scorecardresearch

എന്തുകൊണ്ട് കണിക്കൊന്ന നേരത്തെ പൂക്കുന്നു?

കൊന്നകൾക്ക് സൂര്യന്റെ അയനത്തിന് അനുസരിച്ചാണ് പൂക്കാലം, അല്ലാതെ നമ്മുടെ കലണ്ടർ അനുസരിച്ചല്ല. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ഇ. കുഞ്ഞിക്കൃഷ്ണൻ എഴുതുന്നു

കൊന്നകൾക്ക് സൂര്യന്റെ അയനത്തിന് അനുസരിച്ചാണ് പൂക്കാലം, അല്ലാതെ നമ്മുടെ കലണ്ടർ അനുസരിച്ചല്ല. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ഇ. കുഞ്ഞിക്കൃഷ്ണൻ എഴുതുന്നു

author-image
E Kunhikrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vishu 2023, Malayalam New Year, ie malayalam

Vishu Phalam 2023. ചിത്രങ്ങള്‍: നിതിന്‍ ആര്‍ കെ

ഇപ്രാവശ്യത്തെ വിഷുവിന് കണിവെയ്ക്കാനുളള കൊന്നപ്പൂവ് എന്റെ കൊന്നമരം നിറയെ തന്നിട്ടുണ്ട്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ നിറയെ പൂത്ത ധാരാളം കണിക്കൊന്ന മരങ്ങൾ കാണുകയും ചെയ്തു. കഴിഞ്ഞ കുറേക്കാലമായി ധാരാളം ആളുകൾ പരാതിപ്പെടുന്നത് കേട്ടിട്ടുണ്ട് കണിക്കൊന്ന കാലം തെറ്റി പൂക്കുകയാണെന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തമോദാഹരണമായി പലരും കണിക്കൊന്നയുടെ കാലം തെറ്റിയുള്ള പൂക്കാലം എടുത്തുകാട്ടുന്നുണ്ട്.

Advertisment

എല്ലാ മരങ്ങൾക്കും ചെടികൾക്കും അതിന്റേതായ പൂക്കാലമുണ്ട്. എല്ലാ കൊല്ലവും മാവും പ്ലാവും പൂവിടുന്നത് നമ്മുടെ കലണ്ടറിലെ കൃത്യം മാസവും കൃത്യം ദിവസവും അല്ല എന്ന് നമുക്കറിയാം. ഓരോ കൊല്ലത്തിലും അതിന് വ്യതിയാനം കാണും. അതിൽ കൂടുതലൊന്നും കണിക്കൊന്നയ്ക്കും സംഭവിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.

വിഷുക്കണി എന്ന പ്രക്രിയയുമായി ബന്ധപ്പെട്ടതുകൊണ്ടാണ് കണിക്കൊന്നയുടെ കാര്യത്തിൽ നാം ഇത്രയേറെ ശ്രദ്ധാലുക്കളായത്. എല്ലാ കൊല്ലവും ഏപ്രിൽ പതിനാലിനോ പതിനഞ്ചിനോ വിഷു വരുമ്പോഴേയ്ക്കും കൊന്നയുടെ സ്വർണ്ണപൂക്കൾ​ നമ്മുടെ തൊടിയിൽ വിളയണം. മുറ്റത്തെ മാവ്, എല്ലാ കൊല്ലവും ഒരേ സമയം തന്നെയാണോ പൂക്കുന്നത് എന്ന് നാം കുറിച്ചുവെയ്ക്കാറില്ല. മാമ്പൂപ്പ് പറിച്ചെടുക്കുന്ന ഒരു ദിവസവും നമ്മുക്കില്ല. കണിക്കൊന്ന വിഷുവിനും ഒരല്പം നേരത്തെ പൂത്താലും അതിനെ കുറ്റം പറയാനാകില്ല. അതാത് കൊല്ലത്തെ ഇടവപ്പാതിയുടെയും തുലാവർഷത്തിന്റേയും ഏറ്റക്കുറച്ചിലനുസരിച്ച് മരങ്ങളുടെ പൂക്കാലം അല്പസ്വല്പം വ്യത്യാസപ്പെടും. പ്രത്യേകിച്ചും തുലാവർഷം കുറയുകയും തുടർന്നുളള വേനൽ കൂടുകയും ചെയ്താൽ കൊന്നയൊക്കെ ഒരല്പം നേരത്തെ പൂത്തെന്നിരിക്കും. ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും ചെടികൾ തളിർക്കുന്നതിനെയും പൂക്കുന്നതിനെയും സ്വാധീനം ചെലുത്തുന്നുണ്ട്. അന്തരീക്ഷത്തിലെ നീരാവിയുടെ അളവും ഊഷ്‌മാവും ചെടികളെ ബാധിക്കുന്നുണ്ട്. അതനുസരിച്ച് അവയുടെ പൂവിടലിലും വ്യത്യാസം വരാം.

golden shower tree, thailand,vishu, nandagopal rajan തായ്‌ലാന്റിലെ പത്തയയില്‍ പൂത്തുനിൽക്കുന്ന കണിക്കൊന്ന                                                          ഫൊട്ടോ | നന്ദഗോപാൽ രാജൻ

Advertisment

കണിക്കൊന്നയുടെ കാര്യത്തിൽ നാം വിഷുവുമായി ബന്ധപ്പെടുത്തുന്നു. കണിക്കൊന്ന പൂക്കൽ വിഷുക്കാലത്തു തന്നെ നടക്കണം എന്ന് നമുക്ക് ആഗ്രഹമുണ്ടെങ്കിൽ കൊന്നകളെ കുറ്റം പറയാൻ പറ്റില്ല. ഉത്തരായനം തുടങ്ങുന്ന സൂര്യൻ മാസങ്ങൾ പിന്നിട്ട് ഭൂമദ്ധ്യരേഖാ പ്രദേശത്ത് എത്തുന്നതാണല്ലോ മേടവിഷു. സൂര്യൻ ഉച്ചിയ്ക്കു മേലായതുകൊണ്ട് നല്ല ചൂട് കാലമായിരിക്കും. ഇലപൊഴിയും മരമായ കണിക്കൊന്ന ഈ സമയമാവുമ്പോഴേയ്ക്കും വേനൽച്ചൂടിലെ ജലനഷ്ടം തടയാൻ ഇലകളൊക്കെ പൊഴിച്ച് നിൽപ്പുണ്ടാകും. സൂര്യന്റെ വരവനുസരിച്ച് പൂക്കുകയും ചെയ്യും. വിഷുവിനാണ് കൊന്ന പൂക്കേണ്ടതെങ്കിൽ അല്പം നേരത്തെ പൂക്കുന്ന കൊന്നകളെ കുറ്റം പറയാൻ പറ്റില്ല. നാം കലണ്ടറിൽ​കൊണ്ടാടുന്ന ഏപ്രിൽ പതിനാല് അല്ല വിഷു. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു മേലെ വരുന്ന ദിവസം ഇപ്പോൾ മാർച്ച് 21ആണ്. അതായത് സൂര്യന്റെ വരവ് നോക്കി പൂക്കുന്ന കൊന്നയക്ക് വിഷു മാർച്ച് 21 ന് ആണ്.

നമ്മുടെ മലയാളം കലണ്ടർ, ഇംഗ്ലീഷ് കലണ്ടറുമായി ലയിപ്പിച്ച് നീങ്ങുന്നതിനിടയിലാണ് പ്രശ്നം. എല്ലാ കൊല്ലത്തേയും വിഷുവരവ് ഒരേ സമയത്തല്ല. സൗരയൂഥത്തിലേയും നമ്മുടെ ആകാശഗംഗയിലേയും ചില പ്രതിഭാസങ്ങൾ കാരണം ഭൂമദ്ധ്യരേഖയ്ക്ക് മേലെ സൂര്യനെത്തുന്ന നിമിഷം, ഓരോ കൊല്ലത്തിലും ഇരുപത് മിനിറ്റോളം വ്യത്യാസപ്പെട്ടിരിക്കാം. രണ്ടായിരം കൊല്ലത്തിന് മുമ്പ് ഈ സമയത്തല്ലായിരുന്നു വിഷു. ഇനി മൂന്നു, നാലായിരം കൊല്ലം കഴിഞ്ഞാൽ വിഷു ഈ സമയത്തായിരിക്കില്ല. വേനലും വസന്തവുമൊക്കെ മാറും. നാം നമ്മുടെ ചെറിയൊരു ആയുഷ്ക്കാലത്തെ കാര്യങ്ങൾ മാത്രം കാണുന്നു. ഇരുന്നൂറ് കൊല്ലം മുമ്പ് കൊന്നപൂത്ത സമയം പറഞ്ഞുതരാൻ ആരും ജീവിച്ചിരിപ്പില്ല. സൂര്യന്റെ ഈ അയനത്തിലെ മാറ്റത്തിനനുസരിച്ച് കലണ്ടറിൽ നമ്മൾ മാറ്റം വരുത്തിയാൽ മാത്രമേ, വിഷുക്കാലം, സൂര്യഅയനുവമായി ഒത്തുപോവുകയുളളൂ. പഞ്ചാംഗം ഗണിക്കുമ്പോൾ ഈ മാറ്റങ്ങൾ കൂടി പരിഗണിച്ചിരുന്നുവെന്ന് തോന്നുന്നു

മലയാള മാസങ്ങളിലെ ദിവസങ്ങൾ എല്ലാ കൊല്ലവും ഒരുപോലെയല്ലായിരുന്നു. എല്ലാ കൊല്ലവും ഏറിയും കുറഞ്ഞുമിരിക്കാം. ചന്ദ്രന്റെയും ചന്ദ്രതാരകളുടെയും നിലയനുസരിച്ചും ഞാറ്റുവേലയനുസരിച്ചുമാണ് ഗണിച്ചിരുന്നത്. അതുകൊണ്ട് അയനവുമായി ഒത്തുപോകാൻ സാധിക്കും. ഇംഗ്ലീഷ് കലണ്ടറിന് അത്തരം സാധ്യതകളില്ല. സൂര്യൻ ഉത്തരായണം തുടങ്ങുന്ന ദിവസമാണ് മകരസംക്രമണം. ഭൂമദ്ധ്യരേഖയിൽ നിന്ന് ഇരുപത്തിമൂന്നര ഡിഗ്രി തെക്കുളള മകരസംക്രമണ രേഖയിൽ എത്തി സൂര്യൻ വടക്കോട്ടുളള അയനം തുടങ്ങുന്ന ദിവസമാണ് ഉദ്ദേശിക്കുന്നത്. നമ്മൾ നമ്മുടെ കലണ്ടർ പ്രകാരം ജനുവരി പതിനാലിനോ പതിനഞ്ചിനോ ആണ് ഇത് കൊണ്ടാടുന്നത്. മകരവിളക്കും പൊങ്കലും ആ ദിവസം കൊണ്ടാടുന്നത് അതുകൊണ്ടാണ്. പക്ഷെ, സൂര്യൻ ഇരുപത്തിമൂന്നര ഡിഗ്രിയിൽ നിന്നും ഉളള ഉത്തരായനം തുടങ്ങുന്നത് ഡിസംബർ 21 നോ 22 നോ ആണ്.

സൂര്യസഞ്ചാരത്തിൽ ഓരോ കൊല്ലത്തും ഉണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് കലണ്ടറിൽ മാറ്റം വരുത്താത്തതിനാൽ നമ്മൾ മകരസംക്രമം മൂന്നാഴ്ചയോളം വൈകി ആഘോഷിക്കുന്നു. ശരിയായ വിഷുവും അതിനനുസരിച്ച് മൂന്നാഴ്ചയോളം നേരത്തെ വരുന്നു. ഇനി പറയൂ കണിക്കൊന്നകൾ ഒരല്പം നേരത്തെ പൂക്കുന്നുണ്ടെങ്കിൽ കൊന്നകളെ കുറ്റം പറയാൻ പറ്റുമോ? കൊന്നകൾക്ക് സൂര്യന്റെ അയനത്തിന് അനുസരിച്ചാണ് പൂക്കാലം, അല്ലാതെ കാലഹരണപ്പെട്ട നമ്മുടെ കലണ്ടർ അനുസരിച്ചല്ല.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സുവോളജി അധ്യാപകനായിരുന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ലേഖകൻ

Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: