scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

നെറ്റിലും പരിമിതഭാവനയിലുമല്ലാത്ത തരം ലിറ്ററേച്ചർ ഉണ്ടാക്കാനാണ് ശ്രമം: ഇന്ദുഗോപൻ

ഐ ഇ മലയാളം ഓണം വായനയ്ക്ക് വേണ്ടി എഴുത്ത്, സിനിമ, ജീവിതം, യാത്രകൾ എന്നിവയെ കുറിച്ച് ജി ആർ ഇന്ദുഗോപനുമായി എഴുത്തുകാരായ വീണയും ജേക്കബ് ഏബ്രഹാമും നടത്തിയ ദീർഘ സംഭാഷണത്തിലെ രണ്ടാം ഭാഗം

g r indugopan, interview, iemalayalam

“നമ്മൾ തമ്മിൽ ഇങ്ങനെ ഇരുന്ന് സംസാരിക്കുമ്പോ നാളത്തെ കാര്യം പറയാൻ കഴിയില്ല. നാളത്തെ അധികാരം മാറാം. എന്തുവാ അസാമാന്യമായ ഒരു കരുത്ത് നേടിയ ദുഷ്ടമൃഗമാണ് മനുഷ്യൻ. ഏറ്റവും ദുർബലനായവൻ മുതൽ കരുത്തൻ വരെ ഒരൊറ്റ മനുഷ്യനിലൂടെ പുറത്തോട്ട് വരാം. അധികാ രം ഒരു ഏണി പോലെയാണ്…”

മനുഷ്യ മനസുകളിലൂടെയും പ്രകൃതി നിയമങ്ങളുടെ അടിവേരുകളിലൂടെയും എഴുത്ത് ലോകത്തേക്ക് പടരുന്ന ഇന്ദുഗോപനുമായി വീണയും ജേക്കബ് എബ്രഹാമും നടത്തിയ സംഭഷാണത്തിലെ രണ്ടാം ഭാഗം.

വീണ, ജേക്കബ് എബ്രഹാം: പത്രപ്രവർത്തനം, ഡസ്കിലെ രാത്രി ജോലികൾ, തിരുവനന്തപുരം സിറ്റി സപ്ലിമെന്റിന്റെ ചുമതലക്കാരൻ എന്ന നിലയിൽ പല ആവശ്യവുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ വിവിധ തുറകളിൽപെട്ട ആളുകളുമായുള്ള ഇടപെടൽ. ഈ അനുഭവങ്ങളിൽ ചിലത് സാഹിത്യത്തിലേയ്ക്ക് മാറ്റാനായ പ്രക്രിയ എങ്ങനെയാണ്?

ഇന്ദുഗോപൻ: അനുഭവതലം ശക്തിപ്പെടത്താനാണ് നമ്മൾ എഴുത്തുകാർ ശ്രദ്ധിക്കേണ്ടത്. അതിന്റെ സംസ്കരണം, അതിനുള്ള പരിശീലനം പ്രധാനമാണ്. പ്രേതങ്ങൾ, മിസ്റ്ററി ഇതൊക്കെ എനിക്ക് വല്യ ഇഷ്ടമുള്ള കാര്യമാണ്. നമ്മുടെ ഇത്തരം വ്യക്തിപരമായ പ്രകൃതം, സവിശേഷമായ പ്രപഞ്ചം തുടങ്ങിയ ആനന്ദങ്ങളെ ഉൾക്കൊള്ളിച്ചാവണം ഈ അനുഭവതലങ്ങളെ സാഹിത്യത്തിേലയ്ക്ക് ഉൾക്കൊള്ളിക്കുന്നത്. കാലികമാകുമ്പോൾ തന്നെ പാരമ്പരാഗത കഥ പറച്ചിൽ രീതിയുടെ ശക്തി ഉപയോഗിക്കണം. ലളിതമായി പറയണം കഥ. കഥനം എന്നൊരു സംഗതി ഇംപോർട്ടന്റാണ്. കഥ പറയുമ്പോ രസം അല്ലെങ്കിൽ ഇമ്പം ഉണ്ടാകണം. എഴുതുന്ന ആൾ ആദ്യം സ്വയമറിയാതെ അതിൽ ലയിക്കണം. ലയിക്കാനാകാത്തത്, നമ്മുടെ പരിശീലനം വച്ച് ലയിപ്പിക്കണം.

‘കരിമ്പുലി’ എന്ന കഥ വായിച്ചു ഒരാൾ വിളിച്ചു. അയാളങ്ങനെ കഥ ഒന്നും വായിക്കുന്ന ആളൊന്നുമല്ല. അവസാനം അത്ര പിടികിട്ടിയില്ല. തലങ്ങളെ കുറിച്ചൊന്നും അദ്ദേഹത്തിനറിയില്ല. ഏറ്റവും മിനിമം സാധാരണ വായിക്കാത്ത ഒരാളിനെ അവസാനം വരെ പിടിച്ചിരുത്തിയില്ലേ എന്ന ആശ്വാസം ചെറുതല്ല. അയാളെ പേടിപ്പിച്ചയയ്ക്കുന്നത് ഗുണമല്ല. സാഹിത്യത്തിനും സംസ്കാരത്തിനും. അയാളിത്ര ദൂരം കൂടെ സഞ്ചാരിച്ചില്ലേ. അത് ഭയങ്കര സന്തോഷം തരുന്ന സംഗതിയാ. ഇത് എളുപ്പമുള്ള പ്രക്രിയയല്ല. നമ്മുടെ അറിവ്, വിദ്യാഭ്യാസം, ഭാഷാപ്രാവീണ്യം ഒക്കെ തലവേദനകളാണ്. നമ്മൾ ആദ്യം സിംപിളാകണം. പാറക്കല്ല് ഉടച്ചുടച്ചു വഴിവക്കിലിരിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലേ. വാക്കിനെയും വരിയെയും അങ്ങനെ ചെയ്യണം. ടൈർസം (Tiresome) ആയ ജോലിയാ. പാറക്കല്ലുടയ്ക്കുന്നവർക്ക് സിലിക്കോസിസ് എന്നൊരു അസുഖം വരാം. സിലിക്ക പോലൊരു സാധനം എഴുത്തിലും നെഞ്ചിൽ വന്നടിയും. നെഞ്ചിനു ഭാരം കൂടും. എഴുത്തുകാരന് നടുവേദന കൂടും. ഏറ്റവും സിമ്പിളായ ഭാഷ ഉണ്ടാക്കാൻ പാടാ. കോംപ്ലകസ് ആയ ഒരു വരി പോലും കടന്നു വരാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.

ചോദ്യത്തിന്റെ രണ്ടാം ഭാഗം. പത്രപ്രവർത്തനത്തിന്റെ സ്വാധീനം. പത്രപ്രവർത്തനം ഡേറ്റയെ എങ്ങനെ വിദഗ്ദ്ധമായി ഉപയോഗിക്കാം എന്നതിന് ട്രെയിനിങ് തന്നു. ‘എലിവാണം’ പോലുള്ള കഥകൾ അത്തരത്തിൽ എഴുതിയതാ. മെർക്കുറി അപകടം പിടിച്ച സാധനമാ.സിൽവർ അമാൽഗം ആയി അത് ഒരു ആയുഷ്ക്കാലം മുഴുവനും നമ്മുടെ പല്ലിൽ ഒട്ടിയിരിക്കും, വല്യ കുഴപ്പം ഒന്നും ഇല്ലാതെ. പുറത്ത് നിന്നും നമ്മൾ കൊണ്ട് വയ്ക്കുന്ന ഡേറ്റ അതേ പടി ഉപയോഗിക്കുന്നത് മെർക്കുറി പോലെ അപകടം പിടിച്ചതാ. അത് അമാൽഗം ആക്കിമാറ്റണം. ആദ്യകാലങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്, പിച്ച വച്ചു നടന്നിട്ടുണ്ട്, ‘ഐസ്’ എന്ന നോവലിലാണ് ഒരുവിധം കര കയറിയത്. ഇപ്പോൾ സാധാരണ ജീവിതം പറയുവാ. അതിൽ ഡേറ്റ അലിയിച്ചു ചേർക്കാൻ എളുപ്പമാണ്.

g r indugopan, interview, iemalayalam

? ഡിറ്റക്ടീവ് പഭാകരൻ അമാനുഷികനല്ല. സൈക്കിളിൽ പോകുന്ന, കൈലി ഉടുക്കുന്ന സാധാരണക്കാരാണല്ലോ. പ്രഭാകരൻ പരമ്പരയുടെ ഒക്കെ ബാക്ക്ഡ്രോപ്പിൽ സംസാരിക്കാമോ?

= പ്രഭാകരൻ പരമ്പര സെക്കൻഡ് സീരീസ്‌ അടുത്ത കൊല്ലം ഇറക്കണം. കണ്ടന്റ് രൂപരേഖയായി ഉണ്ടാക്കി വയ്ക്കുക എന്നത് ഇഷ്ടമുള്ള കാര്യമാ. അതിൽ ഒരു ഉത്സാഹം ഉണ്ട്. പതിയെ വിശാലമാക്കാവുന്നതാണ്. നിറം ചേർക്കേണ്ട കാര്യമില്ല. അത് പ്രേതമായായാലും പ്രണയമായാലും അപസർപ്പകനായാലും. എവിടെയും ജീവിതം തൊട്ടു കളിച്ചാൽ മതി. അമാനുഷികത നഷ്ടമാകും.

? കൊല്ലം പോലെ തന്നെ ഇഷ്ടമുള്ള ഭൂമിക ആണല്ലോ തെക്കൻ കേരളം, നാഗർകോവിൽ ഭാഗത്തെ നാഞ്ചിനാട് ജീവിതം. അവരുടെ തിളച്ചു മറിയുന്ന ജീവിതം. അതിൽ ചരിത്രം ഉണ്ട്. രാഷ്ട്രീയം ഉണ്ട്. ഒപ്പം കൊളോനിയലിസം ഉണ്ട്. എന്താണ് ആ ഇഷ്ടത്തിന് ഹേതു?

= അതൊരു വേദനകളുടെ സ്ഥലവാ. വിഭജനത്തിൽ പെട്ട് കേരളം ആണോ തമിഴ് നാട് ആണോ എന്ന് തീരുമാനിക്കാൻ പറ്റാതായവർ. സംസ്കാരം കൊണ്ട് തിരുവിതാംകൂർകാർ. ഭാഷ കൊണ്ട് തമിഴർ. തമിഴർക്കിടയിലെ മലയാളികൾ. പണ്ട് കേരളമായിരുന്ന ഇടം. ആ സ്ഥിരതയില്ലായ്മ അവിടെയുള്ളവർക്കുണ്ട്. അഥവാ, അത് നമുക്ക് മനസ്സിലാകും. ഒരു എഴുത്തുകാരന് ഇത്തരം മനുഷ്യർ, പ്രദേശം, മാനസികാവസ്ഥ ഊർജം പകരും. രണ്ടു തരം സ്വത്വം അനുഭവിക്കുന്നവർ. ചരിത്രം ഖനീഭവിച്ചു കിടക്കുവാ അവിടെ.

കൊല്ലത്ത് നിന്നും നേരെ ചെങ്കോട്ട വഴി… തിരുവനന്തപുരം മുതൽ ആരുവാമൊഴി വരെ. ആ പ്രദേശത്തെ മനുഷ്യരുടെ കഥകൾ. ഹെവിയാണത്.

? എഴുത്തുകാരൻ ഹെവിനെസ്സ് ഒരു ഹാലോ (halo) പോലെ കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ?

= എന്തിനാണ്? നമ്മളാരും സെലിബ്രിറ്റീസ് അല്ലല്ലോ. അല്ലെങ്കിൽ ഫെയ്സ്ബുക് കാലത്ത് എല്ലാവരും സെലിബ്രിറ്റികളാണ്. എഴുത്തുകാരൻ അവന്റെ വേല ചെയ്യുന്നു. കാലഘട്ടത്തിന്റെ ഒരു മാറ്റം റീഡിങ്ങിലും റൈറ്റിങ്ങിലും കാണാം. ചോയ്സിന്റെ വല്യ സാധ്യത നമ്മുടെ മുന്നിലിങ്ങനെ തുറന്നു കിടപ്പുണ്ട്. കാലികത, കാലാതീതമാകണം എഴുത്ത് എന്നുള്ള ആശ ഒക്കെ പ്രധാനമാണ്. എത്ര കണ്ട് യാഥാർഥ്യമായി വരും എന്നത് വേറെ കാര്യം.

g r indugopan, interview, iemalayalam

? എഴുത്തിലെ പ്രൊഫഷനെ കുറിച്ച്

= എം ടി ഒക്കെ എഴുത്ത് ഒരു പ്രൊഫഷൻ ആണെന്ന് നേരത്തെ തിരിച്ചറിഞ്ഞ സൂചനകൾ തന്നിരുന്നു. പക്ഷേ ഏറ്റെടുക്കാനുള്ള വ്യാപ്തി ഈ ഭാഷയ്ക്കില്ലെന്ന് നമ്മൾ സംശയിച്ചു ലാപ് ടോപ് എടുത്ത് സ്വന്തം ഓഫീസിൽ പോയിരുന്നു എഴുതുന്ന റൈറ്റേഴ്സ് പുതിയ തലമുറയിൽ നമ്മുടെ നാട്ടിലുമുണ്ടാകാൻ തുടങ്ങിയിരിക്കുന്നു. അവർക്ക് ഇതൊരു ജോലിയായി കൊണ്ട് നടക്കാനുള്ള സാമ്പത്തിക ഭദ്രത ഉറപ്പിക്കേണ്ടതായിട്ടുണ്ട്. ഇതൊരു ചെറിയ ഭാഷയാ. രക്ഷയുടെ ഒരു വലിയ വഴി തുറക്കാൻ ട്രാൻസ്‌ലേഷനിലൂടെ കഴിയും. വിപുലമായ രീതിയിൽ ലോക ഭാഷകളിലേക്ക് മലയാള പുസ്തകങ്ങളുടെ വിവർത്തനങ്ങൾ ഉണ്ടാവണം.

? ട്രാൻസലേറ്ററിനെ ട്രാൻസ് ക്രിയേറ്റർ ആയി തന്നെ കാണുന്ന രീതി ഇന്ന് വ്യാപകമാവുകയാണല്ലോ?

= കൃത്യമായി എഴുത്തുകാരന് റോയൽറ്റി കൊടുക്കുന്നത് പോലെ ട്രാൻസ്ലേഷന് ലഭിക്കണം. ട്രാൻസ്ലേറ്റർ ചെയ്യുന്നത് ഒരു വലിയ വർക്കാ. നമ്മുടെ സാഹിത്യത്തെ ലോകത്തിനു മുന്നിൽ എക്സിബിറ്റ് ചെയ്യുകയാണ്.

?ഗ്ലോബൽ സീനിൽ പലപ്പോഴും കേരളത്തിന്റെ എഴുത്തുകാർ എന്നറിയപ്പെടുന്നത് ഇംഗ്ലീഷിൽ എഴുതുന്ന ഇന്ത്യക്കാരായ എഴുത്തുകാർ ആണല്ലോ?

= പക്ഷെ ട്രാൻസ്ലേഷൻ മേഖലയിൽ പ്രാദേശികഭാഷയിൽ വല്യ ഒരു ഹണ്ട് നടക്കും. ജീവിതത്തിന്റെ ഊറ്റങ്ങളുടെ പ്രാദേശിക വകഭേദങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മലയാള സാഹിത്യത്തിന്റെ അടുത്ത ഒരു യാത്ര എന്ന് പറയുന്നത് അതാ. കണ്ടന്റ് ഉണ്ടാക്കി നമ്മൾ കാത്തിരിക്കുക.

g r indugopan, interview, iemalayalam

? ഗദ്യസാഹിത്യത്തിന്റെ സമസ്ത മേഖലകളിലും കൈവച്ചിട്ടുണ്ടല്ലോ.

= നാടകം മാത്രം വന്നിട്ടില്ല. പണ്ട് നാടകം എഴുതി ഞാൻ ശ്രീ ഒ. മാധവനെ ഏൽപ്പിച്ചിട്ടുണ്ട്. നാടകം ഹൈലി പവർഫുൾ ആയ ഒരു മീഡിയം ആണ്. സംഭാഷണങ്ങൾ വഴി അത് പോസിബിൾ ആണ്. നാടകവും വിൽക്കപ്പെടുന്ന ഒന്നാകണം. അതിലേക്ക് ശ്രമിക്കണം.

? വിവിധ തരത്തിലുള്ള അഡാപ്ഷൻസ് സാധ്യമാണല്ലോ.

നാടകത്തിന് അഡാപ്ഷൻ എന്ന നിലയിൽ വലിയ സാധ്യത ആണ്. അതിൽ വലിയ സംഘർഷങ്ങൾ കൊണ്ട് വരാൻ പറ്റും. ‘അമ്മിണിപിള്ള വെട്ട് കേസ്’ ഒക്കെ ചെറിയ ചെറിയ പാർട്ടികൾ നാടകമായിട്ടുണ്ട്. പിന്നീടാണ് സിനിമയാകുന്നത്. സിനിമ ആകുമ്പോഴാണ് ആളുകൾ ശ്രദ്ധിക്കുന്നത്. ഞാൻ അനുവദിക്കാറുണ്ട്, നാടകമോ, ഷോട്ട് ഫിലിമോ ആക്കാൻ.

? കഥ പ്രസിദ്ധപ്പെടുത്തിയാൽ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നൊരു ധാരണ സിനിമയിലുണ്ട്. പക്ഷേ താങ്കൾ അത് ശ്രദ്ധിക്കുന്നില്ല. ആവശ്യക്കാരും ഉണ്ട്.

കഥ രഹസ്യമായി വയ്ക്കേണ്ട സാധനമാണെന്ന ധാരണ എനിക്കില്ല. എന്റെ റീഡേഴ്‌സിന് എന്റെ കഥകൾ അറിയാം. ആ കഥയുടെ രണ്ടാം ഭാവമായി തിരക്കഥയെ കാണാനാണിഷ്ടം. എനിക്ക് ഒറ്റ ലാവണമേ ഉള്ളു. അത് റൈറ്റിങ്ങാണ്. അല്ലെങ്കിൽ കേരളത്തിൽ എത്ര പേരാണ് ഒരു ചെറുകഥയോ നോവലോ വായിക്കുന്നത്. അതു കൊണ്ട് കഥ വെളിവായിപ്പോവുകയൊന്നുമില്ല. അല്ലെങ്കിൽ തന്നെ ആദ്യ ഷോ വരെ മാത്രമേയുള്ളൂ ഇത്തരം രഹസ്യങ്ങൾ.

? മലയാളത്തിലെ മോസ്റ്റ് സോട്ട് ആഫ്റ്റർ സ്ക്രീൻ റൈറ്റർമാരിലൊരാളാണല്ലോ. ചെറുപ്പക്കാർ ഇന്ദുഗോപനെ തേടി വരുന്നു

= ഒരു പിടി വായനക്കാർ മാത്രമുള്ള കാലത്തും ഞാൻ എഴുതിയിരുന്നു. എന്റെ ബുദ്ധി നേരെ നിൽക്കുന്ന സമയം മുഴുവനും ഞാൻ എഴുതി കൊണ്ടിരിക്കും. അങ്ങനുള്ള ഒരു മാനസിക ശരീര ശാസ്ത്രമാണ് എന്റേത്. മറ്റു കാര്യങ്ങൾ വരും പോകും. നമ്മുടെ സർവൈവലിന് സഹായം. അത് അത്യാവശ്യവുമാണ്. അക്കാര്യത്തിൽ സന്തോഷമുണ്ട്.

g r indugopan, interview, iemalayalam

? എഴുത്താണ് പ്രാഥമികം എന്നാണോ?

= തീർച്ചയായും. ഞാൻ ക്രിയേറ്റ് ചെയ്യുന്ന ലിറ്ററേച്ചറിന്റെ ഒരു എക്സറ്റൻഡഡ് വേർഷൻ ആണ് എനിക്ക് സിനിമ. സംവിധായകന് അത് തിരക്കഥയാണ്. അതിങ്ങനെ പല കാഴ്ചപ്പാടിൽ പോകുമ്പോൾ പല കലാകാരന്മാരുടെ കൂട്ടായ്മയിൽ നിന്ന് വേറെ പ്രോഡക്ട് ഉണ്ടാകുന്നു. അത് വേറെ ഡിസൈനാണ്. ഓരോ ജീവിക്കും പ്രോഡക്ടിനും ഒരു ഡിസൈൻ ഉണ്ട്. നമുക്ക് നല്ലത് എന്ന് തോന്നുന്ന ഒരു ഡിസൈൻ നമ്മൾ മോഡിഫൈ ചെയ്തു പ്രസന്റ് ചെയ്യുന്നു, പ്രാഥമികമായി. അത് വലിയ രീതിയിൽ മാറുന്നു. നമ്മെ സഹായിക്കുന്ന, അഥവാ ആ പ്രോജക്ടിൽ ഒപ്പം നിൽക്കുന്ന പല പ്രതിഭാശാലികളിലൂടെ.

? സംഭാഷണപ്രധാനമാണ് ഇന്ദുഗോപന്റെ മിക്ക രചനകളും. നരേഷനേക്കാളും ഇഷ്ടം സംഭാഷണങ്ങളിലൂടെ എഴുതുന്ന രീതിയാണോ?

= ചിന്താപദ്ധതികൾ സംഭാഷണത്തിലൂടെ വരുമ്പോഴല്ലേ സംഘർഷമുണ്ടാകുന്നത്. അത് അങ്ങനെ തന്നെയാണ് ജീവിതത്തിൽ. നമ്മളിപ്പോൾ മൂന്ന് പേര് സംസാരിക്കുന്നു. ഒരു വിഷയത്തിൽ നമ്മുടെ നിലപാട്, ആത്മാർഥത, ഇടപെടൽ ഒക്കെ മൂലം അഭിപ്രായവത്യാസങ്ങൾ ഉണ്ടാവും. സംഘർഷങ്ങൾ ഉണ്ടാവും. മനുഷ്യജീവിതത്തിൽ സംസാരം വലിയ സംഭവമാണ്. ഇല്ലെങ്കിൽ നമ്മൾ മറ്റെല്ലാ ജീവികളെയും പോലെ ഭാവം കൊണ്ടും ഒച്ച കൊണ്ടും മാത്രം കാലം കഴിഞ്ഞു പോയേനെ. എങ്കിൽ ഇത്രയും യുദ്ധങ്ങൾ ലോകത്തു ഉണ്ടാവുമായിരുന്നില്ല. ഞാനൊരു സ്പെയ്സിലേക്ക് കുറേ ക്യാരക്ടേഴ്സിനെ അങ്ങ് ഇറക്കി വിടുവാ. അവർ ആ പ്രതലത്തിൽ ഇടപെടുവാ. അവരുടെ ഇടപെടലുകളിലൂടെ സംഘർഷം സ്വയം ഉരുത്തിരിയുകയാണ്. അല്ലാതെ ഞാനിവിടെ ഇരുന്നു കൽപ്പിക്കുവല്ല. ഇറക്കി വിട്ടാൽ നമ്മുടെ കാര്യം കഴിഞ്ഞു. പിന്നെ ഇവരെങ്ങനൊക്കെ പ്രതികരിക്കുന്നുവെന്നു ഒരു മേൽനോട്ടം മാത്രം. ചിലപ്പോൾ നൈസായിട്ടൊരു ഇടപെടൽ. അതു മതി.

? ഉപമകൾക്ക് എതിരാണ് എന്നൊരിക്കൽ എഴുതിയിട്ടുണ്ടല്ലോ?

= ഇരുട്ടിൽ ടോർച്ചടിക്കുമ്പോഴാണ് ടോർച് ടോർച്ചാകുന്നത്. അല്ലാതെ നമ്മൾ രാവിലേം ഉച്ചക്കും ഇടയ്ക്കിടയ്ക്ക് ടോർച് അടിച്ചോണ്ടിരുന്നാൽ വെളിച്ചമാണെന്ന് അറിയാൻ പറ്റില്ലല്ലോ.

? മാസ്സിന് വേണ്ടിയോ ക്രീമിന് വേണ്ടിയോ എന്നൊരു ചോദ്യത്തിന് പല തവണ ഉത്തരം കൊടുത്തു കാണും

= അതൊക്കെ സിനിമാപദങ്ങളാണ്. സാഹിത്യത്തിൽ എനിക്ക് പറയാനുള്ളത് പറയാൻ ഒരിടം വേണം. ഞാൻ മനോരമ ആഴ്ചപ്പതിപ്പിലും മാതൃഭൂമി ആഴ്ചപതിപ്പിലും ഒരേ പോലുള്ള ലിറ്ററേച്ചർ തന്നെയാ എഴുതിയിട്ടുള്ളത്. അതിലെ ലൈഫ് കൊണ്ട് ആളുകൾ ഒരു കൃതിയെ വിലയിരുത്തണം. മീഡിയം നോക്കിയല്ല.

? ആത്യന്തികമായി വായിപ്പിക്കുക എന്നാണോ?

= അങ്ങനല്ല. എന്നെ ബോറടിപ്പിക്കുന്നത് എനിക്ക് വെറുപ്പാണ്. അതേയുള്ളൂ.

g r indugopan, interview, iemalayalam

? യാത്രാവിവരണം ഒന്നേ എഴുതിയിട്ടുള്ളു അല്ലേ?

= വലിയ യാത്രികനോ. യാത്രകളെ ഇഷ്ടപെടുന്ന ആളോ അല്ല. നമ്മുടെ മേക്കിങ് എന്ന് പറയുന്നത് തന്നെ കണ്ടന്റിന് പിന്നാലെയുള്ള ഒരു യാത്രയാണ്. പാമ്പിനെ പിടിക്കാൻ പോകുന്ന ഒരാളെ പോലെ. അയാൾക്ക്‌ അത് വലിയ കാര്യമാണ്. വേറൊരാൾക്ക് അത് പ്രാന്തായിരിക്കും. കണ്ടന്റിന് വേണ്ടി അത്യാവശ്യം മോശമല്ലാത്തതും അപകടം പിടിച്ചതുമായ യാത്രകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഞാൻ പറഞ്ഞില്ലേ, ചന്ദനകൊള്ളക്കാരെ കുറിച്ച് എഴുതുമ്പോൾ അവരുടെ കൂടെ പോയി അപകടകരമായി ജീവിച്ചിട്ടുണ്ട്.

? അങ്ങനുള്ളവരുമായി ഒക്കെ അടുത്തിടപഴകുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ എങ്ങനെ ആയിരിക്കും?

= ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം എല്ലാ മനുഷ്യരിലും കുറ്റവാസന ഉണ്ടെന്നതാണ്. കുറ്റവാസന ഉണ്ടെന്ന് നമുക്ക് ധാരണയുള്ളവരോട് നമുക്ക് സുഖമായി ഇണങ്ങാം. പക്ഷേ വിശ്വാസം വേണം. എന്റെ പ്രോസസ് ഓഫ് ലിറ്ററേച്ചർ മേക്കിങ്ങി ( process of literature making)ൽ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാ. ഈ വീട്ടിൽ ഞാൻ ജീവചരിത്രമെഴുതിയ കള്ളൻ ഒപ്പം താമസിച്ചിട്ടുണ്ട്. വിചിത്രമായ അനുഭവങ്ങളുള്ള, തൊഴിലെടുക്കുന്ന മനുഷ്യരുടെ പിറകെ പോയി. അത് നിയമപരമോ നിയമവിരുദ്ധമെന്നോ ചിന്തിച്ചില്ല. എല്ലാം മനുഷ്യരാണ്. അവർ സമൂഹത്തിന്റെ ഭാഗവുമാണ്.

നമ്മുടെ ഉത്സാഹം literature make ചെയ്യുക എന്നതാ. നമ്മള് നമ്മളെ തന്നെ അവിടെ അപകടകരമായി കൊണ്ട് നിർത്തുകയാണ്. അത്രയും എനർജി ഞാനിടുന്നുണ്ട്. നമ്മളെ തന്നെ ബലി കൊടുക്കുന്ന ഒന്ന് അതിലുണ്ട്. കെ. സി. നാരായണൻ സർ പ്രേതങ്ങൾ ഉള്ള ബംഗ്ലാവിൽ പോയി ഒറ്റയ്ക്ക് താമസിക്കാമോ എന്ന് ചോദിക്കുന്നു. അവിടെ എത്തിയ ശേഷം എനിക്ക് വേണമെങ്കിൽ കൂടെ ഒരാളെ കൂട്ടാം. അവിടിരുന്നു അങ്ങനെ വായനക്കാരന്റെ കണ്ണിൽ പൊടിയിടാൻ എനിക്കിഷ്ടമല്ല. അനുഭവിക്കുന്നതേ എഴുതൂ എന്നൊരു വാശി എനിക്കുണ്ടായിരുന്നു.

ജേക്കബ് എബ്രഹാം , ജി ആര്‍ ഇന്ദുഗോപന്‍ , വീണ

? ഭാവനയും ഭാഷയും കൊണ്ട് വീടിനകത്തു എഴുത്തു മുറിയിലിരുന്നും ഇതേ ഇന്റൻസിറ്റിയിലുള്ള ലിറ്ററേച്ചർ പ്രൊഡ്യൂസ് ചെയ്യാം. ഈ അപകടകരമായ സഞ്ചാരങ്ങൾക്കിടയ്ക്ക് വല്ല അപകടം, ആക്രമണം വന്നിരുന്നെങ്കിലോ?

= വീട്ടിലിരുന്ന് ലിറ്ററേച്ചർ ഉണ്ടാക്കും. ഇന്റർനെറ്റ് ഉണ്ടല്ലോ. അത് ഉണ്ടായി വരികയും ചെയ്യുന്നല്ലോ. നെറ്റിലും വീട്ടിലും പരിമിതഭാവനയിലുമല്ലാത്ത ലിറ്ററേച്ചറിനാണ് ഞാൻ ശ്രമിക്കുന്നത്. കുറച്ചൊക്കെ വ്യത്യാസം അതുണ്ടാക്കും. നിങ്ങൾക്ക് അതിനോട് വിയോജിക്കാം. പക്ഷേ ആ പരിശ്രമത്തിൽ ചില ഗുണം വായനക്കാരന് ലഭിക്കും. ഉറപ്പാണ്.

പിന്നെ ഇത്തരം ലിറ്ററേച്ചർ ചെയ്യാനിറങ്ങുമ്പോഴുള്ള അപകടം. കഴിയുന്നതും യാത്രകൾക്ക് പോകുമ്പോൾ ഞാൻ ആരോടും ചർച്ച ചെയ്യാറില്ല. എഴുത്തിന്റെ ആനന്ദം എന്നു പറഞ്ഞാൽ എരുക്കു മരത്തിൽ നിന്നും പോയ ഒരു അപ്പൂപ്പൻ താടി പോലെയാണ്. ചെടിയിൽ നിന്ന് പൊട്ടി കഴിഞ്ഞാ പിന്നെ എങ്ങനാ. ചെടിയുമായിട്ട് അതിന് ഒരു ബന്ധവുമില്ല.

g r indugopan, interview, iemalayalam

?വേണു സംവിധാനം ചെയ്യുന്ന തിരുവനന്തപുരത്തെ ഗുണ്ടകളുടെ ജീവിതം പറയുന്ന സിനിമ വരുന്നുണ്ടല്ലോ. തിരുവനന്തപുരത്തിന്റെ നെക്സ്സസിലേക്ക് പോയിട്ടുണ്ടോ?

= ഉണ്ട്. പോകാതെ എഴുതാൻ എനിക്ക് പറ്റത്തില്ല. തിരുവനന്തപുരത്തിന്റെ ഊടു വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. പല ഗുണ്ടാനേതാക്കളുമായി സംസാരിച്ചു. പത്രപ്രവർത്തന ജീവിതം സഹായിച്ചു.

? ഇമോഷണൽ എനർജി യുടെ കൂടെ ഫിസിക്കൽ എനർജി കൂടെ ഇടുന്നുണ്ടല്ലേ?

= അങ്ങനെ വേണം. അത്ര പ്രതിഭയേ എനിക്കുള്ളൂ എന്നു ഞാൻ എന്നോടു പറഞ്ഞു കൊണ്ടിരിക്കും.

? റൈറ്റർ എന്ന ജീവിയെ എഴുത്തുമേശയിൽ നിന്ന്, മുറിയിൽ നിന്ന് പുറത്തിറക്കി

= അടിച്ചു പുറത്തിറക്കി. നമ്മൾ രാവിലെ എഴുന്നേൽക്കുന്നു.നമ്മളേതൊ ലോകത്തെ ഇങ്ങനെ സങ്കൽപ്പിച്ചു എഴുതാൻ തുടങ്ങുന്നു. എനിക്കാ പരിപാടി പറ്റില്ല. ഞാൻ എന്റെ സ്ലോട്ടിലൂടെ ആനന്ദങ്ങൾ കണ്ടെത്തി കൊണ്ടിരിക്കുന്നു. ജീവിതമാണോ അനുഭവം ആണോ എന്നറിയാൻ കഴിയാത്ത കലക്കി മറിച്ചിൽ. ഇഷ്ടപെട്ട കുറേ സുഹൃത്തുക്കൾ എന്റെ കൂടെ നിന്നു.

?വായനക്കാരിൽ കൂടുതലും ചെറുപ്പക്കാരാണ്?

=അതേ. അവരിൽ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്. മുന്നോട്ടുള്ള ജനറേഷനെ അഡ്രസ് ചെയ്യാനാ എനിക്കിഷ്ടം. എന്റെ തലമുറയുടെ അത്രയും പൊല്യൂട്ടഡ് അല്ല പുതിയ തലമുറ.

?സോഷ്യൽ മീഡിയിൽ പുസ്തകങ്ങൾ കുടുതലായി ചർച്ച ചെയ്യപ്പെടുന്നു

=സന്തോഷം. അല്ലാത്ത കാലത്തും നമ്മൾ എഴുതി. ഇപ്പോഴുള്ളതിൽ അമിതമായ സന്തോഷമില്ല. പക്ഷേ ആശ്വാസം തോന്നുന്നു. നമ്മളമ്മട്ടിൽ കിടന്നു പണിയെടുത്തിട്ടുണ്ട്. ഒരു കഞ്ചാവുകൃഷിക്കാരൻ ഇടുക്കിയിൽ വന്നിട്ടുണ്ട്. സ്വന്തം ജീവിതം സംസാരിക്കാൻ താൽപര്യമാണെന്നു പറഞ്ഞാൽ നമ്മള് നിൽക്കുന്ന നിൽപ്പിൽ അങ്ങനങ്ങു ഇറങ്ങി പോകുവാ. വീട്ടുകാർ ഒപ്പം നിന്നില്ലെങ്കിൽ വിഷമിച്ചേനെ. ഇപ്പോഴത് മറ്റു രീതിയിലേയ്ക്ക് മാറി.

? ആ മാറ്റം എങ്ങനെയാണ്?

ചിന്തിക്കാനുള്ള സ്പേസ് വേണം, ഇപ്പോൾ കൂടുതലായി. ഒരു ശാന്തത ആഗ്രഹിക്കും. പ്രായമാകുന്നതിന്റേതാണ്. പകുതി ദിവസം കൊല്ലത്ത്, നാട്ടിൽ കടൽത്തീരത്തെ ഒരു വീട്ടിലാണിപ്പോൾ. രാത്രി ഒരു മണിക്ക് കടലിൽ പോകുന്ന മനുഷ്യർ കഴിക്കുന്ന ആഹാരം കഴിച്ച ശേഷമാകും, അവരോട് വർത്തമാനം പറഞ്ഞ ശേഷമാകും ചിലപ്പോ ഉറക്കം. നാല് രൂപയുള്ള ദോശയും സാമ്പാറും. പക്ഷേ ആ തൃപ്തിയാണ് വലുത്. അതൊരു റൈറ്റർക്കുള്ള സവിശേഷമായ തൃപ്തിയാണ്. ഇത്തരത്തിൽ സ്വാഭാവികതയിലേക്ക് ഇഴുകിച്ചേരാനാണ് ഇപ്പോൾ ആയം.

? ജീവിതത്തിൽ വലിയ ദർശനങ്ങൾ വന്നു ചേർന്ന് കാണുമല്ലോ?

= കുറച്ചു നാൾ ജീവിക്കുമ്പോ എല്ലാർക്കും അങ്ങനൊക്കെ വരും. ഇനിയിപ്പോ സാഹിത്യം നമ്മുടെ ഉള്ള സന്തോഷം കെടുത്താതിരിക്കണം. പുതിയ എഴുത്തുകാരോട് എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങൾ തുഴയുന്ന വഞ്ചി ഉലയുന്നുണ്ടെങ്കിൽ ആ ഉലച്ചിൽ നിങ്ങൾ ആസ്വദിക്കുക. വല്യ currents ഉണ്ടാവും. ആസ്വദിക്കുന്നത് അനുഭവിക്കുന്നതും ഭീതിപ്പെടുത്തുന്നതും അള്ളി പിടിച്ച് നിൽക്കുന്നതും എല്ലാം എൻജോയ്മെന്റ് തന്നെയാണ്. ഞാൻ എഴുതി വച്ച ലിറ്ററേച്ചർ (literature) ഞാൻ അനുഭവിച്ചതാ. ഈ തൊഴച്ചിലിനിടയിൽ കരയിലൂടെ എന്തൊക്കെ കെട്ടുകാഴ്ച പോകുന്നു, ഈ കെട്ടുകാഴ്ചയുടെ ഭാഗമാകാൻ എനിക്ക് കഴിയുന്നില്ലല്ലോ, വെള്ളത്തിലാണോ ഇതൊന്നും ചിന്തിക്കരുത്. മുന്നോട്ടു പോകുക. തുഴയുക. ആ തുഴച്ചിലിനൊരു താളം വേണം. അത് അനുഭവിക്കാനാകണം. കര മാത്രമല്ലല്ലോ വലിയ കാര്യം.

Also Read: ‘നാലഞ്ചു ചെറുപ്പക്കാര്‍’ ഉണ്ടായതിനെകുറിച്ച് ഇന്ദുഗോപൻ. കൂടാതെ നോവലിന്റെ രണ്ട് അദ്ധ്യായവും

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: G r indugopan interview part 2