scorecardresearch
Latest News

ഞാൻ എഴുതുന്നത് ഞാൻ അനുഭവിച്ച ജീവിതം: ജി.ആർ ഇന്ദുഗോപൻ

മലയാള സാഹിത്യത്തിൽ ഒറ്റയാൾ വഴിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ജി. ആർ ഇന്ദുഗോപൻ. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, അനുഭവമെഴുത്ത്, യാത്ര, തിരക്കഥ, തുടങ്ങി വൈവിധ്യ പൂർണ്ണമാണ് ഈ എഴുത്തുകാരന്റെ സർഗാത്മകലോകത്തെ കുറിച്ചുള്ള സംഭാഷണം

ഞാൻ എഴുതുന്നത് ഞാൻ അനുഭവിച്ച ജീവിതം: ജി.ആർ ഇന്ദുഗോപൻ

സാഹിത്യത്തിലും സിനിമയിലും വേറിട്ടവഴിയിലൂടെ സഞ്ചരിക്കുന്ന മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ജി ആർ ഇന്ദുഗോപൻ. സാഹിത്യത്തിലെ മിക്കവാറും എല്ലാ മേഖലകളിലും ഇന്ദുഗോപൻ സ്വന്തം ഇടം കണ്ടെത്തിയിട്ടുണ്ട്. എഴുത്ത്, സിനിമ, യാത്രകൾ, ജീവിതം എന്നിവയെക്കുറിച്ച് ഐ ഇ മലയാളം ഓണം വായനയ്ക്ക് വേണ്ടി ഇന്ദുഗോപനുമായി എഴുത്തുകാരായ വീണയും ജേക്കബ് ഏബ്രഹാമും നടത്തിയ ദീർഘ സംഭാഷണം. ഒന്നാം ഭാഗം

വീണ, ജേക്കബ് എബ്രഹാം: വീണ്ടും ഒരു ഓണക്കാലം … വായനക്കാർക്ക് ഓണപ്പതിപ്പുകളുടെ വായന കൂടിയാണ് ഓണക്കാലങ്ങൾ. പുതിയ ക്രൈം നോവൽ ‘സ്കാവഞ്ചർ’ ഈ ഓണക്കാലത്ത് വായനയ്ക്ക് എത്തിയിരിക്കുകയാണ്. പുതിയ നോവലിനെ കുറിച്ച് സംസാരിച്ചു കൊണ്ട് തുടങ്ങിയാലോ?

ഇന്ദുഗോപൻ: അതെ! പുതിയ നോവൽ തിരുവനന്തപുരം സൂ (മൃഗശാല) ബേസ് ചെയ്തിട്ടുള്ള ഒരു നോവലാണ്. അതിന്റകത്ത് ഭയങ്കര കൗതുകമായിട്ട് തോന്നിയിട്ടുള്ളത് മ്യൂസിയം പൊലീസ് സ്റ്റേഷൻ, മ്യൂസിയം, സൂ ഇത്രയും സ്ഥാപനങ്ങൾ അടുത്തടുത്താണ് . മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഒരു എസ്. ഐയും മൃഗശാലയിലെ ഒരു വെറ്റിനറി സർജനും തമ്മിലുള്ള അടുപ്പം വെച്ച് എസ്. ഐ അവിടെ വരുന്ന ഒരു പ്രതിയെ ഉരഗങ്ങളെ നോക്കുന്ന അടിമയായിട്ട് വിൽക്കുന്നതാണ്. ഉരഗങ്ങളെ നോക്കാൻ ആളിനെ കിട്ടത്തില്ല. അപകടം പിടിച്ച ജോലിയാണത്. ഉരഗങ്ങളെ നോക്കാനായി വരുന്നവന്റെ ഉള്ളിൽ വലിയ ഒരു പ്രണയമുണ്ട്. ഇതിനിടയിൽ ഒരു കൊലപാതകവും നടക്കുന്നുണ്ട്. വിറ്റ ആൾ കൊല ചെയ്യപെടുമ്പോൾ ആയാൾ പ്രതി ചേർക്കപെടുകയാണ്. പ്രണയം ഇങ്ങനെ ബാക്ഗ്രൗണ്ടിൽ കിടപ്പൊണ്ട്. അനിശ്ചിതത്വം ആണ് ആ വർക്കിന്റെ ബലം.

g r indugopan, interview, iemalayalam

? അതെ വളരെ ഉദ്വേഗജനകമായി വായിച്ചു തീർന്ന നോവലാണ്. മ്യൂസിയം, സൂ തിരുവനന്തപുരത്തിന്റെ പരിചിത ഇടങ്ങൾ.

= തിരുവനന്തപുരം എനിക്ക് വളരെ പരിചയമുള്ള സ്ഥലമാണ്. എത്രയോ തവണ കയറിയിറങ്ങി നടന്ന സ്ഥലങ്ങളാണ് മ്യൂസിയവും സൂവുമൊക്കെ. ഈ നോവലിന്റെ ആശയം നാലഞ്ച് വർഷം മുമ്പേ മനസ്സിൽ വീണതാണ്. കഥ ട്രൂലി ഫിക്ഷനാണ്. അതിലെ പട്ടാളക്കാരന്റെ ജീവിതം റിയലാണ്. എന്റെ ഒരു കൂട്ടുകാരൻ എയർ ഫോഴ്സിലുണ്ട്. അവന്റെ ഒരു കൂട്ടുകാരൻ മരിച്ചിട്ടു ആന്ധ്രയിൽ പോയിട്ടുണ്ട്. ആ സന്ദർഭം നോവലിലെ ഒരു പ്രധാന ഭാഗം ആണ്. പിന്നെ കുതിര പൊലീസ്, പൊലീസിന്റെ മറ്റൊരു വിഭാഗമായ ക്യാമ്പ് ഫോളോവേഴ്സ് എന്നിവരുടെ ജീവിതമൊക്കെ നോവലിലുണ്ട്. ഇതിന്റെയൊക്കെ പുറകെ സഞ്ചരിക്കുമ്പോൾ കിട്ടുന്ന ഒരു കൗതുകമുണ്ട്. അതാണ് എഴുത്തിന്റെ ലഹരി. എനിക്ക് മൾട്ടി ടാസ്ക്കിങ് വളരെ ഇഷ്ടമാണ്.

? അപ്പോൾ ഒരുപാട് ഡിഫറൻന്റ ആയ കാര്യങ്ങൾ ഒരേ സമയം ചെയ്യുമോ

= തീം കുറെയെണ്ണം ഒരേ സമയം മനസ്സിൽ കാണും. ചിലതു തുടങ്ങി വയ്ക്കും. ചില തടസ്സങ്ങൾ വരും. മറ്റൊന്നിലേക്ക് പോകും. കഥാപാത്രങ്ങൾ അങ്ങനെ മനസ്സിൽ കിടന്നു നീറും. അതൊരു കൗതുകവാ. ഇങ്ങനൊക്കെ ജീവിക്കുന്നവര് ഒണ്ടോ? അതൊരു ചോദ്യമാണ്. അതിന്റെ പിറകെ ഇങ്ങനെ സഞ്ചരിക്കുമ്പോൾ കിട്ടുന്ന അനുഭവം എക്സൈറ്റിങ് (exciting) ആണ്. അതിനു കാട്ടിലും കടലിലും പോകാം.

? സമീപകാലത്തെ രചനകളിൽ മൃഗവും മനുഷ്യനും തമ്മിലുള്ള ഒരു സംഘർഷം കടന്നുവരുന്നതായ് തോന്നും. മനുഷ്യനുള്ളിലെ മൃഗവും ജന്തുജാലങ്ങളും നിറയുന്നു. സ്കാവഞ്ചർ, കരിമ്പുലി, ചെന്നായ തുടങ്ങിയ രചനകളിലൊക്കെ അധികാരം ഒരു മൃഗ വാസനയായി വരുന്നുണ്ടല്ലോ.

=മനുഷ്യൻ മാത്രം ചേർന്നതല്ലല്ലോ ലോകം. മനുഷ്യരെ കുറിച്ച് തന്നെ കഥ ഉണ്ടാക്കുന്നു. അതിൽ അള മുട്ടും. ‘കരിമ്പുലി’യിലെ കുടിയേറ്റക്കാരനായ യുവാവ്, ‘സ്കാവഞ്ചറി’ലെ പിച്ച രണ്ടു പേരും ഒരേ മാനസികാവസ്ഥയുള്ളവരാണ്. നമ്മൾ തമ്മിൽ ഇങ്ങനെ ഇരുന്ന് സംസാരിക്കുമ്പോ നാളത്തെ കാര്യം പറയാൻ കഴിയില്ല. നാളത്തെ അധികാരം മാറാം. എന്തുവാ അസാമാന്യമായ ഒരു കരുത്ത് നേടിയ ദുഷ്ട മൃഗമാണ് മനുഷ്യൻ. ഏറ്റവും ദുർബലനായവൻ മുതൽ കരുത്തൻ വരെ ഒരൊറ്റ മനുഷ്യനിലൂടെ പുറത്തോട്ട് വരാം. ‘സ്കാവഞ്ചറിൽ’ ഏറ്റവും കൂടുതൽ അധികാരം കാണിക്കുന്നത് ബത്തൂത്തയാണ്. യഥാർത്ഥത്തിൽ അയാൾ അധികാര ശ്രേണിയിൽ ഏറ്റവും താഴെ നിൽക്കുന്നവനാ. അധികാരം ഒരു ഏണി പോലെയാണ്.

g r indugopan, interview, iemalayalam

? പുരുഷന്റെ മാത്രമല്ല സ്ത്രീയുടെ ലോകവും വ്യത്യസ്തമായ തലത്തിൽ ഇന്ദുഗോപന്റെ രചനകളിൽ കടന്നു വരുന്നുണ്ട്

= ശരിയാണ്. പുതിയ നോവലിലെ മേരി എന്ന കഥാപാത്രം വനിത എസ്. ഐ സറ്റിൽ (subtle) കഥാപാത്രമാണ്. ‘ട്വിങ്കിൾ റോസ’യിലും ‘വിലായത്ത് ബുദ്ധ’യിലും അങ്ങനെയല്ല. പുരുഷന്റെ അധികാരമണ്ഡലം വളരെ വലുതാണ്. ഇന്ന് നടന്ന ഒരു സംഭവം പറയാം. ഞാൻ കുടപ്പനക്കുന്നിൽ പോയിട്ട് വരുമ്പോ കണ്ട കാഴ്ചയാ. ഒരോട്ടോയിൽ ഒരു ലേഡിയിരിക്കുന്നു. അവരുടെ ഭർത്താവും മകനുമുണ്ട്. അവര് വെള്ളമെന്തോ ചോദിച്ചപ്പോ അയാള് കയ്യിലൊരൊറ്റ അടി. ആ സ്ത്രീയുടെ മുഖം എന്റെ മനസ്സിന്ന് മാറുന്നില്ല. ആ സ്ത്രീയ്ക്കത് നിശബ്ദം സഹിക്കാം രണ്ടാമത് ചെറുക്കാം . ചെറുത്തു നിൽപ്പ് പ്രധാനമാണ്.

?ചില ക്യാരക്ടേഴ്സിനെ സബ്റ്റിലായി ട്രീറ്റ് ചെയ്യുന്ന രീതി ഉണ്ടല്ലോ, വേറൊരു തരം ചെറുത്തു നിൽപ്പ് സാധ്യമായവരിൽ

= കാരണം എന്താണെന്ന് വച്ചാൽ ക്രൈം ചെയ്യുന്നവർ സബ്ഡ്യൂഡ് ആയിരിക്കും. ക്രൈം എന്ന എലമെന്റ്‌ ഉള്ളിൽ കിടക്കുന്നതു കൊണ്ട് ഒന്ന് പതുക്കി അവതരിപ്പിക്കുക എന്നൊരു രീതി ഒണ്ട്.

? സോഷ്യൽ മീഡിയയിലൊന്നും സാന്നിധ്യമില്ലല്ലോ?

= സോഷ്യൽ മീഡിയ ഇല്ലാതെ ജീവിച്ചു വന്ന ഒരു ജനറേഷന്റെ ഭാഗമാണ് ഞാൻ. വായനക്കാരുമായി ഇന്ററാക്ട് ചെയ്യുന്നതിൽ എനിക്ക് വിരോധമില്ല. പിന്നെ ബുക്ക് വിൽക്കാനോ, പ്രചരിപ്പിക്കാനോ ഇന്നുവരെ ശ്രമിച്ചിട്ടില്ല.

? താങ്കളുടെ എഴുത്തിന് രണ്ട് ഘട്ടങ്ങൾ ഉള്ളതായിട്ട് തോന്നിയിട്ടുണ്ട്. ‘മണൽജീവികൾ,’ ‘ഐസ്’ എന്നിങ്ങനെയുള്ള കൃതികളിൽ നിന്നും ഇപ്പോൾ എത്തി നിൽക്കുന്ന ക്രൈം സാഹിത്യം ഉൾപ്പെടുന്ന രണ്ടാം ഘട്ടം?

= ക്രൈം സാഹിത്യം മാത്രമല്ല. പ്രേത കഥകൾ, മിസ്റ്ററി, തീവ്രമായ പ്രണയകഥകൾ ഈ ഴോണറുകൾ ഒക്കെ എനിക്ക് എടുത്തു പെരുമാറാൻ ഇഷ്ടമാണ്. സാഹിത്യത്തിലെ കമ്പാർട്ട്മെന്റലൈസേഷന് ഞാൻ എതിരാണ്. എക്സിസ്റ്റൻഷ്യൽ മാത്രമെ ഞാനെഴുതു എന്ന വാശിക്കൊക്കെ ഞാൻ നിൽക്കില്ല. അങ്ങനെയുള്ള പല വൈരാഗ്യങ്ങളും കടുംപിടുത്തങ്ങളും നമ്മുടെ മനസ്സിൽ കിടപ്പുണ്ട്. മുട്ടത്തുവർക്കി, പത്മരാജൻ തുടങ്ങിയ അതിപ്രഗത്ഭരെ വരെ സാഹിത്യത്തിൽ സൈഡ് ലൈൻ ചെയ്തില്ലേ. ചിലതെല്ലാം പൊയ്ക്കാലിൽ നിൽക്കുകയായിരുന്നു. അന്ന് തമസ്ക്കരിക്കപ്പെട്ടതെല്ലാം വീണ്ടും ജനിച്ചില്ലേ. അതിന് സഹായിച്ചത് സോഷ്യൽ മീഡിയയാണ്. അതിന് ശേഷം അവർ തെളിച്ചിടുത്ത കുറച്ച് എഴുത്തുകാരിൽ ഞാനും ഉൾപ്പെട്ടു എന്നത് സത്യമാ. എഴുത്തിൽ രണ്ട് ഘട്ടങ്ങൾ തീവ്രമായ പ്രവർത്തന കാലയളവായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾ അങ്ങ് വിട്ടു കൊടുത്തു. കുറച്ച് റീഡേഴ്സ് എന്നെ താഴെ വീഴാതെ കൊണ്ടുപോയി. ‘മണൽജീവികൾ’ എഴുതുമ്പോൾ അന്ന് നമ്മളീ സ്ഥലങ്ങളിൽ പോയി താമസിച്ച് എഴുതുവാരുന്നു.

അങ്ങനൊള്ള കഥയുടെ പശ്ചാത്തലം തിരഞ്ഞെടുക്കുന്ന കാര്യത്തില് ഞാൻ കേരളത്തിൽ വളരെ യുനീക്കായ ചില സ്ഥലങ്ങൾ കണ്ടെത്തി അവിടെ പോയി താമസിച്ച് പഠിച്ച് കഥ പറയാനുള്ള ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ കാലങ്ങളിലല്ലാം ഒരു സൈഡിൽ കൂടെ ഞാനും സഞ്ചരിക്കുന്നുണ്ടായിരുന്നു. വായിക്കപ്പെട്ടാലും വിസ്മരിക്കപ്പെട്ടാലും പ്രസന്റിൽ മാത്രമെ ഞാൻ ജീവിക്കാറുള്ളു. നമ്മളിന്നലെ എന്തു ചെയ്തു എന്നൊരു കഥയേയില്ല. വിപണിയെ നോക്കാറില്ല. അടുത്തതൊന്ന് എങ്ങനെ നന്നായി ചെയ്യാം എന്നാണ് ചിന്തിക്കുന്നത്. പണ്ട് എഴുതിയപ്പോൾ തമസ്കരിക്കപ്പെട്ടു പോയ ചിലതുണ്ട്. സാഹിത്യത്തിൽ ജനാധിപത്യവത്ക്കരണം വന്നത് സോഷ്യൽ മീഡിയയുടെ വരവോടെയാണ്.

g r indugopan, interview, iemalayalam

?- പ്രസന്റിൽ മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് പറഞ്ഞല്ലോ. അപ്പൊ ഓർമ്മകളോ?

= ഹ… ഹ… എഴുതി കഴിഞ്ഞാൽ നമ്മളതിനെ വിസ്മരിക്കുകയാണ്. അങ്ങ് അഴിച്ചു വിടുവാ. കൊളുത്തൂരി വിടുന്നത് പോലൊരു പ്രക്രിയയാ അത്. അത് വായിക്കപ്പെട്ടാലും വിസ്മരിക്കപെട്ടാലും.

? ‘നാലഞ്ച് ചെറുപ്പക്കാർ,’ ‘ട്വിങ്കിൾ റോസ്സാ’… കൊല്ലത്തെ തീര പ്രദേശം, നാടിനെ അടയാളപ്പെടുത്താനുള്ള ശ്രമം അതിനെ കുറിച്ച് പറയാമോ

= സത്യം പറഞ്ഞാ തിരുവനന്തപുരത്തിന്റെ ഊടുവവഴികളൊക്കെ എനിക്ക് നല്ല തിട്ടവാ. അതിന്റെ പത്തിലൊന്നു മാത്രവേ കൊല്ലത്തെ കുറിച്ച് അറിയത്തൊള്ളൂ. നഗരവും പരിസരവും കുറച്ചൊക്കെ അറിയാം.

? തിരുവനന്തപുരത്തു ഊടുവഴികൾ ഒരുപാടുണ്ട്. പെട്ടെന്ന് പിടി കൊടുക്കില്ല.

= ശരിയാ. എന്നാ അധികമാർക്കും പിടി കൊടുക്കാത്ത വഴികൾ എനിക്കറിയാം. പതിനഞ്ചു വയസ്സ് കഴിഞ്ഞിട്ടാ ഞാൻ ഒറ്റയ്ക്ക് കൊല്ലത്തോട്ടുള്ള യാത്ര തന്നെ. എന്റെ ജന്മ സ്ഥലമായ കൊല്ലത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമം.

? പോകണമെന്ന് കൊതിച്ച ഇടങ്ങളെ, പോകേണ്ടിയിരുന്ന സ്ഥലങ്ങളെ ഒക്കെ എഴുത്തിൽ കൊണ്ട് വന്നല്ലേ?

= ശരിയാ. വീട്ടീന്ന് അര കിലോമീറ്ററെ ഉള്ളു കടലിലേക്ക്. കുഞ്ഞിലേ കടലിന്റെ സൗണ്ട് കേൾക്കാതെ ഉറങ്ങാൻ പറ്റത്തില്ല. കടൽ ഒരു വല്യ പാഷനാ. നമ്മളെ ഫാസിനേറ്റ്( fascinate) ചെയ്യുന്ന ഒന്നിനെ ഭാഷ കൊണ്ടും ഭാവന കൊണ്ടും എക്സ്പ്ലോർ (explore) ചെയ്യാൻ എനിക്ക് ഇഷ്ടവാ.

? എഴുത്തു തന്നെയാണ് വഴി എന്ന് ഫിക്സ് ചെയ്തത് എപ്പോഴാ

= ഒരു 17 വയസ്സിൽ തന്നെ ഉറപ്പിച്ചിരുന്നു. കൊല്ലത്തെ എസ് എൻ കോളജിലാ പഠിച്ചേ. സെക്കൻഡ് ഗ്രൂപ്പ്‌. അപ്പൻ സർ ഒക്കെ അവിടെ പഠിപ്പിക്കാനുണ്ടായിരുന്നു. എഴുത്തു നമ്മളിലേക്ക് കുടിയേറുക എന്നൊരു സാധനമുണ്ടല്ലോ. പിന്നെ ലിറ്ററേച്ചറി (literature)ലേക്ക് മാറുകയായിരുന്നു.

? എഴുത്ത് നമ്മളെ ആവേശിപ്പിക്കുക

= അതേ, ഇറക്കി വിടാൻ പറ്റത്തില്ല. അത് അങ്ങനെ ഒരു ചോദനയായി കിടക്കുവാ.

? ആദ്യ കഥ ഓർക്കുന്നുണ്ടോ?

= കൊല്ലത്തെ അക്കാലത്തെ ചില ബുദ്ധിജീവികൾ ചേർന്ന് ഇറക്കിയ ഒരു മാഗസിനിൽ എഴുതിയിരുന്നു. കോളേജ് മാഗസിനിന്റെ ലെവൽ അല്ല അത്. ‘പൊഴി’ എന്നോ മറ്റോ ആണ് ആ കഥേടെ പേര്. അന്നൊരാൾ എന്റടുത്തു പറഞ്ഞു ‘ഇതൊരു നല്ല കഥയാന്ന് നീ അഹങ്കരിക്കരുത്. പക്ഷെ ഇതിനകത്തു ചില സാധ്യതകളുണ്ട്.’

? ആദ്യമായി കിട്ടിയ വിമർശനം അതാണല്ലേ?

= ഒരു നിരൂപണത്തിന്റെ സ്വഭാവം ആയിരുന്നു ആ വിമർശനത്തിന്.

? നിരൂപണ സ്വഭാവമുള്ള റീഡിങ്സ് വായനക്കാരുടെ അടുത്ത് നിന്നും കിട്ടുന്നത് നല്ല കാര്യമാണ്.

= നമ്മളെഴുതാത്ത ഒരു തലം ആയിരിക്കും വായനക്കാരൻ മുൻപിൽ കൊണ്ട് വന്നിടുന്നത്. ‘നാലഞ്ച് ചെറുപ്പകാരെ’ കുറിച്ച് ഒക്കെ ക്രിട്ടിക്കലായ ചില സാധനങ്ങൾ ആളുകൾ അയച്ചു തന്നിരുന്നു.

g r indugopan, interview, iemalayalam

? ‘നാലഞ്ച് ചെറുപ്പക്കാർ’ ഒരു ത്രില്ലർ അല്ലെങ്കിലും വളരെ ത്രില്ലിങ് ആയി വായിച്ചു പോയതാണ്. ‘സ്വർണ്ണം,’ അതിന്റെ ഇടപെടലുകൾ, ഒരു സോഷ്യൽ ഇഷ്യൂ ആയി മാറുന്നത് ഒക്കെ ആ വർക്കിൽ വരുന്നുണ്ട്. നാട്ടിലോ വീട്ടിലോ കല്യാണം കഴിഞ്ഞു പോയ പെണ്ണുങ്ങളിൽ നിന്നും സ്വർണ്ണം കടം വാങ്ങി കല്യാണത്തിന്റെ അന്ന് കല്യാണപെണ്ണ് അണിയുന്നതും പിന്നെ ഒന്ന് രണ്ടു ആഴ്ച ഒക്കെ കഴിഞ്ഞു സ്വർണ്ണം തിരിച്ചു കൊടുക്കുന്നതും അപ്പോൾ തൂക്കം കുറഞ്ഞെന്നു പറഞ്ഞു പരസ്പരം അടിപിടിക്കുന്നതും ഇപ്പോഴും സാധാരണമാണ്… ചില കേസുകളിൽ പെണ്ണ് അവൾക്കിഷ്ടപെട്ട വളയോ മാലായോ ചിലപ്പോൾ തിരിച്ചു കൊടുക്കാൻ മടിക്കും. ഒരു നാട്ടുശീലം പോലെ അത് ഇപ്പോഴും ഒരുപാട് ഇടങ്ങളിൽ ഒട്ടിപിടിച്ചു കിടപ്പുണ്ട്.

= അത് ഞാൻ വേറൊരു പരിപാടിയുടെ പിന്നാലെ പോയി അബദ്ധവശാൽ ഇതിലങ്ങു വീഴുവായിരുന്നു. ശാസ്ത്രകാരന്മാരെ പോലെ ചില കണ്ടു പിടുത്തങ്ങൾ എഴുത്തുകാർ ചെയ്യുമല്ലോ. എനിക്ക് കൊല്ലത്തെ കാര്യമേ ഇതിൽ അറിയവൂ. കല്യാണ തലേന്ന് കവറു കൊടുപ്പൊണ്ട്. ഇന്നാള് നൂറു രൂപ ഇങ്ങോട്ട് കൊണ്ട് വന്നു. വീട്ടു പേരെന്താ. ഇങ്ങോട്ട് ഒരു നൂറു കിട്ടിയാൽ അഞ്ചു വർഷം കഴിഞ്ഞു 500 ആയി തിരിച്ചു കൊടുക്കാനുള്ളതാ. ഗ്രാമീണമായ അവസ്ഥ ആണത്. ഈ പണം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്… ഞാൻ കണ്ടിട്ടൊളളതാ. കല്യാണപെണ്ണ് നിറച്ചു സ്വർണ്ണമൊക്ക ഇട്ട് നിൽക്കും. രണ്ട് മൂന്ന് മാസത്തിനകം അത് ഒരു മാലയും രണ്ട് വളയുമായി ചുരുങ്ങും. കൊടുത്ത പൊന്ന് അതിനകം വരന്റെ പെങ്ങൾക്കും കടം തീർക്കാനും മറ്റുമായി വീതിച്ചു തുടങ്ങിയിരിക്കും. ഒരു ആണിനെ സംബന്ധിച്ച് അത് വരെയുള്ള എല്ലാ പ്രശ്നങ്ങളെയും അഡ്രസ് ചെയ്യാനുള്ള ഒരു പരിഹാരമായി കല്യാണങ്ങൾ മാറുവാ. ശരിക്കും സ്വർണ്ണം എന്ന ഉരുപ്പടിക്കു എത്രെയോ മുകളിൽ നിൽക്കുന്ന ഒന്നാ സ്ത്രീ.

Also Read: ‘നാലഞ്ചു ചെറുപ്പക്കാര്‍’ ഉണ്ടായതിനെകുറിച്ച് ഇന്ദുഗോപൻ. കൂടാതെ നോവലിന്റെ രണ്ട് അദ്ധ്യായവും

g r indugopan, interview, iemalayalam

? ‘ട്വിങ്കിൾ റോസ്സ’യിലെ സ്ത്രീ ഒക്കെ വളരെ പവർഫുൾ ആണല്ലോ? ജലം, ഫെമിനിറ്റി- ഒരു കണക്ട് കാണാമതിൽ.

=സ്വന്തം മനോസാമ്രാജ്യത്തെ വിപുലപ്പെടുത്താൻ ഒരു സ്ത്രീ തീരുമാനിച്ചാൽ പിന്നെ ഒറ്റ ശക്തിക്കും തടയാനൊക്കില്ല. വിശ്വപ്രകൃതി തന്നെ അവരാ. പുതിയ കാലത്തെ സ്ത്രീകൾ അതിനെ നന്നായി നിർവചനം ചെയ്യുന്നുമുണ്ട്. ‘ട്വിങ്കിൾ റോസ്സ’യിലെ കായലിനടുത്തു വന്ന്‌ പെട്ട സ്ത്രീ. ചുറ്റിലും ജലത്തിന്റെ ഒരു വല്യ സാമ്രാജ്യം കണ്ടെത്തുകയാ. അത് സ്ക്രിപ്റ്റ് ആകുമ്പോൾ ആ കഥാപാത്രം രണ്ടിരട്ടി ബലപെടുന്നുണ്ട്.

? എഴുതാൻ തീരുമാനിക്കുമ്പോൾ ഉള്ളതിനെക്കാളും വൈബ്രന്റ് (vibrant) ആയി കൊണ്ടിരിക്കും ഓരോ എഴുത്തിലും റീടെല്ലിങ് (re-telling) എന്നല്ലേ?

= നമ്മളൊരു കഥ പറയാൻ തീരുമാനിക്കുന്നു. ഇതൊരു വല്യ ഡിസിഷൻ ആണ്. ഈ കഥ ഇതാ നമ്മൾ എഴുതാൻ തീരുമാനിച്ചിരിക്കുന്നു എന്ന് സ്വയം വിളിച്ചു പറയണം. ഇതിനകത്തൊള്ള പല തരം കൊളുത്തുകൾ, പാലങ്ങൾ, കഥാപാത്രങ്ങൾ, അവരുടെ പൊളിറ്റിക്സ്. വല്യ അന്തർ സംഘർഷങ്ങൾക്ക് ശേഷമാണ് ഇവർക്ക് വളർച്ച ഉണ്ട് എന്ന് തിരിച്ചറിയുന്നത്. ആ ഒരു നിമിഷം എഴുതി തുടങ്ങുവാ. കുറേ കഴിയുമ്പോൾ നമുക്ക് തോന്നും ഇയാളെ ഇങ്ങനെ വളർത്തി കൊണ്ട് പോവാൻ പറ്റത്തില്ല. അപ്പൊ കൊണ്ട് കൊട്ടെതള്ളും. അത് അങ്ങനെ ഉപേക്ഷിക്കപ്പെടുന്നു. ആ തീമിലെ ഏറ്റവും അപ്രസക്തനായ കഥാപാത്രം പിന്നെ അടുത്ത വേർഷനിൽ നായകനായി മാറാം.

g r indugopan, interview, iemalayalam
ജേക്കബ് എബ്രഹാം, ജി ആര്‍ ഇന്ദുഗോപന്‍, വീണ

? എവിടെ വച്ച് വളരും എന്നൊരു പ്രോസസ് ഇതിന്റെ കൂടെ തന്നെ വളരേണ്ടതായിട്ടുണ്ടല്ലോ?

= നാടും പരിസരവും വളരെ പ്രധാന വാ. ലൊക്കാലിറ്റി കണ്ടെത്തണം. ആ നാടിന്റെ ചിത്രീകരണം അതൊരു വല്യ കാര്യം തന്നെ ആണ്. അയാൾ എവിടന്ന് വന്നു? പിന്നെയാണ് അയാൾക്ക്‌ പേരിടുന്നത്.

? ഇന്ന് നമ്മൾ കാണുന്നതിന് തൊട്ട് മുൻപ് സോഷ്യൽ മീഡിയയിൽ അജീഷ് ദത്തൻ എന്നൊരു ചെറുപ്പക്കാരൻ ഇന്ദുഗോപന്റെ പേരിടൽ രീതികളെ സി വി രാമൻ പിള്ളയുടെ പേരിടലു മായി താരതമ്യം ചെയ്ത് എഴുതിയിരിക്കുന്നത് കണ്ടു. അമ്മിണി പിള്ള, ട്വിങ്കിൾ റോസ്സ, പിച്ച, ബത്തൂത്ത…പേരിടൽ രീതി എങ്ങനെ ആണ്? യൂണിക് ആയ പേരുകൾ കണ്ടെത്തുന്നതെങ്ങിനെ ആണ്?

= പേരിടൽ സങ്കീർണമായ പ്രോസസ് ആണ്. വ്യത്യസ്തമായിരിക്കണം. ലാറ്റിൻ കത്തൊലിക്സ്സിന്റെ പേരൊക്കെ ഇടുമ്പോൾ അവരുടെ പരിസരം, അവരെവിടെ നിന്നും വന്നു അതൊക്കെ നോക്കണം. നമ്മളെങ്ങനെ അയാളുടെ ജാതിയോ മതമോ തൊഴിലോ ഒന്നും പറയുന്നില്ല. അയാളുടെ പേരിലാ അതിരിക്കുന്നെ. അത് തേടി അലയണം.

? പെദ്രോ പരാമോയുടെ സൃഷ്ടാവ് പേര് തേടി ശവപ്പറമ്പുകളിൽ പോയ പോലെ?

= ഹ… ഹ… ഞാനും പുരാതനമായ ഇടവക രേഖകൾ തപ്പി പോയിട്ടുണ്ട്. അവിടന്ന് ഇൻട്രസ്റ്റിങ് പേരുകൾ കിട്ടിയിട്ടുണ്ട് കേട്ടോ. കെ. ജി. ജോർജ് പറഞ്ഞിട്ടുണ്ട് പുള്ളി മനോരമയിലെ ചരമക്കോളത്തിൽ നിന്നും പേരുകൾ കണ്ടെത്തുന്നതിനെ പറ്റി. അങ്ങനെ അങ്ങനെ പല പല ടെക്നിക്ക്സ് (techniques) ഉണ്ട്.

(ഈ സംഭാഷണത്തിന്റെ രണ്ടാം ഭാഗം നാളെ പ്രസിദ്ധീകരിക്കും)

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: G r indugopan interview part 1