scorecardresearch

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-അധ്യായം അഞ്ച്

" 1920 കളുടെ അവസാനമാണ് തുർക്കിസ്ഥാൻ എന്ന പ്രൊവിൻസ് കിർഗിസ്താനും ഉസ്‌ബെക്കിസ്താനും അടക്കമുള്ള അഞ്ചു എത്നിക് റിപ്പബ്ലിക്കുകൾ ആക്കാൻ സോവിയറ്റുകൾ തീരുമാനിച്ചത്." ബിന്ദുവും സാജനും ചേർന്ന് എഴുതിയ യാത്രാവിവരണം അഞ്ചാം ഭാഗം.

" 1920 കളുടെ അവസാനമാണ് തുർക്കിസ്ഥാൻ എന്ന പ്രൊവിൻസ് കിർഗിസ്താനും ഉസ്‌ബെക്കിസ്താനും അടക്കമുള്ള അഞ്ചു എത്നിക് റിപ്പബ്ലിക്കുകൾ ആക്കാൻ സോവിയറ്റുകൾ തീരുമാനിച്ചത്." ബിന്ദുവും സാജനും ചേർന്ന് എഴുതിയ യാത്രാവിവരണം അഞ്ചാം ഭാഗം.

author-image
G Sajan
New Update
Sajan G | Travelogue

കാര്യങ്ങൾ നമ്മൾ പ്രതീക്ഷിച്ചതുപോലെയല്ലല്ലോ സഖാവേ നടന്നത്

അടുത്ത ദിവസവും ഞങ്ങൾ ബിഷ്കെക്കിന്റെ മനോഹരമായ നഗര പാതകളിലൂടെ നടന്നു. കൂടുതൽ പ്രതിമകൾ, വിശാലമായ മ്യൂസിയം, ബാലെ തിയേറ്ററുകൾ എന്നിവയെല്ലാം കണ്ടു നടന്നു.

Advertisment

കഴിഞ്ഞ നൂറ് വർഷത്തിനുള്ളിൽ ഏറെ രാഷ്ട്രീയ മാറ്റങ്ങൾ കണ്ട ഒരു നഗരമാണിത്. സോവിയറ്റ് കാലവും അതിന് ശേഷമുണ്ടായ മാറ്റവും രാഷ്ട്രീയ കുതുകികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഷയവുമാണ്.

ബിഷ്കെക്ക് നഗരത്തിന്റെ പേര് സോവിയറ്റ് കാലത്ത് ഫ്രുണ്സ് (Frunz) എന്നാക്കി മാറ്റിയിരുന്നു.  മിഖായിൽ ഫ്രുൻസ് പ്രധാനപ്പെട്ട  ഒരു ബോൾഷെവിക്ക് പോരാളിയായിരുന്നു. റെഡ് ആർമിയുടെ സൈനിക തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതും ഇദ്ദേഹമാണ്. നിർഭാഗ്യവശാൽ നാല്പതാമത്തെ വയസ്സിൽ നന്നായി ചികിൽസിക്കാത്തതിനാൽ അൾസർ മൂലം അദ്ദേഹം മരിക്കുകയായിരുന്നു. എന്തായാലും കിർഗിസ് സ്വതന്ത്രമായതിനു ശേഷം പേര് വീണ്ടും ബിഷ്കെക്ക് എന്നായി മാറി. എന്നാൽ ഇപ്പോഴും ബിഷ്കെക്ക് എയർപോർട്ടിന്റെ അന്തരാഷ്ട്ര കോഡ് FRU എന്നാണ്.

ഫ്രുൻസിന്റെ ഏതെങ്കിലും അടയാളം നഗരത്തിലുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു. ഒരു പ്രതിമയും മ്യൂസിയവും ഉണ്ട് എന്ന് കേട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേരിലുള്ള ആധുനികമായ ഒരു മാൾ ആണ് പ്രധാന നഗരത്തിൽ ഞങ്ങൾ കണ്ടത്. പേരിന്റെ ചരിത്ര പ്രാധാന്യം മാത്രം മുൻനിർത്തി ഞങ്ങൾ മാളിൽ കുറെ നേരം വിൻഡോ ഷോപ്പിംഗ് നടത്തി അഥവാ വായിൽനോക്കി നടന്നു പുറത്തിറങ്ങി.

Advertisment

വളരെ ആധുനികമായ നഗരം. നടപ്പാതകളിൽ ആധുനികമായ പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച ജനത. വീൽ ചെയറിൽ സഞ്ചരിക്കുന്ന മുതിർന്ന പൗരന്മാരെ ധാരാളമായി കാണാം. ആധുനിക കെട്ടിടങ്ങൾക്കൊപ്പം സോവിയറ്റ് കാലത്തേ ബ്രൂട്ടലിസ്റ്റ് ആർക്കിടെക്ച്ചറിന്റെ അവശിഷ്ടങ്ങൾ ധാരാളമായി കാണാം. ഇതെന്താണ് എന്ന് നമുക്ക് പിന്നീട് വിശദമായി നോക്കാം.

മറ്റ് മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി സോവിയറ്റ് കാലത്തേ പൂർണമായും തേച്ചുമാച്ചു കളയാൻ കിർഗിസ് ഭരണകൂടം ശ്രമിച്ചില്ല എന്ന് തോന്നുന്നു. അതന്വേഷിച്ചു നടക്കുമ്പോഴാണ് പ്രധാന ചത്വരത്തിൽ നിന്ന് മാറി ഏറെ പ്രധാനമല്ലാത്ത ഒരു സ്ഥലത്ത് മാർക്‌സും ഏംഗൽസും ഇരിക്കുന്ന കുറച്ചു അസാധാരണത്വമുള്ള ഒരു പ്രതിമ കാണുന്നത്.

“കാര്യങ്ങൾ നമ്മൾ പ്രതീക്ഷിച്ചതുപോലെയല്ലല്ലോ സഖാവേ നടന്നത്...” എന്ന് രാജ്യത്തിന്റെ  ഇപ്പോഴത്തെ അവസ്ഥ നോക്കി അവർ തമ്മിൽ തമ്മിൽ പറയുന്നതുപോലെ തോന്നും.

എന്തായാലും കേരളത്തിൽ നിന്ന് വന്ന അന്തം കമ്മികൾ എന്ന നിലയ്ക്ക് ഞങ്ങൾ ഈ സഖാക്കളുടെ പ്രതിമയ്ക്കൊപ്പം നിന്ന് കുറേ ചിത്രങ്ങൾ എടുത്തു. സന്തോഷായി ഗോപിയേട്ടാ.

Sajan G | Travelogue

നടന്നു ക്ഷീണിച്ചപ്പോൾ ഒരു കുപ്പി വെള്ളം വാങ്ങാം എന്ന് കരുതിയാണ് തൊട്ടടുത്ത മാഗസിനിൽ കയറുന്നത്. ചെറിയ സ്റ്റോറുകൾക്ക് ഇവിടെ മാഗസീൻ എന്നാണ് പറയുന്നത്. കിർഗിസിൽ വെള്ളത്തിന് സൂ എന്നാണ് പറയുന്നത് എന്ന് ഞങ്ങൾ പഠിച്ചുവെച്ചിട്ടുണ്ട്. അങ്ങനെ കിട്ടിയ വെള്ളം കുടിച്ചപ്പോൾ വെള്ളമല്ല സോഡയാണ്.

"ഞങ്ങൾക്ക് വേണ്ടത് സോഡയല്ല, വെറും വെള്ളമാണ്," ഞങ്ങൾ പരാതി പറഞ്ഞു.

കടക്കാരൻ ചിരിച്ചു. "ഇത് സാധാരണ വെള്ളം തന്നെയാണ്. ഈ പ്രദേശങ്ങളിൽ കാർബണേറ്റഡ് ആയിട്ടുള്ള ജലം ലഭിക്കുന്ന പ്രകൃതി സ്രോതസ്സുകൾ ഉണ്ട്. അവിടെനിന്നു കിട്ടുന്ന സ്വാഭാവിക ജലമാണ്. നിങ്ങൾക്ക് ഇതല്ലാത്ത വെള്ളം വേണമെങ്കിൽ നിഗാസ് …ഗ്യാസില്ലാത്തത് എന്ന് പറയണം."

അത് പുതിയ ഒരു അറിവായിരുന്നു. അഗ്നിപർവ്വതങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് ധാതുക്കൾ കലർന്ന കാർബൺ ഡയോക്‌സൈഡ് ചേർന്ന സ്വാഭാവിക ജലം കാണുക.അവിടെയുള്ള ഉയർന്ന താപനിലയാണ് കാർബൺ ഡയോക്സൈഡിനെ വെള്ളത്തിലേക്ക് കലർത്താൻ സഹായിക്കുന്നത്.

എന്തായാലും ദാഹം മാറാൻ സോഡയില്ലാത്ത വെള്ളം കുടിച്ചാണ് നമുക്ക് ശീലം. അങ്ങനെ വേറൊരു കുപ്പി സു കൂടി വാങ്ങേണ്ടിവന്നു. നിഗാസ് സു.

നടന്നു നടന്നു ഞങ്ങൾ എത്തിയത് അശ്വാരൂഢനായ മനാസിന്റെ പ്രതിമയ്ക്കടുത്താണ്. നമ്മുടെ നാട്ടിലും നഗരങ്ങളിൽ ധാരാളം പ്രതിമകൾ കാണുമെങ്കിലും നാഗരാസൂത്രണത്തിൽ പ്രതിമകൾക്ക് ഇത്രയേറെ പ്രാധാന്യമുള്ള നഗരങ്ങൾ ഇന്ത്യയിൽ ഞങ്ങൾ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിമകളിലൂടെ ഈ രാജ്യത്തിന്റെ പഠനം രസമുള്ള അനുഭവമായിരുന്നു. പണ്ട് ഇവിടെ നിന്നിരുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതിമ പൊളിച്ചു മാറ്റി അവിടെയാണ് ഇപ്പോൾ മനാസിന്റെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

Sajan G | Travelogue

സോവിയറ്റ് കാലത്തിന് ശേഷം കിർഗിസ് ജനത സ്വന്തം സ്വത്വാന്വേഷണം നടത്തിയപ്പോൾ വീണ്ടും കണ്ടെടുത്ത പ്രധാന ചിഹ്നമാണ് മനാസ്. 2009ൽ ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക വിഭാഗം മനാസിനെ മനുഷ്യ വംശത്തിന്റെ അദൃശ്യമായ, intangible, പൈതൃകമായി പ്രഖ്യാപിച്ചു. തമാശ എന്താണെന്നു വച്ചാൽ കിർഗിസ് ജനത  ശത്രുക്കളായി കരുതുന്ന ചൈനയാണ് ഇത് നിർദേശിച്ചത്. ചൈനയിലുള്ള   കിർഗീസുകാർക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്ന് ചൈന വിശദീകരിച്ചെങ്കിലും തങ്ങളുടെ പൈതൃകം ചൈന മോഷ്ടിക്കാൻ ശ്രമിക്കുന്നു എന്നാണ് കിർഗിസുകാർ കരുതിയത്.

എന്തായാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ മനാസ്സിന്റെ പ്രതിമകൾ ഉയർന്നു കഴിഞ്ഞു. ഇവിടെ മാത്രമല്ല മോസ്കോയിലെ ഫ്രണ്ട്ഷിപ് പാർക്കിലും കിർഗിസ് സംസ്കാരത്തിന്റെ പ്രാതിനിധ്യമായി ഉയർന്നത് മനാസ്സിന്റെ പ്രതിമയാണ്.

യാത്ര തുടർന്നാൽ നമ്മൾ എത്തുന്നത് കുർമഞ്ജൻ ദറ്റ്കയുടെ  പ്രതിമയിലാണ്. റഷ്യൻ സാമ്രാജ്യ അധിനിവേശത്തിനെതിരെ പോരാടിയ ധീരയായ കിർഗിസ് വനിതയായിരുന്നു ദറ്റ്ക. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ചു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ജീവിച്ചിരുന്ന ഇവരെ സോവിയറ്റ് കാലത്തിന് ശേഷം കിർഗിസ് ദേശീയതയുടെ പ്രതീകമായി ഉയർത്തുകയായിരുന്നു. ഇവരെക്കുറിച്ചു കിർഗിസ് സർക്കാർ നിർമിച്ച ചിത്രം ഈ രാജ്യത്ത് നിർമിച്ച ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്. ഈ ചിത്രം യൂട്യൂബിൽ കാണാം.

Sajan G | Travelogue

അല ടൂ ചത്വരത്തിനടുത്താണ് ഈ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര മ്യൂസിയം. ഇവിടെയാണ് ഞങ്ങൾ ഏറെ സമയം ചിലവിട്ടത്. മധ്യേഷ്യയുടെ രസകരമായ ധാരാളം കഥകൾ നമുക്കിവിടെ കാണാം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിലാണ് റഷ്യൻ സാമ്രാജ്യം ഉസ്‌ബെക്കിസ്ഥാൻ അടക്കമുള്ള മധ്യേഷ്യൻ പ്രദേശങ്ങൾ കീഴടക്കുന്നത്. ഇതിനു പ്രധാന കാരണം പരുത്തിക്ക് പറ്റിയ മണ്ണായിരുന്നു ഈ സ്ഥലങ്ങളിൽ എന്നതാണ്. 1861 ലാണ് സാർ ചക്രവർത്തി, കാർഷിക അടിമവ്യവസ്ഥ നിരോധിക്കുന്നത്. റഷ്യൻ സമ്പദ്ഘടനയുടെ അടിസ്ഥാനമായിരുന്നു ഈ അടിമ വ്യവസ്ഥ. എന്നാൽ അടിമ വ്യവസ്ഥ ഇല്ലാതായതോടെ അക്കാലം വരെ അടിമകളായിരുന്നവർ പലരും മധ്യേഷ്യയിലേക്ക് പുതിയ ഭൂമിയിലേക്കും പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷയിലേക്കും കുടിയേറി.

ഇസിക് കുൽ തടാകത്തിന്റെ കരയിൽ ഇവരിൽ  ചിലർക്ക് ഭൂമി കിട്ടി. ഇവിടെ അവർ ചെറിയ ഗ്രാമങ്ങൾ സൃഷ്ടിച്ചു. അവിടെയുള്ള തെരുവുകൾക്ക് അവർ വന്ന പ്രദേശങ്ങളുടെ പേരുകൾ നൽകി. എന്നാൽ അതേവരെ അവിടെ താമസിച്ചിരുന്ന ഗോത്ര ജനതയുമായി സംഘർഷത്തിനും ഇത് ഇടവരുത്തി. മാത്രമല്ല രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്തു കിർഗിസ് കർഷകരെ നിർബന്ധിത സൈനിക സേവനത്തിന് അയക്കുകയും ചെയ്തു. ഏതോ ഒരു റഷ്യൻ ചക്രവർത്തിക്ക് വേണ്ടി വിദൂരമായ സ്ഥലത്തു പോയി അപ്രസക്തമായ യുദ്ധത്തിൽ മരിക്കാൻ അവർക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. അവർ സ്വാഭാവികമായും പ്രതിഷേധിച്ചു. സോവിയറ്റ് കാലത്തേ കളക്ടീവ് ഫാമുകളോടും അവർ കലഹിച്ചു. അവർക്ക് പരിചിതമായ ഒരു കാർഷിക സമ്പ്രദായം ആയിരുന്നില്ല അത്. പലരും പട്ടിണിയിലും രോഗത്താലും മരിച്ചു.

1920 കളുടെ അവസാനമാണ് തുർക്കിസ്ഥാൻ എന്ന പ്രൊവിൻസ് കിർഗിസ്താനും ഉസ്‌ബെക്കിസ്താനും അടക്കമുള്ള അഞ്ചു എത്നിക് റിപ്പബ്ലിക്കുകൾ ആക്കാൻ സോവിയറ്റുകൾ തീരുമാനിച്ചത്.

പട്ടിണി യാത്ര എന്ന് ബിന്ദു വിശേഷിപ്പിക്കുന്ന സഞ്ചാരത്തിന്റെ രണ്ടാം ദിവസം ഞങ്ങൾ ഒരു മാറ്റത്തിനായി കുറച്ചു ആഡംബരപൂർണമായ ഒരു റെസ്റ്റോറന്റിൽ കയറി. ഇവിടെ സസ്യാഹാരികൾ മൂന്ന് തരം വെജിറ്റബിൾ സലാഡുകളും പലതരം ക്രോയിസന്റുകളും ധാരാളം പഴവും കഴിച്ചു. ഞാൻ ടർക്കിഷ് വിഭവമായ ഇസ്കന്തർ കബാബും ഒരു ഗ്ലാസ് ബിയറും കഴിച്ചു സന്തോഷത്തോടെ യാത്ര തുടർന്നു.

തൊട്ടടുത്ത് തന്നെയുണ്ട് ചിങ്കിസ് ഐത്മത്തോവിന്റെ    പ്രതിമ.

ബിഷ്കെക്കിലൂടെയുള്ള യാത്രകൾ ഫേസ്ബുക്കിലൂടെ പ്രക്ഷേപണം ചെയ്തപ്പോൾ പ്രിയ സുഹൃത്തും ശാസ്ത്ര പ്രചാരകയും കവിയുമായ സംഗീത ചേനംപുല്ലി ഞങ്ങളോട് ഐത്മതോവിനെക്കുറിച്ചു അന്വേഷിച്ചു. അദ്ദേഹം  സംഗീതയുടെ പ്രിയ എഴുത്തുകാരൻ ആണത്രേ. അദ്ദേഹത്തിന്റെ പ്രതിമയുടെ താഴെ  നിന്ന് ഞങ്ങൾ ആയിരക്കണക്കിന് മൈലിനപ്പുറമുള്ള ഈ ആരാധികയുടെ അന്വേഷണം അറിയിച്ചു. സംഗീത മാത്രമല്ല പഴയ സോവിയറ്റ് പുസ്തകങ്ങളുടെ ആരാധകർക്ക് പ്രിയങ്കരനായ എഴുത്തുകാരനാണ് ഐത്മതോവ്. അദ്ദേഹത്തിന്റെ  ജമീല സോവിയറ്റ് കാലത്തുതന്നെ മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ടിരുന്നു.  മലയാളം വായനക്കാർക്ക് ഏറെ ഇഷ്ടപ്പെട്ട  നോവലാണ്. ധാരാളം റഷ്യൻ നോവലുകൾ എന്റെ ചെറുപ്പകാലത്തു വായിച്ചിരുന്നുവെ ങ്കിലും ഐത്മത്തോവിനെ ഇതേവരെ വായിക്കാൻ കഴിഞ്ഞില്ല എന്നതിൽ ഞങ്ങൾക്ക് വലിയ ഖേദം തോന്നി. തിരിച്ചു നാട്ടിലെത്തിയാൽ ഉടൻ ഈ വിടവ് പരിഹരിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു.

എഴുത്തുകാരൻ മാത്രമായിരുന്നില്ല ഐത്മതോവ്.  രണ്ടാം ലോക മഹായുദ്ധക്കാലത്ത്  പതിനാലാം വയസ്സിൽ അദ്ദേഹം തന്റെ ഗ്രാമത്തിന്റെ കൗൺസിൽ സെക്രട്ടറിയായി. പ്രായപൂർത്തിയായ എല്ലാവരും നിർബന്ധിത സൈനിക സേവനത്തിന് പോയപ്പോൾ ആ ഗ്രാമത്തിൽ റഷ്യൻ വായിക്കാനും എഴുതാനും അറിയാവുന്ന ഏക വ്യക്തിയായിരുന്നു ഈ ചെറിയ ബാലൻ.

ഇദ്ദേഹത്തിന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമമായിരുന്നു. എന്നാൽ 1937 ൽ സ്റ്റാലിന്റെ കാലത്തു അദ്ദേഹം വധിക്കപ്പെടുകയാണുണ്ടായത്. വധിക്കപ്പെടുന്നതിന് തൊട്ടുമുൻപ് തന്റെ കുടുംബത്തെ മോസ്കോയിൽ നിന്ന് തിരിച്ചു കിർഗിസ്ഥാനിലേക്ക് വിടുകയായിരുന്നു അദ്ദേഹം ചെയ്തത്.

അച്ഛന്റെ കൊലപാതകമൊന്നും ഐത്മത്തോവിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധത്തെ ബാധിച്ചില്ല. പ്രവദയുടെ റിപ്പോർട്ടർ ആയിരുന്നു ഐത്മത്തോവ്. പിൽക്കാലത്തു കിർഗിസ് സാഹിത്യത്തിന്റെ  മുടിചൂടാമന്നനായി ഇദ്ദേഹം മാറി.

Sajan G | Travelogue

സോൾഷെനിറ്റസനെപ്പോലെയോ ജോസഫ് ബ്രോഡ്സ്കിയെപ്പോലെയോ ഒരു ഡിസിഡന്റ് ആയിരുന്നില്ല ഇദ്ദേഹം. എന്ന് മാത്രമല്ല, സഖറോവിനും സോൾഷെനിറ്റസനും എതിരായുള്ള കത്തിൽ ഇദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാൽ  രചനകളിൽ  അധികാരത്തെ വിമർശിക്കാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുകയും ചെയ്തു എന്നാണ് നിരൂപകരിൽ ചിലർ നിരീക്ഷിക്കുന്നത്.

അദ്ദേഹം ഉണ്ടാക്കിയ ഒരു കഥാപാത്രം (character) ആണ് മാൻകുർട്ട്. ചിന്താശേഷിയില്ലാതെ അധികാരത്തോട് പൂർണ വിധേയത്വം കാട്ടുന്ന ഒരു ജീവി. ഇത് അധികാരത്തിനെതിരായ ഒരു രൂപകം ആയിരുന്നു എന്ന് കരുതിപ്പോരുന്നു.

എന്തായാലും പിൽക്കാലത്തു ഇദ്ദേഹം ഗോർബച്ചേവിന്റെ  അടുത്ത സുഹൃത്തും ഉപദേശകനും ആയി മാറി. ഐത്മത്തോവിനെ രാഷ്ട്രപിതാവായി പ്പോലും ചിലർ കരുതാറുണ്ട്

സോവിയറ്റ് പതനത്തിനു ശേഷം കിർഗിസ്ഥാനും ഉസ്ബെക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ വലിയ സംഘർഷങ്ങളുണ്ടായി. ഇതിന് പരിഹാരം നിർദ്ദേശിക്കാനും ഐത്മത്തോവ് എത്തി. കിർഗിസ്  പ്രസിഡന്റായി മാറാൻ  അക്കയെവിനെ സഹായിച്ചതും ഇദേഹം തന്നെ

യൂറോപ്പിലും അമേരിക്കയിലും ചൈനയിലും മാത്രമല്ല ബൊളീവിയ, കുവൈറ്റ് എന്നിങ്ങനെ ഏറെ വിദൂര ദേശങ്ങളിലും ഇദ്ദേഹം വായിക്കപ്പെട്ടു. പലപ്പോഴും നോബൽ സമ്മാനത്തിനായി നിർദേശിക്കപ്പെട്ടു  

 ബിഷ്കെക്കിൽ ഇദ്ദേഹത്തിന്റെ പ്രതിമയുടെ സമീപം നിൽക്കുമ്പോൾ സാഹിത്യവും അധികാരവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും ഞങ്ങളോർത്തു.

Sajan G | Travelogue


ഞങ്ങൾക്ക്  ഈ രാജ്യത്തെക്കുറിച്ചുള്ള ഏറ്റവും വലിയ കൗതുകം സോവിയറ്റ് കാലഘട്ടത്തിൽ അവരുടെ ജീവിതം എങ്ങനെ ഉണ്ടായിരുന്നു എന്നറിയാനായിരുന്നു എന്ന് പറഞ്ഞല്ലോ. അപ്പോഴാണ് ചില കിർഗിസ് സിനിമകൾ കണ്ടുനോക്കാൻ ചില സുഹൃത്തുക്കൾ നിർദേശിച്ചത്. ഇവിടെയുള്ള ചില പ്രധാന സിനിമ സംവിധായകരുടെ പേരുകൾ വി കെ ജോസഫും ജി പി രാമചന്ദ്രനും നിർദേശിക്കുകയും ചെയ്തിരുന്നു.  സമൂഹത്തിന്റെ പ്രത്യേകതകളറിയാൻ സിനിമയേക്കാൾ നല്ല മാധ്യമം വേറെ ഏതുണ്ട്?

അവർ പറഞ്ഞ സിനിമകളൊന്നും കാണാൻ കഴിഞ്ഞില്ല.

എന്നാൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞ സിനിമ വളരെ കൗതുകകരമായ ഒന്നായിരുന്നു. ഏണസ്റ്റ് അബിഡിജപറോവിന്റെ 'ബോസ് സാൽക്കിൻ' എന്ന സിനിമ. ഇതൊരു സാധാരണ പ്രേമകഥയാണ്. എന്നാൽ കിർഗിസ് സമൂഹത്തെക്കുറിച്ചു രസകരമായ ധാരാളം കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുകയും ചെയ്യും.

 മകളുടെ പ്രേമത്തെ എതിർക്കുന്ന ഭർത്താവിനോട് ഭാര്യ ചോദിക്കുന്നു “നിങ്ങൾ എന്തിനാണ് പ്രേമത്തെ എതിർക്കുന്നത്? നമ്മൾ പ്രേമിച്ചല്ലേ കല്യാണം കഴിച്ചത്?”

“നമ്മുടെ കാര്യം വേറെ. അന്ന് ഇവിടെ സോഷ്യലിസം ഉണ്ടായിരുന്നു. സർക്കാർ നമ്മുടെ എല്ലാ കാര്യവും നോക്കിയിരുന്നു.” എന്നാണ് ഭർത്താവിന്റെ മറുപടി.

 സോഷ്യലിസ്റ്റ് ചേരിയോട് ചേർന്നുനിൽക്കുന്ന ഇയാൾ മറ്റൊരിക്കൽ ഒരൽപം മദ്യപിച്ചു കഴിഞ്ഞപ്പോൾ ‘സോഷ്യലിസ്റ്റ് ആണെങ്കിലും  ഞാനൊരു ജനാധിപത്യ വാദിയാണ്’ എന്നും പറയുന്നുണ്ട്.

കിർഗിസ്ഥാനിൽ വരുന്ന യാത്രികരെയെല്ലാം ആകർഷിക്കുന്ന ഒരു ആചാരമാണ് കല്യാണത്തിന്റെ ഭാഗമായി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ചടങ്ങ്.

പതിനെട്ടാം നൂറ്റാണ്ട് വരെ നൊമാഡുകളുടെ രാജ്യമായിരുന്ന  കിർഗിസ്ഥാന്റെ ഗ്രാമങ്ങൾ പലതരം അന്ധവിശ്വാസങ്ങളുടെ കൂടാരമാണ്. അവിടെ ഈ ആചാരം വളരെ പ്രചരിച്ചിരുന്നു.

അസീമ എന്ന പെൺകുട്ടിയെ ആള് മാറി തട്ടിക്കൊണ്ടുപോകുന്നതാണ് ഈ സിനിമയുടെ കഥ. അല കച്ചു എന്നാണ് ഈ ചടങ്ങിന്റെ പേര്. 2007 ൽ ഇറങ്ങിയ ഈ സിനിമ അവിടെ വലിയ ജനപ്രീതി നേടി. ആ വർഷം അവിടെയുണ്ടായ പെൺകുട്ടികളിൽ 20 ശതമാനത്തിനും അസീമ എന്ന് അവർ പേരിട്ടുവത്രെ.

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഈ ചടങ്ങ് സോവിയറ്റ് കാലത്തു നിരോധിച്ചിരുന്നതാണ്. ഇപ്പോഴും ഇത് നിരോധിതമാണ്. പെൺകുട്ടികളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു എന്നതിനാൽ ലോകമാകെ ഇതിനെതിരെ പ്രതിഷേധമുണ്ട്. എന്നാൽ കിർഗിസിന്റെ വളരെ പഴയ പാരമ്പര്യത്തിന്റെ ഭാഗമാണിത്. പഴയ ആചാരങ്ങളെ ആരാധിക്കുന്നവർക്കിടയിൽ ഇതിന് ഇപ്പോഴും സ്വാധീനമുണ്ട്.

Sajan G | Travelogue


ഈ സിനിമയിൽ രസകരമായ മറ്റൊരു ഒരു രംഗമുണ്ട്. ആദ്യമായി വീട്ടിൽ വരുന്ന പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും തല ഒരു കപ്പ് കൊണ്ട് ഉഴിഞ്ഞു അവർ അതിൽ തുപ്പുകയും ആ കപ്പ് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ഒരു രംഗം. ഇവൾ കൃഷിക്കാരും കാലിമേച്ചിലുകാരും മാത്രം താമസിക്കുന്ന ഒരു ഗ്രാമത്തിൽ എത്തുമ്പോൾ ആദ്യമായി അവളുടെ ഭർത്താവിന്റെ അമ്മ ചെയ്യുന്നത് നാല് ദിക്കിലേക്കും തിരിഞ്ഞു വന്ദിക്കുകയാണ്. പഴയ ആചാരങ്ങളും വിശ്വാസങ്ങളും എല്ലാ സമൂഹത്തിന്റെയും ഭാഗമായി തുടരും എന്നാണ് ഈ സിനിമ കണ്ടപ്പോൾ ഞങ്ങൾക്ക് തോന്നിയത്.

നഗര ഗ്രാമ ദ്വന്ദ്വത്തിന്റെ മനോഹരമായ ചിത്രീകരണം കൂടിയാണ് ഈ സിനിമ. നഗരത്തിൽ ജീവിച്ചു ശീലിച്ച ഒരു പെൺകുട്ടി പതുക്കെ ഗ്രാമത്തിന്റെ ഭംഗിയിൽ ആകൃഷ്ടയാവുന്നതും കഥയുടെ ഭാഗമാണ്. 'ബോസ് സാൽക്കിൻ' എന്നാൽ ‘തികച്ചും ശാന്തം’ എന്ന്  തർജമ നൽകാം എന്ന് തോന്നുന്നു

ഒരു കിർഗിസ് നാടൻ പാട്ടിൽ നിന്നുള്ള വരികളാണ്

“തികച്ചും ശാന്തം
മഞ്ഞുമലകളിൽ നിന്ന് ഫിർ മരങ്ങൾ ഉയർന്നുവരുന്നു
എവിടെയും നിശബ്ദത മാത്രം
എന്നാൽ എന്റെ ഹൃദയം ആഹ്ളാദഭരിതം
ആകാശത്തുനിന്നും എന്റെ സ്വപ്നങ്ങളിലെ പെൺകുട്ടി ഇതാ എത്തിച്ചേർന്നിരിക്കുന്നു...”

-തുടരും

Features Memories Travel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: