” മിസ്റ്റർ ഗ്രിഗർ സാംസ, Open the door”!

ജാഗൃതി നാടക തീയറ്ററിലെ സ്പോട്ട് ലൈറ്റിൽ ഗ്രിഗർ സാംസ അനേകം കാലുകളും കനത്ത ശരീരവുമുള്ള ഒരു ജീവിയായി രൂപാന്തരം പ്രാപിക്കുമ്പോൾ നിഴൽ രൂപങ്ങളും ശബ്ദ ക്രമീകരണവും 360 ഡ്രിഗ്രിയിൽ അബസ്ട്രാക്റ്റ് ആയി രൂപകല്പന ചെയ്ത സെറ്റും അനേകായിരം അർത്ഥകല്പനകൾ കാണികൾക്ക് മുന്നിൽ കാഴ്ച വെച്ചു കൊണ്ട് ‘kafkaesque’ പ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു. റെബേക്ക സ്പർജൻ സംവിധാനം ചെയ്ത ഫ്രാൻസ് കാഫ്ക്കയുടെ ‘മെറ്റമോർഫോസിസ്’ ആധുനിക നാടക രൂപത്തിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ മുഖം പൊത്തിക്കരഞ്ഞു. അത് എന്‍റെയുള്ളിൽ ഗ്രിഗറിന്‍റെ ഭീതിയും നിസ്സഹായാവസ്ഥയും പലതരം വികാരങ്ങൾ ഇടകലർന്ന മറ്റെന്തോ ചിലതും പരകായപ്രവേശം ചെയ്തതു കൊണ്ടാവണം.

തിരിച്ച് വീട്ടിലേയ്ക്കുള്ള യാത്രയിൽ രാത്രി കനത്തിരുന്നെങ്കിലും നഗരം വെളിച്ചം വാരി വിതറി ഉറക്കം നടിക്കാതെയിരുന്നു. വോൾവോ ബസ് ഓവർ ബ്രിഡ്ജ് കയറി താഴോട്ടിറങ്ങുമ്പോൾ വിജനമായി തുടങ്ങിയ ബെംഗളൂരു വീഥികൾ ഏതോ വിദേശ നഗരത്തിൽ സഞ്ചരിക്കുന്നത് പോലെ തോന്നിപ്പിച്ചു. നഗരക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ സീറ്റിൽ ചാരിയിരുന്ന് കണ്ണുകൾ പൂട്ടിയപ്പോൾ എന്‍റെ കാഴ്ചയിൽ ജേക്കബ് രഘു കുമാർ എന്ന രൂപം മിഴി തുറന്നു.
അന്ന് ഡിസ്‌പ്ലെ റൂമിൽ നിരന്നിരിക്കുന്ന പ്രൊട്ടൊടൈപ്പ് വിമാനങ്ങൾക്കു മീതെ ഡ്രോൺ പറന്നുയർന്നു, വിവിധ ആംഗിളുകളിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. ഞങ്ങൾ പുതുതായി വികസിപ്പിച്ചെടുത്ത ആപ്പിൽ ബ്ലൂടൂത്ത് വഴി ദൃശ്യങ്ങൾ വന്നു തുടങ്ങി. ഐ.എസ്.ആർ ഒ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ ശാസ്ത്രജ്ഞൻമാരുടെ മുഖത്ത് പ്രതിഫലിക്കുന്നതിനു സമാനമായൊരു അഭിമാനം ചുറ്റും കൂടി നിന്ന ടീമംഗങ്ങളിൽ പ്രകടമായിരുന്നു. ആദ്യത്തെ ദൃശ്യം വന്നപ്പോൾ വലിയൊരു കൈയ്യടി ശബ്ദം വിശാലമായ മുറിയുടെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.

ഓരോ പറക്കലിനു ശേഷവും ലാൻഡ് ചെയ്യുന്ന വിമാനങ്ങൾ ചില പ്രത്യേക പരിശോധനാ രീതികളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിശോധിച്ച്, തകരാറുകൾ രേഖപ്പെടുത്തി, അറ്റകുറ്റ പണികൾക്കുള്ള നിർദ്ദേശം കൂടെ അടങ്ങിയ റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതുണ്ട്. ഇൻസ്പെക്ഷൻ എഞ്ചിനീയറാണ് ഈ ജോലികൾ ചെയ്യുന്നത്. ഞങ്ങൾ വികസിപ്പിച്ചെടുത്ത ഓട്ടോമേഷൻ പ്രക്രിയയിലൂടെ ഇൻസ്പെക്ഷൻ എഞ്ചിനീയറുടെ ജോലിയും അതിനപ്പുറത്ത് റിപ്പോർട്ട് തയ്യാറാക്കേണ്ട പണിയും ഡ്രോണും റോബോട്ടിക് പ്രോസസ്സും കൂടെ ചേർന്ന് ചെയ്യുന്നു. കമ്പനിക്ക് വൻ ലാഭം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രൊജക്റ്റിന്‍റെ പ്രൊട്ടൊടൈപ്പ് ടെസ്റ്റിങ് ആണ് നടന്നു കൊണ്ടിരിക്കുന്നത്.

ടെസ്റ്റിങ് കാണാനെത്തിയ വെർട്ടിക്കൽ ഹെഡ്, ടീമിനെ അഭിനന്ദിച്ചു. പ്രൊജക്റ്റിന്‍റെ വിശദാംശങ്ങൾ അറിയാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്സ്പർട്ട്, വലിയ ഉത്സാഹത്തോടെ വിവരിക്കാൻ തുടങ്ങി.

savitha n. memories

“ഡ്രോൺ പകർത്തുന്ന തുരുമ്പെടുത്തതും ചെറിയ കുഴികളും തകരാറുള്ളതുമായ വിമാന ഭാഗ ദൃശ്യങ്ങൾ വിശദാംശങ്ങൾ സഹിതം ആപ്പിലേക്ക് രേഖപ്പെടുത്തുന്നു. പിന്നീട് ചെയ്യേണ്ടതെല്ലാം മെഷീനിനെ പഠിപ്പിച്ചിട്ടുണ്ട്. അതു വഴി തകരാറിന്‍റെ തീവ്രതയും അറ്റകുറ്റ പണികൾക്കുള്ള നിർദ്ദേശങ്ങളും അടങ്ങിയ റിപ്പോർട്ട് എയർലൈൻസിന് ഞൊടിയിടയിൽ ലഭ്യമാവുന്നു. ഇത് വഴി എയർലൈൻസിന് ഇൻസ്പെക്ഷനിൽ അറുപത് ശതമാനത്തോളം കോസ്റ്റ് കട്ടിങ് സാധ്യമാവും.”

കോസ്റ്റ് കട്ടിങ് എന്നു കേട്ടതോടെ ഹെഡിന്രെ മുഖം ഒന്നു കൂടി തെളിഞ്ഞു.

“ഇവിടെ മനുഷ്യൻ ചെയ്യേണ്ടതെല്ലാം റോബോട്ട് ചെയ്യുന്നു! കോസ്റ്റ് കട്ടിങിന് ഇതിലും നല്ല മാർഗം ഇല്ല തന്നെ! എന്നോടു റിപ്പോർട്ട് ചെയ്യുന്ന ഒരു പാട് റോബോട്ടുകൾ! എന്‍റെ ഒരു സ്വപ്നമാണ്,” ഒരു തമാശ പറഞ്ഞിട്ടെന്നവണ്ണം അയാൾ ഉറക്കെ ചിരിച്ചു. എന്തു കൊണ്ടോ കൂടെ ചിരിക്കാനാവാതെ ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കുക മാത്രം ചെയ്തു.

റൂമിനു പുറത്ത് വളരെ നേരമായിരിക്കണം, ജേക്കബ് എന്നെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്. ഹെഡ് പുറത്തേക്കിറങ്ങിയതിനു ശേഷം, ഒരു യന്ത്രമനുഷ്യനെ പോലെ കഠിനമായ ചെറു ചലനങ്ങളോടെ ജേക്കബ് എന്‍റെ അടുത്തെത്തി വളരെ പ്രയാസപ്പെട്ടു സംസാരിക്കാൻ തുടങ്ങി.

“എന്നെക്കൂടെ നിങ്ങളുടെ ടീമിൽ ഉൾപ്പെടുത്തുമോ?”

അപ്രതീക്ഷിതമായി വന്ന അപേക്ഷയിൽ എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ പകച്ചു നിന്നു. ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നതിന് മുൻപ് എനിക്കയാളെ ഒഴിവാക്കണമായിരുന്നു.

“ജേക്കബ്, നിങ്ങൾ പ്രോഗ്രാം മാനേജരോട് സംസാരിക്കൂ. എനിക്ക് ഇതിനൊന്നും അധികാരമില്ല.”

“ശരി. നിനക്ക് എന്നെ ശുപാർശ ചെയ്യാമല്ലോ, അല്ലേ,” ജേക്കബ് വിടുന്ന മട്ടില്ല.

” ചെയ്യാം,” അയാൾ ഒന്നു പോയിക്കിട്ടട്ടെ എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. ഞാൻ ഈ സംഭാഷണം ഒരിക്കൽ കൂടി ഓർക്കുക പോലുമില്ലെന്ന് ഉറപ്പായിരുന്നു.

വളരെ കഷ്ടപ്പെട്ട് വേച്ചു വേച്ചു അയാൾ പുറത്തേക്കിറങ്ങി, നടന്നു നീങ്ങി. എന്‍റെ തലക്കു മുകളിൽ ഡ്രോൺ അതിന്‍റെ ക്യാമറക്കണ്ണുകൾ താഴോട്ട് ചലിപ്പിച്ചു കൊണ്ടു വട്ടമിട്ടു. എന്‍റെയുള്ളിലെ തകരാറുകളിലേക്ക് ചിത്രമെടുക്കാനെന്ന വണ്ണം അതു ചുഴിഞ്ഞു നോക്കുന്ന പോലെ എനിക്ക് തോന്നി. എനിക്ക് ഒന്നു പൊട്ടിക്കരയണമായിരുന്നു.

savitha n. memories

വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജോലിക്ക് ചേർന്ന സമയത്താണ് ആദ്യമായി ജേക്കബിനെ പരിചയപ്പെടുന്നത്. ഷോപ്പ് ഫ്ലോർ ജീവനക്കാരെ പരിചയപ്പെടുത്താൻ സഹ പ്രവർത്തകൻ അരുൺ ആണ് താഴത്തെ നിലയിലേക്ക് കൊണ്ടു പോയത്. എല്ലാ തട്ടിലുമുളള ജീവനക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ അരുണിന് പ്രത്യേക കഴിവാണ്. നാല്പതിലധികം പ്രായം തോന്നിക്കുന്ന അയാൾ ഹസ്തദാനം ചെയ്തതിനു ശേഷം എന്നെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

“അവളുടെ വിവാഹം കഴിഞ്ഞതാണ്, ഒരു കുട്ടിയുമുണ്ട് ” സഹപ്രവർത്തകർ അയാളെ കളിയാക്കി ചിരിച്ചു.

എന്‍റെ മുഖത്തു നിന്നു കണ്ണെടുക്കാതെ അയാൾ പറഞ്ഞു,
“സാരമില്ല, കേരളത്തിൽ നിന്ന് സുന്ദരിയായ ഒരു വധുവിനെ എനിക്ക് വേണ്ടി കണ്ടു പിടിക്കാൻ ഇവൾക്ക് സാധിച്ചേക്കും, ഇല്ലേ?”

ഞാൻ ഉത്തരം പറയുന്നതിന് മുമ്പ് അരുൺ ഇടപെട്ടു.

“അതൊക്കെ ഞങ്ങൾ ശരിയാക്കാം. ഇപ്പോൾ മീറ്റിംഗ് ഉണ്ട്. ഞങ്ങൾക്ക് തിരിച്ച് പോവണം.” മുകളിലേയ്ക്കുളള ചവിട്ടു പടികൾ കയറുമ്പോൾ ജേക്കബിനെ കുറിച്ച് അരുൺ സംസാരിച്ചു കൊണ്ടെയിരുന്നു.

“മൂപ്പർ കുറേ കാലമായി കല്യാണ ആലോചനകൾ തുടങ്ങിയിട്ട്! അമ്മയുടെ കൂടെ ആണ് താമസം. രണ്ടു സഹോദരിമാരുണ്ട്. അവർ വിവാഹം കഴിഞ്ഞ് സെറ്റിൽഡ് ആണ്.”

“വെറുതെയല്ല, ലാളിച്ചു വഷളാക്കിയ ഒരാളുടെ മുഖഭാവം!” ഞാൻ പതുക്കെ പറഞ്ഞു.

അരുൺ ചിരിച്ചു കൊണ്ട് തുടർന്നു.

“ആയിരിക്കാം. പക്ഷെ അയാൾ അധ്വാനി ആണ്. ഇവിടെ വരുന്നതിനു മുൻപ് യുദ്ധ വിമാനങ്ങളുടെ ഇൻസ്പെക്ഷൻ എഞ്ചിനീയർ ആയിരുന്നു. കനകപുരയിൽ സ്വന്തം കൃഷി സ്ഥലം ഒക്കെ പുള്ളി വാങ്ങിച്ചിട്ടുണ്ട്.”

ഓൾ ഹാൻഡ്സ് മീറ്റിൽ ” Star Inspection Award” എറ്റു വാങ്ങാൻ ജേക്കബിന്‍റെ പേര് വിളിച്ചപ്പോൾ എനിക്ക് മനസിലായി, അരുൺ പറഞ്ഞത് ശരി തന്നെയെന്ന്!

പിന്നീട് പരസ്പരം കാണുമ്പോഴെല്ലാം ജേക്കബ് അന്വേഷിച്ചു കൊണ്ടേയിരുന്നു, കല്യാണക്കാര്യം. ഞാൻ അയാൾക്കു വേണ്ടി വധുവിനെ അന്വേഷിക്കാൻ ശ്രമിച്ചതുമില്ല, അയാളുടെ ചോദ്യങ്ങൾക്ക് ഒരു പുഞ്ചിരിയിൽ കവിഞ്ഞ് പ്രതികരിച്ചതുമില്ല.

അങ്ങിനെയിരിക്കെയാണ് ഒരു വിവരം ഓഫീസിൽ പരക്കുന്നത്. ഒരു പുലർച്ചെ ഉറക്കം വിട്ടെഴുന്നേറ്റപ്പോൾ ജേക്കബിന്‍റെ ശരീരം അനക്കാനാവാത്ത വിധം തളർന്നു പോയെന്നും എന്തോ പറയാൻ ശ്രമിക്കുകയല്ലാതെ ശബ്ദം പുറത്തു വരുന്നില്ലെന്നും അയാളുടെ ഉറ്റ സുഹൃത്തുക്കൾ വഴിയാണ് അറിഞ്ഞത്. പിന്നീട് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന വിവരം വന്നു. ഞങ്ങൾ സഹായ ധനം സ്വരൂപിക്കാൻ തുടങ്ങി. അതും കൊണ്ട് ഞങ്ങൾ കുറച്ചു പേർ ജേക്കബിനെ കാണാൻ ആശുപത്രിയിൽ എത്തി. ഇൻന്റൻസീവ് കെയർ യൂണിറ്റിൽ യന്ത്രങ്ങളുടെ സഹായത്തോടെ ജീവൻ നില നിർത്തുന്ന ജേക്കബിനെ ജനലിലൂടെ ഒരു നോക്കു കണ്ടതേയുള്ളു. ശരീരം സ്ഥൂലിച്ച് അയാൾ തിരിച്ചറിയാനാവാത്ത വിധം മാറിക്കഴിഞ്ഞിരുന്നു. എല്ലാ പ്രതീക്ഷയും തകർന്നു പോയ അമ്മയും സ്നേഹധനരായ സഹോദരിമാരും പുറത്ത് തളർന്നിരുപ്പുണ്ടായിരുന്നു. സ്വരൂപിച്ച സഹായ ധനം അമ്മയെ ഏൽപ്പിച്ച് അവരെ ആശ്വസിപ്പിക്കാൻ ഒരു വൃഥാ ശ്രമം നടത്തിയ ശേഷം ഞങ്ങൾ തിരിച്ചു പോന്നു.

savitha n.memories

തിരിച്ചുള്ള യാത്രയിൽ ആരും ജേക്കബിനെ കുറിച്ച് സംസാരിച്ചില്ല. തങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും ഇനിയെന്തു സംസാരിക്കാൻ എന്ന ഭാവമായിരുന്നു എല്ലാവർക്കും. കുറെ നാളുകൾക്ക് ശേഷം അയാൾ കോമയിലാണെന്ന് അറിയാൻ കഴിഞ്ഞു. പിന്നീട് ആരും ജേക്കബിനെ കുറിച്ച് സംസാരിച്ചു കേട്ടില്ല, ഉററ സുഹൃത്തുക്കൾ പോലും!

എല്ലാവരും ജേക്കബിനെ മറന്നു കഴിഞ്ഞിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ എന്തൊക്കെയൊ എത്തി പിടിക്കാൻ എല്ലാവരും പരക്കം പായുന്ന ഈ ലോകത്ത് ജേക്കബിനെ പോലൊരാളെ ഓർക്കാൻ ആർക്കാണു സമയം! കുറേ നാളുകൾക്ക് ശേഷമാണ്, അതുണ്ടായത്. ജേക്കബിന്‍റെ സാദൃശ്യമുള്ള ഒരാളെ കമ്പനിയുടെ പ്രധാന കവാടത്തിൽ വീൽ ചെയറിൽ കണ്ടുവെന്ന് ആരൊ പറയുന്നുണ്ടായിരുന്നു. അതിന്‍റെ യാഥാർത്ഥ്യം അന്വേഷിക്കാനൊന്നും ആരും തുനിഞ്ഞില്ല. രണ്ടു ദിവസത്തിനു ശേഷം അയാൾ താഴെ നിലയിലുളള ഓഫീസിൽ വരാൻ തുടങ്ങി. പ്രധാന കവാടത്തിൽ നിന്ന് സെക്യൂരിറ്റി അയാളെ വീൽ ചെയറിൽ ഉന്തിക്കൊണ്ട് വന്നു. ഞങ്ങൾ ചിലർ ചുറ്റും കൂടി.ആധുനിക വൈദ്യശാസ്ത്രത്തിനപ്പുറം ജീവിതത്തോടുള്ള ഇച്ഛാശക്തിയും കൂടെ ആയിരിക്കണം ശരീരം രൂപാന്തരം പ്രാപിച്ചെങ്കിലും അയാളെ തിരിച്ചു വിളിക്കാൻ ഉതകിയത് എന്നൊക്കെയുളള തോന്നലുകളിലേയ്ക്ക് ഞാൻ വഴുതി. പഴയ പോലെ ഹൃദ്യമായി പുഞ്ചിരിച്ച് വളരെ ആയാസത്തോടെ അയാൾ ചോദിച്ചു

” സവിതാ, സുഖമല്ലേ?”

ഞാനല്ലേ ഇത് ആദ്യം ചോദിക്കേണ്ടിയിരുന്നത്! ജന്മാന്തരങ്ങൾക്ക് അപ്പുറത്തു നിന്നു വന്ന ഒരാളെ കാണുമ്പോലെ ഞാൻ പകച്ചു നിന്നു.

തുടർന്നുള്ള ദിവസങ്ങളിൽ വീൽ ചെയറിൽ നിന്നെഴുന്നേറ്റ് ജേക്കബ് ചെറിയ ചുവടുകൾ വെക്കാൻ തുടങ്ങി. പിന്നീട് സെക്യൂരിറ്റിയുടെ സഹായമില്ലാതെ തന്നെ പിച്ച വെച്ച് ഓഫീസിലെത്താനും തുടങ്ങി. പണ്ടത്തെ പോലെ വലിയ ഒരു സൗഹൃദ വലയം അയാൾക്കുണ്ടായില്ല. ഓരോ നിമിഷവും ധൃതി പിടിച്ച് ചെലവഴിക്കേണ്ടി വരുമ്പോൾ മന്ദഗതിക്കാരനായി പോയ ജേക്കബിന്‍റെ കൂടെ കൂടാൻ ആർക്കാണു നേരം!

ഒരു ദിവസം കാന്റീനിൽ ഒറ്റക്കിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു അയാൾ. കൂടെ സുഹൃത്തുക്കളാരും ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് അയാളെ ശ്രദ്ധിച്ചത്. എതിർവശത്ത് ഇരിക്കട്ടെ എന്ന് അനുവാദം ചോദിച്ച ശേഷം മാത്രം ഇരുന്ന് ഞാൻ വിശേഷങ്ങൾ അന്വേഷിക്കാൻ തുടങ്ങി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ സ്വന്തം വിവാഹം നിശ്ചയിച്ച വിവരം പറഞ്ഞു തുടങ്ങി.

” ഞാൻ നിന്നെ ക്ഷണിക്കാൻ വരാനിരിക്കുകയായിരുന്നു ”

” ഇനി വീണ്ടും ക്ഷണിക്കണമെന്നില്ല, സ്ഥലവും തീയതിയും പറഞ്ഞാ മതി. തീർച്ചയായും വരും!” ഏറെ സന്തോഷത്തോടെ ഞാൻ ഉറപ്പു കൊടുത്തു.

ഓഫീസിലെ ഉച്ച ഭക്ഷണ ഇടവേളയിൽ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ജേക്കബിന്‍റെ വിവാഹത്തിനു പോയി. കോട്ടും സ്യൂട്ടും ഒക്കെ ധരിച്ച് നവവരനായി നിന്ന ജേക്കബിന്‍റെ സമീപം അയാൾക്ക് വളരെ യോജിക്കുന്ന വധു ഇടക്കിടയ്ക്ക് സ്നേഹത്തോടെ സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ വീണ്ടും അതിശയിച്ചു. ചാരത്തിൽ നിന്നുയർന്ന് പറക്കുന്ന ഫീനിക്സ് പക്ഷി എന്നൊക്കെയുള്ള പ്രയോഗം ചിലപ്പോൾ ജേക്കബിന് ചേരും എന്ന് തോന്നി. ആശുപത്രിയിൽ വെച്ച് കണ്ടത് കൊണ്ടാവണം, അയാളുടെ അമ്മയും സഹോദരിമാരും എന്നെ തിരിച്ചറിഞ്ഞത്. എന്‍റെ കൈകൾ ചേർത്ത് പിടിച്ച് അമ്മ പറഞ്ഞു, ” ഭക്ഷണം കഴിച്ചിട്ടേ പോകാവൂ!” അവരുടെ മുഖത്ത് അപ്പോഴും ഓരാഘാതത്തിന്‍റെ നിഴൽ ചുളിവുകൾ ഉണ്ടായിരുന്നു.

savitha n, memories

വിവാഹശേഷം ജേക്കബ് കുറച്ചു കൂടെ ആത്മവിശ്വാസത്തോടെ ഓഫീസിൽ വന്നു തുടങ്ങി. മാറ്റങ്ങളില്ലാത്തത് മാററങ്ങൾക്ക് മാത്രമാണെന്നാണല്ലോ! എന്നാൽ ജേക്കബിന്‍റെ മാറ്റങ്ങളേക്കാൾ വേഗത്തിൽ ഇൻഡസ്ട്രി മാറിക്കൊണ്ടിരുന്നു. അതിന്‍റെ വേഗത്തിനൊപ്പം എത്താനാവാതെ അയാൾക്ക് മുന്നേറാനോ പിടിച്ച് നിൽക്കാനോ കഴിഞ്ഞില്ല.നിലവിലുള്ള കോർപ്പറേറ്റ് സംവിധാനത്തിന് അയാളെ മനസിലാക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. ഓരോ ടീമിലും കുറച്ചു ദിവസങ്ങൾ മാത്രം ജോലി ചെയ്യാൻ അനുവദിച്ച് പിന്നീട് എല്ലാവരും അയാളെ ഒഴിവാക്കി കൊണ്ടിരുന്നു. എങ്ങിനെയെങ്കിലും പിടിച്ച് നിൽക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അയാൾ അവസരം ചോദിച്ച് എന്‍റെയടുത്ത് വന്നത്. ആ സംഭവത്തിനു ശേഷം ഓർമിപ്പിക്കാനെന്ന വണ്ണം അയാൾ വീണ്ടും എന്നെ തേടി വന്നു. ഇത്തവണ അയാളെയും കൂട്ടി നേരെ പ്രോഗ്രാം മാനേജറുടെ അടുത്തേക്കാണ് ഞാൻ പോയത്. പ്രോഗ്രാം മാനേജർ മയാംഖ് ഒരു നല്ല സുഹൃത്തു കൂടെയാണ്. അയാൾ എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. എന്നാൽ ജേക്കബിന്റെ ആവശ്യത്തിന് ഉത്തരം പറയാൻ അദ്ദേഹത്തിനും അധികം ആലോചിക്കേണ്ടി വന്നില്ല.

“നോക്കൂ, ജേക്കബ് ! നിങ്ങളുടെ ഇൻസ്പെക്ഷൻ ജോലി വരെ ഓട്ടോമേറ്റ് ചെയ്തു കഴിഞ്ഞു. ഷോപ്പ് ഫ്ലോർ ജീവനക്കാരുടെ എണ്ണം കൂടെ കമ്പനി വെട്ടിച്ചുരുക്കാൻ പോവുന്നു. കോസ്റ്റ് കട്ടിങും ലാഭവും മാത്രമാണ് കമ്പനിയുടെ ലക്ഷ്യം. തെറ്റു പറയാൻ പറ്റില്ല. എല്ലാ മേഖലയിലും ഉണ്ടല്ലോ, മത്സരങ്ങൾ. എനിക്ക് പറയാനുള്ളത്, നിങ്ങൾ സത്യം മനസിലാക്കണം എന്നതാണ്. അതെത്ര കയ്പുള്ളതാണെങ്കിലും.”

ഒട്ടൊരു നിരാശയോടെ അയാൾ കോറിഡോറിലൂടെ നടന്നു മറയുന്നതു വരെ ഞങ്ങൾ ഇരുവരും ഒന്നും സംസാരിച്ചതേ ഇല്ല. പിന്നീട് എന്നോടായി മയാംഖ് സൂചിപ്പിച്ചു. “സ്വയം പിരിഞ്ഞു പോവാൻ ഇയാളോട് ആവശ്യപ്പെടും എന്നൊരു വാർത്ത ഉണ്ട്. ഇതൊന്നും നമ്മുടെ കൈയ്യിലല്ലല്ലോ!”

കുറെ ചെറുത്തു നിൽപ്പുകൾക്കു ശേഷം അയാൾ സ്വയം പിന്മാറാൻ തന്നെ തീരുമാനിച്ചു. യാത്ര പറയാൻ വന്നപ്പോൾ അയാൾ ഒട്ടൊരു നിർവികാരതയോടെ പറഞ്ഞു.

” എന്തെങ്കിലും ചെയ്യണം. ചവിട്ടി നിൽക്കാൻ രണ്ടടി ഭൂമിയല്ലേ വേണ്ടൂ ”

ജേക്കബ് വേച്ചു വേച്ചു നടന്നകന്നപ്പോൾ എത്ര ഹൃദയശൂന്യതയോടെ ആണ് അയാളോട് ‘പെരുമാറിയിരുന്നത് എന്നോർത്തു ഞാൻ വെറുതെ സങ്കടപ്പെട്ടു.

വർഷങ്ങൾ കുറേ കടന്നു പോയി. ജേക്കബ് എന്നോ മറവിയുടെ മലമടക്കുകളിൽ മറഞ്ഞു പോയിരുന്നു, ഗ്രിഗറിന്‍റെ ഭാവപ്പകർച്ചകൾ കാണുന്നത് വരെ. ഗ്രിഗറിന് കാലിക പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അയാൾ ജേക്കബിനെ പോലുള്ള പലരിലും കാണാമെന്നും ഓർത്തിരിക്കെ ബസ് എനിക്കിറങ്ങേണ്ട സ്റ്റോപ്പിൽ എത്തി. സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്കുള്ള നടത്തത്തിലും ജേക്കബും ഗ്രിഗറും എന്‍റെയുള്ളിൽ സമ്മിശ്ര ചിന്തകൾ ഉണർത്തിക്കൊണ്ടിരുന്നു.

വീട്ടിലെത്തി, ഉറങ്ങുന്നതിനു മുൻപ് ഓഫീസ് മെയിൽ ഒന്നു നോക്കാമെന്ന് കരുതി ലാപ്ടോപ്പ് തുറന്നതാണ്. യാദൃച്ഛികം എന്നു പറയട്ടെ, ഒരു മെസെഞ്ചർ മെസേജ് തനിയെ തുറന്നു വന്നു.

“Hello Savitha, How are you?” കൂടെ ജേക്കബും ഭാര്യയും ഒരു ചെറിയ ആൺ കുട്ടിയോടൊത്ത് പച്ചക്കറി തോട്ടത്തിൽ നിൽക്കുന്ന ഫൊട്ടോയും!

ഏതു കൂരിരുട്ടിലും, എതു kafkaesqian’ ലോകത്തിലും ഒരു തരി വെളിച്ചത്തിനുള്ള പ്രതീക്ഷ അവശേഷിക്കുന്നുണ്ടെന്ന് ആ കൊച്ചു മുഖം എന്നോട് പറയുന്നത് പോലെ തോന്നി. മറുപടി എഴുതാൻ ശ്രമിക്കാതെ ലാപ്ടോപ്പ് അടച്ചു വെച്ചു.ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ ഉറങ്ങാൻ കിടന്നു.

അപ്പോൾ, കാഫ്‌കയുടെ ‘മെറ്റമോർഫോസിസി’ലെ ഗ്രിഗർ സാംസയും അതിനൊരു തുടർച്ചപോലെ മുറാകാമി എഴുതിയ ‘സാംസ ഇൻ ലവ്’ ലെ ഗ്രിഗർ സാംസയും ജേക്കബ് രഘുകുമാറിനൊപ്പം എന്‍റെ സ്മൃതിയടരുകളിൽ മെലിഞ്ഞ അസംഖ്യം കാലുകൾ നിസ്സഹായതയോടെ നിലത്തുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

 

സവിത എഴുതിയ മറ്റ് ചിലവ ഇവിടെ വായിക്കാം: “എല്ലി ഹോഗുതിദ്ദീര? ഇല്ലി നില്ലിസി”

ഒരു താങ്ക്സ് ഗിവിങ് ഓർമയിൽ

അധികാരത്തിന്റെ ആകാശചിറകുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook