അടുപ്പം കൊണ്ടു മാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില വശങ്ങളുണ്ട് ഓരോ വ്യക്തിത്വത്തിനും. ആ വായിച്ചെടുക്കലും കൂടിയായാലേ ആ വ്യക്തിചിത്രങ്ങള്‍ പൂര്ണ്ണമാവൂ. ദൂരെ നിന്നു കണ്ടതൊന്നുമായിരുന്നില്ല ശരിക്കുള്ള ചിത്രം എന്നു അപ്പോള്‍ മാത്രമാണ് മനസ്സിലാവുക. രക്തബന്ധം കൊണ്ടു വരുന്ന തുടര്‍ച്ച, നിരന്തര സാമീപ്യം കൊണ്ടുണ്ടായ ഇഴയടുപ്പം, ഒപ്പം വച്ച കാല്ച്ചോടുകള് പൂഴ്ന്നുണ്ടായ മനസ്സിലാക്കലുകള്‍, അങ്ങനെ ഏതുമാവാം അടുപ്പത്തിനു കാരണങ്ങള്‍. അടുപ്പത്തിന്റെ നടുമുറ്റത്തു നിന്ന് ഒരാള്‍ മറ്റൊരാളെ വായിക്കുകയാണ്, ആ വായനയില്‍ മറ്റാരും കാണാത്ത ചില അളന്നുകുറിക്കലുകള്‍ ഉണ്ടാവും, തീര്‍ച്ച.
കേള്‍വിക്കാരും വായനക്കാരും കാഴ്ചക്കാരും അറിയാതെ പോകുന്ന പ്രകാശഗോപുരങ്ങള്‍, പൊട്ടിച്ചിരികള്‍, വേവലുകള്‍, ആന്തലുകള്‍, ഒറ്റപ്പെടലുകള്‍, ഉത്സവങ്ങള്‍, ഈരടികള്‍, രസച്ചരടുകള്‍, കളിക്കമ്പങ്ങള്‍ ഒക്കെയുണ്ട് ഓരോരുത്തരുടെയും ഉള്ളില്‍. അതെല്ലാം അടുപ്പത്തിന്റെ കണ്ണടയിലൂടെ മാത്രം കാണാവുന്ന ചിലതാണ്…
ഏകാന്തതയുടെ തുരുത്തിലെ ജീവസ്സുറ്റ കണ്ണുകൾ
നാളത്തെ പ്രഭാതത്തിന്റെ താക്കോലാണ് കലാകാരന് എന്നാരോ പറഞ്ഞതോര്‍ക്കുന്നു. ദിവാസ്വപ്നം കാണുന്ന ആൾ തന്റെ പ്രഭാതത്തില്‍ നേരത്തേ എത്തുന്നു എന്നതാണ് അതിനയാള്‍ അനുഭവിക്കേണ്ട ശിക്ഷ എന്ന് ഓസ്ക്കാര്‍ വൈല്‍ഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്. സത്യത്തില്‍ എല്ലാ കലാകാരന്മാരും തങ്ങള്‍ സ്വപ്നം കാണുന്ന ആ പ്രഭാതത്തില്‍ എത്തുന്നുണ്ടോ എന്നു ചിന്തിക്കേണ്ടതുണ്ട്.
ജീവിതത്തെക്കുറിച്ച് പുതിയ പുതിയ അറിവുകളും അര്‍ത്ഥങ്ങളും നിര്‍വചനങ്ങളും വ്യഖ്യാനങ്ങളും സ്വപ്നങ്ങളും കണ്ടെത്തി പരിചയപ്പെടു ത്തുകയും അതിലെ പാകപ്പിഴകളെ തിരുത്താനുള്ള ത്വരകങ്ങളാകുകയുമാണ് വിശാല അര്‍ത്ഥത്തില്‍ കലാകാരന്റെ ദൗത്യം.
തിരിച്ചറിവുകളും അവബോധവും സാമൂഹിക പ്രതിജ്ഞാബദ്ധതയും അനുസരിച്ച് അയാളുടെ പ്രതികരണങ്ങള്‍, ഇടപെടലുകള്‍ തീവ്രമോ സാഹസികമോ പോലുമാകാം. പ്രക്ഷുബ്ധമായ മനസ്സോടെ സാമൂഹിക അവസ്ഥകളോട് കലഹിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നവരുണ്ട്. വേഷഭൂഷകളിലും നടപ്പിലുമൊക്കെ അരാജകമായ അന്തരംഗത്തെ പ്രതിഫലിപ്പിച്ചു ജീവിക്കുന്നവരും. ഇത്രയും എഴുതിയത് പ്രസിദ്ധ താളവാദ്യകലാകാരന്‍ ഹരിനാരായണന്റെ നിര്യാണം ഉള്ളിലുണര്‍ത്തിയ ചിന്തകളെത്തുടര്ന്നാണ്.
ഹരി എന്റെ അയല്ക്കാരനായിരുന്നു. അസാധാരണമായ പ്രതിഭാ വിലാസത്തിനുടമ. തബല, മൃദംഗം, ഡോലക്ക്, ഗഞ്ചിറ തുടങ്ങിയ താള വാദ്യോപകരണങ്ങളില്‍ അത്ഭുതകരമായ അധീശത്വം ഉണ്ടായിരുന്നു ഹരിക്ക്.

അതിനുപുറമെ വളരെ ആഴവും പരപ്പുമേറിയ വായനയുടെ ഉടമയുമായിരുന്നു. ഗഹനമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍ അയാളുടെ കൈയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. സാഹിത്യം, സംഗീതം, മനഃശാസ്ത്ര വിഷയങ്ങളൊക്കെ ആധികാരികമായി സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ അസാമാന്യമായ നൈപുണിയുണ്ടായിരുന്ന ഹരി മലയാളവും വൃത്തിയിലും ധൈഷണികമായും കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളയാളായിരുന്നു.
സാമ്പത്തികവും, സാമൂഹികവും, വിദ്യാഭ്യാസപരവുമായി ഉയര്‍ന്ന ഒരു കുടുംബത്തില്‍ ജനിച്ച കുട്ടി, വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവന്. കോഴിക്കോട് നഗരത്തിലെ അക്കാലത്തെ ഏറ്റവും മികച്ച വിദ്യാലയത്തിലെ മിടുക്കനായ വിദ്യാര്‍ത്ഥി സുമുഖനും ഊര്‍ജ്ജസ്വലനും വെള്ളക്കുപ്പായം നീല ഹാഫ് ട്രൗസറിനുള്ളില്‍ ഇന്‍സര്‍ട്ട് ചെയ്തു നടക്കുന്ന മിടുക്കനായ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥി. അന്നേ തബല വായനയുണ്ട്. ആ സ്കൂളില്‍ത്തന്നെ മലയാളം മീഡിയം ക്ലാസ്സില്‍ പഠിച്ചിരുന്ന എന്നേക്കാള്‍ നാല് വര്‍ഷം ജൂനിയര്‍. വരേണ്യ വിഭാഗത്തിന്റെ പ്രതിനിധിയായത് കാരണം സാമൂഹികമായി സാധാരണക്കാരോടിടപഴകാനും ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ചറിയാനുമൊക്കെയുളള അവസരങ്ങള്‍ അന്നൊക്കെ ലഭിച്ചിരുന്നത് കുറവായിരുന്നിരിയ്ക്കാം. ഇനി കുടുംബ പാശ്ചാത്തലം കര്‍ശന നിഷ്ഠകളുടേതായിരുന്നോ എന്നും തിട്ടമില്ല.
വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് പിന്നീട് വയനാട്ടില്‍ ജോലി ചെയ്യുമ്പോള്‍ ‘അമ്മ അറിയാന്‍’ എന്ന സിനിമാ ഷൂട്ടിങ്ങിനായി ബത്തേരിയിലും സമീപപ്രദേശത്തുമൊക്കെ ജോണ്‍ എബ്രഹാമും കൂട്ടരും കറങ്ങി നടന്നപ്പോള്‍ അവര്‍ക്കിടയില്‍ ഹരിയെ കണ്ടത്. അപ്പോഴേക്കും അയാള്‍ കോഴിക്കോട്ടും പരിസരത്തുമുള്ള സംഗീത സദസ്സുകളിലെ താള സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ലഹരിയുടെ തീരങ്ങളില്‍ അലയുന്ന യൗവനം. എവിടെവെച്ചാണ് ഉന്നത കുലജാതനും വരേണ്യനുമായ ഈ കലാകാരന് ജനകീയനായതും സമൂഹത്തോടും സാമൂഹിക രീതി ശാസ്ത്രങ്ങളോടും നിരന്തരമായി കലഹിക്കുന്ന ഒരു കൂട്ടായ്മയിലെ സജീവ സാന്നിദ്ധ്യമാകുന്നതും എന്നറിയില്ല.
സാഹിത്യം, സിനിമ, സംഗീതം, നാടകം എന്നീ മേഖലകളിലെ ധിഷണശാലികളുടെ സാമീപ്യം ഹരിയെ മാനസികമായി ഒരുതരം ഋഷിപ്രോക്തവും ഏകാന്തവുമായ തുരുത്തിലെത്തിച്ചിട്ടുണ്ടായിരിക്കണം. സമൃദ്ധമായ താടിയും നീണ്ട ചീകിയൊതുക്കാത്ത മുടിയും ഉറക്കച്ചടവുള്ള മുഖവും ആണെങ്കിലും അയാളുടെ കണ്ണുകള്‍ ജീവസ്സുറ്റവയായിരുന്നു. ഘനഗംഭീരമായ ശബ്ദവും നിരന്തരമായ ബീഡിവലി അയാളുടെ കണ്ഠത്തില് നിന്നുതിരുന്ന ശബ്ദത്തിന് പരുക്കന്‍ മേലാപ്പ് നല്‍കിയിരുന്നു. ഏതായാലും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകന്ന് ബൗദ്ധികവും അരാജകവുമായി ജീവിതം നയിക്കുന്ന, ലഹരികളുടെ ചിറകില്‍ രാത്രി പകലാക്കുന്ന ധൈഷണിക കൂട്ടായ്മകളിലെ സ്ഥിരം സാന്നിദ്ധ്യം ഭാവനയുടെയും, കാൽപ്പനികതയുടേയുമൊക്കെ ഉന്നതങ്ങളില്‍ ഒഴുകി നടക്കാന്‍ അയാളെ പ്രാപ്തനാക്കിയിട്ടുണ്ടാവാം. അതിനനുസാരം സാധാരണക്കാരില്‍ നിന്നും പൊതു സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും അയാള്‍ അകലുകയാ യിരുന്നു. സാമാന്യ വിധിവിലക്കുകള്ക്കതീതമാണല്ലോ ഇക്കൂട്ടരുടെ വിഹാരങ്ങള്‍ ജോണും, അയ്യപ്പനും, മധുമാസറ്ററും സുരാസുവുമൊക്കെയാണ് പരിസരത്തെ മൂര്‍ത്തികള്‍. സാധാരണക്കാരുടെ ജീവിതം അവര്ക്കസാദ്ധ്യം തന്നെ.
തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിര താമസമാക്കുന്നത്. രണ്ട് വീടപ്പുറത്താണ് ഹരിയുടെ താമസം. അക്കാലത്ത് ഹരി, നജ്മല്‍, ബാബു മുതല്‍ പേരുടെ സ്ഥിരം തബലിസ്റ്റാണ്.
ഇടയ്ക്കൊക്കെ വീട്ടില്‍ വരുമായിരുന്നു. നല്ലൊരു വായനക്കാരിയായിരുന്ന എന്റെ ഉമ്മയുമായി വലിയ സൗഹൃദത്തിലായിരുന്നു. മികച്ച പുസ്തകങ്ങള്‍ അവര്‍ പരസ്പരം കൈമാറുന്നത് കണ്ടിട്ടുണ്ട്. ഉമ്മയ്ക്ക് ലോക ക്ലാസ്സിക്കുകൾ വായിക്കാൻ അതിയായ താൽപ്പര്യമായിരുന്നു. ‘സാൻ മിഷേലിന്റെ കഥ’, ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ പോലെയുള്ള പുസ്തകങ്ങളും അതുപോലെ ദസ്തയേവ്സ്ക്കിയും ബിമൽ മിത്രയുമൊക്കെ അവർക്കിടയിൽ പാലം തീർത്തിരുന്നു. ചില സന്ദർഭങ്ങളിൽ ഇത്തരം പുസ്തകങ്ങൾ കൊണ്ടുകൊടുത്ത് ഹരി ഉമ്മയുടെ കൈയിൽ നിന്നും ചെറിയ ചെറിയ തുകകൾ വാങ്ങിക്കൊണ്ടുപോവുകയും ചെയ്യുമായിരുന്നു. വരുമാനമില്ലാത്ത ഹരിയ്ക്ക് ലഹരിയുടെ തീരത്തണയാനും പാറിനടക്കാനും പണം വേണ്ടിയിരുന്നു. എന്നാൽ അപമര്യാദയായി പെരുമാറിയിരുന്നുമില്ല.
സൈക്കോളജിയെ കുറിച്ചും ചിത്രകല, നൃത്തം വിശിഷ്യാ സംഗീതവു മൊക്കെ ഹരിയുമായി പലപ്പോഴും സംസാരിക്കാന്‍ അവസരമുണ്ടായി. വിവിധ നാടോടി കലാരൂപങ്ങള്‍, അവയിലെ സംഗീതം, ഗസലുകളുടെ ലോകം, ഠുംരി മുതലായവയെ കുറിച്ചൊക്കെ അയാള്‍ക്ക് നല്ല അവഗാഹം തന്നെ. കുറച്ചുകാലം കല്‍ക്കത്തയില്‍ ശാന്തി നികേതനിലും പയറ്റിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അതുപോലെ കലാമണ്ഡലവുമായും ഒരു നാഭീ നാളീബന്ധം ഉണ്ടായിരുന്നു എന്നും അതിനിടയില്‍ അധികം ആയുസ്സില്ലാത്ത ഒരു വിവാഹ ജീവിതവും അയാള്‍ക്ക് വിധിയ്ക്കപ്പെട്ടു.

ഒരു അനാഥാലയത്തില്‍ നിന്ന് കണ്ടെത്തിയതായിരുന്നു ജീവിതസഖി. ഹരിയുടെ ഭര്‍ത്താവെന്ന റോള്‍ ആ പെണ്‍കുട്ടിയ്ക്ക് എത്രമാത്രം സുരക്ഷിതവും, സന്തുഷ്ടവും ആയിരിക്കാം എന്നന്വേഷിച്ചുകൊണ്ട് സാമൂഹിക ക്ഷേമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ എന്നെ വിളിച്ചന്വേഷിച്ചതും നീണ്ട് സംസാരിച്ചതും ഓര്‍ക്കുന്നു. അത് ഒരു അനിവാര്യ നടപടിയായിരുന്നുവത്രെ. അയാള്‍ക്കൊരു സാധാരണ ജീവിതം അനുവദിച്ചു കിട്ടുമോ എന്ന പ്രത്യാശയായിരുന്നു. ആ ഉദ്യോഗസ്ഥയ്ക്ക് കൊടുത്ത ഉറപ്പിന്റെ പിന്നില്‍ പക്ഷേ ഹരിയുടെ ജീവിത ശൈലിയോട് പൊരുത്തപ്പെടാതെ അവർ വഴിമാറിപ്പോയി.
തളര്‍ന്ന മനസ്സുകളുമായി ജീവിച്ച അച്ഛന്റെയും, അമ്മയുടെയും കാലശേഷം ഒറ്റയ്ക്കായിപ്പോയ അയാള്‍ക്ക് പിന്നീട് തന്നെ തേടി വരുന്ന വിദൂര സ്ഥലങ്ങളിലെ കൂട്ടുകാര്‍ മാത്രമായി വീട്ടിലെ അംഗങ്ങള്‍ അവിടെ നടന്നുവന്ന ചര്‍ച്ചകളും സദിരുകളുമായിരുന്നു. ഇടയ്ക്കിടെയുണ്ടായിരുന്ന സംഗീത പരിപാടികള്‍ക്ക് പുറമെ അയാളെ സജീവമാക്കി നിലനിര്‍ത്തിയത്.
വീട്ടിൽ മിക്കപ്പോഴും രാത്രി സദസ്സുകൾ ഉണ്ടാകും. ഒരു രാത്രി ഏകദേശം രണ്ടു മൂന്നു മണി കഴിഞ്ഞിരിക്കണം, ഹരി ഭയചകിതനായി വീട്ടിൽ വന്ന് വാതിലിൽ മുട്ടി ഉണർത്തിയതോർക്കുന്നു: ” ഡോക്ടർ, I am really scared. വീട്ടിൽ എന്റെ ഒരു ഫ്രണ്ട് ഫിറ്റ്സ് വന്ന് തുള്ളുകയാണ്. ഒന്നു വരണം.” ചെന്നു നോക്കുമ്പോൾ പോർട്ടിക്കോയുടെ അടുത്തുള്ള മുറി – നിറയെ ധൂമഗന്ധം. ഒരു ചെറുപ്പക്കാരൻ തറയിൽ കിടക്കുന്നുണ്ട്. സമൃദ്ധമായി ഛർദ്ദിച്ചിരിക്കുന്നു. വായിൽ നിന്ന് നുര വന്നിട്ടുണ്ട്. അപസ്മാരം ശമിച്ചുകഴിഞ്ഞിരിക്കുന്നു. വേറെയുമുണ്ട് രണ്ടു മൂന്നു സുഹൃത്തുക്കൾ. എല്ലാവരും കൂടി രാത്രി പകലാക്കുകയായിരുന്നു. അതിലൊരാൾ ഒരു ഡോക്ടറുമാണ് അയാളാണ് പറഞ്ഞത് – നിലത്ത് കിടക്കുന്നയാൾ അപസ്മാര രോഗിയാണത്രേ. പാലക്കാടോ മറ്റോ ആണ് വീട്. രണ്ടു ദിവസത്തെ അലച്ചിലിനിടയിൽ അപസ്മാരത്തിനുള്ള ഗുളിക തീർന്നു പോയിരുന്നു. അതിന്റെകൂടെ ലഹരി കൂടി ചെന്നപ്പോഴായിരിക്കണം ഫിറ്റ്സ് ഇളകിയത്. എല്ലാ മുഖങ്ങളിലും കുറ്റബോധം, ഭീതി. മറക്കാനാവാത്തൊരു രാത്രിയായിരുന്നു അത്.
പരിസരവാസികള്‍ക്കും നാട്ടുകാര്‍ക്കും അയാളോട് ഒരുതരം നിസ്സംഗത കലര്‍ന്ന അകല്‍ച്ചയായിരുന്നു. ഹരിയ്ക്കങ്ങോട്ടും അങ്ങനെത്തന്നെ. അവസാനകാലത്ത് രാധേശ്യാം എന്ന ഒരു പുതുമ നിറഞ്ഞ കലാരൂപത്തിന്റെ പണിപ്പുരയിലായിരിക്കേയാണ് മരണം അയാളെ നിനച്ചിരിക്കാതെ വന്ന് കൂട്ടിക്കൊണ്ട് പോയത്.
തന്റെ കൈയില്‍ ദൈവം തന്നയച്ച വിശിഷ്ടമായ നൈപുണികളും അറിവും മറ്റാരേയും ഏല്പ്പിക്കാനാകാതേയും അവകൊണ്ട് സമൂഹത്തില്‍ സക്രിയവും, സര്‍ഗ്ഗാത്മകവും സ്ഥായിയുമായ ഇടപെടല്‍ നടത്താനാകാതെയും പാര്‍ശ്വങ്ങളില്‍ കുറച്ചേറെ ഒളിമിന്നലാട്ടം മാത്രം കാഴ്ചവെച്ച് ഹരിയ്ക്ക് പിൻവാങ്ങേണ്ടിവന്നു.
കല കലയ്ക്കുവേണ്ടി എന്നതായിരുന്നു ഹരിയെ പോലുളളവർ പ്രതിനിധാനം ചെയ്യുന്ന മുദ്രാവാക്യം എന്നുതോന്നുന്നു.
അടിസ്ഥാനപരമായ മൃഗീയ ചോദനകള്‍ ഉള്ളിലുറങ്ങിക്കിടന്നവനാണ് മനുഷ്യന്. സുഗമവും, സുരക്ഷിതവും, ക്രിയാത്മകവുമായ സാമൂഹിക ജീവിതത്തിനാവശ്യമായ വിധി വിലക്കുകള്‍ക്ക് വിധേയനായി ജീവിക്കാനാണയാള്ക്ക് നിഷ്ക്കര്‍ഷ. എന്നാല്‍ കാലിക സമൂഹം, സാമൂഹികാവബോധം, സദാചാരം, സന്മാര്ഗ്ഗം, ലൈംഗികത, മൂല്യങ്ങള്‍ എന്നുവേണ്ട എല്ലാ തരം കൊടുക്കൽ വാങ്ങലുകളിലും വലിയതോതില്‍ കാപട്യം പുലര്‍ത്തുന്നതാണെന്ന് പറയാതെവയ്യ. അവിടെ പച്ചയായ സഹജവാസനകളോടെ ജീവിയ്ക്കാന്‍ വെമ്പുന്ന ഒരു തരം ബൊഹീമിയന്‍, അരാജക തൃഷ്ണ ഒട്ടുമിക്കവരുടേയും ഉള്ളിന്റെ ഉള്ളില്‍ കുടികൊള്ളുന്നുണ്ട്. സമൂഹം അനുശാസിക്കുന്ന ചട്ടക്കൂടുകള്‍ ഭേദിച്ച് സ്വച്ഛന്ദം വിഹരിയ്ക്കാനി ഷ്ടപ്പെടുന്ന കലാവതാരകരോട് ഉള്ളില്‍ ആരാധന പുലര്‍ത്തുന്ന വലിയ ജനസഞ്ചയവുമുണ്ട്. തങ്ങള്‍ക്ക് സാധിയ്ക്കാതെ പോകുന്നത് അവര്‍ പ്രാവര്‍ത്തികമാക്കുന്നത് കാണുന്നത് കൊണ്ടു കൂടിയാകാമത്.
ആരെന്തൊക്കെപ്പറഞ്ഞാലും കാൽപ്പനിക മനസ്സുള്ള ശുദ്ധാത്മാക്കളായ കുറേപ്പേരെ അന്യഥാ അതിസങ്കിര്‍ണ്ണമായ ജീവിത വീഥികളില്‍ വഴി തെറ്റിയ്ക്കാന്‍ വിഗ്രഹഭംഞ്ജകരായ ഈ അപഥ സഞ്ചാരികള്‍ക്കുള്ള കഴിവ് തിരിച്ചറിയപ്പെടേണ്ടതാണ്. സത്യത്തില്‍ തപ്ത ജീവിതം ആശ്ലേഷിക്കുന്നത് കൊണ്ട് ഇക്കൂട്ടരുടെ സര്‍ഗ്ഗാത്മകമായ പ്രതികരണ ശേഷി അന്യമാകുന്നു.
സാമൂഹിക രീതികളോട് കലശലായ എതിര്‍പ്പുള്ളവരാണ് മിക്ക കലാകാരന്മാരും, സാഹിത്യ കാരന്മാരുമൊക്കെ. എന്നാല്‍ ഏറ്റുമുട്ടലിന്റെ പാത വെടിഞ്ഞ്, സ്വന്തം ജീവിതം തകര്‍ച്ചയിലേക്ക് നയിക്കാതെ, സമൂഹത്തോടൊപ്പം നിന്ന് തങ്ങളുടെ സര്‍ഗ്ഗ വൈഭവം പ്രകടിപ്പിച്ചു ജീവിച്ചുകൊണ്ട് മനുഷ്യകുലത്തെ വലിയ അളവില്‍ അനുഗുണമായി സ്വാധീനിയ്ക്കാന്‍ കഴിയുമെന്ന് നമ്മുടെ വിഖ്യാത പ്രതിഭകള്‍ തെളിയിച്ചിട്ടുണ്ട്.
അതേസമയം അസാമാന്യപ്രതിഭാ വിലാസമുളളവരെങ്കിലും മുഖ്യധാരയില്‍ നിന്നകന്ന് സമൂഹഗതിയുടെ വിപരീത ദിശയില്‍ സഞ്ചരിച്ച് ക്ഷുഭിതവും അരാജകവുമായ അന്തരംഗത്തോടെ, അനഭിലണീയമായ കാമനകള്‍ക്ക് അടിപ്പെട്ട് ജീവിച്ച് അകാലത്തില്‍ പൊലിഞ്ഞു പോകുന്ന ജീവിതങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ പേരിലുള്ള ഒരുതരം വിലോമ ആത്മാഹുതികളെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
വായനക്കാർക്കും എഴുതാം
‘അടുപ്പത്തിന്റെ കണ്ണട’യിലൂടെ കണ്ടു കണ്ടെഴുതുന്ന കുറിപ്പുകള്‍ ആരെക്കുറിച്ചുമാവാം. മകളെ /മകനെക്കുറിച്ചാവാം, ഭാര്യയെ/ഭര്‍ത്താവിനെക്കുറിച്ചാവാം, അയല്പക്കക്കാരന് /കാരിയെക്കുറിച്ചാവാം, സഹപ്രവര്‍ത്തകനെ/ കയെക്കുറിച്ചാവാം, സന്തതസഹചാരിയെ/എതിരാളിയൈക്കുറിച്ചാവാം, ജീവിച്ചിരിക്കുന്നതോ മണ്മറഞ്ഞതോ ആയ ഒരാളെ കുറിച്ചാവാം, ചുറ്റുവട്ടത്തുനില്‍ക്കുന്നതോ എതിര്‍ധ്രുവത്തില്‍ നില്ക്കുന്നതോ ആയ ആളെക്കുറിച്ചാവാം. ദിശ പിരിഞ്ഞുപോയ ഒരാളെക്കുറിച്ചാവാം, ആരെ കുറിച്ചുമാവാം. അടുപ്പം ഒരു കണ്ണടയാവണം എന്നു മാത്രം
‘അടുപ്പത്തിന്റെ കണ്ണട’യിലെ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം