പലവട്ടം പോയിട്ടുണ്ടെങ്കിലും ഹിമാലയം ഓരോ തവണയും പരവശനാക്കിക്കളയുകയാണ് പതിവ്. കുടുംബവുമൊത്തുള്ള ആദ്യത്തെ കശ്‌മീർ യാത്രയായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. സുഹൃത്തായ കാർഡിയോളജിസ്റ്റ് മനോജ് രവിയും കുടുംബവും ഒപ്പമുണ്ടായിരുന്നു.
പഹൽഗാമിലെ നദിക്കരയിലുള്ള, കരിങ്കല്ലു കൊണ്ടു കെട്ടിയ ഹോട്ടലിൽ, വൈകിച്ചെന്നതു കാരണം, കിട്ടിയ അത്താഴവും കഴിച്ച് മക്കളും, അവരോടൊപ്പം സുഷമയും പെട്ടെന്നു തന്നെ ഉറങ്ങിപ്പോയി. യാത്രയിൽ അങ്ങനെയാണ്, എനിക്ക് പാതിരാവായിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. വലിയ ചില്ലു ജനലിനടുത്ത്, കമ്പിളി വാരിച്ചുറ്റി, ചൂരൽക്കസേരയിലിരുന്ന് രാത്രിയിലേക്ക് നോക്കുമ്പോൾ, കടും നീല കലർന്ന ഇരുട്ടില്‍, തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങൾ മാലയഴിഞ്ഞ് മുത്തുകൾ ചിതറിയതു പോലെ. ഉരുക്കിയ വെള്ളിയുടെ കൂമ്പാരം കണക്കെ ദൂരെയായി തിളങ്ങുന്ന പർവ്വത നിരകൾ. തണുത്തു ഘനീഭവിച്ചതെങ്കിലും കൊലുസിന്റെ ശബ്ദവുമായി ഒഴുകുന്ന നേര്‍ത്ത നദി.
ഉദയം കാണണമെന്നു കരുതി ഫോണില്‍ അലാം സെറ്റു ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും പാട്ടുകേട്ട് എപ്പോഴോ ഇരുന്നു തന്നെ ഉറങ്ങിപ്പോയി, ഞാന്‍. ഞെട്ടിയെണീറ്റപ്പോഴേക്കും താഴ്‌വരയിൽ സുഷുപ്തിയിലായിരുന്ന പടുകൂറ്റന്‍ മരങ്ങളെ പേരറിയാക്കിളികള്‍ വിളിച്ചുണര്‍ത്താന്‍ തുടങ്ങിയിരുന്നു. തലേന്ന് ശ്രീനഗറിൽ വച്ച് ദാൽ തടാകത്തിലെ പുഷ്പ-സസ്യ മാർക്കറ്റിലേക്ക് പുലർച്ചെയുള്ള തോണിയില്‍ ഒപ്പമുണ്ടായിരുന്നെങ്കിലും, ഉദയം കാണാൻ ഇന്റര്‍കോമില്‍ വിളിച്ചപ്പോൾ മനോജോ നിഷയോ ഉണര്‍ന്നില്ല. നാലര വെളുപ്പിന്, ഹിപ്നോസിസിലെന്നതുപോലെ, താഴേക്ക് ഒറ്റയ്ക്കു നടന്ന്, നദിക്കു കുറുകെയുള്ള ഇരുമ്പു പാലത്തില്‍ ചെന്നു നിന്നു ഞാന്‍. കൃഷിയിടത്തിൽ പണിക്കു പോവുന്നവരോ കറവക്കാരോ ആയ നാലഞ്ചു പേർ, ഏതോ ഭ്രാന്തനായിരിക്കും ഈ തണുപ്പത്ത് നദിക്കരയിലെന്നു വിചാരിച്ചാവണം, തെല്ലും ശ്രദ്ധിക്കാതെ, മൂക്കിൽ നിന്നും ആവി പറത്തി, കൈകൾ കൂട്ടിത്തിരുമ്മി കടന്നു പോയി. കൊടും തണുപ്പ്. ചൂടുപാല്‍ ചുരന്നപോലെ നുരഞ്ഞൊഴുകുന്ന നദിയുടെ കരയിലൂടെ ഉരുളൻ കല്ലുകൾ ചവിട്ടി ഒട്ടു ദൂരം നടന്നു. ശാഠ്യത്തോടെ ചുറ്റും കറങ്ങി നടക്കുന്ന കുസൃതിക്കാറ്റിനോട് സ്വകാര്യം പറഞ്ഞ്, പോരാൻ നേരം അരുവിയെത്തൊട്ട് വെയിലാവട്ടെ, മക്കളെയും കൂട്ടി വരുന്നുണ്ടെന്നു സമാധാനിപ്പിച്ച് തിരികെ.
മുറിയിലെത്തിയപ്പോഴേക്കും രാത്രി മാഞ്ഞ് മഞ്ഞിനിടയിലൂടെ മലകള്‍, വടക്ക്, തെളിഞ്ഞു വരാന്‍ തുടങ്ങിയിരുന്നു. കാണെക്കാണെ അടുക്കുകള്‍ ഒന്നൊന്നായി തെളിഞ്ഞ് ചാരനിറമുള്ള ഒരു ശൃംഖല കാണാറായി. കണ്ണൊന്നു ചിമ്മിത്തുറന്നപ്പോഴേയ്ക്കും ഒരു ബ്രഷ് സ്ട്രോക്കുകൊണ്ടെന്ന പോലെ നേര്‍ത്ത രാശി വീണ് ആ നിരയുടെ അരികു മാത്രം ചുവന്നു തുടങ്ങി. സുഷമയെ കുലുക്കിയുണര്‍ത്തി ഉദയത്തിനും മുന്‍പുള്ള ആ പകര്‍ച്ച കാണിച്ചു കൊടുത്തു. നരച്ച ആകാശം തെളിവാര്‍ന്നു വരുന്നതും ഒപ്പുകടലാസുകൊണ്ടെന്നതു പോലെ നക്ഷത്രങ്ങള്‍ മാഞ്ഞുപോവുന്നതും ഉദയത്തിന്റെ മാസ്മരികത ഉറങ്ങിക്കിടക്കുന്ന പര്‍വ്വതത്തെ ദീപ്തമാക്കുന്നതും, ഉന്മാദഹർഷത്തോടെ കണ്ടു നിന്നു.
ഈയിടെ ഹിമാലയം വീണ്ടും മുന്നിൽ വന്നു. ഉദയമോ അസ്തമനമോ ആയല്ല, പുളകം കൊള്ളിക്കുന്ന ഒരു പുല്ലാങ്കുഴലായി!
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരാസ്യയെ കേൾക്കാത്ത ഹിന്ദുസ്ഥാനി ശ്രോതാക്കൾ ഉണ്ടാവില്ല. ദൂരദർശനിലൊക്കെ ടെലികാസ്റ്റ് കണ്ടിട്ടുണ്ട് എന്നല്ലാതെ ആദ്യമായി ലൈവായി കാണാൻ പറ്റുന്നത് കഴിഞ്ഞ മാസമാണ്. മഴവില്ലു കണ്ട മയൂരം പീലി നിവര്‍ത്തിയാടുന്നത് അനശ്വരമാക്കിയ പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ കഥക് ഡെല്‍ഹിയിലെ അശോക ഹോട്ടലില്‍ വച്ചും, ചുപ്കേ ചുപ്കേയും ഹംഗാമയും മുതൽ മയെസ്റ്റ്രോ ഗുലാം അലിയുടെ ഗസലുകള്‍ ഹൈദരാബാദില്‍ വച്ചും, തന്ന അനുഭൂതികള്‍ പോലെ അനിര്‍വ്വചനീയമായ അനുഭവം!
യു.പി.യിലെ അലഹബാദില്‍ ഗുസ്തിക്കാരുടെ കുടുംബത്തിൽ ജനിച്ച്, അച്ഛനറിയാതെ ബാംസുരി പഠനമാരഭിച്ച ഹരിപ്രസാദ്, യുവാവായപ്പോൾ ഗുരുവിനെത്തേടി ബോബെയിലെത്തി. ശിഷ്യത്വം സ്വീകരിക്കണമെങ്കിൽ, വിദുഷി അന്നപൂർണ്ണ ദേവി, അതുവരെ പഠിച്ചതൊക്കെ മറക്കണമെന്നാവശ്യപ്പെട്ടപ്പോൾ വലംകൈയനായ ഹരിപ്രസാദ് ഓടക്കുഴൽ ഇടത്തേക്കു മാറ്റി ദക്ഷിണവച്ചു, അന്നുതൊട്ടിന്നുവരെ ഇടംകൈയനായി പുല്ലാങ്കുഴല്‍ വായിക്കുന്നു എന്നതാണ് ലെജന്‍ഡ്.
വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന പരിപാടിക്കെത്താന്‍ ആറുമണിക്കൂറോളം ഡ്രൈവ് ചെയ്ത് മഴയും മഞ്ഞും, കടപുഴകി വീണ മരങ്ങളും കുഴികളും, നിദ്രാടകരെപ്പോലെ തോന്നിക്കുന്നവർ ഓടിക്കുന്ന വാഹനങ്ങളെയും താണ്ടിയാണ് ചെല്ലുന്നത്. കാറിൽ ഉടനീളം ഭൂപാളിയും ആഭോഗിയും രാംകലിയും ശിവരഞ്ജിനിയും ബാഗേശ്രീയും മറ്റും തന്നെയായിരുന്നു. അലങ്കാരത്തിനു വേണ്ടി മാന്ത്രിക വിരലുകള്‍ എന്നൊക്കെ പറയാമെങ്കിലും എണ്‍പതിനോടടുത്ത പണ്ഡിറ്റ്ജിയുടെ വിരലുകള്‍ ബാംസുരിയുടെ സുഷിരങ്ങളെ തലോടിയുണര്‍ത്തുന്ന നാദത്തിന് അതീന്ദ്രിയമായ ആകർഷണീയതയുണ്ട്. യമനിൽത്തുടങ്ങി രണ്ടു മണിക്കൂറോളം നീണ്ട കച്ചേരിയിൽ ബാംസുരിയിൽ മരുമകൻ രാകേഷ് ചൗരാസ്യയും തബലയിൽ വിജയ് ഘാട്ടെയും അകമ്പടിയായി. ഹിന്ദുസ്ഥാനിയില്‍ പരിമിതജ്ഞാനമുള്ള സദസ്സ് തബലയുടെ പെരുക്കങ്ങൾക്ക് മാത്രം കൈയടിക്കുന്നതിൽ പരിഭവമേതുമില്ലാതെ, ചെറു ചിരിയോടെ, തലകുലുക്കി അതാസ്വദിച്ച് പ്രൗഢമായ ഹരിമുരളീ രവം!
അനുവദിച്ച സമയം തീര്‍ന്നുവെന്നും അടുത്ത രാഗത്തോടെ കച്ചേരിയവസാനിപ്പിക്കുകയാണ് എന്നും മൈക്കിലൂടെ ഇംഗ്ലീഷിൽ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞത് സദസ്സ് നിശബ്ദമായും നിസ്സംഗതയോടെയും കേട്ടു നിന്നു.
ഒടുവിലായി, കേൾക്കാൻ കാത്തിരുന്ന, രാഗ് പഹാഡി. കശ്‌മീരിലെ നാടോടിശീലുകളാണ് രാഗത്തിന്റെ ഉറവിടം. വിജനമായ താഴ്‌വാരങ്ങളിൽ മറഞ്ഞിരുന്നുകൊണ്ട് ഇടയന്മാർ പാടുന്ന പ്രണയഗാനമാണോ, സന്ധിക്കാമെന്നേറ്റ കാമുകിയെ കാണാഞ്ഞുള്ള പരിഭവമാണോ, വിരഹത്തിന്റെ നീറ്റലാണോ അതോ പ്രതിബന്ധങ്ങളെ തകര്‍ത്ത് ഒന്നിക്കുമെന്ന നിശ്ചയദാർഢ്യമാണോ, അതുമല്ല, വേർപിരിഞ്ഞതിന്റെ നൈരാശ്യമാണോ പഹാഡി കേൾക്കുമ്പോൾ അനുഭവവേദ്യമാവുക?
അതൊന്നുമല്ല, മലമടക്കുകളില്‍ അലഞ്ഞുതിരിയുന്ന സുഗന്ധമുളള ഒരു കാറ്റിന്റെ മന്ത്രണം പോലെയാണ് പണ്ഡിറ്റ്ജിയുടെ വാദനം. തളിരിലകളെ തലോടി, പൂക്കളെ സ്പർശിച്ച്, അരുവികളിലെ കുളിർ ജലത്തെ ആലിംഗനം ചെയ്ത് ഒഴുകി നടക്കുന്ന ഒരു നനുത്ത കാറ്റ്. വേണുനാദത്തില്‍ ലയിച്ച്, ഹിമാലയത്തിലെ ആ മാസ്മരിക പ്രഭാതത്തിലെന്നതു പോലെ, അത്യാഹ്ലാദത്തിന്റെ തിരയിളക്കത്തിൽ വീര്‍പ്പുമുട്ടിക്കൊണ്ട് എന്റെ ഹൃദയം. കവിളുകളിൽ ആനന്ദധാര.
ഗുരുജിയുടെ അനുഗ്രഹീതമായ വിരലുകളിൽ എനിക്കു തൊടണമെന്നു തന്നെ തോന്നി.