scorecardresearch

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-അധ്യായം 8

“കഴുകിയ വസ്ത്രങ്ങൾ ഉണക്കാൻ രണ്ട് രീതികളാണ് ഉള്ളത് ഒന്ന് വീടിനുള്ളിലെ താരതമ്യേന ഉയർന്ന താപത്തിൽ അഴകെട്ടി ഉണക്കാം അതല്ലെങ്കിൽ ഒട്ടുമേ ആർദ്രതയില്ലാത്ത അതിശിശിരത്തിലെ മൈനസ് തണുപ്പുകളിൽ പുറത്തെ അയയിൽ ഇട്ട് ഉണക്കിയെടുക്കാം!” ബിന്ദുവും സാജനും ചേർന്ന് എഴുതിയ യാത്രാവിവരണം എട്ടാം ഭാഗം

“കഴുകിയ വസ്ത്രങ്ങൾ ഉണക്കാൻ രണ്ട് രീതികളാണ് ഉള്ളത് ഒന്ന് വീടിനുള്ളിലെ താരതമ്യേന ഉയർന്ന താപത്തിൽ അഴകെട്ടി ഉണക്കാം അതല്ലെങ്കിൽ ഒട്ടുമേ ആർദ്രതയില്ലാത്ത അതിശിശിരത്തിലെ മൈനസ് തണുപ്പുകളിൽ പുറത്തെ അയയിൽ ഇട്ട് ഉണക്കിയെടുക്കാം!” ബിന്ദുവും സാജനും ചേർന്ന് എഴുതിയ യാത്രാവിവരണം എട്ടാം ഭാഗം

author-image
G Sajan
New Update
G Sajan Travelogue

ചിത്രങ്ങൾ: അഭിജിത് നാരായണൻ

കമ്മ്യൂണിസവും തൊപ്പിയെന്ന ദേശീയ പ്രശ്നവും

കോച് കോറിൽ (Kochkor) ഞങ്ങളുടെ ഹോംസ്റ്റേ കണ്ടുപിടിക്കാൻ വീണ്ടും കുറെ ബുദ്ധിമുട്ടി. കിട്ടിയ അഡ്രസ് അനുസരിച്ച് വലിയ മതിലിന്റെ മുൻപിലുള്ള ഒരു വീട്ടിലാണ് നൂർലാൻ ഞങ്ങളെ എത്തിച്ചത്. എത്ര വിളിച്ചിട്ടും വീടിന്റെ വാതിൽ തുറക്കുന്നില്ല. നൂർലാൻ സംശയത്തോടെ ഞങ്ങളെ നോക്കി. ഇവിടെയും പെട്ടോ എന്ന മട്ടിൽ ഒരു നോട്ടം.

Advertisment

ടോക്‌മോക്കിലെ അനുഭവം മനസ്സിലുണ്ടല്ലോ. എന്ത് ചെയ്യും? ഫോണിൽ സംസാരിക്കാൻ ഭാഷയും അറിയില്ല. ഇവിടെയും നൂർലൻ തന്നെ തുണയായി. അവരോട് ഫോണിൽ സംസാരിച്ചു. ഞങ്ങൾ നിൽക്കുന്നത് നഗരത്തിന്റെ മറ്റൊരു ഭാഗത്താണ്. കൃത്യ സ്ഥലം കണ്ടെത്തി ഞങ്ങളെ സുരക്ഷിതമായി ഏൽപ്പിച്ച്  നൂർലൻ യാത്ര പറഞ്ഞു.

കുറഞ്ഞ ദിവസത്തിനുള്ളിൽ ജീവിതത്തിൽ ആദ്യം കാണുന്ന ഈ മനുഷ്യനുമായി എന്തൊരു ആത്മബന്ധമാണുണ്ടായത് എന്ന് ഞങ്ങളോർത്തു. എന്തൊക്കെ തെറ്റായ ധാരണകളുമായാണ് ഞങ്ങൾ ഈ രാജ്യത്ത് എത്തുന്നത്.  ഈ രാജ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാൻ ഞങ്ങളെ ഏറെ സഹായിച്ചത് നൂർലനാണ്. അന്നത്തെ ആ രാത്രിയിൽ എത്ര ഉദാരമായാണ് ഇയാൾ ഞങ്ങളോട് പെരുമാറിയത്. എത്ര സുരക്ഷിതമായി അയാൾ ഞങ്ങളെ താമസ സ്ഥലം കണ്ടെത്താൻ സഹായിച്ചു.

 ഓരോ രാജ്യത്തെക്കുറിച്ചും എന്തൊക്കെ തെറ്റായ ധാരണകളുമായാണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നും. സത്യത്തിൽ എല്ലാ യാത്രകളും നമ്മളെ  പഠിപ്പിക്കുന്നത് മനുഷ്യർ അടിസ്ഥാനപരമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അന്യോന്യം സഹവർത്തിത്വം പുലർത്തി ജീവിക്കുക എന്നതാവും മനുഷ്യരുടെ അടിസ്ഥാന ചോദന. അക്രമവാസന വ്യക്തിയുടെ അടിസ്ഥാന ചോദനയല്ല. അപരന്റെ സുഖം ആത്മസുഖമാവുന്ന അനുഭവം ലോകത്തെവിടെയും ഒന്നുപോലെ തന്നെ. ഇതേക്കുറിച്ച് പറയുന്ന 'Humankind' എന്നൊരു പുസ്തകം തന്നെയുണ്ട്.

Advertisment

ഫ്രാൻസിൽ യാത്ര ചെയ്യുമ്പോൾ പാരീസിലെ മെട്രോ സ്റ്റേഷനിൽ കണ്ട രണ്ടു വൃദ്ധ ദമ്പതികളെ ഞങ്ങളോർക്കുന്നു. ഭാഷയറിയാതെ ബുദ്ധിമുട്ടിയ ഞങ്ങളെ ഞങ്ങളുടെ പ്ലാറ്റ്ഫോമിലെത്തി ട്രെയിൻ കയറ്റി വിടാനായി അവർ മൂന്ന് തവണയെങ്കിലും പല നിലകളിലുള്ള പടികൾ ഇറങ്ങുകയും കയറുകയും ചെയ്തു. എൺപത് വയസ്സെങ്കിലും ആയിരുന്നു ഇരുവർക്കും. ഞങ്ങളെ സഹായിക്കാൻ വേണ്ടി മാത്രമാണ് അവർ ഈ നടപ്പൊക്കെ നടന്നത്. സൗഹൃദം തീരെയില്ലാത്ത പാരീസുകാർ എന്ന് ധരിച്ചുപോയ ഞങ്ങൾ മാനുഷികമായ ഈ സ്പർശത്തിൽ അമ്പരന്നുപോയി.

മറ്റൊരു ഓർമ്മ ഇറ്റലിയിലെ സാലാ മണ്ടേലി എന്ന ചെറിയ ഗ്രാമത്തിൽ ഞങ്ങളുടെ ഡ്രൈവറും ഗൈഡുമായി വന്ന റോബെർട്ടോയെക്കുറിച്ചാണ്. ഞങ്ങൾ ആ ചെറിയ റെയിൽവേ സ്റ്റേഷനിൽ ആരേയും കാണാതെ അന്തംവിട്ട് നിൽക്കുമ്പോളാണ് തന്നേക്കാൾ പ്രായം തോന്നുന്ന കാറിൽ എഴുപത്തി അഞ്ച് വയസ്സുള്ള റോബർട്ടോ ഞങ്ങളെ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോകാനായി വരുന്നത്.

ഒരു വാക്ക് പോലും അന്യോന്യം സംസാരിക്കാൻ കഴിയില്ലെങ്കിലും മൂന്ന് ദിവസം കൊണ്ട് ഞങ്ങൾ തമ്മിൽ വലിയൊരു ഹൃദയ ബന്ധമുണ്ടായി. ആയിരം വർഷം പഴക്കമുള്ള ഒരു വീട്ടിൽ ഞങ്ങളെ താമസിപ്പിച്ചതും ഭക്ഷണം തയ്യാറാക്കി തന്നതും ഒരു ദിവസം രാത്രിയിൽ തൊട്ടടുത്തുള്ള പള്ളി പെരുന്നാളിന് കൊണ്ടുപോയതുമൊക്കെ റോബർട്ടോ ആയിരുന്നു.

തിരിച്ചുവരാൻ നേരം റോബെർട്ടോയുടെ കണ്ണ് നിറഞ്ഞു. ബിന്ദുവിന് ആ തോട്ടത്തിൽ നിന്ന് സമ്മാനമായി നൽകിയ ചെറിയ പൂച്ചെടിക്ക് ബിന്ദു റോബർട്ടോ എന്നാണ് പേര് നൽകിയത്. എന്തത്ഭുതം, ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തിയ ആ ചെടി പേരൂർക്കടയിലെ "ഹരിത"ത്തിലെ മണ്ണിൽ വളരുകയും പൂക്കുകയും ചെയ്തു. ഇതേപോലെ ഞങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരടുപ്പം നൂർലാനുമായുണ്ടായി.

Sajan G | Travelogue

നൂർലൻ, കിർഗിസ് സമൂഹത്തിൽ ഒറ്റപ്പെട്ട പ്രതിഭാസം ഒന്നുമല്ല. ഞങ്ങൾ കണ്ട എല്ലാ കിർഗീസുകാരും ഞങ്ങളോട് ഏറെ അനുഭാവത്തോടെ പെരുമാറുകയും സഹായിക്കുകയും ചെയ്യുന്നവരായിരുന്നു.  ഏതെങ്കിലും തരത്തിൽ ഞങ്ങളെ പറ്റിക്കാനുള്ള ശ്രമം ഈ യാത്രകളിൽ ഒരിക്കൽപോലും ഉണ്ടായില്ല.

ടോക്‌മോക്കിൽ ഞങ്ങൾക്കുണ്ടായ അനുഭവത്തിൽ ഏറ്റവും വേദനിച്ചത് സ്വെറ്റ്‌ലാനയാണ്. അവൾ അബുവിന് തുടർച്ചയായി വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. "ഡ്രൈവർ വന്നോ?" "ഹോട്ടൽ കിട്ടിയോ?" എന്നതൊക്കെ അവൾ ഉറപ്പാക്കി. "ഞങ്ങൾക്ക് കിട്ടിയത് നല്ല ഒരു ഡ്രൈവറെയാണ്, അതുകൊണ്ട് സുരക്ഷിതമായി എത്തി," എന്നറിയച്ചപ്പോൾ "നിങ്ങൾ കാണുന്നവരെല്ലാം നല്ലവരായ കിർഗീസുകാർ മാത്രമാവട്ടെ!" എന്ന് അവൾ ആശംസിക്കുകയും ചെയ്തു.

അവളുടെ ആശംസയുടെ ഫലമാണോ എന്നറിയില്ല ഞങ്ങൾ കണ്ടവരെല്ലാം ഏറെ സൗഹാർദത്തോടെ പെരുമാറുകയും എല്ലാ കാര്യത്തിലും ഞങ്ങളെ സഹായിക്കുകയും ചെയ്തു. യാത്രകൾ മാനവികതയിലുള്ള നമ്മുടെ  വിശ്വാസം വർധിപ്പിക്കുന്നതേയുള്ളു.

അങ്ങനെ ഞങ്ങൾ കൊച്ച കോറിൽ ഞങ്ങളുടെ ആതിഥേയയായ എൽമീറയുടെ  വീട്ടിലേക്ക് കയറി. അതിമനോഹരമായ ചെറിയൊരു വീടാണ്. ചുറ്റുമുള്ള ആപ്പിൾ തോട്ടത്തിൽ പഴങ്ങൾ നിറയെയുണ്ട്. ഷൂസ് പുറത്തു ഊരി  വച്ചുവേണം ഉള്ളിലേക്ക് കയറാൻ. വീടിനുള്ളിൽ ചിത്രങ്ങൾ നിറഞ്ഞ വലിയ കാർപെറ്റുകളാണ്. സ്വീകരണ മുറിയിൽ പകുതിയോളം ചെടികൾ കീഴടക്കിയിരിക്കുന്നു.

ഒരു ഭാഗത്ത് വലിയ  ഫയർ പ്ളേസുണ്ട്. അതിഥികൾക്ക് താമസിക്കാൻ മൂന്ന് മുറികൾ. ഞങ്ങളുടെ കയ്യിൽ നിന്ന് ഒന്നര മുറിയുടെ വാടകയേ വാങ്ങൂ എന്ന് ചിരിയോടെ എൽമീറ സമ്മതിച്ചു.കേറിയപ്പോൾ തന്നെ ഞങ്ങൾ  ഞങ്ങളുടെ പ്രശ്നം അവതരിപ്പിച്ചു.

"ബേസ്  മിയാസ…" പച്ചക്കറി ഭക്ഷണം കിട്ടണം.

ഒരു പ്രശ്നവുമില്ല. ശരിയാക്കിത്തരാം. എൽമീറ ചിരിച്ചു.  വാക്ക് പാലിച്ചു കൊണ്ട്  പലതരം റവക്കഞ്ഞികളും വെജിറ്റബിൾ പുലാവും വിവിധ തരത്തിലുള്ള നോനുകളും  സാലഡുകളും അവർ ഒരുക്കി.

എൽമീറയ്ക്ക് അറുപത് വയസ്സിൽ കൂടുതലായി. വീട്ടിൽ മറ്റാരും സഹായിക്കാനില്ല.  സ്ഥലം വൃത്തിയാക്കുന്നതും ഞങ്ങൾക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കുന്നതും കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതുമെല്ലാം എൽമീറ തന്നെ.  ഭർത്താവ് കൂടെയുണ്ട്. എന്നാൽ അദ്ദേഹം മരപ്പണി തുടങ്ങിയ പ്രത്യേക സ്‌കിൽ വേണ്ട ജോലികളാണ് ചെയ്യുന്നത് എന്ന് തോന്നുന്നു. വീട്ടിൽ അപൂർവമായേ ഞങ്ങൾ അദ്ദേഹത്തെ കണ്ടുള്ളു.

ആറ് കുട്ടികളുണ്ട് ഈ ദമ്പതികൾക്ക്. അവരെല്ലാവരും ബിഷ്കെക്കിൽ പലതരം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. തൊഴിലുകൾ വളരെ കുറവാണ്. ചെറുപ്പക്കാർ ഇപ്പോൾ റഷ്യയിലേക്കും മറ്റും ജോലിയന്വേഷിച്ചു പോകുന്ന സ്ഥിതിയാണ്,  എൽമീറ വിശദീകരിച്ചു.

ഞങ്ങൾക്ക് എൽമീറയെ കണ്ടപ്പോൾ റഷ്യൻ കഥാപുസ്തകങ്ങളിൽ കാണുന്ന സുന്ദരി മുത്തശ്ശിയായ ബാബുഷ്‌ക്കയെ ആണ് ഓർമ്മ വന്നത്. എപ്പോഴും ചിരിച്ച് സന്തോഷത്തോടെ കാണുന്ന ഒരു മുത്തശ്ശി. മാത്രമല്ല, അബുവിനോട് ഇവർക്ക് വലിയ വാത്സല്യവും.

ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് അബു ഇവരോട് സ്ഥിരമായി വർത്തമാനം പറയാൻ തുടങ്ങി. അവർ ഞങ്ങളുടെ കൂടെയിരുന്ന് ധാരാളം കഥകൾ പറയാനും തുടങ്ങി. അബുവിന്റെ പിറകെ നടന്ന് "അബൂ. അബൂ..." എന്ന് വിളിക്കുന്നത് കണ്ടപ്പോൾ വീട്ടിൽ മുത്തശ്ശി വിളിക്കുന്നതുപോലെയാണിത് എന്ന് അബു അവരോട് പറഞ്ഞു. ഈ സംഭാഷണം അവൻ റെക്കോർഡ് ചെയ്ത് മുത്തശ്ശിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

യാത്ര നാലാം ദിവസം എത്തിയപ്പോഴേക്കും ബിന്ദുവിന് ചെറിയ ഒരു പനി  പോലെ. എന്തായാലും ഇത്ര മനോഹരമായ ഒരു വീട്ടിലാണല്ലോ താമസം. മാത്രമല്ല എൽമീറയുമായി കൂടുതൽ സംസാരിച്ചിരിക്കുകയുമാവാം. ഒരു ദിവസം വിശ്രമിച്ച് പിന്നീട് യാത്ര തുടരാം.

സമയം പോകാൻ കുറച്ച് ബിയർ വാങ്ങിയാലോ? ഞാനും അബുവും കൂടി പട്ടണത്തിലേക്കിറങ്ങി. ഇവിടെ എല്ലാ സൂപ്പർ സ്റ്റോറിലും  ബിയറും വോഡ്‌കയുമൊക്കെ കിട്ടും. അത് തപ്പിക്കൊണ്ടിരിക്കുമ്പോൾ മനോഹരമായ പച്ച ലേബലിൽ 'ചാച്ച' എന്ന് പേരുള്ള ഒരു മദ്യമിരിക്കുന്നു. നോക്കിയപ്പോൾ ഇതൊരു ജോർജിയൻ ബ്രാണ്ടിയാണ്.

 വീ ഉണ്ടാക്കിക്കഴിഞ്ഞു ബാക്കിവരുന്ന മുന്തിരി സത്ത് വീട്ടിൽ വാറ്റിയെടുക്കുന്ന മദ്യം. ഒരു കുപ്പി 'ചാച്ച'യും ബിന്ദുവിന് ഒരു കുപ്പി വീഞ്ഞും വാങ്ങിച്ചാണ് ഞങ്ങൾ തിരിച്ചു പോയത്. ഇത്ര സ്വാദുള്ള മദ്യം ഞങ്ങൾ അപൂർവമായേ കഴിച്ചിട്ടുള്ളു. അന്ന് 'ചാച്ച'യും എർലീന ഉണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണവുമായി വീട്ടിൽ തന്നെ കൂടി. വൈകിട്ട് ചെറുതായി പുറത്തിറങ്ങി നടക്കുകയും ചെയ്തു.

വീഞ്ഞിന്റെ കുപ്പി തുറക്കാൻ ഒരു കോർക്ക് ഓപ്പണർ വേണം. ഇവിടെ കടകളിൽ സ്റ്റോപ്പോർ എന്ന് പറഞ്ഞു അന്വേഷിക്കണമത്രേ. അതന്വേഷിച്ച് അബു എല്ലാ സൂപ്പർ സ്റ്റോറിലും കയറിയിറങ്ങി. ഒറ്റ സ്ഥലത്തും സാധനം കിട്ടാനില്ല.

പത്തു കടകളിൽ അബു ചോദിച്ചു, "സ്റ്റോപ്പേർ... സ്റ്റോപ്പേർ …" കൂടെ ആംഗ്യവും. ഒന്നും ഫലിച്ചില്ല.

"ഉ വാസ് എസച് സ്റ്റോപ്പോർ ..."

ഇല്ല, ഇവിടെയില്ല, ഇന്നലെ വരെ ഉണ്ടായിരുന്നു..എവിടെയും വീഞ്ഞിന്റെ കുപ്പി തുറക്കാനുള്ള സ്റ്റോപ്പേർ ഇല്ല. ഈ സ്റ്റോപ്പേർ അന്വേഷണം ഞങ്ങളുടെ യാത്രയുടെ അവസാനം വരെ തുടരുന്ന ഒരു തമാശയായി മാറി എന്നത് പിറക്കെ കാണാം.

അന്ന് വലിയ പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ വീടിന്റെ വിവിധ ഭാഗങ്ങളിൽ കൂടിയാവട്ടെ ഇന്നത്തെ യാത്ര എന്ന് തീരുമാനിച്ചു. സോവിയറ്റ് കാലത്ത് വികസിച്ചുവന്ന ഒരു സാറ്റലൈറ്റ് പട്ടണമാണിത്. ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് അറുപത് വർഷം പഴക്കം കാണും. ഗ്രാമങ്ങളിലെ വലിയ ഫാം ഹൗസുകളുടെ മാതൃകയിലാണ് ഈ വീട് പണിതിരിക്കുന്നത്.

പഴയ ഭാഗം ഇപ്പോൾ ടൂറിസ്റ്റുകൾക്കായി മാറ്റി വച്ചിരിക്കുന്നു. പുതിയതായി പണിത കൂടുതൽ ആധുനികമായ ഭാഗത്താണ് എർലീനയും കുടുംബവും താമസിക്കുന്നത്. വലിയ മുറ്റം നിറയെ പലതരം മരങ്ങളുണ്ട്. വലിയ മതിലും അതിനേക്കാൾ വലിയ ഗേറ്റും. ഇത്തരം വലിയ ഗേറ്റുകൾ ഇവിടത്തെ പ്രത്യേകതയാണ്.

Sajan G | Travelogue

അതിനേക്കാൾ വലിയ ആകർഷണം പഴയ സോവിയറ്റ് കാലത്തിന്റെ മുദ്രയുള്ള മനോഹരമായി ചിത്രപ്പണികൾ ചെയ്ത ഒരു തടിപ്പെട്ടി ആയിരുന്നു. അതിന്റെ മുകളിൽ വലിയൊരു റെഡ് സ്റ്റാർ ചുവന്ന നിറത്തിൽ ആലേഖനം ചെയ്തിരുന്നു. പെട്ടിയിൽ വലിയ ഒരു ആൽബം. അതിന്റെ പുറത്ത് ‘മയ സെമ്യ’ -മൈ ഫാമിലി എന്ന് എഴുതിയിട്ടുണ്ട്.   ആൽബത്തിലെ പഴയ ചിത്രങ്ങളിലൂടെ ഞങ്ങൾ കൗതുകത്തോടെ കടന്നുപോയി.

സുന്ദരിയും ചെറുപ്പക്കാരിയുമായ എൽമീറ, കൂട്ടുകാരികൾക്കൊപ്പം കളിച്ച് ഉല്ലസിച്ചു നിൽക്കുന്ന എൽമീറ. പ്രായം ചെന്ന കുടുംബങ്ങളുടെ ധാരാളം ചിത്രങ്ങൾ. എല്ലാം പഴയ സോവിയറ്റ് കാലത്തേ ചിത്രങ്ങളാണ്.

തൊട്ടടുത്ത പേജ് മറിച്ചപ്പോൾ അതാ അത്ഭുതങ്ങളിൽ അത്ഭുതം

ജോസഫ് സ്റ്റാലിൻ അതാ ഇരിക്കുന്നു എൽമീറയുടെ കുടുംബ ആൽബത്തിൽ.

ഞങ്ങൾക്ക് കൗതുകം മറച്ചുവയ്ക്കാനായില്ല.

"യു കമ്മ്യൂണിസ്റ്റ്...?" എന്റെ ചോദ്യം 'അറബിക്കഥ' സിനിമയിലെ ക്യൂബ മുകുന്ദന്റെ പോലിരുന്നു എന്ന് പിന്നീട് അബു പറഞ്ഞു.

‘ദാ... ദാ …" അതെ, അതെ എൽമീറ പറഞ്ഞു.

"ഇത് സ്റ്റാലിൻ.. ഈ കുടുംബ ആൽബത്തിൽ?"  ഞാൻ വീണ്ടും ക്യൂബ മുകുന്ദനായി.

"ദാ...ദാ...” എൽമീറ പറഞ്ഞു.

Sajan G | Travelogue

.ആൽബത്തിലെ പഴയ പടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ആൽമീറ അവരുടെ കുടുംബത്തിന്റെ കഥ പറഞ്ഞു. എൽമീറയുടെ മുത്തശ്ശൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായിരുന്നു. പിന്നീട് ഈ കുടുംബത്തിലുള്ള എല്ലാവരും  പാർട്ടിയുടെ പല ഘടകങ്ങളിൽ പ്രവർത്തിച്ചു തുടങ്ങി. പാർട്ടിയുടെ യുവ ഘടകമായ കൊംസോമോളിൽ ആയിരുന്നു എർലീന. അതൊക്കെ വളരെ രസകരമായ ഒരു കാലമായിരുന്നു.

“എന്നാൽ ഇപ്പോൾ ഇവിടെ കമ്മൂണിസം ഇല്ല.” എർലീന പറഞ്ഞു.

കമ്മ്യൂണിസവും ഒപ്പം ജനാധിപത്യവും ഉള്ള ഒരു സ്ഥലത്തു നിന്നാണ് ഞങ്ങൾ വരുന്നത്. ഇന്ത്യ എന്നൊരു രാജ്യത്തിന്റെ  തെക്കേ അറ്റത്തു സോവിയറ്റ് സാഹിത്യത്തിലും രാഷ്ട്രീയത്തിലും പ്രചോദിതരായ ഒരു ജനതയുണ്ട് എന്ന് ഞങ്ങൾ അവരോട് പറഞ്ഞു.

“നിങ്ങൾ എങ്ങനെയാണ് കമ്മ്യൂണിസത്തെ സംരക്ഷിച്ചത്?” ഒരു ആത്മഗതം എന്ന നിലക്കാണ് എൽമീറ ചോദിച്ചത്.

പഴയ സോവിയറ്റ് കാലത്തെക്കുറിച്ചു നല്ല ഓർമ്മകളും ഗൃഹാതുരത്വവും പേറുന്ന ചിലരെ ഈ യാത്രയിൽ ഞങ്ങൾ കണ്ടു. ആ കാലത്തേ പ്രശ്നങ്ങൾ അംഗീകരിക്കുമ്പോഴും തീഷ്ണമായ വെറുപ്പ് ആരിലും തന്നെ കണ്ടില്ല എന്ന് പറയാം. കഴിഞ്ഞ മുപ്പത് വർഷത്തെ രാഷ്ട്രീയമായ അസ്ഥിരതയും ഏകാധിപത്യ വാഴ്ചയും വിവിധ ഗോത്ര വംശങ്ങൾ തമ്മിലുള്ള സംഘർഷവും ആൾക്കാരെ മടുപ്പിച്ചിട്ടുണ്ട്. അതിനൊപ്പമാണ് ഉയർന്നു വരുന്ന തൊഴിലില്ലായ്മയുടെ പ്രശ്നങ്ങൾ.

എർലീനയുടെ ആറ് മക്കളും ബിഷ്കെക്ക് അടക്കമുള്ള സ്ഥലങ്ങളിൽ ജോലിക്കായി കഷ്ടപ്പെടുകയാണ്. അറുപതാം വയസ്സിൽ തനിച്ചുവേണം ഈ ഹോംസ്റ്റേ നടത്താൻ. എന്നാൽ കമ്മൂണിസം പഴയ രീതിയിൽ തിരിച്ചു വരില്ല എന്ന് എർലീനയ്ക്ക് തീർച്ചയാണ്.

Sajan G | Travelogue

അപ്രതീക്ഷിതമായി കണ്ട സ്റ്റാലിന്റെ ചിത്രവും കമ്മ്യൂണിസത്തെക്കുറിച്ച് നല്ല ഓർമ്മകൾ മാത്രമുള്ള ഈ ബാബുഷ്‌ക്കയെയും കണ്ട ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. റോഡിന്റെ ഒരു ഭാഗത്ത് കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് സഖാവ് ലെനിൻ നിൽക്കുന്നുണ്ട്. തൊട്ടപ്പുറത്ത് ഒരു റഷ്യൻ ബാബുഷ്‌ക്കയുടെ വലിയ ശില്പവും.

ഞങ്ങൾ അന്ന് മുഴുവൻ കോച് കോർ എന്ന ചെറിയ പട്ടണത്തിലൂടെ നടന്നു. ഇവിടെയും വിശാലമായ റോഡുകളും നടപ്പാതകളും ഗാർഡനുകളുമുണ്ട്. ധാരാളം പൂക്കൾ വളർന്നു പടർന്നു നിൽക്കുന്ന വീഥികൾ. പാതയോരത്തെ ഒരു പൂന്തോട്ടത്തിൽ ഫോട്ടോ എടുക്കാൻ പോസ് ചെയ്ത ബിന്ദുവിന്റെ സമീപത്തേക്ക് കിർഗിസ് തൊപ്പിയിട്ട ഒരു മധ്യ വയസ്കൻ  ഓടിക്കയറി വന്നു.

"ഞാനും കൂടെ നിൽക്കട്ടെ?" അയാൾ ചോദിക്കുന്നു. അയാൾ സന്തോഷത്തിന്റെ ഉന്നതമായ ലഹരിയിലാണ്. "വളരെ സന്തോഷം." ബിന്ദു പറഞ്ഞു. ബിന്ദു അയാൾക്കൊപ്പം ഒരു  ഫോട്ടോ എടുക്കുന്നു. അയാൾ കൂടുതൽ സന്തോഷത്തോടെ തിരിച്ചു പോകുന്നു. ഈ രംഗം പല സ്ഥലത്തും ആവർത്തിക്കുന്നുണ്ട്. അപൂർവം ചിലർ മാത്രം ഫോട്ടോ എടുത്തതിന് ശേഷം പണം ചോദിക്കുന്നുമുണ്ട്.

Sajan G | Travelogue

പട്ടണത്തിന്റെ ഉൾഭാഗത്തേക്ക് നടന്നാൽ വലിയൊരു പാർക്കും ഒരു കിനോ തിയറ്ററുമുണ്ട്. അതായത് സിനിമ തീയേറ്റർ. പാർക്ക് മുഴുവൻ ചെറിയ ധാരാളം പ്രതിമകൾ. ആ പ്രദേശത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖരുടെ ശില്പങ്ങളാണ്. ഇതിൽ ഒരു സ്ത്രീപോലുമില്ല. ഒരു കൊച്ചുപെൺകുട്ടി എന്തോ വായിച്ചുകൊണ്ട് അവിടെ മരത്തണലിൽ ഇരിക്കുന്നു. ഞങ്ങൾ അവളുടെ ഏകാന്തതയെ ഭഞ്ജിച്ചത് പെൺകുട്ടിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ഞങ്ങളും അവളെ ശല്യപ്പെട്ടുത്താതെ തിരിച്ചു നടന്നു.

റോഡ് മുഴുവൻ എഴുപതുകളിലെ സോവിയറ്റ് കാറുകളാണ്. റഷ്യയിൽ നിന്ന് പഴയ കാറുകൾ ഇറക്കുമതി ചെയ്യുന്നത് കിർഗിസ്ഥാനിൽ വലിയൊരു വ്യാപാരമായി വളർന്നിട്ടുണ്ട്. പലതിന്റെയും ഗ്ലാസുകൾ  പൊട്ടിയിട്ടുണ്ട്. വശങ്ങൾ ഇടിച്ചു ചളുങ്ങിയിട്ടുണ്ട്.

“എഴുപതുകൾക്ക് ശേഷം ഇവർ ഈ കാറുകൾ കഴുകിയിട്ടില്ല എന്ന് തോന്നുന്നു.” ഞാൻ  പറഞ്ഞു.

“ഈ നഗരം മുഴുവൻ ഗർഭിണികളാണ്. ഞാൻ ഇന്ന് അഞ്ചു ഗർഭിണികളെ കണ്ടു.” ബിന്ദു പറഞ്ഞു.

കോച് കോറിൽ നിന്നാണ് ഞങ്ങൾ കിർഗിസ്താന്റെ പുതിയ ദേശീയതയുടെ പ്രതീകമായ  കൽപാക്ക് എന്ന തൊപ്പി വാങ്ങിയത്. നീളത്തിൽ നാല് വശങ്ങളുള്ള കറുത്ത ചിത്രപ്പണികൾ ചെയ്ത മനോഹരമായ ഫെൽറ്റ് തൊപ്പി. തണുപ്പിൽ നിന്ന് ശിരസ്സിനെ പ്രതിരോധിക്കാൻ ഇത് വളരെ നല്ലതാണ്.

സോവിയറ്റ് കാലഘട്ടത്തിന് ശേഷം സ്വന്തം ദേശീയ സ്വത്വം കണ്ടെത്താനുള്ള ശ്രമത്തിലാണ് കിർഗിസ്ഥാനിൽ ഈ തൊപ്പി തിരിച്ചെത്തുന്നത്.  ഈ രാജ്യത്തിന്റെ അതിരുകളിൽ ഉയർന്നു നിൽക്കുന്ന ഹിമ ശിഖരങ്ങളെ ഈ തൊപ്പി നമ്മുടെ ഓർമ്മയിൽ കൊണ്ടുവരും. തൊപ്പിയുടെ നാലു ഭാഗങ്ങൾ ജലവും ഭൂമിയും അഗ്നിയും ആകാശവുമാണ്. വരച്ചു ചേർത്ത ചിത്രങ്ങൾ പ്രതീകാത്മകമാണ്.

കൽപാക്ക് ധരിച്ചു അഭിമാനത്തോടെ നടക്കുന്ന ധാരാളം മുതിർന്ന ആളുകളെ രാജ്യത്തെവിടെയും കാണാം. കൽപാക്ക് ധരിച്ചാണ് നമ്മൾ സഞ്ചരിക്കുന്നതെങ്കിൽ കിർഗിസുകാർക്ക് നമ്മളോട് ഒരു പ്രത്യേക സ്നേഹമാണ് എന്നതുകൊണ്ട് തന്നെ ഞാൻ സ്ഥിരമായി കാൽപാക്ക് ധരിക്കാൻ തുടങ്ങി.  ബാങ്കിൽ കണ്ട സുന്ദരി എന്റെ തൊപ്പിയിൽ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് ഡോളർ മാറ്റി പകരം സോം തന്നു. കടകളിൽ കൂടുതൽ സൗഹൃദം ലഭിച്ചു. എങ്കിൽ ഇതാവട്ടെ ഇവിടെ സ്ഥിരം വേഷം എന്ന് ഞാനും കരുതി.

Sajan G | Travelogue

2017 ൽ ബിഷ്കെക്കിൽ നടന്ന ഒരു ഡോഗ് ഷോയിൽ ഒരു പട്ടിയെ ഈ തൊപ്പി അണിയിച്ചത് വലിയ ദേശീയ പ്രശ്നമായി മാറിയിരുന്നു.  മാതൃ രാജ്യത്തെ അപമാനിക്കുന്നു എന്നായിരുന്നു ആരോപണം.

പ്രധാന മന്ത്രി അടക്കമുള്ളവർ വിശേഷ അവസരങ്ങളിൽ ഈ തൊപ്പി ധരിക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്തായാലും സോവിയറ്റ് കാലത്തിനു ശേഷം ഈ രാജ്യം നേരിടുന്ന സ്വത്വ പ്രതിസന്ധിയുടെ ഒരു നേർക്കാഴ്ചയായി ഈ തൊപ്പി പ്രശ്നം കാണാം.

ഞങ്ങൾ താമസിക്കുന്ന ഹോംസ്‌റ്റേയിൽ ബെൽജിയത്ത് നിന്നുള്ള രണ്ട് പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. അവിടെ നഴ്സിങ് ജോലിയാണ് ഇരുവർക്കും. ഇപ്പോൾ ചെറിയ ഒരു ബ്രേക്ക് എടുത്ത് യാത്രയ്ക്ക് ഇറങ്ങിയിരിക്കുന്നു. ഉസ്‌ബെക്കിസ്ഥാൻ മുഴുവൻ കറങ്ങി ഓഷ് വഴി ഇപ്പോൾ കോച് കോറിൽ എത്തി. നാളെ സോങ് കൂൾ തടാകത്തിലേക്ക് പോകണം.

കിർഗിസ്ഥാനിലെ സുസ്ഥിര ട്രാവൽ സംവിധാനത്തിന്റെ ഭാഗമായ കമ്മ്യൂണിറ്റി ബേസ്‌ഡ് ടൂറിസം എന്ന കമ്പനി വഴിയാണ് പോകുന്നത്. നിർഭാഗ്യവശാൽ അവർക്ക് തടാകത്തിന്റെ തീരത്ത് താമസിക്കാൻ യെർട്ട് ഒന്നും കിട്ടിയില്ല. സീസൺ കഴിഞ്ഞതിനാൽ യെർട്ടുകൾ അഴിച്ച് എല്ലാവരും തിരിച്ചുപോന്നത്രെ. ഇത് കേട്ടപ്പോൾ ഞങ്ങൾക്കും ആശങ്കയായി. ഞങ്ങളുടെ അടുത്ത യാത്രയും ഈ തടാകതീരത്തേക്കാണ്. അവിടെ രാത്രി യെർട്ടിൽ താമസിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ യാത്ര കൊണ്ട് എന്ത് ഗുണം.

പെൺകുട്ടികൾ സമ്മാനമായി അവരുടെ കയ്യിലുള്ള ഉസ്ബെക്ക് സിം അബുവിന് കൊടുത്തു.

അവർ പോയിക്കഴിഞ്ഞപ്പോൾ വന്നത് അമേരിക്കയിൽ നിന്നുള്ള തോമസ് പഘാം എന്നൊരു കൊച്ചു പയ്യനാണ്. അമേരിക്കയിലെ യൂറ്റാ പ്രവിശ്യയിൽ നിന്നാണ്  വരുന്നത്, അവൻ പറഞ്ഞു.

"ഓ, മോർമോൺസിന്റെ സ്ഥലം?" അബു ചോദിച്ചു.

അതേ, അവൻ പറഞ്ഞു. വളരെ പ്രത്യേകതയുള്ള ഒരു റിലീജിയസ് സെറ്റ് ആണ് മോർമോൺസ്.

തോമസ്,  ഉസ്‌ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, താലിബാൻ ഭരിക്കുന്ന അഫ്ഘാനിസ്ഥാൻ എന്നിവ കടന്നാണ് ഇപ്പോൾ കിർഗിസ്ഥാനിൽ എത്തിയിരിക്കുന്നത്. ഇത്ര ചെറുപ്പത്തിൽ എന്തൊക്കെ യാത്ര അനുഭവങ്ങൾ. ഞങ്ങൾ കുറച്ച് അസൂയയോടെ അവനെ നോക്കി.

അന്ന് കൊച്ചുകോറിന് തൊട്ടടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്ക് ഒരു ട്രെക്കിങ് നടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ. മൂന്ന് കിലോമീറ്റർ നടന്നാൽ കാപ് ടൂ എന്ന ഗ്രാമമാണ്. മഷ്‌റൂക ഉണ്ടെങ്കിലും നടക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം.
 
ടോക്‌മോക്കിലേക്കാൾ കൂടുതൽ സൗഹൃദം പ്രകടിപ്പിക്കുന്ന ആൾക്കാരാണ് ഇവിടെ എന്ന് തോന്നുന്നു. കുട്ടികൾ നമ്മളെ കാണുമ്പൊൾ അഭിവാദ്യം ചെയ്യുന്നുണ്ട്.

"Where are you from?" വഴിയിൽ ഒരു പെൺകുട്ടി അബുവിനോട് ഇംഗ്ലീഷിൽ ചോദിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നവരെ കാണുന്നത് വളരെ അപൂർവമാണ്. ഇവൾക്ക് ഞങ്ങളോട് ഒരല്പം ഇംഗ്ലീഷ് പറയാൻ ആഗ്രഹമുണ്ട് എന്ന് തോന്നി.

"ഇന്ത്യ,"  അബു പറഞ്ഞു.

"Oh, what a beautiful country!" അവൾ ചിരിക്കുന്നു. ഇന്ത്യക്കാർ കിർഗിസ്ഥാൻ എന്നൊരു രാജ്യത്തെക്കുറിച്ചുപോലും കേട്ടിട്ടുണ്ടാവില്ല എന്ന് ഞങ്ങൾ അവളോട് പറഞ്ഞില്ല. വഴിയിൽ സൊറ പറഞ്ഞിരിക്കുന്ന വൃദ്ധന്മാരും സ്കൂൾ വിട്ടുവരുന്ന കുട്ടികളുമാണ്.

ഒരു ഭാഗത്ത് വലിയൊരു മൃഗാശുപത്രി. നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ ആശുപത്രികളേക്കാൾ വലുത്. കുറച്ചു കഴിഞ്ഞാൽ ഗ്രാമത്തിന്റെ അതിർത്തിയാണ്. പിന്നീടങ്ങോട്ട് വീടുകളോ കെട്ടിടങ്ങളോ ഇല്ല. വലിയ കുതിരലായങ്ങൾ കാണാം. പിന്നീട് വലിയ ഒരു പച്ചപ്പുമില്ലാത്ത കുന്നുകളാണ്.

അപ്രതീക്ഷിതമായാണ് ആ കാഴ്ച കണ്ടത്.  ഒരു വലിയ സംഘം  ആടുകളെ മേയ്ച്ചുകൊണ്ട് കുതിരപ്പുറത്തിരിക്കുന്ന ഒരു മുഴുവൻ കുടുംബവും. കുതിരപ്പുറത്തിരിക്കുന്നത് അച്ഛനും രണ്ടു മക്കളും ആണ് എന്നുതോന്നുന്നു. ഏതോ ഒരു ഇറാനിയൻ സിനിമയിൽ നിന്ന് നേരെ പകർത്തിയതുപോലെ ഒരു ചിത്രം.

Sajan G | Travelogue

കുന്നിന്റെ പാതിവഴി കയറി ബാക്കി ട്രെക്കിങ് ഞങ്ങൾ ഉപേക്ഷിച്ചു. ഒരു ഷെയർ ടാക്സിയിൽ തിരിച്ചു പട്ടണത്തിലേക്ക് മടങ്ങുകയും ചെയ്തു.

കോച്ച് കോറിൽ  പഴയ സോവിയറ്റ് കാലഘട്ടത്തിന്റെ സ്മരണകൾ ഏതാണ്ട് അതേപോലെ നിലനിർത്തിയിട്ടുണ്ട്. ലെനിന്റെ പ്രതിമ നമ്മൾ നേരത്തെ കണ്ടല്ലോ. തൊട്ടപ്പുറത്ത് ലെനിൻ സ്ട്രീറ്റുമുണ്ട്.

ഏറ്റവും രസകരമായി തോന്നിയത് സോവിയറ്റ് കാലത്തേ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച സൂചിപ്പിക്കുന്ന ചെറിയ പ്രതീകങ്ങളുടെ അവശിഷ്ടങ്ങൾ എല്ലാ വിളക്ക് തൂണുകളിലും അവശേഷിക്കുന്നതാണ്. ബഹിരാകാശത്തേക്ക് കുതിക്കുന്ന റോക്കറ്റുകൾ, വിമാനങ്ങളെ തകർക്കാൻ കെൽപ്പുള്ള മിസൈലുകൾ, ആധുനിക യന്ത്ര ലോകത്തിന്റെ പ്രതീകമായ ചക്രങ്ങൾ. ആധുനിക ഊർജ്ജത്തിന്റെ പ്രതീകമായ ആറ്റം, ഇതിനൊക്കെയൊപ്പം അരിവാൾ ചുറ്റിക. ഇവയുടെയെല്ലാം തുരുമ്പ് പിടിച്ച അവശിഷ്ടങ്ങൾ ഇപ്പോഴും വിളക്കുകാലുകൾക്ക് മുകളിൽ അവശേഷിക്കുന്നു.

കൊച്ച കോറിൽ ഒന്നും പ്രത്യേകിച്ച് സംഭവിക്കുന്നില്ല എന്നും ഇതൊരു ബോറൻ സ്ഥലമാണ് എന്നുമൊക്കെയാണ് യാത്രക്കാരുടെ റിവ്യൂ. ഞങ്ങൾക്കാകട്ടെ ഈ സ്ഥലവും ആൾക്കാരും ഏറെ ഇഷ്ടപ്പെട്ടു. സാധാരണ ജീവിതത്തിന്റെ സൂക്ഷ്മമായ അംശങ്ങളിൽ നോക്കി യാത്ര ചെയ്താൽ ഒരു യാത്രയും ബോറടിക്കില്ല എന്നതാണ് ഞങ്ങളുടെ അനുഭവം.

യാത്ര നാലഞ്ചു ദിവസം കഴിഞ്ഞതോടെ തുണി കഴുകി വൃത്തിയായി നടക്കുക എന്ന ആഗ്രഹം രൂക്ഷമായി തുടങ്ങി. യാത്രയ്ക്ക് മുൻപ് വളരെ ക്ഷോഭകരമായ ഒരു പ്രശ്നം എന്റെ അനിയത്തി അജിമോൾ അവതരിപ്പിച്ചിരുന്നു

“ഈ തണുപ്പത്തു ജട്ടി എങ്ങനെ ഉണക്കും?” അപ്പോഴാണ് ആ പ്രശ്നത്തെക്കുറിച്ചു ഞങ്ങളും ആലോചിച്ചത്.

എന്നാൽ ഏതു പ്രശ്നത്തിനും ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുക എന്നതാണല്ലോ നമ്മുടെ ഒരു രീതി.

വളരെ സങ്കീർണമായ ഈ പ്രശ്നത്തിന് നേരത്തെ തന്നെ പരിഹാരം കണ്ടെത്തി കിരൺ കണ്ണൻ ഫേസ്ബുക്കിൽ എഴുതിയിരുന്നു

“മഞ്ഞുമണമുള്ള തുണികൾ !

കഴിഞ്ഞ മൂന്നു നാലു ദിവസം കുടുംബത്തോടൊപ്പം ചെറിയൊരു അവധിയെടുത്ത് കിർഗിസ്ഥാനിലായിരുന്നു . വർഷത്തിൽ ഏറിയ പങ്കും ഗാഢ ശൈത്യത്തിൽ തന്നെയാണ് ഈ നാട്! മൈനസ് 10 നോട് അടുത്ത താപനിലയിൽ വസ്ത്രങ്ങൾ ഉണക്കിയെടുക്കുന്നതെങ്ങിനെ?

ഞങ്ങൾ കൂടെയുള്ള സുഹൃത്തിനോട് തന്നെ ചോദിച്ചു. ഉത്തരങ്ങൾ പറയാൻ ആളുണ്ടെങ്കിൽ ചോദ്യങ്ങൾക്കാനോ പഞ്ഞം?

Sajan G | Travelogue

 
ഞങ്ങൾ ഉൾപ്പെടെയുള്ള പഴയ റഷ്യയുടെ തണുപ്പ് പ്രവശ്യകളിൽ ശിശിരം ഒരേസമയം വെല്ലുവിളിയും സാധ്യതയുമാണ്.

കഴുകിയ വസ്ത്രങ്ങൾ ഉണക്കാൻ രണ്ട് രീതികളാണ് ഉള്ളത് ഒന്ന് വീടിനുള്ളിലെ താരതമ്യേന ഉയർന്ന താപത്തിൽ അഴകെട്ടി ഉണക്കാം അതല്ലെങ്കിൽ ഒട്ടുമേ ആർദ്രതയില്ലാത്ത അതിശിശിരത്തിലെ മൈനസ് തണുപ്പുകളിൽ പുറത്തെ അയയിൽ ഇട്ട് ഉണക്കിയെടുക്കാം !

ങേ അതെങ്ങിനെ?  തണുപ്പിൽ ഉണങ്ങുമോ? അതിശൈത്യത്തിൽ നമ്മുടെ ചുണ്ടുകളൊക്കെ വരണ്ടുണങ്ങുന്നത് എന്തുകൊണ്ടാവാം? ജലാംശത്തിന് ദ്രാവക രൂപത്തിൽ കഴിയാനാകില്ല ..

അതിശയകരമെന്നു പറയട്ടെ ഒരു മരുഭൂമിയോളമോ അതിനേക്കാൾ മേലെയോ അസാന്ദ്രമാണ് (Dehydrated ) അതിശൈത്യത്തിലെ അന്തരീക്ഷം. വീട്ടുകൾക്കുള്ളിലെ വിലയേറിയ താപം നില നിർത്തുന്നത് കൽക്കരി കത്തിച്ചുകൊണ്ടാണ്.

രാവിലെ ട്രക്കുകളിൽ മുട്ടൻ കൽക്കരി കഷ്ണങ്ങൾ ഓരോ വീട്ടിലും കൊണ്ടുവന്നിടും. അതിന് പണം കൊടുക്കേണ്ടതുണ്ട് ..

പാചകം മുതൽ താപനം വരെ ഒട്ടു മിക്ക ആവശ്യങ്ങൾക്കും കൽകരിയാണ് ഉപയോഗിക്കുന്നത്.

അസുഖകരമായ ഗന്ധമുള്ള കൾകരിയുടെ തണുത്ത പുക തണുത്ത തെരുവുകളിൽ മുകളിലേക്കുയരാതെ കെട്ടിക്കിടക്കുന്നു.

നനഞ്ഞ തുണികൾ ഉണക്കാൻ അകത്തിട്ടാൽ വീടിനുള്ളിലെ താപം കുറച്ചെങ്കിലും നഷ്ടപ്പെടും; മാത്രമല്ല ഈർപ്പം തറയിൽ പിടിക്കും. ആർക്കും വലിയ തിരക്കില്ലെങ്കിൽ തുണികൾ കഴുകി മുറ്റത്തെ അയയിൽ ഇടും.

കുറച്ചു മിനുറ്റുകൾക്കകം അവയിലെ ജലാംശം മുഴുവനും ഐസ് ആയി മാറിയിട്ടുണ്ടാവും.

ചില്ലുപോലെ ഉറച്ച തുണി കഷ്ണങ്ങൾ ഒരു വടികൊണ്ട് കല്ലിൽ വച്ച് നന്നായി തല്ലും , അതോടെ ഐസ് ക്രിസ്റ്റലുകൾ മിക്കവാറും തുണിയിൽ നിന്ന് വേറിടും, പിന്നെ ശക്തമായ കുടയൽ, പൊരിച്ച പൊറോട്ട കശക്കുന്ന പോലെയുള്ള കശക്കൽ എല്ലാം കഴിഞ്ഞ് തുണി വീണ്ടും മുറ്റത്തെ അയയിൽ ഇടും. ശേഷിക്കുന്ന അൽപ്പം ജലാംശം Sublimation (ഖരം നേരിട്ട് വാതകമാകുന്ന പ്രക്രിയ) മൂലം നഷ്ടപ്പെടും.

പിറ്റേ ദിവസത്തേക്ക് മഞ്ഞിൽ നന്നായി ഉണങ്ങിയ വസ്ത്രങ്ങൾ റെഡി!

സാധ്യമാണെങ്കിൽ ഞങ്ങൾ വസ്ത്രങ്ങൾ മഞ്ഞിലിട്ടെ ഉണക്കാറുള്ളൂ എന്നാണ് സുഹൃത്തായ  അഡിലറ്റ് പറഞ്ഞത്!

അങ്ങിനെ ഉണക്കിയ തുണികൾക്ക് ഐസിന്റെ ഒരു സ്നിഗ്ദ ഗന്ധമുണ്ടാകുമത്രെ !!

മഞ്ഞിന് മണമുണ്ടോ ?

എനിക്ക് ഇനിയും അതറിയില്ല. എന്നാലും മഞ്ഞിൽ ഉണക്കിയ പരുത്തി പുതപ്പ് മൂടി ഉറങ്ങാൻ കൊതി തോന്നുന്നു.”

കിരൺ കണ്ണന്റെ ഈ ഉപദേശം ഞങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. എപ്പോഴാണ് ആവശ്യം വരുന്നത് എന്ന് പറയാൻ കഴിയില്ലല്ലോ.

-തുടരും

Features Memories Travel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: