‘ജനിച്ചു പോയി എന്ന മഹാപാതകം നിസ്സംശയമായി തെളിഞ്ഞിരിക്കയാല് നിങ്ങളെ ഓരോരുത്തരെയും കോടതി മരണം വരെ ഏകാന്തതടവിന് വിധിക്കുന്നു.’
ബന്ധനം
എംടിയുടെ സിനിമകളില്‍ കുടുംബം വലിയൊരു പ്രമേയമായി കടന്നു വരുന്നുണ്ട്. ആധുനിക ചിന്തകളുടെ ആവിര്‍ഭാവവും വിദേശ സാഹിത്യകൃതികളുടെ കടന്നു വരവും അത്തരം ചിന്തകളുടെ സ്വാധീന ഫലമായുണ്ടായ പ്രമേയങ്ങളുടെ കേരളീയ രീതിയിലുള്ള അവതരണങ്ങളുമെല്ലാം കൊണ്ട് ശ്രദ്ധേയമായിരുന്നല്ലോ അറുപതുകള്‍. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള നമ്മുടെ കുടുംബഘടനയുടെ പരിവര്‍ത്തനം കൂടിയായിരുന്നു അക്കാലം. അതു കൊണ്ടു തന്നെ നമ്മുടെ സാമൂഹികമായും അല്ലാതെയുമുള്ള ഭാവുകത്വസൃഷ്ടിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇക്കാലം സാക്ഷ്യം വഹിക്കുകയുണ്ടായി. കൂട്ടുകുടുംബങ്ങളുടെയും മരുമക്കത്തായവ്യവസ്ഥിതികളുടെയും തകര്‍ച്ച സമൂഹത്തില്‍ വലിയ പ്രതിസന്ധികളും അനുരണനങ്ങളും സൃഷ്ടിച്ചുവെങ്കിലും നിലവിലെ വ്യവസ്ഥിതികള്‍ക്ക് നേരെ കാര്യമായ എതിര്‍ശബ്ദങ്ങളൊന്നും ഉയര്‍ന്നിരുന്നില്ല. പ്രതികരിച്ചവര്‍ ഒന്നുകില്‍ ഏകാകികളോ അല്ലെങ്കില്‍ വ്യവസ്ഥിതിയുടെ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വന്നവരോ ആയിരുന്നു.
തകര്‍ന്നൊരു വ്യവസ്ഥിതിയുടെ പ്രഖ്യാപനമായി, വ്യക്തിയുടെ സ്വാതന്ത്രേ്യച്ഛയുടെയും കുടുംബാധികാരകേന്ദ്രീകരണത്തില് വന്ന പരിവര്‍ത്തനങ്ങളുടെയും അടയാളമായാണ് 1958 ല്‍ എംടിയുടെ ‘നാലുകെട്ട്’ പുറത്തു വന്നത്. ‘നാലുകെട്ടി’ല്‍ എംടി വരച്ചു വച്ച കുടുംബചിത്രം മരുമക്കത്തായത്തിന്റേതു തന്നെയാണ്. എന്നാല്‍ അതിന്റെ അനിവാര്യമായ പതനവും അധികാരക്കൈമാറ്റവുമെല്ലാം പറഞ്ഞു കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍, അവിടെയും എംടി ആ വ്യവസ്ഥിതിയെ പൂര്‍ണ്ണമായും തള്ളിപ്പറയാന്‍ ശ്രമിക്കുന്നില്ല. അനുകൂലമായും പ്രതികൂലമായും ഉള്ള ശബ്ദങ്ങള്‍ക്കിടയില്‍ ഒരു ശക്തമായ സാക്ഷീഭാവം മാത്രമാണ് കഥാകാരന്റെ പക്ഷം. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ കുടുംബഘടനയുടെ തകര്‍ച്ചയും ഛിദ്രതയും എംടി ‘ഋതുഭേദം’ എന്ന തിരക്കഥയില്‍ ശക്തമായി അവതരിപ്പിക്കുന്നുണ്ട്. എംടിയുടെ തിരക്കഥകളില്‍ ബന്ധങ്ങളുടെ ഇഴയടുപ്പവും അതു പോലെ സംഘര്‍ഷവും പൊതുദൃശ്യമാണ്. ‘ഋതുഭേദങ്ങ’ളിലെത്തുമ്പോള്‍ ഈ ബന്ധവും ബന്ധരാഹിത്യവും ഒരു പോലെ അതിന്റെ തീക്ഷ്ണമായ വിതാനങ്ങളില്‍ പ്രതിഷ്ഠിതമാകുന്നു. അവശേഷിക്കുന്നതാകട്ടെ ക്രൂരമായ ഒറ്റപ്പെടലും ഏകാന്തതയും മാത്രമാണ്.
ആകെയുള്ള അമ്മയും മരിച്ചതോടെ അനാഥനായ കേശു നാട് വിട്ടു പോയി ചെന്നൈയിലെ ഒരു ഹോട്ടലില്‍ പണിയെടുക്കുന്നുണ്ടെങ്കിലും ഗൃഹാതുരസ്മരണകള്‍ അവനെ നാട്ടിലേക്കു തന്നെ തിരിച്ചു കൊണ്ടു വരുന്നു. നാട്ടിലെ അയാളുടെ പൂര്വാപരസ്മരണകളും ജീവിതവും എല്ലാം നടുവഞ്ചേരി നായര്‍ വീടിനെ ചുറ്റിപ്പറ്റിയാണ്. അവിടത്തെ ഒരാശ്രിതനായി കഴിഞ്ഞ തന്റെയും അമ്മയുടെയും ഭൂതകാലത്തോട് അവന് നിന്ദയോ വെറുപ്പോ ഇല്ലെന്നു മാത്രമല്ല, ആ കുടുംബത്തിന്റെ ആശ്രിതത്വത്തില്‍ അവന് വലിയ സന്തോഷം കണ്ടെത്തുന്നുമുണ്ട്. എന്നാല്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ആ വലിയ വീടിനെ സംബന്ധിച്ചിടത്തോളം സ്ഥിതിഗതികള്‍ അത്ര ആശാവഹമായിരുന്നില്ല.
തലമുറകളിലേക്ക് പടര്‍ന്നു കിടക്കുകയാണ് അതിന്റെ തായ്വഴികള്‍. ഓരോരുത്തരും തങ്ങള്‍ക്കുള്ള വിഹിതത്തിനായി പോരാട്ടങ്ങളിലും ഉപജാപങ്ങളിലുമാണ്. കോടതി തര്‍ക്കപരിഹാരത്തിനായി റിസീവറെ വെച്ചിരിക്കുന്നു. ഭാഗവതം വായനയാണ് കാരണവരായ മൂപ്പില്‍ നായരുടെ മുഴുവന്‍ സമയ ഹോബിയെങ്കിലും അയാളുടെ പെരുമാറ്റത്തിലെ പരുക്കന്‍ ഭാവങ്ങളും ഉപജാപകതാത്പര്യങ്ങളും എല്ലാം ഒരു പ്രതിനായകഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. മൂത്ത ഭാര്യയിലെ മക്കളെ പോലും അംഗീകരിക്കുവാന്‍ അയാള്‍ക്കാവുന്നില്ല. രണ്ടാമത്തെ ഭാര്യയാകട്ടെ, അവര്‍ക്ക് നേടിയെടുക്കാനാവുന്നതിന്റെ അത്രയും നേടിയെടുക്കാനുള്ള തന്ത്രങ്ങളിലാണ്. മറ്റൊരവകാശിയായ ഉണ്ണിയേട്ടന് നിലതെറ്റിയ മനസ്സുമായി നക്ഷത്രങ്ങളുടെ രാശി നോക്കി നിധി കുഴിച്ചെടുക്കാനുള്ള പ്രയത്നത്തിലും. ഒടുവില്‍ തന്റെ മൂത്ത ഭാര്യയിലെ മകളെ വിവാഹം കഴിച്ചു കൊടുത്ത് ആ ഓഹരി നേടിയെടുക്കാനുള്ള തന്ത്രം മെനയുന്നു മൂപ്പില്‍ നായരും രണ്ടാം ഭാര്യയും. തന്റെ വര്‍ഷങ്ങളായുള്ള ഇഷ്ടം പുറത്തെടുത്ത് അവളെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയെത്തുന്ന കേശുവിനോട് സ്വന്തം സഹോദരിയെയാണ് ഭാര്യയാക്കുവാന്‍ പോകുന്നതെന്ന് മൂപ്പില്‍ നായര്‍ പുച്ഛത്തോടെ പറയുന്നുണ്ട്. മൂപ്പില്‍ നായരുടെ പരുഷമായ വാക്കുകള്‍ ഒരു ലാവ പോലെയാണ് അവനെ പൊള്ളിപ്പിക്കുന്നത്. അതു വരെ അച്ഛനെന്ന് കരുതിയിരുന്ന പാണന് ശങ്കരന് എന്ന മനുഷ്യനല്ല തന്റെ യഥാര്‍ത്ഥ അച്ഛനെന്നും വീട്ടിലെ അടിച്ചുതെളിക്കാരിയില് കാമം ഇറക്കി വച്ച കാരണവര്ക്കുണ്ടായതാണ് താനെന്നും അവന് തിരിച്ചറിയുമ്പോള്‍, അണപൊട്ടിയ രോഷം അവനെ കൊലപാതകിയാക്കുന്നു.

Read More on M T Vasudevan Nair Here
- അക്ഷരലോകത്തെ അസാധാരണ തീർത്ഥാടകൻ
- M T Vasudevan Nair ‘Sukrutham’: ജീവിതമെന്ന വലിയ നുണ, മരണമെന്ന മഹാസത്യം
- ആ കടവിൽ ഒറ്റയ്ക്കൊരാൾ
- മാണിക്യക്കല്ലിന്റെ കഥ എം ടി എഴുതുന്നു
കൂട്ടുകുടുംബം എന്ന കുടുംബഘടനയുടെ സങ്കീര്‍ണ്ണമായ അവസ്ഥയും അധികാരഘടനയും വ്യവഹാരരീതികളും പിന്നീടുള്ള അതിന്റെ പരിഷ്കരണഭാവങ്ങളുമെല്ലാം എംടി ‘ഋതുഭേദ’ത്തിന്റെ പശ്ചാത്തലമായി വിന്യസിക്കുന്നുണ്ട്. ഒരു കാലത്തെ മലയാളിയുടെ ഫ്യൂഡല്‍ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളാണ് എംടി ഇവിടെ അടയാളപ്പെടുത്തന്നത്. സ്നേഹരാഹിത്യം സൃഷ്ടിക്കുന്ന ശൂന്യമായ ജീവിതസ്ഥലികളിലൂടെ കടന്നു പോകുന്ന മനുഷ്യരെ ഇവിടെ കാണാം. ചരിത്രത്തിന്റെ ഭാഗമായ, അടഞ്ഞു പോയ വാതിലുകളും പൊളിഞ്ഞു വീണ ഉത്തരങ്ങളും ഇടിഞ്ഞു വീണ ചുമരുകളും കാലത്തിന്റെ ജീര്‍ണ്ണതയുടെ പരിപത്രങ്ങളായിരുന്നു. ചരിത്രാന്വേഷി കൂടിയായ അദ്ധ്യാപകന് രാജന് എല്ലാതിനും സാക്ഷിയായി ഈ സംഭവവികാസങ്ങളിലൂടെയെല്ലാം കടന്നു പോകുന്നുണ്ട്.
എംടിയുടെ രചനകളില്‍ കൃത്യമായ ഒരു കേന്ദ്രകഥാപാത്രമില്ലാത്ത ഒരു രചന കൂടിയായിരുന്നു ‘ഋതുഭേദം.’ കാരണം അത് ഒരു കാലഘട്ടത്തിന്റെ ജീര്ണ്ണോന്മുഖമായ അവസ്ഥയെയാണ് ചില കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. അതാകട്ടെ, ഫ്യൂഡല്‍ ജീവിതത്തിന്റെ ബാക്കിപത്രവും.
കുടുംബം എന്നത് ഭാര്യ /ഭര്‍ത്താവ്/ മക്കള്‍ എന്ന സമവാക്യത്തിലേക്കൊതുങ്ങുന്ന കാലഘട്ടം അണുകുടുംബങ്ങളുടെ സവിശേഷതയായിരുന്നു. സ്ഥാപനവത്ക്കരിക്കപ്പെട്ട കുടുംബം എന്ന സങ്കല്പം വ്യക്തിയെ കേന്ദ്രീകരിച്ചായതോടെ സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചു. ബന്ധങ്ങള്‍ എന്ന സ്ഥാപനത്തില്‍ വരുന്ന വിള്ളലുകള്‍ പ്രത്യേകിച്ച്, ഭാര്യാഭര്‍ത്തൃബന്ധത്തിലെ സംഘര്‍ഷങ്ങള്‍ അക്കാലത്ത് വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെടുകയും പ്രമേയങ്ങളാക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവിന് എന്തുമാകാമെന്നും ഭാര്യയെന്നാല്‍ ഏകപത്നീവ്രതത്തിന്റെ സകല തത്ത്വങ്ങളും പാലിക്കപ്പെടേണ്ടവളാണെന്നുമുള്ള ആണ്മേല്ക്കോയ്മകള് സ്ഥാപിക്കപ്പെട്ടു കൊണ്ടിരുന്ന ചലച്ചിത്രങ്ങളായിരുന്നു അക്കാലത്ത് കൂടുതല്‍. ഭര്‍ത്താവൊഴികെ മറ്റൊരാളോട് സംസാരിക്കുന്നതു പോലും വലിയ അപാകതകള്‍ക്കും വിവാഹമോചനത്തിനും ആത്മഹത്യയ്ക്കും ഹേതുവാക്കിയിരുന്ന ഒരു പൊതുബോധ്യം കൂടി ശക്തമായിരുന്നു വാസ്തവത്തില്‍ നമ്മുടെ ആധുനികതയുടെ കാലത്ത്.
കുടുംബം എന്നത് വ്യക്തിയിലേക്ക് കൂടുതലായി ഇറങ്ങി വന്നു കൊണ്ടിരുന്ന ആ കാലത്ത് മനുഷ്യന്റെ ആന്തരികസംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂടിയെങ്കിലും സ്ത്രീപക്ഷപ്രാധാന്യത്തോടെ അവതരിക്കപ്പെട്ട പ്രമേയങ്ങള്‍ക്കൊന്നും സിനിമകളില്‍ വലിയ ഇടമുണ്ടായിരുന്നില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയിലെ ഒരു ‘അവിഹിതസൗഹൃദ’ സാന്നിധ്യമാണ് ‘ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച’യുടെ പ്രമേയം. സമ്പന്നനും തിരക്കേറിയ ഉദ്യോഗസ്ഥനുമായ ഡോ. രാജയുടെ ജീവിതത്തില്‍ കോളേജ് അദ്ധ്യാപികയായ ഭാര്യ രോഹിണിയുടെ സ്ഥാനം ആലങ്കാരികവും പദവിമാത്രാധിഷ്ഠിതവുമായിരുന്നു. വിരസതയിലേക്ക് എളുപ്പത്തില്‍ വഴുതി വീഴാവുന്ന വിധം ശക്തമായിരുന്നു ജീവിതത്തിന്റെ വാര്പ്പുരീതികള് എന്നിരിക്കെ രോഹിണിയുടെ ജീവിതത്തിലേക്ക് ഭാഗ്യനാഥ് കടന്നു വരുന്നു. എന്നാല്‍ സമൂഹവും, പുരോഗമന ചിന്താധാരയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ചുറ്റുപാടുകളുമെല്ലാം വലിയൊരു അപരാധത്തിന്റെ പരിവേഷത്തിലേക്കാണ് സംഭവങ്ങളെ കൊണ്ടെത്തിക്കുന്നത്.
വിവാഹമോചനം എന്നത് വലിയൊരു അപാകതയായി കണക്കാക്കപ്പെടുന്ന, പ്രത്യേകിച്ച് വിവാഹമോചിതയായ സ്ത്രീ മോശമായി ചിത്രീകരിക്കപ്പെടുന്ന ഒരു കാലത്തിന്റെ പ്രതിനിധി കൂടിയാണ് രോഹിണി. അവര്‍ പിരിയാന്‍ തീരുമാനിക്കുന്നു. സമൂഹത്തിന് വേട്ടക്കാരന്റെ മനസ്സാണെന്നും അതെന്നും ഇരയെത്തേടിക്കൊണ്ടിരിക്കുന്നുവെന്നും എംടിയുടെ തന്നെ ‘സുകൃത’ത്തില്‍ പിന്നീട് പറയുന്നുണ്ട്. ഒരിക്കല്‍ ഇരയാക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ അതില്‍നിന്നും മോചനമില്ലെന്നുള്ളതാണ് അതിന്റെ സ്വഭാവം. ഇവിടെ ഇരയാക്കപ്പെടുന്നത് രോഹിണി രാജയാണ്.
കാമുകനായി പ്രത്യക്ഷപ്പെട്ട ഭാഗ്യനാഥിന് ശരീരസുഖത്തിനപ്പുറം പോകാത്ത താത്പര്യം മാത്രമേ രോഹിണിയോടുണ്ടായിരുന്നുള്ളു. അതു കൊണ്ടു തന്നെ രോഹിണി തനിച്ചാണ് പില്ക്കാല ജീവിതം നേരിടുന്നത്. മകളുടെ വിവാഹത്തിന് അവളെ ഒന്നു കാണാനോ അനുഗ്രഹിക്കാനോ പോലും അനുവദിക്കാതെ വിലക്കപ്പെടുന്ന രോഹിണി ആ ഒറ്റപ്പെടലിനെ നേരിടാനാവാതെ തകര്‍ന്നു പോകുന്നു. സംവിധായകന് ഹരിഹരന്റെ ചലച്ചിത്രജീവിതത്തിലെ വേറിട്ടൊരു തുടക്കമായിരുന്നു ‘ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച’യെങ്കിലും സിനിമ കാലത്തിനപ്പുറം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടാതെ, കാലത്തിനൊപ്പം നില്ക്കുന്ന വളരെ പ്രായോഗികമായൊരു അന്ത്യമാണ് സ്വീകരിച്ചത്. ഭ്രഷ്ടയാക്കപ്പെട്ടവള്‍ അവഗണിക്കപ്പെടേണ്ടവളാണെന്നും ഒറ്റപ്പെടേണ്ടവളാണെന്നും അത് അടിവരയിട്ടു.

പിന്നീട് ‘പരിണയ’ത്തിലേക്കെത്തുമ്പോള്‍, കാലപരമായി ആ സിനിമയുടെ പ്രമേയം പശ്ചാത്തലമാക്കിയിരിക്കുന്നത് ‘ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച’യേക്കാളും പുറകോട്ട് പോയൊരു കാലത്തെയാണെങ്കിലും എഴുത്തുകാരന് വലിയൊരു ദൂരം മുന്നോട്ട് പോകുന്നുണ്ട്. സാമ്പ്രദായിക നടപ്പുസദാചാരസംഹിതകളെ ആധാരമാക്കിയുള്ള നിയമങ്ങളെയും അതിന്റെ ഭാഗമായ വിചാരണകളെയും ചോദ്യം ചെയ്യാന്‍ ‘പരിണയ’ത്തിലെ നങ്ങേലി തയ്യാറാവുന്നിടത്ത് പില്ക്കാല ആധുനികസമൂഹം ഉന്നയിക്കാന്‍ സജ്ജമായ ചോദ്യങ്ങളുണ്ട്. കുറിയേടത്ത് താത്രിയുടെ കുപ്രസിദ്ധമായ താത്രീവിചാരണയെ ആസ്പദമാക്കി രചിച്ചതെന്ന് പറയാവുന്ന ‘പരിണയം’ സ്ത്രീപക്ഷത്തു നിന്ന് ചില ചോദ്യങ്ങളെ നേരിടുവാന്‍ തയ്യാറാവുന്നുവെന്നിടത്തുതന്നെയാണ് അതിന്റെ കാലികമായ പ്രസക്തിയും പുതുമയും. സമൂഹത്തിന്റെ ജീര്‍ണ്ണവും പുരുഷകേന്ദ്രിതവുമായ മാമൂലുകളെ എംടിയുടെ നങ്ങേലി നിശിതമായി ചോദ്യം ചെയ്യുന്നു. ഉപരിവര്ഗ്ഗജനതയുടെ കുടുംബം എന്ന വ്യവസ്ഥിതിയ്ക്കകത്തു നിലനിന്നിരുന്ന ആപത്ക്കരമായ മാനവവിരുദ്ധതയെയാണ് ഈ സിനിമ തുറന്നു കാട്ടിയത്.
കുടുംബം സൃഷ്ടിക്കുന്ന അപരിഹൃതമായ പ്രശ്നങ്ങളെ നേരിടുവാന്‍ സാധിക്കാതിരുന്ന ഒരു വിഭാഗം എക്കാലത്തുമുണ്ടായിരുന്നു. അവര്‍ വ്യവസ്ഥിതിയുടെ വിരസമായ ജല്പനങ്ങളെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടേയിരുന്നു. അടച്ചൊതുക്കപ്പെട്ട തൃഷ്ണകളെ അത് ആശ്ലേഷിച്ചു. എഴുപതുകള്‍ പല വിധ ലഹരിയുടെ കാലമായത് അതു കൊണ്ടു കൂടിയാണ്. ഭരതന്-പത്മരാജന് കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രമായ ‘പ്രയാണം’ അത്തരമൊരു പ്രമേയമായിരുന്നു. എന്തിനെയും ചോദ്യം ചെയ്ത് ചെയ്ത് ഉന്മാദഭരിതമായൊരു നിഷ്ക്രിയതയിലേക്ക് സമൂഹം പ്രയാണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിശ്ശൂന്യമായ അതിന്റെ അന്തഃസ്ഥലികളിലിരുന്നുകൊണ്ട് അവര്‍ കുടുംബമെന്ന സ്ഥാപനത്തെ വെല്ലുവിളിച്ചു. അതിന്റെ നിരര്ത്ഥതകളെയും കാപട്യങ്ങളെയും ചോദ്യം ചെയ്തു.
കുടുംബം എന്ന ബന്ധനത്തില്‍ നിന്നും പുറപ്പെട്ടു പോകുന്ന ‘ബന്ധന’ത്തിലെ ഉണ്ണികൃഷ്ണന് ഈ കാലഘട്ടത്തിന്റെ ശക്തമായൊരു പ്രതിനിധികൂടിയാണ്. പുറപ്പെട്ടു പോകുന്നതിന് അയാള്‍ക്ക് വ്യക്തവും ശക്തവുമായ കാരണമുണ്ടെങ്കിലും അത് അന്നത്തെക്കാലത്ത് അത്രയൊന്നും അവമതിക്കപ്പെടാത്തൊരു വിഷയമായിരുന്നു. ഒരുപക്ഷേ വിദ്യാഭ്യാസവും വിപുലമായ വായനയുമൊക്കെയായിരുന്നിരിക്കാം ഉണ്ണികൃഷ്ണനെ പുറപ്പെടാന്തക്ക ഒരു അന്യഥാബോധത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. അതു കൊണ്ടു തന്നെ അയാള്‍ക്ക് വിവാഹം എന്ന സ്ഥാപനത്തോട് അത്രയൊന്നും ഇണക്കത്തിലേര്പ്പെടാനാകുമായിരുന്നില്ല. സഹപ്രവര്‍ത്തകയായ സരോജിനിയെ അയാള്‍ പരമാവധി അകറ്റി നിര്‍ത്താനാഗ്രഹിക്കുന്നത് ഇത്തരമൊരു പശ്ചാത്തലത്തില്‍ കൂടിയാണ്. എന്നിട്ടും അവള് അയാള്‍ക്കൊപ്പം നൃത്തം കാണുവാനും പാര്‍ക്കില്‍ പോയിരുന്ന് സംസാരിക്കുവാനും തയ്യാറാവുന്നു. പരുക്കന്‍ മൂടുപടത്തിനപ്പുറമുള്ള അയാളുടെ മൃദുലഭാവങ്ങളെ ചെറുതായെങ്കിലും ഉണര്‍ത്തിയെടുക്കാന്‍ അവളുടെ സാമീപ്യത്തിനും സംഭാഷണങ്ങള്‍ക്കും സാധിക്കുന്നുണ്ട്. തീര്‍ച്ചയായും അയാളുടെ ഉള്ളില്‍ കുടുംബം എന്ന സ്ഥാപനത്തിന്റെ തണല്‍ ഏതൊക്കെയോ വിധത്തില്‍ ഉണര്‍ന്നുവരുന്നുണ്ട്. അതു വരെ അയാള്‍ ഒരു തണലിടം പോലുമില്ലാത്ത ഒറ്റയാനായിരുന്നു. കൊടുംവേനലായിരുന്നു അയാള്‍ക്കുചുറ്റും. പക്ഷെ, സരോജിനി അയാളുടെ ഉള്ളില്‍ സൃഷ്ടിച്ച ചലനമാണ് പുറപ്പെട്ടു പോയിടത്തേക്ക് അയാളെ മടക്കിക്കൊണ്ടു വരുന്നത്. നാട്ടിലെത്തിയ അയാള്‍ രണ്ടാനമ്മയിലെ സഹോദരി തങ്കത്തെ വിവാഹം കഴിച്ചയക്കുന്നു. രണ്ടാനമ്മയെ തന്റെ കൂടെ നഗരത്തില്‍ താമസിക്കാന്‍ അയാള്‍ ക്ഷണിക്കുന്നുമുണ്ട്. പക്ഷേ വൈകിപ്പോയി. മറ്റൊരാളുമായുള്ള സരോജനിയുടെ വിവാഹത്തിന്റെ വിവരമറിയിച്ചുകൊണ്ടുള്ള കത്താണ് പുറപ്പെടാനിരിക്കുന്ന അയാളെ തേടി വരുന്നത്. തുടര്‍ന്നുള്ള ഒറ്റപ്പെടലില്‍ അയാള്‍ സ്വന്തം വിധിയുടെ മുമ്പില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുന്ന ദൃശ്യത്തിലൂടെയാണ് ‘ബന്ധനം’ അവസാനിക്കുന്നത്. കളിച്ചു കളിച്ചു കൊണ്ടിരിക്കെ ചിലപ്പോള്‍ കൈവിട്ടുപോകുന്ന ഒരു കളിയാണ് ജീവിതമെന്ന് ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു.
ജീവിതത്തോട് മുഴുവന്‍ വെറുപ്പു പുലര്‍ത്തുകയും പിന്നീട് അതിനെ ആര്‍ത്തിയോടെ പരിരംഭണം ചെയ്യണമെന്ന തൃഷ്ണയുണ്ടാകുമ്പോഴേക്കും അത് കൈവിട്ടുപോകുകയും ചെയ്യുന്ന ദയനീയമായ ദുരന്തത്തിന്റെ ആവര്‍ത്തനം ‘മിഥ്യ’യിലും ‘തൃഷ്ണ’യിലും കാണാം. മിഥ്യയിലെ വേണുഗോപാലും തൃഷ്ണയിലെ ദാസും വിവിധ കാരണങ്ങളാല്‍ കുടുംബജീവിതത്തോട് പുറന്തിരിഞ്ഞു നിന്നവരാണ്. രണ്ടു പേരുടെ ജീവിതത്തിലും രണ്ട് സ്ത്രീകള്‍ വ്യത്യസ്ത സാഹചര്യങ്ങളാല്‍ വന്നു കയറുന്നുണ്ട്. അവര്‍ രണ്ടു പേരും ആരുടെയോ ജീവിതത്തിന്റെ ഭാഗങ്ങളുമാണ്. എന്നിട്ടും അവരുണര്‍ത്തിവിട്ട ഏതൊക്കെയോ തരംഗങ്ങളാല്‍ കുടുംബം/ തുണ/ ഇണ എന്നീ ആശയങ്ങളുടെ മൂര്‍ത്തമായ സ്വപ്നത്തിലേക്ക് ഈ പുരുഷന്മാര് ഉണരുകയാണ്. ‘തൃഷ്ണ’യിലെ ദാസിന് ഇണ എന്നത് കുറച്ചു ദിവസങ്ങളുടെ സഹശയനത്തിനായി പണം കൊടുത്ത് വാങ്ങുന്ന ഒന്നാണ്. എന്നാല്‍ കൊടൈക്കനാലിലെ ബംഗ്ലാവിലേക്കുള്ള ഇത്തവണത്തെ വരവില്‍ അയാള്‍ വാടകയ്ക്കെടുത്ത ജയശ്രീ അയാളുടെ സങ്കല്പങ്ങളെ തിരുത്തുന്നുണ്ട്. ഒരു സ്ത്രീയുടെ മനസ്സില്‍ ഇടം കണ്ടെത്താന്‍ പണം കൊണ്ടോ അധികാരം കൊണ്ടോ സാധ്യമല്ലെന്ന് ജയശ്രീ അയാള്‍ക്ക് പലപ്പോഴായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നു.
ജീവിതത്തോടുള്ള അയാളുടെ സമീപനം തിരുത്തപ്പെടുന്നതിന് അവളുമൊരു കാരണമാകുന്നുണ്ട്. ദാസിന്റെ അഹന്ത നിറഞ്ഞ ആണധികാരങ്ങള്‍ക്കും കാമനകള്‍ക്കും ജയശ്രീ കൊടുക്കുന്ന പ്രഹരങ്ങള്‍ ചെറുതായിരുന്നില്ല. തന്റെ സ്ത്രീസങ്കല്പങ്ങള് അടിച്ചേല്‍പ്പിച്ചുകൊണ്ട് അയാള്‍ പ്രതികരിക്കുന്നുണ്ടെങ്കിലും ജയശ്രീയുടെ മുന്നില്‍ വിജയിക്കുന്നില്ലെന്ന് മാത്രമല്ല അതയാളെ കൂടുതല്‍ പരാജിതനാക്കുന്നു. ബംഗ്ലാവിലെ കെയര്‍ടേക്കറുടെ മകന് ഗോപകുമാറുമായുള്ള ജയശ്രീയുടെ ഇണക്കം ദാസിന്റെ അഹന്തയെ അങ്ങേയറ്റം പെരുപ്പിക്കുകയും നിസ്സഹായനാക്കുകയും ചെയ്യുന്നുണ്ട്. ഇതേ സമയം ഭര്‍ത്താവുമായി അകന്നു നില്ക്കുന്ന രാജലക്ഷ്മിയില്‍ ദാസ് അഭയം കണ്ടെത്തുന്നുണ്ട്. അയാളുടെ ഉള്ളില്‍ അതുവരെയുണ്ടാകാതിരുന്ന കുടുംബമെന്ന തണല്‍ ഒരു പ്രലോഭനമായി കടന്നു വരുന്നു. അവര്‍ തമ്മില്‍ ചേര്‍ന്നു പോകാവുന്ന ഇടങ്ങളുണ്ടെന്ന് അയാള്‍ കണ്ടെത്തുന്നു. രാജലക്ഷ്മി നേരിട്ടു കൊണ്ടിരുന്ന സംഘര്‍ഷങ്ങളില്‍ ദാസിന്റെ അപ്പോഴത്തെ സാമീപ്യത്തിനും ചിലത് നിര്‍വഹിക്കാനുണ്ടായിരുന്നു. അവളുടെ വിഷാദഭരിതമായ, സ്വയം വരിച്ച ഏകാന്തജീവിതത്തില്‍ നിന്നും ഒരു വിടുതല്‍ കൂടിയായിരുന്നു ദാസിന്റെ സാന്നിധ്യസാമീപ്യങ്ങള്. അവര്‍ നടത്തുന്ന സായാഹ്നയാത്രകള്‍ അതു കൊണ്ടു തന്നെ കേവലതൃഷ്ണകള്ക്കപ്പുറം കരുത്തുറ്റ ചില സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും അര്‍ത്ഥപൂര്‍ണ്ണമായ ചേര്‍ച്ചകള്‍ കൂടിയാകുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രാജലക്ഷ്മിയുടെ ഭര്‍ത്താവ് വിജയശങ്കര്‍ തന്റെ വീഴ്ചകള്‍ക്ക് മാപ്പുപറഞ്ഞ് അവളെ കൂട്ടിക്കൊണ്ടു പോകാന്‍ വരുന്നു. വിജയശങ്കറിനെ കേള്‍ക്കാന്‍ തയ്യാറാകുന്നതോടെ രാജലക്ഷ്മിക്ക് ദാസിനോട് വിട പറയേണ്ടി വരികയാണ്.
സ്ഥാപനവത്ക്കരിക്കപ്പെട്ടതെങ്കിലും സാമ്പ്രദായികബന്ധങ്ങള്ക്കുള്ള ദൃഢതയെയും സ്ഥിരതയെയും തന്നെയാണ് ഇവിടെ എംടി മുറുകെപ്പിടിക്കുന്നത്. തൃഷ്ണകള്ക്കപ്പുറം പോകുന്ന ബന്ധങ്ങളുടെ ആഴങ്ങള്‍ മനുഷ്യര്‍ക്കിടയിലുണ്ടെന്നും ഏകപക്ഷീമായ പങ്കു വെയ്ക്കലിനപ്പുറം ചിലതു കൂടി ചേരുമ്പോള്‍ മാത്രമേ ഇത്തരം ആഴങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടൂവെന്നും ‘തൃഷ്ണ’ പറയുന്നു. കുടുംബം എന്ന ആശ്രയത്വത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ലെന്ന സാക്ഷ്യം കൂടിയാണ് ഇതിലൂടെ എംടി നടത്തുന്നത്.
എന്നാല്‍ ‘മിഥ്യ’ യിലാകട്ടെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ദേവി തന്റെ മാനേജരും സഹോദരതുല്യനുമായ രാജന്റെ പ്രതിശ്രുതവധുവാണെന്ന് അറിയുന്നതോടെ വേണുഗോപാല്‍ ആ ആഗ്രഹം പുറത്തു കാട്ടാതെ അവരുടെ വിവാഹം നടത്തുവാന്‍ മുന്നിട്ടിറങ്ങുകയാണ്. ദേവിക്കാകട്ടെ വേണുഗോപാലിനെയായിരുന്നു താത്പര്യവും. പിന്നീട് രാജന് ചില അധോലോകകൂട്ടുകെട്ടുകളില് പെടുന്നതോടെ കുടുംബം എന്ന സുരക്ഷിതത്വം നഷ്ടപ്പെട്ട് ദേവി വേണുഗോപാലിനെ അഭയം പ്രാപിക്കുന്നുണ്ട്. അയാളില്‍ പഴയ ആഗ്രഹം തലനീട്ടുകയാണ്. അതയാളവളെ അറിയിക്കുന്നുമുണ്ട്. രാജനെ ഒറ്റിക്കൊടുക്കുവാന്‍ തയ്യാറാവുന്നതിന് പിന്നില്‍ ഇത്തരമൊരു താത്പര്യം കൂടിയുണ്ടായിരുന്നിരിക്കാം. എന്നാല്‍ ദേവി അയാളെ നിഷ്കരുണം തിരസ്ക്കരിക്കുകയാണ്. വേണുഗോപാലിനെ കുറ്റപ്പെടുത്താന്‍ പോലും അവള് തയ്യാറാകുന്നു. താന്‍ നേരത്തെ അനുഭവിച്ചുകൊണ്ടിരുന്നതിനും ശക്തമായ ഒറ്റപ്പെടലിലേക്കാണ് വേണുഗോപാല്‍ എടുത്തെറിയപ്പെടുന്നത്.
കുടുംബം എന്ന വ്യവസ്ഥിതിക്കപ്പുറത്തേക്ക് അറിഞ്ഞോ അറിയാതെയോ ബഹിഷ്കൃതരാകുന്ന ഇത്തരം ഏകാകികളെ നമുക്ക് ഇടനിലങ്ങളിലും (ബാലന്) വടക്കന്‍ വീരഗാഥയിലും (ചന്തു) കാണാം. ‘ഉയരങ്ങളി’ലെ ജയരാജനാകട്ടെ കുടുംബം എന്നത് സങ്കല്പിക്കാന് പോലുമാകാത്തൊരു തലത്തിലാണ്. അയാളെ കുടുംബം എന്ന ഘടനയ്ക്കകത്തേക്ക് ഉള്ച്ചേര്ക്കാനാഗ്രഹിക്കുന്നവരെ പോലും അയാള്‍ ഇല്ലാതാക്കുന്നുണ്ട്. തന്റെ ഭൂതകാലാനുഭവങ്ങളുടെ തിക്തതകള്‍ക്ക് അയാള്‍ നല്കുന്ന ഉത്തരമാണ് ഇപ്പോഴത്തെ ജീവിതം. തന്തയില്ലാതെ പിറന്ന തമ്പുരാന്റെ വീട്ടിലെ സന്തതി, വിശപ്പടക്കാന്‍ ഒരു മൂട് കപ്പ പറിച്ചതിന് തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിക്കപ്പെട്ടയാള് ഇതുമാത്രമാണ് അയാള്‍ക്ക് ഓര്‍ക്കാനും പറയാനുമുള്ള ഭൂതകാലം. മെരുക്കപ്പെടാനാവാത്ത ഒറ്റയാന്റെ കരുത്തോടെ ജയരാജന് നായകനായും പ്രതിനായകനായും ആടിത്തിമര്‍ത്ത് തന്റെ തന്നെ വിധാതാവായിത്തീരുന്നു.
തുഴയില്ലാത്ത വഞ്ചി പോലെ ലക്ഷ്യമില്ലാതെ അടിഞ്ഞും ഒഴുകിയും പോയിക്കൊണ്ടിരുന്ന ബാപ്പുട്ടിയുടെ (ഓളവും തീരവും) ജീവിതം ഒറ്റയാന്റെതാണെങ്കിലും ഉള്ളില്‍ കനിവിന്റെയും ആര്‍ദ്രതയുടെയും ഉറവകളുണ്ട്. കുടുംബത്തിന്റെ ഘടനയ്ക്കകത്തേയ്ക്ക് മെരുക്കാനാവാത്തതാണ് അയാളുടെ കാമ്പെങ്കിലും സുഹൃത്തിന്റെ മരണം സൃഷ്ടിച്ച അരക്ഷിതത്വത്തില്‍ നിന്നും ആ കുടുംബത്തെ രക്ഷിക്കാനായി സുഹൃത്തിന്റെ സഹോദരി നെബീസുവിനെ വിവാഹം കഴിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ട്. അതു വരെയുള്ള അയാളുടെ ഒഴുക്കിന് അതോടെ ലക്ഷ്യ വേഗം കൈവരുന്നു. പുതുപ്പണക്കാരനായ കുഞ്ഞാലി അവളെ ബലാത്ക്കാരം ചെയ്യുമ്പോഴും അവളെ സ്വീകരിക്കാനാഗ്രഹിക്കുന്നുണ്ട്. പക്ഷേ അവളതിന് തയ്യാറാവുന്നില്ലെന്നു മാത്രമല്ല ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നു. അതോടെ ജീവിതത്തിന്റെ തുഴ നഷ്ടപ്പെട്ട് ബാപ്പുട്ടി വീണ്ടും ഏകാന്ത ജീവിതത്തിലേക്ക് മടങ്ങുകയാണ്.
ഭാര്യ കൊല്ലപ്പെട്ടതോടെ തന്റെ കുടുംബം നഷ്ടപ്പെട്ടാണ് ‘താഴ്വാര’ത്തിലെ ബാലന് മല കയറി ആ താഴ്വാരത്തിലെത്തുന്നത്. അവിടെ അയാള്‍ എന്നെങ്കിലും ഒരു കുടുംബത്തിലേക്ക് രക്ഷപ്പെടണമെന്നാഗ്രഹിക്കുന്ന ഏകാകിയായ കുഞ്ഞൂട്ടിയെ കണ്ടുമുട്ടുന്നുണ്ട്. അമ്മ ഇല്ലാതെ വളര്‍ന്ന കുഞ്ഞൂട്ടിക്ക് അമ്മയെപ്പോലെ പ്രിയമാണ് നാട്ടിലെ അമ്മയുടെ തറവാടിനെക്കുറിച്ചുള്ള കേട്ടറിഞ്ഞതായ ഓര്‍മ്മകള്‍. ഒറ്റാന്തടിക്കാര് മാത്രമേ ഈ താഴ്വാരത്തിലെത്തിച്ചേരുന്നുള്ളൂവെന്ന് അവള് അച്ഛനോട് സൂചിപ്പിക്കുന്നുണ്ട്. അച്ഛനും അങ്ങനെ വന്നെത്തിയ ഒരാളാണ്. അച്ഛന് അവള്‍ക്കായി കണ്ടെത്തുന്ന വരനുമതെ. മറ്റാരുമവിടെ വന്ന് അവളെ കല്യാണം കഴിച്ചു കൊണ്ടു പോകാന്‍ തയ്യാറാവില്ലെന്ന് അച്ഛന് കരുതുന്നു. എന്നാല്‍ എന്നെങ്കിലും ആ താഴ്വാരത്തില്‍ നിന്നുമിറങ്ങി ബന്ധങ്ങളുടെ വലിയൊരു ലോകത്തിലേക്ക് എത്തിച്ചേരണമെന്ന് അവള് ആഗ്രഹിക്കുന്നുണ്ട്.
”വേറൊരു വീട്. ആള്ക്കാര്. സ്വന്തക്കാര്. അതത്ര മോശള്ള കാര്യാന്നെനിക്ക് തോന്നീട്ടില്ലാ. എനിക്കും ആളുകളായിട്ട് കൂടിക്കഴിയണെന്ന്ണ്ടാവില്ലേ.’ കൊച്ചൂട്ടി അച്ഛനോട് പറയുന്നുന്നു. ബാലനോട് അയവിറക്കുന്ന അമ്മയുടെ തറവാടിനെ കുറിച്ചുള്ള ഗൃഹാതുരസ്മരണകളില്‍ നിന്നും അവള്‍ക്കാ താഴ്വാരത്തിലെ ഏകാന്തതയില്‍ നിന്നും അവിടത്തെ ഏകാകികളില്നിന്നും രക്ഷപ്പെടാനുള്ള കൊതി കൂടിയുണ്ടെന്ന് പറയാം.
‘സുകൃത’ത്തിലെ മാലിനി അകപ്പെടുന്ന ഒറ്റപ്പെടല്‍ പ്രണയവിവാഹത്തിനെ തുടര്‍ന്ന് അവള് അകപ്പെടുന്ന ദാമ്പത്യജീവിതത്തിന്റെ ഭാഗമായുള്ളതാണ്. പ്രേമം മലകയറ്റം പോലെയുള്ള ഒരു അഡ്വഞ്ചര്‍ മാത്രമാണെന്നും ഭര്‍ത്താവ് രവിശങ്കറുമൊത്തുള്ള ജീവിതത്തിലേക്ക് അപ്രതീക്ഷിത അതിഥിയായി ഒരു മാറാവ്യാധി വരുമ്പോള്‍ രവിശങ്കര്‍ തന്നെയാണ് അവളെ സുഹൃത്തു കൂടിയായ രാജേന്ദ്രനെ ഏല്‍പ്പിക്കുന്നത്. രാജേന്ദ്രനാകട്ടെ അതൊരു വീണ്ടെടുപ്പ് കൂടിയാകുന്നു. അപ്രതീക്ഷിതമായി രോഗം മാറി തിരിച്ചെത്തുന്ന രവിശങ്കര്‍ കൈവിട്ടെന്ന് കരുതിയ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും മാലിനി രാജേന്ദ്രനുമൊത്തൊരു ജീവിതത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങിയിരുന്നു. ഇവിടെ മാലിനി അകപ്പെടുന്ന പ്രതിസന്ധിയുടെ ആഴം അവള് രവിശങ്കറിനോട് പറയുന്ന ഒറ്റവാചകത്തില്‍ നിന്നും വായിച്ചെടുക്കാം. ‘ഒരേ ദിവസം രണ്ടാളുടെ മെത്ത പങ്കിടുമ്പോള്‍ എനിക്ക് എന്നോട് തന്നെ അറപ്പു തോന്നും.’ സ്വയം വരിച്ച ഒറ്റപ്പെടലിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി അവള് ഒഴിഞ്ഞു നീങ്ങുകയാണ്.

‘അഭയം തേടി’യിലെ മിറാന്റ അരക്ഷിതമായ ജീവിതപലായനങ്ങളില് നിന്നും അവസാനത്തെ ആശ്രയമന്വേഷിച്ചാണ് തറവാട്ടിലേയ്ക്കെത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന് ഇറങ്ങിപ്പോന്ന അതേ വീട്. അന്യമതക്കാരിയും അന്യദേശക്കാരിയുമായവളെ വിവാഹം കഴിച്ചതിന്റെ പേരില്‍ അച്ഛന് ഭ്രഷ്ട് കല്പിച്ച അതേ തറവാടിലേക്ക് അവളെത്തുകയാണ്. സാമ്പത്തികകാര്യാലോചനയിലെ ലാഭനഷ്ടക്കണക്കെടുപ്പില് ആര്‍ക്കും അവള് സ്വീകാര്യയാവുന്നില്ലെങ്കിലും മുത്തച്ഛനടക്കമുള്ള ചിലരുമായി അവള് അടുക്കുന്നു. അച്ഛനില്‍ നിന്നും കേട്ടറിഞ്ഞ കൂട്ടുകുടുംബജീവിതത്തിന്റെ ഒരു താളവിതാനത്തിലേക്ക് മിറാന്റ എത്തിച്ചേരുമ്പോഴേക്കും അമ്മയും രണ്ടാം ഭര്‍ത്താവും കൂടി അവളെ തേടിയെത്തുന്നു. തിരിച്ചു പോയേ തീരൂവെന്ന അവസ്ഥയില്‍ മുത്തച്ഛന്റെ പാദങ്ങളില്‍ തലചായ്ച്ച് അവള് മരണത്തിലേക്ക് കടന്നു പോകുകയാണ്. അതു വരെ അനുഭവിച്ച ഏകാന്തതയില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും ഉള്ള അഭയമായിരുന്നു മിറാന്റക്ക് ആ തറവാട്. യാഥാസ്ഥിതികത്വത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും അസ്വാതന്ത്ര്യങ്ങളുണ്ടെങ്കിലും അവള്‍ക്കാ വീട് വലിയ ആശ്വാസമായിത്തീരുന്നുണ്ട്.
ജയിലിലെ ഏകാന്തത സ്വയം വരിച്ച ഇന്ദിര (പഞ്ചാഗ്നി) ജീവിതത്തിന്റെ മൃദുലഭാവങ്ങളെപ്പോഴോ അവളെ തൊട്ടു വിളിച്ചപ്പോള്‍ പുതിയൊരു ജീവിതം ആഗ്രഹിക്കാന്‍ തുടങ്ങുന്നുണ്ട്. റഷീദിന്റെ കൂടെ കഴിഞ്ഞ ആ രാത്രി അവള്‍ക്ക് നല്കിയ സ്വപ്നങ്ങളും നിറങ്ങളുമാണ് പരോളിനപ്പുറം മറ്റൊരു ജീവിതത്തെ കാത്തിരിക്കാന്‍ അവള്‍ക്ക് പ്രതീക്ഷയേകുന്നത്. എന്നാല്‍ അനീതിക്കും ചൂഷണത്തിനുമെതിരെയുള്ള അണയാത്ത കനല് വീണ്ടും അവളെ ജയിലിലേയ്ക്കു തന്നെ അയയ്ക്കുകയാണ്.
എംടിയുടെ ചലച്ചിത്രങ്ങളിലും സാഹിത്യത്തിലും ഇങ്ങനെ എത്രയെത്ര ഏകാകികളുടെ നിഴലുകളാണ് വീണുകിടക്കുന്നത്. അവരുടെ ആത്മസംഘര്‍ഷങ്ങളിലൂടെയും കാമനകളിലൂടെയുമാണ് നമ്മള് കടന്നു പോകുന്നത്. സ്വയം വരിച്ചതോ അടിച്ചേല്പ്പിക്കപ്പെട്ടതോ ആയ മോചനമില്ലാത്ത ഏകാന്തതയുടെ വിധിയില്‍ നിന്നും മുക്തരാവാന്‍ കൊതിച്ച് സാധിക്കാതെ അലയുന്നവരും ഒരിക്കലും മുക്തിയില്ലെന്ന തിരിച്ചറിവില്‍ മെരുക്കപ്പെട്ടവരുമൊക്കെയായി എത്ര പേര്. അവരാരും രക്ഷപ്പെടുന്നില്ല. അവരുടെ മനസ്സും കാലവും തളയ്ക്കപ്പെട്ടിരിക്കുന്നു. ഘനീഭവിച്ചുകിടക്കുന്ന ഉള്ത്താപങ്ങളുടെ വേപഥുവില്‍ നിന്നും മോചനമില്ലാതെ അലയുകയാണ് അവരെല്ലാവരും. വേണമെങ്കില്‍ കാത്തിരുപ്പ് എന്ന വിരാമചിഹ്നമിട്ട് നമുക്കവരുടെ ജീവിതങ്ങളെ കാല്പനികമായി നിര്‍വചിക്കാം. ഒരിടത്തും നങ്കൂരമിടാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഏകാകികളുടെ പായ്ക്കപ്പലുകള്‍ പോലെയാണ് എംടിയുടെ ഈ കഥാപാത്രങ്ങളെല്ലാം. തന്റെ കഥാപാത്രങ്ങളോട് ഒട്ടും അനുതാപം പുലര്ത്തുന്നൊരാളല്ല എംടിയെന്ന് അതു കൊണ്ടു തന്നെ പറയാനാവും. അതു തന്നെയാണ് എംടിയെ വലിയൊരു കാലത്തിന്റെയും ദേശത്തിന്റെയും എഴുത്തുകാരനാക്കുന്നതും. അദ്ദേഹം എഴുതിവച്ചതെല്ലാം ജീവിതമെന്ന സത്യത്തെക്കുറിച്ചുള്ള പരികല്പനകളാണ്. അതാണ് ആ ദര്‍ശനവും.
‘പണ്ടാരോ പറഞ്ഞത് തെറ്റ്. മനുഷ്യന് തനിച്ചല്ല മരിക്കുന്നത്. ജീവിച്ചിരിക്കുമ്പോഴാണ് അവന് തനിയെ.’
സുകൃതം