“വർഷാവർഷം നിങ്ങളിങ്ങനെ കർത്താവിനെ ക്രൂശിക്കാൻ നടന്നാ എങ്ങനാടാ കൂവേ?” എന്ന തോമസുകുട്ടീടെ സൈദ്ധാന്തിക ചോദ്യത്തിലേയ്ക്കാണ് എന്‍റെ ഓശാനാ ഞായർ കണ്ണും തിരുമ്മി എഴുന്നേറ്റത്.

“അല്ലേലും ഈ തോമസുകുട്ടിക്ക് എന്നാ പിണ്ണാക്കാ അറിയാവുന്നേ? മനുഷന്മാർക്ക് ഒത്തുകൂടാൻ ഒള്ളതല്ലേ പെരുന്നാളും ചാവടിയന്തരോവൊക്കെ”യെന്ന് ആനിക്കൊച്ചമ്മ പറഞ്ഞതോടെ നിലത്ത് കിടന്ന മനോരമയെടുത്ത് വരാന്തേലോട്ടിട്ടേച്ചും തോമസുകുട്ടി സ്ഥലം വിട്ടു. കൊച്ചമ്മ പറഞ്ഞതാ അതിന്‍റെ ന്യായവെന്ന് ഉമിക്കരീം ഉപ്പും ലേശം കുരുമുളക് പൊടീം കയ്യിലിട്ട് തിരുമ്മി പല്ല് തേക്കുമ്പോ എനിക്കും തോന്നി. ബ്രഷെടുക്കാൻ മറന്നാ പിന്നെ ഉമിക്കരിയല്ലാതെ വേറെ വഴിയില്ലല്ലോ.

നാരങ്ങാപ്പള്ളിയിൽ നിന്നും പെണ്ണുങ്ങൾ കുരുത്തോലയുമായി നീങ്ങുന്നതാണ് ഉയിർപ്പ് പെരുന്നാളിന്‍റെ ആദ്യ ഷോട്ട്.

പള്ളീം കഴിഞ്ഞ് കളിപ്പാട്ടം ജോണിച്ചേട്ടന്‍റെ വീടിന്‍റെ ഒതുക്ക് കല്ലിറങ്ങുമ്പോഴേ ചട്ടക്കാരികളുടെ വീട്ടിൽ നിന്നും ഞായറാഴ്ചപ്പെരുക്കങ്ങൾ കേൾക്കാം. ‘പ്ധിൽ, പ്ധിൽ’ എന്ന ശബ്ദത്തോടെ ഉലക്കകൾ മാറി മാറി ഉരലിൽ വീഴുന്നത് കാണേണ്ട കാഴ്ചയാണ്. പൊക്ക൦ മോളിയുടെ അടുക്കളപ്പുറത്താണ് ഇടിക്കാനും പൊടിക്കാനും പെണ്ണുങ്ങൾ കൂടുന്നത്. പച്ചരി ഇടിച്ച് പൊടിച്ച് അരിച്ചു വറുത്തെടുക്കുന്നതിനിടയിൽ കഴിഞ്ഞ ഓശാന മുതൽ തലേന്നത്തെ കൊഴുക്കട്ടക്കഥ വരെ ഉണ്ടാകും.

കൊഴുക്കട്ടപ്പെരുന്നാളോടു കൂടിയാണ് ഈസ്റ്റർ രുചികൾക്ക് തുടക്കമാകുന്നത്. ഓശാനയുടെ തലേന്ന് ശനിയാഴ്ച വൈകുന്നേരമാണ് ഉണ്ട/കൊഴുക്കട്ട ഉണ്ടാക്കുന്നത്. വറുത്തെടുത്ത അരിപ്പൊടി തിളച്ച വെള്ളത്തിൽ കുഴച്ച് പരത്തിയെടുത്ത് അതിനുള്ളിൽ ശർക്കരയും തേങ്ങയും ഏലയ്ക്കയും ജീരകോം ചേർത്ത മധുരം നിറച്ചാണ് കൊഴുക്കട്ട പുഴുങ്ങുന്നത്. ചേരുവകളും സമയോം പാകം ചെയ്യുന്ന രീതിയുമനുസരിച്ച് കൊഴുക്കട്ടയുടെ രുചിയും മാറും. ‘

സബീനാന്റിയാണ് അമ്മവീട്ടിലെ കൊഴുക്കട്ട സ്പെഷ്യലിസ്റ്റ്. പെസഹാ രാത്രിയിൽ ഈശോ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെ ഓർമ്മയിൽ പള്ളിയിലെ ശുശ്രൂഷകളിലേക്ക് മുതിർന്നവർക്കൊപ്പം ഒരുങ്ങിയിറങ്ങുമ്പോൾ അടുക്കളയിൽ വേവുന്ന ഇൻറി അപ്പത്തിന്‍റെയും പെസഹാപ്പാലിന്‍റെയും മണം മാത്രമേ ഞങ്ങൾ കുട്ടികളുടെ ധ്യാനത്തിലുണ്ടാവൂ.

“അനേകം അരിമണികൾ ചേർന്ന് പൊടിഞ്ഞ് ഒരപ്പമായി തീരുന്നത് പോലെ, പലരായിരുന്ന നാം ഈശോയിൽ ഒന്നാകുന്നു” എന്ന കുഞ്ഞൂട്ടി ഉപദേശിയുടെ പ്രസംഗ൦ ഇൻറിയപ്പം കാണുമ്പോഴല്ലാം എനിക്കോർമ്മ വരും.

പച്ചരീം ഉഴുന്നും തേങ്ങയും വെളുത്തുള്ളീം ജീരകോം ചുവന്നുള്ളീം അരച്ചു ചേർത്താണ് അപ്പം പുഴുങ്ങിയെടുക്കുന്നത്. ഒടുക്കം കുരുത്തോല കൊണ്ടൊരു കുരിശും മുകളിൽ വയ്ക്കും. നല്ല പൂവൻപഴം ചേർത്ത് കാച്ചിയ പെസഹപ്പാലും ഇൻറിയപ്പവും കുഞ്ഞാന്‍റെയുടെ സ്പെഷ്യലാണ്.

easter ,memories, reenu mathew

ഈശോയുടെ പീഡാനുഭവങ്ങളെയെല്ലാം ഒരു കൈ ദൂരത്തിൽ നിർത്തി അടുക്കള വേവുകളെയും രുചിയോർമ്മകളെയും ഞാനിങ്ങനെ കുത്തിക്കുറിക്കുമ്പോൾ അപ്പുറത്ത് നിന്നും കുഞ്ഞുമോളാന്‍റെയുടെ വക പുത്തൻ പാന* പാരായണം തുടരുന്നുണ്ട്.

“പ്രാണനില്ലാത്തവർക്കൂടെ ദുഃഖമോടെ പുറപ്പെട്ടു,
കല്ലും മരങ്ങളും പൊട്ടിനാദം മുഴക്കീട്ട് അല്ലലോട്
ദുഃഖമെന്ത് പറവൂ പുത്രാ…”

അല്ലെങ്കിലും ജീവിതത്തിന്‍റെ ദുഃഖവെള്ളികളിലൂടെ കടന്നു പോകാത്തവരായി ആരാണുള്ളത്? മൂന്നാം നാൾ ഉയിർക്കുമെന്ന പ്രതീക്ഷയും പ്രത്യാശയുമാണല്ലോ വ്യഥകളുടെയും വൈഷമ്യങ്ങളുടേയും ഗാൽഗുത്തകളെ കീഴടക്കാനുള്ള ഊർജ്ജം നിറയ്ക്കുന്നത്. ഉള്ളിൽ നിറയുന്ന ആ ഊർജ്ജമാണല്ലോ ദുഃഖത്തിന്‍റെയും വിഷാദത്തിന്‍റെയും കല്ലറകളെ ഭേദിച്ച് പുതിയ ജീവനിലേയ്ക്ക് ഓരോ ദിവസവും ഉയിർപ്പിക്കുന്നത്.

*പുത്തൻപാന : അമ്പതു നോമ്പ് കാലത്ത് ക്രിസ്ത്യൻ വീടുകളിൽ (കത്തോലിക്കാ) പാരായണം ചെയ്യുന്നു. ക്രിസ്തുവിന്‍റെ ജനന-ജീവിത – മരണമാണ് മുഖ്യപ്രതിപാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ