക് SC ക്കുള്ള ആനുകൂല്യം കിട്ടണമെങ്കിൽ അതും കൂടെ വേണം.”
“മോളുടെ SSLC ബുക്കില് ജാതി ചേർത്ത്ണ്ട്. അത് മതിയോ?” അയാൾ ഇനിയും പണി മുടക്കേണ്ട ദിവസങ്ങളെണ്ണി പൊടുന്നനെ മറ്റൊരു പോംവഴി പറഞ്ഞു.
“അത് പറ്റില്ല. നിങ്ങളുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം.”
“എന്റെ പേര് അതിലുണ്ട് മാഡം. ഞങ്ങടെ ജാതി ഒന്നും അങ്ങനെ മാറുക ഒന്നും ഇല്ലല്ലോ” അയാൾ ഒരിക്കൽകൂടെ അപേക്ഷിച്ചുനോക്കി.
“അത് പറ്റില്ല. സർട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണം. അങ്ങനെയാണ് ഞങ്ങൾക്ക് കിട്ടിയിട്ടുള്ള നിർദേശം.”
അയാൾ മറ്റെന്തെങ്കിലും പറയുന്നതിന് മുൻപ് മാഡം രാധിക ഫോറത്തിലുള്ള ചോദ്യങ്ങളിലേക്ക് വന്നു.
“നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും സർക്കാർ പെൻഷൻ കിട്ടുന്നുണ്ടോ?”
“ആ..അമ്മയ്ക്ക് വാർദ്ധക്യപെൻഷൻ കിട്ടുന്നുണ്ട്.”
“അതല്ല. സർവീസ് പെൻഷനോ മറ്റോ?”
“ഇല്ല മാഡം.”
“വീട്ടിൽ നാല്ചക്ര വാഹനം ഉണ്ടോ?”
“ഇല്ല മാഡം.” ഗതികേടിനെ പരിഹസിക്കുകയാണോ എന്ന മട്ടിൽ അയാൾ ചുണ്ടനക്കി.
അതേ സമയം മാഡം രാധികയുടെ തൊട്ടടുത്തുള്ള മേശയ്ക്കഭിമുഖമായി സാജിത എന്ന മുപ്പത്തിയേഴുകാരി യുവതി രമേശൻ സാറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നുണ്ടായിരുന്നു.
വളരെ ആകർഷണീയമായും വൃത്തിയായും വസ്ത്രം ധരിച്ചിരുന്ന അവർ പ്രസന്നവതിയായി കാണപ്പെട്ടു. അർഹതപ്പെട്ടവരെ നമുക്കൊരുവിധം കണ്ടാൽതന്നെ അറിയാലോ എന്നുള്ള സഹപ്രവർത്തകന്റെ വാക്കിൽ കുരുങ്ങിയതിനാൽ, ഒരൊറ്റ നോട്ടത്തിൽ അർഹതയുള്ളവരുടെ കൂട്ടത്തിൽപെടുത്താൻ കഴിയുന്നവളല്ല സാജിത എന്ന് രമേശൻ സാറിന് തോന്നി. അതിനാൽ തന്നെ സാജിതയുടെ വിത്തും വേരും വിശദമായി ചോദിച്ചറിയേണ്ടതുണ്ട്.
സാജിത തന്റെ മൂന്ന് മക്കളോടൊപ്പം വാടകയ്ക്കാണ് താമസിക്കുന്നത്. നഗരത്തിലെ കുറിക്കമ്പനിയിൽ ഒരു ചെറിയ ജോലിയുണ്ട്. ഭർത്താവ് എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് നേരെ ചൊവ്വേയുള്ള ഉത്തരം ലഭിക്കാത്തതിനാൽ രമേശൻ സാർ ഭർത്താവിന്റെ വീട്ടിൽ നിന്ന് കിട്ടാനുള്ള ഓഹരിയിലേക്ക് ചോദ്യം കൂർപ്പിച്ചു. അവിടെ സാജിതയ്ക്ക് ഉത്തരം മുട്ടി.
ഭർത്താവ് സാജിതയെ വിവാഹം കഴിക്കുന്നതിനും മുൻപ് മറ്റൊരു സ്ത്രീയെ നിക്കാഹ് കഴിച്ചിരുന്നതും അത് അറിഞ്ഞിരുന്നില്ലെന്നും ആകെയുള്ള ഇത്തിരി സ്വത്ത് അവർക്ക് തന്നെ തികയില്ലെന്നതിനാൽ ഓഹരി ചോദിക്കാനൊന്നും മുതിർന്നില്ലെന്നും സാജിത നിർവികാരമായി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
രമേശൻ സാറിന് ആ കുരുക്കഴിച്ചതിൽ ആശ്വാസം തോന്നി. എങ്കിലും വിധവയ്ക്ക് തുല്യമായി ജീവിതം നയിക്കുന്ന ഒരുവൾക്ക് എങ്ങിനെയിത്ര ചുറുചുറുക്ക് എന്നുള്ളതിന് ഉത്തരം കിട്ടാതെ രമേശൻ സാർ ഞെരിപൊരി കൊണ്ടു. അല്ലെങ്കിലും തിരസ്കാരത്തിന്റെയും അവഗണനയുടെയും ചതിയുടെയും രുചിയറിഞ്ഞ സ്ത്രീകളുടെ മനോഭാവത്തെ കുറിച്ച് സാമാന്യ മനുഷ്യർക്ക് എന്തറിയാം!
അതേ സമയം ഇടത്തും വലത്തുമുള്ള അനേകം മേശകളിൽ നിന്നും ഇതേ ചോദ്യങ്ങളും ദാരിദ്ര്യത്തിന്റെയും ഗതികേടിന്റെയും നിസ്സഹായതയുടെയും ഇരുണ്ട ചായങ്ങൾ പുരണ്ട ഉത്തരങ്ങളും ആവർത്തിക്കുന്നുണ്ടായിരുന്നു. ചിലർ ഉത്തരങ്ങൾക്കായി അവർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഭൂതകാലത്തിലൂടെ കിതച്ചും അണച്ചും വീണ്ടും നടന്നു. ഒരുത്തരത്തിന്റെ ക്ഷീണം തീരുംമുൻപേ ചോദ്യകർത്താക്കൾ അവരിലേക്ക് അടുത്ത അമ്പെയ്തു.
സ്വന്തമെന്ന് പറയാൻ പറ്റുന്ന ഒരു കൂരയിൽ നീണ്ടുനിവർന്ന് കിടന്ന് ഉറങ്ങിയിട്ട് വേണം മരിക്കാൻ എന്ന് വർധക്യത്തോടടുത്ത ഒരു സ്ത്രീ ഹൃദയഭേദകമായ ശബ്ദത്തിൽ പറഞ്ഞു. മൂന്ന് പെൺകുട്ടികളുമായി വാടകവീടുകൾ മാറി മാറി താമസിക്കുന്ന ഒരു മധ്യവയസ്‌ക വീട് കിട്ടുമായിരിക്കുംല്ലേ എന്ന് ചോദിച്ച് കണ്ണ് നിറച്ചു.
നാല് സെന്റിലെ വീട് മൂന്നായി പകുത്ത് സഹോദരങ്ങളോടൊപ്പം ജീവിക്കുന്ന ഒരു മനുഷ്യൻ നിസ്സംഗമായി രേഖകൾ എടുത്തു വെച്ചു. മകന്റെ ദുർനടപ്പിനാൽ പെരുകിയ കടം വീട്ടാനായി വീട് വിൽക്കേണ്ടി വന്ന സ്ത്രീയോട് സ്വന്തം വീടില്ലേ എന്ന് ചോദിച്ചതും അവർ പൊട്ടിക്കരഞ്ഞു. ഭാര്യയുടെ കാൻസർ ചികിത്സയ്ക്കായി കിടപ്പാടം വിൽക്കേണ്ടി വന്നതും അവരെ രക്ഷപ്പെടുത്താൻ കഴിയാതെ വന്നതും പറഞ്ഞൊരാൾ കണ്ണ് തുടച്ചു.
അപ്പോഴും ആ വലിയ ഹാളിൽ ആനുകൂല്യം ലഭിക്കാനുള്ള അർഹത തെളിയിക്കാൻ ആവശ്യമായ രേഖകളും ജീവിതവുമായി അനേകം മനുഷ്യർ ക്ഷമയോടെ തങ്ങളുടെ ഊഴവും കാത്തിരുന്നിരുന്നു. ചിലർ കൗണ്ടറിൽ നിന്നും ടോക്കൺ വാങ്ങി അന്ന് ലഭിക്കുമെന്നറിയിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കുമായി വില്ലേജ് ഓഫീസിലേക്കും അക്ഷയ സെന്ററുകളിലേക്കും പാഞ്ഞു.
അന്നേരം മാഡം രാധിക അനിരുദ്ധനോടുള്ള ബാക്കി ചോദ്യങ്ങൾ കൂടെ പൂർത്തിയാക്കിയിരുന്നു. ഫോറത്തിലെ അനുയോജ്യമായ കള്ളികളിൽ ടിക്ക് ചെയ്ത് കൈപറ്റ് രസീത് നൽകി.
“ഇതും കൂടെ ശരിയാക്കി കൊടുന്നാൽ വീട് കിട്ടുമോ മാഡം?” അനിരുദ്ധന്റെ കണ്ണുകൾ പ്രതീക്ഷയുടെ ഒരു പൊട്ട് വെളിച്ചത്താൽ തിളങ്ങി.
“നോക്കാം. ഗുണഭോക്തൃപട്ടികയിൽ കുറേ പേരുണ്ട്. മുൻഗണനാ ലിസ്റ്റ് പോലെയാകും അന്തിമ ലിസ്റ്റിലെ ഉൾപ്പെടുത്തലിനുള്ള സാധ്യത.”
പറഞ്ഞിട്ടും വിശദീകരിച്ചിട്ടും രേഖകൾ ഹാജരാക്കിയിട്ടും ഇനിയും ഒഴിവ് വന്ന കള്ളികൾ നികത്താനുള്ള ആധിയും നെഞ്ചിലേറി അയാൾ പതിയെ എണീറ്റ് നടന്നു. അന്നേരം സാധ്യത എന്ന വാക്കിന്റെ നാനാർത്ഥങ്ങൾ അനിരുദ്ധന്റെ നെഞ്ചിലേക്ക് ഇരച്ചുവന്നു. പിന്നീടത് ഉൾപ്പെടുത്താനും ഉൾപ്പെടുത്താതിരിക്കാനുമുള്ള സാധ്യത എന്ന ഒരൊറ്റ അർത്ഥത്തിലേക്ക് ചുരുങ്ങി.
“ബി ഇരുനൂറ്റി പതിനേഴ്…”
മാഡം രാധിക അപ്പോഴേക്കും അടുത്ത ടോക്കൺ നമ്പർ വിളിച്ചിരുന്നു.