മുപ്പതു വര്‍ഷം മുമ്പ് തന്റെ മനസ്സിൽ മൊട്ടിട്ട മോഹിനിയാട്ട പ്രണയം സാക്ഷാത്കരിച്ചതിന്റെ സന്തോഷച്ചുവടുകളിലാണ് ഈ ജാപ്പനീസ് വയോധിക. എഴുപതാം വയസ്സിൽ ഹിസായോ വാത്തനേബെ ജപ്പാനില്‍ നിന്നും കടല്‍ കടന്ന് ഇന്ത്യയിലെത്തിയത് താൻ ഹൃദയം നല്‍കിയ മോഹിനിയാട്ടത്തിന് വേണ്ടി മാത്രമായിരുന്നു. ജപ്പാനിലെ യോക്കാഹാമയില്‍ നിന്ന് 30 വര്‍ഷം മുമ്പ് മോഹിനിയാട്ടം എന്ന സ്വപ്‌നവുമായി കേരളത്തിലെത്തിയതാണ് ഹിസായോ.

ടോക്കിയോയില്‍ ദീപ്തി ഓംചേരിയുടെ മോഹിനിയാട്ട അവതരണം കണ്ടാണ് ഈ നൃത്തരൂപത്തോടുള്ള ഹിസായോയുടെ പ്രണയം ആരംഭിക്കുന്നത്. ജപ്പാനിലെ പുരാവസ്തു വകുപ്പിലെ ലൈബ്രേറിയന്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ഹിസായോ നേരെ ഡല്‍ഹിയിലെത്തി. പ്രശസ്ത മോഹിനിയാട്ട കലാകാരിയും നൃത്താധ്യാപികയുമായ ഭാരതി ശിവജിയുടെ മുമ്പില്‍ ഹിസായോ തന്റെ ആഗ്രഹങ്ങളുടെ ആമാടപ്പെട്ടി തുറന്നു. നൃത്തത്തോടുള്ള ഹിസായോയുടെ അഭിനിവേശം കണ്ട ഭാരതി ശിവജി അവരെ കൊച്ചിയിലുള്ള തന്റെ ഗുരുവായ കല്യാണിക്കുട്ടിയമ്മയുടെ അടുത്തെത്തിച്ചു. അങ്ങനെ ഹിസായോ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ ശിഷ്യത്വത്തില്‍ പരിശീലനം ആരംഭിച്ചു.

Hisayo

മലയാളമോ ഇംഗ്ലീഷോ അറിയില്ല, ആകെ അറിയുന്നത് ജാപ്പനീസ് ഭാഷ മാത്രം. എന്നാല്‍ കലാപഠനത്തിന് ഭാഷ ഒരു ആവശ്യമല്ലെന്ന് ഹിസായോ തെളിയിച്ചു. മൂന്നുമാസത്തെ അവധിയിലായിരുന്നു ഹിസായോ ആദ്യമായി തൃപ്പൂണിത്തുറയില്‍ എത്തുന്നത്. പിന്നീട് രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ എത്തും, പഠനം തുടരാന്‍. മൂന്നു തലമുറയ്ക്ക് ശിഷ്യപ്പെടാനുള്ള അപൂര്‍വഭാഗ്യവും ഹിസായോയ്ക്ക് ലഭിച്ചു. കല്യാണിക്കുട്ടിയമ്മയുടെ മരണശേഷം മകള്‍ ശ്രീദേവി രാജനും, പിന്നീട് ശ്രീദേവിയുടെ മക്കളായ സ്മിതാ രാജനും, സന്ധ്യാ രാജനും ഹിസായോയുടെ ഗുരുക്കന്മാരായി.

‘എന്റെ അമ്മയ്ക്ക് ഹിസായോയെ ഒരുപാട് ഇഷ്ടമായിരുന്നു. ധാരാളം വിദേശികളായ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു അമ്മയ്ക്ക്. പലരും വന്നു പോയി. എന്നാല്‍ ഹിസായോ മാത്രം എല്ലാ വര്‍ഷവും വരും. അവര്‍ക്ക് മോഹിനിയാട്ടത്തോട് അത്രയ്ക്ക് പ്രണയമാണ്.’ ശ്രീദേവി പറഞ്ഞു.

കലയ്ക്കു മുന്നിൽ രാജ്യമോ ഭാഷയോ ഒന്നും അതിരുകൾ സൃഷ്ടിക്കുന്നില്ല എന്നതിന് ജാപ്പനീസ് ഭാഷ മാത്രമറിയാവുന്ന ഹിസായോ സാക്ഷ്യം പറയുന്നു. മലയാളമറിയാതെ, ഇംഗ്ലീഷറിയാതെ മുദ്രകളും ചുവടുകളും പഠിച്ച് കലയുടെ താളം തെറ്റാതെ ഹിസായോ എഴുതുന്നത് കലാചരിത്രത്തിലെ പുതിയ പദമാണ്.

‘ഭാഷയറിയാതെ ഒരു കല പഠിക്കുക എന്നത് പ്രയാസമാണ്. തുടക്കത്തില്‍ സംസ്‌കാരത്തെക്കുറിച്ചോ വേദങ്ങളെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ ഹിസായോയ്ക്ക് അറിയില്ലായിരുന്നു. എന്നാല്‍ കഠിനാദ്ധ്വാനം കൊണ്ടും മോഹിനിയാട്ടത്തോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ടും അവരത് പഠിച്ചെടുത്തു.’ സദസ്സിനോട് തന്റെ പ്രിയ വിദ്യാര്‍ത്ഥിയെക്കുറിച്ച് ശ്രീദേവിയുടെ വാക്കുകള്‍.

പതിനഞ്ചുവര്‍ഷം മുമ്പ് തന്റെ 55ാം വയസിലാണ് ഹിസായോ എഴുത്തുകാരനായ ടാറ്റേ വാത്താനബെയെ വിവാഹം ചെയ്യുന്നത്. നൃത്തത്തോടുള്ള ഹിസായോയുടെ പ്രണയം മനസ്സിലാക്കിയ ടാറ്റേ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി. ഹിസായോയ്ക്കായി ജാപ്പനീസിലേക്ക് പരിഭാഷ നടത്തുന്നതും ടാറ്റേയാണ്.

Hisayo Mohiniyattom

ഇത്തവണ ഹിസായോ കേരളത്തിലെത്തിയത് മറ്റൊരു സ്വപ്‌നം മനസ്സില്‍ സൂക്ഷിച്ചായിരുന്നു. തന്റെ എഴുപതാം പിറന്നാളില്‍ പ്രിയ ഗുരുവിന്, കല്യാണിക്കുട്ടിയമ്മയ്ക്കായി ഒരു നൃത്താവതരണം, ഗുരുദക്ഷിണ. കല്യാണിക്കുട്ടിയമ്മ തന്നെ ചിട്ടപ്പെടുത്തിയ ഗണപതി സ്തുതിയും രാമസപ്തവുമാണ് ഹിസായോ അവതരിപ്പിച്ചത്.

പരമ്പരാഗത വേഷമണിഞ്ഞ് ഹിസായോ വേദിയിലെത്തി. പ്രായത്തിന്റേതായ പതര്‍ച്ച ചുവടുകളിലുണ്ടായിരുന്നെങ്കിലും ഈ കലാകാരിയുടെ അര്‍പ്പണ ബോധത്തിന്റെയും നൃത്തത്തോടുള്ള അഭിനിവേശത്തിന്റെയും മുന്നില്‍ മറ്റെല്ലാം മാറി നില്‍ക്കും.  ലങ്കായുദ്ധത്തിനു ശേഷം സീതയ്ക്കരികിലേക്കെത്തുന്ന ശ്രീരാമന്‍… ഹിസായോയും ഒരല്‍പം വൈകാരികമായി. സദസ്സുമുഴുവന്‍ ആ കലാകാരിക്കു മുന്നില്‍ എഴുന്നേറ്റു നിന്നു. ഒരേ താളത്തില്‍ കൈയ്യടിച്ചു.

Hisayo

വര്‍ഷങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരമാണ് ഹിസായോയ്ക്കിത്. അവരത് ആഘോഷിക്കുകയാണെന്ന് ശ്രീദേവി പറയുന്നു.

ഹിസായോയ്ക്ക് പറയാന്‍ അധികമൊന്നും ഉണ്ടായിരുന്നില്ല.’സന്തോഷം കൊണ്ടാണ് ഞാന്‍ കരഞ്ഞത്. ഇതെന്റെ ഹൃദയത്തില്‍ നിന്നുമാണ്.’ ഹിസായോ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

സദസിലൊരു പെണ്‍കുട്ടി എഴുന്നേറ്റു നിന്നു പറഞ്ഞു ‘ഹിസായോ, നിങ്ങള്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊരു പ്രചോദനമാണ്.’

നിലവില്‍ സംസ്‌കൃത ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണ് ഹിസായോ. ഏതാനും ദിവസങ്ങള്‍ക്കുള്ള ഹിസായോ ജപ്പാനിലേക്ക് മടങ്ങും. തന്റെ നാട്ടിലേയ്ക്ക്.  പക്ഷെ അങ്ങ് ദൂരെ നിന്നും ഹിസായോ വീണ്ടുമെത്തും, തന്റെ പ്രിയപ്പെട്ട നാട്ടിലേക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook