വ്യാഴാഴ്ചയോടെ പത്തുവര്‍ഷം നീണ്ട ഉപരാഷ്ട്രപതിയുടെ ഓഫീസ് ജീവിതത്തിനോട് ഹമീദ് അൻസാരി വിടപറയുകയാണ്‌. പല രാഷ്ട്രങ്ങളിലും ഇന്ത്യയുടെ അംബാസഡറായും യുഎന്നിൽ  ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായും അലിഗഡ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായുമുള്ള നീണ്ട അനുഭവങ്ങള്‍. ഉപരാഷ്ട്രപതി സ്ഥാനമൊഴിയുന്ന ഘട്ടത്തില്‍ ഹമീദ് അന്‍സാരിയുമായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രാധിപ സമിതി അംഗം സീമ ചിസ്തി  നടത്തിയ ദീര്‍ഘ സംഭാഷണം. രണ്ടു തവണയായുള്ള ഉപരാഷ്ട്രപതി ജീവിതത്തിനിടയില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങളെക്കുറിച്ച് അന്‍സാരി മനസ്സുതുറക്കുന്നു:

 താങ്കള്‍ ഉപരാഷ്ട്രപതിയായ് നിലനിന്ന കാലയളവില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആണ് വന്നത് ?

ഒരുപാട് കാര്യങ്ങള്‍. ഒരുകാര്യം പൊതുജനാവബോധം ആണ്. ജനങ്ങള്‍ക്ക് ഇന്ന് ഒരുപാട് കാര്യങ്ങളെക്കുറിച്ച് അറിവുണ്ട്. അതേസമയം ഒരുപാട് തെറ്റിദ്ധാരണകളുമുണ്ട്. ആശയവിനിമയത്തിന്‍റെ ഉപകരണങ്ങളും സാധ്യതകളും ഒന്ന് നിര്‍ത്തി ചിന്തിച്ച ശേഷം മുന്നോട്ടു പോകുവാനുള്ള അവസരം നല്‍കുന്നില്ല എന്നതിനാലാണത്. ജനങ്ങള്‍ എന്തെങ്കിലും സംഭവിച്ചതായി അറിഞ്ഞാല്‍ ഉടനടി തന്നെ പ്രതികരിക്കുകയാണ്.

 രാഷ്ട്രീയത്തെക്കുറിച്ച് എന്ത് പറയുന്നു ? രാഷ്ട്രീയത്തില്‍ സംഭവിച്ച എന്തൊക്കെ മാറ്റങ്ങളാണ് താങ്കള്‍ക്കും ബാധിച്ചതായി തോന്നുന്നത് ?

ഊര്‍ജ്ജസ്വലമായൊരു ജനാധിപത്യ സംവിധാനമാണ് നമ്മളുടേത്. പത്തുവര്‍ഷത്തിനിടയില്‍ നമ്മള്‍ പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും തന്നെ മാറിമറയുന്ന സര്‍ക്കാരുകള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. വോട്ടിങ് ശതമാനം വച്ച് വിലയിരുത്തുകയാണെങ്കിൽ ജനാധിപത്യത്തിലെ പങ്കാളിത്തം വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ തങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ അവര്‍ ചെയ്യേണ്ടതായ ജോലികള്‍ ചെയ്യുന്നില്ല എന്ന തോന്നലും ഉണ്ടാവുന്നുണ്ട്.

ഇന്‍സ്റ്റിറ്റ്യൂഷനല്‍ ചെക്സ് ആന്‍റ ബാലന്‍സ് സുശക്തമാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ ?

ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വം തന്നെ വിശ്വാസ്യതയോടെ അതിനെ ചുമതലയേല്‍പ്പിച്ചവരോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയെന്നതാണ്. ഔപചാരികമായ അർത്ഥത്തിൽ ആ ഘടനയുണ്ട് എങ്കിലും പ്രായോഗികമായ അർത്ഥത്തിൽ അത് കുറവാണ്. ഞാന്‍ വിശദീകരിക്കാം. എന്താണ് തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയുടെ ഉത്തരവാദിത്തം ? നിയമ നിര്‍മാണം, സര്‍ക്കാരിന്‍റെതായ ചുമതലകള്‍ വഹിക്കുക, പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കുക എന്നതൊക്കെ. ഓരോ  പ്രവൃത്തിക്കും സമയം ആവശ്യമുണ്ട്. കണക്കുകള്‍ പരിശോധിച്ചാൽ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. 1950കളിലും 60കളിലും ഉള്ളതിന്‍റെ പകുതിസമയം മാത്രമാണ് പാര്‍ലമെന്‍റ്  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണസഭകള്‍, മൂന്നോ നാലോ, ചിലപ്പോള്‍ അഞ്ചുവരെ. അതിനാല്‍ തന്നെ ആത്മാര്‍ത്ഥമായി നോക്കിയാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് ജോലി ചെയ്യുവാനുള്ള അവസരമേ ലഭിക്കുന്നില്ല. നിയമനിർമ്മാണ സഭകൾ  വേണ്ടത്ര സമയം ചേരുന്നില്ല. നിർദ്ദിഷ്ട നിയമ നിർമ്മാണങ്ങള്‍ക്കായുള്ള ചർച്ചകള്‍ക്കും, അല്ലെങ്കിൽ അവയുടെ സൂക്ഷ്മപരിശോധനയ്ക്കുമുള്ള സമയം എവിടെയാണ്? കോടതികളില്‍ പോവുന്ന കാര്യങ്ങള്‍ പലതും തള്ളിപോവുന്നതിനുള്ള സാധ്യതകളാണ് സൂക്ഷ്മപരിശോധനകളുടെ അഭാവം ഉറപ്പുവരുത്തുന്നത്.

 “ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് ” താങ്കള്‍ക്ക് ശുഭാപ്‌തി വിശ്വാസമാണോ ഉള്ളത് ?

ഇന്ത്യ സുരക്ഷിതമാണ്. പക്ഷെ ‘ഇന്ത്യ എന്ന ആശയം’ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. എന്റെ ആശയത്തിലെ ഇന്ത്യ ഒട്ടേറെ വൈവിധ്യമാര്‍ന്ന, അനവധി പാളികളില്‍ തീര്‍ത്ത ഒന്നാണ്. അതിനാല്‍ “ഇന്ത്യ എന്ന ആശയം” ഒന്നിലേറെയാണ്. അത് പരസ്പരപൂരകമാണ്.
ശുഭാപ്തിവിശ്വാസം ?  ഈ ‘ആശയത്തിനു’ പല തലത്തിലും വെല്ലുവിളികള്‍ ഉയരുന്നുണ്ട്. അതാണ്‌ എന്നെ അസ്വസ്ഥമാക്കുന്നത്.

 

ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാന ആശയം സംരക്ഷിക്കപ്പെടുമോ?

അത് പൊതു മനസ്സിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. പൊതുമനസ്സ് ഇത്തരത്തിലുള്ള വ്യതിചലനങ്ങള്‍ കാണുകയും എന്നാല്‍ അതവരില്‍ രേഖപ്പെടുത്തപ്പെടുകയുമില്ല എങ്കില്‍ അങ്ങനെ സംഭവിച്ചേക്കാം. അത് മറ്റുപല സമൂഹങ്ങളിലും സംഭവിച്ചിട്ടുണ്ട്. ചരിത്രത്തില്‍ അങ്ങനെ താളംതെറ്റിയ സമൂഹങ്ങള്‍ ധാരാളമായുണ്ട്.

സാംസ്കാരിക ദേശീയത നല്ലതല്ല എന്ന് താങ്കള്‍ പറയുകയുണ്ടായി. എന്തുകൊണ്ടാണത് ?

സംസ്കാരം, സാംസ്കാരിക ദേശീയത എന്നതൊക്കെ ഒരുതരം ഏകത്വത്തത്തെയും ഹോമോജിനിറ്റിയെയും ചാര്‍ത്തികൊടുക്കലാണ്. അത് ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല. നമ്മുടെ ഭരണഘടനയുടെ രൂപീകരണത്തിന്‍റെ കാലത്ത് അവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത് നിലനില്‍പ്പിന്‍റേതായ യാഥാര്‍ഥ്യമായിരുന്നു.  നാനത്വവും വൈവിദ്ധ്യവുമാര്‍ന്നൊരുസമൂഹമായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. അതിനെയൊക്കെ ഉള്‍ക്കൊള്ളാവുന്ന ഒരു ചട്ടക്കൂടിനകത്താണ് അവര്‍ ഭരണഘടന നിര്‍മിക്കുന്നത്.  ഇന്ത്യന്‍ ദേശീയതയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ട്. ടാഗോറിനേപ്പോലുള്ള ഒരു വലിയ നിര നേതാക്കള്‍ എല്ലാം പറഞ്ഞത് ഇത് തന്നെയായിരുന്നു- ഇതൊരു നാനാത്വമുള്ള സമൂഹമാണ് എന്ന്.  ഇത്രയും വൈവിധ്യമുള്ള ഒരു യാഥാര്‍ഥ്യത്തിന്‍റെ മുകളിലാണ് നിങ്ങള്‍ ഒരു രാഷട്രം രൂപീകരിക്കുന്നത്. ഒരു വശത്ത് അത് ജനാധിപത്യപരവും മറുവശത്ത് മതേതരവും. മതേതരം, എന്നാല്‍ വൈവിദ്ധ്യങ്ങള്‍ പോലെ തന്നെ വിശ്വാസങ്ങളിലെ വൈവിദ്ധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നത്. ഇന്ത്യയിലില്ലാത്തതായ ഒരു വിശ്വാസവും മറ്റെവിടെയും ഇല്ല. അതുപോലെ തന്നെ ഇവിടെയുള്ള വിശ്വാസങ്ങള്‍ പലതും മറ്റെവിടെയും ഇല്ലാത്തതുമാണ്. ഇനി നിങ്ങള്‍ ഒരൊറ്റ തത്വത്തിലൂന്നിക്കൊണ്ടാണ് ഒരു ഘടന നിര്‍മിക്കുന്നത് എങ്കില്‍, അതായത് പൗരത്വം ജനാധിപത്യ വ്യവസ്ഥയില്‍ എല്ലാ പൗരനെയും ഒന്നായി കാണുന്നതാണ്. അതിനാല്‍ തന്നെ അത് എല്ലാ പൗരനും ഒരുപോലെയായിരിക്കുകയും വേണം. അഞ്ചടി ഉയരമുള്ള ആളാണോ നാലടി ഉയരമുള്ളയാളാണോ എന്നത് വിഷയമാവരുത്.

‘ഒരു രാഷ്ട്രം, ഒരു നേതാവ്, ഒരു നികുതി, ഒരു ഭാഷ’ തുടങ്ങിയ ആശയങ്ങളെക്കുറിച്ച് എന്ത് തോന്നുന്നു ?

അങ്ങനൊന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല.

പക്ഷെ അതൊരു രാഷ്ട്രീയ മുദ്രാവാക്യമല്ലെ ?

അത് ആരുടെയെങ്കിലും മുദ്രാവാക്യമായിരിക്കാം പക്ഷെ അതിനെ അടയാളപ്പെടുത്താനാകില്ല. അതിനാല്‍ തന്നെ അതെങ്ങനെ ഉപയോഗിക്കും എന്നെനിക്ക് കാണാന്‍ പറ്റുന്നില്ല. നമോക്കൊരു ദേശീയ ഭാഷയില്ല എന്ന് നമുക്കറിയാം. നമുക്ക് ഔദ്യോഗിക ഭാഷകള്‍ മാത്രമാണുള്ളത്. ഞാന്‍ ഇന്ത്യയുടെ അംബാസഡര്‍ ആയിരുന്ന കാലത്ത് ഇന്ത്യയുടെ നാനാത്വം ആര്‍ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കാനായിട്ട് ഞാനൊരു നൂറു രൂപ നോട്ടുകരുതുമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും മാത്രമല്ല. അതിലുള്ള ഭാഷകളുടെ നീണ്ട പട്ടിക എല്ലാവര്‍ക്കും കാണിച്ചു കൊടുക്കാനായിരുന്നു അത്. നോട്ടുകളില്‍ എഴുതിയിട്ടുള്ള ഈ ഭാഷകള്‍ ദേശ്യഭേദങ്ങള്‍ അല്ല. മറിച്ച് ഓരോന്നും കൃത്യമായ വംശാവലിയുള്ളതാണ്. അതാണ്‌ നിങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കേണ്ടതായ ഇന്ത്യയുടെ വൈവിദ്ധ്യം. നമ്മള്‍ ഒരേ ഭക്ഷണം കഴിക്കുന്നവരല്ല. നമുക്ക് ഒരേ രീതികളുമല്ല.

ഒട്ടേറെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ രാജ്യസഭ വിഷയമല്ല എന്ന് പറയുന്നുണ്ട്.

വ്യക്തിഗത അഭിപ്രായഞങ്ങളുടെ മേല്‍ ഞാന്‍ അഭിപ്രായം പറയാറില്ല. പക്ഷെ വലിയ ചിന്തകളിലൂടെയാണ് രാജ്യസഭ നിര്‍മിക്കുന്നത്. എന്തെന്നാല്‍ നമ്മുടെ ഭരണഘടനാശില്‍പികള്‍ക്ക് ഈ നാടിന്‍റെ വൈവിധ്യങ്ങള്‍ മുഴങ്ങുന്ന മറ്റൊരു ചേംബര്‍ വേണം എന്ന് തോന്നി. നിയമനിര്‍മാണത്തിലും സമമായൊരു പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതും നിർദിഷ്ട നിയമനിർമ്മാണ വ്യവസ്ഥയുടെ വിശകലനവും ആവശ്യമാണ്‌. നിങ്ങളെന്താണ്‌ ചെയ്തത് എന്ന പുനര്‍വിചിന്തനം ആവശ്യമാണ്. രേഖകള്‍ കാണിക്കുന്നത് വ്യത്യസ്ത സര്‍ക്കാരുകളുടെ കീഴിലും രാജ്യസഭ അതിന്‍റെതായ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ്.

താങ്കള്‍ റിപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പതാക സല്യൂട്ട് ചെയ്തില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെ തന്നെ താങ്കളുടെ  ഒഫീസിന് ഒരു വിശദീകരണം നല്‍കേണ്ടി വന്നുവെന്നതിനെ എങ്ങനെ കാണുന്നു ? ( അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പരേഡില്‍ പങ്കെടുത്ത അതേ വര്‍ഷം.)

നോക്കൂ, ജനങ്ങള്‍ക്ക് പ്രൊട്ടൊകോൾ   മര്യാദകള്‍ എന്താണ് എന്ന് അറിയില്ല എങ്കില്‍ അത് അതാണ്‌. എനിക്ക് നല്ലപോലെ അറിയുന്ന ഒരുകാര്യം ഉണ്ട് എങ്കില്‍ അത് പ്രൊട്ടൊകോള്‍ ആണ്. ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും അധികം കാലം ചീഫ് ഓഫ് പ്രൊട്ടൊകോള്‍ ആയിരുന്ന ആളാണ്‌ ഞാന്‍. എനിക്ക് പ്രൊട്ടൊകോളിനെയും മര്യാദകളേയും കുറിച്ച് നല്ല ധാരണയുണ്ട്. ഞാനത് തെറ്റിച്ചിട്ടില്ല.

ആ പ്രതിഷേധങ്ങള്‍ താങ്കളെ സംശയത്തിലാക്കുകയോ അലോസരപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്തോ ?

അത് ബാലിശമായിരുന്നു. അത്രതന്നെ.

പത്ത് വര്‍ഷത്തെ ഉപരാഷ്ട്രപതി ജീവിതത്തില്‍ നിന്നും താങ്കള്‍ എന്താണ് ഉൾക്കൊളളന്നത്?

എനിക്കൊരു റൂള്‍ബുക്ക് നല്‍കുകയുണ്ടായി. അതിനനുസരിച്ച് കാര്യങ്ങള്‍ പോവുന്നുണ്ടോ എന്ന് ഞാന്‍ നിരീക്ഷിക്കേണ്ടതായുണ്ട്. രാഷ്ട്രീയ പ്രക്രിയയുടെ പ്രവര്‍ത്തനം വീക്ഷിക്കുക എന്നത് രസകരമായൊരു കാര്യമാണ്. എന്തിനാണ് ഒരു വിശ്വാസപ്രമാണവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒരു വിഭാഗം വ്യക്തികള്‍ ഒരു വിഷയത്തില്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ഇനി മറ്റൊരു സാഹചര്യത്തില്‍ അതെ വിഷയത്തില്‍ മറ്റൊരു നിലപാട് എടുക്കുന്നത് ! ഒരു വശത്തുള്ളവര്‍ മറുവശത്തും ഉണ്ടാവും എന്നത് ജനാധിപത്യത്തിന്‍റെ മഹനീയ ഗുണങ്ങളിലൊന്നാണ്. ഇന്ത്യന്‍ ജനാധിപത്യമെന്നത് മഹത്തായൊരു അനുഭവ പഠനം ആയിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു നല്ല കാര്യം എന്തെന്നാല്‍ ചേമ്പറില്‍ എത്രമാത്രം വാക്‌പോരില്‍ ഏര്‍പ്പെട്ടാലും അവര്‍ ചേമ്പറിനു പുറത്ത് പരസ്പരം സൗഹാര്‍ദപൂര്‍വ്വം ശരിയായാണ് ഇടപ്പെടുന്നത്. യാതൊരു വിദ്വേഷമോ ശത്രുതയോ ഇല്ല- എല്ലാം പരസ്പരം കൈമാറ്റം ചെയ്യുന്ന രീതിയിലാണ്. നിങ്ങൾ കാണുന്നതെല്ലാം വളരെ പാകപ്പെടുത്തിയെടുത്ത ഒരു വ്യായാമമാണ്, പലപ്പോഴും ഇത് ക്യാമറകൾക്കു വേണ്ടി ആയിരിക്കും  ചെയ്യുന്നത്. അത് ദുഃഖകരമാണ്. ലൈവ് സംപ്രേഷണങ്ങളെ പിന്നോട്ട് വലിച്ചെറിയാൻ കഴിയില്ല, അതിനുള്ളില്‍ തന്നെ ഒരുപാട് വെള്ളം ഒഴുകികാണും. സുതാര്യത ഉറപ്പാക്കുന്നതിനുള്ള മാർഗമായി ആരംഭിച്ച ഇത് ഇപ്പോള്‍ കൈയ്യടിക്കായാണ് ഉപയോഗിക്കുന്നത്.

തടസ്സപ്പെട്ട വനിതാബിൽ, ലോക്‌പാല്‍ എന്നിവയ്ക്കുമേൽ ഒരുപാട് തിരിച്ചടി ഉണ്ടായിരുന്നു. ഇത് വ്യത്യസ്തമായി കൈകാര്യം ചെയ്യാമായിരുന്നില്ലേ?

ഇല്ല, എനിക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കുമില്ലായിരുന്നു. പ്രത്യേകിച്ച് ലോക്‌പാലിന്റെ കാര്യത്തിൽ  (2011 ഡിസംബർ മാസത്തിൽ ലോക്‌പാല്‍ ബില്ലിൽ വോട്ട് രേഖപ്പെടുത്താതെ രാജ്യസഭാ പിരിച്ചുവിട്ടത്തിൽ അൻസാരി വിമർശിക്കപ്പെട്ടിരുന്നു) രാഷ്ട്രപതിയാണ് പാര്‍ലമെന്റ വിളിച്ചുചേര്‍ക്കുന്നത്. അത് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണ്. അതിന്റെ കാലാവധി നീട്ടുകയും കുറയ്ക്കുകയുമൊക്കെ സര്‍ക്കാര്‍ ചെയ്യുന്നതാണ്. ഇനി സഭാദ്ധ്യക്ഷന്‍ ആ തീരുമാനങ്ങളെ മറികടന്നു തീരുമാനം എടുക്കുകയാണ് എങ്കില്‍ അത് അദ്ധ്യക്ഷന്‍ സര്‍ക്കാരിനു മുകളില്‍ തീരുമാനമെടുക്കുന്നത് പോലെയാണ്.

രാജ്യസഭാ ടിവി തുടങ്ങുന്നതുവഴി താങ്കള്‍ ലക്‌ഷ്യം വെച്ചത് എന്താണ് ?

രാജ്യസഭയുടെ ചെയർമാൻ എന്ന നിലയിൽ, ഞാൻ മുഖ്യകാർമ്മികനായിരുന്നുവെന്ന് പറയാം. എന്നാൽ, ഞാൻ ചെറിയ നിർദ്ദേശങ്ങൾ നല്‍കിയെന്നു മാത്രം. ‘ചർച്ചകളിലെ എല്ലാ കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കണം’, ‘നിങ്ങൾ ഒരു റോൾ മോഡൽ വേണമെങ്കിൽ, അത് പിബിഎസ് (പബ്ലിക് സർവീസ് ബ്രോഡ്‌കാസ്റ്റിങ്) ആയിരിക്കണം, പരസ്യമതിൽ ഇടപെടരുത്’ എന്നൊക്കെ. ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്യുന്നയിടമല്ല രാജ്യസഭ. രാജ്യസഭ ടി വി  ഇതുവരെ നന്നായിപ്പോയി എന്നാണു എനിക്ക് ലഭിക്കുന്ന പ്രതികരണം.

എന്താണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി ?

നമുക്കെല്ലാവര്‍ക്കും അഭിപ്രായസമവാക്യമുള്ള കാര്യം ഇന്ത്യ എന്ന വലിയ ജനാധിപത്യത്തില്‍ സമഗ്രമായൊരു വികസനം മാത്രമേ അതിനെ മുന്നോട്ടുനയിക്കൂ എന്നതാണ്. സമാധാനം നിലനില്‍ക്കാത്തിടത്തോളം വികസനം സാധ്യമല്ല. അതിനാല്‍ തന്നെ നമ്മുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ അഭ്യന്തരവും വൈദേശികവുമായ സമാധാനം നിർണ്ണായകമാണ്. നമ്മുടെ ലക്ഷ്യങ്ങൾ പ്രശംസാർഹമായതും സാർവലൗകികമായി അംഗീകരിക്കപ്പെട്ടതുമാണ്.
പ്രധാനമന്ത്രിയുടെ മുദ്രാവാക്യം നിർദോഷകരമാണ്- എല്ലാവരോടുമൊപ്പം എല്ലാവരുടേയും വികസനം. പക്ഷെ എല്ലാവരോടുമൊപ്പം എന്നാല്‍ അത് എല്ലാവരോടുമൊപ്പം തന്നെയാവണം. ഞാനും നിങ്ങളും ഒരുമിച്ചാണ് നില്‍ക്കുന്നത് എങ്കില്‍ നമുക്ക് ഒരുമിച്ചു തന്നെ മുന്നേറാവുന്നതുമാണ്. പക്ഷെ നിങ്ങള്‍ എന്നില്‍ നിന്നും പത്തോ ഇരുപതോ അടി പുറകില്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് എന്നോടൊപ്പം എത്താന്‍ സാധിക്കില്ല.

പിന്തുടര്‍ച്ചക്കാരന് എന്തെങ്കിലും ഉപദേശം ?

ഒന്നുമില്ല. ഒന്നും തന്നെയില്ല. അദ്ദേഹം ഒരുപാട് അനുഭവസ്ഥനായ ആളാണ്‌. എന്താണ് ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിനു നല്ലപോലെ അറിയുമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ