സംഘര്‍ഷ ഭരിതമായ വ്യക്തി ജീവിതത്തിന്റെ ചുഴിയില്‍പ്പെട്ടെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ മറ്റൊരു മേഖലയിലേക്ക് റോസ ചുവടു മാറ്റി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പാര്‍ട്ടി സ്‌കൂളിന്റെ ചുമതല റോസ ഏറ്റെടുത്തു. ചരിത്രപരമായ ഭൗതികവാദത്തിന്റെയും, വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെയും, സമസ്യകള്‍ ലളിതമായി പറഞ്ഞു പഠിപ്പിക്കാന്‍ റോസക്ക് ചെറുപ്പത്തിലെ വശമായിരുന്നുവല്ലോ?
ചരക്കുകളുടെ ഉല്‍പാദനത്തില്‍ അദ്ധ്വാനത്തിന്റെ നിര്‍ണ്ണായകമായ പങ്കിനെക്കുറിച്ച് പലപ്പോഴും തൊഴിലാളി നേതാക്കള്‍ക്ക് തന്നെ അവ്യക്തതയുണ്ടായിരുന്നു. ഭൂമിയുടെ പൊതുഉടമസ്ഥത പണ്ടൊരിക്കല്‍ നിലനിന്നിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും അത് അംഗീകരിക്കാന്‍ പാകമായിരുന്നില്ല ചരിത്ര വ്യക്തതയില്ലാത്ത തൊഴിലാളി പ്രവര്‍ത്തകരുടെ മനസ്സ്.
മുതലാളിത്ത വ്യവസ്ഥിതിയില്‍ തൊഴിലാളി സ്വതന്ത്രനാണെന്ന് അവന് തോന്നാമെങ്കിലും അവന്റെ സ്വാതന്ത്ര്യം പരിമിതമാണ്. ഉല്‍പ്പാദനശക്തികള്‍ സ്വന്തമാക്കിവെച്ചിരിക്കുന്ന ഉടമസ്ഥവര്‍ഗ്ഗത്തിന്റെ ചൊല്‍പിടിയിലാണവന്‍ നില്‍ക്കുന്നത്. തൊഴിലാളിയുടെ അദ്ധ്വാനത്തിന്റെ പങ്ക് എത്രകണ്ട് അവന് നല്‍കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൈവശം വെച്ചിരിക്കുന്നത് മുതലാളി വര്‍ഗമാണ് എന്നതു കൊണ്ടു തന്നെ തൊഴിലാളിയുടെ ‘സ്വാതന്ത്യം’ യാഥാര്‍ത്ഥ്യത്തേക്കാള്‍ ഏറെ സാങ്കല്‍പ്പികമാണ്.
റോസയുടെ ക്ലാസുകള്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമായി. ഒഴിവ് ദിവസങ്ങളില്‍ കോത്സ്യയുമായി റോസ ചുറ്റിക്കറങ്ങും. റോസയുടെ തീപ്പൊള്ളുന്ന ജീവിതത്തിലെ ശീതളക്കാലമായിരുന്നു പാര്‍ട്ടി സ്‌കൂളിലെ ജീവിതം. പക്ഷെ സ്‌കൂളിലെ ക്ലാസുകള്‍ താത്വിക ചര്‍ച്ചയില്‍ മാത്രം ഒതുങ്ങിനിന്നില്ല. ലക്ഷണമൊത്ത മാര്‍ക്‌സിസ്റ്റായിരുന്ന റോസ സിദ്ധാന്തത്തെ വിപ്ലവം എന്ന പ്രയോഗത്തിലേക്ക് തര്‍ജ്ജമ ചെയ്യേണ്ടതെങ്ങനെയെന്ന പ്രായോഗിക വിപ്ലവ രാഷ്ട്രീയത്തിന്റെ തീഷ്ണതയുള്ള അധ്യാപികയായി മാറി. പാര്‍ട്ടി സ്‌കൂളിലെ ക്ലാസ്സുകളില്‍ സീനിയര്‍ നേതാക്കന്മാരെയും പഠിതാക്കളായി ലഭിച്ച റോസ, അവസരം തക്കത്തില്‍ ഉപയോഗിച്ചു.
ഉല്‍പാദന വ്യവസ്ഥയുടെ സങ്കീര്‍ണതകള്‍ രാഷ്ട്രീയ നേതൃത്വത്തെ പഠിപ്പിച്ചെടുക്കുക എന്നത് ചെറിയൊരു ദൗത്യമായിരുന്നില്ല. വെറും ഒരു ചരക്കായി മാറി കഴിഞ്ഞ അദ്ധ്വാനം മുതലാളിത്തത്തിന് കീഴില്‍ എങ്ങനെയാണ് അസ്വാതന്ത്ര്യമായിരിക്കുന്നതെന്ന് റോസ അവരെ പഠിപ്പിച്ചു.
മുതലാളിത്തമാകട്ടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ലാഭത്തിന് വേണ്ടി മാത്രം ഉല്‍പ്പാദനം നടത്തുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അതിനാകട്ടെ തൊഴിലാളിയുടെ അദ്ധ്വാനം എന്ന ചരക്കിന്റെ വില കുറയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഈ മാര്‍ഗ്ഗം പ്രയോഗിക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന അസ്വസ്ഥതകളെ ”നിലയ്ക്കു നിര്‍ത്താന്‍” ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങളെ ഉപയോഗിച്ചേ മുതലാളിത്തത്തിന് മുന്നോട്ട് പോകാന്‍ സാധിക്കു.
മുതലാളിത്ത വ്യവസ്ഥയ്ക്കകത്ത് അനിവാര്യമായും വളര്‍ന്നു വരുന്ന വൈരുദ്ധ്യത്തെ, അതിന്റെ സങ്കീര്‍ണതകളെ ലളിതമായാണ് റോസ വിശദീകരിച്ചതെങ്കിലും, ആ വൈരുദ്ധ്യം വിപ്ലവത്തിലേക്ക് നയിക്കും എന്ന നിഗമനവും, അതിനായി തൊഴിലാളികളെ സന്നദ്ധരും, പ്രാപ്തരും ആശയവ്യക്തതയുള്ളവരും ആക്കി എടുക്കേണ്ടതുണ്ട് എന്ന ചരിത്രപരമായ ദൗത്യവും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് പൂര്‍ണമായും സ്വീകാര്യമായിരുന്നില്ല.
മുതലാളിത്തം ആഗോളതലത്തില്‍ പൂര്‍ണതയിലേക്ക് നീങ്ങുമ്പോള്‍ കുറഞ്ഞ കൂലിക്ക് ഉല്‍പാദിപ്പിക്കപ്പെടുന്ന ചരക്കുകള്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങുന്നു. സാധാരണ തൊഴിലാളിക്ക് വാങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ”ബ്രാന്‍ഡഡ്” ഉല്‍പ്പന്നങ്ങളും, നല്ല ലാഭം കിട്ടുന്ന ആകര്‍ഷക വസ്തുക്കളും (ഇന്നത്തെ കാലത്താണെങ്കില്‍ വിലകൂടിയ വാഹനങ്ങളും, ആഭരണങ്ങളും, വസ്ത്രങ്ങളും) മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ മുതലാളിത്തം പഠിച്ച പണിയെല്ലാം പയറ്റും. (പരസ്യങ്ങള്‍ നല്ലൊരു മാര്‍ഗമായി പിന്നീട് മാറി).
പക്ഷെ സമ്പന്ന വര്‍ഗത്തിലേക്ക് കടന്നുവന്ന കുറച്ചു പേര്‍ക്കും, തൊഴിലാളിക്കും, മുതലാളിക്കും ഇടയില്‍ ഉരുത്തിരിഞ്ഞ പുത്തന്‍ മദ്ധ്യവര്‍ഗത്തിനും മാത്രം ”ഉപയോഗപ്രദമായ” ചരക്കുകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുക എന്നത് കൂടുതല്‍ കൂടുതല്‍ ദൂഷ്‌കരമായൊരു പ്രക്രിയയായി മുതലാളിത്വത്തിന് തന്നെ അനുഭവപ്പെട്ട് തുടങ്ങും – റോസ കൃത്യമായി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ വികസനം മുതലാളിക്ക് തല്കാലം തുണയാകും. തൊഴിലാളിയുടെ എണ്ണം കുറക്കാനും മികച്ച ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ അദ്ധ്വാനം കൊണ്ട് നിര്‍മ്മിക്കാനും ഉതക്കുന്ന സാങ്കേതികവിദ്യയുടെ വികാസത്തിന് വേണ്ടി മുതലാളി തന്നെ മുതല്‍ മുടക്കും. (ഇന്നത്തെ ആര്‍ ആന്റ് ഡി രംഗത്തെ വളര്‍ച്ചയും, കമ്പ്യൂട്ടറുകളില്‍ നിന്ന് റോബോര്‍ട്ടുകളിലേക്കുള്ള മാറ്റവും, ഓട്ടോമേഷന്‍ രംഗത്തെ കുതിച്ചുചാട്ടം മധ്യവര്‍ഗത്തിലേക്ക് കയറിപ്പറ്റിയ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ തൊഴിലാളികളെ പോലും ആശങ്കപ്പെടുത്തുന്ന അവസ്ഥയും അടിസ്ഥാന മാര്‍ക്‌സിസത്തിന്റെ വെളിച്ചത്തില്‍ എത്രമാത്രം ശരിയായിരിക്കുന്നു എന്ന് ശ്രദ്ധിക്കേണ്ടതാണ്).
ഇത്തരം സാഹചര്യങ്ങളെ ആശയ വ്യക്തതയോടെ മുന്‍കൂട്ടി കാണാനും, മനസ്സിലാക്കാനും റോസക്ക് സാധിച്ചു. പാര്‍ട്ടി സ്‌കൂള്‍ കാലം റോസ നേതൃത്വത്തിന്റെ ധാരണകളെ മാറ്റിമറിക്കാന്‍ ഉപയോഗിച്ചു. ഇതിനിടയില്‍ വ്യക്തി ജീവിതത്തില്‍ വീണ്ടും മാറ്റങ്ങള്‍ ഉണ്ടായി.
കോത്സ്യയുമായുണ്ടായ ഗാഢമായ പ്രണയത്തിന് ഉലച്ചില്‍ തട്ടി. തന്നെക്കാള്‍ പ്രായം കുറഞ്ഞ കോത്സ്യ പതുക്കെ അകലുകയാണെന്ന് റോസ മനസ്സിലാക്കി. വളരെ മാന്യമായി അവര്‍ പറഞ്ഞു പിരിയുകയായിരുന്നു. കോത്സ്യ അത്തരം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു എന്ന് മനസ്സിലായതോടെ അവസാന ചുംബനം നല്‍കി അവര്‍ വേര്‍പ്പെട്ടു. ഈ വേര്‍പിരിയല്‍ റോസക്ക് വേദനാജനകമായിരുന്നു. എങ്കിലും അത് അനിവാര്യമായി. ഇതിനകം മുതിര്‍ന്ന സ്ത്രീയായി കഴിഞ്ഞിരുന്ന റോസ ചില ദൃഢമായ തീരുമാനങ്ങള്‍ എടുത്തു. കുറെക്കൂടി അച്ചടക്കം ജീവിതത്തില്‍ ആവശ്യമാണെന്നും കഠിനമായ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനവും, പഠനവും ശക്തമാക്കണമെന്നും റോസ തീരുമാനിച്ചുറപ്പിച്ചു.
1910 ഏപ്രില്‍
ഇക്കാലത്തെ ജര്‍മ്മനി പ്രഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പക്ഷെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. വോട്ടവകാശത്തിന് വേണ്ടിയുള്ള ഉശിരന്‍ പ്രക്ഷോഭണങ്ങളിലേക്ക് തെരുവ് പോരാട്ടങ്ങളുടെ റാണിയായി മാറിക്കഴിഞ്ഞിരുന്ന റോസ ലക്‌സംബര്‍ഗ് സ്വയം എടുത്തെറിഞ്ഞു. ഒരു ദിവസം നിരവധി പൊതു യോഗങ്ങളില്‍ തീപ്പൊരി പാറുന്ന പ്രസംഗങ്ങള്‍ ചെയ്ത് റോസ ജനങ്ങളെ ചൂടുപ്പിടിപ്പിച്ചു. ഇതിനിടയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആചാര്യപദവി അലങ്കരിച്ചിരുന്ന കാള്‍ കൗട്‌സ്‌കിയുമായി റോസ ആശയപരമായി അകന്നു. പാര്‍ട്ടി ഒരു പിളര്‍പ്പിലേക്ക് നീങ്ങുകയായിരുന്നു.
1881 ല്‍ മാര്‍ക്‌സിനെയും, ഏംഗല്‍സിനെയും ലണ്ടനില്‍ ചെന്നു കണ്ട കാള്‍ കൗട്‌സ്‌കി യൂറോപ്യന്‍ സോഷ്യലിസ്റ്റ് ചിന്തയുടെ തലതൊട്ടപ്പനായിരുന്നു. മാര്‍ക്‌സിന്റെ മരണത്തിന് ശേഷം ”മൂലധനം” പൂര്‍ത്തിയാക്കാനും, മിച്ചമൂല്യ സിദ്ധാന്തം മൂലധനത്തിന്റെ നാലാം വോള്യമായി പ്രസിദ്ധപ്പെടുത്താനും കൗട്‌സ്‌കി വഹിച്ച പങ്ക് ഒരിക്കലും മറക്കാനാവുന്നതല്ല. പക്ഷെ പ്രായോഗിക രാഷ്ട്രീയ പ്രക്ഷോഭണങ്ങളില്‍ കൗട്‌സ്‌കിയും റോസയും രണ്ടു തരം നിലപാടുകളാണ് സ്വീകരിച്ചത്.
1938-ല്‍ അന്തരിച്ച കൗട്‌സ്‌കിയെ മലയാളി വായനക്കാര്‍ ”വഞ്ചകനായ കൗട്‌സ്‌കി” എന്ന പേരിലാണ് കേട്ടിട്ടുള്ളതെങ്കിലും മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവരോളം തലപ്പൊക്കമുള്ള മാര്‍ക്‌സിറ്റായിരുന്നു കാള്‍ കൗട്‌സ്‌കി എന്നതാണ് വസ്തുത. അദ്ദേഹത്തിന്റെ Terrorism and Communism, Bolshevism at Deadlock, Road to Power, Foundations of Christianity തുടങ്ങിയ ഗ്രന്ഥങ്ങള്‍ 21-ാം നൂറ്റാണ്ടില്‍ കൂടുതല്‍ പ്രസക്തി നേടിക്കൊണ്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ ഭാര്യ ലൂസി റോസയുടെ ആത്മമിത്രം. ഹിറ്റ്‌ലര്‍ പോളണ്ടില്‍ സ്ഥാപിച്ച മനുഷ്യഹത്യയുടെ എക്കാലത്തെയും വികൃതസ്മാരകമായ അഷ്‌വിറ്റ്‌സില്‍ കിടന്നാണ് മരിച്ചത്.
റോസയും കൗട്‌സ്‌കിയും വിപ്ലവ പാതയെ സംബന്ധിച്ച് വിരുദ്ധമായ സമീപനങ്ങളാണ് കൈക്കൊണ്ടത്. റോസയും ലെനിനും തമ്മിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
വിപ്ലവാനന്തര റഷ്യയിലെ പൗര സ്വാതന്ത്ര്യത്തെ കുറിച്ച് കൗട്‌സ്‌കിയും റോസയും ലെനിന്റെ നിലപാടുകളെ അംഗീകരിച്ചിരുന്നില്ല. പക്ഷെ വിപ്ലവ സര്‍ക്കാരിനെ ‘എന്തു വില’ കൊടുത്തും സംരക്ഷിക്കാന്‍ പട്ടാളച്ചിട്ടകളെ ആശ്രയിക്കാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ലെനിനും ആത്മാര്‍ത്ഥമായി വിശ്വസിച്ചു.
‘ജര്‍മ്മന്‍ റിപ്പബ്ലിക്’ എന്ന മുദ്രവാക്യത്തിന് സമയമായില്ല എന്ന കൗട്‌സ്‌കിയുടെ വാദത്തെ റോസ നഖശിഖാന്തം എതിര്‍ത്തു. പിന്നീട് റഷ്യന്‍ വിപ്ലവത്തെ കുറിച്ചും കാള്‍ കൗട്‌സ്‌കി വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു.
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914-ല്‍ യുദ്ധം വേണമോ എന്ന ജര്‍മ്മന്‍ പാര്‍ലിമെന്റിലെ ചര്‍ച്ചയില്‍ നിഷ്പക്ഷത പാലിക്കാനാണ് കൗട്‌സ്‌കി സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടത്. റോസ ലക്‌സംബര്‍ഗ് ആകട്ടെ കൗട്‌സ്‌കിയുടെ നിലപാടിനെയും, യുദ്ധത്തെ പിന്തുണക്കുന്നവരുടെ നിലപാടിനെയും ശക്തിയായി എതിര്‍ത്തു. മുതലാളിത്തം ലോക ജനതക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന ഈ കിരാത യുദ്ധം ജനങ്ങള്‍ക്കെതിരാണെന്ന് റോസ വിളിച്ചു പറഞ്ഞു.
റോസയുടെ പ്രസംഗം കേള്‍ക്കാന്‍ തൊഴിലാളികള്‍ തടിച്ചുകൂടി. മറ്റ് രാജ്യങ്ങളിലെ നമ്മുടെ സഹോദരന്മാരെ കൊല്ലുന്നതിനെ ദേശ സ്‌നേഹമെന്ന് വിളിക്കുന്ന ഇടുങ്ങിയ ദേശീയതയെ റോസ നിരാകരിച്ചു. തൊഴിലാളി വര്‍ഗത്തിന്റെ സാര്‍വ്വദേശീയത എന്ന സങ്കല്‍പ്പം എളുപ്പത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നത് ദുസാധ്യമായ കാര്യമായിരുന്നിട്ടും റോസ ഒരു കൊടുങ്കാറ്റ് പോലെ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് പറന്നു.
1913 സെപ്തംബര്‍
അന്നൊരു ശനിയാഴ്ചയായിരുന്നു. 1913 സെപ്തംബര്‍ 25 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് റോസ വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ലഭിക്കാവുന്ന ‘ഏറ്റവും’ ആധുനികമായ ആയുധങ്ങള്‍ കൊണ്ട് മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം വിനാശകരമായ യുദ്ധത്തിലേക്ക് യൂറോപ്പ് അടിവെച്ച് നീങ്ങുന്നത് കണ്ടപ്പോള്‍ റോസ ഏറെ ദുഃഖിച്ചു.
1.8 കോടി യുവാക്കളെ യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ അടിമുടി ആയുധമണിയിച്ച് നിര്‍ത്തിയിരിക്കുകയാണ്. പരസ്പരം കടിച്ചുകീറിക്കൊല്ലാന്‍ വെറിപ്പിടിപ്പിക്കുകയാണ് ഭരണത്തലവന്മാരും അവരുടെ കുഴലൂത്തുകാരും’. ഈ മട്ടിലുള്ള റോസയുടെ പ്രസംഗങ്ങള്‍ സര്‍ക്കാരിനെ വിറളിപ്പിടിപ്പിച്ചതില്‍ അതിശയമില്ലല്ലോ?
1914 ഫെബ്രുവരി 20 ന് ഫ്രാങ്ക്ഫര്‍ട്ടിലെ കോടതിയില്‍ രാജ്യ ദ്രോഹക്കുറ്റം ചുമത്തി റോസയെ ഹാജരാക്കി. കോടതി മുറിയെ രാഷ്ട്രീയ പ്രചരണത്തിന്റെ വേദിയാക്കുകയായിരുന്നു റോസ. ”എല്ലാ യുദ്ധങ്ങളും ജനവിരുദ്ധമായ കിരാത നടപടികളാണ്. സമൂഹത്തിനെതിരാണത്. പിന്തിരിപ്പന്‍ പ്രതിഭാസമാണ് യുദ്ധം.” റോസയുടെ പ്രസംഗം ജഡ്ജിമാരെ പോലും അമ്പരിപ്പിച്ചു. മഹാഭൂരിപക്ഷം ജനങ്ങളും ഇത്തരത്തില്‍ യുദ്ധ വിരുദ്ധരായാല്‍ ലോകത്ത് യുദ്ധങ്ങള്‍ ഉണ്ടാവുക അസാധ്യമാണെന്ന് റോസ സമര്‍ത്ഥിച്ചപ്പോള്‍ കാലത്തിനപ്പുറത്തേക്ക് കണ്ണയച്ച വിപ്ലവകാരിയായി അവര്‍ മാറി.
റോസയെ ശിക്ഷിക്കുകയല്ലാതെ മാര്‍ഗമില്ല. പക്ഷെ അപ്പീലിന് വേണ്ടി റോസ ജാമ്യം ആവശ്യപ്പെട്ടു. നിയമവ്യവസ്ഥയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചു കൊണ്ടുതന്നെ ഭരണകൂടത്തെ ചെറുക്കുക എന്നതാണ് റോസയുടെ രീതി.
പ്രതി രക്ഷപ്പെട്ടുകളയും എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. റോസയുടെ വക്കീല്‍ പോള്‍ ലെവി അതിസമര്‍ത്ഥനായിരുന്നു. പാര്‍ട്ടിയുടെ ഉറച്ച പ്രവര്‍ത്തകനും. ”ഒരു സോഷ്യല്‍ ഡെമോക്രാറ്റ് ഒളിച്ചോടില്ല. ഞാന്‍ എന്തു പറയുന്നുവോ അതില്‍ ഉറച്ചു നില്‍ക്കുന്നു, താങ്കള്‍ വിധി പറയു, എന്നെ ശിക്ഷിക്കു,” റോസയുടെ ശബ്ദം കോടതിയില്‍ മുഴങ്ങി. ഒരു വര്‍ഷത്തെ തടവായിരുന്നു ശിക്ഷ. പക്ഷെ അപ്പീല്‍ പോകുന്നതിന് ജാമ്യം അനുവദിച്ചു കിട്ടി.
അതിനിടയില്‍ റോസയുടെ ജീവിത സഖിയായിരുന്ന ലിയോ വീണ്ടും റോസയുമായി അടുത്തു. പക്ഷെ റോസയുടെ വക്കീല്‍ ലെവിയോടൊപ്പമാണ് റോസ ജര്‍മ്മനിയിലെ പ്രചാരണ പരിപാടികള്‍ക്ക് പുറപ്പെട്ടത്. ലിയോയ്ക്ക് റോസയുമായി കൂടുതല്‍ അടുക്കണമെന്നുണ്ടായിരുന്നു എങ്കിലും.
പ്രസംഗങ്ങള്‍ വീണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ചു. സൈന്യത്തിന്റെ ആന്തരിക ദൗര്‍ബല്യങ്ങളെ തന്നെ റോസ തുറന്നുകാട്ടി. സൈന്യം ഒരു അടിമ ക്യാമ്പാണെന്ന് റോസ തുറന്നടിച്ചു. സൈനികരെ ഓഫീസര്‍മാര്‍ ക്രൂരമായി പീഡിപ്പിക്കുന്നതിനെതിരെ ജനങ്ങളോട് തുറന്ന് പറയാനും, കപട ദേശീയ വാദികളുടെ പുറംപൂച്ച് – ദേശസ്‌നേഹത്തെ ഒരു നൂറ്റാണ്ടു മുമ്പു തന്നെ പരിഹസിക്കാനും അവര്‍ മടിച്ചില്ല. സൈനിക മന്ത്രി തന്നെ ഇതിനെതിരെ പരാതിയുമായി കോടതിയിലെത്തി. സൈന്യത്തിന്റെ ‘ആത്മവീര്യം’ കെടുത്തുന്ന ദേശദ്രോഹിയായി റോസ മുദ്രക്കുത്തപ്പെട്ടു. പീഡിപ്പിക്കപ്പെട്ട സൈനികരില്‍ നിന്നു തന്നെ തെളിവു ശേഖരിക്കാന്‍ വേണ്ട നടപടിയെടുക്കാന്‍ വക്കീലായ ലെവി റോസയെ ഉപദേശിച്ചു. പാര്‍ട്ടി പത്രത്തില്‍ ഇത്തരം പീഡനങ്ങള്‍ക്ക് വിധേയരായവരില്‍ നിന്നും തെളിവുകള്‍ ആവശ്യമുണ്ട് എന്ന് അറിയിപ്പുണ്ടായി. പാര്‍ട്ടിയുടെ പരമ്പരാഗത വക്കീലന്മാര്‍ക്ക് ഈ ഇടപെടല്‍ ഇഷ്ടപ്പെട്ടില്ല. കോടതിയെ വെറും പ്രചരണശാലയാക്കരുത് എന്നായിരുന്നു അവരുടെ അഭിപ്രായം. യുവഅഭിഭാഷകനായ റോസയുടെ വക്കീല്‍ ലെവി അതൊന്നും വകവെച്ചില്ല. കോടതിയിലൂടെ ഭരണക്കൂടത്തെ തുറന്നു കാണിക്കുന്ന തന്ത്രമാണ് റോസയും ലെവിയും സമര്‍ത്ഥമായി പയറ്റിയത്.1914 ജൂണ്‍ 28
ആസ്ട്രിയയുടെ ആര്‍ച്ച് ഡ്യൂക്ക് ആയിരുന്ന ഫെര്‍ഡിനാനിന്റെ കൊലപാതകം ലോക ചരിത്രത്തെ മാറ്റിമറിച്ച ഒന്നാം ലോക മഹായുദ്ധത്തിന് തിരികൊളുത്തി. തികച്ചും നാടകീമായിരുന്നു സംഭവം. ഡ്യൂക്കും ഭാര്യയും ഒരു സാന്‍വിച്ച് കഴിക്കാന്‍, മുന്നോട്ട് പോയ കാര്‍ പുറകോട്ടെടുത്ത് സാന്‍വിച്ച് ഷോപ്പിന് മുന്നില്‍ നിര്‍ത്തി. ആ സമയത്താണ് ഒരു യുഗോസ്ലോവിയന്‍ യുവാവ് ഗാവ്‌റിലോ പ്രിന്‍സിപ്പ് (Gavrilo Princip) കടയില്‍ നിന്നും പുറത്ത് വന്നത്. പൊടുന്നനെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ എടുത്തു ഫെര്‍ഡിനാന്റിനെയും, ഭാര്യയെയും വെടിവെച്ചുകൊന്നു. ഈ സംഭവത്തിനു പിറ്റേന്നാണ് റോസയുടെ കേസ് കോടതിയില്‍ വന്നത്.
അഡ്വ. ലെവി നന്നായി കേസ് വാദിച്ചു. പരാതിക്കാരനായ സൈനിക മന്ത്രിയെതന്നെ ക്രോസ് വിസ്താരത്തിന് കോടതിയില്‍ കിട്ടണമെന്നായിരുന്നു ഒന്നാമത്തെ ആവശ്യം. ജഡ്ജിമാര്‍ രണ്ടു പേരും മുന്‍ സൈനിക ഉദ്യോഗസ്ഥരായിരുന്നതുക്കൊണ്ട് നിക്ഷ്പക്ഷമായ വിധി ഉണ്ടാകില്ലെന്നും അവര്‍ ഈ കേസ് കേള്‍ക്കരുതെന്നും ലെവി ജഡ്ജിമാരുടെ മുഖത്ത് നോക്കി പറഞ്ഞു.
ജര്‍മ്മന്‍ പത്രങ്ങളില്‍ പട്ടാളക്കാരോട് അവരുടെ മേധാവികള്‍ നടത്തുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന്റെ വാര്‍ത്തകള്‍ വന്നുക്കൊണ്ടിരുന്നു. (സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ഉയരുന്ന ഇത്തരം പരാതികള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്).
ഓഫീസര്‍മാരെ വിസ്തരിക്കണമെന്നും അഡ്വ. ലെവി കോടതിയോട് ആവശ്യപ്പെട്ടു. റോസക്കെതിരായ കേസ് ജര്‍മ്മന്‍ സര്‍ക്കാരിന് തലവേദനയായി.
1914 ആഗസ്റ്റ് 14
റോസയും, ക്ലാര സെറ്റ്കിന്നും അക്ഷമരായി കാത്തിരിക്കുകയാണ്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്ത ജര്‍മ്മന്‍ പാര്‍ലമെന്റില്‍ യുദ്ധപദ്ധതിയെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. രാജ്യ സ്‌നേഹവാദം സോഷ്യലിസ്റ്റ് നേതാക്കളെയും പിടികൂടിയിട്ടുണ്ടെന്ന് റോസ മനസ്സിലാക്കിയിരുന്നു. ജര്‍മ്മനിയുടെ യുദ്ധ പദ്ധതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം തേടാനാണ് ചര്‍ച്ച നടക്കുന്നത്. അതാ, പാര്‍ലമെന്റ് അംഗങ്ങള്‍ പുറത്തുവന്നു തുടങ്ങി. ആരും റോസയുടെ മുഖത്ത് നോക്കുന്നില്ല. സോഷ്യലിസ്റ്റ് അംഗങ്ങള്‍ റോസയെയും ക്ലാരയെയും കാണാത്തതുപോലെ നടന്നു. യുദ്ധം അംഗീകാരം നേടിയിരിക്കുന്നു.
സോഷ്യലിസ്റ്റ് അംഗങ്ങള്‍ രാജ്യ സ്‌നേഹത്തിന്റെ പേരില്‍ യുദ്ധ പദ്ധതി അംഗീകരിച്ചു. ലോകചരിത്രത്തെ പിടിച്ചു കുലുക്കിയ ഇന്നും അനുരണനങ്ങള്‍ തീരാത്ത ഒന്നാം ലോക മഹായുദ്ധത്തിന് ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അംഗീകാരം നല്‍കി. യൂറോപ്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ സാര്‍വ്വദേശീയ ഐക്യത്തിന് ഇത് വിഘാതമായി. പക്ഷെ ദീര്‍ഘദര്‍ശിയായിരുന്ന റോസ ലക്‌സംബര്‍ഗ് ഇത് മുന്‍ക്കൂട്ടി കണ്ടു എന്ന് മാത്രമല്ല ജര്‍മ്മനിയിലെമ്പാടും യുദ്ധവിരുദ്ധ പ്രചരണം ആരംഭിച്ചു.
ഇതേ കാലത്ത് തന്നെ ഇംഗ്ലണ്ടില്‍ സമാധാന പ്രസ്ഥാനം ഉരുത്തിരിഞ്ഞിരുന്നു. ബര്‍ട്രാന്‍ഡ് റസ്സലിനെ പോലുള്ള ബുദ്ധിജീവികള്‍ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു യോഗത്തില്‍ വെച്ച് പോലീസുകാര്‍ നോക്കിനില്‌കെ യുദ്ധാനുകൂലികള്‍ റസ്സലിനെ മര്‍ദ്ദിച്ചു. മുന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകനാണ് റസ്സല്‍ എന്ന് കേട്ടപ്പോഴാണ് ചില പോലീസുകാര്‍ക്ക് അക്രമം തടയണമെന്ന് തോന്നിയത്. അതുവരെ കുറെ തല്ലു കൊള്ളട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്ക്.
റോസ ലക്‌സംബര്‍ഗ് പ്രസംഗിച്ച യോഗങ്ങളില്‍ തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഗാനം ഉറക്കെപാടി. അവരുടെ ആര്‍ത്തഗാനം റോസ ലക്‌സംബര്‍ഗിന്റെ കരള്‍ അലിയിച്ചു. മഹാ യോഗങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ റോസ വിതുമ്പി. വാക്കുകള്‍ ഒഴുകി വന്നിരുന്ന അവരുടെ തൊണ്ട ഇടറി.
കാള്‍ കൗട്‌സ്‌കിയുടെ സമീപനത്തോട് റോസ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. രണ്ടാം ഇന്റര്‍നാഷണല്‍ യുദ്ധകാലത്ത് പ്രായോഗികമായി പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്ന കൗട്‌സ്‌കിയുടെ വാദത്തെ റോസ പരിഹസിച്ചു. ഈ നിലക്ക് പോയാല്‍ കൗട്‌സ്‌കി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെ തിരുത്തിക്കളയുമെന്ന് അവര്‍ കളിയാക്കി.
റോസക്ക് അറിയാമായിരുന്നു; ഈ ദേശവികാര ഭ്രാന്തിന്റെ കാലത്തെ തൊഴിലാളിവര്‍ഗ്ഗ പ്രവര്‍ത്തനത്തിന്റെ കാഠിന്യം. സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ പത്രപ്രവര്‍ത്തനം ഫലത്തില്‍ അസാധ്യമാക്കിയിരുന്നു. ലോകയുദ്ധത്തെ കുറിച്ച് തൊഴിലാളി വര്‍ഗത്തിന്റെ തികച്ചും നൂതനവും വ്യത്യസ്തവുമായ കാഴ്ചപ്പാടിനെ പറ്റി പത്രപംക്തികളില്‍ എഴുതാന്‍ കഴിയില്ല. പത്രം കണ്ടുകെട്ടും.
പത്രാധിപരായിരുന്ന റോസ ഏതു നിമിഷവും അറസ്റ്റും ജയില്‍ വാസവും പ്രതീക്ഷിച്ച് കഴിഞ്ഞുകൂടി. തന്റെ ആത്മമിത്രമായ ക്ലാരസെറ്റ്കിന്‍ റോസക്ക് പ്രതിസന്ധികളില്‍ പ്രചോദനമായി.
1914 ഡിസംബര്‍ 4-ന് ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ റോസയുടെ അഭിപ്രായം പാര്‍ലമെന്റില്‍ പറയാന്‍ ഒരാളുണ്ടായി. കാള്‍ ലീബ്‌നെക്ക്റ്റ്. ഒറ്റക്കൊരാള്‍ ജര്‍മ്മന്‍ പാര്‍ലമെന്റില്‍ യുദ്ധവെറിയെ എതിര്‍ത്ത് വോട്ടു ചെയ്തു. പക്ഷെ യുദ്ധം മുറുകിയപ്പോള്‍ 1916 മെയ് ഒന്നിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
1916 ജൂണ്‍ 10 ന് റോസയും അറസ്റ്റിലായി. ഇത്തവണ മിലിട്ടറിയുടെ നേരിട്ടുള്ള തടവിലായിരുന്നു റോസ. റോസയുടെ ജയില്‍വാസം വിപ്ലവകാരികളെ നിരാശപ്പെടുത്തി. സന്ദര്‍ശനങ്ങള്‍ പോലും നിയന്ത്രിതമായിരുന്നു. ഒരിക്കല്‍ ക്ലാര സെറ്റ്കിന്‍ റോസയെ സന്ദര്‍ശിച്ച് സംസാരിച്ചുക്കൊണ്ടിരിക്കുമ്പോള്‍ റോസ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ കൈനീട്ടിയ ക്ലാരയെ ജയില്‍ വാര്‍ഡന്‍ തടഞ്ഞു. മേശപുറത്തിരുന്ന മഷിക്കുപ്പിയെടുത്ത് വാര്‍ഡന്റെ ദേഹത്ത് വലിച്ചെറിഞ്ഞാണ് റോസ തന്റെ രോഷം തീര്‍ത്തതെന്ന് റോസയുടെ ജീവിചരിത്രകാരി കേറ്റ് ഇവാന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജയില്‍വാസകാലത്തെ പിരിമുറുക്കങ്ങള്‍ താങ്ങാന്‍ കഴിയാത്തവയായിരുന്നു. പക്ഷെ പടിപടിയായി റോസ ജയില്‍ ജീവിതത്തെ തന്റെ വ്യക്തി ജീവിതവുമായി ശ്രുതിചേര്‍ത്തു.
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ ചിന്തകളില്‍ രാമനോട് സംവേദിക്കുമ്പോള്‍ ‘മനവും ചേതനയും’, ‘വഴങ്ങുകയില്ലെങ്കിലും’, ‘പോന്നിടാം വിനയത്തിന് വിധേയമാം ഉടല്‍’ എന്നു പറയുന്ന ശ്ലോകമുണ്ട്. തടവുശിക്ഷയുടെ പൊരുളും അതാണ്. ശരീരത്തെ തടവിലാക്കുമ്പോഴും മനസ്സിനെ കീഴ്‌പ്പെടുത്താന്‍ സമ്മതിച്ചില്ലെങ്കില്‍ തടവുകാരന് എത്ര വേണമെങ്കിലും ‘സ്വതന്ത്രനായി’ ചിന്താ ലോകത്ത് ജീവിക്കുവാന്‍ സാധിക്കുമെന്ന് സ്വാനുഭവത്തിലൂടെ തെളിയിക്കുകയായിരുന്നു റോസ ലക്‌സംബര്‍ഗ്.
ഒരു സ്ത്രീയുടെ ജീവിതത്തില്‍ രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ ഭാഗമായ ജയില്‍ ജീവിതം അനുഭവിക്കേണ്ടിവരുമ്പോള്‍ നൂറായിരം ആലോചനകള്‍ അവരുടെ മനസ്സില്‍ കൂടുകൂട്ടും. റോസയും വിപ്ലവകാരിയാണെങ്കിലും ഒരു സാധാരണ സ്ത്രീയായിരുന്നു. തടവറയ്ക്കകത്ത് നിന്ന് നീലാകാശത്തെ നോക്കി നെടുവീര്‍പ്പെടുന്ന സ്ത്രീ. പൂക്കളെയും പൂമ്പാറ്റകളെയും തലോലിക്കുന്ന സ്ത്രീ. റോസയുടെ ജീവിതത്തില്‍ കിളികളോട് വര്‍ത്തമാനം പറയാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു. തടവറയുടെ മതില്‍ കെട്ടിനകത്ത് പറന്ന് വന്ന പറവകളോടും അവര്‍ സല്ലപിച്ചു. അസൂയയോടെ അവരുടെ സ്വാതന്ത്ര്യം ആസ്വദിച്ചു.1917 ഫെബ്രുവരി-മാര്‍ച്ച്
ലോകരാഷ്ട്രീയം അതിവേഗം ചലിച്ചു തുടങ്ങിയ കാലം. മഹായുദ്ധത്തിന് പുറപ്പെട്ട ജര്‍മ്മനി നാണം കെട്ടുമടങ്ങി. പതിനായിരക്കണക്കിന് സൈനികര്‍ ട്രഞ്ചുകളില്‍ ചത്തൊടുങ്ങി. ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് നടന്ന എല്ലാ യുദ്ധങ്ങളെക്കാളും ഭീഭത്സമായിരുന്നു അത്. തോക്കിന്റെയും യന്ത്രത്തോക്കുകളുടെയും സാന്നിദ്ധ്യം മരണസംഖ്യ പതിന്മടങ്ങാക്കി. വാളിന്റെയും കുതിരയുടെയും സ്ഥാനം തോക്കുകളും, കവചിത വാഹനങ്ങളും ഏറ്റെടുത്തപ്പോള്‍ രക്ഷപ്പെടാന്‍ ഇരുവിഭാഗവും നീളം കൂടിയ കുഴികള്‍ കുഴിച്ച് അവയില്‍ അഭയം തേടി. ട്രഞ്ച് എന്നറിയപ്പെടുന്ന ഈ നീളന്‍ കുഴികള്‍ പതിനായിരക്കണക്കിന് പട്ടാളക്കാരുടെ അക്ഷരാര്‍ത്ഥത്തിലുള്ള കുഴിമാടങ്ങളായി. ട്രഞ്ചുകളില്‍ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുമ്പോള്‍ പലയിടത്തും കോളറ പോലുള്ള രോഗങ്ങള്‍ പൊട്ടി പുറപ്പെട്ടു. ഫലം എന്തായിരുന്നുവെന്ന് ഊഹിക്കാമല്ലോ?
പരുക്കേറ്റവരെ ശുശ്രൂഷിക്കുന്നതിന് കുറെ വികസിതമായിരുന്ന ആധുനിക വൈദ്യശാസ്ത്രം പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ആപല്‍ക്കരമായ പരുക്കുകളില്‍ നിന്ന് പാവം പട്ടാളക്കാരെ രക്ഷിക്കാന്‍ പോന്നതായിരുന്നില്ല.
ദേശീയതയും, സാര്‍വ്വദേശീയതയും, വിപ്ലവവും ആളിക്കത്തിച്ച ദേശീയ വികാരത്തെ ദുരുപയോഗം ചെയ്ത് പാവങ്ങളെ പടക്കളങ്ങളില്‍ കശാപ്പു ചെയ്ത യൂറോപ്യന്‍ ഭരണാധികാരികള്‍ ദേശചരിത്രങ്ങള്‍ക്ക് നാണക്കേടായി.
ഈ ഭരണാധികാരികളുടെ മുതലാളിത്ത ദുഷ്ടലാക്കിനെ തുറന്നു കാണിച്ചുകൊണ്ട്, സാര്‍വ്വദേശീയ-തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം ഇടംവലം നോക്കാതെ ഉയര്‍ത്തിപ്പിടിച്ച റോസയും സഖാക്കളും തെരുവില്‍ നിന്നു പൊരുതി.
പക്ഷേ, ഭരണകൂടങ്ങള്‍ കൊടും യുദ്ധ പരാജയങ്ങളുടെയും, ആഭ്യന്തരയുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ചീട്ടുകൊട്ടാരങ്ങളാകുമ്പോള്‍ ആ വിപ്ലവസാഹചര്യത്തില്‍ സൈനികമായും, രാഷ്ട്രീയമായും, തന്ത്രപരമായും ഇടപെട്ടുകൊണ്ട് വിപ്ലവഭരണകൂടത്തെ സ്ഥാപിക്കാന്‍ സമര്‍ത്ഥമായ നീക്കങ്ങള്‍ നടത്തിയ ലെനിനെപ്പോലെ ജര്‍മ്മനിയില്‍ ഒരു ജനാധിപത്യ – വിപ്ലവ ഭരണകൂടം സ്ഥാപിക്കാന്‍ റോസ ലക്‌സംബര്‍ഗ് – ലിബ്‌നെക്ക്റ്റ് കൂട്ടുകെട്ടിനായില്ല.
റോസ ഉയര്‍ത്തിയ സാര്‍വ്വദേശീയതയില്‍ ഊന്നിയ തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ഇന്നും ആര്‍ക്കും തള്ളിക്കളയാന്‍ ആവില്ല. പക്ഷെ ആദ്യത്തെ വിപ്ലവ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലെനിന്‍ എന്ന തന്ത്രശാലിയായ വിപ്ലവകാരി, സിദ്ധാന്തത്തെ പ്രയോഗവത്ക്കരിക്കുന്ന പുതിയ സൈദ്ധാന്തിക തന്ത്രത്തിന് (Praxis) നേതൃത്വം നല്‍കി.
സിദ്ധാന്തവും പ്രയോഗവും രണ്ടല്ലെന്നു തെളിയിക്കാനാണ് ലെനിന്‍ ശ്രമിച്ചത്. മുതലാളിത്തത്തിന്റെ ദുര്‍ബലമായ കണ്ണിയായിരുന്ന റഷ്യന്‍ സാമ്രാജ്യം ശരിയായ അര്‍ത്ഥത്തില്‍ വിപ്ലവത്തിന് പാകമായിരുന്നില്ല. ജര്‍മ്മനിയിലോ ബ്രിട്ടനിലോ ഉണ്ടായിരുന്ന മുതലാളിത്ത വളര്‍ച്ച റഷ്യക്ക് അന്യമായിരുന്നു. കൃഷിക്കാരും നാട്ടിന്‍പുറത്തെ പാവപ്പെട്ടവര്‍ എന്ന് ലെനിന്‍ വിളിച്ച കര്‍ഷകത്തൊഴിലാളികളും, റഷ്യന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലെ ആട്ടിടയ സമൂഹങ്ങളും ചേര്‍ന്ന് വല്ലാത്തൊരു സങ്കീര്‍ണതയായിരുന്നുവല്ലോ റഷ്യ.
ഇവിടെയാണ് ലെനിനും ട്രോട്‌സ്‌കിയുടെ നേതൃത്വത്തിലുള്ള ചെമ്പടയും, പാര്‍ട്ടി നേതാവായിരുന്ന ജോസഫ് സ്റ്റാലിനും നഗരങ്ങളിലെ ആയുധമണിഞ്ഞ തൊഴിലാളികളെയും നിരാശരായ പട്ടാളക്കാരെയും കോര്‍ത്തിണക്കിക്കൊണ്ട് അധികാര കേന്ദ്രങ്ങള്‍ക്ക് നേരെ ആഞ്ഞടിച്ചത്. മാര്‍ച്ച് മാസത്തില്‍ അധികാരം ഒഴിയേണ്ടിവന്ന സാര്‍ ചക്രവര്‍ത്തി ഡ്യൂമ എന്ന പാര്‍ലമെന്‍ണ്ടിന് ഒരുവിധം അധികാരം കൈമാറി. ലെനിനാകട്ടെ മഹായുദ്ധത്തിലെ റഷ്യയുടെ പരാജയം തന്നെയാണ് ആഗ്രഹിച്ചത്. ”Defeat the Fatherland” (പിതൃരാജ്യത്തെ തോല്‍പ്പിക്കുക) എന്ന ധീരമായ മുദ്രവാക്യം ലെനിന്‍ മുന്നോട്ട് വച്ചു. അവിടെ സാമ്രാജ്യമായ തന്റെ രാജ്യത്തെക്കുറിച്ച് ഒരു കപടദേശസ്‌നേഹവും ലെനിന്‍ കാണിച്ചില്ല.
എന്നാല്‍ ജര്‍മ്മനിയില്‍ കൗട്‌സ്‌കിക്ക് ഈ ലെനിനിസ്റ്റ് തന്ത്രം പ്രയോഗിക്കാന്‍ സാധിച്ചില്ല. കൗട്‌സ്‌കിയും, ജര്‍മ്മന്‍ ദേശസ്‌നേഹവാദികളായി മാറിയിരുന്ന സോഷ്യല്‍ ഡെമോക്രാറ്റുകളുമായി കണക്കുപറഞ്ഞു പിരിഞ്ഞ റോസ ലക്‌സംബര്‍ഗിന് ഒരു ചെമ്പടയെ നയിക്കാനും സാധിച്ചില്ല. പക്ഷെ ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യരൂപമായ സ്പാര്‍ട്ടാക്കസ് പ്രസ്ഥാനത്തിന് ആ ധീരവനിത നേതൃത്വം നല്‍കി.
1915-ല്‍ തന്നെ ആരംഭിച്ച സ്പാര്‍ട്ടാക്കസ് ലീഗ് എന്ന പ്രസ്ഥാനം 1918-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ജര്‍മ്മനിയുടെ രൂപീകരണത്തോടെ പിരിച്ചുവിട്ടു. ഒരു മുദ്രയുമില്ലാത്ത ചെങ്കൊടിയായിരുന്നു സ്പാര്‍ട്ടാക്കസ് ലീഗിന്റെ ഔദ്യോഗിക പതാക. ഇതിനിടെ ജര്‍മ്മന്‍ സോഷ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിളര്‍ന്നിരുന്നു. ദേശീയവാദത്തിന്റെ പേരില്‍ യുദ്ധത്തെ പിന്താങ്ങിയവരില്‍ നിന്ന് വ്യത്യസ്തമായി സാര്‍വ്വദേശീയത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പാര്‍ലമെന്‍ണ്ടറി പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചവര്‍ ചേര്‍ന്ന് ഇന്‍ഡിപെന്‍ഡന്റ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചു.
റോമന്‍ സാമ്രാജ്യത്തിലെ അടിമ വിപ്ലവത്തിന്റെ നേതാവായിരുന്നു സ്പാര്‍ട്ടാക്കസ്. യേശുക്രിസ്തു ജനിക്കുന്നതിനും മുമ്പ് റോമന്‍ സാമ്രാജ്യത്തെ വിറപ്പിച്ച ഈ വിപ്ലവകാരിയെ റോമന്‍ ഭരണ വര്‍ഗം കുരിശില്‍ തറച്ചുകൊന്നു. യേശുക്രിസ്തു എന്ന യുവാവിന്റെ ചിന്തകളെ രൂപീകരിക്കുന്നതിന് സ്പാര്‍ട്ടാക്കസിനെ പോലുള്ള പോരാളികളുടെ സ്വാധീനം ഉണ്ടാകാമെന്ന് ചില പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നുണ്ട്. സ്പാര്‍ട്ടാക്കസിന്റെ പേരില്‍ കാള്‍ ലീബ്‌നെക്ക്റ്റും റോസ ലക്‌സംബര്‍ഗും ചേര്‍ന്ന് രൂപീകരിച്ച സ്പാര്‍ട്ടാക്കസ് ലീഗ് ആയുധമേന്തിയ പോരാളികളെയും സംഘടിപ്പിച്ചിരുന്നു.
ഇതിനിടെ യുദ്ധപരാജയത്തെ തുടര്‍ന്ന് ജര്‍മ്മനിയുടെ രാജാവായ കൈസര്‍ വിന്‍ഹെം രണ്ടാമന്‍ സ്ഥാന ത്യാഗം ചെയ്തിരുന്നു. ചാന്‍സലര്‍ മാക്‌സ്‌ഫോണ്‍ ബാഡനും സ്ഥാനമൊഴിഞ്ഞു. ജര്‍മ്മന്‍ പാര്‍ലമെണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇവര്‍ അധികാരം കൈമാറി. സോഷ്യലിസ്റ്റ് നേതാവ് എബര്‍ട്ട് ചാന്‍സലറായി അവരോധിക്കപ്പെട്ടു. പാര്‍ലമെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് എബര്‍ട്ട്. ജര്‍മ്മനി ഒരു റിപ്പബ്ലിക് ആയതായി പ്രഖ്യാപിച്ചു. സ്പാര്‍ട്ടാക്കസ് നേതാവും, കമ്യൂണിസ്റ്റ് നേതാവുമായിരുന്ന റോസയുടെ സഹപ്രവര്‍ത്തകന്‍ കാള്‍ലീബ് നെക്ക്റ്റ് ജര്‍മ്മനി റിപ്പബ്ലിക് ആയി എന്നു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഒരു പ്രഖ്യാപനം നടത്തിയത് എബര്‍ട്ടിന്റെ തന്ത്രമായിരുന്നു.
പക്ഷെ സ്പാര്‍ട്ടാക്കസ് ലീഗ് തെരുവില്‍ പ്രക്ഷോഭണത്തിനിറങ്ങി. സോഷ്യല്‍ ഡമോക്രസിയല്ല, സോവിയറ്റ് മാതൃകയിലുള്ള വിപ്ലവം തന്നെയാണ് ജര്‍മ്മനിക്ക് വേണ്ടത് എന്നാണവര്‍ വാദിച്ചത്. സ്പാര്‍ട്ടാക്കസ് നേതാവ് കാള്‍ ലിബ്‌നെക്ക്റ്റ് സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ജര്‍മ്മനി രൂപീകരിക്കപ്പെട്ടതായി ജനക്കൂട്ടത്തിന്റെ മുന്നില്‍ വെച്ച് പ്രഖ്യാപിച്ചു. പണിമുടക്കി തെരുവില്‍ പ്രകടനം നടത്തുന്ന തൊഴിലാളികളെ സായുധരായി അനുഗമിക്കാന്‍ സ്പാര്‍ട്ടാക്കസ് ലീഗ് പോരാളികള്‍ ഉണ്ടായിരുന്നു. ജര്‍മ്മനി അതിന്റെ ചരിത്രത്തിലെ അതിഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്.
റോസയെ സംബന്ധിച്ചിടത്തോളം തന്റെ പഴയ സഖാക്കള്‍ അധികാരത്തില്‍ എത്തിയിരിക്കുന്നു. എന്നാല്‍ അവരുടെ ഭരണത്തിന് കീഴില്‍ താന്‍ നേതൃത്വം നല്‍കുന്ന സ്പാര്‍ട്ടാക്കസ് ലീഗിനെതിരായും, അതിന്റെ മുഖപത്രത്തിനെതിരായും കടുത്ത ആക്രമണമാണ് നടക്കുന്നത്. കൈസറിന്റെ കാലത്ത് ഒരിക്കലും ജര്‍മ്മന്‍ പട്ടാളക്കാര്‍ ജര്‍മ്മന്‍കാരെ വെടിവെച്ചിട്ടില്ല. പക്ഷെ ഇന്നതല്ല സ്ഥിതി.
1918 നവംബര്‍ 9
ജനങ്ങള്‍ തെരുവുകളിലേക്ക് ഇരച്ചുക്കയറി. റോസ ജയിലില്‍ നിന്നും പുറത്തുവന്നു. സമാധാനത്തിനും ഭക്ഷണത്തിനും വേണ്ടി തെരുവുകള്‍ ആര്‍ത്തുവിളിച്ചു.
സ്പാര്‍ട്ടാക്കസ് ലീഗ് നേതാക്കന്മാര്‍ വീണ്ടും ഒത്തുകൂടി. പോള്‍ ലെവി, റോസയുടെ കാമുകനും ഭര്‍ത്തൃ തുല്യനുമായ ലിയോ, ക്ലാരാ സെറ്റ്കിന്‍ തുടങ്ങിയ എല്ലാ സഖാക്കളും ജയില്‍ മോചിതരായതിന്റെയും, ഒരു സോഷ്യലിസ്റ്റ് വിപ്ലവം ആരംഭിച്ചതിന്റെയും സന്തോഷത്തിലും ആവേശത്തിലും അവര്‍ നൃത്തം ചെയ്തു.
റോസയും സഖാക്കളും ഒരു സ്വാതന്ത്ര്യ സോഷ്യലിസ്റ്റ് ജര്‍മ്മനിയുടെ സാമ്പത്തിക-ഭരണ സംവിധാനത്തിന്റെ രൂപ രേഖ തയ്യാറാക്കി. ഒന്നാമതായി, വിശക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കലാണ്. ഭക്ഷ്യവസ്തുക്കളുടെ ന്യായമായ വിതരണ സമ്പ്രദായം കെട്ടിപ്പടുക്കണം. തൊഴിലാളികളില്‍ നിന്നും രൂപീകരിക്കുന്ന ഒരു സായുധ വിഭാഗം അനിവാര്യമാണ്. മുന്‍ സര്‍ക്കാരിന്റെ യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യണം. പ്രഭു വിഭാഗത്തിന്റെ (അൃശേെീരൃമര്യ) കുത്തക അവകാശങ്ങള്‍ റദ്ദ് ചെയ്യണം. ഒരു പരിധിക്കപ്പുറത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി അത് ഭക്ഷണത്തിനും പാവപ്പെട്ടവരുടെ പാര്‍പ്പിടത്തിനുമായി ഉപയോഗിക്കണം.
വിദേശകടങ്ങള്‍ എഴുതി തള്ളണം. ബാങ്കുകള്‍ ദേശവത്ക്കരിക്കണം, വലിയ എസ്‌റ്റേറ്റുകള്‍ ഏറ്റെടുത്ത് കൃഷിക്കാരുടെ കൗണ്‍സിലുകള്‍ക്ക് കൈമാറണം. അതിനായി അധ്വാനിക്കുന്നവരുടെ കൗണ്‍സിലുകള്‍ തെരഞ്ഞെടുക്കണം. എല്ലാ അര്‍ത്ഥത്തിലും സ്ത്രീ-പുരുഷ തുല്യത പ്രഖ്യാപിക്കണം. സ്പാര്‍ട്ടിക്കസ് ലീഗിന്റെ രാഷ്ട്രീയ ധാരണ പതുക്കെ ഉരുത്തിരിയുകയായിരുന്നു.
10 നവംബര്‍ 1918
പുതിയ ഭരണാധികാരികള്‍ അക്ഷരാര്‍ത്ഥത്തില്‍ അധികാരത്തിന്റെ ഉടുപ്പണിഞ്ഞു. ആടയാഭരണങ്ങളോടെ, പുതിയ പരിചാരക വൃന്ദത്തിന്റെ അകമ്പടിയോടെ ഫെരിറ്റ്‌സ് എബര്‍ട്ട് ഭരണചുമതലകള്‍ ഏറ്റെടുത്തു തുടങ്ങി. റോസയുടെ വിദ്യാര്‍ഥിയായിരുന്നുവല്ലോ എബര്‍ട്ട്. പാര്‍ട്ടി സ്‌കൂളില്‍ റോസയുടെ വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും എബര്‍ട്ട് ആകെ മാറിപ്പോയി.
അതിനിടയില്‍ പട്ടാള മേധാവി ജനറല്‍ ലുഡന്‍ ധ്രോഫ് എബര്‍ട്ടിനെ ബന്ധപ്പെട്ടു. പട്ടാളത്തിന്റെ പിന്തുണ എബര്‍ട്ടിന് നല്‍കാനുള്ള ചര്‍ച്ച ആരംഭിക്കുകയായിരുന്നു. ബോള്‍ഷെവിക് മാതൃകയില്‍ ജര്‍മ്മനിയില്‍ രൂപപ്പെട്ടുവരുന്ന സ്പാര്‍ട്ടാക്കസ് കലാപത്തെ അടിച്ചമര്‍ത്തുന്നതില്‍ ഇരുകൂട്ടര്‍ക്കും ഒരേ താല്‍പര്യമാണ് സംരക്ഷിക്കേണ്ടിയിരുന്നത്. പട്ടാള ജനറല്‍ പുതിയ പ്രസിഡന്റിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.
സ്പാര്‍ട്ടാക്കസ് ലീഗിന്റെ തെരുവുകള്‍ തോറുമുള്ള ചെറുത്തുനില്‍പ്പിനെ കണ്ണില്‍ ചോരയില്ലാതെ തുടച്ചു നീക്കാന്‍ ലൈസന്‍സ് തരാമെങ്കില്‍ മാത്രമേ ഈ പുതിയ സര്‍ക്കാരിന് പട്ടാളം പിന്തുണ നല്‍കു. അതിന് വേണ്ടി എന്തു കടുംകൈയും പട്ടാളം ചെയ്യും. അതല്ലെങ്കില്‍ പട്ടാളക്കാരിലെ ഒരു വിഭാഗവും തൊഴിലാളികളും ചേര്‍ന്ന് രൂപീകരിച്ച വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ദിവസങ്ങള്‍ക്കകം അധികാരം പിടിച്ചെടുക്കും.
”താങ്കള്‍ക്ക് അഞ്ച് മിനിട്ടു പോലും ജനങ്ങളുടെ പിന്തുണയില്ലാതെ ഭരിക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കണം” ജനറല്‍ പ്രസിഡന്റിനെ ഒന്നു ഭീഷണിപ്പെടുത്തുകയായിരുന്നു.
എബര്‍ട്ടിനെ സംബന്ധിച്ചടത്തോളം ഈ സംഭാഷണം ”രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്” എന്ന മട്ടിലായി. എന്നാല്‍ റോസ ലക്‌സംബര്‍ഗും കാള്‍ ലിബ്‌നെക്ക്റ്റും കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു. തെരുവുകളില്‍ തൊഴിലാളികളും അവര്‍ക്ക് അനുകൂല നിലപാടെടുത്ത സായുധവിഭാഗവും ജര്‍മ്മനിയെ വിപ്ലവത്തിന്റെ വക്കിലെത്തിച്ചു.
എന്നാല്‍ റഷ്യന്‍ വിപ്ലവത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു റോസയും കാളും നയിച്ച വിപ്ലവം. എതിരാളികളുടെ പൗരസ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്ന റഷ്യന്‍ രീതിയെ, അത് തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തിന്റെ പേരിലാണെങ്കിലും റോസ അംഗീകരിച്ചിരുന്നില്ല. ലെനിന്റെ ധാരണകളില്‍ നിന്നും വ്യത്യസ്തമായിരുന്നു അവരുടെ ചിന്താധാര. പക്ഷെ ലെനിന്‍ ഭരണാധികാര വര്‍ഗത്തിന്റെ കൊടും ക്രൂരത നേരത്തെ മനസ്സിലാക്കിയിരുന്നു. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ലെനിന്റെയും ട്രോഡ്‌സ്‌കിയുടെയും സ്റ്റാലിന്റെയും നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് നല്ലൊരു സായുധ സൈനിക വിഭാഗം ഉണ്ടായിരുന്നതിനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നവല്ലോ?
പട്ടാള ജനറല്‍ സ്വന്തം നാട്ടിലെ കലാപകാരികള്‍ക്ക് നേരെ വെടി ഉതിര്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സൈനിക വ്യൂഹങ്ങള്‍ക്ക് പ്രത്യേകം ക്ലാസ് നല്‍കി.
റോസയും കാളും റഷ്യന്‍ ഏജന്റുമാരാണെന്ന് നുണ പ്രചരണമായിരുന്നു അതില്‍ ഒന്നാമത്തേത്. ജര്‍മ്മനിയുടെ പരാജയം തന്നെ സോഷ്യലിസ്റ്റുകളുടെയും യഹൂദന്മാരുടെയും ചതിയുടെ ഫലമാണെന്ന് പാട്ടാളക്കാരില്‍ ദുര്‍ബോധനം നടത്തുന്നതില്‍ പട്ടാള മേധാവികള്‍ വലിയൊരളവ് വിജയിച്ചു.
ദുഷ്പ്രചരണവും, നുണപ്രചരണവും ആയുധമാക്കി നാസികളുടെ ഭരണത്തിന്റെ വിത്തിടലായിരുന്നു സ്പാര്‍ട്ടാക്കസ് ലീഗിനെതിരായ എബര്‍ട്ട് ഭരണക്കൂടത്തിന്റെയും ജര്‍മ്മന്‍ പട്ടാളത്തിന്റെയും നീക്കങ്ങള്‍. സോഷ്യലിസ്റ്റുകള്‍ക്കും യഹൂദന്മാര്‍ക്കുമെതിരായ പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ കത്തോലിക്കാസഭയിലെ പ്രത്യേക വിഭാഗമായ ജസ്യൂട്ടുകള്‍ക്കും (ഈശോസഭ) ഫ്രീമേസണ്‍ ക്ലബ് പോലുള്ള രഹസ്യ വിഭാഗങ്ങള്‍ക്കും എതിരെയും ദേശവിരുദ്ധരെന്ന പ്രചരണം നടത്തിയിരുന്നുവെങ്കിലും, ചില ബുദ്ധിശാലികളുടെ ഉപദേശമനുസരിച്ച് ആക്രമണം സോഷ്യലിസ്റ്റ് വിപ്ലവകാരികള്‍ക്കും യഹൂദര്‍ക്കുമെതിരായി ചുരുക്കി. വിപ്ലവകാരികളെ അടിച്ചമര്‍ത്താന്‍ കൊടുംക്രൂരത ചെയ്യാന്‍ കയ്യറപ്പില്ലാത്ത ഒരു സത്വത്തെ പട്ടാളം റിക്രൂട്ട് ചെയ്തു. ഭരണകക്ഷിയുടെ സംഭാവനയായിരുന്നു അത്. ഗുസ്താവ് നോസ്‌കെ എന്നായിരുന്നു ആ ദുഷ്ടന്റെ പേര്.
ജര്‍മ്മന്‍ വിപ്ലവത്തിന്റെ നാളുകളില്‍ രസകരവും അതേസമയം വേദനാജനകവുമായ നിരവധി സംഭവങ്ങളുണ്ടായതായി റോസുടെ ജീവചരിത്രകാരി കേറ്റ് ഇവാന്‍സ് വിവരിക്കുന്നുണ്ട്.
ബര്‍ലിന്‍ നഗരത്തില്‍ അരാജകത്വം നടമാടുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും, എന്തിന് യുദ്ധമന്ത്രാലയം പോലും അടഞ്ഞുകിടന്നു. ആരാണ് ജര്‍മ്മനി ഭരിക്കുന്നതെന്ന് സാധാരണക്കാര്‍ക്കും, പട്ടാളക്കാര്‍ക്കുപോലും ഒരെത്തും പിടിയുമില്ലായിരുന്നു. പരാജിതനായി തോറ്റുമടങ്ങിയ രാജാവ് കൈസര്‍ വില്‍ഹെം ഒരു ഭാഗത്ത്. ഭരണം ഏറ്റെടുത്തതായി അവകാശപ്പെട്ട ഫ്രീറ്റ്‌സ് എബര്‍ട്ട് പ്രസിഡന്റിന്റെ വസതിയില്‍. തെരുവിലാകട്ടെ സ്പാര്‍ട്ടാക്കസ് ലീഗിന്റെ ഉശിരന്‍ ചെറുത്തുനില്‍പ്പ്. പ്രഖ്യാപിത ഭരണക്കാര്‍ക്ക് ഒരധികാരവും പ്രായോഗിക്കാന്‍ കഴിയുന്നില്ല. ഇതുകണ്ട് വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ പുതിയ സര്‍ക്കാരുമായി കരാറുണ്ടാക്കി പട്ടാളവും അതിനകത്തെ പ്രത്യേക കിരാത മുറക്കാരും.
വിപ്ലവകാരികള്‍ക്കും കൃത്യമായി എന്തു ചെയ്യണമെന്നറിഞ്ഞുകൂട. എബര്‍ട്ടിനെ ജനുവരി അഞ്ചിന് രാത്രി തന്നെ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ തീരുമാനിച്ചെങ്കിലും അത് പാതിരാത്രി തന്നെ സമര്‍ത്ഥമായി നടപ്പാക്കാന്‍ സാധിച്ചില്ല. റോസ എഡിറ്ററായ പാര്‍ട്ടി മുഖപത്രത്തിന് കൃത്യമായ ആഹ്വാനം നല്‍കാനും സാധിച്ചില്ല.എന്തായാലും ജനുവരി ആറിന് സൈനികരും ആയുധമേന്തിയ തൊഴിലാളികളും ബര്‍ലിന്‍ കൈയ്യടക്കി. കാള്‍ ലിബ്‌നെക്ക്റ്റിന്റെ ‘ഉത്തരവു’മായി യുദ്ധമന്ത്രാലയം പിടിച്ചെടുക്കാന്‍ ചെന്നു. ഒരു ചെറുത്തുനില്‍പ്പുമുണ്ടായില്ല. പക്ഷെ ‘ഉത്തരവ്’ പൂര്‍ണമല്ലെന്നും കാള്‍ അതില്‍ ഒപ്പിട്ടിരുന്നില്ലെന്നും മാത്രമാണ് കാവല്‍ക്കാര്‍ പറഞ്ഞത്. ആ കാവല്‍ക്കാരനെ പിടിച്ചുമാറ്റി മുറി തുറന്ന് അകത്ത് കയറുകയോ, ചെറുത്തു നില്‍ക്കുന്നവരെ ബലപ്രയോഗത്തില്‍ കീഴ്‌പ്പെടുത്തുകയോ ചെയ്യുന്നതിന് പകരം ഒരു രാത്രി കൂടി അവര്‍ നഷ്ടപ്പെടുത്തി. ഒപ്പ് കിട്ടിയതിന് ശേഷം ആ ഉത്തരവ് കൈവശം വെച്ചയാള്‍ അത് ശത്രുക്കള്‍ക്ക് മറിച്ച് വില്ക്കുന്ന സാഹചര്യവുമുണ്ടായി.
വിപ്ലവ സാഹചര്യങ്ങളില്‍ ഒരോ മിനിട്ടും പ്രധാനമാണ്. ചെയ്യേണ്ടത് ആദ്യത്തെ മിനിട്ടില്‍ തന്നെ ചെയ്ത് തീര്‍ത്തില്ലെങ്കില്‍ ചരിത്രമുഹൂര്‍ത്തങ്ങള്‍ കൈവിട്ടു പോകുമെന്നതിന്റെ തെളിവായിരുന്നു ഈ സംഭവമെന്ന് കേറ്റ് ഇവാന്‍സ് ചൂണ്ടിക്കാട്ടുന്നു.
നോസ്‌ക്കെ തന്റെ അടിച്ചമര്‍ത്തല്‍ തന്ത്രം സ്പാര്‍ട്ടാക്കസ് ലീഗിനെതിരായി തിരിച്ചുവെച്ചു. ജര്‍മ്മന്‍ പട്ടാളക്കാര്‍ സ്വന്തം നാട്ടുകാരെ വെടിവെയ്ക്കുന്നതില്‍ വിമുഖരായിരുന്നു. എഴുതിയ ഉത്തരവുകള്‍ അവര്‍ക്ക് പ്രധാനമാണ്. പക്ഷെ നോസ്‌ക്കെ ഫോണിലൂടെ ഉത്തരവുകള്‍ പാസ്സാക്കി തെരുവുകളിലെ പ്രക്ഷോഭകാരികളെ അക്ഷരാര്‍ത്ഥത്തില്‍ തുടച്ചു നീക്കുകയായിരുന്നു.
നൂറുകണക്കിന് കമ്മ്യൂണിസ്റ്റുകാരും പുരോഗമനവാദികളും തോക്കിനിരയായി. സ്പാര്‍ട്ടാക്കസ് വിപ്ലവം പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെട്ടു. റോസ ലക്‌സംബര്‍ഗിനെ വകവരുത്തുക എന്നത് അവരുടെ ലക്ഷ്യമായിരുന്നു. റോസ പ്രവര്‍ത്തിച്ച പാര്‍ട്ടി ‘അധികാരത്തില്‍’ ഇരിക്കുന്നുവെന്നാണ് സങ്കല്‍പ്പം. അവര്‍ക്ക് ഒരു പരിധി വരെ സ്വതന്ത്രമായ ആസ്തിത്വമുള്ള ജര്‍മ്മന്‍ പട്ടാളത്തിന്റെ പിന്തുണ ലഭിച്ചു കഴിഞ്ഞു. ഫലത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഭരണകൂടം തിരിച്ചു തുടങ്ങി. റോസ ലക്‌സംബര്‍ഗ്ഗിന്റെ പാര്‍ട്ടി ക്ലാസുകളില്‍ വിദ്യാര്‍ത്ഥിയായിരുന്ന എബര്‍ട്ടാണ് സ്പാര്‍ട്ടാക്കസ് ലീഗിനെ തുടച്ചു നീക്കാന്‍ പട്ടാളത്തെ കൂട്ടുപിടിച്ചിരിക്കുന്നത്.
1919 ജനുവരി പകുതി ആയപ്പോഴേക്കും സ്പാര്‍ട്ടാക്കസ് ലീഗ് പ്രതിസന്ധിയിലാണെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടു തുടങ്ങി. റോസ ലക്‌സംബര്‍ഗിനോട് ഒളിവില്‍ പോകാന്‍ ലിയോ നിര്‍ദ്ദേശിച്ചു. മുങ്ങുന്ന കപ്പലില്‍ നിന്നും ചാടാന്‍ ഞാന്‍ തയ്യാറല്ല എന്നായിരുന്നു റോസയുടെ നിലപാട്. പക്ഷെ വിപ്ലവ നേതൃത്വത്തെ സ്വയം രക്ഷിക്കുക എന്നത് ഒരു രാഷ്ട്രീയ തന്ത്രമാണ്. അതില്‍ നിന്നും വ്യക്തിപരമായ നിലപാടിന്റെ പേരില്‍ മാറി നില്‍ക്കുന്നത് ശരിയായ കമ്യൂണിസ്റ്റ് രീതിയല്ല. എന്നാല്‍, റോസ അതിനു വഴങ്ങിയില്ല. ത്യാഗവും വേണ്ടി വന്നാല്‍ രക്തസാക്ഷിത്വവും തന്റെ ജീവിതത്തില്‍ വേണ്ടി വരുമെന്ന് റോസ എപ്പോഴും കരുതിയിരുന്നു.
പഴയ സഖാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. ജീവിതവും മരണവും, വിജയവും പരാജയവും. ഓരോ നിമിഷത്തിനും യുഗങ്ങളുടെ ദൈര്‍ഘ്യമുള്ളത് പോലെ തോന്നി അവര്‍ക്ക്. പതിറ്റാണ്ടുകളായി ജീവിതം മാറ്റിവെച്ചത് സ്വന്തം ജീവിതകാലത്ത് വിപ്ലവം വിജയിച്ചു കാണാനാണ്. പക്ഷെ സ്വന്തം സഖാക്കള്‍ തന്നെ ഭരണക്കൂടത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. വിപ്ലകാരികളെ അടിച്ചമര്‍ത്തുന്നതിന്റെ ദൗത്യം പഴയ സഹപ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ജര്‍മ്മന്‍ പട്ടാളക്കാര്‍ പോലും ചെയ്യാന്‍ അറച്ച കൊടുംകൃത്യങ്ങള്‍ക്കാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്നത്.
ജര്‍മ്മന്‍ രാജാവായിരുന്ന കൈസറുടെ കാലത്ത് പോലും സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കു നേരെ ഇത്തരം കൊടിയ മര്‍ദ്ദനവും വെടിവെയ്പ്പും നടന്നിട്ടില്ല. റോസയുടെ ചിന്തകളില്‍ രക്തം പൊടിഞ്ഞ ദിവസങ്ങളായിരുന്നു അവ. തൊട്ടപ്പുറത്ത് റഷ്യയിലെ വിപ്ലവം സാങ്കേതികമായി വിജയിച്ചുവെങ്കിലും പിടിച്ചു നില്‍ക്കാന്‍ പോരാട്ടം തുടരുകയാണ്. സര്‍വ്വാധിപത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ലെനിനുമായി റോസക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ?
അവിടെ ലെനിന്‍, ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിയെ അതേ നാണയത്തില്‍ തന്നെ നേരിട്ടു. സോവിയറ്റ് ശിശുവിനെ വധിക്കാന്‍ കിരാതന്മാരായ അഭിനവ കംസന്മാരും ഹെരോദാ രാജാക്കന്മാരും കോപ്പു കൂട്ടിയപ്പോള്‍ ചെമ്പട അതിനെ തുരത്തി. പക്ഷെ ജനാധിപത്യക്കമ്മി അന്നു മുതലെ സോവിയറ്റ് യൂണിയനില്‍ ഉണ്ടായതായി റോസ വിലയിരുത്തി.
ജനാധിപത്യ മൂല്യങ്ങള്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തന്നെ വലിച്ചെറിഞ്ഞപ്പോള്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജര്‍മ്മനിയില്‍ ഉദയം ചെയ്യാനിരുന്ന നാസിസത്തിന്റെയും, ഫാസിസത്തിന്റെയും ആദ്യരൂപമായി അവര്‍ മാറുകയായിരുന്നു.
അങ്ങനെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഭരണകൂടത്തിലെ ദുഷ്ടശക്തികളുമായി ചേര്‍ന്ന് അന്നുതന്നെ സോഷ്യല്‍ ഫാസിസത്തിന്റെ പേക്കൂത്തുകള്‍ കാണിച്ചു തുടങ്ങി. നാസിപ്പടയുടെ ആദ്യ രൂപമായി മാറുകയായിരുന്നു നോസ്‌കയുടെ നേതൃത്വത്തിലുള്ള പ്രത്യേക അടിച്ചമര്‍ത്തല്‍ കിരാതവ്യൂഹം.
ജനുവരി 13 – 1919
റഷ്യന്‍ വിപ്ലവം അതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു കഴിഞ്ഞിരുന്നു. പക്ഷെ സാമ്രാജ്യത്വ ഇടംകോലിടല്‍ ശക്തികള്‍ സോവിയറ്റ് യൂണിനെതിരായ കടന്നാക്രമണം അവസാനിപ്പിച്ചിരുന്നില്ല. അതിനിടയിലാണ് ജര്‍മ്മനിയില്‍ വിപ്ലവ പരിശ്രമത്തിന് റോസയും സഖാക്കളും നേതൃത്വം നല്കുന്നത്.
സ്പാര്‍ട്ടിക്കസിന്റെ നേതാവായിരുന്ന കാള്‍ ലീബ്‌നെക്ക്റ്റ് റോസയെ വന്നു കണ്ടു. ”പത്രങ്ങളുടെ തലക്കെട്ടുകള്‍ കണ്ടുവോ” കാള്‍ ചോദിച്ചു. ”കണ്ടു നൂറുകണക്കിന് മൃതശരീരങ്ങള്‍ നിരനിരയായി… അതെ അതിലൊരു കാവ്യശകലമുണ്ട്… പക്ഷെ ആ നിരയില്‍ റോസയില്ലെന്നു മാത്രം…?” തെരുവില്‍ പിടഞ്ഞുവീണ സ്പാര്‍ട്ടാക്കസ് കമ്മ്യൂണിസ്റ്റുകളുടെ രക്തസാക്ഷിത്വവുമായി റോസ താദാത്മ്യം പ്രാപിച്ചു കഴിഞ്ഞിരുന്നു. മരിച്ചില്ലെങ്കിലും അവരില്‍ ഒരാളായി റോസ തന്റെ മനസ്സിനെ കൂട്ടിയിണക്കി. ഏതു നിമിഷവും മരണത്തിന്റെ കാലൊച്ച കേള്‍ക്കാന്‍ ആ മഹതി ഒരുങ്ങി നിന്നു. പടക്കളത്തില്‍ നിന്നും പാലായനം ചെയ്യാന്‍ കൂട്ടാക്കാത്ത പടനായികയായി.
ജനുവരി 15 – 1919
ഹോട്ടല്‍ ഈഡനിലെ ഒരു മുറിയിലാണ് റോസ താമസിച്ചിരുന്നത്. എന്തെല്ലാമായിരിക്കണം അവരുടെ ചിന്തകളില്‍ അലയടിച്ചിരുന്നത്. ഒരു വ്യക്തിക്ക് ചരിത്രത്തില്‍ ഇടപെടാനുള്ള സാധ്യതയും പരിമിതിയും ആ ബുദ്ധശാലിനി വിലയിരുത്തി കാണും. ”പുടവക്കു പിടിച്ച തീ ചുഴന്നുടല്‍ കത്തുന്നൊരു ബാലപോലവള്‍” എന്നാണ് സീതയുടെ ‘അതി’ചിന്തയെ ആശാന്‍ വിവരിക്കുന്നത്.
ധരിച്ച കുപ്പായം കത്തി ശരീരം വേവുന്ന ഒരു പെണ്‍കുട്ടിയുടെ മനോഗതം പോലെ പ്രതിവിപ്ലവത്തിന്റെ തീനാളങ്ങള്‍ക്കിടയില്‍ റോസയുടെ മനസ്സ് പിടച്ചുകാണും.
അതെ. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. നോസ്‌കയുടെ അക്രമി സംഘം സായുധരായി റോസ താമസിച്ച മുറിയിലെത്തി. ആ കൃശഗാത്രിയെ അറസ്റ്റു ചെയ്യാന്‍ ഭീകരന്മാരെ പിടികൂടുന്ന ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. കൈത്തോക്ക് ചൂണ്ടി ഒരാള്‍. മുഖത്ത് ആഞ്ഞിടിച്ചു മറ്റൊരുവന്‍. മൂക്കില്‍ നിന്നും ചോരചീറ്റി. മുറിയില്‍ നിന്നു പതുക്കെ പുറത്തു കടന്നു വരാന്തയില്‍ എത്തി. താമസിച്ചില്ല; കാത്തു നിന്ന കശ്മലന്‍ തോക്കിന്റെ പാത്തികൊണ്ട് റോസയുടെ തല തകര്‍ത്തു. മോഹാലസ്യപ്പെട്ടു വീണ റോസയെ വാഹനത്തിലേക്കെടുത്തിട്ടു. പെട്ടെന്ന് ഓര്‍മ്മ തെളിഞ്ഞ റോസ കണ്ടത് തന്റെ നേരെ ചൂണ്ടിയ റിവോള്‍വറാണ്. ”വെടി വയ്ക്കരുത്” അതവരുടെ അവസാനത്തെ കല്പനയായിരുന്നു.
നിമിഷങ്ങള്‍ക്കകം വെടിയുണ്ട റോസയുടെ തലച്ചോറില്‍ തുളച്ചു കയറി. തീര്‍ന്നില്ല, കാപാലികരുടെ കലി… റോസയുടെ മൃതദേഹം ബര്‍ലിന്‍ നഗരത്തിന്റെ ആഴമേറിയ അഴുക്ക് ചാലിലേക്ക് വലിച്ചെറിഞ്ഞു. റോസക്ക് എന്തു പറ്റിയെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. പകരം ചോദിക്കേണ്ട, യുവവിപ്ലവകാരികളെ നോസ്‌കയും കൂട്ടരും നേരത്തെ കശാപ്പു ചെയ്തിരുന്നുവല്ലോ?
ലോകം ദര്‍ശിച്ച ഏറ്റവും ധീരയും, ബുദ്ധിശാലിനിയുമായ ആ മഹത്‌വ്യക്തിത്വം അഴുക്കു ചാലിന്റെ അടിത്തട്ടിലേക്ക് ചെന്നു വീണു. ജര്‍മ്മനിയുടെ നാസിപൈതൃകത്തിന്റെയും, ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെയും ആരംഭമായിരുന്നു അത്. സോഷ്യലിസം നാവിലും ഫാസിസം പ്രവര്‍ത്തിയിലും… ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രസി അതിന്റെ ദംഷ്ടകള്‍ പുറത്തു കാട്ടുകയായിരുന്നു.
റഷ്യന്‍ വിപ്ലവത്തിന് ജര്‍മ്മന്‍ കലാപകാരികളെ സഹായിക്കാമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണെങ്കിലും സംഭവിക്കാത്ത ചരിത്രമുഹൂര്‍ത്തങ്ങളെ വിശകലനം ചെയ്യുന്നത് പ്രയോജന ശൂന്യമായ പരിശ്രമമായതുകൊണ്ട് അതിനു തുനിയാതിരിക്കുന്നതാണ് ദേഭം.
ഒലിവ് പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന
റോസാ ലക്സംബര്‍ഗ്: ജീവിതം ദര്‍ശനം’ എന്ന പുസ്തകത്തില്‍ നിന്ന്