Latest News

വിപ്ലവകാരികൾ സന്യസിക്കുന്നത് പോലെ

“കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020ലെ ബാലസാഹിത്യ പുരസ്കാരം എന്നെ തേടി വന്നപ്പോൾ അനുമോദിച്ചവരിൽ ഒരാൾ സംശയിച്ചു. ഇത് ആ പഴയ ഗ്രേസി തന്നെയോ? ഫോണിൽ ഞാൻ ചിരിച്ചു. ചില വിപ്ലവകാരികൾ സന്യസിക്കാറുണ്ട് സുഹൃത്തേ!” ബാലസാഹിത്യ രചനയിലേക്ക് തിരിഞ്ഞ വഴിയെകുറിച്ചും അതിലെ പ്രസക്തിയെ കുറിച്ചും സാഹിത്യകാരി ഗ്രേസി എഴുതുന്നു

gracy, writer gracy, literature, children's literature, vazhthappetta poocha, kendra sahity akademi award 2020 gracy, gracy books, indian express malayalam, ie malalayalam

മലയാളത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരിൽ പലരും സമാന്തരമായി ബാലസാഹിത്യ രചനയിൽ ഏർപ്പെട്ടിട്ടുണ്ട്. എംടിയും ഉറൂബുമൊക്കെ അക്കൂട്ടത്തിൽപെടും. മാലി, സുമംഗല, കെ.വി.രാമനാഥൻ, കെ. ശ്രീകുമാർ, സിപ്പി പള്ളിപ്പുറം തുടങ്ങിയവരെ പോലെ ബാലസാഹിത്യ രചനയിൽ ശ്രദ്ധകേന്ദ്രീകരിച്ചവരുമുണ്ട്.

‘കുഞ്ഞിക്കൂനനും,’ ‘മനസ്സറിയും യന്ത്രവും,’ ‘അത്ഭുതവാനരന്മാരു’മൊക്കെ ഇന്നും കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ആകർഷിക്കും. എത്ര മുതിർന്നാലും മനുഷ്യന്റെ ഉള്ളിൽ ഒരു കുട്ടി മറഞ്ഞ് നിൽക്കുന്നുണ്ടാവും. ബാലസാഹിത്യ കൃതികൾ ആ കുട്ടിയെ കുറച്ച് നേരത്തേക്കെങ്കിലും ഒളിയിടത്തിൽനിന്നു പുറത്തുകൊണ്ടുവരികയും മനുഷ്യനിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. അതുകൊണ്ടാണ് മികച്ച ബാലസാഹിത്യ കൃതികൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുമെന്ന് പറയുന്നത്.

ഈയിടയായി മലയാളത്തിൽ ധാരാളം ബാലസാഹിത്യ കൃതികൾ പുറത്തിറങ്ങുന്നുണ്ട്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ, അവയിൽ ചിലത് അന്തസ്സാരശൂന്യമായാണ് അനുഭവപ്പെടുന്നത്.

പ്രായത്തിലും വായനയിലും മുതിർന്നവർക്ക് വേണ്ടി മാത്രം എഴുതിയിരുന്ന ഒരാളാണ് ഞാൻ, എന്നെങ്കിലും ബാലസാഹിത്യരചനയിലേക്ക് തിരിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുമില്ല. എന്നിട്ടും തികച്ചും യാദൃച്ഛികമായി അത് സംഭവിക്കുക തന്നെ ചെയ്തു. എഴുത്തും വായനയും മാറ്റിവച്ച് പേരക്കുട്ടികളെ പരിചരിക്കേണ്ടി വന്ന ഒരു കാലം എന്റെ ജീവിത്തിലുണ്ടായി. രണ്ട് പേരക്കുട്ടികൾക്കും ഉറങ്ങാൻ നേരം പാട്ടിലായിരുന്നു കമ്പം. ഞാനൊരു മൂളിപ്പാട്ടുകാരിയായതുകൊണ്ട് ആ കർമ്മം ഒരു വിധം നിർവ്വഹിക്കുകയും ചെയ്തു. എന്നാൽ തെല്ലൊന്ന് മുതിർന്നപ്പോൾ അവർക്ക് കഥ മതിയെന്നായി. അതോടെ എന്റെ കാര്യം പരുങ്ങലിലാവുകയും ചെയ്തു.

കുട്ടികൾക്ക് പാകമായ കഥകളൊന്നും എന്റെ കൈവശമുണ്ടായിരുന്നില്ലല്ലോ! ഞാന്‍ പണ്ട് മകൾക്ക് വായിച്ചുകൊടുത്ത കഥകളൊക്കെ ഓർമ്മയിൽനിന്ന് പൊടി തട്ടിയെടുത്തു. അത് തീർന്നപ്പോൾ സ്വന്തമായി ചില കഥകൾ മെനയാൻ ശ്രമിച്ചു. പൂച്ചയും എലിയും ഉറുമ്പുമൊക്കെ ആ കഥകളിൽ കയറിയിറങ്ങാൻ തുടങ്ങി. കഥ ആവർത്തിക്കുമ്പോൾ പറയുന്നവർക്കും കേൾക്കുന്നവർക്കും വിരസത ഉണ്ടാകാതിരിക്കാൻ ഞാൻ പുതിയ വഴികളിലൂടെ സഞ്ചരിച്ചു. അപ്പോഴൊക്കെയും കുട്ടികൾ മുന്നിൽ കയറിനിന്ന് ‘അങ്ങനെയല്ല! ഇങ്ങനെ!’ എന്ന് എന്റെ വഴി തടഞ്ഞു. അപ്പോഴാണ് മുമ്പ് പറഞ്ഞ കഥകളൊക്കെയും അവരുടെ ഉള്ളിൽ കൊണ്ടുവെന്ന് എനിക്ക് മനസിലായത്. അതോടെ കടലാസിൽ പകർത്തനായി എന്റെ ശ്രമം. കടലാസിൽ പക്ഷേ, കഥകളുടെ ഭാവം മാറി. മെയ്യൊതുക്കം വന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ ‘തളിരി’ലൂടെയാണ് എന്റെ കുട്ടിക്കഥകൾ വെളിച്ചം കണ്ടത്. അവയ്ക്ക് സ്വീകാര്യത ലഭിച്ചപ്പോൾ ഞാൻ തുടർന്നും കുട്ടിക്കഥാ രചനയിൽ മുഴുകി.

gracy, writer gracy, literature, children's literature, vazhthappetta poocha, kendra sahity akademi award 2020 gracy, gracy books, indian express malayalam, ie malalayalam

ഭാവിതലമുറയെക്കുറിച്ച് ഏറെ ആശങ്കയുള്ള ഒരാളാണ് ഞാൻ. പ്രകൃതിയെ മുച്ചൂടും നശിപ്പിച്ച് എങ്ങനെയുള്ള ഒരു ലോകമാണ് നാം അവർക്ക് കൈമാറുന്നത് എന്ന് ആലോചിക്കുമ്പോൾത്തന്നെ ഞാൻ നടുങ്ങിപ്പോകാറുണ്ട്. അതുകൊണ്ടാവണം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം, നിരപാധികമായ സ്നേഹത്തിന്റെ മഹത്വം, പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളോടുള്ള സഹവർത്തിത്വത്തിന്റെ ആവശ്യകത എന്നിങ്ങനെയുള്ള ചില മൂല്യങ്ങൾ തികച്ചും സ്വാഭാവികമായി എന്റെ ആദ്യ കഥാസമാഹാരമായ ‘വാഴ്ത്തപ്പെട്ട പൂച്ച’യിൽ ഇടം കണ്ടെത്തിയത്.

രണ്ടാമത്തെ സമാഹാരമായ ‘പറക്കും കാശ്യപി’ലാകട്ടെ കുട്ടികളുടെ ആന്തരികലോകമാണ് അനാവൃതമാകുന്നത്. മറ്റ് ജീവജാലങ്ങളില്ലാത്ത ലോകത്ത് മനുഷ്യന് ജീവിതം അസാധ്യമാണെന്ന യാഥാർത്ഥ്യം നമ്മളിനിയും വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല. മറ്റ് ജീവജാലങ്ങൾക്കാകട്ടെ, മനുഷ്യനില്ലാത്ത ലോകം കൂടുതൽ സുരക്ഷിതമാണ് താനും. ഈ സത്യത്തിലേക്ക് കണ്ണ് തുറക്കാൻ പ്രേരിപ്പിക്കുന്നതാണ് ‘ആരോ വിളിക്കുന്നുണ്ട്’ എന്ന ചെറുനോവൽ. മറ്റ് ജീവജാലങ്ങളെ മനുഷ്യൻ നോക്കിക്കാണുന്നത് പോലെ തന്നെ പ്രധാനമാണ് മറ്റ് ജീവജാലങ്ങൾ മനുഷ്യനെ നോക്കിക്കാണുന്നതും. ഈ രണ്ട് കാഴ്ചപ്പാടുകളും ഈ കൃതിയിൽ സമന്വയിക്കുന്നുമുണ്ട്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി കുട്ടികളുടെ ഭാവനയെ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും.

സാഹിത്യത്തിന്റെ ഒരു പ്രധാന ധർമ്മം ഭാവനയെ ഉദ്ദീപിപ്പിക്കുക എന്നതാണ്. മനുഷ്യ ജീവിതത്തിലെ യാന്ത്രികതയെ മറികടക്കാൻ ഭാവന സഹായകരമാകും. ഏറ്റവും ഒടുവിൽ എഴുതിയ ‘പെൺകുട്ടിയും കൂട്ടരും’ എന്ന നോവൽ ‘ബാലഭൂമി’യിലാണ് പ്രസിദ്ധീകരിച്ചുവന്നത്. ഒരു പെൺകുട്ടിയും പെൻസിലും റബ്ബറും പുസ്തകവുമാണ് അതിലെ പ്രധാനകഥാപാത്രങ്ങൾ. സവിശേഷമായ ഒരു ഘടനയുള്ള ഈ കൃതിക്ക് ചില ഉൾക്കാഴ്ചകളിലേക്ക് കുട്ടികളെ നയിക്കാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

കുട്ടികൾ സ്വതേ ഭാവനാശാലികളാണ്. പക്ഷേ, അവരുടെ ഭാവനാശീലത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഉപകരണങ്ങളാണ് ടാബും മൊബൈലുമൊക്കെ. ഒരു കഥയിൽ സന്ധ്യക്ക് അമ്പിളിമാമൻ ഉറങ്ങുന്നതു കണ്ട് എന്റെ ഏഴ് വയസ്സുകാരിയായ പേരക്കുട്ടി പ്രതിഷേധിച്ചത് ഇങ്ങനെ: ‘പകലൊക്കെ കിടന്ന് ഉറങ്ങീട്ട് അമ്പിളിമാമൻ സന്ധ്യക്ക് ഉണരുമല്ലോ! നമ്മൾ നടക്കുമ്പോൾ കൂടെ നടക്കുകേം ചെയ്യാറുണ്ട്!’ ഇത്രയും ഭാവനാശാലിയായിരുന്ന അവൾ ടാബ് കൈയിലെത്തിയതോടെ ഭാവനാശൂന്യയായിത്തീർന്നതായാണ് എന്റെ അനുഭവം.

gracy, writer gracy, literature, children's literature, vazhthappetta poocha, kendra sahity akademi award 2020 gracy, gracy books, indian express malayalam, ie malalayalam

ടെക്നോളജിയുടെ പൊടുന്നനെയുണ്ടായ കുതിച്ചുചാട്ടം കുട്ടികളുടെ കാഴ്ചപ്പാടിൽ വരുത്തിയ മാറ്റം മാരകമാണ്. കുട്ടിത്തത്തിൽനിന്ന് മാത്രമല്ല, മനുഷ്യത്വത്തിൽനിന്ന് പോലും തെന്നിപ്പോകുന്ന അവരെ തിരികെ എത്തിക്കാൻ പുസ്തകങ്ങൾക്ക് കഴിയും. അതുകൊണ്ടു തന്നെ ബാലസാഹിത്യമെഴുതുന്നവർക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. ബാലസാഹിത്യരചന തുടരാൻ ഞാൻ തീർച്ചപ്പെടുത്തിയതിന്റെ കാരണവും മറ്റൊന്നല്ല.

പേരക്കുട്ടികളെ കാക്കപ്പാകവും പരുന്തിൻ പാകവും കഴിയുന്നത് വരെ വളർത്തി വിട്ട് ആലുവയിലെ ചെറിയ വീട്ടിലേക്ക് മടങ്ങുമ്പോൾ എഴുത്ത് ജീവിതത്തിൽനിന്ന് എട്ടു വർഷം കുരുതി കൊടുക്കേണ്ടി വന്നുവല്ലോ എന്നൊരു ഖേദം എന്നെ അലട്ടിയിരുന്നു. എന്നാൽ, മറ്റൊരു നേട്ടം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിന് പേരക്കുട്ടികളായ ഗൗരിയോടും സിദ്ധാർത്ഥിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ‘വാഴ്ത്തപ്പെട്ട പൂച്ച’ സമർപ്പിച്ചിരിക്കുന്നത് അവർക്കാണ്. 2017ൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതിക്ക് ഒന്നിലേറെ പതിപ്പുകളുണ്ടായപ്പോൾ രണ്ടാമത്തെ പുസ്കത്തിന്റെ സമർപ്പണപരിധി ഭൂമിയിലെ എല്ലാ കുഞ്ഞുങ്ങളിലേക്കും പരന്നു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020ലെ ബാലസാഹിത്യ പുരസ്കാരം എന്നെ തേടി വന്നപ്പോൾ അനുമോദിച്ചവരിൽ ഒരാൾ സംശയിച്ചു. ഇത് ആ പഴയ ഗ്രേസി തന്നെയോ? ഫോണിൽ ഞാൻ ചിരിച്ചു. ചില വിപ്ലവകാരികൾ സന്യസിക്കാറുണ്ട് സുഹൃത്തേ!

വിപ്ലവവും സന്യാസവും മനുഷ്യസ്നേഹത്തിന്റെ ഇരുപുറങ്ങളാണല്ലോ!

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Gracy on kendra sahitya akademi award and writing for children

The moderation of comments is automated and not cleared manually by malayalam.indianexpress.com