/indian-express-malayalam/media/media_files/uploads/2018/04/rajesh-chithira.jpg)
മൂന്നു വശവും മലകളുള്ള തിബിലിസി, കെട്ടിടങ്ങളും സ്മാരകങ്ങളുമില്ലാതെ സങ്കല്‍പ്പിച്ചാല്‍ കേരളമാണ്. 'തിബിലിസി' എന്നാല്‍ ജോര്‍ജിയന്‍ ഭാഷയില്‍ ചൂടുള്ളത് എന്നര്‍ത്ഥം. പണ്ടു പണ്ട്, അഞ്ചാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ വക്താങ്ങ് ഒന്നാമന്‍ ഗോര്‍ഗസലി തന്‍റെ പരുന്തുമായി നായാട്ട് നടത്തുന്നതിനിടെ ഒരു വനപ്രദേശത്തെത്തി. നായാട്ടിനിടെ രാജാവിന്‍റെ പരുന്തിനാല്‍ മുറിവേറ്റ ഒരു വണ്ടാരക്കോഴി തൊട്ടടുത്തുളള ഒരു അരുവിയിലേക്ക് വീണു പൊള്ളലേറ്റ് മരിച്ചു പോയത്രെ. ചൂടുവെള്ളമുള്ള അരുവി കണ്ട രാജാവിന് ഒരു പദ്ധതി തോന്നി. ആ വനം നശിപ്പിച്ച് അദ്ദേഹം അവിടെ ഒരു നഗരം നിര്‍മ്മിച്ചു. പുരാവസ്തു ഗവേഷകര്‍ തിബ്ലിസില്‍ ബിസി നാലാം നൂറ്റാണ്ടു മുതല്‍ ജനസാന്നിധ്യം ഉണ്ട് എന്ന് പറയുന്നു.
ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലെ മുനമ്പ് എന്ന് ജോര്‍ജിയയെ വിളിക്കാം. ഒരു തരത്തില്‍ അത് ചരിത്രത്തില്‍ ജോര്‍ജിയയുടെ ദൗര്‍ഭാഗ്യം കൂടിയാണ്; ഏറ്റവും കൂടുതല്‍ അധിനിവേശങ്ങള്‍ക്ക് ഇടവന്ന രാജ്യങ്ങളിലൊന്നെന്ന നിലയില്‍. ഗ്രീക്ക്, റോമന്‍, പേര്‍ഷ്യന്‍, അറബ്, ഓട്ടോമന്‍, പിന്നെ റഷ്യയും ജോര്‍ജിയയ്ക്ക് മേല്‍ അധികാരമുറപ്പിച്ചു.
അതേ സമയം ഇവരില്‍ ആരുടേയും അധിനിവേശം പൂര്‍ണ്ണമോ സ്ഥിരതയുള്ളതോ ആയില്ലയെന്നതിന് സാക്ഷി ചരിത്രമാണ്. ഏത് നിമിഷവും ഒരു ആക്രമണത്തെ പ്രതിക്ഷിച്ചിരുന്ന രാജ്യം എന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ട കാവല്‍ നിലയങ്ങളും, വന്മതിലുകളും ഇപ്പോഴുമുണ്ട്. അവയിപ്പോള്‍ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളുമാണ്.
ക്രിസ്തുമതം രാജ്യത്തിന്‍റെ മതമായി സ്വീകരിച്ച രണ്ടാമത്തെ രാജ്യമാണ് ജോര്‍ജിയ. സെന്റ് നിനോയാണ് ഏ ഡി മുന്നൂറ്റി മുപ്പതില്‍ ജോര്‍ജിയയിലെക്ക് ക്രിസ്ത്യന്‍ മതത്തെ കൊണ്ട് വന്നത്. സെന്റ് നീനോയുടെ ഓര്‍മ്മയിലുള്ള കത്തീഡ്രല്‍ ഏറെ പ്രശസ്തം. വളരെ ചുരുങ്ങിയ കാലം കൊണ്ട് മിഡില്‍ ഈസ്റ്റിലുള്ള ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാരയിടമായി മാറിയ രാജ്യമാണ് ജോര്‍ജിയ. പുതിയ സന്ദര്‍ശന ഉടമ്പടികള്‍ മധ്യപൗരസ്ത്യദേശത്ത് നിന്നും വരുന്നവര്‍ക്ക് ജോര്‍ജിയയില്‍ എത്തിയാലുടന്‍ സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള സൗകര്യമായിട്ടുണ്ട്. ഈജിപ്തിലെ സാമൂഹിക, രാഷ്ട്രീയ അനിശ്ചിതാന്തരീക്ഷം, തുര്‍ക്കിയിലെ ഭീകരാക്രമണങ്ങളും വിസ കിട്ടാനുള്ള കാലതാമസവും കൂടിയ ചെലവും ഇപ്പോള്‍ ജോര്‍ജിയക്ക് മേല്‍ക്കൈ കൊടുത്തിട്ടുണ്ട്.
പഴമയുടെയും പുതുമയുടെയും മേളനമാണ് തിബ്ലിസില്‍ എത്തുന്ന ഒരാളെ വരവേല്‍ക്കുക. ഒട്ടേറെ കടന്നു കയറ്റങ്ങളുടെ തിണര്‍പ്പുകളെ ഉടലില്‍ പേറുന്ന, മക്വാരി നദിയുടെ തീരത്തുള്ള ജോര്‍ജിയന്‍ തലസ്ഥാന നഗരിയില്‍ ഇപ്പോഴും പേര്‍ഷ്യയുടെയും റഷ്യയുടെയും അടയാളങ്ങളുണ്ട്.
അത് കല്ല് പാകിയ തെരുവുകളിലൂടെയും കെട്ടിടങ്ങളുടെ നിര്‍മ്മിതിയിലൂടെയും ഒരു സന്ദര്‍ശകനെ വരവേല്‍ക്കുന്നു. നവീന റഷ്യയുടെ വാസ്തുശില്‍പ മാതൃകകള്‍ കൊണ്ട് നിറഞ്ഞ നഗരം, അതിന്‍റെ ഗലികള്‍ക്ക് തങ്ങളുടെ സമ്പന്നമായ കലാ സാഹിത്യ, രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ അടയാളങ്ങളായി എഴുത്തുകാരുടെയും, ചക്രവര്‍ത്തിമാരുടെയും ചിന്തകരുടെയും പേര് കൊടുത്തിരിക്കുന്നു. മിക്ക പാതയുടെയും ആരംഭത്തില്‍ ആ തെരുവിന്‍റെ പേരിന് പിന്നിലെ വ്യക്തിത്വത്തിന്‍റെ അടയാളങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്.
തിബിലിസില്‍ നിന്ന് നൂറ്റിയിരുപതോളം കിലോമീറ്റര്‍ ദൂരമുണ്ട് ഗുട്വൈരി (Gudauri) എന്ന ജോര്‍ജിയന്‍ മഞ്ഞുമലകളിലേക്ക്. കൗക്കാസസ് മലനിരകളുടെ തുടര്‍ച്ചയാണ് ഇവ. മഞ്ഞുമായി ബന്ധപ്പെട്ട ഏറെ സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്. രാത്രിക്കിടയിൽ മഞ്ഞില്‍ ഒരു ആദിമമനുഷ്യന്‍റെ മുഖം വായിക്കാനായതു പോലെ തോന്നി. ഈ യാത്രയില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനി കൊലപ്പെടുത്തിയ മുന്നൂറ് ജോര്‍ജിയന്‍ സൈനികരുടെ ഓര്‍മ്മയ്ക്കായി പണിത സ്മരണകുടീരം കാണാനായി. അതിനു താഴെയായി നദിയില്‍ ഡാം കണ്ടു. വരും വഴിയില്‍ കേരളത്തിലെ വനമേഖലയെ ഓര്‍മ്മിപ്പിക്കും വിധം ഇരുവശത്തും പച്ചപ്പുണ്ട്. ഇനിയും മനുഷ്യാധിനിവേശം തുടങ്ങാത്ത ഈ വനങ്ങളിലെ പാറകളിലെ പൊത്തുകള്‍ കണ്ടു ആകാംക്ഷതോന്നി. ആ ഗുഹകള്‍ പണ്ട് കൃസ്ത്യന്‍ സന്യാസിമാര്‍ ജീവിച്ചിരുന്ന ഇടങ്ങളാണ്.
ജോര്‍ജിയയുടെ സസ്യവൈവിധ്യത്തിലൂടെ കടന്നു പോവുമ്പോള്‍ വനത്തിലൂടെ പക്ഷികളുടെ സഞ്ചാരം കാണാനാവുന്നുണ്ട്. ഇലകളുടെ നിറം കൊണ്ട് മഴവില്ല് തീര്‍ക്കുന്നുണ്ട് മരങ്ങള്‍. സസ്യജാലത്തിന്‍റെ വ്യത്യസ്തത മനോഹരമായ കാഴ്ചയാണത്.
റോഡിലൂടെ മനുഷ്യനോളം പോന്ന നായകള്‍ സ്വതന്ത്രരായി മനുഷ്യര്‍ക്ക് ഒപ്പം നടന്നു പോവുന്നു. പശുക്കളുടെ വലിയ കൂട്ടം മുന്നില്‍, നോട്ടക്കാരന്‍ പിന്നില്‍. അയാള്‍ക്ക് ഒപ്പം ഒന്നിലധികം നായകള്‍ ഉണ്ട്. വിവിധ ഇനത്തിലും വലിപ്പത്തിലും ഉള്ളവ. റോഡുകള്‍ നമ്മുടെ നാടന്‍ നിലവാരം ഇല്ലാത്തവയാണ്. വഴിയില്‍ വേനല്‍ക്കാലത്തേയ്ക്കായി റോഡിന്‍റെ അറ്റകുറ്റപണികള്‍ നടക്കുന്നുണ്ട്. വഴിയില്‍ പൗരാണികതയുടെ അടയാളങ്ങളണിഞ്ഞ നിരവധി ആരാധനാലയങ്ങള്‍ ഉണ്ട്. അവയ്ക്ക് മുന്നില്‍ ചെറുകിടകച്ചവടക്കാര്‍ തണുപ്പിനെ ചെറുക്കുന്ന വസ്ത്രങ്ങള്‍ വില്‍ക്കുന്നു. എല്ലായിടത്തും വിലപേശല്‍ ഉണ്ട്. പോവും വഴി ദൂരെ നദി കാണാം. വേനലില്‍ ഈ നദി കരകവിയും. മഞ്ഞുമലയില്‍ നിന്ന് മഞ്ഞുരുകിയ വെള്ളം നദിയില്‍ നിറയും, ഗൈഡ് പറഞ്ഞു. മഞ്ഞുകാലത്ത് നദിയില്‍ വെള്ളം പേരിന് മാത്രമേ ഉണ്ടാവുകയുള്ളൂ. തിബിലിസില്‍ കുപ്പി വെള്ളം വങ്ങേണ്ടതില്ലാ എന്നാണ് പറയുക. ശുദ്ധീകരിക്കാന്‍ ക്ലോറിന്‍ ഇടുന്ന പതിവും കുറവ്.
ഏകദേശം അമ്പത് കിലോമീറ്ററോളം പോന്ന കേബിള്‍ കാര്‍ ശൃംഖലയാണ് ഗുട്വൈരിയിയുടെ പ്രത്യേകത. സാങ്കേതിക തകരാറില്ലെങ്കില്‍ ഇത് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇനിയും സഞ്ചരിക്കേണ്ടതുണ്ട് മലമുകളിലെത്താന്‍. ഉയരം കൂടുന്തോറും മഞ്ഞുമലകള്‍ കാണാനായി. കുട്ടികളെ അത് ഏറെ കൊതിപ്പിച്ചു കൊണ്ടിരുന്നു. മലകളെ ചുറ്റി വേണം മേലെയെത്താന്‍. മേലെ വിശാലമായ പഞ്ഞിത്തോട്ടം പോലെ മഞ്ഞു പാളികള്‍ ചിതറിക്കിടക്കുന്നു. സന്ദര്‍ശകര്‍ക്ക് താഴേക്കുള്ള ദൃശ്യം കാണാനായി ലുക്ക്ഔട്ട് ഉണ്ട്. ആ സ്ഥലത്ത് ഭിത്തിയാകെ ചിത്രങ്ങള്‍ (Graffiti) നിറച്ചിരിക്കുന്നു. ഏറെത്താഴെ പച്ച നിറത്തില്‍ ഒരു തടാകത്തിന്‍റെ കാഴ്ചകണ്ടു.
മഞ്ഞിലെ വിനോദങ്ങള്‍ക്ക് മനസ് തുറക്കാനുള്ള ശേഷിയുണ്ട്. ഉടലില്‍ മഞ്ഞു പാളികള്‍ വരണ്ടചിത്രങ്ങള്‍ വരച്ചു. ചുറ്റിലും നിരവധി റിസോര്‍ട്ടുകള്‍. വാഹനം ഒരു പാലം കടന്നു പോവുമ്പോള്‍ പാലത്തെ മൂടിയിരിക്കുന്ന മഞ്ഞ് വണ്ടിയിലേക്ക് ജലനൂലുകള്‍ നെയ്തു ചിതറി.
പഴയ തിബ്ലിസിയിലെ രാത്രി മനോഹരമാണ്. യൂറോപ്യന്‍-റഷ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച ബഹുനിലകെട്ടിടങ്ങളും ഓടുപാകിയ വഴികളുമാണ് ഈ പ്രദേശത്തിന്‍റെ പ്രത്യേകത. ജോര്‍ജിയന്‍ മെട്രോ റെയിലില്‍ ഇവിടെയെത്താം. ഒരു മെട്രോ സ്റ്റേഷനില്‍ ഇത്ര വലിയ, തിരശ്ചീനമായ കണ്‍വോയര്‍ അമ്പരപ്പുണ്ടാക്കിയേക്കാം. സ്റ്റേഷനില്‍, ട്രെയിനില്‍ ഒക്കെ ആള്‍ക്കാര്‍ ഞങ്ങളെ നോക്കുന്നുണ്ട്. ആകെ മൂവായിരം ഇന്ത്യാക്കാര്‍ ആണ് ജോര്‍ജിയയില്‍ ഉള്ളത്, അതില്‍ അഞ്ഞൂറ് പേര്‍ മാത്രമാണ് താമസക്കാരെന്നറിയുന്നു. ബാക്കി രണ്ടായിരത്തി അഞ്ഞൂറ് പേര്‍ വിദ്യാര്‍ഥികളാണ്. ഞങ്ങളുടെ പ്രധാനമന്ത്രി ഇവിടെ വന്നിട്ടുണ്ടോ എന്നന്വേഷിച്ചു. ഇല്ലയെന്നാണ് ഉത്തരം. തെരുവില്‍ ഭിക്ഷാടകരെ കാണാനായി. ഒരു കുട്ടി ഓടി വന്നു ഒരാളെ കെട്ടിപ്പിടിച്ചു. പൈസ വാങ്ങാനാണ്. നിയമം പാലിക്കപ്പെടുകയും കുറ്റകൃത്യങ്ങള്‍ കുറവുമുള്ള ഒരു രാജ്യത്ത് ഭിക്ഷാടകരുടെ ഈ സാമീപ്യവും പെരുമാറ്റവും അതിശയപ്പെടുത്തിയതായിരുന്നു.
അഞ്ചോളം ഇന്ത്യന്‍ ഭക്ഷണശാലകളുണ്ട് തിബിലിസില്‍. മിക്കവാറും എല്ലാം പഞ്ചാബികളുടേതാണ്. ഭക്ഷണശാലകളില്‍ മദ്യം സുലഭമാണ്. ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കള്‍ രണ്ടാഴ്ച കൂടുമ്പോള്‍ ദുബൈയില്‍ പോയി കൊണ്ട് വരികയാണ്. മീനും പച്ചക്കറികളും ഉള്‍പ്പെടെ. പല ഹോട്ടലുകളിലും ജോര്‍ജിയന്‍ പെണ്‍കുട്ടികളെയോ, അല്ലെങ്കില്‍ പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന രാജ്യങ്ങളിലെയോ പൗരന്‍മാരെയാണ് ജോലിക്ക് വച്ചിട്ടുള്ളത്. പലരും ഹിന്ദി വാക്കുകള്‍ പറയുന്നുണ്ട്.
പകല്‍ കാണുന്ന ലോകമല്ല രാത്രിയില്‍ നഗരത്തില്‍. രാവിലെ താമസിച്ച ഹോട്ടലിലെ ജോലിക്കാരി എക്കോയുമായി ചങ്ങാത്തത്തിലായി. എക്കോ ആണ് ഇന്ന് ഹോട്ടലില്‍ ഉള്ളത്. ഒരു നല്ല ഗായികയും ടാപ്പ് ഡാന്‍സറുമാണ്. എക്കോ കുട്ടികളുമായി നൃത്തം വച്ചുതുടങ്ങി.
നിശാക്ലബുകളില്‍ സ്ട്രിപ്പ് ഡാന്‍സും പോള്‍ ഡാന്‍സുമുണ്ട്. എന്നാല്‍ കബളിപ്പിക്കപ്പെടാന്‍ ഏറെ സാഹചര്യങ്ങളുണ്ട് രാത്രി സഞ്ചാരങ്ങളില്‍. എജന്റുമാര്‍ കറങ്ങി നടപ്പുണ്ട് ഗലികളില്‍. രാത്രി ജിവിതം അത്രയേറെ മാത്സര്യം നിറഞ്ഞതാണെന്ന് തോന്നുന്നു. വഴിയരികിലെ ഭക്ഷണക്കടകളില്‍ തത്സമയ സംഗീത വിരുന്നുണ്ട്. വെളിച്ചത്തില്‍ കുളിച്ച നഗരം മറ്റെവിടെയും എന്നത് പോലെ കണ്ണുകളെ പ്രലോഭിപ്പിക്കാന്‍ പോന്നതാണ്.
സ്ത്രീകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാത്രി അതിന്‍റെ മധ്യായുസു പിന്നിട്ട നേരത്തും കൂട്ടമായും തനിയേയും നടന്നു പോവുന്നുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്കും ഭീതി കൂടാതെ നടക്കാന്‍ ആവുന്നുണ്ട്. വിനോദ സഞ്ചാരം വരുമാനമാര്‍ഗമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പാഠപുസ്തകമാക്കാനുള്ള പലതുമുണ്ട് വ്യാവസായികമായ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത ഈ കൊച്ചു രാജ്യത്ത് എന്ന് തോന്നുന്നു.
സ്മാരകങ്ങളുടെയും പ്രതിമകളുടെയും നാടെന്ന് വേണമെങ്കില്‍ തിബിലിസിനെ വിളിക്കാവുന്നതാണ്. അത്രയേറെയുണ്ട് സ്മാരക, പ്രതിമാസാന്നിധ്യം. മിക്കവാറും എല്ലാം തന്നെ നന്നായി സംരക്ഷിച്ചിട്ടുമുണ്ട്. നഗരത്തില്‍ തന്നെയുള്ള സോലോൾകി കുന്നിലാണ് ജോര്‍ജിയയുടെ അമ്മ / കര്‍ട്ടിലിന്‍റെ അമ്മ (Kartlis Deda) എന്ന് വിളിക്കുന്ന ഇരുപത് മീറ്റര്‍ ഉയരമുള്ള അലൂമിനിയം പ്രതിമയുള്ളത്. ഒരു കൈയില്‍ വീഞ്ഞും മറുകൈയില്‍ ഒരു വാളുമാണ് ഈ പ്രതിമയുടെ പ്രത്യേകത. സൗഹൃദം ആഗ്രഹിക്കുന്നവര്‍ക്ക് വീഞ്ഞ് നല്‍കിയും ശത്രുക്കളോട് മമതയില്ലാത്തതുമായ ദേശ മനസിനെ പ്രതിനിധാനം ചെയ്യുന്നു ഈ പ്രതിമ എന്ന് തോന്നുന്നു. സെന്റ് ജോര്‍ജ് പ്രതിമയാണ് മറ്റൊന്ന്. ഫ്രീഡം സ്ക്വയറില്‍ ഉള്ള ഇതിനെ സ്വാതന്ത്ര്യസ്മാരകം എന്നും വിളിക്കുന്നു. ഗ്രനൈറ്റും സ്വര്‍ണ്ണവും കൊണ്ട് നിര്‍മ്മിച്ച ഈ പ്രതിമ വളരെ ദൂരെ നിന്ന് തന്നെ കാണാവുന്ന വലിപ്പമുള്ളതാണ്. വിവിധ യുദ്ധങ്ങളില്‍ രാജ്യത്തിനായി മരിച്ച നാലായിരം യോദ്ധാക്കളുടെ പേരെഴുതിയ സ്മാരകമുണ്ട് തിബിലിസി കാഴ്ചബംഗ്ലാവിനടുത്ത്. മാര്‍ബിളില്‍ ആണ് ഇതിന്‍റെ നിര്‍മ്മാണം. ഓരോ ധീരയോദ്ധാവിന്‍റെയും പേരെഴുതിയ മാര്‍ബിള്‍ കൊണ്ടാണ് ഇതിന്‍റെ നിര്‍മ്മാണം.
പഴയൊരു ടെലിവിഷന്‍ സ്തൂഭമുണ്ട് കുന്നിന്‍ മുകളിലുള്ള പാര്‍ക്കില്‍. അവിടെ നിന്ന് താഴേക്ക് നോക്കിയാല്‍ തിബിലിസ് നഗരം ഒന്നാകെ കാണാം. ടെലിവിഷന്‍ ടവര്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഒരു നല്ല രാത്രിക്കാഴ്ചയ്ക്ക് ഒരുങ്ങി നില്‍ക്കുകയാണ് ടവര്‍.
മ്യൂസിയങ്ങള്‍ നിറഞ്ഞ രാജ്യമാണ് ജോര്‍ജിയ, അതില്‍ എഴുപതോളം മ്യൂസിയങ്ങള്‍, ചരിത്രവും കലയും സ്മാരകങ്ങളും സാഹിത്യസംബന്ധിയുമായവ തിബിലിസിലുണ്ട്. തിബിലിസ് ഇമ്പീരിയല്‍ തീയേറ്റര്‍ എന്ന് മുന്‍പറിയപ്പെട്ടിരുന്ന ജോര്‍ജിയന്‍ നാഷണല്‍ ഓപെറ ആന്‍ഡ് ബാലറ്റ് തീയറ്റര്‍ 1851 ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്. ഇടയ്ക്ക് നശിക്കുകയും പിന്നീട് പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തതാണ്.
ലേഖവറ്റ്ഖേവി ദേശീയ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍റെ ഭാഗമാണ്. ബാത്ത് ഡിസ്ട്രിക്ട്രിക്കില്‍ ഉള്‍പ്പെടുന്നതാണ് ഈ സ്ഥലം. ഏറെ ശാന്തമായ ഒരിടമാണ് ഇത്. ഒരു വെള്ളച്ചാട്ടം ഉണ്ടവിടെ. അത് നാട്ടില്‍ ചെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ട്. ഇവിടെയുള്ള സള്‍ഫര്‍ ബാത്ത് മറ്റൊരു ആകര്‍ഷണമാണ്.
ജോര്‍ജിയ വൈനുകള്‍ക്ക് പേര് കേട്ട ഇടമാണ്. വൈന്‍ നിര്‍മ്മാതാക്കളെ വിശ്വസിക്കാമെങ്കില്‍ അവരുടേത് പാരമ്പര്യരീതികള്‍ അവലംബിച്ചു നിര്‍മ്മിക്കുന്ന വൈനുകളാണ്. പാരമ്പര്യത്തിനു എണ്ണായിരത്തിലേറെ വര്‍ഷം പ്രായമുണ്ട്. കവ്‌രളി പ്രദേശമാണ് വൈനുകളുടെ നിര്‍മ്മാണ കേന്ദ്രം.
അവിടേക്ക് പോവുന്ന വഴിയില്‍ വഴിയോരങ്ങളില്‍ മുന്തിരികൊണ്ട് നിര്‍മ്മിച്ച പലവിധ പലഹാരങ്ങള്‍ വില്‍ക്കുന്നതു കാണാം. ഉണങ്ങിയ പഴങ്ങളും ധാന്യങ്ങളും ചേര്‍ത്ത് നിര്‍മ്മിച്ച മധുരപലഹാരങ്ങള്‍ വഴിയോരക്കടകളില്‍ തൂക്കിയിട്ടിരിക്കുന്നത് കാണാന്‍ രസമാണ്. പോവുന്ന വഴി വശങ്ങളിലൂടെ എണ്ണപൈപ്പ് ലൈനുകള്‍ കടന്നു പോവുന്നുണ്ട്. പെട്രോളിയം പമ്പ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത പമ്പുകള്‍ ഉപേക്ഷിച്ച മട്ടില്‍ കാണാനുണ്ട്. വൈന്‍യാഡുകള്‍ സന്ദര്‍ശകരെ എങ്ങനെയാണ് അവര്‍ വീഞ്ഞ് ഉത്പാദിപ്പിക്കുന്നതെന്ന് കാണിച്ചു കൊടുക്കുന്നു. വൈന്‍ ഖറെബയാണ് പോയ ഇടം എന്ന് ഓര്‍ക്കുന്നു. ഒരു നല്ല വരുമാന മാര്‍ഗമാണവര്‍ക്ക് സന്ദര്‍ശകര്‍.
സിഗ്നാഗി പട്ടണത്തില്‍ നവദമ്പതിമാരുടെ ഇഷ്ടയിടമാണ്. പ്രണയത്തിന്‍റെ നഗരം എന്നാണു ഈ പട്ടണത്തെ വിളിക്കുന്നത്. പ്രകൃതി ദൃശ്യങ്ങളാലും പഴയ കെട്ടിടങ്ങളാലും സമ്പന്നമായ ഈ പട്ടണത്തെ ചുറ്റി ഒരു വലിയ മതിലുണ്ട്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ നിര്‍മ്മിച്ച ഈ മതില്‍ ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാണ്. സെന്‍റ് നിനോ പള്ളിയും ഇവിടെയടുത്താണ്. ജര്‍മ്മന്‍ ചിന്തകനായിരുന്ന സോളമന്‍ ഡോഡാഷ്‌വിലിയുടെ പ്രതിമയും സിഗ്നാഗിയിലാണ്.
സമാധാനത്തിന്‍റെ പാലത്തിനരികില്‍ (Bridge of Peace) നിന്നും റിക്കെ പാര്‍ക്കിലേക്ക് പോവുമ്പോഴാണെന്ന് ഒരു വിവാഹ ഫോട്ടോ ഷൂട്ട് കണ്ടത്. വരനെ വധു ഒരു കൈയില്‍ പിടിക്കുന്നു തന്‍റെ ഭാഗത്തേക്ക്. വരന്‍റെ പെണ്‍സുഹൃത്തുക്കള്‍ മറ്റേ കൈയില്‍ പിടിച്ച് അവരുടെ ഭാഗത്തേക്ക് വലിക്കുന്ന രസകരമായൊരു കാഴ്ച.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.