scorecardresearch
Latest News

Eid ul Fitr 2018: പെരുന്നാൾ സുഗന്ധങ്ങൾ

Eid ul Fitr 2018 India: ഗന്ധങ്ങളേക്കാൾ ഓർമ്മകൾ ഉണർത്താൻ കഴിവുള്ള മറ്റൊന്നില്ലെന്ന് നനഞ്ഞൊട്ടിയ മൈലാഞ്ചിയിലകൾ നോക്കി നിൽക്കെ എനിക്ക് തോന്നി

harsha m,eid,memories

“Eid ul Fitr 2018″ മഴനൂലുകൾ പരസ്പരം പുണർന്നു നിൽക്കുന്ന കടുംനീലയാർന്ന മേഘങ്ങൾ വഴിമാറി ആകാശത്ത് അമ്പിളിയുടെ നിലാവ് പടരുകയാണ്. തിരകളടങ്ങാത്ത കടൽക്കരയിൽ; കമിഴ്ന്നു കിടക്കുന്ന പഴയൊരു തോണിയുടെ മുകളിൽ കയറി നിന്ന ആഹ്ലാദത്തിന്റെ നുര പതയുന്ന കണ്ണുകളുള്ള കുട്ടി പുറകിലേക്കു നോക്കി ആർപ്പു വിളിക്കുകയാണ്‌, ” അള്ളാഹു അക്ബറുല്ലാഹ് അക്ബർ.” തക്ബീർ മാറ്റൊലികൾ ഒരു തൊണ്ടയിൽ നിന്നും മറ്റൊന്നിലേക്ക് വേഗത്തിൽ കൈ കോർത്തു കൊണ്ടിരിക്കെ, ചെറിയ പെരുന്നാളിന്റെ വരവുണർത്തിക്കൊണ്ട് അന്തരീക്ഷത്തിൽ സുഗന്ധങ്ങളുണരുകയായി.

പെരുന്നാളോർമ്മകൾക്ക് മാത്രമായി മത്ത് പിടിപ്പിക്കുന്ന സുഗന്ധമാണ്. ഗന്ധങ്ങളേക്കാൾ ഓർമ്മകൾ ഉണർത്താൻ കഴിവുള്ള മറ്റൊന്നില്ലെന്ന് നനഞ്ഞൊട്ടിയ മൈലാഞ്ചിയിലകൾ നോക്കി നിൽക്കെ എനിക്ക് തോന്നി. ഒരുമാസം നീണ്ട വ്രതത്തിന്റെയും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സഹനത്തിന്റെയും ദാനത്തിന്റെയും പ്രാർത്ഥന നകളിൽപ്പൊതിഞ്ഞ വിയർപ്പുഗന്ധം. സ്വർഗ്ഗത്തിലെ പൂന്തോപ്പുകളിലേക്ക് മധുരം നുണയാനെത്തുന്ന ശലഭങ്ങൾക്ക് ആനന്ദം പകരാനായി ഈ വിയർപ്പുതുള്ളികൾ അത്തർ ആയി മാറുമെന്ന് പണ്ട് ഉമ്മ പറഞ്ഞു തരുമായിരുന്നു. ശവ്വാൽ മാസപ്പിറവിയോടൊപ്പമെത്തുന്ന ആഹ്ലാദഗന്ധങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെ ഭക്തിനിർഭരതയ്ക്ക് അള്ളാഹു തരുന്ന പെരുന്നാളനുഗ്രഹമായി മാറുകയാണ്. നോമ്പിന്റെ ദിനരാത്രങ്ങളെ സൃഷ്ടാവുമായി അടുക്കാനായി വ്രതശുദ്ധിയോടെ മാറ്റിവെച്ചതിന് അവൻ നൽകുന്ന മഹത്തായ സമ്മാനം.

പെരുന്നാൾ ഗന്ധത്തിന് കലർപ്പുകളധികമാണ്; പുതിയ തട്ടത്തിന്റെ നൂലിഴകളുടെ, പലനിറങ്ങളുടെ, ഗന്ധം. പിറ്റേന്നത്തെ ബിരിയാണിക്കൂട്ടിലേക്കുള്ള തൊലിയടർന്ന വെളുത്തുള്ളിപോളകളുടെ, അടുക്കി വെച്ച കറിവേപ്പിൻതണ്ടുകളുടെ, ഇളം പച്ച മല്ലിയിലകളുടെ, ബിരിയാണിച്ചെമ്പ് അമരുന്ന അടുപ്പിൻ കല്ലിനു താഴത്തെ, കടും ചുവപ്പ് കനലിന്റെ, പതിഞ്ഞ മണങ്ങൾ.

തണുപ്പുള്ള; ഇരുട്ട് അരിച്ചിറങ്ങിയ മൈലാഞ്ചിപ്പൂക്കളിൽ നിന്ന് മധുരിക്കുന്ന മഴത്തുള്ളികൾ ഊർന്നിറങ്ങുന്നു. ഇടവത്തിലെ മഴ മുഴുവൻ നിർത്താതെ നനഞ്ഞ വഴുക്കൻ മൈലാഞ്ചിക്കൊമ്പുകളെ ആവേശത്തോടെ വലിച്ചടുപ്പിച്ചു കൊണ്ട് അനിയത്തി ഇലകളൂരിയെടുക്കുകയാണ്.

മാറിയ കാലത്തിനും ശീലത്തിനുമൊപ്പം മൈലാഞ്ചിനിറത്തിനും മണത്തിനും രൂപത്തിനും മാറ്റങ്ങളുണ്ടായി. എങ്കിലും മെഹന്തി കോണുകൾക്ക് തരാൻ കഴിയാത്തൊരു മാസ്മരിക ഗന്ധാനുഭൂതി അരച്ചെടുക്കുന്ന കടും പച്ച മൈലഞ്ചി തളിർപ്പുകൾക്കുണ്ട്. എല്ലാ പെരുന്നാൾ രാവിലും ഈർക്കിലിത്തലപ്പു കൊണ്ട് ഉമ്മ ഞങ്ങളുടെ കൈകളിൽ ചിത്രപ്പണികൾ ചെയ്യുമ്പോൾ ചുണ്ടിലെ തക്ബീർ നേർത്തു തുടങ്ങും. മൈലാഞ്ചിക്കറ പുരണ്ട ഉമ്മാന്റെ പരുത്ത കൈകൾക്ക് ഭൂമിയിലെയോ ജന്നത്തിന്റെയോ ഏതൊരു അത്തറിനെക്കാളും പരിമളമുണ്ടെന്ന് അപ്പോൾ ഞാനമ്പരക്കും.harsha m,eid,memories

മൈലാഞ്ചിയടയാളങ്ങൾ പുതപ്പ് ചുവപ്പിക്കാതിരിക്കാൻ കൈ നീട്ടിപ്പിടിക്കുമ്പോൾ ഉമ്മ പറഞ്ഞു തരികയാണ് ; ഭൂമിയിൽ പെരുന്നാൾ വിധിക്കപ്പെട്ടിട്ടില്ലാത്ത, ആഘോഷങ്ങൾ കിനാവുകൾ മാത്രമായ, ഗസ്സയിലെയും ഹൈഫയിലെയും മുറിവേറ്റവരെക്കുറിച്ച്‌, പ്രിയപ്പെട്ടവരെയും നാടിനെയും വിട്ട് ദൂരദേശങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളെക്കുറിച്ച്. നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിൽ പടച്ചവന് സ്തുതി പറയാനും പീഡിതർക്ക് വേണ്ടിയുള്ള അകമഴിഞ്ഞ പ്രാർത്ഥന ഈ പെരുന്നാളിന്റെ ഇബാദത്താവട്ടെയെന്നും ഓർമ്മിപ്പിച്ചു തന്ന് ഉമ്മ എഴുന്നേൽക്കുന്നു. പെരുന്നാൾ ഖുതുബയിലെപ്പോഴും അങ്ങനെയുള്ള പ്രാർത്ഥനകളും ഓർമ്മപ്പെടുത്തലുകളും നിലനിർത്തിക്കൊണ്ടാണ് ആഘോഷങ്ങൾ തുടങ്ങാറുള്ളതെന്ന് ഞാനോർത്തു.

പുലർച്ചെഴുന്നേറ്റ് മൈലാഞ്ചി മണമുള്ള കൈകൾ വെളിച്ചെണ്ണ തേച്ചു മിനുപ്പിച്ച്‌, തണുത്തു തെളിഞ്ഞ വെള്ളത്തിൽ കുളിച്ച്‌ പുതുവസ്ത്രമിട്ട് വഴിയിൽ കാണുന്നവർക്കെല്ലാം പെരുന്നാളാശംസകൾ അറിയിച്ച് പള്ളിയിലേക്ക് പോകുന്നതുമോർത്ത് കിടക്കുമ്പോൾ കഴിഞ്ഞ പെരുന്നാൾ ദിനങ്ങൾ ഓർമ്മയിലേക്കോടിക്കയറുന്നു. നനഞ്ഞ കുടകൾ മടക്കി വെച്ച് പള്ളിയിലേക്കുള്ള ഒതുക്കുകൾ കയറുമ്പോൾ മഴച്ചാറ്റലറിച്ച തട്ടം മുഖത്തൊട്ടിക്കിടക്കും. നിരത്തിയിട്ട പായകൾക്ക് മുകളിൽ പർദ്ദയിട്ടവരും പുത്തനുടുപ്പിട്ട കുട്ടികളും ഖുതുബക്ക് മുമ്പുള്ള തക്ബീറുകളിലും ചെറിയ സംസാരങ്ങളിലും മുഴുകിയിരിക്കും. പെരുന്നാൾ നമസ്കാരത്തിന് ശേഷം മധുരം നുണഞ്ഞു കൊണ്ട് വഴിയിലേക്കിറങ്ങുമ്പോൾ അത്തറിന്റെ മണം നിറഞ്ഞ റോഡിലാകെ ആഹ്ലാദത്തിന്റെ തിരക്കായിരിക്കും. ചുറ്റുമുള്ള വീടുകളിൽ നിന്നുള്ള ബിരിയാണി ഗന്ധം വായുവിലാകെ നിറഞ്ഞിരിക്കും. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരമെത്തുന്ന വിരുന്നുകാർക്കുള്ള കാത്തിരിപ്പാണ്.

പുറത്ത് പഴയകാല പെരുന്നാളാഘോഷങ്ങളെപ്പറ്റി ഓർമ്മകൾ പങ്കു വെക്കുകയാണ് വല്ലിമ്മയും വല്ലുപ്പയും. ഇല്ലായ്മയുടെ ദിനങ്ങൾക്കിടയിൽ കിട്ടുന്ന സുദിനത്തെ കളിച്ചും കൂട്ടുകൂടിയും സ്നേഹം പങ്കുവെച്ചും ‘പെരുന്നാളാക്കിയിരുന്ന’ കാലത്തേക്ക് അവർ ഗൃഹാതുരത്വത്തോടെ പിന്തിരിഞ്ഞു നോക്കുകയാണ്. കേട്ടിരിക്കെ, പെരുന്നാൾ സ്നേഹത്തിന്റെ ഉത്സവമാണെന്ന് എനിക്ക് തോന്നി. മറ്റൊരാളെ ചേർത്തു നിർത്തി ഇരു തോളിലും മാറി മാറി മുഖം ചേർത്ത് പരസ്പരം അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവനാശംസിക്കുകയും, രോഗികളെയും ബന്ധുക്കളെയും സന്ദർശിച്ച് കൂടെയുണ്ടെന്നുറപ്പ് നൽകുന്നതും, ജാതി മത ഭേദമന്യേ സുഹൃത്തുക്കളുമൊന്നിച്ച് കുടുംബത്തോടൊപ്പം ഭക്ഷണം പങ്കിടുന്നതും, ദൂരെയുള്ള പ്രിയപ്പെട്ടവർ ഒത്തു കൂടുന്നതുമെല്ലാം ; സ്നേഹമെന്ന പരിശുദ്ധ മതത്തെ ഊട്ടിയുറപ്പിക്കുവാനാണീ ദിനമെന്ന് വിളിച്ചു പറയുന്നത് പോലെ.

Read More: Eid ul Fitr 2018: ഖൽബിൽ സ്‌നേഹഹക്കടലായൊഴുകുന്ന ചെറിയ പെരുന്നാൾ

Read More: Eid ul Fitr 2018: നനവിന്റെയും പ്രതീക്ഷകളുടെയും ശവ്വാൽ പിറവികൾ

Read More: Eid ul Fitr 2018:സൈക്കിൾ ചവിട്ടിയെത്തുന്ന പെരുന്നാൾ ഓർമ്മകൾ

 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Harsha m ramadan memories eid ul fitr