Latest News

ഹിമാലയത്തിൽ പതിഞ്ഞ ആൻഡീയൻ നിഴൽ

“ആകാശത്തിലേയ്ക്കു പറന്നു മറയുന്ന മനുഷ്യനും, ആകാശത്തിൽ നിന്നും ചിറകൊടിഞ്ഞു മണ്ണിൽ വീഴുന്ന മാലാഖയും” വായനയുടെ യാത്രകളിലേയ്ക്ക് ഒരു അക്ഷരവഴി

pramal kelat,himalaya

വായന യാത്ര തന്നെയാണ്. കഥാ പരിസരങ്ങൾ കഥാപാത്രങ്ങളെ പോലെ തന്നെ പലപ്പോഴും പ്രാധാന്യമുള്ളതും. മുറിയിൽ നിന്നും പുറത്തു കടക്കാതെ ലോകം കാണാനുള്ള മാർഗമത്രെ വായന. ഞാൻ കണ്ട സുന്ദരമായ അമേരിക്ക ജോൺ സ്റ്റെയ്നബക്ക് പതിറ്റാണ്ടുകൾക്ക് മുൻപ് പകർത്തി വച്ചതാണ്. ലാറ്റിൻ അമേരിക്ക, കോഴിക്കോട് കടപ്പുറം പോലെ പരിചിതമായതും മറ്റൊന്നും കൊണ്ടല്ല. അച്ഛന്റെ കൈ പിടിച്ചു കാഴ്ച കണ്ടു നടന്ന മിഠായി തെരുവിന്റെ അതെ മാന്ത്രികത സെയിന്റ് പീറ്റേഴ്‌സ്ബർഗിലെ നെവ്സ്കി പ്രോസ്പെക്ടറിനുണ്ടായത് ഗോഗോളിന്റെ ചെറു കഥ വായിച്ചതു കൊണ്ടാണ്. ‘നോട്ര ഡാമിലെ കൂനൻ’ വായിച്ചില്ലായിരുന്നെങ്കിൽ, പാരിസിൽ സന്ധ്യയിൽ കണ്ട ആ ഇരുണ്ട ഗോപുരം കഴുത്തിന് പുറകിൽ എഴുന്നു നിൽക്കുന്ന രോമാഞ്ചമാവില്ലായിരുന്നു. തസ്രാക്കിൽ ഖസാക്കിനെ തിരഞ്ഞ വായനക്കാരനു സംഭവിക്കുന്ന ഖിന്നത യാഥാർഥ്യം തന്നെ. എന്നാലും വാതിൽ കടന്നു യാത്രക്കിറങ്ങുന്ന വായനക്കാരൻ പലപ്പോഴും “കണ്ടു മറന്ന” സ്ഥലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.

ഓടി പോകുന്ന സമയത്തിൽ അഞ്ച് ദിവസം ജോലിക്കും രണ്ട് ദിവസം “ജീവിക്കാനും” മാറ്റി വയ്ക്കുന്ന ജോലിക്കാരന്റെ യാത്രകൾ, അതും കെട്ടുപാടുകൾക്കുള്ളിൽ നിന്ന് കൊണ്ട് നടത്തുന്നവ, ഉറക്കെ പറയാൻ മാത്രം ഇല്ല. ഒരിക്കൽ ഒരു ഓഫീസ് പാർട്ടിയിൽ വച്ച് ഒരു ഇംഗ്ലീഷുകാരനുമായി സംസാരിച്ചു. അയാൾ കാശിയിലും ഋഷികേശിലും ഒക്കെ പോയിട്ടുണ്ട് പോലും. അതും ജോലിയാവുന്നതിനു മുൻപ്. എന്ത് മനോഹരമായ ആചാരങ്ങൾ! എന്നാൽ സ്വന്തം രാജ്യത്തിലെ ഒരു പുരാതന നഗരമായ ബാത്ത് അയാൾ കണ്ടിട്ടില്ല. അതിനുള്ള യോഗം എനിക്കുണ്ടായി. ജോലി കൊണ്ടുള്ള ഒരു ഗുണം. കാശി കണ്ടിട്ടില്ലാത്ത ഇന്ത്യൻ യാത്രികനും ബാത്ത് കാണാത്ത ഇംഗ്ലീഷു യാത്രികനും!

കോളേജ് “സ്റ്റഡി ടൂർ” എന്നും പറഞ്ഞു പണ്ടൊന്നു വടക്കേ ഇന്ത്യയിൽ പോയതാണ്. അതിനു ശേഷം വിന്ധ്യൻ കടന്നിട്ടില്ല. ഇന്ത്യ കാണാനുള്ള ആഗ്രഹത്തിന്മേലാണ് എല്ലാരും പോകുന്ന ഒരു ട്രിപ്പ് പോയത്. ഡൽഹി, ഹിമാചൽ പ്രദേശ്. ഡൽഹി മുതൽ ഷിംല വരെ, ഷിംലയിൽ നിന്നും മണാലി മണാലിയിൽ നിന്നും ചണ്ഡീഗഡ് വഴി ഡൽഹി. ഓരോ വഴിയും മലമ്പാതകളിൽ ഓരോ പകൽ ദൂരം. കൺ നിറയെ ഹിമാലയൻ കാഴ്ചകൾ കാണാനുള്ള അവസരം. സഹ്യന്റെ പച്ചപ്പ് കണ്ടു പച്ചപിടിച്ച മനസ്സ് തേടിയതു അതെ പച്ച പുതച്ച താഴ്‌വാരങ്ങളും കുന്നിൻ മുകളിലെ മഞ്ഞു താടിയും. “ഓർമയിലെ ചിന്നാർ മരങ്ങൾ” വായനാനുഭവും ഓർമ്മയിലുണ്ടായിരുന്നു.

mario vargas llosa,pramal kelot, andes
ആൻഡേസ്- ഫൊട്ടോ കടപ്പാട്- വിക്കിപീഡിയ കോമൺസ്

എന്നാൽ ഹിമാലയം കരുതി വെച്ചത് ചാരനിറമാർന്ന മൊട്ടകുന്നുകൾ ആയിരുന്നു. ഇടതൂർന്ന മരങ്ങൾ ചിലയിടങ്ങളിൽ മാത്രം. അതും പൊടി പിടിച്ച പോലെ. കുളിക്കാത്ത പ്രതീതി. വളഞ്ഞു പുളഞ്ഞു പോകുന്ന മലമ്പാത പലപ്പോഴും തീർത്തും വിജനമാകും. ഇനി വാഹനങ്ങൾ ഉണ്ടെങ്കിൽ തന്നെ സിമന്റ് ലോറികളാണ് കൂടുതൽ. തണുത്ത കാറ്റു മാത്രം യാത്രാന്ത്യത്തിലെ കാഴ്ചകളുടെ വാഗ്ദാനം ഉയർത്തി. വർഷങ്ങൾക്കു മുൻപ് വായിച്ച ഭൂമിയുടെ അങ്ങേ അറ്റത്തിരിക്കുന്ന മറ്റൊരു മലനിരകളാണ് മനസിലേയ്ക്കു  കടന്നു വന്നത്. ദക്ഷിണ അമേരിക്കയിലെ ആൻഡീസ്‌ മലനിരകൾ.

mairo vargas llosa, death in andes, book,
ഡെത്ത് ഇൻ ആൻഡേസ് എന്ന പുസ്തകത്തിന്റെ കവർ

കൃത്യമായി പറഞ്ഞാൽ മരിയോ വർഗസ് ലോസയുടെ ആൻഡീസിലെ മരണം എന്ന നോവലിലെ ആൻഡീസ്‌. ദക്ഷിണ അമേരിക്കൻ ഭൂകണ്ഡത്തെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ബന്ധിപ്പിച്ചു നിർത്തുന്ന 7000 കിലോമീറ്ററോളം നീളവും 700 കിലോമീറ്റർ വരെ വീതിയുമുള്ള ഈ മലനിരകൾ ഹിമാലയം പോലെ സഹ്യനെ പോലെ മനുഷ്യ സംസ്‌കൃതിയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്, സ്വാധീനിക്കുന്നു. ബൊഗോട്ടയും, മെഡില്ലിനും, ലാ പാസ് ഉം പോലെയുള്ള വൻ നഗരങ്ങളും മാച്ചു പിച്ചു പോലുള്ള രഹസ്യങ്ങളും ആൻഡീസിൽ മനുഷ്യ കാല്പാടുകളായി നിലനിൽക്കുന്നു.

ലോസയുടെ ആൻഡീസ്‌ ഒരു നിഗൂഢ ലോകമാണ്. മലയാളി ശ്വാസമടക്കിപിടിച്ചു വായിച്ചിട്ടുള്ള ലാറ്റിൻ അമേരിക്കൻ സാഹിത്യങ്ങളിലെ അതേ മാന്ത്രികത. എന്നും എവിടെയെങ്കിലുമായി നടക്കുന്ന ആഭ്യന്തര യുദ്ധങ്ങൾ, അടിച്ചമർത്തലിനെതിരെയുള്ള പോരാട്ടങ്ങൾ, മലകളിൽ നിന്നും ഇറങ്ങി വരുന്ന പിശാചും ദേവതയും ആകാശത്തിലേയ്ക്കു പറന്നു മറയുന്ന മനുഷ്യനും, അതേ ആകാശത്തിൽ നിന്നും ചിറകൊടിഞ്ഞു മണ്ണിൽ വീഴുന്ന മാലാഖയും.

അത്തരമൊരു ഭൂമികയിലേയ്ക്കു, ഭൂമി മനുഷ്യനെ ജീവനോടെ വിഴുങ്ങുന്ന മലദൈവങ്ങളുടെ നാട്ടിലേയ്ക്കാണ് കോർപറൽ ലിറ്റുമ ശിക്ഷാ മാറ്റം വാങ്ങി എത്തുന്നത്. ലോകത്തിന്റെ അറ്റത്തുള്ള സ്ഥലങ്ങളെ കീഴടക്കാനുള്ള മനുഷ്യന്റെ “മാർഗം” ഉണ്ടാക്കുന്നവർക്കു, അഥവാ റോഡ് നിർമാണ തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ. അതും “തിളങ്ങുന്ന പാത” ( ഷൈനിങ്   പാത്ത് എന്ന സംഘടന)  വാഗ്ദാനം ചെയ്യുന്ന ഗറില്ലാ പോരാളികളിൽ നിന്നും. തീരദേശത്തിൽ നിന്നും മലയിലെ ഇൻകാകളുടെയിടയിലേക്കു എത്തിപ്പെടുന്ന ആ സ്പാനിഷ് വംശജൻ എല്ലാ അർത്ഥത്തിലും അന്യനായാണ് സ്വീകരിക്കപ്പെട്ടത്. പെറുവിലെ ആൻഡീസിലേക്കു, നാച്ചോസ് പ്രദേശത്തു വരുന്ന എല്ലാ പുറം നാട്ടുകാരെയും ഗറില്ലകളും നാട്ടുകാരും വ്യക്തിവിവേചനമില്ലാതെ അന്യർ മാത്രമായി കണ്ടു, യഥാക്രമം അക്രമം കൊണ്ടും അവിശ്വാസം കൊണ്ടും നേരിട്ടു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട മൂന്നു പേർ, ആ നാടിനു അന്യരായ മൂന്നു പേർ അപ്രത്യക്ഷ്യരായിരിക്കുന്നു. ലിറ്റുമ ആ തിരോധാനത്തിന്റെ രഹസ്യം കണ്ടെത്തണം.

ആൻഡീസിലെ മരണം ലിറ്റുമ അന്വേഷിക്കുന്ന അപ്രത്യക്ഷ്യരായ മൂന്ന് പേരുടേതാകാം. അല്ലെങ്കിൽ ഗറില്ലാ പോരാളികളുടെ അറിയപ്പെടുന്ന മറ്റു ഇരകളുടേതാകാം. അപ്രത്യക്ഷരായ മൂന്നു പേരും ആ മലനാടിനു അന്യരായിരുന്നു. പരിസ്ഥിതിലോല പ്രദേശത്തു അന്യരായ പരിസ്ഥിതി പ്രവത്തകർക്കു കാത്തുവച്ച വിധിയും മരണം തന്നെ. ഓർമയിൽ വ്യകതമായി നിൽക്കുന്ന മറ്റൊരേട് ഗറില്ലകൾ ഒരു ബസ് തടഞ്ഞു യാത്രക്കാരെ മേയ്ച്ചു കൊണ്ടുപോകുന്ന ഭാഗമാണ്. ഫ്രഞ്ചുകാരായ മിഥുനങ്ങൾ, വിദേശികളെ അതും ടൂറിസ്റ്റുകളെ അവർ ഉപദ്രവിക്കില്ല എന്ന് തീർത്തും വിശ്വസിക്കുന്നു; പിന്നെ സമാധാനപ്പെടുന്നു. എന്നാൽ ഒന്നൊഴിയാതെ എല്ലാ യാത്രക്കാരെയും കല്ല് കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയാണുണ്ടാകുന്നത്. മനുഷ്യർക്ക് ഭ്രാന്തു പിടിച്ചാൽ ആരും കാഴ്ചക്കാരായി രക്ഷപെടുന്നില്ല. തങ്ങൾ രക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ട ജനതയെയും തിളങ്ങുന്ന പാത ഗറില്ലകൾ വെറുതെ വിടുന്നില്ല. കുറ്റാരോപണവും വിചാരണയും ശിക്ഷവിധിയും നടപ്പാക്കലും എല്ലാം അവർ ജനങ്ങളെകൊണ്ട് തന്നെ ചെയ്യിച്ചു. മുഖമുയർത്തി അയൽക്കാരനെ, കൂട്ടുകാരനെ നോക്കാൻ വയ്യാത്തവിധമാക്കി. എന്നിട്ടും ഒന്നും അസാധാരണമായി നടക്കാത്തത് പോലെ ദൈനദിന ജീവിതത്തിലേക്ക് ഈ ജനങ്ങൾ തിരികെ പോകുന്നു. രക്ഷകരുടെ പീഡനങ്ങൾ ആട്ടിൻപ്പറ്റങ്ങളെ പോലെ ജനങ്ങൾ സഹിക്കുന്നത് നിത്യകാഴ്ചയാണല്ലോ. തീർന്നില്ല രക്ഷകർ ഒരിക്കലും ഒരു കൂട്ടർ മാത്രമല്ല. സംഘർഷത്തിന്റെ ഇരു വശത്തും നിൽക്കുന്ന വിഭാഗങ്ങൾ സംശയലേശമേന്യ അവകാശപ്പെടുന്നത് തങ്ങളാണു രക്ഷകരെന്ന്. അവർ രക്ഷിക്കാൻ ശ്രമിക്കുന്ന ജനതയുടെ സമ്മതം ആർക്കു വേണം? എവിടെയോ കേട്ടു പരിചയമുള്ള കാര്യങ്ങൾ അല്ലെ?

സഹ പൊലീസ് ഓഫീസർ ആയ കരേനോയുമായുള്ള ലിറ്റമയുടെ സംഭാഷങ്ങളാണ് കഥാപാത്രങ്ങളുടെ മനസികനിലയിലേക്കുള്ള വഴി. കരേനോയും പുറംനാട്ടുകാരാണ് തന്നെ. ഇയാളുടെ സമാന്തര കഥയും ആൻഡീസിലെ മരണം പറയുന്നുണ്ട്. നോവലിൽ ഉടനീളം സമയകാലങ്ങൾ കുഴച്ചുമറിച്ചു ഒരു പ്രണയകഥ. കരാനോയുടെ ശുഭാപ്തി മനോഭാവവും തന്റെ കാമുകിയിലും പ്രണയത്തിലുമുള്ള വിശ്വാസവും മാത്രമാണ് നാച്ചോസിലെ രാവുകളെ കുറച്ചെങ്കിലും പ്രകാശമാനമാക്കുന്നതു. നോവലിന്റെ തുടക്കത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത പ്രണയവിജയം കഥാന്ത്യത്തിൽ കരാനോ കൈവരിക്കുന്നു.

പ്രാദേശിക മിത്തുകൾക്കൊപ്പം ഡയോനിസോയോയും ഭാര്യ അഡ്രിയാനോയെയും വഴി ലോസ ഗ്രീക്ക് മിത്തുകളെയും നാച്ചോസ്സിലേക്കു ആവേശിച്ചു വരുത്തിയിട്ടുണ്ട്. മനുഷ്യമാംസം ഭക്ഷിക്കുന്ന പിഷ്ടാക്ക്കോയെ വിവാഹം ചെയ്തിരുന്നവൾ ആണ് അഡ്രിയാന. ആഭിചാര കർമ്മി. പിഷ്ടാക്ക്കോയെ അവളുടെ സഹായത്തോടെ കൊലപ്പെടുത്തിയ ഇപ്പോഴത്തെ ഭർത്താവു ഡയോനിസോയോ പേര് പോലെ തന്നെ ഉന്മാദിയായ ജീവിത പ്രേമിയും. പൂർവികരുടെ വിശ്വാസങ്ങൾ കൈവിടാൻ ഒരുക്കമല്ലാത്ത പ്രാദേശികരെ ലിറ്റുമ ക്രമേണ മനസ്സിലാക്കി, ഖനികളിലും മലകളിലും അലയയുന്ന അവരുടെ ദൈവങ്ങളെ, അതോ ചെകുത്താന്മാരെയോ അറിഞ്ഞു. കാര്യസാധ്യം നടക്കാൻ അനുഗ്രഹിക്കുന്നവർ ദൈവങ്ങൾ തന്നെയാവണമല്ലോ. നാച്ചോസിലെ ലിറ്റുമയുടെ അവസാനത്തെ ഡയോനിഷ്യൻ രാത്രി വേണ്ടിവന്നു ഉള്ളിൽ തെളിഞ്ഞിരുന്ന സത്യം അംഗീകരിക്കാൻ! കാണാതായവരെ ദൈവങ്ങൾ കൊണ്ടുപോയി എന്ന സത്യം. പേരറിയാത്ത മനുഷ്യന്റെ അസ്ഥി, മാംസ, രക്ത മിശ്രിതം കൊണ്ടാണല്ലോ ലോകത്തിലെയെല്ലാ പൗരാണിക നിർമിതികളും ഉറപ്പിച്ചു നിർത്തിയത്? ആൻഡീസിലെ റോഡും നരബലിയാൽ ശക്തിപെടുത്തിയത് തന്നെ.

ലോസയുടെ എനിക്കേറ്റവും പ്രിയപ്പെട്ട നോവൽ ലോകാവസാനത്തിന്റെ യുദ്ധമാണ്. എന്നാൽ ഓടുന്ന വണ്ടിയിൽ കണ്മുന്നിൽ വന്ന കാഴ്ചകൾ – ഒരു വശത്തു നേർത്തൊഴുകുന്ന ബീസ് നദി, ചുറ്റും ഭൂരിഭാഗവും തരിശായി നിൽക്കുന്ന ജനവാസം കുറഞ്ഞ മലകൾ, എല്ലാം ഒട്ടും കനിവില്ലാത്ത ആൻഡീസിനെ ഓർമപ്പെടുത്തികൊണ്ടിരുന്നു, ആൻഡീസിലെ മരണത്തിലെ ആൻഡീസിനെ! ചില ഭാഗങ്ങളിലെ ഭൂപ്രകൃതിക്കല്ലാതെ ഹിമാചലിനു ഈ നോവലുമായി മറ്റു സമാന്തരങ്ങളൊന്നുമില്ല. എന്നിരുന്നാലും പുരാതനമായ ഒരു നാടും, അവിടുത്തെ വംശീയ സംഘർഷങ്ങൾ പ്രാദേശിക മിത്തുകൾ, പ്രാചീന വിശ്വാസങ്ങൾ, അന്ധ വിശ്വാസങ്ങൾ സെൻഡറോ ലുമിനോസോയെ (തിളങ്ങുന്ന പാത) പോലുളള സംഘങ്ങൾ എല്ലാം നമ്മുക്കറിയുന്നതു തന്നെ. മനുഷ്യർ എല്ലായിടത്തും ഒരുപോലെ തന്നെ. ലോസ പരിചയപ്പെടുത്തിയ പെറുവിനെ മനസ്സിലാക്കാൻ ഇന്ത്യക്കാരന് എന്തായാലും ലാറ്റിൻ അമേരിക്കയിൽ പോകേണ്ട കാര്യമൊന്നുമില്ല.

kulu, himalayam,, pramal,
ആട്ടിടയനും ആടുകളും – കുളുവിൽ നിന്നൊരു കാഴ്ച- ഫൊട്ടോ- പ്രമൽ കേലാട്ട്

ഹിമാലയൻ അത്ഭുതം ആൻഡീസിനെ ഓർമപ്പെടുത്തുന്നത്തതിൽ ഒതുങ്ങുന്നതല്ല. ഒട്ടു ദൂരം ചെന്ന് കഴിഞ്ഞാൽ അങ്ങ് ദൂരെ ഹിമവാന്റെ മഞ്ഞു താടിയും മുടിയും കാണാം. മഞ്ഞു കാണാത്തവർക്ക് അതൊരു കാഴ്ച തന്നെയാണ്. ഈ മഞ്ഞുരുകി പിന്നെ കൊഴുത്ത ചളിയായി മാറും പോലും. ഇന്നലെ വീണ മഞ്ഞിന്റെ നൈർമല്യത്തിൽ ആ അവസ്ഥയെന്തായാലും മനസ്സിലേക്ക് കടന്നു വരില്ല… മഞ്ഞു വീണു കിടക്കുന്ന ഗ്രാമ പാതകൾ ആൻഡീസിലെ മരണത്തിൽ നിന്നും മനസിനെ പറിച്ചു നടും. സുന്ദരമായ ചെറുകഥ പോലെയൊരു ഗുൽസാർ സിനിമയിലേക്ക്, നംകിൻ. ഇവിടെയൊക്കെ ആവണം സഞ്ജീവ് കുമാറിന്റെ ലോറി ഡ്രൈവർ നിംകിയെയും കുടുംബത്തെയും കണ്ടു മുട്ടിയത്. ഹിമാചലിനോട് യാത്ര പറയുമ്പോൾ നംകിൻ ആയിരുന്നു മനസ്സിൽ!

 

കോയന്പത്തൂരിൽ ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്യുകയാണ് ലേഖകൻ 

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Himalayas andes mario vargas llosa death in the andes pramal kelat

Next Story
ഇന്ത്യയുടെ അഭിമാനമായി മാറിയ എട്ട് ഐപിഎസ് വനിതകൾ ഇവരാണ്Women IPS Officer, വനിത ഐപിഎസ് ഓഫീസർ, IPS Officers, ഐപിഎസ് ഓഫീസർമാർ, Merin Jospeh, മെറിൻ ജോസഫ്, Aparajitha Rai, അപരാജിത റായ്, Sangeeta Kalia, സംഗീത കാലിയ, Sanjukta Parashar, സഞ്ജുക്ത പരാശർ, Meera Borwankar, മീര ബൊർവാങ്കർ, Ruveda Salam, റുവേദ സലാം, Sonia Narang, സോണിയ നാരംഗ്, Soumya Sambasivan, സൗമ്യ സാംബശിവൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com