scorecardresearch

അമ്മയോർമ്മകൾ

സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ചന്ദ്രമതി ടീച്ചർ, ലീലാവതി ടീച്ചർ, അരുന്ധതി റോയ് എന്നിവരുടെ എഴുത്തുലോകത്തെ എത്രത്തോളം അവരുടെ അമ്മമാരുടെ മനോഭാവങ്ങളും സമീപനങ്ങളും സ്വാധീനിച്ചിട്ടുണ്ടാകാം എന്നതിനെ കുറിച്ച് എഴുത്തുകാരിയും വിവർത്തകയുമായ ഡോ. രതി മേനോൻ എഴുതുന്നു

സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ചന്ദ്രമതി ടീച്ചർ, ലീലാവതി ടീച്ചർ, അരുന്ധതി റോയ് എന്നിവരുടെ എഴുത്തുലോകത്തെ എത്രത്തോളം അവരുടെ അമ്മമാരുടെ മനോഭാവങ്ങളും സമീപനങ്ങളും സ്വാധീനിച്ചിട്ടുണ്ടാകാം എന്നതിനെ കുറിച്ച് എഴുത്തുകാരിയും വിവർത്തകയുമായ ഡോ. രതി മേനോൻ എഴുതുന്നു

author-image
Rathi Menon
New Update
Amma Ormakal

ഡോ. എം. ലീലാവതി, അരുന്ധതി റോയ്, ചന്ദ്രമതി

മനുഷ്യ മനസ്സ് സങ്കീർണ്ണമെന്നതു പോലെ വൈവിധ്യ പൂർണ്ണവുമാണ്. ഒരാൾ വസ്തുതകളെയും വ്യക്തികളെയും കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും വ്യത്യസ്തമായ രീതിയിലായിരിക്കും. പ്രതിപ്രവർത്തനം നടത്തുന്നത് വ്യക്തി സവിശേഷതകൾ, ഭൂതകാലാനുഭവങ്ങൾ, സാംസ്കാരിക സ്വാധീനങ്ങൾ, സാമൂഹ്യ പരിതോവസ്ഥകൾ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാകും. ഓരോ മനുഷ്യൻ്റെയും കൈവെള്ളയിലെ രേഖകൾ വ്യത്യസ്തമാണെന്നതു പോലെ മനസ്സും ഭിന്നമാകും. അതുകൊണ്ടുതന്നെ മനുഷ്യ ബന്ധങ്ങളെ സാമൂഹ്യവൽക്കരിക്കാനോ അവർക്ക് സ്വരൂപം ചാർത്തിക്കൊടുക്കാനോ കഴിയില്ല. അത് മാതൃസ്നേഹമാണെങ്കിൽ പോലും.

Advertisment

ഏറ്റവും വിസ്തൃതവും, നിസ്വാർത്ഥവും, പരിപോഷണാത്മകവുമായ സ്നേഹമാണ് അമ്മയുടേതെന്ന് വളരെ ആലങ്കാരികമായി പറയാറുണ്ട്. അമ്മിഞ്ഞപ്പാലും സ്നേഹത്തിൻ്റെ തേനും നൽകി വളർത്തുന്ന അമ്മയെ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും പ്രതീകമായി ചിത്രീകരിക്കുക സാധാരണമാണ്. എന്നാൽ ഈ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഭ്രമണപഥത്തിൽ നിന്ന് തെന്നിമാറുകയോ ചിതറിത്തെറിക്കുകയോ ചെയ്യുന്ന എത്രയോ ബന്ധങ്ങളുണ്ട്. ചിലത് ഭ്രമണപഥത്തിലേയ്ക്ക് തിരച്ചെത്തിയേക്കാം.

വേറിട്ടൊരു വ്യക്തിത്വമായി വളരാൻ വെമ്പുന്ന അവസരങ്ങളിൽ ആകാംക്ഷകളും ആശങ്കകളും അഭിലാഷങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് ബന്ധത്തിൽ വിള്ളലുകളും വിടവുകളും സൃഷ്ടിക്കും. അമ്മ-മകൾ ബന്ധത്തിലും ഇതു സംഭവിച്ചു കൂടായ്കയില്ല. ഈ പ്രശ്നം സാഹിത്യത്തിൽ ഒരു ആഖ്യാന ശക്തിയായി വരുന്ന സന്ദർഭങ്ങൾ നിരവധിയാണ്. അത്തരം ബന്ധത്തിലെ അമിതഭാരത്തെക്കുറിച്ച് സിമോൺ ദി ബ്ബുവ്വെ പറഞ്ഞുവച്ചിട്ടുണ്ട്. ഉപരിപ്ലവമായി സൗഹാർദ്ദപരമെന്നു തോന്നിപ്പിച്ചിട്ടുണ്ടെങ്കിലും അമ്മ-മകൾ ബന്ധത്തിലെ ആഴത്തിലുള്ള മുറിവുകളെക്കുറിച്ചും വ്യാമിശ്രതയെക്കുറിച്ചും പല കവിതകളിലും സിൽവിയാ പ്ലാത്ത് സൂചിപ്പിക്കുന്നുണ്ട്. 'കുരങ്ങൻ കുട്ടിയെ പ്രസവിച്ച മാൻപേടയുടെ കണ്ണിലെ അമ്പരപ്പ്' എന്ന് അമ്മയെക്കുറിച്ച് മാധവിക്കുട്ടി പറഞ്ഞതും അമ്മ-മകൾ ബന്ധത്തിലെ വിടവുകൾ ഓർത്തുകൊണ്ടാണ്. 

പെൺകുഞ്ഞിൻ്റെ ജനനത്തെ ആഹ്ലാദത്തെക്കാളേറെ ആശങ്കയോടെ കാണുന്ന ഒരു ഭാരതീയ സാഹചര്യത്തിൽ അമ്മ-മകൾ ബന്ധം ഏകമാനമല്ല തന്നെ. അതിന് പലവർണ്ണങ്ങളുണ്ട്. അവ്നി ദോഷിയുടെ  'Burnt Sugar,' മഞ്ജു കപൂറിൻ്റെ  'Difficult Daughters,' അനിത ദേശായിയുടെ ' Fasting, Feasting,' ഒപ്പം ഝുംപാ ലാഹിരിയുടെ 'The Name Sake,' കിരൺ ദേശായിയുടെ 'The Inheritance of Loss,' എന്നീ നോവലുകൾ, കമലാദാസിൻ്റെ  'My Mother at Sixty Six' എന്ന കവിത, മഹേഷ് ദത്താനിയുടെ  'Thirty Days in September' എന്ന നാടകങ്ങളിലുമൊക്കെ അമ്മ-മകൾ ബന്ധത്തിൻ്റെ പ്രശ്നം കടന്നു വരുന്നുണ്ട്. സ്വാത്മബോധം, സ്വാതന്ത്ര്യാഭിവാഞ്ചന, പൈതൃകാഭിമാനം, കുടുംബബലതന്ത്രങ്ങളുടെ സ്വാധീനം എന്നിവയെല്ലാം ഈ രചനകളിൽ കടന്നു വരുന്നു. പ്രതിബന്ധവും ആഗാധവുമായ സ്നേഹോഷ്മളതകളുടെ ഒപ്പം തന്നെ പ്രശ്നപൂർണ്ണവും കുറച്ചൊക്കെ വിഷലിപ്തവും അകൽപ്പവും ഉള്ള സന്ദർഭങ്ങൾ ഉണ്ടാകുന്നതാണ് എന്നും ഇവ ഓർമ്മിപ്പിക്കുന്നു. ബന്ധങ്ങൾ ഒരിക്കലും പ്രശ്നരഹിതവും സുന്ദരവുമായ ചിത്രമാകില്ല എന്നു സാരം. 

Advertisment

കഥാരൂപത്തിലാകുമ്പോൾ ഇത്തരം ആവിഷ്ക്കാരങ്ങളെ അംഗീകരിക്കാനും വിലമതിക്കാനും വായനക്കാർ തയ്യാറാകുമെങ്കിലും, അത് ആത്മകഥയോ ഓർമ്മക്കുറിപ്പോ ആകുമ്പോൾ പ്രശ്നപൂർണ്ണമാകുന്നു. അതിലെ ആധികാരികത ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. മലയാളത്തിൽ രത്നമയീ ദേവിയുടെ 'ജീവിത സായാഹ്നത്തിൽ നിന്ന്' എന്ന ആത്മകഥയിലെ അതിജീവനത്തിൻ്റെ  പാഠം തീരെ അവഗണിക്കപ്പെടുകയായിരുന്നു. എങ്കിലും 'അവളുടെ കഥയ്ക്ക്' സാഹിത്യ ചരിത്രത്തിൽ പ്രാധാന്യം ഉണ്ടെന്ന വസ്തുത തള്ളിക്കളയാനാവില്ല. ഇത്തരം സ്വയം വെളിപ്പെടുത്തലുകൾ സാമൂഹ്യചരിത്രവുമായി തീർച്ചയായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കും. 

1920കളുടെ ഒടുവിൽ ജനിച്ച ഡോ. എം. ലീലാവതിയുടെ "സ്മൃതിപ്രയാണം- മരുമക്കത്തായത്തിലെ ഒരമ്മയുടെ സാഹസ സഞ്ചാരങ്ങൾ" എന്ന ഓർമ്മക്കുറിപ്പിലും 1950കളുടെ അവസാനത്തിൽ ജനിച്ച ചന്ദ്രമതിയുടെ 'തോണിയും കാത്ത് കായൽക്കരയിൽ രണ്ടാൾക്കാർ' എന്ന ആത്മകഥാ കുറിപ്പിലും, 1960കളിൽ ജനിച്ച അരുന്ധതി റോയിയുടെ 'Mother Mary Comes to Me' എന്ന ആത്മകഥയിലും വ്യത്യസ്ത പരിതോവസ്ഥകളിൽ ജനിച്ചു വളർന്ന മൂന്ന് സ്ത്രീകൾ അവരുടെ അമ്മയുമായി വെച്ചുപുലർത്തിയിരുന്ന അടുപ്പവും അകൽച്ചയും ചർച്ച ചെയ്യുന്നു.

സ്ത്രീ ശാക്തീകരണം എന്ന ആശയം  പലപ്പോഴും ഉത്ഭവം കൊള്ളാത്ത കാലത്ത് പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് മുന്നേറിയ അമ്മയുടെ ചരിത്രം രേഖപ്പെടുത്തേണ്ടതാണ് എന്ന ഉത്തമ ബോധ്യം ഡോക്ടർ ലീലാവതിക്കുണ്ട്. അത് പൂർത്തീകരിക്കുമ്പോഴാകട്ടെ, "അമ്മയിൽ ഉണ്ടാകാതിരുന്നെങ്കിൽ എത്ര നന്നായേനെ"  എന്നു താൻ കരുതുന്ന ഇനത്തിൽപ്പെട്ട ചില വികാര സംഘാതങ്ങൾ മറയ്ക്കാതെ പുറത്തെടുക്കേണ്ടി വരും എന്ന് ടീച്ചർക്ക് അറിയാം. എന്നാൽ വാക്കുകളെ പവിത്രമായ് അണിഞ്ഞുകൊണ്ട് അമ്മയുടെയും അച്ഛന്റെയും തേങ്ങലുകളുടെ തിക്തതയായാലും കഠിനതയായാലും സന്തുലനം ചെയ്യപ്പെടട്ടേ എന്ന പ്രസ്താവനയോടെയാണ് ടീച്ചർ അമ്മയെപ്പറ്റി എഴുതുന്നത്.

പതിനെട്ട് വയസ്സുള്ള നങ്ങയ്യമാണ്ടളിനെ നാല്പത്തിയാറു വയസ്സുള്ള കുഞ്ചുണ്ണി നമ്പിടി വിവാഹം കഴിക്കുന്നത് ഒന്നരക്കൊല്ലം പ്രണയാഭ്യർത്ഥന നടത്തിയാണ്. തന്റെ ശത്രുവായ പുന്നത്തൂർ തമ്പുരാനെ ധിക്കരിച്ച് ഉണ്ണാതെ ഇറങ്ങിവന്ന പെൺകിടാവിനോട് നമ്പിടിക്ക് സ്നേഹം തോന്നി. നമ്പിയുടെ ആകർഷണീയമായ യൗവനം നങ്ങയ്യയെ വിവാഹത്തിന് സമ്മതിക്കാൻ പ്രേരിപ്പിച്ചിരിക്കാം. പക്ഷെ മരുമക്കത്തായ ദായക്രമത്തെ ഉറച്ചു പിന്തുടരുന്ന ആളും യാഥാസ്ഥിതികനുമായ നമ്പിടിയോടൊത്തുള്ള ജീവിതം ബുദ്ധിശാലിനിയും പുരോഗമന ചിന്താഗതിക്കാരിയുമായ നങ്ങയ്യക്ക് സുഖകരമായിരുന്നില്ല. 

അച്ഛൻ തന്റെ നേർതായ്‌വഴിയിലേയും മറ്റ് രണ്ടു താവഴിയിലേയും അംഗങ്ങളെ സംരക്ഷിക്കുന്നതിൽ അമ്മയ്ക്ക് വിരോധം ഉണ്ടായിരുന്നില്ല, പക്ഷേ സ്വന്തം മകളോട് അനാസ്ഥ കാട്ടുന്നതാണ് കലഹങ്ങൾക്ക് വഴിവെച്ചിരുന്നത് എന്ന് ടീച്ചർ രേഖപ്പെടുത്തുന്നു. അതാകട്ടെ സ്വയം ദണ്ഡനം എന്ന സമരമുറയിലേക്ക് നീളും. പട്ടിണി കിടക്കുക, റൂൾവടി കൊണ്ട് തലയ്ക്കടിക്കുക എന്നിവയൊക്കെ പതിവ്. മരുമക്കളോടുള്ള അമിതവത്സല്യവും മകളോടുള്ള അവഗണനയും കണ്ട് പുകഞ്ഞു കത്തുമ്പോൾ 'തെറിക്കുന്ന' തീ ധാരാളമായിരുന്നു. കലഹത്തിലൂടെ കാര്യങ്ങൾ ശരിയാകാതെ വരുമ്പോൾ ധിക്കാരത്തിലേക്ക് കടക്കും.

മൂത്തമകളായ കാരണം ഈ ഒരു അന്തരീക്ഷത്തിൽ കുട്ടിക്കാലത്തിന്റെ അല്ലലില്ലായ്മകളും കളിയും കളിമ്പും തനിക്ക് ആസ്വദിക്കാൻ സാധിച്ചിട്ടില്ലെന്ന് ടീച്ചർ ഓർക്കുന്നു.  ഹോസ്റ്റലിൽ താമസിക്കുന്ന കാലത്ത് അവധിക്ക് വീട്ടിൽ വരിക എന്നത് ഒരിക്കലും  ആശ്വാസമായിരുന്നില്ല. മരുമക്കൾ പഠിക്കാത്ത കാരണം ലീലാവതി ടീച്ചറെ പഠിപ്പിക്കാൻ അച്ഛന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ പഠിത്തത്തിൽ മിടുക്കിയായ ടീച്ചറെ പഠിപ്പിച്ചു ഉയരത്തിൽ എത്തിക്കണമെന്നത് അമ്മയുടെ വാശിയായിരുന്നു. അച്ഛൻ ഒരിക്കൽ വരുതിയിൽ വരും എന്ന പ്രതീക്ഷയോടെ അമ്മ ചെയ്ത വിട്ടുവീഴ്ചകൾ സ്വന്തം വീട്ടുകാരും അമ്മയിൽ നിന്ന് അല്പം അകലാൻ കാരണമായി.

അതോടെ എനിക്ക് അഞ്ച് ആൺമക്കളാണ് (ടീച്ചറെ കൂടി മകനായി കണക്കാക്കി), താൻ തോൽക്കില്ല എന്ന വാശിയായി അമ്മയ്ക്ക്. കലഹം ഒടുവിൽ അച്ഛൻ നൽകിയ കോടതി വ്യവഹാരത്തിൽ എത്തി. അതിൽ അമ്മ പരാജയപ്പെട്ടു. അതോടെ ബന്ധം പൂർണമായും തകർന്നു. തന്നോട് സ്നേഹമുണ്ടെന്ന തോന്നലിൽ അച്ഛനോട് ടീച്ചർ കാണിക്കുന്ന ചെറിയ പരിഗണന പോലും അമ്മയ്ക്ക് സഹിക്കുമായിരുന്നില്ല. അമ്മയെ അമ്മാവന്മാരിൽ നിന്ന് അകറ്റാൻ അമ്മൂമ്മയ്‌ക്കൊപ്പം അനിയത്തി തങ്കമണി കൂട്ടുനിന്നു എന്ന കടുത്ത വിശ്വാസമായിരുന്നു അമ്മയ്ക്ക്. അതുകൊണ്ട് ചെറിയമ്മ ടീച്ചറുടെ കൂടെ വന്നപ്പോൾ അനിയത്തി ഉള്ളിടത്ത് താൻ വന്നു നിൽക്കുന്നത് ശരിയല്ല എന്നു പറഞ്ഞ് കോട്ടപ്പടിയിലെ വീട്ടിൽ അവർ തനിയെ താമസിച്ചു. രാഷ്ട്രീയ പ്രവർത്തനം, സാമൂഹ്യ സേവനം, അക്ഷരശ്ലോക പഠനം, സസ്യ പരിപാലനം എന്നിങ്ങനെ തനിക്ക് ഇഷ്ടമുള്ളത് ചെയ്തു കഴിഞ്ഞു.

Leelavathy 2
ലീലാവതി ടീച്ചർ

1975 മാർച്ച് 8-ാം തീയതി തൃശ്ശൂരിൽ നടന്ന വനിതാ സമ്മേളനത്തിൽ നിറഞ്ഞ സദസ്സിൽ, തന്റെ അമ്മ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ പരാമർശിച്ച് പെൺകുട്ടികൾക്ക് വളരാനുള്ള അവസരങ്ങൾ നിഷേധിക്കാതിരിക്കാൻ ഏതൊരു വീട്ടമ്മയും ഒരുങ്ങണമെന്നും ആ സന്നദ്ധതയുടെ സുധീരമായ മാതൃകയാണ് തന്റെ അമ്മ എന്നമുള്ള ഏറ്റുപറച്ചിൽ ആൾക്കൂട്ടത്തിൽ ആരുമറിയാതെ ഇരുന്ന് അമ്മ കേട്ടതോടെ അമ്മയ്ക്ക് മകളോട് ഉണ്ടായിരുന്ന നീരസത്തിന്റെ മണ്ണാകെ ഉരുകിപ്പോയെന്ന് ടീച്ചർ സൂചിപ്പിക്കുന്നു.

ചന്ദ്രമതിയുടെ അച്ഛൻ ഭാസ്കരൻ നായരും അമ്മ തങ്കവുമായി 12 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. അതുമാത്രമല്ല ഒരു ദാമ്പത്യത്തിൽ ആവശ്യം വേണ്ട തരംഗദൈർഘ്യവും കുറവായിരുന്നു. പതിനാറു വയസ്സിൽ കല്യാണം കഴിഞ്ഞ് പാവാട- ബ്ലൗസ്സിൻ്റെ സ്വച്ഛതയിൽ നിന്ന് മുണ്ട്- ജംബർ- തോർത്തിലേക്കുള്ള വസ്ത്രധാരണ പരിണാമം കൊച്ചുകുടുംബത്തിന്റെ സ്നേഹ പരിലാളനത്തിൽ നിന്ന് കൂട്ടുകുടുംബാന്തരീക്ഷത്തിലേക്കുള്ള പറിച്ചു നടൽ, ഇതൊക്കെ ഈ പതിനാറുവയസ്സുകാരിയുടെ മനസ്സിൽ മുറിവുകൾ ഉണ്ടാക്കിയിരിക്കും. പഠിക്കാൻ മിടുക്കിയായിരുന്നിട്ടും പഠിക്കാൻ കഴിയാതെ പോകുക. പൊന്നുമകൾക്ക് കിട്ടിയ സ്നേഹവലയത്തിൽ നിന്ന് ഭിന്നമായി പാചകവും വൃദ്ധജന പരിപാലനവുമായി കഴിയേണ്ടി വരിക ഇതെല്ലാം അവരെ ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിരിക്കാം. 

തുടർച്ചയായി ഏഴു പ്രാവശ്യം ഗർഭം അലസിയ ശേഷം ഉണ്ടായ കുഞ്ഞാണ് ചന്ദ്രമതി. പിന്നെയും ഒരുവട്ടം കൂടി ഗർഭം അലസിയപ്പോൾ തങ്കം ക്ഷയരോഗിയായി. അന്ന് ആ അസുഖം വളരെ ഗൗരവമുള്ളതായിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞായ ചന്ദ്രമതിയെ നോക്കിയത് അച്ഛന്റെ ബന്ധുവായിരുന്നു. അമ്മ ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് ചന്ദ്രമതി വീണ്ടും അമ്മയുടെ അരികിലെത്തുന്നത്.

അമ്മയ്ക്ക് സ്വന്തം വീട്ടുകാരോടുള്ള അമിതമായ അടുപ്പം ചന്ദ്രമതിക്കും അച്ഛനും അരോചകമായിരുന്നു. ചന്ദ്രമതിയുടെ കുറ്റവും കുറവുകളും സ്വന്തം ആങ്ങളമാരോട് പറഞ്ഞ് മകളെ ശിക്ഷിക്കുന്നതിൽ അമ്മ തെറ്റൊന്നും കണ്ടില്ല. മകളെ വഴക്കു പറയാത്ത അച്ഛനായതുകൊണ്ട് അവളെ നേർവഴിക്കാക്കാൻ ഇതേ വഴിയുള്ളൂ എന്ന് പറഞ്ഞ് ന്യായീകരിച്ചു, വിശ്വസിച്ചു.

അമ്മാവന്റെ അടിയേറ്റ് തിണർത്ത പാടുകളെ തലോടിക്കൊടുത്ത് വളകളും ക്യൂടെക്സുമൊക്കെ വാങ്ങിക്കൊടുത്ത് സാന്ത്വനിപ്പിക്കാനേ അച്ഛന് കഴിയുമായിരുന്നുള്ളൂ. അമ്മയുമായി ഇഴയടുപ്പുമില്ലായ്മ ചന്ദ്രമതിയെ എത്തിച്ചത് അച്ഛന്റെ പുസ്തകലോകത്താണ്. വായന ചിന്തയുടെ പുതിയ ലോകങ്ങൾ തുറന്നു നൽകി. പതുക്കെ എഴുത്തിലേക്ക് കടന്നപ്പോൾ അത് അമ്മയെ സന്തോഷിപ്പിച്ചെങ്കിലും കഥാകാരിക്കു വരുന്ന കത്തുകളെ അമ്മ സംശയത്തോടെ കണ്ടു. നിലപാടുകൾ പറയുന്നത് തർക്കുത്തരമായി വ്യാഖ്യാനിക്കപ്പെട്ടു. ഒടുവിൽ നമ്മുടെ മകളല്ലേ അവൾ എന്ന അച്ഛന്റെ ചോദ്യം പുനർചിന്തനത്തിന് അമ്മയെ പ്രേരിപ്പിച്ചു.

വിവാഹം കഴിഞ്ഞ് ഒരു അമ്മയായി കഴിഞ്ഞപ്പോഴാണ് തന്റെ അമ്മ ജനിച്ച വളർന്ന ഗ്രാമാന്തരീക്ഷവും അവിടുത്തെ യാഥാസ്ഥിതിക മനോഭാവവുമാണ് അമ്മയെക്കൊണ്ട് അതെല്ലാം ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുക എന്ന് ചന്ദ്രമതി മനസ്സിലാക്കി. മനസ്സിലെ കാലുഷ്യം അപ്പാടെ പോയത്  ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളക്കാലത്താണ്. അമ്മയുടെ സാമീപ്യം സാന്ത്വനം ഒക്കെ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അത് ഒരുപാട് സഹായിച്ചെന്ന് ചന്ദ്രമതി ഓർക്കുന്നു. പാചകത്തിലും ചെടി പരിപാലനത്തിലും സാധുജന സേവനത്തിലും വ്യാപൃതയായ അമ്മയെ പുതിയൊരു വെളിച്ചത്തിൽ കാണാൻ ചന്ദ്രമതിക്കു സാധിച്ചു.

അച്ഛനോടൊപ്പം ജീവിതം  ആഘോഷമാക്കിയിരുന്ന അമ്മ, വീട്ടിൽ ജോലികൾ ചുറുചുറുക്കോടെ ചെയ്തിരുന്ന അമ്മ, വായിക്കാനും എഴുതാനും വയ്യാതെ കേൾവി കുറഞ്ഞ് മണിക്കൂറുകളോളം വെറുതെ പുറത്തേയ്ക്കു നോക്കിയിരിക്കുന്നത് ചന്ദ്രമതിയെ വേദനിപ്പിക്കുന്നു. ജീവിതപങ്കാളികൾ ജീവിതസായാഹ്നത്തിൽ നഷ്ടപ്പെട്ട തങ്ങളെ  'ഗോദോയെ കാത്ത്' എന്ന നാടകത്തിലെ  പോസോയോടും ലക്കിയോടും ആണ് ചന്ദ്രമതി താരതമ്യപ്പെടുത്തുന്നത്. വാർധക്യത്തിൻ്റെയും ഏകാന്തതയുടെയും നടുവിൽ അദൃശ്യമായിരുന്നു ഒരു ചരടാൽ ബന്ധിക്കപ്പെട്ട്  'ചന്ദ്രദീപം' എന്ന വീട്ടിൽ കഴിയുന്ന അമ്മയും കുഞ്ഞും അനുഷ്ഠിക്കേണ്ടുന്ന ഭാഗത്തിന് മാറ്റം വന്നെന്നു മാത്രം. 

Chandramathy 2
ചന്ദ്രമതി അമ്മയോടൊപ്പം

തന്റെ ഹൃദയത്തിൽ ഏതൊരു പരസ്യ പലകയെക്കാളും ഉയർന്ന്, കുത്തിയൊലിക്കുന്ന പുഴയെക്കാൾ ആപൽക്കാരിയായി, കൃപാലേശമില്ലാത്ത മഴപ്പെയ്ത്തുപോലെ സമുദ്രത്തേക്കാൾ വലിയ സാന്നിധ്യമായി നിൽക്കുന്ന അമ്മയെ തന്റെ അനുഭവങ്ങളുടെ നിറം പകരാത്ത കാചത്തിലൂടെ കാണാൻ ശ്രമിച്ചപ്പോൾ, ഒരു സ്ത്രീയെന്ന നിലയിലുള്ള അവരുടെ മൂല്യങ്ങൾ മനസ്സിലാക്കിയതാണ് ' Mother Mary Comes To Me' എന്ന അരുന്ധതി റോയിയുടെ ആത്മകഥ. 

തന്റെ വ്യക്തി ജീവിതത്തിലെ സാഹസസഞ്ചാരങ്ങളും എഴുത്തു ജീവിതവും രാഷ്ട്രീയ പ്രവർത്തനങ്ങളും  രാഷ്ട്രീയത്തിന്റെ അപചയവുമെല്ലാം കടന്നുവരുന്നുണ്ടെങ്കിലും ആത്മകഥയിൽ തിളങ്ങി നിൽക്കുന്നത് അതികായ എന്നു തന്നെ വിശേഷിപ്പിക്കേണ്ട മേരി റോയിയാണ്. കുട്ടിയായിരിക്കുമ്പോൾ യുക്തിരഹിതമായി, നിസ്സഹായയായി, ഭീതിയോടെ അമ്മയെ സ്നേഹിച്ചിരുന്ന അരുന്ധതി, മുതിർന്നപ്പോൾ അതിൽ നിന്നു വ്യത്യസ്തമായി യുക്തിപൂർവ്വം അവധാനതയോടെ സുരക്ഷിതമായ ഒരകലം പാലിച്ച് അമ്മയെ സ്നേഹിക്കാനും സമീപിക്കാനും പരിശീലിച്ചു. അമ്മയെ വിട്ട് കുറെ വർഷങ്ങൾ അവരുമായി യാതൊരു ആശയവിനിമയവുമില്ലാതെ കഴിഞ്ഞത് അമ്മയെ സ്നേഹിക്കുന്നത് തുടരാൻ വേണ്ടിയാണെന്ന്  രേഖപ്പെടുത്തുന്നു. തന്നെ  അങ്ങനെ പോകാൻ അനുവദിച്ചത് അമ്മ തന്നെ സ്നേഹിക്കുന്നതു കൊണ്ടാണെന്ന ഒരു നുണയിൽ അമ്മയും മകളും പൊരുത്തപ്പെടുകയായിരുന്നു. 

എന്നാൽ കലഹപ്രിയ എന്ന് പൊതുവേ മുദ്രകുത്തിയ അമ്മയെ ആഴത്തിൽ ഉൾക്കൊള്ളാനും അവരെ കുത്തി നോവിപ്പിച്ച വസ്തുതകൾ മനസ്സിലാക്കാനും അവരുടെ ചെയ്തികളുടെ കാരണം കണ്ടുപിടിക്കാനുമുള്ള ശ്രമം തന്നെ കൊണ്ടു ചെന്നെത്തിച്ചത് പിടികിട്ടാത്ത ഒരു ദുർഘട സന്ധിയിലാണെന്ന് അരുന്ധതി പറയുന്നു. പീഡകനായ പിതാവിൽ നിന്ന് രക്ഷപ്പെടാൻ ആദ്യമായി വിവാഹഭ്യർത്ഥന നടത്തിയ ആളെ വരിച്ച് ആസാമിലെ തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് അയാളുടെ കുടിയും അവിടുത്തെ ഏകാന്തതയുമായി തനിക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കുന്നത്. 

ആ ജീവിതം മടുത്ത് രണ്ടു ചെറിയ കുട്ടികളുമായി അച്ഛന്റെ ഊട്ടിയിലെ വീട്ടിലെത്തുക, അവിടെ നിന്ന് അമ്മയും ജ്യേഷ്ഠനും ചെന്ന് ഇറക്കി വിടുക, കുടുംബവീട്ടിൽ അവഹേളനങ്ങൾ സഹിച്ചു കഴിയേണ്ടി വരിക, തന്റെ ബിരുദത്തിന്റെ ബലത്തിൽ കോട്ടയത്തെ ഒരു മൊട്ടക്കുന്നിൽ മികച്ച ഒരു പള്ളിക്കൂടം കെട്ടിപ്പടുക്കുക,  സുപ്രീം കോടതി വരെ പോയി ക്രിസ്ത്യൻ കുടുംബത്തിൽ പെൺകുട്ടികൾക്കും സ്വത്തിനവകാശമുണ്ടെന്ന വിധി നേടിയെടുക്കുക- ഈ അതികായയുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ചെറുതായിരുന്നില്ല.

താൻ പഠിപ്പിക്കുന്ന കുട്ടികളെ മിടുക്കരാക്കി തീർക്കുക എന്ന ദൗത്യത്തിൽ പൂർണ്ണ പ്രതിബദ്ധതയോടെ പ്രവർത്തിച്ചപ്പോൾ തങ്ങൾ അവഗണിക്കപ്പെട്ടു എന്ന തോന്നൽ സ്വന്തം മക്കൾക്ക് ഉണ്ടാവുക സ്വാഭാവികം. ലൈംഗിക കാര്യങ്ങളിൽ മേരിറോയ് പുലർത്തിയിരുന്ന സത്യസന്ധതയും പ്രവർത്തി മണ്ഡലത്തിൽ പുലർത്തിയിരുന്ന നൈതികതയും ജീവിതത്തിലെ  വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളും  ഒരു ഉരുക്കു വനിതയാക്കി മാറ്റിയ മേരി റോയിയെ സംബന്ധിച്ചിടത്തോളം, മകളുടെ ജീവിതത്തിലെ പല സാഹസിക സഞ്ചാരങ്ങളും അംഗീകരിക്കുക ബുദ്ധിമുട്ടായിരുന്നു.

അമ്മയ്ക്ക് സമർപ്പിച്ച നോവലിന് ബുക്കർ സമ്മാനം ലഭിച്ചപ്പോൾ അവർ ഉള്ളിൽ ആനന്ദിച്ചിരിക്കും. പക്ഷേ അമിതാഹ്ളാദം പ്രകടിപ്പിച്ചില്ല. അരുന്ധതി ജയിലിൽ പോകും മുമ്പ് വിളിച്ചപ്പോൾ "Bye Baby" എന്ന് ആശംസിച്ചത് അരുന്ധതിയെ തന്നെ അത്ഭുതപ്പെടുത്തി. അനുഭവങ്ങൾ തന്നെ കുറെക്കൂടി പക്വമാക്കിയപ്പോൾ അമ്മയുടെ വിചിത്ര സ്വഭാവങ്ങളുമായി പൊരുത്തപ്പെടാൻ കുറെയൊക്കെ കഴിഞ്ഞു എന്ന് അവർ രേഖപ്പെടുത്തുന്നു. അമ്മമാർ സ്നേഹത്തിന്റെയും സംരക്ഷണത്തിൻ്റെയും അഭയകേന്ദ്രമായിരിക്കണം എന്ന പരമ്പരാഗത ധാരണയിൽ നിന്ന് അകന്നുനിന്ന് ബന്ധങ്ങളെ കുറേക്കൂടി വ്യക്തമായി മനസ്സിലാക്കാൻ തനിക്ക് സാധിച്ചതായി അവർ സൂചിപ്പിക്കുന്നു. ഇത് ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയ പിതാവിനെ അംഗീകരിക്കാനും അവളെ പ്രാപ്തിയാക്കി.

ശ്വാസംമുട്ടലും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി വീട്ടിലെന്നല്ല തൻ്റെ മുറിയിൽ തന്നെ കഴിയേണ്ടി വന്നപ്പോഴും അധികാരത്തിന്റെ കടിഞ്ഞാൺ അവർ  മുറുക്കിത്തന്നെ പിടിച്ചു. തന്നെത്തന്നെ ഏറ്റവും അധികം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു മേരിറോയ് എന്നതാണ് അവരെ വ്യത്യസ്തമാക്കുന്ന സവിശേഷത എന്ന് അരുന്ധതി പ്രസ്താവിക്കുന്നു.

2012 ജനുവരിയിൽ മേരി റോയിയുടെ ഫോണിൽ നിന്ന് വന്ന മെസ്സേജ്  "There is no one in the world whom i have loved more than you" എന്നത് അക്ഷരാർത്ഥത്തിൽ അരുന്ധതിയെ ഞെട്ടിച്ചു. ഡൽഹിയിലെ കൊടുംതണുപ്പിൽ വിയർത്ത അരുന്ധതി "You are the most unusual, wonderful woman I have ever known, I adore you" എന്ന് തിരിച്ച് മെസ്സേജ് അയച്ചു. ആ മറുപടിയിൽ അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയൊരു അധ്യായം തുറക്കുകയായിരുന്നു. അവരുടെ മരണത്തിൽ ആകെ തളർന്നു നിന്ന തന്നോട് ഇത്രയധികം ക്രൂരമായി പെരുമാറിയ ഒരാളുടെ മരണത്തിൽ ഈ വിധം പെരുമാറുന്നതെങ്ങിനെ എന്ന സഹോദരന്റെ ചോദ്യത്തിന് താനതെല്ലാം മറന്ന്, താനിത്ര ഭാഗ്യവതിയാണെന്നതിൽ സംതൃപ്തയാണെന്ന് പറയാനാണ് അരുന്ധതി ഇച്ഛിച്ചത്.

ഇവിടെ  പരാമർശിച്ചതായ മൂന്നുപേരും സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരാണ്. മൂന്നുപേരുടെ സാഹിത്യ ജീവിതത്തിലും വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. ആ വെല്ലുവിളികളെ തരണം ചെയ്യാൻ പ്രാപ്തരാക്കിയത് അവരുടെ അമ്മമാരുടെ മനോഭാവങ്ങളും സമീപനങ്ങളുമാണോ? ആയിരിക്കാം. കുടുംബ വൃത്തത്തിനുള്ളിൽ നിന്നുള്ള അസ്വാരസ്യങ്ങളും പ്രത്യക്ഷമല്ലാത്ത പിന്തുണകളും ഒരുപക്ഷെ സാഹിത്യ ജീവിതത്തിലെ സന്നദ്ധതകളെ മറികടക്കാൻ അവരെ പ്രാപ്തരാക്കിയിട്ടുണ്ടാകാം.

പരമ്പരാഗത ആഖ്യാനവർത്തനങ്ങളെ അതിലംഘിക്കുന്ന ഈ ഓർമ്മചിത്രങ്ങൾ സാംസ്കാരിക സ്വാംശീകരണം, തലമുറകൾ തമ്മിലുള്ള സംഘർഷം, തൻ്റേതെന്ന തോന്നലിനായുള്ള പര്യവേഷണങ്ങൾ, എന്നിവ അപഗ്രഥിക്കാൻ  വഴിതുറക്കുന്നുണ്ട്. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും ഈ മൂന്ന് അമ്മമാരും മാതൃത്വത്തെ സംബന്ധിച്ച് യാഥാസ്ഥിതിക ചിത്രീകരണത്തെ ഉല്ലംഘിക്കുന്നുണ്ടെന്ന കാര്യം തീർച്ച, തോതിലേ വ്യത്യാസമുള്ളൂ. എങ്കിൽക്കൂടിയും ഭാരതീയ സമൂഹത്തിലെ സ്ത്രൈണാനുഭവങ്ങളെ കുറെക്കൂടി വിശാലവും, ഉൾക്കൊള്ളുന്ന തരത്തിലുള്ളതുമായ പ്രാതിനിധ്യ തലത്തിലേക്ക് ഈ അമ്മ ഓർമ്മകൾ എത്തിക്കുമെന്നത് തീർച്ചയാണ്.

Read More: ഡോ. രതി മോനോൻ്റെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Arundhathi Roy Literature Malayalam Writer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: