‘കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച മുഖത്തു നോക്കി
അല്ലില്‍ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു,’

സുഗതകുമാരി ടീച്ചറുടെ ‘കൊല്ലേണ്ടതെങ്ങനെ’ എന്ന കവിത ആരംഭിക്കുന്നത് ഈ വരികളോടെയാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന, വീല്‍ ചെയറില്‍ കാലം കഴിക്കുന്ന മകളെ ചൂണ്ടിക്കാണിച്ച് പ്രായമായ അമ്മ ചോദിക്കുകയാണ് എങ്ങനെയാണ് ഞാനിവളെ കൊല്ലേണ്ടതെന്ന്. തന്റെ കാലം കഴിഞ്ഞാല്‍ മക്കള്‍ക്കാരുണ്ടെന്ന് ചിന്തിക്കുന്ന ഒരുപാട് മാതാപിതാക്കളുടെ മനസാണ് സുഗതകുമാരി ഈ കവിതയിലൂടെ വരച്ചിട്ടിരിക്കുന്നത്.

ഈയൊരു ചിന്തയില്‍ നിന്നായിരിക്കും ഒരുപക്ഷെ കൊല്ലം സ്വദേശി എന്‍ കമലാസനന്‍ എന്ന റിട്ടയേഡ് അദ്ധ്യാപകന്‍ ഒരേക്കറോളം വരുന്ന തന്റെ സ്ഥലവും അതിലെ നാലു മുറി വീടും സര്‍ക്കാരിലേക്ക് എഴുതി കൊടുത്തത്. മാനസികാസ്വസ്ഥതയുള്ള സ്ത്രീകളെ താമസിപ്പിക്കാനൊരിടം അവിടെയുണ്ടാക്കുക എന്നതാണ് കമലാസനന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരേക്കറോളം (മൂന്നുകോടി രൂപ വിലമതിക്കുന്ന സ്ഥലം) വരുന്ന തന്റെ പാരമ്പര്യ സ്വത്താണ് അദ്ദേഹം ഇഷ്ടദാനം നല്‍കിയത്. കൊല്ലം ജില്ലയിലെ വെളിയം എന്ന പ്രദേശത്താണ് സ്ഥലവും വീടും.

സർക്കാരിലേക്കു നൽകിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്

ഇത്തരത്തില്‍ വിഷമിക്കുന്ന മാതാപിതാക്കളുടെ മനസ് കമലാസനന്‍ എന്ന അച്ഛന് അറിയാം. കാരണം തന്റെ മകള്‍ പ്രിയ(38) 13ാം വയസുമുതല്‍ സ്‌കീസോഫ്രീനിയ എന്ന അസുഖത്തിന് ചികിത്സയിലാണ്.

‘ചെറിയ കുട്ടികള്‍ പോലും അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന ഈ കെട്ട കാലത്ത്, ഞാനില്ലാതായാല്‍ എന്റെ മകള്‍ എങ്ങോട്ടു പോകും? അവള്‍ തനിച്ചായിപ്പോകില്ലേ? അതിന്റെ വിലയെക്കുറിച്ചോ മൂല്യത്തെക്കുറിച്ചോ ഞാന്‍ ചിന്തിച്ചില്ല. മരിച്ചുപോകുമ്പോള്‍ ഇതൊന്നും ഞാന്‍ കൊണ്ടു പോകില്ല. എനിക്കും ഭാര്യയ്ക്കും മാസം പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ജീവിക്കാന്‍ അത് ധാരാളമാണ്,’ കമലാസനന്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് സ്ഥലം കൈമാറ്റം ചെയ്തത്. നിലവില്‍ നാല് മുറിയുള്ള ഒരു വീട് ഈ സ്ഥലത്തുണ്ട്. 1995ല്‍ പണികഴിപ്പിച്ച ഈ വീട്ടില്‍ അധികകാലമൊന്നും കമലാസനനും കുടുംബവും താമസിച്ചിട്ടില്ല.

പതിമൂന്നാം വയസില്‍ സ്‌കീസോഫ്രീനിയ ഉണ്ടെന്നറിഞ്ഞതില്‍ പിന്നെ പ്രിയ സ്‌കൂളില്‍ പോയിട്ടില്ല. വീട്ടില്‍ സമ്പൂര്‍ണ പരിചരണത്തിലായിരുന്നു പിന്നീടുള്ള പ്രിയയുടെ ജീവിതം. മകളുമായി ദൂരയാത്രകള്‍ നടത്തുക എന്നതിനപ്പുറത്തേക്ക് ഈ അസുഖത്തിന് മറ്റൊരു പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

‘ഡോക്ടര്‍മാര്‍ നിരന്തരം വാഗ്ദാനങ്ങള്‍ തരും, ചികിത്സിച്ചു മാറ്റാമെന്ന്. പക്ഷെ 99 ശതമാനം സ്‌കീസോഫ്രീനിയ രോഗികള്‍ക്കും ഇന്നോളം ഇത് ചികിത്സയിലൂടെ ഭേദപ്പെട്ടിട്ടില്ല. എങ്കിലും എനിക്ക് വിശ്വാസമുണ്ട്. ഇപ്പോഴും ഞാന്‍ ചികിത്സിച്ച് മാറ്റാനുള്ള ശ്രമങ്ങളിലാണ്. ഒരു ശതമാനത്തിലാണ് എന്റെ പ്രതീക്ഷ!’ കോഴിക്കോട്ടെ, മാനസികാസ്വാസ്ഥ്യം നേരിടുന്നവരുടെ മറ്റു കഴിവുകള്‍ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സാന്ത്വനം എന്ന സ്ഥാപനത്തിന്റെ സെക്രട്ടറികൂടിയായ കമലാസനന്‍ പറയുന്നു.

kamalasanan

കമലാസനൻ ഭാര്യയ്ക്കും മകൾക്കുമൊപ്പം

കേരള സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍, 11.36ശതമാനം ആളുകള്‍ സംസ്ഥാനത്ത് വിവിധ തരം മാനസികാസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിഷാദം, സ്‌കീസോഫ്രീനിയ തുടങ്ങി, പുകയിലയും മദ്യപാനവും വരുത്തിവയ്ക്കുന്ന മാനസിക പ്രശ്‌നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ കേരളത്തിലെ മൊത്തം ജനസംഖ്യയില്‍ ഒരു ശതമാനം ആളുകള്‍ക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്നു പറയുന്നു. ഇതിന് സ്ഥിരമായൊരു പ്രതിവിധിയില്ല. ജീവിതകാലം മുഴുവന്‍ ചികിത്സിച്ചുകൊണ്ടിരിക്കുക എന്നതുമാത്രമാണ് ആകെ ചെയ്യാവുന്നത്.

കൈയ്യില്‍ പണമുള്ളവര്‍ക്ക് മാനസിക വെല്ലുവിളി നേരിടുന്ന തങ്ങളുടെ മക്കളേയോ വേണ്ടപ്പെട്ടവരേയോ ചികിത്സിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാം. എന്നാല്‍ സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവര്‍ക്ക് ഇതിനുള്ള സൗകര്യങ്ങള്‍ കുറവാണ്. ഇത്തരക്കാര്‍ക്കൊരു ആശ്വാസമാകുക എന്നതാണ് കമലാസനന്റെ ലക്ഷ്യം.

‘സ്‌കീസോഫ്രീനിയ പോലെ ചികിത്സിച്ച് ഭേദമാക്കാനാകാത്ത അസ്വാസ്ഥ്യമുള്ളവരുടെ ദൈനംദിന ജീവിതം വളരെ പരിതാപകരമായിരിക്കും. എല്ലാദിവസവും മരുന്ന് ഉപയോഗിക്കുക മാത്രമാണ് ചെയ്യാനാകുന്നത്. അടുത്ത തവണ മരുന്നെടുക്കുന്നതുവരെ ഇതൊരു ആശ്വാസം നല്‍കും. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍ പല കുടുംബങ്ങളിലും അതല്ല അവസ്ഥ. അവര്‍ക്ക് കെയര്‍ ഹോമുകളിലെ ചിലവുകള്‍ താങ്ങാന്‍ ചിലപ്പോള്‍ സാധിച്ചുകൊള്ളണമെന്നുമില്ല,’ കമലാസനന്‍ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് 2016 നവംബര്‍ എട്ടിനാണ് തന്റെ വസ്തു കൈമാറ്റം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് കമലാസനന്‍, മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുന്നത്. സാമൂഹ്യ നീതി വകുപ്പ് ഈ വര്‍ഷം തുടക്കത്തില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇവര്‍ക്കു മുന്നില്‍ മൂന്നു നിബന്ധനകളാണ് കമലാസനന്‍ വയ്ക്കുന്നത്. ഒന്ന്, ഈ സ്ഥാപനത്തിന് തന്റെ മകളുടെ പേര് നല്‍കണം. രണ്ട്, തന്റെ മകള്‍ പ്രിയയ്ക്കും ഒരു പ്രത്യേക സമയത്തിനു ശേഷം ഇവിടെ താസിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. മൂന്ന്, ഇതിന്റെ കമ്മിറ്റിയില്‍ ലോക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരെ കൂടാതെ കമലാസനന്‍ നിര്‍ദ്ദേശിക്കുന്ന ഒരംഗത്തെ കൂടി ഉള്‍പ്പെടുത്തണം.

പുതിയതായി തുടങ്ങുന്ന സ്ഥാപനത്തില്‍ ഒരു നഴ്‌സ്, ഒരു നഴ്‌സിങ് സഹായി, ഒരു ഡോക്ടര്‍ എന്നിവര്‍ എപ്പോളും ഒരു വിളിക്കപ്പുറം ലഭ്യമായിരിക്കും. ഇവരെ നിയമിക്കുന്നത് സര്‍ക്കാരായിരിക്കും. അസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സ്ഥിരമായി മരുന്നുകള്‍ വേണം എന്നതിനാല്‍ ആവശ്യമായ സ്ഥാഫുകളോടെയേ ആരംഭിക്കാനാവൂ.

ഇതൊരു നന്മനിറഞ്ഞ തീരുമാനമാണ്. ഇനിയൊരു രക്ഷിതാവിനും തന്റെ കുഞ്ഞിനെ ചൂണ്ടിക്കാണിച്ച് ‘കൊല്ലേണ്ടതെങ്ങനെ’ എന്നു ചോദിക്കാന്‍ ഇടവരാതിരിക്കട്ടെ.

പ്രജ്ന ഉണ്ണിക്കുമരത്ത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ