scorecardresearch
Latest News

സാറാ തോമസ്: സൗമ്യവും സുന്ദരവുമായ എഴുത്തിന്റെ വേറിട്ട മുഖം

മലയാള സാഹിത്യലോകത്തെ വേറിട്ട വ്യക്തിത്വമായ സാറാ തോമസിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രശസ്ത സാഹിത്യകാരനായ ഡോക്ടർ ജോർജ് ഓണക്കൂർ

Sara Thomas, Sara Thomas writer, Sara Thomas died, Sara Thomas death, Sara Thomas works, George Onakkoor

സാറാ തോമസിന്റെ ദേഹവിയോഗത്തോടെ നഷ്ടമാകുന്നത് മലയാള കഥയിൽ ഏറെ പ്രിയങ്കരിയായ ഒരു ജ്യേഷ്ഠ സഹോദരിയുടെ സാന്നിദ്ധ്യമാണ്. വളരെ ഔദാര്യത്തോടുകൂടി, സ്നേഹത്തോടുകൂടി, സൗമ്യമായി ഇടപെട്ടിരുന്ന സാഹോദര്യത്തിന്റെ മുഖം. വ്യക്തിപരമായി  അവർ എനിക്ക് ജ്യേഷ്ഠ സഹോദരിയായിരുന്നു.

ഞങ്ങളുടെ ബന്ധത്തിന് ഇഴയടുപ്പമുണ്ടാകുന്നത് 1980കളുടെ ആദ്യമാണ്. 1979ൽ കേരള സാഹിത്യ അക്കാദമിയുടെ നോവലിനുള്ള പുരസ്‌കാരം തേടിയെത്തിയത് സാറാതോമസിനെയാണ്.  നാർമുടി പുടവ എന്ന അവരുടെ നോവലിനാണ് അവാർഡ് ലഭിച്ചത്. തൊട്ടടുത്ത വർഷം ആ ഭാഗ്യം എനിക്ക് കൈവന്നു. എന്റെ ഇല്ലം എന്ന നോവലിലൂടെ. എപ്പോഴും സൗഹൃദം സൂക്ഷിച്ചിരുന്ന, സ്നേഹം പ്രകടിപ്പിച്ചിരുന്ന, വ്യക്തിത്വത്തിന്റെ, സൗമ്യ സുന്ദരമായ മുഖം, മലയാള നോവലിൽ, കഥയിൽ സാറാ തോമസ് അടയാളപ്പെടുത്തി.

സാറാതോമസിന്റെ നാർമുടി പുടവ, ദൈവ മക്കൾ, മുറിപ്പാടുകൾ, അസ്തമയം, അഗ്നിശുദ്ധി, ഗ്രഹണം തുടങ്ങിയ രചനകൾ മലയാള നോവൽ സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളാണ്. പ്രത്യേകിച്ചും നാർമുടിപുടവ.

ബ്രാഹ്മണ സമുദായത്തിൽ, അതിന്റെ അകത്തളങ്ങളിൽ സംഭവിക്കുന്ന വസ്തുതകളും വ്യക്തിപരമായ സവിശേഷതകളും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവലാണ് നാർമുടി പുടവ. ഇത്രയേറെ സ്വാഭാവികതയോടുകൂടി അത്തിപ്പേറുടെ അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ ചിത്രണം എങ്ങനെ സാറാ തോമസിന് സാധ്യമായി എന്ന് എല്ലാവരും അത്ഭുതപ്പെട്ടു.

സാറാതോമസിന്റെ ജീവിത പങ്കാളി ഡോ.തോമസ് സക്കറിയയുടെ അടുക്കൽ ചികിത്സ തേടിയെത്തിയ ഒരു ബ്രാഹ്മണ കുടുംബത്തിന്റെ ജീവിത പശ്ചാത്തലം പഠിച്ച് അതിന്റെ അന്തർഭാവങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തിയപ്പോഴാണ് നാർമുടി പുടവ രൂപം കൊണ്ടത്. അതിന്റെ ഭാഷ, കഥാപാത്ര ചിത്രീകരണം, അന്തരീക്ഷം എന്നിവയൊക്കെ മൗലികവും സവിശേഷതയാർന്നതുമാണ്.

ഇതുപോലെ തന്നെയാണ് ദൈവമക്കൾ എന്ന നോവൽ. സമൂഹത്തിലെ കീഴാള വർഗം എന്ന വാക്കോ ദലിതർ എന്ന വിശേഷണമോ ഞാൻ ഉപയോഗിക്കുന്നില്ല. അവശത അനുഭവിക്കുന്ന സാധാരണ ജനവിഭാഗങ്ങളുടെ ജീവിതഗതി സൂക്ഷ്മമായി അവതരിപ്പിക്കുകയാണ് സാറാ തോമസ്. തികച്ചും സ്വാഭാവികതയയുള്ള രചനയാണത്.  ദലിത് സാഹിത്യം എന്ന്  ഇന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള ജീവിതാന്തരീക്ഷമാണ് അതിൽ പുലരുന്നത്.  സ്വാഭാവികമായി, മനോഹരമായി, ആ ജീവിതം  അവർ അടയാളപ്പെടുത്തുന്നത് നല്ല വായനാനുഭവം സൃഷ്ടിക്കുന്നു.

സാറാ തോമസിന്റെ ആദ്യകാല കൃതിയാണ് മുറിപ്പാടുകൾ. ഈ രചനയെ അടിസ്ഥാനമാക്കി പി എ ബക്കർ സംവിധാനം ചെയ്ത ചലച്ചിത്രമാണ് മണിമുഴക്കം. അത് വളരെയധികം ശ്രദ്ധിക്കപ്പെടുകയും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടുകയും ചെയ്തു.

മലയാള സാഹിത്യലോകത്തെ വേറിട്ട വ്യക്തിത്വമായ സാറാ തോമസ് നോവലുകൾക്ക് പുറമെ നൂറോളം ചെറുകഥകളും രചിച്ചിട്ടുണ്ട്. ഉന്നത ശീർഷയായ എഴുത്തുകാരി എന്ന നിലയ്ക്ക് മലയാള സാഹിത്യത്തിൽ അവ‍ർക്ക് അനന്യമായ സ്ഥാനം ഉണ്ട്. സംസ്കാര സുരഭിലമായിരുന്നു സാറാതോമസിന്റെ എഴുത്തും ജീവിതവും. സ‍ർഗഭാവനയുടെ മാന്ത്രികശക്തി സാഹിത്യത്തിൽ അടയാളപ്പെടുത്തിയ എഴുത്തുകാരിയാണ് അവർ. ബഹളങ്ങൾ സൃഷ്ടിക്കാതെ സർഗാത്മകതയിൽ മുഴുകി. ഇന്ന്  വളരെ ആഘോഷപൂർവ്വം കൊണ്ടാടപ്പെടുന്ന ഒന്നാണല്ലോ സ്ത്രീശക്തീകരണം. സ്ത്രീകളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന രചനകൾ എന്ന നിലയിൽ ഇന്ന് പ്രത്യക്ഷപ്പെടുന്ന  കൃതികളുണ്ട്, അതുമായി ബന്ധപ്പെട്ട  ആൾക്കൂട്ടവും ഉണ്ട്. എന്നാൽ, അത്തരം ആഘോഷങ്ങളിലൊന്നും ഉൾപ്പെടാതെ ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞ് എങ്ങും തിക്കിക്കയറാതെ, സൗമ്യയായി, സ്നേഹസമ്പൂർണയായി, കുലീനയായി, ആദരം ഏറ്റുവാങ്ങി ജീവിച്ച ശ്രേഷ്ഠയായ സഹോദരി എന്നാണ് സാറാ തോമസിനെ ഞാൻ ഓർമ്മിക്കുന്നത്.  

സഹജമായ കുലീന ഭാവം, സാഹോദര്യത്തിന്റ മധുരിമ, അന്തസ്സുള്ള, മനസ്സിൽ എപ്പോഴും നന്മ സൂക്ഷിച്ചിരുന്ന  നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്റെ സ്ത്രൈണഭാവം എപ്പോഴും സാറാ തോമസിൽ കണ്ടിട്ടുണ്ട്. വളരെ അടുത്ത് പരിചയപ്പെടാനും ഇടപഴകാനും ഭാഗ്യം സിദ്ധിച്ചയാൾ എന്ന നിലയക്ക്  ആ വിയോഗം അത്യന്തം വേദനാജനകമാണ്.

സാറാ തോമസിന്റെ മഹത്വം കാലം കൊണ്ടാടുക തന്നെ ചെയ്യും ഒരിക്കലും അവർ അടയാളപ്പെടുത്തിയവ മാഞ്ഞു പോകുകയില്ല. അവർ അവശേഷിപ്പിച്ചു പോകുന്ന സ്നേഹത്തിന്റെ അടയാളം അടുത്തവരുടെ മനസ്സിൽ എക്കാലവും  നിലനിൽക്കുകയും ചെയ്യും.

 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: George onakkoor remembers writer sara thomas