Friendship Day 2020: കോഴിക്കോടായിരുന്നു ഞാന്‍. അവള്‍ ലോകത്തിന്റെ മറ്റൊരു കോണിലും. രണ്ടിടങ്ങളില്‍ നില്‍ക്കുന്ന മരങ്ങളില്‍ നിന്നു കൊഴിയുന്ന ഇലകള്‍ കാറ്റില്‍ പരസ്പരം കണ്ടുമുട്ടുന്നതു പോലെയായിരുന്നു, ഞങ്ങളുടെ പരിചയപ്പെടല്‍. തീരെ പ്രതീക്ഷിക്കാത്തത്. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തൊരു ജീവിതത്തിന്റെ മടുപ്പന്‍ അധ്യായങ്ങള്‍ എഴുതുകയായിരുന്നു ഞാന്‍. അവളും ഏറെക്കുറെ അതേ അവസ്ഥയിലൊക്കെത്തന്നെ ആയിരുന്നെന്ന് പിന്നീടു മനസിലായി. അവിചാരിതമായ പരിചയപ്പെടലിനു ശേഷം വളരെപ്പെട്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി.
രണ്ടു സ്ഥലങ്ങളില്‍ രണ്ടു സമയങ്ങളില്‍ ജീവിക്കുന്നവരുടെ സൗഹൃദം രസകരമാണ്. ഒരാള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോഴാകും മറ്റൊരാള്‍ ഉണരുക. വല്ലപ്പോഴുമുള്ള വിളികള്‍. അതില്‍ ജോലിയെക്കുറിച്ചുള്ള ആശങ്കകള്‍. നാടുവിട്ടു നില്‍ക്കേണ്ടി വരുന്നതിന്റെ സങ്കടങ്ങള്‍. ഇടയ്ക്കു തമാശകള്‍. അങ്ങനെ, പതിയെ- യാതൊരു തിടുക്കവുമില്ലാതെ- പറന്നു പോകുന്ന ദേശാടനപ്പക്ഷികളെപ്പോലെ ഞങ്ങളുടെ ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. ചെറൂട്ടി റോഡിലെ ഓഫീസിനും കണ്ണൂര്‍ റോഡിലെ കുടുസു മുറിക്കുമിടയില്‍ ഞാനും വിമ്മിട്ടപ്പെട്ട കാലമായിരുന്നു അത്.
ഏകാന്തതയാല്‍ വീര്‍പ്പുമുട്ടുന്ന രണ്ടു പേര്‍ പരിചയത്തിലാകുമ്പോള്‍ അവര്‍ക്കിടയില്‍ വാക്കുകളേക്കാള്‍ കൂടുതല്‍ മൗനമായിരിക്കും സംസാരിക്കുക. ഞങ്ങളും അങ്ങനെയായിരുന്നു. മെസേജൊന്നും കാണാത്ത ചില ദിവസങ്ങള്‍. ജീവിതത്തിന്റെ തിരക്കുകളെ പൂരിപ്പിക്കാന്‍ ഓടുമ്പോഴും ഓര്‍മിച്ചു കൊണ്ടേയിരിക്കും. കേരളം വിട്ടൊരു ജീവിതത്തെക്കുറിച്ച് എനിക്ക് ആലോചിക്കാന്‍ പോലുമാവില്ല. അതു കൊണ്ടു തന്നെ പുറത്തുള്ളവര്‍ എങ്ങനെ അതിജീവിക്കുന്നു എന്ന് കൗതുകത്തോടെ അന്വേഷിക്കാറുണ്ട്. മുംബൈയിലും ഡല്‍ഹിയിലും ലക്‌നൗവിലും കാന്‍പൂരിലും പട്നയിലുമൊക്കെ എങ്ങനെയാവും ഒരു കീഴ്പ്പള്ളിക്കാരന്‍ ജീവിതം കരുപ്പിടിപ്പിക്കുക എന്ന് വല്ലാത്ത പിടച്ചിലോടെ ചിന്തിക്കാറുണ്ട്.

ഞങ്ങള് കുടിയേറ്റക്കാര്‍ എവിടെപ്പോയാലും കപ്പയിടും. എന്റെ ചെറുപ്പത്തില്‍ ചാക്കില്‍ മണ്ണു നിറച്ച് അതില്‍ കപ്പയിട്ട് വെക്കുന്നത് കണ്ടിട്ടുണ്ട്. ബോംബെയിലെയും ഡെല്‍ഹിയിലേയും ഫ്‌ളാറ്റുകളില്‍ അങ്ങനെ ചാക്കില്‍ മണ്ണു നിറച്ച് കപ്പ നടാന്‍ പറ്റുവോ? കപ്പ കിട്ടിയാല്‍ തന്നെ ഒരു കിലോ എറച്ചി- ബീഫിന് എറച്ചിയെന്നാണ് പറയുക. ചിക്കനെ ചിക്കനെന്നും മട്ടനെ മട്ടനെന്നും പോര്‍ക്കിനെ പന്നിയെന്നും പറയും. പക്ഷേ, ഇറച്ചിയെന്നാല്‍ അത്, ബീഫാണ്- വാങ്ങി, കറിയൊക്കെ വെച്ച്, രണ്ടെണ്ണം അടിച്ചിരുന്ന് കഴിക്കാന്‍ പറ്റുമോ?
ഇനി ഇന്ത്യയ്ക്കും പുറത്തുള്ള ജീവിതമാണെങ്കില്‍ പറയുകയും വേണ്ട. ഡിഗ്രിക്കാലം തൊട്ടുള്ള കൂട്ടുകാരന്‍ അനൂപ് ഇപ്പോള്‍ കാനഡയിലാണ്. ഇടയ്ക്ക് വീഡിയോ കോളില്‍ വരുമ്പോള്‍ അവന്‍ അവിടുത്തെ കാര്യങ്ങള്‍ പറയും. നാട്ടുകാരന്‍ കൂടിയായ സോണറ്റ് സ്‌കോട്ട്‌ലന്‍ഡിലുണ്ട്. അയല്‍പക്കത്തുള്ള ഒരു കുടുംബം ഓസ്‌ട്രേലിയയിലാണ്. അവരൊക്കെ എങ്ങനെ അവിടെ നില്‍ക്കുന്നു എന്നോര്‍ക്കുമ്പോള്‍ ഒരെത്തും പിടിയും കിട്ടുകേല. ഞാനെങ്ങാനുമാണെങ്കില്‍ ദിവസം എണ്ണിത്തള്ളി നീക്കേണ്ടി വരും.
പറഞ്ഞതു കേട്ട്, എനിക്ക് നൊസ്റ്റാള്‍ജിയയുടെ അസുഖമാണെന്ന് അവള്‍. പക്ഷേ, അതല്ലെന്നും മറ്റെന്തോ മാനസിക തകരാറാണെന്നും ഞാന്‍ തിരുത്തി. സത്യത്തില്‍ എനിക്കൊട്ടും ഗൃഹാതുരതയില്ലായിരുന്നു. അവള്‍ക്കായിരുന്നു, അതുണ്ടായിരുന്നത്.

വിളിക്കുമ്പോള്‍ സ്ഥിരം ചോദിക്കുന്നൊരു കാര്യമുണ്ടായിരുന്നു. എന്നാണ് നമ്മള്‍ കാണുക?. ഞാനെന്തായാലും അങ്ങോട്ടു പോകാനിടയില്ല. ഇതുവരെ പാസ്‌പോര്‍ട്ട് പോലും എടുത്തിട്ടില്ല. അവള്‍ ലീവിനു വരുമ്പോള്‍ കാണാമെന്ന് പറഞ്ഞു. എന്തു തിരക്കുണ്ടെങ്കിലും കുറച്ചു സമയം മാറ്റിവെച്ചേക്കണം എന്നും നേരത്തെ ഓര്‍മപ്പെടുത്തി. ഞാനത് സമ്മതിച്ചു. കുറച്ചു നാള്‍ മുന്‍പ് അവള്‍ ലീവിന് നാട്ടിലെത്തി. ഞാന്‍ കോഴിക്കോട് വിട്ടു നില്‍ക്കുന്ന സമയമായിരുന്നു അത്. വന്നു കഴിഞ്ഞു വിളിച്ചപ്പോഴും കാണാം എന്ന് ആവര്‍ത്തിച്ചു. മുന്‍കൂട്ടി പറഞ്ഞേ ശഷം ഒരു ദിവസം അവള്‍ മലബാറിനു വണ്ടി കയറി. പക്ഷേ, ഞാനന്ന് കോഴിക്കോടിനു പോയില്ല.
മനപ്പൂര്‍വ്വം ആയിരുന്നില്ല. ഒഴിവാക്കാന്‍ നോക്കിയിട്ട് നടക്കാതെ പോയ മീറ്റിങ്ങുകള്‍. സമയത്ത് തീര്‍ക്കാന്‍ സാധിക്കാതെ പോയ പരിപാടികള്‍. മറ്റു സുഹൃത്തുക്കളെ കണ്ട് അവള്‍ മടങ്ങി. പിന്നെ കുറച്ചു നാളത്തേക്ക് മെസേജുകളും വിളികളുമില്ല. പിണങ്ങിയിട്ടുണ്ടാകുമെന്ന് ഞാനുറപ്പിച്ചു. അപ്രതീക്ഷിതമായി ഒരു ദിവസം നീണ്ടൊരു മെസേജ് എന്നെത്തേടിയെത്തി. അത്രമേല്‍ ആത്മാര്‍ഥമായിരുന്നു അത്. എത്ര തിരക്കുണ്ടെങ്കിലും നമുക്കു പ്രിയപ്പെട്ട ഒരാളെ കാണാം. ഒന്നോ, രണ്ടോ മിനിറ്റെങ്കിലും സംസാരിക്കാം. ഒരു പുഞ്ചിരിയെങ്കിലും കൈമാറാം. ഓര്‍ത്തിരിക്കാന്‍ ഒരു നോട്ടമെങ്കിലും പങ്കു വെക്കാം. അത്രയ്ക്കു തിരക്കൊക്കെയേ നമ്മുടെ ജീവതത്തിലുള്ളൂ. മടിയും ഉപേക്ഷയും കൊണ്ട് മാറ്റി വെക്കുന്ന കണ്ടുമുട്ടലുകളോളം നഷ്ടബോധം തോന്നിക്കുന്ന മറ്റൊന്നും സൗഹൃദത്തെ സംബന്ധിച്ച് ഈ ഭൂമിയിലുണ്ടാവില്ല.
അവളുടെ മെസേജിന് ഇതുവരെയും മറുപടികൊടുക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. പല തവണ ആലോചിച്ചു. ദീര്‍ഘമായിത്തന്നെ എഴുതാം എന്നു കരുതി. പക്ഷേ, ഒരക്ഷരംപോലും പുറത്തു വന്നില്ല.
ഇനി എന്നു കാണുമെന്ന് അറിയില്ല. കാണാന്‍ പറ്റുമോ എന്നുതന്നെ ഉറപ്പില്ല. എങ്കിലും നിസാരമായ ഉപേക്ഷകളിലൂടെ പുറത്തു ഞാന്‍ തന്ന വേദനകള്‍ പൊറുക്കുക. ചെയ്ത മറ്റനേകം ശരികേടുകള്‍ക്കൊപ്പം ഇതും എന്നെ നീറ്റുന്നുണ്ട്. സ്‌നേഹത്തോളം വലിയ സത്യം ഈ ഭൂമിയില്‍ ഇല്ലെന്ന് വൈകിയാണെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നുണ്ട്.
Read Here: Friendship Day 2019: നൂറു രൂപയില്‍ തുടങ്ങി നൂറു മേനി വിളഞ്ഞ സൗഹൃദം