വെറും മൂന്നേ മൂന്ന് മിനിറ്റ്… അത്രമാത്രം മതി ഇന്ത്യയുടെ ഏതു കോണിലുമുള്ള ഒരു വ്യക്തിക്ക് ആശംസാ കാര്‍ഡ് അയയ്ക്കാന്‍. ഗ്രീറ്റിങ്‌സ് ഇന്ത്യ ഡോട് കോം എന്ന വെബ്‌സൈറ്റ് മുഖേന ഏതാഘോഷവും ഇനി അടിപൊളിയാക്കാം. എംബിഎക്കാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ ആശയത്തില്‍ പിറന്ന വെബ്‌സൈറ്റ് ഇതിനകം തന്നെ വന്‍ പ്രചാരണം നേടിക്കഴിഞ്ഞു. ഇനി കാര്‍ഡിനായി കടകള്‍ തോറും കയറി ഇറങ്ങേണ്ട, വിരല്‍ത്തുമ്പില്‍ ആശംസ അറിയിക്കാന്‍ ഗ്രീറ്റിങ്‌സ് ഇന്ത്യ ഡോട് കോമുണ്ട്.

ഗ്രീറ്റിങ്‌സ് ഇന്ത്യ ഡോട് കോം
ഇന്ത്യയിലെവിടെയുമുള്ളവര്‍ക്ക് ആശംസ കാര്‍ഡ് അയയ്ക്കുന്നതിനുള്ള സ്റ്റാര്‍ട്ട് അപ്പ് ആണ് ഗ്രീറ്റിങ്‌സ് ഇന്ത്യ ഡോട് കോം. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ തന്നെ വരവേല്‍ക്കുന്നത് വ്യത്യസ്തതയാര്‍ന്ന നിരവധി ആശംസാ കാര്‍ഡുകളാണ്. അതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസ എഴുതാം. അനുസൃതമായ വാക്യങ്ങള്‍ അഥവാ ഉദ്ധരണികള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. സാങ്കല്‍പിക ലോകത്തുനിന്ന് യാഥാര്‍ഥ്യ ലോകത്തേയ്ക്ക് ആശംസ അറിയിക്കുന്ന രസകരമായ അനുഭവമാണ് വെബ്‌സൈറ്റ് നല്‍കുന്നത്. ആശംസ എഴുതിയ ശേഷം ഓണ്‍ലൈന്‍ വഴി പൈസ അടച്ച് കാര്‍ഡ് ഡെലിവെറി അഡ്രസ്സിലേക്ക് അയയ്ക്കാം. മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ കാര്‍ഡ് നമ്മുടെ പ്രിയപ്പെട്ടവരിലെത്തും. സ്പീഡ് പോസ്റ്റ്, കൊറിയര്‍ എന്നിവ വഴിയാണ് കാര്‍ഡ് അയയ്ക്കുന്നത്. വളരെ കുറഞ്ഞ ചെലവില്‍ നല്ലൊരു ഓര്‍മ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാമെന്നതാണ് ഈ സംരംഭത്തെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്.

വെറൈറ്റിയോട് വെറൈറ്റി
സാധാരണ ആശംസാ കാര്‍ഡുകളല്ല ഇവിടുള്ളത്. എല്ലാം വെറൈറ്റിയാണ്. വിവിധ തരത്തിലുള്ള അഞ്ഞൂറില്‍ പരം കാര്‍ഡുകളാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. ജന്മദിനം, വിവാഹ വാര്‍ഷികം, ക്രിസ്മസ്, പുതുവല്‍സരം തുടങ്ങി വിശേഷാവസരങ്ങളില്‍ സമ്മാനിക്കാനായി വ്യത്യസ്തമാര്‍ന്ന നിരവധി കാര്‍ഡുകള്‍ ഇവിടെയുണ്ട്. പ്രണയം, സൗഹൃദം എന്നിവ വിഷയമാക്കിയുള്ള കാര്‍ഡുകളുമുണ്ട്. കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും നല്‍കാനുള്ള കാര്‍ഡുകളുമുണ്ട്. നമ്മള്‍ ആകെ ചെയ്യേണ്ടത് കാര്‍ഡ് തിരഞ്ഞെടുത്ത് എഴുതുക മാത്രമാണ്. വിശേഷാവസരങ്ങളും വിശേഷമില്ലാത്ത അവസരങ്ങളും തുടങ്ങി ജീവിതത്തിലെ ഏതൊരു നിമിഷത്തെയും പ്രിയപ്പെട്ട ആരെയും ആശംസകളറിയിക്കാന്‍ ഇവിടെ അവസരമുണ്ട്. വ്യത്യസ്തമാര്‍ന്ന ആശയങ്ങളും അതിനു ചേര്‍ന്ന ഡിസൈനിലുമാണ് ഓരോ കാര്‍ഡും തയാറാക്കിയിരിക്കുന്നത്. ഹായ് ബ്രോ, ഹായ് സിസ്, കം ഓണ്‍ ബോസ്, ചില്‍ എന്നെല്ലാം പറയുന്ന പക്കാ യൂത്തന്മാരുടെ കാര്‍ഡുകളും ഇവിടെയുണ്ട്. നവമാധ്യമങ്ങളില്‍ ആശംസ അറിയിച്ച് മടുത്തിരിക്കുന്നവര്‍ക്കും കടകളില്‍ പോയി കാര്‍ഡ് വാങ്ങാന്‍ മടിയുള്ളവര്‍ക്കും പുതിയൊരു ആശംസാ ലോകം തുറന്നിരിക്കുകയാണ് ഗ്രീറ്റിങ്‌സ് ഇന്ത്യയിലൂടെ.

അണിയറയില്‍
കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ അഞ്ചു ചെറുപ്പക്കാരാണ് ഗ്രീറ്റിങ്‌സ് ഇന്ത്യ ഡോട് കോമിനു പുറകില്‍. വിപിന്‍ വിജയ്, റോഷന്‍ അഷ്‌റഫ്, മുഹമ്മദ് ജംഷീര്‍, മുഹമ്മദ് നിസാര്‍, ഷാഹുല്‍ ഹമീദ് എന്നിവരാണവര്‍. ഒരു മാനേജ്‌മെന്റില്‍ പങ്കെടുക്കുന്നതിനിടെയാണ് ഈ ആശയം കിട്ടിയത്. മീറ്റിനെത്തിയ ഒരു സംഘം വേസ്റ്റ് പേപ്പര്‍ കൊണ്ട് ഒരു കാര്‍ഡ് ഉണ്ടാക്കി. അവിടെ നിന്ന് ഐഡിയ കിട്ടി. പിന്നെ ഒന്നൊര കൊല്ലം ഇതിന് പുറകെയായിരുന്നു. വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും ഉപയോഗിച്ച് മടുത്തു തുടങ്ങിയിരുന്നു. പല സമയങ്ങളിലും ഒരു സ്‌മൈലിയിലേക്ക് സംഭാഷണങ്ങള്‍ ഒതുങ്ങിപ്പോയി. ആശംസകള്‍ അറിയിക്കാന്‍ വേറെ വഴിയില്ലേ എന്ന ആലോചനയാണ് ഇതിലെത്തിച്ചതെന്ന് വിപിന്‍ വിജയ് പറയുന്നു. ആശംസ അറിയിക്കുന്ന രീതി ഒന്നു നോക്കിയപ്പോള്‍ കാര്‍ഡുകള്‍ അയയ്ക്കുന്നത് കുറവാണെന്നു തോന്നി. സമയവും കൂടുതല്‍ പണവുമാണ് കാര്‍ഡയയ്ക്കുന്നതിനു കുറവ് വരുത്തിയതെന്നു മനസ്സിലായി. പിന്നെ ഈ കാര്‍ഡുകള്‍ എങ്ങനെ ന്യൂജെന്‍ ആക്കി അയയ്ക്കാമെന്നു ചിന്തിച്ചു. ഇത് ഗ്രീറ്റിങ്‌സ് ഇന്ത്യയിലേക്ക് വഴി തുറന്നെന്ന് വിപിന്റെ വാക്കുകള്‍.

ഓണ്‍ലൈന്‍ ലോകം ഗ്രീറ്റിങ്‌സ് ഇന്ത്യയെ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണീ അഞ്ചംഗ സംഘം. ദോഹ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പോലും അഭിനന്ദനങ്ങള്‍ വന്നു കൊണ്ടിരിക്കയാണെന്ന് ഇവര്‍ പറയുന്നു. ഇന്ത്യയില്‍ ഹിറ്റായ ആശംസാ കാര്‍ഡുകള്‍ വിദേശത്തും തുടങ്ങാന്‍ പ്ലാനുണ്ടെന്ന് ഈ യൂത്തന്‍മാര്‍ പറയുന്നു. എന്നാല്‍ അതിനു നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇന്ത്യയിലെ കടമ്പകള്‍ കടന്ന പോലെ ഇതും കടക്കാമെന്ന പ്രതീക്ഷയിലാണിവര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ